2018 ജൂൺ 30 ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിതപാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിൽ മുസ്‌ലിംകൾക്ക് സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക സ്തംഭനാവസ്ഥകൾക്കും, യൂറോ സെൻട്രിക്, ഓറിയന്റലിസ്റ് രചനകളിലൂടെ മുസ്‌ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്ന മോഡേണിസ്റ്റുകൾക്കിടയിലും ഒരു അപവാദമായിരുന്നു സെസ്‌ഗിൻ. വൈജ്ഞാനിക രംഗത്ത് നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ സംഭാവനകളിൽ അഭിമാനം കൊള്ളുകയും അവരുടെ കൃതികളെ അടിസ്ഥാനമാക്കി ഗവേഷണ പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം

1924 ഒക്ടോബർ 24ന് തുർക്കിയിലെ കുർദ്ദിഷ് പ്രദേശമായ ബിത്ലീസിലാണ് സെസ്‌ഗിൻ ജനിച്ചത്. മുൻ ജില്ലാ മുഫ്തിയായിരുന്ന പിതാവിൽ നിന്നാണ് അറബി ഭാഷയും, ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ ആദ്യ പാഠങ്ങളും പഠിച്ചത്. ഉർസുറുമിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇസ്‌താംബുൾ യൂണിവേഴ്സിറ്റിയിൽ 1941ൽ ഉപരിപഠനത്തിനായി പ്രവേശനം നേടി. മാതെമാറ്റിക്സിലും, എഞ്ചിനിയറിങ്ങിലും താൽപര്യമുണ്ടായിരുന്ന സെസ്‌ഗിനെ ശാസ്ത്ര ചരിത്രത്തിലേക്ക് വഴിതിരിച്ച് വിട്ടത് പ്രമുഖ ഒറിയന്റലിസ്റ് ആയിരുന്ന ഹെൽമർട്ട് റെക്ടർ ആയിരുന്നു. 1947ൽ അബൂ ഉബൈദ മഅമർ ബിൻ അൽ മുസന്നയുടെ ‘മജാസുൽ ഖുർആൻ’ എന്നതിനെ കുറിച്ചുള്ള റിസേർച്ചിനിടയിലാണ് സ്വഹീഹുൽ ബുഖാരിയുടെ ക്രോഡീകരണത്തിനുപയോഗിച്ച കൃതികൾ ശ്രദ്ധയിൽ പെടുന്നത്. ഈ സംഭവം ‘The Source of Sahih al Bukhari’ എന്ന വിഷയം 1954ൽ പി എച് ഡിക്കായി തിരഞ്ഞെടുക്കുന്നതിന് കാരണമായി. ഹദീസ് ഗ്രന്ഥങ്ങളെല്ലാം വാമൊഴി ചരിത്രത്തിലൂടെ രേഖപ്പെടുത്തപ്പെട്ടിരുന്നതിനാൽ പ്രമാണയുക്തമല്ലെന്നുള്ള ഒറിയന്റലിസ്റ് ചരിത്ര വായനയെ തിരസ്കരിച്ച സെസ്‌ഗിൻ ഇമാം ബുഖാരി അധികവും ഗ്രന്ഥങ്ങളെ തന്നെയാണ് ‘സഹീഹുൽ ബുഖാരി’യുടെ ക്രോഡീകരണത്തിന് അടിസ്ഥാനപ്പെടുത്തിയത് എന്ന് സെസ്‌ഗിൻ സമർത്ഥിച്ചു.

