സാങ്കേതികവിദ്യയെക്കുറിച്ചുള്ള മാർട്ടിൻ ഹൈഡെഗറുടെ വിമർശനം തത്ത്വചിന്തയുടെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നാണ്. ഫോസിൽ ഇന്ധനത്തിന്റെ വലിയ തോതിലുള്ള പുറംതള്ളൽ മൂലമുണ്ടായ ആസന്നമായ കാലാവസ്ഥാ ദുരന്തം, അദ്ദേഹത്തിന്റെ റാഡികൽ ഇകോളജിസത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകമായി. എന്നാൽ പലപ്പോഴും വിമർശനത്തിന്റെ തീവ്രത, അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗാഢമായ ദാർശനിക സ്രോതസ്സുകളെ അവ്യക്തമാക്കുന്നുണ്ട്. അനാവശ്യമായ റാഡിക്കലിസത്തേക്കാൾ ഹൈഡഗേറിയൻ പദ്ധതിയുടെ പരിധിയിൽ വരാത്ത മറ്റൊന്നും ഇല്ല. പാശ്ചാത്യ തത്ത്വചിന്തയെയും, ശാസ്ത്രം അതിന്റെ ചരിത്രത്തിൽ വഹിക്കുന്ന നിർണായക പങ്കിനെയും പറ്റിയുള്ള അദ്ദേഹത്തിന്റെ സമഗ്രമായ പുനഃപരിശോധന അടിസ്ഥാനമാക്കി ഹൈഡഗറുടെ വിമർശനത്തെ നിരീക്ഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ശാസ്ത്രവും തത്ത്വശാസ്ത്രവും ഹൈഡഗറിലും ഹുസ്സേളിലും

1951 -ൽ ഒരു സർവകലാശാലയിലെ ഒരു പ്രഭാഷണത്തിലാണ് – പിന്നീടത് what is called Thinking എന്ന പേരിൽ പ്രസിദ്ധീകൃതമായി- മാർട്ടിൻ ഹൈഡഗർ ‘ശാസ്ത്രം ചിന്തിക്കുന്നില്ല’ എന്ന് പ്രസ്താവിച്ചത്. അതേ ഗ്രന്ഥത്തിൽ ‘ലോകത്തോടുള്ള താൽപ്പര്യത്തേക്കാൾ നിസ്സംഗത ഉണർത്തുന്ന ഫലങ്ങളുടെ ബുദ്ധിശൂന്യമായ ശേഖരണമായാണ്’ അദ്ദേഹം ശാസ്ത്രത്തെ വിശേഷിപ്പിക്കുന്നത്.

എന്താണ് ചിന്ത? മാർട്ടിൻ ഹൈഡഗർ പറയുന്നത് പൂർണമായി മനസ്സിലാക്കാൻ, ഒരാൾക്ക് അദ്ദേഹത്തിന്റെ മൗലികമായ തത്ത്വചിന്താ പദ്ധതിയെ പറ്റി ഒരു ധാരണ ആവശ്യമാണ്. പ്രതിഭാസശാസ്ത്രം (Phenomenology) എന്ന ദാർശനിക ധാരയിൽ നിലകൊള്ളുന്ന ചിന്തകനാണ് ഹൈഡഗർ. യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ നിർണയങ്ങൾ “യാഥാർഥ്യം നമുക്ക് എങ്ങനെ ദൃശ്യമാകുന്നു എന്നതിന്റെ വിശകലനത്തിൽ വേരൂന്നിയതായിരിക്കണം” എന്നതാണ് അതിനെ നിർവചിക്കുന്ന ആശയം. ആയതിനാൽ തന്നെ, ഫിനൊമിനോളജിയുടെ പിതാവായ എഡ്മണ്ട് ഹുസ്സേളിനെ സംബന്ധിച്ച് തത്ത്വചിന്തയുടെ പ്രധാന ദൗത്യം നമ്മുടെ നേരനുഭവങ്ങളുടെ വിവരണമായിരുന്നു. യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങൾ മിഥ്യയല്ലെന്ന് ഉറപ്പാക്കാൻ, അവയിലുള്ള നമ്മുടെ വിശ്വാസം താൽക്കാലികമായി കൈവെടിയുകയും അവയുടെ ഉള്ളടക്കങ്ങളെ വിശകലനം ചെയ്യുകയും വേണം. നമ്മുടെ അനുഭവങ്ങളോടുള്ള പ്രതിഭാസശാസ്ത്രീയ സമീപനം അവ എന്താണ് വെളിപ്പെടുത്തുന്നതെന്ന് നോക്കുന്നില്ല, മറിച്ച് എങ്ങനെ വെളിപ്പെടുത്തുന്നു എന്നതാണ് പരിശോധിക്കുക.

