വനമതി രസം
കഥകളതിമാന്ത്രികം
A little nothing, that’s everything in works of Art
Henri Bergson
എഴുത്ത് എന്ന ക്രിയ ‘ആയിക്കൊണ്ടിരിക്കൽ‘ (becoming) അല്ലാതെ മറ്റൊന്നുമല്ല. ജീവിച്ചതോ (lived) ജീവിതസാധ്യമായതോ (livable) ആയതിനെ മറികടക്കുന്ന ഒരു ഒഴുക്കാണത്. ഇനിയും ഉടലെടുക്കാത്ത ഒന്നിന് രൂപം കൊടുക്കലാണത്. അവിടെ ഭാവന കലാപമാകുന്നത് ഓരോ എഴുത്തുകാരനും വായനക്കാരനും അനുഭവിക്കുന്നു. എഴുത്തിനെ പോലെ തന്നെ – ഒരു നിലക്ക് എഴുത്തായത് കൊണ്ടും – ഒരിക്കലും പൂർത്തിയാകാത്ത ‘ആയിക്കൊണ്ടിരിക്കൽ’ തന്നെയാണ് കവിതയും. അതെപ്പോഴും അപൂർണ്ണമായ ഒന്നാണ്. പൂർണ്ണതകൾക്കകത്ത് മറഞ്ഞ് കിടക്കുന്ന അപൂർണ്ണതകളുടെ ഗർത്തങ്ങളിലേക്ക് അത് പ്രപഞ്ചത്തിന്റെ പൂർണ്ണതയിൽ വിശ്വസിച്ച് സ്വസ്ഥമായിരിക്കുന്ന വായനക്കാരെ തള്ളിയിടുന്നു. എഴുത്തിന്റെ അത്തരമൊരു ‘അസാധ്യമായ സാധ്യത’യാണ് ഷാജുവിന്റെ കവിതകൾ. ഷാജുവിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വായനക്കാരൻ അല്ലെങ്കിൽ ഒരു ആസ്വാദകൻ ഒരു യന്ത്ര ഊഞ്ഞാലിൽ (ferris wheel) കയറി ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ‘തലപെരുപ്പ്’ (vertigo) അനുഭവിക്കുന്നു.
മരത്തിൽ തൂങ്ങിക്കിടക്കുന്ന
വവ്വാലിന്റെ കാഴ്ചയുടെ
ആംഗിളിൽ പിടിക്കുന്ന
ഈ പടത്തിന്
എന്ത് ശീർഷകമാണ്
കൊടുക്കേണ്ടത്
ഒരു ശീർഷകത്തിന് കീഴിലും ഒതുക്കാൻ കഴിയാത്ത വിവിധ ആംഗിളുകളിൽ നിന്നുള്ള കാഴ്ചകൾ ആണ് ഈ സമാഹാരത്തിൽ ഉള്ള കവിതകൾ. കണ്ണിൽ കാണുന്നതെല്ലാം സൂക്ഷ്മതയോടെ തന്റെ സഞ്ചിയിൽ പെറുക്കിയെടുക്കുന്ന കവിയെ തന്നെയാണ് ഒടുക്കം കവിയുടെ സഞ്ചിക്കകത്ത് ഓരോ വായനക്കാരനും കണ്ടുമുട്ടുന്നത്. “സ്വഭാഷയിൽ വിദേശിയെപ്പോലെ ജീവിക്കുകയും എഴുതുകയും ചെയ്യുക” എന്നതാണ് ഷാജുവിന്റെ കവിതകൾ ഉൾക്കൊള്ളുന്ന ഒരു മൗലിക സാധ്യത.
മരുപ്പരപ്പിലെ മതിഭ്രമപച്ച പോലെ
ആഗ്രഹങ്ങളിൽ നിന്നും
വസ്തുക്കൾ ഉണ്ടായി വരുമോ?
