A schizophrenic out for a walk is a better model than a neurotic laying on the analyst’s couch.
– Anti-Oedipus, 2

കാറ്റ് തൂറ്റിയ വഴികളിലൂടെ സ്വന്തം നിഴലിന്റെ മറപിടിച്ച് അവൾ നടന്നു. ലക്ഷ്യം അടുത്ത മരത്തണൽ മാത്രമായിരുന്നു. അതിനിടക്ക് എണ്ണമറ്റ വാഹനങ്ങൾ അവളിലൂടെ കടന്നു പോയി. ആംബുലൻസിന്റെ നിലവിളി ശബ്‌ദം പലപ്പോഴും അവളേയും കൊണ്ട് അപ്രത്യക്ഷമായി. മഴച്ചാറ്റലിൽ ഒലിച്ചും വെയിലിൽ ആവിയായും ബാക്കിയായത് ആരാണ്? അവൾ വെറും നടത്തം മാത്രമായിരുന്നു. മനുഷ്യൻ ഒരു യന്ത്രസമുച്ചയമാണെന്ന് ഓർമിപ്പിക്കുന്നുണ്ട് അവളുടെ നടത്തം. ഭൂമിയിലുള്ള എല്ലാത്തിനോടും അവൾ സ്വയം ചേർത്തുവച്ചു.

ആന്റി ഈഡിപസിന്റെ  (Anti-Oedipus) ആരംഭത്തിൽ ഴിൽ ദല്യൂസും ഫെലിക്സ് ഗത്താരിയും ഗെവ്ർക് ബുഖ്‌നറുടെ (Georg Buchner) ലെൻസ് (Lenz) എന്ന ഷിസോഫ്രീനിക്ക് കഥാപാത്രത്തെ പരാമർശിക്കുന്നുണ്ട്. ഭ്രാന്താശുപത്രിയുടെ അടച്ചിട്ടമുറിയിൽ നിന്നും പ്രകൃതിയുടെ വന്യതയിലേക്ക് യാത്രപുറപ്പെടുകയാണ് ലെൻസ്. കാണുന്നതൊക്കെയും ഓരോ യന്ത്രമാണെന്ന് തിരിച്ചറിയുകയും അതിലേക്ക് സ്വയം ബന്ധിപ്പിക്കുകയും ചെയ്യുന്ന യന്ത്രപരതയാണ് ഇവിടെ ഷിസോഫ്രീനിയ. അതിൽ മനുഷ്യന് പ്രകൃതിയിൽനിന്നും വേറിട്ടൊരു നിലനിൽപ്പില്ല. അകവും പുറവും, സ്വത്വവും അപരവും, അർത്ഥവും അനർത്ഥവുമെല്ലാം അന്യോന്യം വിലയം ചെയ്ത് ഇല്ലാതെയായിമാറുന്നു. മരവും മഴവില്ലും പർവ്വത ശിഖിരങ്ങളും, ആകാശവും നക്ഷത്രങ്ങളും എല്ലാം യന്ത്രങ്ങൾ മാത്രം. അതിനോടൊക്കെ ലെൻസ് സ്വയം ബന്ധിതനായും, ബാധിതനായും നിലനിൽക്കുന്നു.

തനിക്ക് സൂര്യകിരണങ്ങൾ പ്രസരിപ്പിക്കാൻ ശേഷിയുള്ള മലദ്വാരമുണ്ടെന്ന് (solar anus) കരുതുന്ന ജഡ്ജ് ഷ്റീബർ (Schreber). അത് കേവല രൂപകമല്ലെന്നും നന്നായി പ്രവർത്തിക്കുന്ന ഒന്നാണെന്നും ദല്യൂസും ഗത്താരിയും ഓർമിപ്പിക്കുന്നു. ഒരു യന്ത്രം മറ്റൊന്നിനോട് ബന്ധിപ്പിച്ചിരിക്കുന്നു. ഇതൊക്കെ വെറും ഭ്രമകല്പനകൾ മാത്രമാണോ? ഷ്റീബറിന് തനിക്ക് മുലകൾ മുളയ്ക്കുന്നതായി തോന്നുന്നുണ്ട്. പെൺവേഷം കെട്ടുമ്പോൾ ആയാൾ സ്വസ്ഥനാകുന്നു. ‘മുല’ എന്ന അനുഭവത്തിന് മുലയുമായി യാതൊരു രൂപസാദൃശ്യവുമില്ല. അനുഭവം തന്നെ ഒരു തീവ്രമേഖലയുടെ (zone of intensity) രൂപമെടുക്കലാണ്. അവർ തങ്ങളുടെ അനുഭവങ്ങളിലൂടെ വസ്തുക്കളിലേക്ക് ഒരു നടപ്പാലം പണിയുന്നു. വസ്തുക്കളെത്തന്നെ സൃഷ്ടിക്കുന്നു.

