സൂഫിസത്തെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും പഴക്കം ചെന്ന പേര്‍ഷ്യന്‍ രചനകളിലൊന്നാണ് അഹ്മദ് അല്‍ ഗസാലിയുടെ ‘സവാനിഹ്’. ഇസ്മാഈല്‍ ബിന്‍ മുഹമ്മദ് അല്‍ മുസ്തംലിയുടെ ‘ശറഹു തഅറുഫ് ലി മദ്ഹബി തസ്വവ്വുഫ്’, അലി ബിന്‍ ഉസ്മാന്‍ അല്‍ ഹുജ്വിരിയുടെ ‘കശ്ഫുല്‍ മഹ്ജൂബ്’ തുടങ്ങിയ ചുരുക്കം ചില രചനകള്‍ മാത്രമേ ആ വിഷയത്തിൽ അതിന് മുമ്പ് ഉണ്ടായിട്ടുള്ളൂ. എന്നാൽ, ആ കൃതികള്‍ക്ക് മുമ്പ് തന്നെ പേര്‍ഷ്യൻ ഭാഷയിൽ സൂഫിസം വിശദമായി ചര്‍ച്ചചെയ്യപ്പെട്ടതിന് തെളിവുകളുണ്ടായിരുന്നു. അബൂ അബ്ദുറഹ്മാന്‍ അസുലമി, അബൂ സഈദ് ബിന്‍ അബില്‍ ഖൈര്‍, അബുല്‍ ഖാസിം അല്‍ ഖുശൈരി എന്നിവര്‍ അഹ്മദ് അല്‍ ഗസാലിക്ക് മുമ്പ് തന്നെ വളരെ സ്വാധീനമുണ്ടാക്കിയ പേര്‍ഷ്യന്‍ സൂഫീ പണ്ഡിതരായിരുന്നു. ഇസ്‌ലാമിക നിയമങ്ങളും ദൈവശാസ്ത്രവും പോലെത്തന്നെ ആദ്യകാലങ്ങളിൽ സൂഫിസത്തെക്കുറിച്ചുള്ള രചനകളും പ്രധാനമായും എഴുതപ്പെട്ടിരുന്നത് അറബി ഭാഷയിലായിരുന്നു. പിന്നീടാണ് ഇസ്‌ലാമിലെ സൂഫി ആവിഷ്ക്കാരങ്ങളിലെ നൈസർഗ്ഗികമായ കാവ്യഭംഗി മൂലം പേർഷ്യൻ ഭാഷ അത്തരം രചനകളിൽ ആധിപത്യം നേടുന്നത്.

ആറാം ഇസ്‌ലാമിക് നൂറ്റാണ്ടിന്റെ (പന്ത്രണ്ടാം നൂറ്റാണ്ട്) ആദ്യ ദശകത്തില്‍ എഴുതപ്പെട്ട സവാനിഹ് പ്രണയത്തിന്റെ അതീന്ദ്രിയ മാനങ്ങളെ വിശദമായി ചർച്ച ചെയ്യുന്ന ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ആദ്യ രേഖയാണ്. പ്രണയത്തെ സര്‍വസ്വവും ഉടലെടുക്കുന്ന ആത്യന്തിക യാഥാര്‍ത്ഥ്യമായിക്കൊണ്ടാണ് സവാനിഹ് പരിചയപ്പെടുത്തുന്നത്. എല്ലാം ഉണ്മ പ്രാപിക്കുന്നത് പ്രണയത്താൽ ബന്ധിപ്പിക്കപ്പെട്ടവർ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തിലൂടെയാണെന്നും, പ്രണയത്തിലായവർ പരസ്പരം ആത്മീയമായി ചേരുന്നു എന്നും സവാനിഹ് വ്യക്തമാക്കുന്നുണ്ട്. അക്കാരണത്താലാണ് ലിയൊണാര്‍ഡ് ലെവിസണ്‍ സവാനിഹിനെ സൂഫിസത്തിലെ ‘സ്‌കൂള്‍ ഓഫ് ലൗവി’ന്റെ പ്രഥമ ഗ്രന്ഥമായും, പേര്‍ഷ്യനിലെ പ്രണയകാവ്യ പാരമ്പര്യത്തിന്റെ തുടക്കമായും വിലയിരുത്തുന്നത്. അതിനാൽ തന്നെ, ലഭ്യമായ രേഖകൾ പ്രകാരം അഹ്മദ് അല്‍ ഗസാലിയാണ് പേര്‍ഷ്യന്‍ സൂഫി സാഹിത്യ പാരമ്പര്യത്തിന്റെ തുടക്കക്കാരന്‍.

