ഫിലോസഫിയും തസവ്വുഫും: ഇമാം ഗസ്സാലിയുടെ സമീപനങ്ങള്‍ എന്ന ലേഖനത്തിന്റെ തുടർച്ച

പ്ലാറ്റോയുടെ Alcibiades 1 എന്ന ഗ്രന്ഥത്തില്‍ തിരിച്ചറിയപ്പെടേണ്ട സെല്‍ഫിനെക്കുറിച്ചും അത് നിര്‍വ്വഹിക്കേണ്ട ധര്‍മ്മങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. സമാനമായ രീതിയിലാണ് കീമിയാഇൽ ഇമാം ഗസ്സാലി നഫ്‌സിനെക്കുറിച്ച് വിശദീകരിക്കുന്നത്. ‘നിങ്ങള്‍ ആത്മാവിനെ ശ്രദ്ധിക്കേണ്ടതുണ്ട്’ എന്ന് ഫൂക്കോ പറയുന്നുണ്ട്. ഇമാമിനെപ്പോലെത്തന്നെ ആത്മാവിനെക്കുറിച്ച ഫൂക്കോയുടെ ആവലാതിയും ധ്യാനാത്മക സ്വഭാവമുള്ളതാണ്: ‘കണ്ണാടിയെപ്പോലെ സ്വന്തത്തെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു വസ്തുവിലേക്ക് നോക്കാതെ ആത്മാവിന് സ്വയം അറിയുക സാധ്യമല്ല’. ദൈവിക യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതിന് ആത്മാവിനെ കണ്ണാടിയോട് സമീകരിക്കുന്ന രീതി തന്നയാണ് ഇമാം ഗസ്സാലിയിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. അവരും ആത്മാവിനെ കണ്ണാടിയുമായിട്ടാണ് തുലനം ചെയ്യുന്നത്. എന്നാല്‍ ഇമാമവര്‍കളുടെ സമീപനം വളരെ സവിശേഷമാണ്. ആത്മ പരിപാലനത്തെ മുറാഖബ എന്ന സൂഫി പ്രാക്ടീസിലൂടെ സാധ്യമാകുന്നതിനെക്കുറിച്ചാണ് ഇമാം എഴുതുന്നത്. ഇമാം ആവശ്യപ്പെടുന്നത് ‘നഫ്‌സിനെക്കുറിച്ച് ശ്രദ്ധാലുവാകൂ’ എന്നാണ്. 

എങ്ങനെയാണ് നമുക്ക് സ്വന്തത്തെ തിരിച്ചറിയാന്‍ കഴിയുക എന്ന് ഇമാം ചോദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് റൂഹിനെക്കുറിച്ച വ്യാവഹാരികമായ ജ്ഞാനം അസാധ്യവും അതിനെക്കുറിച്ച യുക്തിപരമായ അന്വേഷണം ഖുര്‍ആന്‍ വിലക്കിയതുമാണെങ്കിലും ആത്മീയ പരിശീലനത്തിലൂടെ അത് സാധ്യമാകുമെന്നാണ്. മുജാഹദ എന്നാണ് ഇമാം അതിനെ വിശേഷിപ്പിക്കുന്നത്. അതിലൂടെയാണ് യാഥാര്‍ത്ഥ്യത്തെക്കുറിച്ച അറിവ് നമുക്ക് കൈവരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴി തുറക്കപ്പെടുന്നത് നഫ്‌സിന്റെ ശുദ്ധീകരണത്തിലൂടെ മാത്രമാണ്.

 കീമിയയില്‍ ഇമാം എഴുതുന്നത് മനുഷ്യന്റെ പരമപ്രധാനമായ ലക്ഷ്യം എന്നതുതന്നെ അല്ലാഹുവാണ് എന്നതാണ്. അവന്റെ യുക്തിയും ഭാവനയുമെല്ലാം ആ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്. അല്ലാഹു എന്ന ലക്ഷ്യത്തെ കേന്ദ്രീകരിച്ചാണ് മനുഷ്യന്റെ ഓരോ അമലും നിര്‍വ്വഹിക്കപ്പെടേണ്ടത്. മൗലികമായ ആ ലക്ഷ്യത്തില്‍ നിന്ന് തെറ്റുന്നതോടെ അവന്റെ ഓരോ ചലനവും ബാത്വിലാവുകയാണ് ചെയ്യുന്നത്. അല്ലാഹുവിലേക്കുള്ള ലക്ഷ്യത്തിന്റെ ഒരു പ്രധാനപ്പെട്ട മാര്‍ഗ്ഗമായി യുക്തിയെ ഇമാം എണ്ണുന്നുണ്ട്. എന്നാല്‍ അഖ്‌ല് എന്നത് (Reason) യഥാര്‍ത്ഥത്തില്‍ അതിന്റെ തന്നെ പരിമിതിയെ നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു സംവര്‍ഗ്ഗമായിട്ടാണ് ഇമാം മനസ്സിലാക്കുന്നത്. അപ്പോള്‍ ഇമാമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ വജ്ഹ് മാത്രമായിരിക്കണം മനുഷ്യന്റെ ലക്ഷ്യം. അതിനര്‍ത്ഥം ഈ ലോകത്ത് നിന്ന് മുഖം തിരിക്കണം എന്നതു തന്നെയാണ്. സആദയിലൂടെയുള്ള (പരമാനന്ദം) ജീവിതം അപ്പോഴാണ് സാധ്യമാവുക.