‘The Infernal Desire Machines of Doctor Hoffman’ലെ എയ്ഞ്ചലാ കാർട്ടറിന്റെ ഡോ. ഹോഫ്മാനെപ്പോലെ ആഗ്രഹങ്ങൾ മുഴുവൻ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ അതെന്തൊരു ലോകമാകും! എന്നാൽ, യാഥാർത്ഥ്യമാക്കാൻ സാധിക്കാതിരിക്കുമ്പോഴും അത്തരം ‘മനോരാജ്യം’ സ്ഥാപിക്കുന്നതിൽ മനുഷ്യർക്ക് ഒരു രാഷ്ട്രീയപരമായ അസ്തിത്വ ലക്ഷ്യം കൂടെയുണ്ട്. മനുഷ്യരുടെയും മനുഷ്യേതര ഉണ്മകളുടെയും തിരഞ്ഞെടുപ്പുകളിലെ അത്തരം അസ്തിത്വ വൈരുദ്ധ്യങ്ങളാണ് ഷാജുവിന്റെ കവിതകളിൽ വിഷയീഭവിക്കുന്നത്.
മരിച്ചു പോയവരുടെയോ
ജനിക്കാതെ പോയവരുടെയോ
അഭയാർത്ഥികളുടെയോ
പൗരത്വമവിടെ റദ്ദു ചെയ്യപ്പെടുന്നില്ല
നഷ്ടപ്പെട്ട മനുഷ്യരെ (missing people) തിരയൽ ആണ് അവിടെ കവിത. ആ നിലക്ക് ഷാജുവിന്റെ എഴുത്തുകൾ തീവ്രവും ദാർശനികവുമായ ന്യൂനപക്ഷാത്മക സ്വഭാവമുള്ള (minoritorian) ഒന്നായി വായനക്കാർക്ക് അടയാളപ്പെടുത്താൻ കഴിയും. സ്വന്തം ഭാഷക്കകത്ത് ഒരു അപരഭാഷ സൃഷ്ടിക്കാനാണ് ഷാജുവിന്റെ കവിതകൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഷാജുവിന്റെ കവിതകൾ ന്യൂനപക്ഷാത്മകമാവുന്നത് ചരിത്രത്തിൽ നിന്നും ബഹിഷ്‌കൃതരായ മനുഷ്യരെ തേടുന്നതുകൊണ്ട് മാത്രമല്ല, മറിച്ച് മനുഷ്യരാൽ അപ്രത്യക്ഷമാക്കപ്പെടുന്ന പ്രകൃതിയേയും മറ്റ് ജീവവർഗങ്ങളെയും അദ്ദേഹം തന്റെ കവിതയുടെ അന്വേഷണപരിധിയിൽ വരുത്തുന്നത് കൊണ്ടുകൂടിയാണ്. അതിനാൽ നടപ്പുശീലങ്ങളിൽനിന്നും മാറിയ, ‘എവിടെയും അരികും കേന്ദ്രവും രൂപപ്പെട്ടേക്കാം’ എന്ന് കരുതുന്ന സന്ദേഹിയായ ഒരു കവിയെയാണ് വായനക്കാർ ഷാജുവിൽ കണ്ടുമുട്ടുന്നത്.
എനിക്കൊരു
ഏകാധിപതിനിയായ ഭരണാധികാരിണിയുടെ
പ്രണയ ഭാജനമാകണം
ഏറ്റവും ദുർബലനായ ഒരു പുരുഷന്റെ കീഴിൽ മാത്രമേ ‘അധികാരപ്രമത്തയായ’ ഒരു സ്ത്രീ വരൂ എന്ന ‘ആണഹന്ത’യെ കുറിച്ച് (patriarchal ego) കവിതയിൽ മറ്റൊരിടത്ത് ഷാജു പങ്കുവെക്കുന്നുണ്ട്. ‘അധികാരത്തെ’ കുറിച്ചുള്ള സങ്കല്പങ്ങളിൽ മുൻകൂർ തീർപ്പുകളെ (stereotypes) സ്വീകരിക്കാത്തത് കൊണ്ട് അദ്ദേഹത്തിന്റെ കവിതയിൽ ‘ഏകാധിപതിനിയും’ ‘ഭരണാധികാരിണി’യും ആയ കഥാപാത്രങ്ങളെ വായനക്കാരന് കണ്ടെത്താൻ സാധിക്കും. ഭാഷയോടും ഭാഷാചരിത്രത്തോടുമുള്ള ഒരു സാഹിത്യകാരന്റെ സർഗാത്മകമായ കലഹം കൂടിയാണ് അതിനാലത്.