സച്ചിദാനന്ദൻ ‘ഭ്രാന്തൻമാർ’ എന്ന തന്റെ കവിതയിൽ മോഹത്തിന്റെ ഈ ഉൽപാദനശേഷി കാവ്യാത്മകമായി പറഞ്ഞു വെക്കുന്നുണ്ട്:

ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റെതല്ല
മറ്റൊരു യാഥാർത്ഥ്യത്തിന്റേതാണ്’

ഭ്രാന്തരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരു നൂറ്റാണ്ട് അവർക്കൊരു നിമിഷം മാത്രം.
ഇരുപത് ഞൊടി മതി അവർക്ക്
ക്രിസ്തുവിലെത്താൻ
ആറു ഞൊടികൂടി, ബുദ്ധനിലെത്താൻ

ഇവിടെയൊക്കെ സാമൂഹികമായ വിലക്കുകളെയും കോഡുകളെ കശക്കാനും മറികടക്കാനും അവക്ക് കുറുകെ നടക്കാനും ഷിസോഫ്രീനിക്കിന് എങ്ങനെ സാധ്യമാകുന്നു എന്നതിന്റെ സൂചനകൾ വായിച്ചെടുക്കാൻ കഴിയും.

മഴയിലും വെയിലിലും ഇരുട്ടിലും അവൾ സ്വയം കണ്ടെത്തി. ഇരുട്ടിൽ നിറയെ വവ്വാലുകൾ തൂങ്ങിയാടുന്ന, മിന്നാമിനുങ്ങുകൾ വെട്ടം തീർക്കുന്ന ഒരു മരത്തിന്റെ കീഴെ ആ നടപ്പും അസ്തമിച്ചു. അടുത്ത പ്രഭാതത്തിൽ എണ്ണമറ്റ വാഹനവ്യൂഹങ്ങൾക്കൊപ്പം അവളും മുന്നോട്ട് നടന്നു. അതിനിടെ നാട്ടിവച്ച മൈൽകുറ്റികളും സ്ഥലനാമങ്ങളും ദിശാബോർഡുകളും ഒന്നും അവളുടെ ശ്രദ്ധയിൽ പെട്ടില്ല.

“നിങ്ങളുടെ കരച്ചിലും അട്ടഹാസങ്ങളും അലർച്ചകളും എല്ലാം കേൾക്കാനുള്ള ഹൃദയമില്ലാത്ത ചെവി അവൾക്കുണ്ട്. നിങ്ങൾ അവിടെ തുടരുന്നിടത്തോളം അവൾക്ക് നേട്ടം മാത്രമാണ്.’ ഇവിടെ ഇറങ്ങിനടക്കുന്നത് മോഹം തന്നെയാണ്. അതിന് അതിരുകളും വിലക്കുകളും ഒന്നുമറിയില്ല. അതിനെ വീട്ടിനകത്തും കുടുംബത്തിലും തളച്ചിടുകയാണ് സൈക്കോ അനാലിസിസ് ചെയ്യുന്നത്. മോഹത്തെ മെരുക്കാനും ഒതുക്കാനും സമൂഹം ഓരോ ചരിത്രസന്ധിയിലും അക്ഷീണം ശ്രമിച്ചിട്ടുണ്ട്. സൈക്കോ അനാലിസിസ് നമ്മളോട് പറയുന്നത് ഇതാണ്:

