ഷേക്സ്പിയർ നാടകങ്ങൾ എഴുതിയ കാലത്ത് അദ്ദേഹം തിരഞ്ഞെടുത്ത വാക്കുകൾക്കും ശൈലികൾക്കും, രണ്ടടരുകളുണ്ടായിരുന്നു എന്ന് ഫ്രാങ്ക് കെർമോദ് വിശ്വകവിയെക്കുറിച്ചെഴുതിയ ‘Shakespeare’s Language’ൽ പറയുന്നു. അതായത്, ജനപ്രിയതയുടെ അടരും, അതിൽ നിഗൂഢമാക്കി വെച്ച ദാർശനികതയുടെ അടരും. ഷേക്സ്പിയർ പറഞ്ഞത്ര അസഭ്യവും തെറിയും മറ്റൊരു എഴുത്തുകാരനും പറഞ്ഞിട്ടുണ്ടാവില്ല. ഒരു ജനപ്രിയ സിനിമയിലെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ കാവ്യാത്മകവും ദാർശനികവ്യാപ്തിയുള്ളതും ആകുകയില്ലല്ലോ! കുറച്ചൊന്ന് ആലോചിച്ച ശേഷം കത്തുന്ന ചിന്തയായാൽ രസമുണ്ടാവില്ല. അത് അപ്പോൾ തന്നെ തറട്ടിക്കറ്റ് പ്രേക്ഷകരുടെ കയ്യടിയും പവലിയനിയനിലിരുന്ന് കാണുന്ന പ്രഭുക്കളുടെ അതീവ രഹസ്യമായ അനുമോദനവും വാങ്ങണം. (കയ്യടിക്കാൻ പ്രഭുവിനെ ആഢ്യതയും ആടകളും അനുവദിക്കുകയില്ല. കളികാണുന്ന മറ്റൊരു അഭിനേതാവാണ് അയാൾ. മുൻസീറ്റിലിരിക്കുന്ന എലിസബത്തൻ കാണികൾക്ക് അത്തരം പ്രതിബന്ധമൊന്നുമില്ല).
എന്നാൽ ജീവിത വരുമാനത്തിന് വേണ്ടി എഴുതുന്ന വിശ്വകവിയുടെ ഭാഷ സൂക്ഷമദർശനങ്ങളെ ഒളിപ്പിച്ച് കടത്താൻ പര്യാപ്തമായിരുന്നു എന്നാണ് കെർമോദ് പറയുന്നത്. അതാർക്ക് വേണ്ടിയാണ്? പവലിയനിലെ പ്രഭുവിന് വേണ്ടിയോ? ആവില്ല. ദാർശനിക സത്യം മനസ്സിലാക്കാൻ പറ്റിയ ജീവിതാനുഭവം അദ്ദേഹത്തിനുണ്ടായിക്കൊള്ളണമെന്നില്ല. കൊട്ടാരത്തിലെ ദാർശനിക ചർച്ചകളിൽ നിന്ന് ആർജിച്ച സിദ്ധാന്തങ്ങൾ അദ്ദേഹത്തിന് വശമായിരിക്കും. വലിയ ഗ്രന്ഥങ്ങളുടെ സ്വർണപാളിയിൽ തീർത്ത പതിപ്പുകൾ വായിച്ചിട്ടുണ്ടാകാം. പക്ഷെ ഷേക്സ്പിയറുടെ ഭാഷ പ്രസരിപ്പിക്കുന്ന ദാർശനിക സത്യം അത്തരം സ്വർണലിപികളിൽ കോറിയിട്ട സിദ്ധാന്തമൊന്നുമായിരുന്നില്ല. അവ, ജീവിതം ആക്ഷേപഹാസ്യത്തിന്റെ നിമിഷങ്ങൾ മാത്രം സമ്മാനിച്ച സാധാരണ പ്രേക്ഷകർക്ക് മാത്രം അനുഭവേദ്യമാകുന്ന നുറുങ്ങുകളാകാനാണ് സാധ്യത.