കീമിയാഉം ഇഹ്യയും നൈതികതയെക്കുറിച്ച അധ്യാപനങ്ങളാണ് നല്‍കുന്നത്. അദബിലൂടെയാണ് ഇമാം അഖ്‌ലാഖിനെയും ഫിഖ്ഹിനെയും സംയോജിപ്പിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നൈതികത എന്നത് അമലുകളിലുള്ള സൂക്ഷ്മമായ ശ്രദ്ധയിലൂടെ നമ്മള്‍ നേടിയെടുക്കേണ്ട ദൈവികമായ സ്വഭാവമാണ്. അപ്പോഴാണ് സ്വന്തത്തെക്കുറിച്ചും അല്ലാഹുവെക്കുറിച്ചുമുള്ള അറിവ് നമുക്ക് സാധ്യമാവുക. ശരീരവുമായി ബന്ധപ്പെട്ട ശുദ്ധീകരണം അതിന് പരമപ്രധാനമാണ്.  ദൈവികമായ അറിവിനെക്കുറിച്ച കീമിയാഇലെ അദ്ധ്യായം തുടങ്ങുന്നത് സ്വന്തത്തെ അറിഞ്ഞവന്‍ അല്ലാഹുവെ അറിഞ്ഞു (മന്‍ അറഫ നഫ്‌സഹു ഫഖദ് അറഫ റബ്ബഹു) എന്ന ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ്. നഫ്‌സ് എന്ന കണ്ണാടിയില്‍ നോക്കുന്നവരെല്ലാം ഹഖീഖത്തിനെ ദര്‍ശിക്കുന്നവരാണ് എങ്കിലും മിക്കപേര്‍ക്കും അത് സാധ്യമല്ല എന്നാണ് ഇമാം പറയുന്നത്. അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവര്‍ക്ക് മാത്രം ലഭിക്കുന്ന അവന്റെ ഔദാര്യമാണത്. അല്ലാഹു എന്ന ലക്ഷ്യത്തിന് തടസ്സമായി നില്‍ക്കുന്ന മുഴുവന്‍ ഭൗതികതകളെയും വെടിഞ്ഞു കൊണ്ട് ഓരോ ശ്വാസനിശ്വാസങ്ങളിലും അവന്റെ ഖുവ്വത്തിനെ അറിയാന്‍ തീവ്രമായി പരിശ്രമിക്കുന്നവര്‍ക്കാണ് യാഥാര്‍ത്ഥ്യത്തെക്കുറിച്ച അറിവ് അല്ലാഹു പാനം ചെയ്തു കൊടുക്കുക.

നമ്മുടെ മുആമലാത്തിനെ നിയന്ത്രിക്കുന്ന അദബിനെക്കുറിച്ച ചര്‍ച്ചയില്‍ അല്ലാഹുവിനെ കണ്ടുമുട്ടലാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഇമാമവര്‍കള്‍ പറയുന്നുണ്ട്. ജീവിതത്തിലെ ഓരോ നിമിഷത്തെയും അതിന്റെ ഭാഗമായാണ് ഇമാം അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുക എന്ന അമലിനെക്കുറിച്ച് ഇമാം എഴുതുന്നു: ‘ എല്ലാ യാത്രക്കാരുടെയും ലക്ഷ്യം അല്ലാഹുവെ കണ്ടുമുട്ടുക എന്നതാണ്. ഇല്‍മും അമലുമാണ് അതിനുവേണ്ട മുഖ്യമായ ഘടകങ്ങള്‍. ശാരീരികാരോഗ്യമില്ലാതെ അവ കരസ്ഥമാക്കുക പ്രയാസകരമാണ്. ആരോഗ്യം കരസ്ഥമാക്കണമെങ്കില്‍ നന്നായി ഭക്ഷണം കഴിക്കണം. അപ്പോള്‍ ആഹരിക്കുക എന്ന അമല്‍ അല്ലാഹുവിലേക്കുള്ള യാത്രയെ എളുപ്പമാക്കുന്ന ഘടകം തന്നെയാണ് എന്ന് ചുരുക്കം.’