‘അങ്ങേയറ്റം ഭരണേച്ഛുവായ
സ്ത്രീയേക്കാൾ
സ്വച്ഛാധിപതിയാണ്
ദുർബലനായ ഓരോ പുരുഷനുമെന്ന്’ പിറുപിറുത്തു
അവൾ ഇറങ്ങിപ്പോകുന്ന
ദിവസം വരെയും
എനിക്കവളെ പ്രണയം കൊണ്ടു ഭരിക്കണം
ഷാജുവിന്റെ കഥാപാത്രങ്ങളുടെ സ്വത്വങ്ങൾ എവിടെയും നങ്കൂരമിടുന്നില്ല. തന്റെ കവിതയിലൂടെ അദ്ദേഹം ‘വിഷയ-വിഷയി വിഭജനത്തിൽ (object-subject binary) ലോകത്തെ പെട്ടിയിൽ ഒതുക്കുന്നില്ല. “Power is the power to affect and to be affected” എന്ന ബറൂക്ക് സ്പിനോസയുടെ വാക്കുകൾ ആണ് ഷാജുവിന്റെ കവിതകൾ വായിക്കുമ്പോൾ ഓർമയിൽ വരിക. ചരിത്രത്തിൽ സ്ഥിരമായ വൈദ്യനും (agent) രോഗിയും (patient) ഒന്നുമില്ല, മറിച്ച് എല്ലാം ചില കേവല മുഷ്ടിയുദ്ധത്തിന്റെ അവസാനം മാത്രം തിരുമാനിക്കപ്പെടുന്ന ‘അവസ്ഥകൾ’ മാത്രമാണെന്ന് ഷാജു തന്റെ സമാഹാരത്തിലുടനീളം വായനക്കാരോട് സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്.




മലയാള കവിതക്ക് അത്ര പരിചിതമല്ലാത്ത പ്രപഞ്ചവീക്ഷണമാണ് ഷാജുവിന്റെ കവിതകളുടേത്. ഉണ്മക്കും, ഇല്ലായ്മക്കും ഇടയിലുള്ള ഇതിവൃത്തങ്ങളുടെ നിരന്തരമായ ചാഞ്ചാട്ടമാണത്. അതിനാൽ തന്നെ ‘സർഗാത്മകമായ അനിശ്ചിതത്വങ്ങൾ’ (productive indecision) കവിതകളിലെ ഓരോ വരികളിലും സന്നിഹിതമാണ്. ഷാജുവിന്റെ കവിതകളിലെ അത്തരം ‘ഉണ്ടില്ലായ്മകൾ’ ഭാഷക്കകത്ത് തന്നെ (അന്യ) ഭാഷകളും ദേശങ്ങളും സൃഷ്‌ടിക്കാനുള്ള ഒരു പ്രലോഭനം കൂടിയാണ്. അതുകൊണ്ട് തന്നെ വ്യത്യാസത്തിന്റെയും വ്യതിയാനത്തിന്റെയും (difference and deviations) എഴുത്താണ് ഷാജുവിന്റെ കവിതകൾ. ഭയപ്പാടുകൾക്കും വിഹ്വലതകൾക്കും നടുവിൽ അത് സുരക്ഷിതമായ ‘ഇടം’ തേടുന്നുണ്ടാകാമെങ്കിലും, ആത്യന്തികമായി അതൊരു രക്ഷാവഴി തേടൽ ‘മാത്രമാണ്’. “[…] to leave, to leave, to escape […] to cross the horizon, enter in to another life”: അത്തരം പലായനവഴികൾ (line of flight) കണ്ടെത്തുന്നതിൽ ആണല്ലോ ഡി എച് ലോറൻസ് പറയുന്ന സാഹിത്യത്തിന്റെ ഉദാത്തത! അതായത്, എല്ലായ്പോഴും ജയിൽഭേദനം മാത്രം തലയിൽ കൊണ്ടുനടക്കുന്ന ഒരു തടവുപുള്ളിയാണ് കവിത.