സാഹിത്യ രംഗത്തെ സ്വാധീനത്തോടൊപ്പം തന്നെ അനവധി പ്രസിദ്ധരായ ശിഷ്യന്മാരും അഹ്മദ് അൽ ഗസാലിക്കുണ്ടായിരുന്നു. ഇറാഖും, പടിഞ്ഞാറന്‍ പേര്‍ഷ്യയും ഭരിച്ച സല്‍ജൂഖ് ഭരണാധികാരി മുഗീസ് അദ്ദീന്‍ അല്‍ മഹ്മൂദ്, ഖുറാസാനും വടക്കന്‍ പേര്‍ഷ്യയിലും ഭരണം നടത്തിയ അദ്ദേഹത്തിന്റെ സഹോദരന്‍ അഹ്മദ് സഞ്ചര്‍ തുടങ്ങിയ ശ്രദ്ധേയരായ രാഷ്ട്രീയ വ്യക്തിത്വങ്ങളും അദ്ദേഹത്തിന്റെ ശിഷ്യരിൽ പെട്ടവരാണ്. അതേസമയം, സൂഫീ സരണികളുടെ തുടർച്ചയിൽ വരുന്ന ‘ശൈഖ്’ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടം അതിനപ്പുറം പ്രധാനപ്പെട്ടതാണ്. സൂഫിസത്തിന്റെ ശ്രേണീപരമായ ചരിത്രം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായി വരുന്നവരാണ് ശൈഖ് ദിയാവുദ്ദീന്‍ അബുന്നജീബ് അസ്സുഹ്‌റവര്‍ദി. അവര്‍ക്കിടയിലുള്ള ഇടപാടുകള്‍ എത്രത്തോളമായിരുന്നു എന്ന് വ്യക്തമല്ലെങ്കിലും ഗസാലി അവരെ വിലമതിക്കുകയും, ഇസ്ഫഹാനില്‍ ഒരുമിച്ചായിരുന്ന സമയത്ത് ഖലീഫയായി നിയോഗിക്കുകയും ചെയ്തതായി തെളിവുകളുണ്ട്. അബുന്നജീബ് അസ്സുഹ്‌റവര്‍ദിയുടെ പ്രസിദ്ധനായ ശിഷ്യനായിരുന്നു അദ്ദേഹത്തിന്റെ തന്നെ അനന്തരവനും സുഹ്‌റവര്‍ദിയ്യ സൂഫി സരണിയുടെ സ്ഥാപകരും പ്രസിദ്ധമായ ‘അവാരിഫുല്‍ മആരിഫി’ന്റെ രചയിതാവുമായ അബൂ ഹഫ്‌സ് ഉമര്‍ അസ്സുഹ്‌റവര്‍ദി. സുഹ്‌റവര്‍ദിയ്യയില്‍ നിന്ന് രൂപം പ്രാപിച്ചതായിരുന്നു ഒട്ടോമന്‍ സാമ്രാജ്യത്തിൽ വ്യാപിക്കുകയും ഇന്നും തുര്‍ക്കിയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന സൈനിയ്യ ത്വരീഖത്. ചിശ്തിയ്യ, നഖ്ശന്ദിയ്യ, ഖാദിരിയ്യ തുടങ്ങിയ സൂഫി ധാരകളോടൊപ്പം ഇന്ത്യയുടെയും പാക്കിസ്താനിന്റെയും ചരിത്രത്തില്‍ അറിയപ്പെടുന്ന സൂഫീ സരണിയാണ് സുഹ്‌റവര്‍ദിയ്യ. അറബ് ലോകത്ത് പൊതുവേ ആ ധാര ക്ഷയിച്ചിട്ടുണ്ടെങ്കിലും ഇറാഖിലും സിറിയയിലും അത് ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്.