“നീ നിന്റെ അച്ഛനെ കൊലചെയ്യരുത്. അമ്മയോടൊപ്പം ശയിക്കരുത്. അനുസരണയുള്ള പ്രജയുടെ മറുപടി ഇങ്ങനെയും: അതേ, അതുതന്നെയാണ് എനിക്കും വേണ്ടത്” (Anti-Oedipus, 114). വിലക്കുകൾ എങ്ങനെ നമ്മുടെ മോഹങ്ങളെ സൃഷ്ടിക്കുന്നു എന്ന് മിഷേൽ ഫൂക്കോയെപ്പോലുള്ള ചിന്തകർ വിശദമാക്കുന്നുണ്ട്. ദല്യൂസിലും ഗത്താരിയിലും എത്തുമ്പോൾ ഇത്തരം ദമനങ്ങളും വിലക്കുകളും മോഹത്തിന്റെ വളഞ്ഞ പ്രതിനിധാനമാണ് സാധ്യമാക്കുന്നത്. അതിനടിയിലും യഥാർത്ഥ മോഹത്തിന്റെ തിരയിളക്കങ്ങൾ ഉണ്ട്. വ്യവസ്ഥ ആ മോഹങ്ങളെ അസാധ്യമാക്കാൻ കിണഞ്ഞു പരിശ്രമമിക്കുന്നു. സിഗ്മണ്ട് ഫ്രോയ്ഡിൽ ‘ലിംഗം’ ആണ് ദമനത്തിന് ആയുധം എങ്കിൽ (കുട്ടിക്ക് അമ്മയിൽ എത്താൻ വിഘാതം അച്ഛനാ ണല്ലോ) ഴാക്ക് ലക്കാനിൽ എത്തുമ്പോൾ അതേ ‘പിതൃ അധികാരം’ ഭാഷയിലേക്ക് പറിച്ചുനടപ്പെടുകയും, അത് ‘യഥാർത്ഥ’ത്തെ (real) അസാധ്യമാക്കി നിലനിർത്തുകയുമാണ്. അങ്ങനെ തന്റെ സൈദ്ധാന്തിക വിസ്ഫോടനത്തിലൂടെ തകർക്കപ്പെട്ട പാലം ലക്കാൻ തൽസ്ഥാനത്ത് പുതുക്കിപ്പണിയുകയാണ്.

വ്യവസ്ഥ അക്ഷീണം പ്രയത്നിക്കുന്നതും ‘മോഹവസ്തു’വിനെ അസാധ്യമാക്കാൻ തന്നെയാണ്. മോഹം നമ്മൾ സൃഷ്ടിക്കേണ്ട ഒന്നാകുമ്പോൾ മോഹനിർമ്മിതി ഒരു രാഷ്ട്രീയദൗത്യം കൂടിയായി മാറുന്നു. ‘There is no unconscious that is already there; the unconscious must be produced politically, socially, and historically’ (Anti-Oedipus, 274). ദല്യൂസിന്റെയും ഗത്താരിയുടെയും അഭിപ്രായത്തിൽ ഒരു സമൂഹം വിപ്ലവാത്മകമാവുന്നത് അത് അബോധവുമായി അല്പം മാത്രം കലഹിക്കുമ്പോഴാണ്. ഈ വിപ്ലവത്തിന്റെ ചാലകശക്തികൾ മാർക്സ് വിഭാവനം ചെയ്തത് പോലെ തൊഴിലാളിവർഗമായിരിക്കില്ല. അതുപോലെ, അങ്ങനെ ഒരു സമൂഹത്തിലേക്കെത്താൻ ഒരു പദ്ധതിയും പരിപാടിയും വിഭാവനം ചെയ്യുമ്പോൾ സമൂഹം സ്ഥൂല രാഷ്ട്രീയത്തിന്റെ ചതുപ്പലേക്ക് വീണ്ടും ആണ്ടുപോവുകയാണ് ചെയ്യുന്നത്.

സാമുവേൽ ബക്കറ്റിന്റെ കഥാപാത്രത്തെ പോലെ, പൊലീസുകാരൻ അവളോട് പേരും നാടും ഊരും ഒക്കെ ചോദിക്കുന്നുണ്ട്. പുറപ്പെട്ടുപോകുന്ന മനുഷ്യർ സ്വന്തം പേര് പോലും മറന്നുപോകുന്നു. അന്റോണിൻ ആർത്തോഡിനെപ്പോലെ അവൾ നിലവിളിക്കുന്നു: “എനിക്ക് അച്ഛനും അമ്മയുമില്ല.” ചരിത്രത്തിലെ സകലപേരുകളും അവളുടേതാണ്.