ഒരു കീരി റോഡിന് ഇരുപുറത്തേക്കും സശ്രദ്ധം
നോക്കി, വാഹനങ്ങളില്ലെന്നുറപ്പ് വരുത്തി
പാത മുറിച്ചു കടന്നു
ഒരു സ്പീഷിസ് മറ്റൊരു സ്പീഷിസിന്റെ നിയമങ്ങളെ അനുധാവനം ചെയ്യുന്നതിലും അപ്പുറം ഒരു പതനമില്ലെന്നു പറയുന്നതോടെ ഷാജുവിന്റെ കവിത സാധ്യമാക്കുന്ന ചില ‘വവ്വാൽ കാഴ്ചകൾ’ ഉണ്ട്.
പുഴുക്കൾ നിവർന്നുനിന്ന് മനുഷ്യരാശിക്കെതിരെ
പ്ലക്കാർഡ് പിടിച്ച് നടന്ന് പോവുകയും ചെയ്തു
അല്പം ചരിഞ്ഞുനിന്ന് നോക്കിയൽ മാത്രം കാണാവുന്ന അത്തരം ചില കാഴ്ച്ചകളാണ് ഷാജുവിന്റെ കവിതകളിൽ വായനക്കാർ കണ്ടുമുട്ടാൻ പോകുന്നത്. അതുകൊണ്ട് തന്നെ ആ കവിതകൾ ‘നാളെ ഒരു നാൾ’ വീണ്ടെടുക്കപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.
കവിതയിലെ കാലം കലണ്ടറിലെ കാലം അല്ലല്ലോ! ഷാജുവിന്റെ കവിതകളിലെ കാലം എന്താണ്? അതൊരുപക്ഷെ, ജുഡിത് ഹാബർസ്റ്റാം ഒക്കെ പറയുന്ന ‘കിളിപോയവന്റെയും’ ‘മദ്യപന്റെയും’ ‘പെട്ടെന്നുള്ള സമയമാണ്’. പെട്ടെന്ന് കത്തിത്തീരുന്ന ജീവിതങ്ങൾ അപക്വവും അപകടകരവും ഒക്കെയായാണ് കരുതപ്പെടുന്നത്.’സ്ഥിരതയും’ ‘ആയുർദൈർഘ്യവും’ ഒക്കെയാണ് ആരോഗ്യമുള്ള ജീവിതത്തിന്റെ മാനകങ്ങൾ. എന്നാൽ, ലോകത്തിന്റെ യാഥാർത്ഥ്യം മറിച്ചാണ്. സാൽവദോർ ദലിയുടെ ‘The Persistence of Memory’യിലെ ‘ഉരുകുന്ന ഘടികാരങ്ങൾ’ നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന അത്തരത്തിലുള്ള വർത്തമാനങ്ങളെയാണ് കാണിക്കുന്നത്.
തന്റെ കവിതകളിലൂടെ, മന്ത്രവാദം കൊണ്ട് കലണ്ടറിൽ ‘മറ്റൊരു ദിവസം തീർക്കുന്നുണ്ട്’ ഷാജു. ‘കാലത്തിലുള്ള അയാളുടെ മാത്രം ചേർപ്പ്’ ആണ് ആ ദിവസം. സമയം ഒരു ചക്രവാളം മാത്രമല്ല, അത് ചൂഷണത്തിന്റെ അളവുകോൽ കൂടിയാണ്. അതുകൊണ്ട് തന്നെ, ബദൽ സമയത്തെയും മാറ്റത്തെയും ഭാവനചെയ്യുന്നത് അന്റോണിയോ നെഗ്രിയെപ്പോലുള്ള ചിന്തകരെ സംബന്ധിച്ചിടത്തോളം ‘ഗുണപരമായ’ ഒരു പ്രവൃത്തിയാണ്.
അതിശയ മാന്ത്രിക സിദ്ധിയാൽ ഞായറിനും
തിങ്കളിനുമിടയിൽ
അയാൾക്ക്
ഒരു പുതിയ ദിവസത്തെ സൃഷ്ടിക്കാനായി
ഫാക്ടറി സമയത്തിന് പുറത്ത് ‘ആനന്ദത്തെയും ജീവിതത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന, ഒരേസമയം കലയും രാഷ്ട്രീയവുമാകുന്ന’ മാന്ത്രികവിദ്യയാണ് അവിടെ ഷാജുവിന്റെ കവിത.