അനുഭവങ്ങളെ മനസ്സിലാക്കുന്നതിൽ ഫിനൊമിനോളജി ഇതര സമീപനങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു എന്നത് അമൂർത്ത (abstract) വസ്തുക്കളെ വിശകലനം ചെയ്യുന്നതിൽ നിന്ന് മനസ്സിലാക്കാം. ഒരു സംഖ്യ കൊണ്ട് രണ്ട് പോയിന്റുകൾക്കിടയിലുള്ള ദൂരം കൃത്യമായി അളക്കാൻ കഴിയുന്ന സജ്ജീകരണമായാണ് നാം സ്ഥലത്തെ (space) കുറിച്ച് ചിന്തിക്കുന്നത്. മൂന്ന് അക്ഷങ്ങളിൽ മൂന്ന് സംഖ്യകളുടെ ( x,y,z) ശേഖരം എന്ന നിലയിൽ സ്പേസിലെ ഒരു ബിന്ദുവിനെ അസന്നിഗ്ദ്ധമായി വിശേഷിപ്പിക്കാം. ദാൻ സഹാവി എന്ന പ്രതിഭാസാശാസ്ത്രജ്ഞൻ, ഹുസേൾ, ഹൈഡഗർ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്ഥലത്തെക്കുറിച്ചുള്ള മറ്റൊരു ആശയം വികസിപ്പിച്ചിട്ടുണ്ട്. പാരീസും ടോക്കിയോയും തമ്മിലുള്ള ദൂരം നമുക്ക് പരിഗണിക്കാം, സാധാരണ സങ്കൽപ്പമനുസരിച്ച് ഇത് ഏകദേശം 6,044 മൈൽ (9,726 കി.മീ) ആയി കണക്കാക്കാം. എന്നാൽ ഈ ദൂരം സ്വയം വെളിപ്പെടുത്തുന്ന രീതി ഇത് ഉൾക്കൊള്ളുന്നില്ല. എങ്ങനെയാണ് ഒരാൾ വിദൂരമായ എന്തെങ്കിലും അനുഭവിക്കുന്നത്? ഉദാഹരണത്തിന്, പാരീസിനും ടോക്കിയോയ്ക്കും ഇടയിലുള്ള നിലവിലെ ദൂരവും രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അതേ ദൂരവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാൻ സഹാവിയുടെ ഫിനോമിനോളജിക്കൽ സമീപനം നമ്മെ സഹായിക്കും. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഫ്രഞ്ച് തലസ്ഥാനത്ത് നിന്ന് ജപ്പാനിലേക്കുള്ള ഒരു യാത്ര ഫലത്തിൽ അചിന്തനീയമായിരുന്നു. രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം, താരതമ്യേന കുറഞ്ഞ നിരക്കിൽ ഒരാൾക്ക് ഒരു ദിവസം കൊണ്ട് യാത്ര ചെയ്യാം. അപ്പോഴെല്ലാം ദൂരം 6,044 മൈൽ ആയി തന്നെ തുടരുന്നുമുണ്ട്.

വ്യക്തത വരുന്നതിന് ഹൈഡഗറുടെ ‘ഭവാത്മക വ്യത്യാസം’ (Ontological difference) എന്ന ആശയം മനസ്സിലക്കുന്നത് ഉപയോഗപ്രദമാകും.

അനുഭവത്തോടുള്ള ഈ സമീപനം, ഉപദേഷ്ടാവ് എന്ന സ്ഥാനം വഹിക്കുന്നതിന് മുമ്പ് ഹുസ്സേളിന്റെ സഹായിയായിരുന്ന ഹൈഡഗറിന്റെ തത്ത്വചിന്തയിൽ വലിയ സ്വാധീനം ചെലുത്തി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ തുടക്കം അനുഭവത്തിന്റെ വിശകലനതിൽ നിന്നായിരുന്നില്ല, മറിച്ച് being എന്നതിന്റെ വിശകലനമായിരുന്നു.