മാർടിൻ ലിങ്സ് പറയുന്നതും കെർമോദ് പറഞ്ഞതു പോലെ തന്നെയാണ്. ‘Shakespeare in the Light of Sacred Art’ എന്നൊരു പുസ്തകം മാർടിൻ ലിങ്സ് എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ ആമുഖത്തിലുള്ള ലിങ്സിന്റെ ഒരു പ്രസ്താവന നവോഥാന-ആധുനികതാ വിമർശകരെ ചൊടിപ്പിക്കാൻ പോന്നതാണ്. ഷേക്സ്പിയർ ജീവിച്ച മധ്യകാലഘട്ടം പൗരസ്ത്യ സംസ്കാരത്തെപ്പോലെ ധൈഷണികമായിരുന്നു എന്നാണ് ലിങ്സിന്റെ പക്ഷം. കിഴക്കിനും പടിഞ്ഞാറിനും അന്ന് ഒരേയൊരു ഉൾക്കാഴ്ചയായിരുന്നു – ‘ഈ ലാകം പരലോകത്തിന്റെ നിഴൽ, മനുഷ്യൻ ദൈവത്തിന്റെ പ്രതിബിംബം’. ഷേക്സ്പിയറുടെ രചനാലോകം ഈ ദർശനത്തിന്റെ ആവിഷ്കാരമായിരുന്നു എന്ന് ലിങ്സ് പറയുന്നു. അപ്പോൾ, അദ്ദേഹത്തിന്റെ ജൂത വിരോധവും, തുർക്കി വിരോധവും മറ്റും? ഷേക്സ്പിയർ കൃതികളും അദ്ദേഹത്തിന്റെ സ്ഥലകാലവും വായിക്കേണ്ടത് രാഷ്ട്രീയ ശരികളുടെ അരങ്ങ് എന്ന നിലക്കല്ല. മറിച്ച് അധുനികതാ വിമർശനത്തിന്റെയും പോസ്റ്റ് കൊളോണിയലിസത്തിന്റെയും ഉപാധികൾ വെച്ച് അളക്കുമ്പോൾ നഷ്ടപ്പെടുന്ന ഒരു ലാവണ്യബോധവും ദാർശനികതയും ഷേക്സ്പിയറിനുണ്ട് എന്ന് മനസിലാക്കിക്കൊണ്ടാണ്. കിങ് ലിയർ എന്ന നാടകത്തിലൂടെ ആ ലാവണ്യബോധവും ദർശനസീമയും അന്വേഷിച്ചുള്ള ഒരു യാത്രയാണ് ഈ ലേഖനം.
ഒരു കഥാപാത്രം എന്ന നിലക്കല്ലാതെ സർഗചോദനയുടെയും, മനുഷ്യപ്രജ്ഞയുടെയും, ആപേക്ഷിക നോട്ടത്തിന്റെ പ്രതീകം എന്ന നിലക്കും ലിയർ ചക്രവർത്തിയെ വായിക്കാം. ഞാനിപ്പോൾ ഈ ലേഖനം എഴുതുന്നത് ഇത് പ്രസിദ്ധീകരിക്കപ്പെടുമെന്നും, വായിക്കപ്പെടുമെന്നും, അത് വഴി പ്രതിഫലം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്. ഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നത് ഇത്തരം അപേക്ഷികമായ സ്വപ്നങ്ങൾ ഉള്ളിൽ വഹിച്ചുകൊണ്ടാണ്. എന്നാൽ ഞാനീ എഴുതുന്നതിലൊന്നും പ്രതീക്ഷിക്കുന്ന നിലവാരമില്ലെന്ന് വായനക്കാരൻ പറയുമ്പോൾ എന്റെ സർഗവൃത്തിയുടെ കൊർഡേലിയ (Cordelia) മൊമന്റായി അയാൾ മാറുന്നു. ലിയറിനോട് സത്യം പറഞ്ഞ ഇളയ മകൾ കൊർഡേലിയ കപടോക്തിയില്ലാത്ത മുഹൂർത്തങ്ങളെയും സാഹചര്യങ്ങളെയും പ്രതീകവൽകരിക്കുന്നു. വലിയ ജ്ഞാനപ്രഭാവങ്ങൾ ചുമലിലേറ്റി ഷെയ്ഖിന്റെ അടുത്തെത്തുമ്പോൾ പോയി പള്ളിയിലെ മൂത്രപ്പുര കഴുകി വരാൻ പറയുന്ന സാഹചര്യം പോലെ ഒന്ന്.