സൂഫി ധാരകളുടെ ചരിത്രത്തില്‍ അറിയപ്പെടുന്ന മറ്റൊരു നാമമാണ് അഹ്മദ് അല്‍ ഗസാലിയുടെ മറ്റൊരു ശിഷ്യനായ അബുല്‍ ഫള്ല്‍ അല്‍ ബഗ്ദാദി. ശാഹ് നിഅമതല്ലാഹ് വലി സ്ഥാപിച്ച നിഅമതല്ലാഹി സരണിയുടെ ഒരു ശ്രേണി ഏഴു കണ്ണികളായി അല്‍ ബഗ്ദാദിയിലൂടെ കടന്നു വരുന്നുണ്ട്. ആ ധാര തുര്‍ക്കിയില്‍ പ്രചാരം സിദ്ധിക്കുകയും, പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളോടെ അമേരിക്കയിലും യൂറോപ്പിലും വളര്‍ന്നു വരുന്ന മുസ്‌ലിം സമൂഹങ്ങളിൽ സ്വീകാര്യത നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പേർഷ്യൻ സൂഫി ഗുരു ജലാലുദ്ദീന്‍ റൂമിയുടെ മൗലവി സൂഫി ധാരക്ക് ശംസുദ്ദീന്‍ അഫ്‌ലാക്ക് തന്റെ ‘മനാഖിബുല്‍ ആരിഫീനില്‍’ നല്‍കുന്ന സനദിൽ അഹ്മദ് അല്‍ ഗസാലിയെ അഹ്മദ് കാതിബി അല്‍ ബല്‍ഖിയുടെ ശൈഖായി രേഖപ്പെടുത്തുന്നുണ്ട്. മൗലവി സരണിയില്‍ പിന്നീടുവന്ന അനുചരവൃന്ദം ജലാലുദ്ദീന്‍ റൂമിയുടേതായി പറയപ്പെടുന്ന ഒരു ഖണ്ഡിക കൊണ്ട് അഹ്മദ് അല്‍ ഗസാലിയുടെ അദ്ധ്യാത്മികത ലോകത്തിന്റെ ആധികാരികത സ്ഥാപിക്കുന്നുണ്ട്:

  • “ഇമാം മുഹമ്മദ് ഗസാലി പ്രപഞ്ചത്തിന്റെ കടലാഴങ്ങളിലേക്ക് ഊളിയിടുകയും അതിനായകത്വത്തിന്റെ ഒരു ലോകം കൈപ്പിടിയിലൊതുക്കി വിജ്ഞാനീയങ്ങളുടെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. ലോകം മുഴുക്കെ അദ്ദേഹത്തെ അനുധാവനം ചെയ്യുകയും അദ്ദേഹം സര്‍വ്വ ലോകങ്ങളുടെയും ജ്ഞാനിയായിത്തീരുകയും ചെയ്തു. എങ്കിലും അഹ്മദ് ഗസാലിക്കുള്ളതു പോലെ ഇശ്ഖിന്റെ ഒരു തലം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ ഇതിലും