ഹൈഡഗ്ഗറുടെ Being and Time ഉം ‘ഉണ്മ’ എന്ന ചോദ്യവും

മാർട്ടിൻ ഹൈഡെഗറുടെ ഏറ്റവും പ്രശസ്തമായ കൃതി, ബീയിംഗ് ആൻഡ് ടൈം, ‘ഉണ്മയെ പറ്റിയുള്ള അന്വേഷണം ഇന്ന് (അല്ലെങ്കിൽ, കൂടുതൽ കൃത്യമായി പറഞ്ഞാൽ, 1927 ൽ) മറന്നുപോയിരിക്കുന്നു’ എന്ന നിരീക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. ബീയിംഗ് എന്ന ചോദ്യത്തിലൂടെ, യാഥാർഥ്യം എന്താണെന്നതിനെക്കുറിച്ചുള്ള അന്വേഷണം ഹൈഡഗറുടെ മനസ്സിലില്ല. മറിച്ച്, ‘ആയിരിക്കുന്നത്’ (Being) എന്ന വാക്കിന്റെ അർഥത്തെക്കുറിച്ചുള്ള ചോദ്യമാണത്.

വ്യക്തത വരുന്നതിന് ഹൈഡഗറുടെ ‘ഭവാത്മക വ്യത്യാസം’ (Ontological difference) എന്ന ആശയം മനസ്സിലക്കുന്നത് ഉപയോഗപ്രദമാകും. ‘ആയിരിക്കുന്നു’ എന്ന വാക്കിന് അടിസ്ഥാനപരമായി രണ്ട് വ്യത്യസ്ത അർഥങ്ങളുണ്ടാകാം. ഒരു വശത്ത്, അത് ഉള്ള വസ്തുക്കളെ (things or objects) സൂചിപ്പിക്കുന്നു. ഇവിടെ ആ വസ്തുവിനെ ഒരു വിവേചക ഭേദകം (indefinite article) കൊണ്ട് സൂചിപ്പിക്കാം, ഒരു മനുഷ്യൻ (a human) എന്ന് പറയും പോലെ. മറുവശത്ത്, അത്തരം വസ്തുതകളുടെ ‘ഉണ്ടായിരിക്കലിനെയാണ്’ ഇത് സൂചിപ്പിക്കുന്നത്. അടിസ്ഥാനപരമായി ഒരു പ്രസ്താവനയ്ക്ക് വിഷയത്തെയും പ്രവചനത്തെയും ബന്ധിപ്പിക്കുന്ന ഒരു വിഷയം, ഒരു പ്രവചനം, ഒരു കോപ്പുല എന്നിവയുണ്ടാകും, ഉദാഹരണത്തിന്: chair (subject) is (copula) white (predicate) എന്നത് പോലെ. വിഷയത്തിന്റെയും പ്രവചനത്തിന്റെയും അർഥം സാധാരണയായി നേരെയാക്കാൻ കഴിയുമെങ്കിലും, ‘ആണ്’ (is) എന്ന പദം, സത്വങ്ങളുടെ ‘ഉണ്ടായിരിക്കൽ’ (Be-ing of beings) എന്നിവ എല്ലാത്തരം നിർവചനങ്ങളിൽനിന്നും കുതറി മാറുന്നുണ്ടെന്ന് തോന്നുന്നു.

ഫിനോമിനോളജിക്കൽ മെത്തേഡും ഹൈഡഗേറിയൻ ഉപയോഗവും

എന്നാൽ, ഹൈഡഗറിനെ സംബന്ധിച്ചിടത്തോളം ഇത് പൂർണമായും ശരിയല്ല. ‘ആണ്’ എന്ന പദം വെളിപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക രീതിയെ സൂചിപ്പിക്കുന്നു (particular mode of revealing). ഒരു അസ്തിത്വം ഉണ്ടായിരിക്കുക എന്നാൽ ഏതെങ്കിലും ഒരു രീതിയിൽ മറ്റൊന്നിന് മുമ്പിൽ അവതരിക്കുക, അല്ലെങ്കിൽ അവതരണയോഗ്യമായിരിക്കുക എന്നാണ്. ഇവിടെ പ്രതിഭാസശാസ്ത്രം ഉപയോഗപ്രദമാണ്. ഏതൊരു സാഹചര്യത്തിലും ഒരു കാര്യം മറ്റൊന്നിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത് അത് ദൃശ്യമാകുന്ന രീതിയിലൂടെയോ അല്ലെങ്കിൽ അത് അനുഭവത്തിന്റെ വിഷയിയായി മാറുന്നതിലൂടെയോ ആണ്. അതിനാൽ, ഉണ്മ നമുക്ക് ദൃശ്യമാകുന്ന വ്യത്യസ്ത രീതികളിൽ ശ്രദ്ധയൂന്നുന്ന ഒരു പ്രതിഭാസീയ അന്വേഷണമാണ് being നെ കുറിച്ചുള്ള പഠനം.