വിജനമായ ബസ്കാത്തിരിപ്പ്
കേന്ദ്രത്തിൽ നിന്നുമാ
ബസ്കാത്തിരിപ്പുകേന്ദ്ര-
മപ്രത്യക്ഷമായ്.
വിജനത ബാക്കിയായ
പലപല ഏകാന്തതകൾ
ബാക്കിയായ്.
മുഖം അപ്രത്യക്ഷമാവുകയും ‘പുഞ്ചിരിമാത്രം’ ബാക്കിയാവുകയും ചെയ്യുന്ന പോലെയുള്ള ഒരു സ്റ്റോയിക് ചിന്തയുണ്ട് മലയാള കവിതയിലെ തന്നെ മനോഹരമായ ആ വരികളിൽ. ‘പല പല ഏകാന്തതകൾ’ തന്നെയാണ് അവിടെ കവിത. ഒരു തിരഞ്ഞെടുപ്പ് അസാധ്യമാവും വിധം പുഴുക്കളും മനുഷ്യരും മറ്റ് ജന്തുജാലങ്ങളും അതിൽ ഇടകലർന്ന് സഹവസിക്കുന്നു.
‘കാരുണ്യം ഒരു തിരഞ്ഞെടുപ്പാണ്’ എന്ന കവിത ലിബറൽ ഉദാരതയുടെ കടക്കൽ കത്തിവെക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഒരു വെളുത്തകുട്ടിയുടെ ജീവിന് പലസ്തീനിലെ അല്ലെങ്കിൽ ആഫ്രിക്കയിലെ കുട്ടികളുടെ ജീവന്റെ പതിൻമടങ്ങ് വിലവരുന്നത്? നമ്മുടെ ധാർമ്മികപരിഗണനകളുടെ അടിസ്ഥാനം എന്താണ്?
കാരുണ്യം ഒരു
തിരഞ്ഞെടുപ്പാണ്
എലിയോട് തോന്നാത്തത്
മുയലിന് മുമ്പിൽ അണ
പൊട്ടുന്നത്
[…]
കുറുക്കന് കിട്ടാത്തത്
ചരിത്രത്തിലൊരിക്കലും
കൊതുകിനനുവദിക്കാത്തത്
പല മൃഗസ്നേഹികളുടെയും ‘സ്നേഹം’ നായ, പൂച്ച മുതലായ വളർത്തുമൃഗങ്ങളിൽ ഒതുങ്ങുന്നതുകൊണ്ട് തന്നെ അത് ‘മനുഷ്യസ്നേഹത്തിന്റെ’ വിപുലനമല്ലാതെ മറ്റൊന്നല്ല. മൃഗങ്ങളെ ‘മനുഷ്യരെ’പ്പോലെ പരിപാലിക്കുന്ന യജമാനന്മാർ പലപ്പോഴും അവയെ വളർത്തുന്നത് തന്റെ തന്നെ ‘ഛായ’യിൽ ആണ്. അത്രയും വിപുലമായ ജന്തുലോകത്തെ മനുഷ്യരോട് ഇണങ്ങുന്ന ഒന്നോ രണ്ടോ ജീവിവർഗ്ഗത്തിൽ മാത്രം ഒതുക്കുന്നത് തന്നെയാണ് അതിന്റെ ആദ്യപരിമിതി.
കുത്തനെ നിർത്തുമ്പോൾ
എല്ലാ മൃഗങ്ങൾക്കും
മനുഷ്യരുടെ ഛായയാണ്
ഭാഷയിൽ, സ്ത്രീയുടെയും, മൃഗത്തിന്റെയും, ഒരു തന്മാത്രയുടെയും എല്ലാം ആയിക്കൊണ്ടിരിക്കൽ സംഭവിക്കുന്നുണ്ട്. എന്നാൽ, ആത്യന്തികമായി അത് നശ്വരമായിക്കൊണ്ടിരിക്കൽ (becoming mortal) ആണെന്ന് ഷിയെ ദില്യൂസിനെ അനുകരിച്ചു പറയാം. ഷാജുവിന്റെ കവിതകൾ അപ്പോൾ അനശ്വരതയോടുള്ള കലാപങ്ങൾ കൂടിയാണ്.
