രത്നശാസ്ത്രം (علم الجواهر) ധാതുശാസ്ത്രം (علم المعادن) എന്നിവ പത്ത്, പതിനൊന്ന് നൂറ്റാണ്ടുകൾ (ഹിജ്‌റ നാല്, അഞ്ച് നൂറ്റാണ്ടുകൾ) മുതൽ മുസ്‌ലിം ജ്ഞാന പാരമ്പര്യത്തിനകത്തെ പ്രധാനപ്പെട്ട രണ്ട് ഉപഗവേഷണ ശാഖകളായിരുന്നു. കൃത്യമായ രാസഘടനയും, സ്ഫടിക സ്വഭാവവുമുള്ള പ്രകൃതിദത്ത പദാർത്ഥങ്ങളാണ് ധാതുക്കൾ (minerals). രത്നങ്ങളും, മറ്റ് വിലപിടിപ്പുള്ള കല്ലുകളുമെല്ലാം ധാതുക്കളുടെ വ്യത്യസ്തമായ ഇനങ്ങളാണ്. പ്രാചീന കാലം മുതൽ ഈജിപ്ഷ്യൻ, മെസോപ്പൊട്ടാമിയൻ, ഇന്ത്യൻ, ഗ്രീക്ക്, റോമൻ നാഗരികതകളിലെല്ലാം തന്നെ ധാതുക്കളുടെയും, രത്നങ്ങളുടെയും മൂല്യങ്ങളെയും ഉപയോഗങ്ങളെയും കുറിച്ചുള്ള അറിവുകൾ നിലനിന്നിരുന്നു. പിന്നീട്, ഏഴാം നൂറ്റാണ്ടിന് ശേഷം ഈ നാഗരികതകളുടെ കീഴിലുണ്ടായിരുന്ന പല ഭൂപ്രദേശങ്ങളും ഇസ്‌ലാമിക ഖിലാഫത്തിന് കീഴിൽ വന്നപ്പോൾ, മറ്റ് വിജ്ഞാന ശാഖകളെ പോലെ ധാതുക്കളെയും, രത്നങ്ങളെയും കുറിച്ച് ആ നാഗരികതകളിൽ നിലനിന്നിരുന്ന അറിവുകളും അറബിയിലേക്കും മറ്റ് മുസ്‌ലിം ഭരണഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ആറ്, ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് ആ വിവർത്തനങ്ങൾ പ്രധാനമായും നടന്നത്. അതിനാൽ തന്നെ, ആ മൂന്ന് നൂറ്റാണ്ടുകളിൽ നടത്തപ്പെട്ട വിവർത്തനങ്ങളും പ്രാഥമിക ഗവേഷണങ്ങളുമാണ് പത്ത്, പതിനൊന്ന് നൂറ്റാണ്ടുകൾ മുതൽ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിൽ രത്നശാസ്ത്രവും ധാതുശാസ്‌ത്രവുമായി ബന്ധപ്പെട്ട് അരങ്ങേറിയ മൗലികമായ പുതിയ പഠനങ്ങൾക്ക് അടിസ്ഥാനമായത്. രത്നശാസ്ത്രത്തെയും, ധാതുശാസ്‌ത്രത്തെയും കുറിച്ച് ഒരുപാട് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയിൽ അധികവും നശിച്ചുപോയിട്ടുണ്ട് എന്നാണ് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത്. എന്നാൽ, അവശേഷിച്ച പഠനങ്ങൾ തന്നെ പലതും വിജ്ഞാനകോശ സമാനമായവയാണ്. പ്രധാനമായും യഹ്‌യ ബിൻ മസാവൈഹ്, യഅഖൂബ് അൽ കിന്ദി, ഹസൻ അൽ ഹംദാനി, മുഹമ്മദ് അൽ ബിറൂനി, അഹ്മദ് അൽ തിഫാശി, മുഹമ്മദ് ബിൻ അൽ അക്ഫാനി എന്നീ പണ്ഡിതരാണ് തദ്വിഷയകമായുള്ള ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്.

മുസ്‌ലിം ധാതുശാസ്‌ത്രത്തിൽ പ്രധാനമായും ആറ് ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രത്നത്തിന്റെയും മൂല്യം കണക്കാക്കപ്പെടുന്നത്. മുസ്‌ലിം ശാസ്ത്ര പാരമ്പര്യത്തിലെ ആ മാനദണ്ഡങ്ങളായിരുന്നു പതിനെട്ടാം നൂറ്റാണ്ട് വരെ രത്നശാസ്ത്രത്തിലെ ആധികാരിക രീതിശാസ്ത്രമായി ഉപയോഗിക്കപ്പെട്ടിരുന്നത്.