നമുക്ക് ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം. Being and Time എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രാഥമികമായ ഉണ്മ (അല്ലെങ്കിൽ appearance) ഒരു ഉപകരണം ready at hand ആയിരിക്കുക എന്നതാണ്. ഒരു ആശാരിക്ക് താൻ ഉപയോഗിക്കുന്ന ചുറ്റികയെ കുറിച്ച് സ്വാഭാവികമായ അവബോധം ഉണ്ട്, അതിനെ ഒരു വസ്തുവായി ബോധപൂർവം ചിന്തിക്കുന്നതിന് മുമ്പുതന്നെ. ചുറ്റിക എന്നത് വ്യത്യസ്‌ത വിശേഷണങ്ങളുടെയും ഒരു നിശ്ചിത ഭാരത്തിന്റെയും ഒരു നിശ്ചിത രൂപത്തിന്റെയും ആകെത്തുകയല്ല, മറിച്ച് ചില ചുമതലകൾ നിർവഹിക്കാൻ ആരെയും സഹായിക്കുന്ന ഒന്നാണ്.

ചുറ്റികയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ഹൈഡഗറിന്റെ വിശകലനം ഇനിപ്പറയുന്നവ സൂചിപ്പിക്കുന്നു: ഉണ്മയുടെ ഏറ്റവും സ്വാഭാവികമായ രീതി ഹൈഡഗർ വസ്തുത്വം (thinghood) എന്ന് വിളിക്കുന്ന വസ്തുക്കളുടെ ഉണ്മ (being of things) അല്ല. യാഥാർഥ്യമെന്നത് വസ്‌തുക്കൾ നിലകൊള്ളുന്ന, അവയോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു ത്രിമാന ഇടമല്ല. ഒരു ഉപകരണം സ്ഥലത്ത് ഉണ്ടാവുക (Inhabit the space of a tool) എന്നാൽ ഉപയോഗപ്രദമാവുക എന്നാണ്. ഒരു ചുറ്റിക ഉപയോഗപ്രദമാവുന്നത് അതുപയോഗിച്ച് നിർമിക്കപ്പെടുന്നത് ഉപയോഗപ്രദമാവുന്നത് കൊണ്ട് മാത്രമാണ്, ഉദാഹരണത്തിന് ഒരു മേശ പോലെ. കൂടാതെ, ഒരു മരപ്പണിക്കാരന് ചുറ്റിക ഉപയോഗപ്രദമായി അനുഭവപ്പെടുന്നത് അവൻ ചുറ്റുമുള്ള ആളുകൾക്ക് സ്വയം ഉപയോഗപ്രദമാക്കുന്നു (make himself useful) എന്നതിനാലാണ്. ഇവിടെ ഒരു ‘സ്‌പേസിൽ’ പ്രത്യക്ഷപ്പെടുക, അല്ലെങ്കിൽ അതിൽ നിലകൊള്ളുക എന്നതിന്റെ അർഥം, മാർഗങ്ങളെ ലക്ഷ്യങ്ങളിലേക്കും, അവയെ അടുത്ത ലക്ഷ്യങ്ങളിലേക്കും നയിക്കുന്ന ഒരു ശൃംഖലയിൽ (Network) ൽ പ്രവേശിക്കുക എന്നാണ്.