യാതനയുടെ മനുഷ്യസാഹചര്യത്തെ പ്രതീകവൽകരിക്കുകയാണ് ഷേക്സ്പിയർ എന്നാണ് കെർമോദിന്റെ കിങ് ലിയർ വായന. അന്ത്യനാളിലെ സംഭവങ്ങളുടെ നാടകീയാവിഷ്കാരമാണ് അതിലെ സ്തോഭജന്യമായ സംഭവങ്ങൾ. എന്തെല്ലാം സംഭവിച്ചാലും മനുഷ്യനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന നന്മ ഒരു കാലത്തുമുണ്ടാവില്ല. “അവർ മൃഗങ്ങളെപ്പോലെ പരസ്പരം കൊന്ന് തിന്നും.” ജീവിതം എത്രത്തോളം മുറിക്കിക്കെട്ടിയ കയറാണെങ്കിലും ആർത്തിയുടെ എലി എല്ലാം കരണ്ട് തീർക്കും. ജീവിതത്തിലെല്ലാം നഷ്ടപ്പെട്ട ലിയർ പറയുന്നത്, “എനിക്കിനി അവശേഷിക്കുന്നത് കേവലം പേര് മാത്രം. പിന്നെയീ അധികപ്പറ്റുകളും” (additions). കെർമോദിന്റെ വീക്ഷണത്തിൽ ‘അഡീഷൻ’ രണ്ട് അടരുകളുള്ള വാക്കാണ്. സാധാരണഗതിയിൽ അതിനർത്ഥം പദവി എന്നാണ്. എന്നാൽ, ജീവിതത്തിൽ സ്വന്തമെന്ന് പറയുന്നതെല്ലാം അധികപ്പറ്റുകളാണ് എന്ന മിസ്റ്റിക്കൽ ധ്വനി അതിനുണ്ട്. “നിന്നിൽ നിന്ന് എന്നെ അകറ്റുന്നവയിൽ നിന്നൊക്കെ നീ എന്നെ അകറ്റണേ” എന്ന റാബിയതുൽ അദവിയ്യയുടെ പ്രാർത്ഥന ഓർക്കുക. നാടകത്തിലെ നാലാം രംഗം ആറാമങ്കത്തിലെ “Robes and furr’d gowns hide all” എന്ന പ്രസ്താവന വ്യാഖ്യാനിച്ച് കൊണ്ട് കെർമോദ് പറയുന്നു: “Clothes are emblems of addition, out of pride or wickedness, to the natural man.” എല്ലാ വിധ പ്രൗഡിയിലും ജീവിച്ച ഒരു രാജാവിനെ നഗ്നസന്യാസിയുടെ ദാർശനിക നിലവാരത്തിലേക്കുയർത്തുന്ന നാടകമാണ് കിങ് ലിയർ എന്ന കാര്യം അന്നും ഇന്നും വളരെക്കുറച്ച് പേർക്കേ മനസിലായിട്ടുള്ളൂ.
കിങ് ലിയറിനെക്കുറിച്ചുള്ള മാർടിൻ ലിങ്സിന്റെ വിശകലനത്തിൽ നരകം പ്രതീകമാവുന്നുണ്ട്. സൂഫികളുടെ ദർശനത്തിൽ, നരകം മരണാനന്തരം തിന്മ ചെയ്യുന്നവർ ചെന്നെത്തുന്ന ലോകം മാത്രമല്ല. ഭൗതീകലോകത്തുള്ള അനുഭവത്തിന്റെ പല തലങ്ങളെയും അത് പ്രതീകവൽകരിക്കുന്നു. നാടകത്തിൽ നരകം പ്രതീകവൽകരിക്കുന്നത് നമ്മൾ ചെയ്തതൊക്കെയും തെറ്റായിരുന്നു എന്ന തിരിച്ചറിവാണ്. എന്നാൽ ക്രൈസ്തവ മതസങ്കൽപത്തിലെ ‘purgatory’ എന്നതിനോടാണ് നാമതിനെ തുലനം ചെയ്യേണ്ടത്. സ്വർഗപ്രവേശത്തിന് മുന്നോടിയായി പാപത്തെ കഴുകിക്കളയുന്ന ലോകമാണത്. “അല്ലാഹു സ്വന്തം നഫ്സിന്റെ മേൽ കരുണയെ എഴുതിച്ചേർത്തിരിക്കുന്നു” (6:54) എന്ന് ഖുർആൻ പറയുന്നുണ്ട്. എക്കാലവും