സാവോപോളോയിൽ നിന്ന് ദാകറിലേക്കുള്ള യാത്ര വളരെ ദീർഘമായിരുന്നു. ന്യൂയോർക്കിൽ നിന്നും ദാഗറിലേക്കുള്ള യാത്ര ഒരു കുടുംബ സന്ദർശനം പോലെയാണ് എനിക്ക് തോന്നിയത്. ഫ്ലൈറ്റിലെ യാത്രക്കാരെ ഒരു മിനി സെനഗൽ കമ്മ്യുണിറ്റി പോലെ തോന്നിപ്പിച്ചു. യാത്രക്കാർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ഫ്രഞ്ച്, വൊളോഫ് (വൊളോഫ് ആയിരിക്കുമെന്ന് എന്റെ ഊഹം മാത്രമാണ്. ഒരു പക്ഷേ മറ്റേതെങ്കിലും പ്രാദേശിക ഭാഷയാവാം അത് ) ഭാഷകളിൽ പിറുപിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

sn2
കടക്ക് പുറത്ത് നിസ്കരിക്കുന്നത് ഇവിടെ പതിവുകാഴ്ചയായിരുന്നു.

ഫ്ലൈറ്റിൽ വെച്ച് കണ്ട സെനഗലിലെ വ്യത്യസ്ത തരക്കാരായ മനുഷ്യർ എന്നെ യാത്രയുടെ ലക്ഷ്യത്തെ ഓർമ്മിപ്പിച്ചു. ആഫ്രിക്കയിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ സെനഗലിൽ അറബ് ലോകത്തിൽ നിന്നും വ്യത്യസ്തമായ വിശ്വാസ-സംസ്കാര സമ്പർക്കത്തിന്റെ അടയാളങ്ങൾ ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. ജോർദാനിലേതു പോലെ സെനഗലിൽ 92 ശതമാനം മുസ്‌ലിംകളാണ്.

sn3
ആദ്യത്തെ രണ്ടു ദിവസം ഞാൻ താമസിച്ചിരുന്ന ഒരു ഖുർആൻ സ്കൂൾ

പതിനൊന്നാം നൂറ്റാണ്ടിൽ ആണ് സെനഗലിൽ ഇസ്‌ലാം എത്തുന്നത്. എങ്ങിനെയാണ് ഇസ്‌ലാം അവിടെ എത്തിയതെന്നും പ്രചരിച്ചതെന്നും എനിക്കറിഞ്ഞുകൂടാ. എങ്കിലും നിലവിൽ സെനഗലിൽ ഇസ്‌ലാമിനെ ബാധിക്കുന്ന ചരിത്രത്തിലെ പ്രധാന ഘടകങ്ങളെ ഞാൻ മനസ്സിലാക്കിയിരുന്നു. അറബി സ്വാധീനം, ഫ്രഞ്ച് കോളനിവൽക്കരണം, ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക സംസ്കാരം, മതം എന്നിവയായിരുന്നു അവ.

01-TEI-Senegal-4
ഖുർആൻ പഠിക്കാൻ ഉപയോഗിക്കുന്ന പലകയുമായി പെൺകുട്ടികൾ

ബഹുഭാര്യത്വം, മുതിർന്നവരെ ബഹുമാനിക്കൽ തുടങ്ങിയ ഇസ്‌ലാമിനോട ചേർന്ന് പോകുന്ന പ്രാദേശിക ആചാരങ്ങൾ ഇവിടുത്തെ സംസ്കാരത്തിലും പ്രകടമായിരുന്നു. ഇതുമൂലം ഗോത്ര സമൂഹങ്ങൾക്ക് ഇസ്‌ലാമിലേക്ക് എളുപ്പത്തിൽ കടന്നുവരുന്നതിനും അതുവരെ തുടർന്നു പോന്നിരുന്ന ആചാരങ്ങളെ തുടർന്ന് കൊണ്ടുപോകുന്നതിനും സഹായകമായി. ഉദാഹരണത്തിന്, ഗോത്ര സമൂഹങ്ങളിൽ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തികൾ, ഇമാമുമാർ, ശൈഖുമാർ തുടങ്ങിയവരിൽ പ്രതീക്ഷിക്കപ്പെടുന്ന കാര്യമായിരുന്നു ബഹുഭാര്യത്വം.

01-TEI-Senegal-1
ഞാൻ ആദ്യം വാടകയ്ക്ക് താമസിച്ചിരുന്ന AirBnB വീടിന്റെ ഉടമസ്ഥനാണ് ഉമർ. തൊട്ടടുത്ത് പെൺമക്കളായ ഖദീജയും ആയിഷയും.