ഉള്ളവയുടെ ഉണ്മയുടെ (Being of beings) മറ്റൊരു വഴി ശ്രദ്ധിക്കാം. ചുറ്റിക പോലെയുള്ള ഒരു ഉപകരണം അതിന്റെ ഉദ്ദേശ്യം നിറവേറ്റാൻ അയോഗ്യമാകുമ്പോൾ ഈ രണ്ടാം വഴി ഉയർന്നുവരും. ചുറ്റികയുടെ തല ഹാൻഡിലിൽ നിന്ന് പൊട്ടിപ്പോകുമ്പോൾ, ആശാരി അതിനെ മറ്റൊരു വിധത്തിൽ അനുഭവിക്കുന്നു, അതായത് തന്റെ ചുമതല നിറവേറ്റാൻ അനുവദിക്കാത്ത സ്വഭാവങ്ങളുള്ള ഒരു വസ്തുവായി. ചുറ്റിക ഇപ്പോൾ “present at hand” എന്ന അവസ്ഥയിൽ ആണ്. അതിന്റെ രൂപഭാവം (mode of appearance) ഒരു ഉപകരണം എന്നതിനേക്കാൾ എന്തെങ്കിലും ഒരു വസ്തു (a “something” rather than a tool) എന്നതാണ്. ഈ ‘ഉപകരണത്തിന്റെ’ തകർച്ച, വസ്തുക്കളുടെ സ്ഥലത്തിനകത്തെ വസ്തുനിഷ്ഠതയിലേക്കുള്ള (objectivity within space) ഒരു ചുവടുവെപ്പായി തോന്നുന്നു. ഇവിടെ ഹൈഡഗറുടെ വിശകലനം സൂചിപ്പിക്കുന്നത് ആത്മനിഷ്ഠതയുടെ (Subjectivity) വിഘ്നം ആണ് വസ്തുനിഷ്ഠത എന്നാണ്. അന്തർലീനമായ അനുഭവങ്ങൾക്ക് മുമ്പേ ഉള്ളതാണെന്നും അവയുടെ പുറത്ത് നിലകൊള്ളുന്നതെന്നും കരുതപ്പെട്ടിരുന്ന വസ്തുക്കളുടെ മുൻഗണനയെ അദ്ദേഹം നേരെ മറിച്ചിട്ടു. മരപ്പണിക്കാരന് അതിന്റെ പ്രയോജനം പരിഗണിക്കാതെ തന്നെ ചുറ്റിക നിലവിലുണ്ടെന്ന് നമ്മൾ വിശ്വസിച്ചിരുന്നു.

എന്താണ് ചിന്ത?

ബീയിംഗ് ആൻഡ് ടൈം എന്നതിനെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം ഇവിടെ അവസാനിപ്പിക്കാം. ബിയിംഗ് (അല്ലെങ്കിൽ സ്വയം വെളിപ്പെടുത്തൽ) വ്യത്യസ്ത രീതിയിലാണ് എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ടത്. ഹൈഡഗറുടെ തത്ത്വചിന്തയെ ഹെർമെന്യൂട്ടിക് എന്ന് വിശേഷിപ്പിക്കാം, കാരണം ബീയിംഗ് എന്നതിനെ അനിവാര്യമായും വ്യാഖ്യാനിക്കേണ്ട ഒന്നായി അദ്ദേഹം മനസ്സിലാക്കുന്നു. Being is something that is taken as something. ഒരു ചുറ്റിക ഉപയോഗപ്രദമായ ഉപകരണമായി പരിഗണിക്കപ്പെടുന്നു, തകർന്ന ചുറ്റിക ഒരു ചുമതലയുടെ പൂർത്തീകരണത്തിന് തടസ്സമായി കണക്കാക്കപ്പെടുന്നു, ഇങ്ങനെ.

നമ്മുടെ നാഗരികതയുടെ ചരിത്രം പുരോഗമിക്കുമ്പോൾ, ഈ വ്യത്യസ്തമായ വ്യാഖ്യാന രീതികൾ ഏറെക്കുറെ ഒരുപോലെയായിത്തീർന്നിരിക്കുന്നു എന്നതാണ് ഹൈഡഗറുടെ ചിന്തയുടെ നിർണായക ഊന്നൽ: ഉണ്മയുടെ യഥാർഥ ഗാംഭീര്യം (richness of being) നഷ്ടപ്പെടുകയോ നമ്മളതിനെ മറക്കുകയോ ചെയ്തു. ഇതിന് പ്രധാന കാരണം being എന്നതിന്റെ ശാസ്ത്രീയവും തത്വശാസ്ത്രപരവുമായ ഭാവമാണ് (mode). ഇന്ന്, വസ്തുക്കൾക്ക് അളക്കാവുന്ന ഗുണങ്ങളുള്ള കാര്യങ്ങളാകാൻ മാത്രമേ കഴിയൂ. നിലനിൽക്കുക എന്നതിനർഥം അളക്കാനാവുന്ന കുറച്ച് സ്ഥലത്തിൽ നിലകൊള്ളുക, അളക്കാവുന്ന ഒരു ഭാരം ഉണ്ടായിരിക്കുക, എല്ലാത്തിനുമപ്പുറം അളക്കാവുന്ന പരിധി വരെ ചൂഷണം ചെയ്യപ്പെടാൻ (exploitable) ആവുക എന്നതാണ്. മറ്റ് വസ്തുക്കളുമായി അർഥവത്തായ ഒരു ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് വസ്തുക്കൾ ഉണ്ടെന്ന് കരുതുന്നത് തീർച്ചയായും ഉണ്മയുടെ ഈ ഭാവത്തിലാണ്.