മനുഷ്യരെ നരകത്തിലിടാതിരിക്കുക എന്നതും കരുണയാണെന്ന ദൈവശാസ്ത്രവീക്ഷണമനുസരിച്ച്, ശാശ്വതനരകം എന്നൊന്നില്ലെന്ന് മുസ്‌ലിങ്ങളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. ആ അടിസ്ഥാനത്തിൽ ഭൂമിയിലെ തിരിച്ചറിവിന്റെ നരകത്തിൽ നിന്നും ഒരു തിരിച്ചുപോക്കുണ്ട്. തന്റെ മൂത്തമക്കളായ ഗോണറിലിന്റെയും റീഗന്റെയും തെറ്റുകളെ തിരിച്ചറിയുന്നതാണ് ലിയറിന്റെ നരകാനുഭവം. എന്നാൽ, തന്റെ ആത്മാവിൽ പതിയിരിക്കുന്ന നിംനമായ സാധ്യതകളിലേക്ക് തിരിച്ച് പിടിച്ച കണ്ണാടിയായാണ് ആ തിരിച്ചറിവിന്റെ മറ്റൊരു തലം പ്രവർത്തിക്കുന്നത്. അപ്രകാരമാണ് തെറ്റുകൾ കണ്ടെത്തുന്നതും അത് നന്മയായി പരിവർത്തനപ്പെടുന്നതും: ‘discovery of hidden faults and their transformation into virtues’.
ഈ തിരിച്ചറിവിനും അത് പരിവർത്തനപ്പെടുത്തുന്നതിനും മനുഷ്യന് എപ്പോഴും കൂടെയുള്ള ഉപാധി അക്ഷേപകനായ അവന്റെ മനസാണ് (നഫ്സ് അല്ലവ്വാമ). അതാണ് നാടകത്തിൽ കോർഡേലിയ ആകുന്നതും, ഫൂൾ ആകുന്നതും (വിഡ്ഢിയെന്നും അസംബന്ധമെന്നും നാം പലതിനെയും അപകീർത്തിപ്പെടുത്തുന്നത് അതിലടങ്ങിയ സത്യത്തെ അഭിസംബോധന ചെയ്യാൻ മടിക്കുന്നത് കൊണ്ടാണ്). എന്നാൽ കുറ്റപ്പെടുത്തുന്ന മനസിനെ തൻപോരിമയുടെയും തൻശരിമയുടെയും (self-righteousness) പ്രതിരോധതന്ത്രത്താൽ അകറ്റിനിർത്താതിരിക്കുന്നിടത്തോളം കാലം മനുഷ്യൻ ശുദ്ധീകരണത്തിന്റെ (purgation) ആദ്യഘട്ടമായ നന്മയുടെ തിരിച്ചറിവിൽ എത്തിച്ചേരുന്നു. അത് തന്നെയാണ് ശുദ്ധീകരണത്തിന്റെ ആദ്യഘട്ടം. “Edgar is not only a guide for the descent into Hell but also, much more, a guide for the ascent of Purgatory” എന്ന് ലിങ്സ് എഴുതുന്ന.
ഈ തിരിച്ചറിവിനൊടുവിൽ തന്റെ ഭ്രാന്ത് മാറി ലിയർ കൊർഡോലിയയെ കണ്ടുമുട്ടുന്നുണ്ട്. ആ കണ്ടുമുട്ടലിൽ പർജെറ്റോറിയിൽ നിന്ന് തിരിച്ചുവരുന്ന മനുഷ്യൻ സ്വർഗം കാണുന്ന അനുഭൂതിയാണ് എന്ന് ലിംഗ്സ് പറയുന്നു. അല്ലെങ്കിൽ ലിഖാഇന്റെ (അല്ലാഹുവുമായുള്ള കണ്ടുമുട്ടൽ) നിമിഷമാണ് എന്ന് നാം കൂട്ടിവായിക്കുന്നു. ആ സമാഗമത്തിൽ ലിയർ പറയുന്നു:
“Thou art a soul in bliss; but I am bound
Upon a wheel of fire, that mine own tears
Do scald like molten lead,
You are a spirit, I know.”