സൂഫി ത്വരീഖത്തുകളെക്കുറിച്ച് പറയാതെ സെനഗലിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവരണം പൂർണ്ണമാവില്ല. പ്രധാനമായും രണ്ടു സരണികളാണ് (ത്വരീഖ) ഇവിടെയുള്ളത്. ഒന്ന്, തിജാനിയ്യ. മൊറോക്കോയിൽ രൂപംകൊണ്ടതും ഇവിടെ ജനങ്ങൾക്കിടയിൽ ഏറ്റവും അറിയപ്പെട്ടതും ആയ സൂഫി ത്വരീഖത്ത് ആണിത്. മറ്റൊന്ന് മൗരിദിയ്യ. സെനഗലിലെ സാമ്പത്തികവും രാഷ്ട്രീയപരവുമായ ശക്തിയുള്ള ഏറ്റവും വലിയ സൂഫീ തരീഖത്ത് ആണിത് (കൂടുതൽ വിവരങ്ങൾ മറ്റൊരിക്കൽ ആകാം). പലപ്പോഴും പ്രസിഡണ്ട് തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സന്ദർശിക്കുന്നത് മൗരിദിയ്യ ആസ്ഥാനമായ തൗബയാണ്.

01-TEI-Senegal-10
സെനഗലിയൻ വേഷവിധാനങ്ങളെ ആഫ്രിക്കൻ, ഇസ്‌ലാമിക സംസ്കാരങ്ങൾ ആഴത്തിൽ സ്വാധീനിച്ചിരുന്നു.

സെനഗലിൽ വെച്ചാണ് ഞാൻ ആമിനാറ്റയെ കണ്ടുമുറ്റുന്നത്. ന്യൂയോർക്കിലെ ഹാമിൽട്ടൺ കോളേജിലെ ഏഴു വർഷത്തെ പഠനത്തിനു ശേഷം എഴുത്തുകാരിയായി സേവനമനുഷ്ഠിച്ച ആമിനാറ്റ ഏഴു മാസങ്ങൾക്ക് മുമ്പാണ് സെനഗലിൽ തിരിച്ചെത്തിയത്. പഠനത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയും, അനുഭവങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. യു.എസിലെ എട്ടു വർഷത്തെ പഠനത്തിന് ശേഷം ഞാൻ ജോർദാനിലെക്കാണ് മടങ്ങിയത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഗൃഹാതുരത്വത്തിന്റെ അനുഭവങ്ങൾ ഒരുപാടുണ്ടായിരുന്നു. ജന്മനാടിന്റെ സംസ്കാരങ്ങളുടെ വേരുകൾ തേടിപ്പോകാനുള്ള ത്വര ഞങ്ങൾക്കുള്ളിൽ സജീവമായിരുന്നു.

ആമിനാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട TED ടോക് The Danger of a Single Story ആണ് . ഒരു മുസ്‌ലിമായിരുന്നെങ്കിലും തന്റെ കൗമാരകാലത്താണ് തനിക്ക് ദൈവ വിശ്വാസം ഉണ്ടായതെന്ന് അവർ എന്നോട് പറഞ്ഞു. താൻ പിന്തുടർന്നിരുന്ന സൂഫി ത്വരീഖത്തിന്റെ സഹായത്തോടെയാണ് അവർക്ക് കൂടുതൽ ദൈവ വിശ്വാസം ഉണ്ടായത്. അതോടൊപ്പം തന്നെ ആത്മീയ മാർഗ്ഗദർശി ആയിരുന്ന മുഖദ്ദിമയുടെ സഹായവുമുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ ആമിനാറ്റക്കു മുന്നിൽ എന്റെ ചോദ്യങ്ങളുടെ കെട്ടുകളഴിച്ചു. എന്റെ ചോദ്യങ്ങൾക്കെല്ലാം അവർ മറുപടി നൽകികൊണ്ടിരുന്നു. ഞാൻ അവരുടെ സംസാരം ആസ്വദിക്കുകയായിരുന്നു. സംഭാഷണം അവസാനിച്ചപ്പോൾ സെനഗലിയൻ മുസ്‌ലിം സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതാം എന്ന് ആമിനാറ്റ സമ്മതിച്ചു. അതുകൊണ്ട് സെനഗലിൽ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ഞാൻ എഴുതുന്നില്ല.

sn1
ആമിനാറ്റ തന്റെ ആന്റിയെ കെട്ടിപ്പിടിക്കുന്നു. യാദൃശ്ചികമായി കടന്നുപോകുന്ന പിതാവിന്റെ എസ് യു വിയും കാണാം