  1. നിറം (colour): നഗ്ന നേത്രത്തിൽ പതിയുന്ന ധാതുവിന്റെ പ്രകാശമാണ് നിറം. ചുവപ്പ്, മഞ്ഞ, നീല, വെള്ള എന്നിവയാണ് നാല് അടിസ്ഥാന നിറങ്ങൾ.
  2. മാറ്റ് (streak): ഓരോ ധാതുവും കോറിയിടുമ്പോൾ രൂപപ്പെടുന്ന പൊടിയുടെ നിറമാണ് മാറ്റ്.
  3. വികിരണം (dispersion): വെളുത്ത പ്രകാശത്തെ സ്വീകരിച്ച് അതിനെ അതിന്റെ അടിസ്ഥാനങ്ങളായ ഏഴ് നിറങ്ങളിലേക്ക് വിഭജിക്കാനുള്ള ഓരോ ധാതുവിന്റെയും കഴിവാണ് വികിരണ സിദ്ധി.
  4. ദൃഢത (hardness): ഒരു ധാതുവിന് മറ്റൊരു ധാതുവിനെ കോറാനുള്ള കഴിവാണ് ദൃഢത.
  5. സ്വഭാവം (habit): ഒരു ധാതു ലഭിക്കുമ്പോൾ ഉണ്ടാവുന്ന അതിന്റെ ഏറ്റവും പൊതുവായ പ്രകൃതിദത്ത രൂപമാണ് സ്വഭാവം.
  6. തൂക്കം/ഭൂഗുരുത്വം (gravity): ഓരോ ധാതുവും ഉൾക്കൊള്ളുന്ന ഭൂഗുരുത്വത്തിന്റെ അളവ് അല്ലെങ്കിൽ അവയുടെ തൂക്കം.

കേവലം ശാസ്ത്രം എന്നതിനപ്പുറം വിശ്വാസത്തിന്റെ ഭാഗം കൂടെയായാണ് മുസ്‌ലിം ചരിത്രത്തിൽ രത്നശാസ്ത്രവും ധാതുശാസ്‌ത്രവും രൂപം പ്രാപിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ (സ്വ) ഹദീസുകൾ മുതൽ ഓരോ ധാതുവിനും വ്യത്യസ്ത ഗ്രഹങ്ങളുമായുള്ള ബന്ധങ്ങളെ (zodiac) കുറിക്കുന്ന പണ്ഡിതാഭിപ്രായങ്ങൾ അടക്കം വ്യത്യസ്ത രത്നങ്ങൾക്കും, ധാതുക്കൾക്കും മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്നതിലുള്ള പങ്കിനെ പറ്റിയുള്ള വിശ്വാസം മുസ്‌ലിം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. മുസ്‌ലിം മോതിര പാരമ്പര്യവുമായി (الخاتمة) ബന്ധപ്പെട്ടുകൊണ്ടാണ് കുലീന ശാസ്ത്രമണ്ഡലങ്ങൾക്ക് പുറത്ത് ജനകീയ മുസ്‌ലിം പരിസരങ്ങളിൽ രത്നശാസ്ത്രം സ്വാധീനം ചെലുത്തിയിരുന്നത്. വെള്ളി മോതിരം ധരിക്കുന്നത് പരലോക പ്രതിഫലം ലഭിക്കുന്ന പ്രവർത്തനമായി കണ്ടിരുന്ന മുസ്‌ലിം സമൂഹം, അതിനോട് കൂടെ അലങ്കാരത്തിന് വേണ്ടിയും അതിലൂടെ ഭൗതിക നേട്ടങ്ങൾ കൈവരാൻ വേണ്ടിയും വ്യത്യസ്ത രത്നങ്ങളും, ധാതുക്കളും മോതിരത്തിൽ ഉപയോഗിക്കാൻ തുടങ്ങി. അതിനാൽ, ഏഷ്യ മൈനർ മുതൽ ഹിന്ദുസ്ഥാൻ വരെയുള്ള പൂർവ്വാധുനിക കാലത്തെ ഇസ്‌ലാമിന്റെ കേന്ദ്രപ്രദേശങ്ങളിൽ രത്നശാത്രം വളരെ പ്രധാനപ്പെട്ടൊരു വ്യവഹാരമായിരുന്നു.