“തിരുപ്രഭയുള്ള ആത്മചൈതന്യമാണ് നീ, ഞാനോ
എൻ കണ്ണിൽ നിന്നിറ്റ് വീണുരുകിയ
കണ്ണീരിയ്യത്താൽ കത്തിക്കറങ്ങുന്ന
അഗ്നിചക്രത്താൽ ബന്ധിതൻ.”
അതായത്, നാം നേരിടുന്ന ചൈതന്യത്തെ കൺപാർക്കുവാൻ പോലും നമ്മെ അർഹമാക്കുന്നത് തിരിച്ചറിവിന്റെ നിമിഷങ്ങളാണ്. പാപമോചിതനായ പ്രവാചകൻ പോലും എല്ലാ ദിവസവും പാപമോചനത്തിന് വേണ്ടി കരഞ്ഞ് തീർത്ത സംഭവം ഓർമ വരുന്നു.
ഷേക്സ്പിയറുടെ സർഗധിഷണയുടെ പ്രഭാവത്തെക്കുറിക്കാൻ ഒരു കാര്യം കൂടി ലിങ്സ് പറഞ്ഞു വെക്കുന്നു. ഒന്നാമതായി കിങ് ലിയർ എന്നത് ഷേക്സ്പിയർ പൂർവമാതൃകയില്ലാതെ എഴുതിയ നാടകമല്ല. ഷേക്സ്പിയറുടെ ഒരു നാടകവും അങ്ങനെയല്ല. റഫയെൽ ഹോളിൻഷെഡിന്റെ ‘ക്രോണിക്കിളാ’ണ് കിങ് ലിയറിന്റെ സ്രോതസ്സ്. എന്നാൽ ക്രോണിക്കിളിലും അതിനെ ഉപജിവിച്ചെഴുതിയ നാടകങ്ങളിലും ലിയറും കോർഡീലിയയും ജീവിച്ചിരിക്കുമ്പോൾ ഷേക്സ്പിയർ അവരെ മരിപ്പിക്കുന്നു. എന്താവാം കാരണം? മാർടിൻ ലിങ്സിന്റെ വ്യാഖ്യാനം നോക്കുക: സ്വന്തം ആർത്തിയല്ലാതെ മറ്റൊന്നും കാണാനാകാത്ത ലിയറല്ല നാടകാന്ത്യത്തിലെ ലിയർ. പർജെറ്റോറിയിൽ നിന്ന് സുഫ്ടം ചെയ്തെടുത്ത ആത്മചൈതന്യമാണ് അവിടെ ലിയർ. ആ ലിയറിന് തന്റെ ഉൾക്കാഴ്ചയിൽ ജീവിക്കണമെങ്കിൽ മരിച്ചേ പറ്റൂ (മരണവേളയിലെ മൻസൂർ അൽ ഹല്ലാജിന്റെ പുഞ്ചിരി ഓർമിക്കുക). ആ ലിയറിനെ കാണണമെങ്കിൽ ഭൗതികമായ അനുഭവത്തിൽ നിന്ന് കോർഡേലിയയും വേർപെട്ടേ പറ്റൂ. കാരണം അത് മരണത്തിന് ശേഷമുള്ള ജീവിതമാണ്. “മരിക്കുന്നതിനു മുമ്പായി നീ മരിക്കൂ” എന്ന പ്രവാചക വചനം ഓർമിക്കാം.
ഷേക്സ്പിയറുടെ നാടകത്തിലെ ആത്മജ്ഞാനപരമായ സൂചനകൾ നഷ്ടപ്പെടുന്നത് ആർക്കാണ്. പവലിയനിലിരുന്ന് കളികാണുന്ന പ്രഭുകുമാരനെപ്പറ്റി ആദ്യം പറഞ്ഞു. (എന്നാൽ അത് മാർക്സിസ്റ്റ്-നവചരിത്രവാദ നിരൂപണത്താൽ പ്രേരിതമായ ഒരൂഹം മാത്രമാണ്), വിശ്വസാഹിത്യകാരനായ ടോൾസ്റ്റോയിക്ക് ഷേക്സ്പിയറുടെ മിസ്റ്റിസിസം മനസിലായില്ല എന്ന് പറഞ്ഞാൽ നമ്മൾ ഞെട്ടും. കാരണം, തന്റെ ജീവിതാന്ത്യത്തിൽ മഹാത്മാഗാന്ധിയെപ്പോലും സ്വാധീനിക്കാൻ പ്രഭാവമുള്ള ഒരു മിസിറ്റിക്കായി ടോൾസ്റ്റോയി പരിവർത്തനപ്പെട്ടിരുന്നു. കിങ് ലിയറിൽ മാർടിൻ ലിങ്സും കെർമോദും പറയുന്ന പോലെ ഷേക്സ്പിയർ തന്റെ ഉദാത്ത ദർശനം ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നെങ്കിൽ അതൊരു പക്ഷേ ടോൾസ്റ്റോയിക്ക് വേണ്ടിയായിരിക്കാം എന്ന് പറയുന്നതിൽ പോലും തെറ്റില്ല.