ഭക്ഷണാനന്തരം സംസാരിച്ചുകൊണ്ട് തെരുവിലൂടെ നടക്കുന്നതിനിടയിലാണ് ആകസ്മികമായി ആമിനാറ്റയുടെ ആന്റിയും ഉപ്പയും പ്രത്യക്ഷപ്പെട്ടത്. “ദൈവമേ അതെന്റെ ഉമ്മയുടെ സഹോദരി ആണല്ലോ” ഓർക്കാപ്പുറത്ത് കണ്ടുമുട്ടിയ തന്റെ അമ്മായിയെ കെട്ടിപ്പിടിച്ചുകൊണ്ട് ആമിനാറ്റ അട്ടഹസിച്ചു. യാദൃശ്ചികമായി അവരുടെ പിതാവ് തൊട്ടരികിലൂടെ കാറിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഞാൻ രണ്ടുപേരെയും പരിചയപ്പെട്ടു. ഭാഗ്യവശാൽ തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന കാര്യം മാതാപിതാക്കൾക്ക് അറിയാമെന്ന് ആമിനാറ്റ അൽപ്പം മുമ്പ് എന്നോട് പറഞ്ഞിരുന്നു. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ഈ പ്രണയത്തിന്റെ കാര്യത്തിൽ അവളുടെ മാതാപിതാക്കൾക്ക് നീരസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് പ്രശ്നങ്ങളൊന്നുമില്ല. അവർക്ക് അവളുടെ ബോയ്ഫ്രണ്ടിനെ അറിയാം. ഇപ്പോൾ അവനെ വലിയ കാര്യമാണ്. എത്രയും പെട്ടെന്ന് വിവാഹം ചെയ്തു കൊടുക്കാൻ കാത്തിരിക്കുകയാണ് അവർ.

01-TEI-Senegal-11

സാംസ്കാരികപരമായി വളരെ വ്യത്യസ്തമായി അറബ് ലോകത്ത് നിന്നും വരുന്ന എനിക്ക് ആശ്ചര്യമുണ്ടാക്കുന്ന കാര്യമായിരുന്നു ഇത്. എന്‍ഗേജ്മെന്റ് ഉറപ്പായിട്ടല്ലാതെ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തിയുടെ കുടുംബവുമായി ബന്ധമുണ്ടാവുക എന്നത് എന്റെ നാട്ടിൽ വളരെ അപൂർവ്വമായിരുന്നു.

ഇതൊരു ഒറ്റപ്പെട്ട വൈയക്തിക മാത്രമായിരുന്നില്ല. എതിർലിംഗവുമായുള്ള സമ്പർക്കങ്ങൾ പൊതുവേ ഇവിടെ അംഗീകൃതമായിരുന്നു. അൽപ്പം ദിവസങ്ങൾക്കു ശേഷം ആമിനാറ്റ കൂട്ടുകാരികൾക്കൊപ്പം തന്റെ ആത്മീയ മാർഗ്ഗദർശിയുടെ വീട്ടിലെ ഇഫ്താറിന് എന്നെയും ക്ഷണിച്ചു. രാത്രിയിൽ ദീർഘനേരം ഞങ്ങൾ ഞങ്ങൾ പ്രാർത്ഥനയിൽ മുഴുകി. അർദ്ധ രാത്രിയിൽ ഞങ്ങൾ പുറത്തും പരിസരങ്ങളിലും കാണാനായി നടക്കാനിറങ്ങി. അവസാനം ടാക്സിക്കായി കാത്തിരുന്നപ്പോൾ മറിയമായിരുന്നു എനിക്കു വേണ്ടി ടാക്സി വിളിച്ചു തന്നതും ഡ്രൈവറോട് തർക്കിച്ച് വിലയുറപ്പിച്ചു തന്നതും.

sen1

സെനഗലിലെ ഇസ്‌ലാമിന്റെ സങ്കീർണ്ണതകളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു അഞ്ചു ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു ഇവിടെ. ഇനിയും ഒരുപാട് എഴുതാനുണ്ട് .

01-TEI-Senegal-12

വിഷയവുമായി ബന്ധമില്ലാത്തതാണെങ്കിലും വളരെ വേണ്ടപ്പെട്ട ഒരു ചിത്രമായിത്തോന്നി. ‘യല്ലാ’ എന്നാണ് ബസിന്റെ പിറകു വശത്ത് എഴുതിവെച്ചിരിക്കുന്നത്. അറബിയിൽ ‘പോവാം’ എന്നാണ് അർത്ഥം. എന്നാൽ അത് വോളോഫ് ഭാഷയായിരുന്നു. യാ അല്ലാഹ് എന്നായിരുന്നു അതിന്റെ അർത്ഥം.

തുടർന്ന് വായിക്കുക : സൂഫി സദസ്സിലെ ഇഫ്താർ അനുഭവം

വിവർത്തനം: Sumama Ali

Comments are closed.