ബക്കറ്റിന്റെ കഥാപാത്രത്തോട് പൊലീസുകാരൻ പേര് ചോദിക്കുമ്പോൾ അവൾ പറയുന്നത് ‘മേരി’ എന്നാണ്. അമ്മയുടെ പേര് ചോദിക്കുമ്പോൾ അവൾ ഒന്നും സംസാരിക്കുന്നില്ല. അമ്മയുടെ പേരും മേരി എന്ന് തന്നെയാണോ എന്ന് പൊലീസുകാരൻ ആവർത്തിക്കുമ്പോൾ ക്ഷമകെട്ട് അതേ എന്നവൾ സമ്മതിക്കുന്നു. പക്ഷെ പിന്നീട് അമ്മ ‘virgin mary’ ആണെന്ന് തിരുത്തിപ്പറയുന്നു (Anti-Oedipus, 14). ഇവിടെ ഷിസോ സമൂഹത്തിലെ കോഡുകളെ അട്ടിമറിക്കുകയും അർത്ഥമില്ലായ്മയുടെ വിസ്തൃതികളിൽ വിശ്രമിക്കുകയുമാണ്.

ആരാണ് മനുഷ്യൻ? ഉണ്മയുടെ ഇടയൻ (shepered of being) എന്ന് മാർട്ടിൻ ഹൈദഗർ പറയും. എന്നാൽ പ്രാപഞ്ചികയന്ത്രങ്ങളുടെ ശാശ്വത പരിപാലകനാണ് മനുഷ്യൻ—”the eternal custodian of the machines of the universe”—എന്ന ഉണ്മയെ സംബന്ധിച്ച അനന്യമായ യന്ത്രഭാവനയാണ് ദല്യൂസിനേയും ഗത്താരിയേയും ചിന്തയിൽ വ്യതിരിക്തമാക്കുന്നത്. മനുഷ്യൻ പ്രകൃതിയിൽ നിന്നും അഭിന്നമാവുകയും പ്രകൃതിതന്നെ ഒരു വ്യവസായശാലയായി രൂപാന്തരപ്പെടുകയുമാണ് ഇവിടെ. അവിടെ നടക്കുന്നത് ഉൽപാദനം മാത്രമാണ്. രേഖപ്പെടുത്തലിന്റെയും  ഉപഭോഗത്തിന്റെയും ഉൽപാദനമുൾപ്പടെ ഉൽപാദനത്തിന്റെ തന്നെ ഉൽപാദനം (production of production) സാധ്യമാക്കുന്ന ഫാക്ടറിയാണ് പ്രകൃതി.

മുലയും ചുണ്ടും എന്നപോലെ ഒരു യന്ത്രം മറ്റൊന്നിലേക്ക് തുറക്കുന്നു. ഒന്നിന്റെ ഒഴുക്കിന് മറ്റൊന്ന് തടയിടുന്നു, അല്ലെങ്കിൽ അതിനെ ഏറ്റെടുക്കുന്നു. മോഹം ചിതറികിടക്കുന്ന ഭാഗികവസ്തുക്കളുടെയും (part object), തുടർച്ചയായ ഒഴുക്കിന്റെയും ചേർച്ചയിലൂടെ സാധ്യമാകുന്നതാണ്. ഉൽപാദനത്തിന്റെ ഉൽപാദനമാകട്ടെ ഇത്തരം യന്ത്രയുഗ്മങ്ങളുടെ പലദിശയിലുള്ള ബന്ധങ്ങളിലൂടെ സാധ്യമാകുന്ന ഒന്നാണ്. “ഒഴുകുന്നതൊക്കെയുമായി ഞാൻ പ്രണയത്തിലാണ്. ആർത്തവകാലത്ത് ബീജാവാപം ചെയ്യാത്ത വിത്തുകളുടെ പുറത്തേക്കുള്ള ഒഴുക്കുമായി പോലും” എന്ന ഹെൻറി മില്ലറുടെ (Henry Miller) വാക്യം ദല്യൂസും ഗത്താരിയും ആന്റി ഈഡിപസിൽ ഉദ്ധരിക്കുന്നുണ്ട് (Anti-Oedipus, 5).