പ്രവാസവും ഗവേഷണങ്ങളും

തന്റെ ഗവേഷണങ്ങൾക്കായി ഒരിക്കലും അദ്ദേഹം പരിഭാഷകളെ ആശ്രയിച്ചിരുന്നില്ല. ആവശ്യമായ സ്രോതസ്സുകളെ അവലംബിക്കാനായി അദ്ദേഹം അസീറിയൻ, ലാറ്റിൻ, ഹീബ്രു, അറബി തുടങ്ങി മുപ്പതോളം ഭാഷകളിൽ പരിജ്ഞാനം നേടി. ഇസ്‌ലാമിക പൈതൃകം, ചരിത്രം , മുസ്‌ലിം ചിഹ്നങ്ങൾ മുതലായവയെയെല്ലാം അവജ്ഞയോടെ വീക്ഷിച്ചിരുന്ന ഒറിയന്റലിസ്റ്റുകളെയും, കെമാലിസ്റ് സെക്കുലർ തുർക്കിയുടെയും അന്തരീക്ഷത്തിൽ നിന്നും വ്യത്യസ്ഥാനായിട്ടാണ് സെസ്‌ഗിൻ നിലകൊണ്ടത്. 1960ലെ പട്ടാള അട്ടിമറിയിൽ ഇസ്‌താംബുൾ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകവൃത്തി അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അപകടകാരികളായ പ്രൊഫസേഴ്സ് എന്ന് മുദ്രകുത്തപ്പെട്ട് പുറത്താക്കപ്പെട്ട 147 അധ്യാപകരിൽ ഒരാളായിരുന്നു സെസ്‌ഗിനും അന്ന്. സഹോദരൻ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രൊവിഷണൽ ചെയർമാനായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. കുർദ്ദിഷ് വംശജരെ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന പട്ടാളക്കാർക്ക് അത് മതിയായ കാരണമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി ആർജ്ജിച്ചിരുന്ന സെസ്‌ഗിനെ അമേരിക്കയും, ജെർമനിയുമെല്ലാം ക്ഷണിച്ചു. തുർക്കിക്ക് ജർമ്മനി അങ്ങനെ അയൽ രാഷ്ട്ര പദവി നൽകി. 1961ൽ ഫ്രാൻക്ഫർട് യൂണിവേഴ്സിറ്റിയിലും, പിന്നീട് ഗൊയ്തെ യൂണിവേഴ്സിറ്റിയിലും അധ്യാപകനായി. ജർമനിയിലെ പ്രവാസകാലത്താണ് അദ്ദേഹം തന്റെ ഗവേഷണങ്ങൾ അധികവും നടത്തിയിരുന്നത് എന്നതിനാൽ തന്നെ ജർമ്മൻ ഭാഷയിലാണ് അദ്ദേഹത്തിൻറെ അധികം കൃതികളും രചിക്കപ്പെട്ടിട്ടുള്ളത്.

ഫുആദ് സെസ്‌ഗിൻ സ്ഥാപിച്ച അറബ്-ഇസ്‌ലാം സയൻസ് ഹിസ്റ്ററി റിസേർച് ഇൻസ്റ്റിറ്റൂട്ടിലൂടെ 1400ൽ അധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. മധ്യകാല മുസ്‌ലിം പണ്ഡിതന്മാരുടെ ആയിരത്തിലധികം വരുന്ന അമൂല്യ കയ്യെഴുത്തുപ്രതികൾ അദ്ദേഹത്തിൻറെ സ്വകാര്യ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയായിരുന്നു അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ബൈൻഡ് ചെയ്തിരുന്നത്. ഇൻസ്റ്റിടൂട്ടിനോടനുബന്ധമായി അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന ചരിത്ര മ്യൂസിയത്തിൽ മുസ്‌ലിം പണ്ഡിതന്മാരുടെ അമൂല്യ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജിയോഗ്രഫി, ആസ്ട്രോണമി, നാവിഗേഷൻ, മ്യൂസിക്, മെക്കാനിക്കൽ സയൻസ്, ഒപ്റ്റിക്സ്, കെമിസ്ട്രി, മെഡിസിൻ എന്നീ വിഷയങ്ങളിലെ ഉപകരണങ്ങളും, മുസ്‌ലിം കാർട്ടോഗ്രാഫുകളും, മാപുകളും അദ്ദേഹം പുനഃസൃഷ്ടിച്ചു.