മികവായിത്തീരുകയും, അഹ്മദ് അല്‍ ഗസാലി അറിഞ്ഞ മുഹമ്മദീയ പ്രണയ പ്രപഞ്ചത്തിന്റെ ഉള്ളറകൾ ആവാഹിക്കുകയും ചെയ്യുമായിരുന്നു. ലോകത്ത് പ്രണയത്തെ പോലെ വിളക്കിച്ചേര്‍ക്കുന്ന, ആത്മീയതയിലേക്ക് വിളിക്കുന്ന, പാഠങ്ങള്‍ നല്‍കുന്ന ഒന്നുമില്ലതന്നെ”

റൂമിയുടെ സൂഫി സരണിയിലെ സാന്നിധ്യത്തിനും റൂമി കല്‍പിച്ചിരുന്ന ആദരവിനുമപ്പുറത്ത് സാഹിത്യപരമായി അഹ്മദ് അല്‍ ഗസാലിയുടെ പ്രത്യക്ഷ സ്വാധീനം റൂമീ രചനകളില്‍ കാണാനാവില്ല. എന്നാല്‍ ഹക്കീം സനാഈയുടെ ‘ഹദീഖത് അല്‍ ഹഖീഖ’യുടെ സ്വാധീനം റൂമിയുടെ ‘മസ്നവി’യില്‍ കാണാം. ‘ഹദീഖത് അല്‍ ഹഖാഇഖി’നെക്കുറിച്ച് റൂമി പറയുന്നത് അഫ്‌ലാകി രേഖപ്പെടുത്തിയതിങ്ങനെയാണ്: “ഉടയവന്‍ സാക്ഷി, ഇതാണ് കൂടുതല്‍ ആജ്ഞാബന്ധിതം, കാരണം ഖുര്‍ആനിന്റെ ബാഹ്യഘടന കട്ടിത്തൈരിനോട് (yoghurt) സദൃശമാണ്. അതേ സമയം ഔന്നത്യമുള്ള ഈ ഉള്ളടക്കം അതിന്റെ വെണ്ണയും ലേപനവുമാണ്.” അതുപോലെ, സന്‍ആഇയുടെ അദ്ധ്യാത്മിക രചനകളുടെ ഉള്‍ക്കാമ്പിനെ കുറിച്ച് റൂമി പറയുന്നത് അഫ്‌ലാകി ഇങ്ങനെ രേഖപ്പെടുത്തുന്നു: “കളങ്കമില്ലാത്ത ആത്മാര്‍ത്ഥതയോടെ സന്‍ആഇയുടെ വാക്കുകളിലൂടെ ആരെങ്കിലും കടന്നുപോയാല്‍ നമ്മുടെ പദക്കൂട്ടുകളിലെ പ്രഭയുടെ പൊരുളവന്ന് പിടികിട്ടും.” എന്നാൽ, സൻആഇയുടെ സ്വാധീനം എഴുത്തുകളില്‍ മാത്രമാണ് കാണപ്പെട്ടിരുന്നത്. അതിൽ നിന്ന് വത്യസ്തമായി, അഹ്മദ് അല്‍ ഗസാലിയുടെ ‘സവാനിഹ്’ ഒരേസമയം സാഹിത്യ മേഖലയില്‍ വ്യാപകമായ സ്വാധീനം ചെലുത്തുകയും, അനവധി സൂഫി സരണികളിലൂടെ അദ്ദേഹത്തിന് ശ്രേണീപരമായ സ്വാധീനം കല്‍പിക്കുകയും ചെയ്തിരുന്നു.