ഹെൻറി മിഷേയുടെ ഭ്രാന്തൻ തീൻമേശയെപ്പറ്റി (schizophrenic table) ആന്റി ഈഡിപസിൽ പരാമർശമുണ്ട് (Anti-Oedipus, 6). തുടക്കത്തിൽ അതൊരു ലളിതനിർമ്മിതിയായി തോന്നിയേക്കാമെങ്കിലും പതിയെ അത് ഒന്നിനോടൊന്ന് കൂട്ടിച്ചേർക്കപ്പെട്ടു. അതിന്റെ പ്രയോജനപ്രദമായ മേൽഭാഗം പതിയെ ലോപിച്ചുകൊണ്ടിരുന്നു. അപമാനവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. അതൊരു നാട്ടു നിർമ്മിതിയോ സൗകര്യപ്രദമായതോ മധ്യവർഗത്തനിമയുള്ളതോ ഒന്നും അല്ലായിരുന്നു. ഒന്നിനും കൊള്ളാത്തതും യാതൊന്നുമായും സംവദിക്കാത്തതുമായ ഒന്ന്.  ഒരു പൊട്ടയന്ത്രം എന്ന് ഒരുപക്ഷേ തോന്നിയേക്കാം. അതായത്, ഷിസോഫ്രീനിക്ക് സാർവത്രിക നിർമ്മാതാവാണ്. അവിടെ ഉൽപ്പന്നവും ഉത്പാദനവും രണ്ടല്ല.

അവയവബന്ധങ്ങളിലൂടെ ശരീരം സവിശേഷരീതിയിൽ സ്വയം സജ്ജമാകുന്നു. നിർദ്ദിഷ്‌ട ധർമ്മങ്ങളുള്ള അവയവങ്ങളുള്ള ജീവിയായി പരിണമിക്കുന്നു. ഈ നൈരന്തര്യത്തിൽ സകലതും ഒരുനിമിഷം നിശ്ചലമായാൽ മതിയെന്നു തോന്നാം. ഉൽപാദന വിരുദ്ധത (anti production) സകലതിനെയും സ്തംഭിപ്പിക്കുന്ന ‘മൃത്യു ചോദന’യാണ്. അത് ശരീരം ഇനിയും പ്രയോജനപ്പെടുത്താത്ത അപരസാധ്യതകളെ ഓർമപ്പെടുത്തുന്നു. സകലതും അഴിച്ചുവച്ച അവയവരഹിത പൂർണ്ണശരീരത്തിൽ കണ്ണും മൂക്കും കാതും കുടലും ഒന്നും കാണില്ല—”no mouth, no tongue, no Teeth, no larynx, no esophagus” (Anti-Oedipus, 8). സകലതും അഴിച്ചിട്ട യന്ത്രശരീരം അതിന്റെ അവയവനൈരന്തര്യത്തിന്റെ പിടിയിൽ നിന്നും സ്വതന്ത്രമായിരിക്കുന്നു. വീണ്ടും ഓടിത്തുടങ്ങാൻ പുതിയ ബന്ധങ്ങളെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.

അവളുടെ കണ്ണുകൾ എല്ലാത്തിനെയും കാഴ്ചയുടെ ഭാഷയിലേക്ക് കുറുക്കിയെടുത്തു. കാഴ്ചയുടെ വ്യാകരണത്തോട് ശബ്ദങ്ങൾ ചിലപ്പോൾ കലഹിച്ചു. ചെവികൾ എല്ലാത്തിനും കേൾവിയുടെ ഭാഷ്യം ചമച്ചു.  മൂക്ക് ഒരു ഗാന്ധസാമ്രാജ്യം തന്നെ സൃഷ്ടിച്ചു.