1967ൽ ഫുആദ് സെസ്‌ഗിൻ ‘ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് സയൻസ് ഹെറിറ്റേജ്’ എന്ന എൻസൈക്ലോപീഡിയയുടെ ഒന്നാം വാള്യം പുറത്തിറക്കി. കഴിഞ്ഞയാഴ്ച്ച മരണപ്പെടുമ്പോൾ അതിന്റെ പതിനെട്ടാം വാള്യത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അറബി സാഹിത്യം തുടങ്ങി കാർട്ടോഗ്രഫി, ഭൂമിശാസ്ത്രം അടക്കമുള്ള അനവധി ശാസ്ത്ര മേഖലകൾ അദ്ദേഹം തന്റെ കൃതിയിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇസ്‌ലാമിക ശാസ്ത്രത്തിലുള്ള സംഭാവനകൾക്കുള്ള അംഗീകാരമായി 1979ൽ കിങ് ഫൈസൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് അറബ് ലോകത്ത് നിന്നുള്ള നിരവധി സാമ്പത്തിക സഹായങ്ങൾ ഇതുവഴി ലഭിക്കുകയും, തന്റെ ഗവേഷണ പഠനങ്ങൾ അദ്ദേഹം അവയുപയോഗിച്ച് ഊർജ്ജിതമാക്കുകയും ചെയ്തു. 1984ൽ ആരംഭിച്ച ‘അറബ് ഇസ്‌ലാമിക് സയൻസ്’ എന്ന ജേണലിലൂടെ അനേകം ഇസ്‌ലാമിക ശാസ്ത്ര ഗവേഷണങ്ങൾ സെസ്‌ഗിൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. ആധുനിക ശാസ്ത്രീയ വിജയങ്ങൾക്കു പിന്നിൽ ഗ്രീക്ക്-യൂറോപ്യൻ ശാസ്ത്രജ്ഞാനമാണെന്നുള്ള ഒറിയന്റലിസ്റ് വായനയെ തിരുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഗ്രീക്ക് തത്വചിന്ത പോലും മുസ്‌ലിം ധിഷണാശാലികളിലൂടെയാണ് വികസിച്ചതെന്നും അദ്ദേഹം എഴുതി. പീർ റഈസ്, അബൂബക്കർ ബിൻ ബഹ്‌റം, ഔലിയാ ചെലബി തുടങ്ങിയവരുടെ ഭൂമിശാസ്ത്ര പഠനങ്ങൾക്ക് സെസ്‌ഗിന്റെ ഗവേഷങ്ങളിൽ ശ്രദ്ധേയസ്ഥാനം ലഭിച്ചിട്ടുണ്ട്. സമുദ്രഖനന പഠനങ്ങളിൽ പീർ റഈസിന്റെ സംഭാവനകൾ, അനാറ്റോളിയ, ഇറാൻ, അറബ് ഉപദ്വീപുകൾ എന്നീ പ്രദേശങ്ങളെ കുറിച്ച് അബൂബക്കർ ബിൻ ബഹ്‌റാമിന്റെയും, ഔലിയ ചേലബിയുടെയും പഠനങ്ങളിലൂടെ മധ്യകാല തുർക്കിഷ് നാവികരുടെ സുവർണ്ണ കാലവും അദ്ദേഹം രേഖപ്പെടുത്തി.

എ കെ പാർട്ടിയുടെ ഭരണത്തിന് കീഴിൽ ധാരാളം ശാസ്ത്ര-ചരിത്ര സംഭവങ്ങൾക്ക് സെസ്‌ഗിൻ നേതൃത്വം നൽകി. 2008ൽ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ടൂറിസം, ‘ഇസ്‌താംബുൾ ഇസ്‌ലാം ആൻഡ് ടെക്നോളജി മ്യൂസിയം’ സ്ഥാപിച്ചതും 2013ൽ ഫാതിഹ് യൂണിവേഴ്സിറ്റിയിലെ ‘ഹിസ്റ്ററി ഓഫ് സയൻസ് ഡിപാർട്മെന്റും’ ‘ഡോക്ടർ ഫുആദ് സെസ്‌ഗിൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് സയൻസ് ഇൻ ഇസ്‌ലാമും’ ചില ഉദാഹരങ്ങൾ മാത്രമാണ്. തുർക്കിഷ് ഗവൺമെന്റ് അങ്കാറയിലെ ഒരു സ്ട്രീറ്റിന് അദ്ദേഹത്തിൻറെ പേര് നൽകി അടുത്ത കാലത്ത് ആദരിക്കുകയുണ്ടായി. തൊണ്ണൂറ്റി നാലാം വയസ്സിൽ അന്തരിച്ച ഫുആദ് സെസ്‌ഗിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ 2019നെ ഫുആദ് സെസ്‌ഗിൻ വർഷമായി ആദരിക്കുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിം പണ്ഡിതരുടെ ചരിത്രരചനയിൽ അറബ് വംശജർക്ക് പ്രത്യേക പരിഗണനയും, ചരിത്രപരമായ കാരണത്താൽ തുർക്കിഷ് പണ്ഡിതരുടെ നേരെ അവഗണനയുമാണ് ഉണ്ടായിട്ടുള്ളതെന്ന് തുർക്കിഷ് പണ്ഡിതർ വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ, പ്രത്യേകിച്ച് ഡോക്ടർ ഫുആദ് സെസ്‌ഗിന്റെ സംഭാവനകൾ അനുസ്മരിക്കേണ്ടത് അനിവാര്യമാണ്.

Comments are closed.