അയാൾ മാന്ത്രികനെപ്പോലെ
അലമാരയിൽ നിന്നൊരു
കുപ്പി പുറത്തെടുത്തു.
അച്ചാറിട്ട
അയാളുടെ വൃഷണങ്ങൾ.സാറ പറഞ്ഞു
ഞാൻ അനശ്വരതയെ വെറുക്കുന്നു.
എവിടെ കത്തിയും മുള്ളും?
കുടം തുറന്ന്
ഞാൻ ഇവൻമാരെ നശ്വരമാക്കട്ടെ.
ഒരുപക്ഷേ, ‘അച്ചാറിട്ട വൃഷണങ്ങൾ’ കവിത തന്നെയാണ്.
ജീർണത ശരീരത്തിന്റെ മാത്രമല്ല,
പ്രണയത്തിന്റെയും
ജൈവിക നിയമമാണ്
എന്ന് മറ്റൊരു കവിതയിൽ ഷാജു സൂചിപ്പിക്കുന്നുണ്ട്.
“The shame of being a man – is there any better reason to write?”: ‘ആണായിപ്പിറന്ന നാണക്കേടിന് അപ്പുറം എഴുതാൻ വേറെ കാരണങ്ങൾ ഒന്നും വേണ്ടല്ലോ?’ എന്ന് ‘Literature and Life’ൽ ദില്യൂസ് ചോദിക്കുന്നുണ്ട്.
പരസ്പരം ഇല്ലാത്തത് തിരഞ്ഞുള്ള
മുഷ്ടിയുദ്ധമാണ് പ്രണയം
മറ്റൊരിടത്തെഴുതുന്നു:
വറീത്:
പൊന്നപ്പോ,
നമുക്കിടയിലെന്താണ്?
പൊന്നപ്പൻ:
നമുക്കിടയിലില്ലാത്തതിന്റെ തിരച്ചിൽ
“ഇല്ലാത്തത് കൊടുക്കലാണ് പ്രണയം, അതും വേണ്ടത്തവർക്ക്” എന്ന് ഷാക്കെ ലക്കാൻ പറയും. പ്രണയത്തിന്റെ അർത്ഥാന്വേഷണം ഇരുവർക്കും ‘ഇടയിലുള്ളത്’ എന്താണ് എന്ന ചോദ്യമായി പരിണമിക്കുന്നു. കവിതയുടെ അവസാനഭാഗത്ത് ഇരുവർക്കും ഇടയിലുള്ളത് ‘അപര പരിഗണന’ ആണെന്ന തിരിച്ചറിവിലേക്ക് വറീത് എത്തുന്നുണ്ട്. ‘പുറം ചൊറിയൽ’ അപര പരിഗണനയുടെയും പ്രണയത്തിന്റെയും രൂപകമായി വികസിക്കുന്നു. ‘ചൊറിച്ചിലിൽ’ ഉള്ളത് ‘അപര പരിഗണനയല്ല’, മറിച്ച് ‘നഖവും പുറവും’ ആണെന്ന് പൊന്നപ്പൻ പറയുമ്പോഴാണ് പ്രണയം ‘മുഷ്ടിയുദ്ധം’ (hand to hand combat) ആണെന്നതിന്റെ അർത്ഥം വായനക്കാർക്ക് ഒന്നുകൂടെ വ്യക്തമാകുക. ആൽഫ്രഡ് നോർത്ത് വൈറ്റ്‌ഹെഡിനെ അനുകരിച്ചു പറഞ്ഞാൽ, “ഭൂമിയിൽ നിന്നും പറന്നുയർന്ന് പക്ഷിയായി, ഒടുവിൽ നിലം തൊട്ട് നിൽക്കുന്നുണ്ട്” അവിടെ ഷാജുവിന്റെ കവിത.