പിൽക്കാലത്തെ സൂഫി ചിന്തകളിൽ ചെലുത്തിയ സ്വാധീനം എത്രത്തോളമാണ് എന്ന അന്വേഷണങ്ങൾക്കപ്പുറം പേര്‍ഷ്യന്‍ സൂഫി സാഹിത്യത്തിന്റെ ഗതി തന്നെ എക്കാലത്തേക്കും പുനര്‍നിര്‍ണ്ണയിച്ച വ്യക്തിയായിരുന്നു അഹ്മദ് അല്‍ ഗസാലി എന്നതായിരിക്കും കൂടുതൽ കൃത്യമായ നിരീക്ഷണം. മാത്രമല്ല, ‘പ്രണയത്തിന്റെ പാത’ (path of love) അല്ലെങ്കില്‍ ‘പ്രണയ ധാര’ (school of love) എന്നിങ്ങനെ പണ്ഡിതര്‍ പേരിട്ടുവിളിക്കും വിധം ഒരു നിര്‍ണ്ണായക ധാര അദ്ദേഹം രൂപപ്പെടുത്തുക കൂടി ചെയ്തിരുന്നു. എന്നാല്‍, അത് പതിവ് സൂഫീ സരണികളെ പോലെ കൃത്യമായ അധ്യാത്മിക വംശാവലിയുടെ ബലമുള്ള സൂഫി ത്വരീഖതായിരുന്നില്ല. മറിച്ച്, ഒമിദ് സാഫി നിരീക്ഷിക്കുന്നത് പോലെ “സൂഫി ചിന്താ മണ്ഡലത്തിനകത്ത് ‘വൈകാരിക പ്രണയത്തെ’ കേന്ദ്രീകരിച്ചുകൊണ്ട് ആലോചനകൾ രൂപപ്പെടുത്തിയ സൂഫികളുടെ കൂട്ടായ്മയായിരുന്നു അത്”. അബ്ദുല്ല അന്‍സാരി, അഹ്മദ് അല്‍ ഗസാലി, അഹ്മദ് സംആനി, ഹകീം സൻആഈ, മയ്ബുദി എന്നിവര്‍ ആ പ്രണയ ധാരയുടെ വക്താക്കളിൽ പ്രഥമരാണ്.

ഇന്നും നിലനില്‍ക്കുന്ന സവാനിഹിന്റെ കയ്യെഴുത്തു പ്രതികളും, ഇന്ത്യയിലും പേര്‍ഷ്യയിലുമുള്ള സവാനിഹിന്റെ വ്യാഖ്യാനങ്ങളും അഹ്മദ് അല്‍ ഗസാലിയുടെ സാഹിത്യപരമായ സ്വാധീനം വ്യക്തമാക്കുന്നുണ്ട്. പ്രണയത്തിനും, ‘പ്രണയിക്കുന്നവർക്കും ഇടയിലുള്ള കൂടിച്ചേരലുകളാണ് അദ്ധ്യാത്മിക യാത്രയുടെ എല്ലാ ഘട്ടങ്ങളും’ എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം പില്‍ക്കാല പേര്‍ഷ്യന്‍ സൂഫിസത്തിന്റെ കേന്ദ്രസ്ഥാനത്ത് ഇടംപിടിച്ചു. അതോടൊപ്പം ഗദ്യവും പദ്യവും മനോഹരമായി സമന്വയിക്കുന്ന ആഖ്യാന ശൈലി ശേഷമുണ്ടായ അസംഖ്യം സൂഫീ രചനകളിൽ സ്വീകരിക്കപ്പെട്ടു. പിൽക്കാല സൂഫി രചനകളിൽ അല്‍ ഗസാലിയുടെ ശൈലിയും അധ്യാപനങ്ങളും ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ പഠനങ്ങളിനിയും അതുമായി ബന്ധപ്പെട്ട് നടക്കേണ്ടതുണ്ടെന്ന് എന്ന് ബോധ്യപ്പെടുന്നുണ്ട്. പേര്‍ഷ്യന്‍ സൂഫി പാരമ്പര്യത്തിലെ മുഴുവന്‍ രചനകളെയും ചേര്‍ത്തുവെച്ച് അപഗ്രഥിക്കുമ്പോള്‍ മാത്രമേ അങ്ങനെയൊരു പഠനം പൂർണാർത്ഥത്തിൽ സാധ്യമാവുകളയുള്ളൂ.