ചുറ്റികയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ഹൈഡഗറിന്റെ വിശകലനം ഇനിപ്പറയുന്നവ സൂചിപ്പിക്കുന്നു: ഉണ്മയുടെ ഏറ്റവും സ്വാഭാവികമായ രീതി ഹൈഡഗർ വസ്തുത്വം (thinghood) എന്ന് വിളിക്കുന്ന വസ്തുക്കളുടെ ഉണ്മ (being of things) അല്ല.

ഈയൊരു ചൂഷണത്തിന്റെ വർത്തമാന കാലത്തെ ആധിക്യം, ഹൈഡഗർ തീരെ തന്നെ ഇഷ്ടപ്പെടാതിരുന്ന സാങ്കേതികവിദ്യയുടെ നിലവിലെ ആധിപത്യം അടയാളപ്പെടുത്തുന്നു. ഹൈഡഗർ പറയുന്നത്, ലോകത്തിലെ സൗന്ദര്യത്തെയും വിസ്മയങ്ങളെയും വിലമതിക്കാൻ കഴിയാത്തവരായി മാറി നമ്മൾ എന്നാണ്. നമ്മളടക്കം എല്ലാം വ്യാവസായിക ഉൽപ്പാദനത്തിന് സാധ്യതയുള്ള ഇൻപുട്ടായി കണക്കാക്കപ്പെടുന്നു.

‘ശാസ്ത്രം ചിന്തിക്കുന്നില്ല’ എന്നതിനർഥം ശാസ്ത്രം ഉണ്മയെ അമൂർത്തമായ സംഖ്യാ ഗുണങ്ങൾ കൊണ്ട് മറയ്ക്കുന്നു എന്നാണ്. 1951 ലെ തന്റെ പ്രഭാഷണത്തിൽ, ‘ചിന്ത’ (thinking) എന്നത് ‘നന്ദി’യുമായി (thanking) പദോൽപ്പത്തിശാസ്ത്ര പ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈഡഗർ തന്റെ പ്രേക്ഷകരെ ഓർമിപ്പിക്കുന്നു. ഹൈഡഗറെ സംബന്ധിച്ച് ഈ ക്രിയകളുടെ പൊതുവായ ധാതു (root) നിലകൊള്ളുന്നത് ഉൾഭാഗം പുറംഭാഗത്തേക്ക് തുറക്കുന്നിടത്താണ് (in the opening of the inside to the outside). ഒരാൾ എന്തിന് വേണ്ടിയാണോ നന്ദി കാണിക്കുന്നത്, അതിനെ അംഗീകരിക്കലാണ് നന്ദി. അതുപോലെ, ചിന്ത എന്നത് കൊണ്ട് ലോകത്തുള്ള ഒന്നിനെ സ്വീകരിക്കാൻ തയ്യാറാവുക എന്നതാണ് അർഥം ആക്കുന്നത് (being receptive to something in the world). ഉദാഹരണത്തിന്, ഹൈഡഗർക്ക് പ്രിയപ്പെട്ട റൈൻ നദിയെക്കുറിച്ച് ചിന്തിക്കുക എന്നത്, അതിൽ എത്ര വെള്ളം ഒഴുകുന്നു എന്നോ അല്ലെങ്കിൽ അതിന്റെ ഒഴുക്കിനെ വൈദ്യുതിയാക്കി മാറ്റുന്നതിലൂടെ എത്ര ഊർജം ഉൽപാദിപ്പിക്കാമെന്നോ മനസ്സിലാക്കൽ അല്ല, മറിച്ച് അർഥത്തിന്റെ ലോകത്തിലെ (world of meanings) ഒരു ഘടകമായി നദിയെ സ്വയം മനസ്സിലാക്കുകയും നദിയുമായി പൊരുത്തപ്പെടുകയും ചെയ്യലാണ്. ശാസ്ത്രം അടിസ്ഥാനപരമായി റിഡക്റ്റീവ് ആണെങ്കിലും, ചിന്ത റിസപ്റ്റീവ് ആയിരിക്കണം.