 വളരെ സാധാരണം എന്ന് കരുതപ്പെടുന്ന ജീവിതവ്യവഹാരങ്ങളെ ഇല്‍മിന്റെയും അമലിന്റെയും വിശാലാര്‍ത്ഥത്തില്‍ നോക്കിക്കാണുകയാണ് ഇമാമവര്‍കള്‍ ചെയ്യുന്നത്. ഉദാഹരണത്തിന് റസൂലുല്ലാഹി (സ) യുടെ വചനത്തെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്: ‘ഞാന്‍ പുറകോട്ട് ചാരിനിന്നു കൊണ്ട് ഭക്ഷണം കഴിക്കുകയില്ല. കാരണം ഞാനൊരു അടിമയാണ്. അതിനാല്‍ അടിമയെപ്പോലെയാണ് ഞാനിരിക്കുകയും ആഹരിക്കുകയും ചെയ്യുക’. ശരീരത്തിന്റെയും ആത്മാവിന്റെയും നൈതിക പരിപാലനവുമായി ബന്ധപ്പെട്ട സൂഫി ആലോചനകളെയാണ് ഇമാമിന്റെ അധ്യാപനങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. സെല്‍ഫിനെയും അപരനെയും ഹഖീഖത്തിനെയും കുറിച്ചൊക്കെയുള്ള ഉള്ളടക്കങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം നൈതികമായ ജീവിതരീതികളിലൂടെ സആദയാണ് മനുഷ്യന്‍ കരസ്ഥമാക്കുന്നത്.

ഇമാം ഗസ്സാലി ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ തത്വചിന്താപരം എന്നതിനേക്കാള്‍ മതപരമാണ് എന്നാണ് ഒറ്റനോട്ടത്തില്‍ നമുക്ക് തോന്നുക. എന്നാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ തത്വചിന്തയെക്കുറിച്ച വളരെ നിര്‍ണ്ണിതമായ തീര്‍പ്പുവെക്കലുകളില്‍ നിന്നാണ് അങ്ങനെ നമുക്ക് ചിന്തിക്കേണ്ടി വരുന്നത്. കാരണം, പുരാതന തത്വചിന്ത നൈതികമായ പ്രവര്‍ത്തനങ്ങളെ ഊന്നിക്കൊണ്ടായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടാണ് പിറെ ഹാദോത്ത് ജീവിതരീതി എന്ന് പുരാതന-ഇസ്‌ലാമിക തത്വചിന്തകളെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ മതപരം, തത്വചിന്താപരം എന്നിങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധം വളരെ സങ്കീര്‍ണ്ണമായ ഇടപാടുകളിലൂടെയാണ് അവ നിലനിന്നിരുന്നത്. ക്രൈസ്തവതക്ക് മുമ്പുണ്ടായിരുന്ന ഗ്രീക്ക് തത്വചിന്താ പാരമ്പര്യത്തില്‍ മരണം, മൊമന്റ്, ആത്മീയ ഗുരു എന്ന വിഷയങ്ങളെക്കുറിച്ച വളരെ പ്രായോഗികമായ അധ്യാപനങ്ങള്‍ വരെ സജീവമായിരുന്നു. ആധുനികതയെ പരമാര്‍ത്ഥമായി കാണുന്നവര്‍ക്ക് അവയെല്ലാം മതപരം എന്ന് തോന്നിയേക്കാം. എന്നാല്‍ അന്ന് മതം കൂടുതല്‍ തത്വചിന്താപരം ആയിരുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം. 

ഗ്രീക്ക് തത്വചിന്തയും ഇമാം ഗസ്സാലി ഉയര്‍ത്തിപ്പിടിച്ച സൂഫി നൈതികതയും ഇബ്‌നുസീനയുടെ ചിന്തകളുമെല്ലാം ഒന്നായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. മറിച്ച്, യാഥാര്‍ത്ഥ്യത്തെക്കുറിച്ച ഇമാമിന്റെ എഴുത്തുകളിലടങ്ങിയ ജീവിത നൈതികതയുമായി ബന്ധപ്പെട്ട ആലോചനകളെ വിഷയീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതര മത-തത്വചിന്താ പാരമ്പര്യങ്ങളെ ഇമാമിന്റെ എഴുത്തുകളുമായി ഞാന്‍ തുലനം ചെയ്തത്. മാത്രമല്ല ശരീരം, ആത്മാവ്; ആത്മീയത, ബൗദ്ധികത; മതം, തത്വചിന്ത എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ പരിമിതികളെക്കൂടിയാണ് ഇമാമിന്റെ എഴുത്തുകള്‍ സൂചിപ്പിക്കുന്നത്. (അവസാനിച്ചു.)


The Technology of Happiness:  Philosophy, the Body, and Ghazali’s Kimiya-yi saadat എന്ന പഠനത്തിന്റെ സംഗ്രഹ വിവര്‍ത്തനമാണിത്

വിവർത്തനം: സഅദ് സൽമി
Featured Image : mhrezaa
Location: Iraq

Comments are closed.