പക്ഷെ, കിങ് ലിയർ വായിച്ച് ടോൾസ്റ്റോയി പറഞ്ഞത്, ഒരു യഥാർത്ഥ അക്ഷേപകമനസിന്റെ (നഫ്സ് അല്ലവ്വാമ) പ്രസ്താവനയാണ്: “എന്തൊരു വെറുപ്പിക്കലാണ് ഈ ചങ്ങാതി. പരമബോറ്” – An irresisteable replusion and tedium. എന്ന് മാത്രമല്ല, അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു, ഷേക്സിപിയറെ ആളുകൾ ബഹുമാനിക്കുന്നതും വായിക്കുന്നതും ഒരു പകർച്ചാവ്യാധി പോലെയാണെന്ന്. ‘എപിഡമിക് സജഷൻ’ എന്നാണ് ടോൾസ്റ്റോയി ഷേക്സ്പിയറുടെ പ്രശസ്തിയെ കൃത്യമായി വിശേഷിപ്പിക്കുന്നത്. അതായത് എല്ലാവരും നല്ലതാണെന്ന് പറയുന്നു. അതു കൊണ്ടും ഞാനും പറയുന്നു നല്ലതാണെന്ന്. അതിലുപരി സാഹിത്യപരമായ മേൻമയൊന്നും ഷേക്സ്പിയറിനില്ലത്രെ.
എന്നാൽ, കിങ് ലിയറുടെ കൂടെ നടന്ന് അദ്ദേഹത്തിന്റെ മസ്താനികമായ ഉൾക്കാഴ്ചയുടെ ഉൾപ്രേരണയായി വർത്തിച്ച ‘ഫൂൾ’ എന്ന കഥാപാത്രത്തെ എടുക്കാം. വിഡ്ഢിയെന്നും അസംബന്ധമെന്നും നാം പലതിനെയും അപകീർത്തിപ്പെടുത്തുന്നത് അതിലടങ്ങിയ സത്യത്തെ അഭിസംബോധന ചെയ്യാൻ മടിക്കുന്നത് കൊണ്ടാണ് എന്ന കാര്യം മുകളിൽ പറഞ്ഞു. അതു പോലെയാകാം ടോൾസ്റ്റോയി കിങ് ലിയർ വായിച്ചത്. ജോർജ് ഓർവലിന്റെ ഒരുപന്യാസമാണ് ‘Lear, Tolstoy and the Fool’. അതിലദ്ദേഹം ടോൾസ്റ്റോയിയുടെ കിങ് ലിയർ വായനയെ മനോവിശ്ലേഷണം നടത്തുന്നുണ്ട്. തന്റെ ജീവിതത്തോട് അതിലെ കിങ് ലിയറിന് സമാനതയുണ്ടെന്നതാണ് ടോൾസ്റ്റോയിയെ വെറുപ്പിച്ചത് എന്നതാണ് ഓർവലിന്റെ നിരീക്ഷണം. അതായത്, ലിയർ തന്റെ മക്കളുടെ തെറ്റ് കണ്ടെത്തുകയെന്ന നരകാനുഭൂതിയിലൂടെ കടന്ന് പോയപ്പോൾ, അത് തന്നിലേക്ക് തിരിച്ച് വെച്ച കണ്ണാടിയായി കാണുകയും ഉൾക്കാഴ്ച്ചയിലെത്തിച്ചേരുകയും ചെയ്തുവെങ്കിൽ, ടോൾസ്റ്റോയിക്ക് ലിയറെന്ന ദർപ്പണത്തിൽ തട്ടിക്കിട്ടിയ ആ തിരിച്ചറിവ് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലത്രെ.