അല്‍ഗസാലിയുടെ എഴുത്തുകളുടെ ലക്ഷ്യം അദ്ധ്യാത്മിക പാതയിലെ സഞ്ചാരങ്ങളെ എളുപ്പമാക്കുക എന്നതാണ്. ലഭ്യമായ അദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ കൃതികളൊക്കെത്തന്നെയും തന്റെ ശിഷ്യന്മാരെ അഭിമുഖീകരിക്കുന്നവയാണ്. യുക്തി ഉപയോഗപ്പെട്ടുത്തി പ്രണയത്തെ ഇഴകീറി പരിശോധിക്കാന്‍ ശ്രമിക്കുന്ന സൈദ്ധാന്തികന്‍ അല്ലെങ്കില്‍ പണ്ഡിതന്‍ എന്ന നിലക്കല്ല അദ്ദേഹം പ്രണയത്തെ സമീപിക്കുന്നത്. മറിച്ച് സമാന പാത അനുധാവനം ചെയ്തവര്‍ക്ക് പ്രോത്സാഹനവും മാര്‍ഗദര്‍ശനവും നല്‍കി ആത്യന്തിക സത്യത്തെ തിരിച്ചറിയുകയെന്ന അവര്‍ണ്ണനീയ അനുഭൂതിയിലേക്കുള്ള ക്ഷണപത്രങ്ങളായിരുന്നു അവ. അല്‍ ഗസാലിയുടെ സ്വാധീനത്തിന്റെ പ്രഥമ ലക്ഷണങ്ങള്‍ അവരുടെ ശിഷ്യന്‍ അയ്‌നുല്‍ ഖുളാത് ഹമദാനിയുടെ വരികളില്‍ കാണാവുന്നതാണ്. അദ്ദേഹത്തെ അഭിസംബോധന ചെയ്താണ് അല്‍ ഗസാലി ‘ഐനിയ്യ’യും മറ്റു ചില സൃഷ്ടികളും രചിക്കുന്നത്. പ്രണയത്തിന്റെ സർവ്വതല സ്പര്‍ശ ഭാവം, നിയമത്തിന്റെ പരിമിതികൾ, സാത്താന്റെ ആത്മാർത്ഥത തുടങ്ങിയ അല്‍ഗസാലിയുടെ വരികളില്‍ വെളിച്ചം കണ്ട ഇതിവൃത്തങ്ങള്‍ പലതും ഹമദാനിയുടെ ‘തംഹീദാത്തി’ലും മറ്റു ലിഖിതങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പലയിടങ്ങളിലും സവാനിഹിന്റെ കേന്ദ്രവിഷയത്തെ വിപുലീകരിക്കുന്ന വ്യാഖ്യാനമെന്നപോലെ തംഹീദാതിനെ വായിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, എഴുതപ്പെട്ടതും അല്ലാത്തതുമായ ഗസാലിയന്‍ അധ്യാപനങ്ങളുടെ തലങ്ങളെ പരിശോധിക്കുന്ന ‘പ്രണയാവസ്ഥയുടെ യാഥാര്‍ത്ഥ്യം’ എന്ന അധ്യായം. തംഹീദാതിന് അനവധി വ്യാഖ്യാനങ്ങളുണ്ടാവുകയും ഇന്ത്യന്‍, പേര്‍ഷ്യന്‍ സൂഫി പാരമ്പര്യത്തില്‍ അത് വിപുലമായ ഇടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഐനുല്‍ ഖുളാതിനെ പോലെ നേരത്തെ പ്രതിപാദിച്ച കുബ്‌റവിയ്യ, സുഹ്റവര്‍ദിയ്യ സൂഫി