കവിത: ശാസ്ത്രീയ തത്വചിന്തയുടെ ബദൽ

മാർട്ടിൻ ഹൈഡഗറെ സംബന്ധിച്ചിടത്തോളം, ശാസ്ത്രത്തെക്കുറിച്ചുള്ള ഈ പരാമർശങ്ങൾ തത്ത്വചിന്തയുടെ പുനർ മൂല്യനിർണയത്തിന് വേണ്ടിയുള്ള ഒരു ആഹ്വാനം കൂടിയാണ്. തത്ത്വചിന്ത, പ്ലേറ്റോയുടെ കാലം മുതൽ തന്നെ, ഉണ്മയെ അമൂർത്തതകളാൽ അവ്യക്തമാക്കുന്നതിൽ ശാസ്ത്രത്തോട് ചേർന്നു നിന്നിട്ടുണ്ട്. അനുഭവത്തിൽ നിന്നും ഗണിതശാസ്ത്രപരമായ ഒരു വിള്ളലിലൂടെയാണ് തത്ത്വചിന്തയിലേക്കുള്ള പ്രവേശനം ലഭിക്കുന്നതെന്ന് പ്ലേറ്റോ വാദിച്ചത് പ്രസിദ്ധമാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെ ഒഴുക്കിനെ (flow of experience) വിശ്വസിക്കാൻ കഴിയില്ല. തത്ത്വചിന്ത ഗണിതശാസ്ത്രം പോലെ സ്വയംസിദ്ധ തത്വങ്ങൾ (axioms) കൊണ്ട് തുടങ്ങണം. പ്രാചീന ഗ്രീക്ക് ഗണിതശാസ്ത്രത്തിൽ, ബാഹ്യമായ ഒരു അവസ്ഥയെയും പരിഗണിക്കാതെ സ്വയം തന്നെ സത്യമാണെന്ന് കരുതപ്പെട്ട പ്രസ്താവനകളാണ് സ്വയംസിദ്ധ തത്വങ്ങൾ. ഇക്കാരണം കൊണ്ട് തന്നെ അനുഭവത്തെ ഗണിതശാസ്ത്രപരമായ ചർച്ചകളിൽ നിന്ന് തർക്കലേശമന്യേ ഒഴിവാക്കാൻ അവർക്കായി.

ഒരു ഉപകരണം സ്ഥലത്ത് ഉണ്ടാവുക (Inhabit the space of a tool) എന്നാൽ ഉപയോഗപ്രദമാവുക എന്നാണ്.

തത്ത്വചിന്ത അതിന്റെ പ്ലാറ്റോണിക് രൂപത്തിൽ ശാസ്ത്രീയമായ കാർകശ്യത്തോടുള്ള പ്രശംസയും കവിതയോടുള്ള സംശയവും ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ്. ഒരർഥത്തിൽ നമ്മുടെ അനുഭവത്തിനുള്ളിലെ തനിമയുടെ (singular) പ്രതിഫലനമായ കവിത, പ്ലാറ്റോണിയൻ ഉട്ടോപ്യയുടെ പുറത്താണ്. ഹൈഡഗർ തികച്ചും വിപരീതമായിട്ടാണ് കവിതയെ മനസിലാക്കുന്നത്. അദ്ധേഹത്തിന്റെ തത്ത്വചിന്തയുടെ ബദൽ ചരിത്രം ബീയിംഗിന്റെ പുരോഗമനപരമായ വിസ്മൃതിയെ വിവരിക്കുന്നു. സ്വയംസിദ്ധ തന്ത്വങ്ങളുടെ സഹായത്തോടെ (Axiomatic rupture) ആരംഭിക്കുന്ന ചിന്തയ്ക്ക് താഴെയായി അനുഭവത്തെ പരിഗണിച്ച പ്ലേറ്റോ ഈ വിസ്മൃതിക്ക് വലിയ സംഭാവന നൽകി. ലോകത്തെ ബാഹ്യ വസ്തുനിഷ്ഠതയിലേക്ക് (ഗുണങ്ങൾ ഉള്ള വസ്തുക്കൾ/ things with properties) രൂപാന്തരപ്പെടുത്തി റെനെ ഡെക്കാർത്ത് അതിനെ കൂടുതൽ ഉറപ്പിച്ചു.