“നിങ്ങൾ ജീവിക്കുന്നു, മരിക്കുന്നു. അതിന് സ്വതന്ത്ര ഇച്ഛയുമായി (Free will) എന്ത് ബന്ധമാണ്? ഒരു സ്വപ്നം കാണുമ്പോലെ ആണ് ഒരാൾ സ്വയം കൊലചെയ്യുന്നത്. ആത്മഹത്യ പരിഹാരമാണോ? എന്ന ധാർമ്മിക ചോദ്യം അല്ല നമ്മൾ ഉന്നയിക്കുന്നത്.” എന്ന് അന്തോണിൻ ആർത്തോ അശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുന്നുണ്ട്. സ്വപ്‍നം കാണുന്ന ലാഘവത്തോടെ മരണസന്നദ്ധരായ, അതിനായി വെമ്പിനിൽക്കുന്ന മനുഷ്യരെ ഷാജുവിന്റെ കവിതയിൽ കാണാം. അവർക്കാർക്കും ആത്മഹത്യ ഒരു ധാർമ്മിക പ്രശ്നം അല്ല.
അവരവരുടെ സമയമെടുത്തും
ക്യൂവിലൂഴം കാത്തുനിൽക്കുന്നവരുടെ
സ്വപ്നത്തോടുള്ള കരുതലോടെയും
അത്യഗാധതയിലെ
ആകാശം പോലത്തെ
അന്ത്യജലശയ്യയിലേക്കവരോരോരുത്തരായി
സ്വയം പറത്തിവിട്ടു.
ആർത്തോ മറ്റേതൊരു യാഥാർത്ഥ്യത്തെയും പോലെ ആത്മഹത്യയെയും അവിശ്വസിക്കുകയാണ് ചെയ്യുന്നത്. “Most certainly I died long ago, my suicide has already been taken palce” എന്ന് ആർത്തോ എഴുതിയിട്ടുണ്ട് . ആർത്തോഡിനെ പോലെ ‘ആത്മഹത്യയുടെ ശേഷ’ത്തെ (anterior state of suicide) അന്വേഷിക്കുകയാണ് ഷാജു തന്റെ കവിതകളിൽ. അത് മരണത്തെയല്ല, ജീവിതത്തിന്റെ തന്നെ അപരിചിതമായ മറ്റൊരു മുഖത്തെയാണ് പിന്തുടരുകയും വെളിവാക്കുകയും ചെയ്യുന്നത്. മരണത്തിനു ശേഷവും ഷാജുവിന്റെ ‘സ്വയം പറത്തിവിടുന്ന’ കഥാപാത്രങ്ങൾ ജീവിക്കുന്നുണ്ട്.
എഴുത്തിൽ ഒരു കായികാഭ്യാസമുണ്ട്. അതിനർത്ഥം, എഴുത്ത് ഒരു ഒളിമ്പിക് മത്സരയിനം ആവുകയോ, സാഹിത്യം സ്‌പോർട്സുമായി ഒന്നാവുകയോ ചെയ്യണമെന്നല്ല, മറിച്ച് എഴുത്ത് രക്ഷാവഴികൾ പണിയുകയും, ജൈവശരീരത്തെ ചിഹ്നഭിന്നമാക്കുകയുമാണ് ചെയ്യുന്നതെന്നാണ്. ഹെൻറി മിഷേയുടെ ഭാഷയിൽ ‘കിടക്കയിൽ കിടന്ന് ശരീരത്തെ പുനർഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ കവിയെന്ന കായികതാരം. അപ്പോൾ ഷാജുവിന്റെ കവിതകൾ യഥാർത്ഥത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും മൗലികമായ ക്രിയ ‘കവിത’ എന്ന ‘സാഹിതീയ ശരീരത്തെയും’, ‘വായനക്കാരുടെ ജൈവശരീര സങ്കല്പങ്ങളെ’യും അസാധുവാകുക എന്ന കർമ്മത്തിലാണ്.
ഷാജു വി വി
ആദ്യ കവിതാസമാഹാരം ‘രണ്ടടി പിന്നോട്ട്’ (2018) റാസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് ഗവണ്മെന്റ് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനായ അദ്ദേഹം സമകാലിക വിഷയങ്ങളിൽ ലേഖനങ്ങളും, കവിതകളും എഴുതുന്നു.
Featured Image: Antonin Artaud, Cahier 310, undated.
Courtesy: Bibliothèque nationale de France and Cabinet, London
Comments are closed.