ദക്ഷിണ മലബാറിലെ കൊണ്ടോട്ടിയിൽ നിലനിൽക്കുന്ന ജവാഹിർ-ഖാതം പാരമ്പര്യത്തെ കുറിച്ച് :


പത്ത് വർഷത്തെ ദർസ് പഠനം കഴിഞ്ഞ്‌ ബിരുദത്തിനായി പട്ടിക്കാട് ജാമിഅയിലേക്ക് പോകാൻ സമയത്താണ് ഉപ്പ ഗൾഫിലേക്ക് പോകാൻ പറയുന്നത്. അന്നത്തെ കാലത്ത് അങ്ങനെയാണ് അവസ്ഥ. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സാഹചര്യം. എന്റെ കൂടെയുള്ളവരെല്ലാം ബിരുദത്തിന് പോയപ്പോൾ ഇനി പഠനം നിർത്തി ഗൾഫിലേക്ക് പോകാം എന്നായിരുന്നു ഉപ്പയുടെ നിർദ്ദേശം. കോനൂൾമാട് ആർമിയാ മുസ്‌ലിയാരായിരുന്നു എന്റെ ഉസ്താദ്. പഠനം നിർത്തുകയാണ് എന്ന വിവിവരം അറിയിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഉസ്താദ് ഒരുപാട് ദുആ ചെയ്തു തന്നു.

മൂന്ന് വർഷം കഴിഞ്ഞ്‌ ഗൾഫിൽ നിന്ന് നാട്ടിൽ വന്ന ശേഷമാണ് മോതിര നിർമ്മാണത്തിലേക്ക് തിരിയുന്നത്. തുടക്കം അത്തറിലായിരുന്നു. കോഴിക്കോട് പോയി കുറച്ച് അത്തർ വാങ്ങി അതിന്റെ കച്ചവടത്തിൽ മുഴുകി. ആയിടെ പള്ളിക്കൽ ബസാറിലുള്ള ഒരാൾ എനിക്ക് തിളക്കമുള്ള കുറച്ച് പുഷ്യരാഗം കല്ലുകൾ തന്നു. അന്നത് വാങ്ങാൻ എന്റെ കയ്യിൽ കാശുണ്ടായിരുന്നില്ല. അങ്ങനെ ചെറിയ രീതിയിൽ മോതിരക്കല്ലുകൾ സംഘടിപ്പിച്ച് വില്പന തുടങ്ങി.

അബ്ദുല്ലത്വീഫ് മുസ്‌ലിയാർ /അത്തർ മുസ്‌ലിയാർ.
കൊണ്ടോട്ടി കാടപ്പടിയാണ് സ്വദേശം

ആയിടെ മുസ്തഫ എന്ന തട്ടാൻ ജോലി അന്വേഷിച്ച് വന്നു. അയാൾ പുതു മുസ്‌ലിമായിരുന്നു. ജോലിയില്ലാതെ ബുദ്ധിമുട്ടിയ അയാൾക്ക് എന്തെങ്കിലും ജോലി നൽകിയാൽ അത് ഞങ്ങൾക്ക് വലിയ സഹായമാകും എന്ന് അയാളുടെ ഭാര്യയും വന്ന് പറഞ്ഞു. അന്ന് ജ്വല്ലറികളിൽ വെള്ളി മോതിരം കിട്ടുമായിരുന്നില്ല. കൊണ്ടോട്ടിയിൽ വെള്ളി വിൽക്കുന്ന കടകൾ തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മോതിരം കെട്ടുന്ന മേഖലയിലേക്ക് എത്തുന്നത്.

രത്നങ്ങളുടെ രഹസ്യങ്ങൾ, കേരളക്കാരനായ ശൈഖ് ജലാലുദ്ധീൻ ബുർഹാനിയാണ് രചയിതാവ്


കൊണ്ടോട്ടിക്കെട്ട് മുതൽ തുർക്കിക്കെട്ട് വരെ വ്യവിധ്യം നിറഞ്ഞ ഒരുപാട് ശൈലികൾ മോതിര നിർമാണത്തിലുണ്ട്. കൊണ്ടോട്ടിക്കാരനായ ചന്ദ്രനാണ് പ്രസിദ്ധമായ കൊണ്ടോട്ടിക്കെട്ട് രൂപകൽപന ചെയ്തത്. കൈകൊണ്ട് തന്നെ ചെറിയ ഉപകരണങ്ങളുടെ സഹായത്തോടെ ദിവസങ്ങളെടുത്തതാണ് ചന്ദ്രൻ മോതിരം കെട്ടുന്നത്. ദൂര ദേശങ്ങളിൽ നിന്ന് വരെ അദ്ദേഹത്തെ തേടി ആളുകൾ വരാറുണ്ട്.

Comments are closed.