ടോൾസ്റ്റോയിയെയും ലിയറിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഓർവൽ പറയുന്നു: “ലിയറിനെപ്പോലെ ടോൾസ്റ്റോയിയും തന്റെ ഭൂസ്വത്തും, പകർപ്പവകാശവും വേണ്ടെന്ന് വെക്കുകയും തനിക്ക് ലഭിച്ച വിശേഷാധികാരങ്ങളിൽ നിന്ന് (privileged postion) രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. അതത്ര എളുപ്പമല്ലാത്തതിനാൽ വിജയിച്ചില്ലെങ്കിലും ആത്മാർത്ഥമായ ശ്രമമായിരുന്നു അത്. ഒരു കർഷകനായി അദ്ദേഹം ജീവിച്ചു. ലിയറിനെപ്പോലെ ടോൾസ്റ്റോയിയും തെറ്റായ അഭിപ്രേരണകളാലാണ് പ്രവർത്തിച്ചത്. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ലക്ഷ്യം ആഹ്ലാദമായിരുന്നു. എന്നാൽ, മനുഷ്യന് ആഹ്ലാദം ലഭിക്കണമെങ്കിൽ ദൈവിക ഇച്ഛ പ്രകാരം പ്രവർത്തിക്കണം. ദൈവിക ഇച്ഛപ്രകാരം പ്രവർത്തിക്കുകയെന്നാൽ എല്ലാ ഭൗതിക സുഖങ്ങളും ആഗ്രഹങ്ങളും പരിത്യജിച്ച് മറ്റുള്ളവർക്കായി ജീവിക്കണം. ആത്യന്തികമായി ത്യാഗം തന്നെ സന്തോഷിപ്പിക്കും എന്നതിനാലാണ് ടോൾസ്റ്റോയി ലോകം ത്യജിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ പിൽക്കാല ജീവിതം നോക്കിയാൽ ഒരു കാര്യം ശരിയാണെന്ന് കാണാം. അദ്ദേഹം ഒട്ടും സന്തുഷ്ടനായിരുന്നില്ല എന്ന കാര്യം.”
എന്നാൽ മിസ്റ്റിക്കലായ സൂചനകൾ ടോൾസ്റ്റോയിക്ക് മനസ്സിലാകുന്നത്ര ആഴത്തിൽ ഓർവൽ മനസ്സിലാക്കുന്ന ആളല്ല. ഓർവലിനെ സംബന്ധിച്ചിടത്തോളം ഷേക്സ്പിയറുടെയും കിങ് ലിയറുടെയും മഹത്വം, അത് ധാരാളമാളുകൾ വായിച്ച് രസിക്കുന്നു എന്ന ലാവണ്യശാസ്ത്രപരമായ കാരണം മാത്രമാണ്.
പറഞ്ഞ് വരുന്നത്, ഷേക്സ്പിയർ വായിച്ച് രസിച്ചില്ലെങ്കിലും ടോൾസ്റ്റോയിക്ക് ഉൾക്കാഴ്ച കിട്ടാൻ മറ്റ് സ്രോതസ്സുകൾ ഉണ്ടായിരുന്നിരിക്കാം എന്നതാണ്. ഷേക്സ്പിയറുടെ ഉൾക്കാഴ്ച്ചകൾ കേവലമായ ലാവണ്യാനുഭൂതിക്കപ്പുറത്ത് അദ്ദേഹത്തെ വായിച്ച മാർട്ടിൻ ലിങ്സിനും ഫ്രാങ്ക് കെർമോദിനും തിരിച്ചറിയാനും പറ്റി.
മിസ്റ്റിസിസം അങ്ങിനെയാണല്ലോ, ആര് ഏത് കിണറ്റിൽ നിന്ന് കുടിച്ചാണ് ദാഹം മാറ്റുന്നത് എന്ന് തിരിച്ചറിയാൻ കഴിയില്ലല്ലോ. എന്നാൽ ഒരൊറ്റ മഴയാണ് എല്ലാ കിണറുകളെയും നിറക്കുന്നതും!
Featured Image: ‘The Map of Hell’ by Sandro Botticelli (c. 1485).
Comments are closed.