ഹൈഡെഗർ പറയുന്നതനുസരിച്ച്, തത്ത്വചിന്തയുടെ ഉത്ഭവം എന്നദ്ദേഹം വിശ്വസിച്ചിരുന്ന പ്ലാറ്റോണിക് പാരമ്പര്യത്തിനെതിരെ ചിന്തയെ പുനർനിർമിക്കണം. അതിന്റെ മാതൃക ഗണിതത്തിന്റെ ഘടനാപരമായ യുക്തിയല്ല, കവിതയുടെ സർഗാത്മക രൂപകമാകണം. Being എന്നത് ഉണ്മയെ വെളിപ്പെടുത്തുന്നതിനുള്ള ഒരു രീതിയായതിനാൽ (ഉപയോഗപ്രദമായത്, തടസ്സങ്ങൾ, സ്വയം അതിജീവിക്കുന്നത്. അളക്കാവുന്നവ ഒക്കെ പോലെ), ചിന്ത എന്നത് അത്തരം ഭാവങ്ങളുടെ കണ്ടുപിടുത്തമായിരിക്കണം.

ഒരു രൂപകം (Metaphor) ചെയ്യുന്നത് അതാണ്: ലോകത്തെക്കുറിച്ചുള്ള ഒരു പുതിയ ചിന്താരീതി അത് പ്രദാനം ചെയ്യുന്നു. മനുഷ്യന്റെ ആയുസ്സിന്റെ വിവിധ ഘട്ടങ്ങളെ നാല് ഋതുക്കളുമായി താരതമ്യം ചെയ്യുന്നത് നമ്മുടെ അസ്തിത്വത്തെക്കുറിച്ചുള്ള മറ്റൊരു ചിന്താഗതി നൽകുന്നു. പ്രത്യേകിച്ചും, ഫ്രെഡറിക്ക് ഹോൾഡർലിൻറെയും റെയ്നർ മരിയ റിൽക്കെയുടെയും കവിതകൾ ലോകത്തിനുള്ളിലെ നമ്മുടെ വാസത്തിന് പുതിയ അർഥം നൽകാൻ ഹൈഡെഗറിനെ സഹായിക്കുന്നു. ഈ രണ്ടു ജർമൻ കവികളും വീടനുഭവങ്ങളുടെ അർഥം കാവ്യാത്മകമായി പുതുക്കുന്നു. ഹൈഡഗേറിയൻ ഭാഷയിലെ fourfold, അഥവാ ഭൂമി, ആകാശം, മനുഷ്യർ, ദൈവികതകൾ എന്നിങ്ങനെയുള്ള, മറ്റൊന്നിന്റെ ഭാഗമാവുന്നതിന്റെ (belonging) ഘടകങ്ങളെ രൂപകപരമായി പുനർവിചിന്തനം ചെയ്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.

ഹൈഡെഗറെ സംബന്ധിച്ചിടത്തോളം, കവിത ശാസ്ത്രത്തിന് കഴിയാത്ത രീതിയിൽ ചിന്തിക്കുന്നുണ്ട്. ശാസ്ത്രത്തെ കവിതയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡെഗറിന്റെ ‘ശാസ്ത്രത്തിന് ചിന്തിക്കാൻ കഴിയില്ല’ എന്നതിന്റെ അർഥം വെളിപ്പെടുന്നു. കവിതയ്ക്ക് ചിന്തിക്കാൻ കഴിയും, കാരണം അത് ലോകത്തെ വ്യത്യസ്തമായി കാണാൻ അനുവദിക്കുന്നു. ശാസ്ത്രവും ലോകത്തിന്റെ ഒരു പ്രത്യേക അനുഭവം തുറക്കുന്നുണ്ട്, എന്നാൽ അത് മറ്റെല്ലാ വഴികളും അടച്ചുകൊണ്ട്, മറ്റെല്ലാ അനുഭവങ്ങളെയും സ്വന്തം ചിന്തയിലേക്ക് ചുരുക്കിക്കൊണ്ട്, യാഥാർഥ്യത്തിന്റെ ശരിയായ ഒരേയൊരു ചിന്തയാണെന്ന് അഹങ്കാരത്തോടെ സ്വയം സങ്കൽപ്പിക്കുന്നു. തീർച്ചയായും, കാവ്യാത്മക സർഗാത്മകതയുമായി താരതമ്യപ്പെടുത്തുമ്പോൾ ശാസ്ത്രീയ ചിന്തയുടെ ഏകതാനത, ശരിയായ ചിന്ത എന്നതിനേക്കാൾ ഒരു മോശം ശീലമായി തോന്നാം.


വിവർത്തനം:അമീൻ റമദാൻ
Featired Image: Drew Masmar

Comments are closed.