“മോഹം അപരന്റെ മോഹവസ്തു ആകാനുള്ള മോഹമാണ്” എന്ന് ലക്കാൻ പറഞ്ഞുവെക്കുന്നത് രാജാധികാരത്തിന് കീഴടങ്ങിജീവിക്കുന്ന പ്രജകളുടെ അഭിലാഷത്തെപ്പറ്റിയാകണം. മുതലാളിത്തത്തിലും ഇങ്ങനെ ഉടമകളുടെ ഇഷ്ടഭാജനമാകാനുള്ള അടിമമോഹം അങ്ങിങ്ങായി കാണാം. ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം മോഹം അതിൽത്തന്നെ ‘ഇല്ലായ്മയായി’ പരിണമിക്കുകയും അത് കേവലം വിഭ്രാന്തിയും  തോന്നലുകളും ഒക്കെ മാത്രമായി മാറുകയും ചെയ്യുന്നു എന്നതാണ്. മോഹം ഒരു പ്രത്യേക മനുഷ്യനോ വസ്തുവിനോ വേണ്ടിയുള്ള വാഞ്ഛ അല്ലാത്തത് കൊണ്ടുതന്നെ അതിന്റെ ലബ്ധിയിൽ സന്തുഷ്ടവുമാകുന്നുമില്ല. അത് ഇറങ്ങിനടക്കുമ്പോൾ ചുറ്റുമുള്ളതിനെ മുഴുവൻ കൂടെ നടത്തുന്നു. മുതലാളിത്തവും മനോവിഞ്ജ്നാനവും ‘അഭാവത്തെ’ മോഹത്തിന്റെ നടുക്ക് പ്രതിഷ്ഠിക്കുകയാണ്. മോഹം നമുക്ക് പ്രത്യക്ഷമാകുന്നത് അത് വസ്തുക്കളെ തമ്മിൽ യോജിപ്പിക്കുമ്പോൾ ആണ്. അതൊരു ഫാക്ടറി തന്നെയാണ്. മോഹത്തിന്റെ ഷിസോഫ്രീനിക്ക് ഒഴുക്ക് വ്യവസ്ഥയെയും അതിന്റെ നിയമങ്ങളെയും കടപുഴക്കിയുള്ള ഒന്നായത് കൊണ്ടുതന്നെ അതിനെ കുടുംബത്തിനകത്തെ അച്ഛൻ-അമ്മ-കുട്ടി എന്ന ത്രികോണത്തിൽ തളച്ചിടാൻ സാധിക്കുകയില്ല. മോഹം എപ്പോഴും അതിമോഹമാണ്. കളിമണ്ണ് പശിമയുള്ളതുകൊണ്ടുതന്നെ മൺപാത്രനിർമ്മാതാവിന്റെ കൈവിരലുകൾക്കിടയിലൂടെ എപ്പോഴും പുറത്ത് കടക്കുന്നു. ഇത് മോഹത്തിന്റെ സമൂഹ്യവിരുദ്ധതകൊണ്ടല്ല, അതിന്റെ ഒഴുക്കിൽ വ്യവസ്ഥാപിതമായ കോഡുകൾ തകരുകയും ഒരു പുതുക്രമം രൂപപ്പെടുകയുമാണ് ചെയ്യുന്നത്. അത് ശരീരങ്ങൾക്കുള്ളിലും ഇടയിലും പുതിയ ബന്ധങ്ങൾ സാധ്യമാക്കുന്നത് കൊണ്ട് തന്നെ ഉൽപാദകമാണ്. അതുപോലെ, അവിടെ നിർമ്മിതമാകുന്നത് ഭ്രമകല്പനകൾക്കപ്പുറം യഥാർത്ഥ ലോകം തന്നെയാണ്.

“No society can tolerate a position of real desire without it’s structure of exploitation, servitude, and hierarchy being comprised.” (Anti-Oedipus, 116) മനോലോകവും യഥാർത്ഥ ലോകവുമെന്ന് രണ്ടായി പിളർന്നപോലെ, മനോവസ്തുക്കൾ യഥാർത്ഥ വസ്തുക്കളിൽ നിന്നും വേർപിരിക്കപ്പെട്ടു. എന്നാൽ, ആഗ്രഹത്തെ യാഥാർത്ഥത്തെ നിർമ്മിക്കാനുള്ള ശേഷിയായി തിരിച്ചറിയേണ്ടത് വിപ്ലവാത്മകമായ രാഷ്ട്രീയ പ്രവർത്തനത്തിൽ അനിവാര്യമാണ്. അബോധം മായക്കാഴ്ചകളുടെയുടെയും വിഭ്രാന്തിയുടെയും ഒരു വിഹാരസ്ഥലമല്ല. മോഹം ആവശ്യത്തിൽ നിന്നും ഉടലെടുക്കുകയല്ല മറിച്ച് ‘ആവശ്യം’ (need) തന്നെ മോഹസൃഷ്ടിയാണ്. മോഹത്തെ ‘ആവശ്യത്തിലും’ ‘അഭാവത്തിലും’ ഒതുക്കുന്നത് അതിന്റെ യഥാർത്ഥത്തെ നിർമ്മിക്കാനുള്ള ശേഷിയെത്തന്നെ ഇല്ലായ്മചെയ്യലാണ്. പ്രാചീനകാലം മുതൽ ഇങ്ങോളം ‘മോഹോൽപാദനത്തിൽ’ ഇടപെടുകയും അതിനെ വരുതിയിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട ശ്രമങ്ങളെ ബലപ്പെടുത്തുകയാണ് സ്ഥാപനവൽകരിക്കപ്പെട്ട മനഃശാസ്ത്രവും കുടുംബവും ചെയ്യുന്നത്. മോഹത്തെ മെരുക്കി അതിനെ കുടുംബം എന്ന തൊഴുത്തിൽ കെട്ടിയിടുകയും ആളുകളെ കേവലം ആൺ/പെൺ എന്നീ കള്ളികളിൽ ഒതുക്കുകയുമാണ് മുതലാളിത്തം ചെയ്യുന്നത്.

മോഹത്തെ കേവലം ലൈംഗിക മോഹത്തിൽ ഒതുക്കാൻ കഴിയില്ല. മുതലാളിത്തം ഉല്പാദനത്തേയും പുനരുൽപാദനത്തെയും വേർതിരിക്കുകയും ആദ്യത്തേതിനെ പൊതുവും രണ്ടാമത്തെതിനെ സ്വകാര്യവും ഗാർഹികവുമാക്കി മാറ്റുകയും ചെയ്തു. ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കുടുംബത്തിനകത്ത് ആൺകുട്ടിയോ പെൺകുട്ടിയോ മാത്രമായി തിരിച്ചറിയാൻ നിർബന്ധിതരായി. പെൺകുട്ടികൾ അവരുടെ ലിംഗമില്ലായ്മ ‘അഭാവമായി’ തിരിച്ചറിയുകയും അത് തനിക്ക് കിട്ടിയ ശിക്ഷയായി കരുതി ഏറ്റുവാങ്ങി സ്വന്തം അമ്മയെത്തന്നെ ശപിക്കുകയും അച്ഛനോട് അടുക്കുകയും തുടർന്ന് ആ മോഹം മറ്റ് പുരുഷന്മാരിലേക്ക് പറിച്ചുനടുകയുമാണെന്നാണ് മനോവിജ്ഞാനീയത്തിന്റെ ഭാഷ്യം. അതുപോലെ, ആൺകുട്ടി പിതൃഅധികാരത്തിന് കീഴ്പ്പെട്ട് അമ്മയിൽ നിന്ന് അകലുകയും സ്വയം അച്ഛനായി തിരിച്ചറിഞ്ഞ്, അമ്മയോടുള്ള സ്നേഹം മറ്റ് സ്ത്രീകളിൽ തേടുകയും ചെയ്യുന്നു എന്നും മനോവിജ്ഞാനീയം വാദിക്കുന്നു. ഇവിടെ മോഹം അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന ഒരു ത്രികോണത്തിൽ ഭദ്രമാണ്. ലക്കാൻ പിതൃഅധികാരത്തെ ഭാഷയുടെ പ്രതീകാത്മക പ്രതലത്തിലേക്ക് പുനരാനയിക്കുമ്പോഴും അതിന് ആത്യന്തികമായി പിതൃഅധികാരത്തെ മറികടക്കാൻ കഴിയുന്നില്ല.

കുടുംബത്തിനകത്ത് തന്നെയുള്ള ലിംഗസാധ്യതകൾ അനവധിയാണ്. സ്ത്രീ/പുരുഷൻ എന്നതിനപ്പുറം സ്വവർഗാനുരാഗിയായ പുരുഷൻ- സ്വവർഗാനുരാഗിയായ സ്ത്രീ, ഭിന്നലിംഗാനുരാഗിയായ പുരുഷൻ-ഭിന്നലിംഗാനുരാഗിയായ സ്ത്രീ, ആണായി തിരിച്ചറിയുന്ന പെണ്ണിനോട് മോഹമുള്ള പുരുഷൻ, പെണ്ണായി തിരിച്ചറിയുന്ന ആണിനോട് മോഹമുള്ള സ്ത്രീ, പെണ്ണായി തിരിച്ചറിയുന്ന ആണിനോട് മോഹമുള്ള ആണായി തിരിച്ചറിയുന്ന സ്ത്രീ എന്നിങ്ങനെ കുടുംബത്തിനകത്തുതന്നെ ലിംഗസാധ്യതകൾ നിരവധിയാണ്. ഇതും പോരാതെ ആൺമീശയോട് മോഹം തോന്നുന്ന സ്ത്രീ, പെൺ മുലകളോട് താല്പര്യമുള്ള പുരുഷൻ എന്നിങ്ങനെ വീണ്ടും ഇതിനെ സന്നിഗ്ധമാക്കാം. ഇങ്ങനെയുള്ള ബഹുവിധ ലൈംഗികസാധ്യതകളെ ആണ് ഫ്രോയിഡും മനോവിജ്ഞാനീയവും ആണിലും പെണ്ണിലുമായി ഒതുക്കിയത്.

മോഹം വിഷയിയുടെ ആന്തരികസവിശേഷതയോ കേവലം മനുഷ്യരുടെയും വസ്തുക്കളുടെയും നേർക്ക് തോന്നുന്ന ആഗ്രഹമോ അല്ല. മോഹോൽപാദനം (desiring production) സാമൂഹിക ഉല്പാദനം (social production) തന്നെയാണ്. മോഹം വ്യക്താന്തരവും സാമൂഹികവുമായ ഒന്നാണ്. അത് വസ്തുക്കളുടെയും ഒഴുക്കിന്റെയും അന്യോന്യ ബന്ധത്തിലൂടയും അനുത്സുക സമന്വയങ്ങളിലൂടെയും (passive synthesis) സാക്ഷാൽകൃതമാകുന്ന ഒന്നാണ്. അതിൽ ‘ഒഴുക്കും’ അതിന്റെ ‘വിച്ഛേദവും’ ഉൾക്കൊള്ളുന്നു. മോഹം വ്യക്തിയിലും മനുഷ്യനിലും ഒതുങ്ങുന്നതല്ല. അതെല്ലായിടത്തുമുണ്ട്. ലൈംഗികത അസംഖ്യമാണെന്ന് ദല്യൂസും ഗത്താരിയും പറയും—”not one or even two sexes, but sexes.” (Anti-Oedipus, 296)

ആന്റി ഈഡിപസിലെ ഈ വരികൾ നമ്മുടെ കേവലമായ ആൺ/പെൺ ലിംഗധാരണകളെയും അതിന്റെ വിപുലനത്തെയും ചോദ്യം ചെയ്യുന്നുണ്ട്: “ലൈംഗികത എല്ലായിടത്തുമുണ്ട്. ഒരു ഉദ്യോഗസ്ഥൻ ഫയൽ കെട്ടി പിടിച്ചിരിക്കുന്നതിൽ, ന്യായധിപൻ നീതി നിർവഹണം നടത്തുന്നതിൽ. വ്യവസായി പണമൊഴുക്കുന്നതിൽ, മുതലാളി തൊഴിലാളിക്ക് പണികൊടുക്കുന്നതിൽ, അങ്ങനെ എല്ലാത്തിലും. രൂപകങ്ങളെ കൂട്ടുപിടിക്കേണ്ട യാതൊരു ആവശ്യവും ഇല്ല, ലിബിഡോ ഏതു വഴിക്കുമുള്ള രൂപന്തരീകരണത്തിനും സദാ തയ്യാറായിരിക്കുമ്പോൾ. ഹിറ്റ്ലർ ഫാസിസ്റ്റ് ലൈംഗികതയെ ഉദ്ധരിപ്പിച്ചു നിർത്തുകയായിരുന്നു. കൊടികൾ, രാഷ്ട്രം, സൈന്യം, ബാങ്കുകൾ ഇവയൊക്കെ എത്ര മനുഷ്യരെയാണ് എണീപ്പിച്ചത്.” (Anti-Oedipus, 322-348)

അവൾക്ക് ഒന്നും വ്യഖ്യാനിക്കാനും വിശദീകരിക്കാനും കഴിഞ്ഞില്ല. സ്വന്തം ശരീരത്തിന്റെയും ചിന്തയുടെയും അതിരുകൾ വരക്കാൻ അവൾ ഒരിക്കലും ഒരുമ്പെട്ടില്ല. ഉള്ള് പൊള്ളയായ അവളുടെ ഇറങ്ങിനടപ്പിൽ എല്ലാം ഉണ്ടായിരുന്നു.


References:

1. Deleuze, Gilles, and Félix Guattari. Anti-Oedipus: capitalism and schizophrenia. Penguin, 2009.
2. സച്ചിദാനന്ദൻ, കെ. സച്ചിദാനന്ദന്റെ കവിതകൾ. ഡി.സി ബുക്ക്സ്, 2016.

Featured Image: Bracha L.Ettinger

Comments are closed.