ധാരകളുടെ അധ്യാപനങ്ങളിലും ഗസാലിയുടെ സ്വാധീനം കാണാം. അവരില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട പേരുകളാണ് അബുന്നജീബ് അസ്സുഹ്‌റവര്‍ദി, അബൂ ഹഫ്‌സ് ഉമര്‍ അസ്സുഹ്‌റവര്‍ദി, നജ്മുദ്ദീന്‍ റാസി എന്നിവര്‍. പക്ഷേ അത്തരം സ്വാധീനം ഫരീദുദ്ദീന്‍ അത്താറിന്റെയും, ഫഖ്‌റുദ്ദീന്‍ ഇറാഖിയുടെയും എഴുത്തുകളിലുള്ളതുപോലെ സുവ്യക്തമല്ല. ഫഖ്‌റുദ്ദീനുല്‍ ഇറാഖിയുടെ ‘ലമആത്ത്’ ശൈലിയിലും ആശയത്തിലും സവാനിഹിനോട് കടപ്പെട്ടിട്ടുണ്ട്. സൂഫി ചിന്തയിലെ പ്രണയമെന്ന പ്രശ്‌നത്തിന് ധൈഷണികമായ ഒരു രൂപഭംഗി (intellectual architecture) വിഭാവനം ചെയ്യുന്ന സൂക്ഷ്മമായ മെറ്റാഫിസികിസ് ആണ് ഇറാഖി അവതരിപ്പിക്കുന്നത്. “അനുഭവവേദ്യമാകുന്ന ആത്മീയാവസ്ഥകൾ ഓരോന്നിന്റെയും സ്വരതാളത്തില്‍, പ്രണയത്തിന്റെ ഭിന്നതലങ്ങളെ സ്വവാനിഹിന്റെ ചുവടുപിടിച്ച് വിശദമാക്കുന്ന വചനങ്ങളാണിതെന്ന്” ലമആത്തിന്റെ തുടക്കത്തിൽ ഇറാഖി എഴുതുന്നുണ്ട്. അല്‍ ഗസാലിയെ പോലെ തന്നെ ഇറാഖിയും തന്റെ മെറ്റാഫിസിക്കല്‍ വ്യവഹാരങ്ങളുടെ ആകെത്തുക ഊന്നുന്നത് ‘പ്രണയത്തിലേർപ്പെടുന്നവരുടെ പിറവി പ്രണയത്തില്‍ നിന്നാണെന്ന’ സങ്കല്‍പത്തിലാണ്. മാത്രമല്ല, സര്‍വ്വ സത്യങ്ങളെയും അത് പ്രണയത്തിന്റെ പ്രകാശനമായി കാണുകയും ചെയ്യുന്നു. അവിടെ അനുരാഗിയും അനുരക്തനും പ്രണയവുമല്ലാതെ മറ്റൊന്നുമില്ല. അല്‍ ഗസാലിയുടെ സവാനിഹ് പോലെ ഇറാഖിയുടെ ലമആത് ഒരു സുന്ദരമായ കലാസൃഷ്ടിയും പ്രൗഢമായൊരു മെറ്റാഫിസിക്കല്‍ രചനയുമാണ്. ലമആത് പേര്‍ഷ്യന്‍ സൂഫിസത്തിലെ ഒരു പ്രധാന ഗ്രന്ഥമായി കരുതിപ്പോരുകയും, അബ്ദുറഹ്മാൻ ജാമി അതിനെഴുതിയ വ്യാഖ്യാനമായ ‘ഹാശിഅതു ലമആത്’ ഇറാനില്‍ ആധ്യാത്മിക ജ്ഞാനത്തിന്റെ പ്രാരംഭ പാഠമായി ഇപ്പോഴും ഉപയോഗിച്ചുവരികയും ചെയ്യുന്നു.

അഹ്മദ് അല്‍ ഗസാലിയുടെ ‘രിസാലതു ത്വൈര്‍’ ആണ് അത്താറിന്റെ പ്രസിദ്ധ രചനയായ ‘മൻത്വിഖുത്തുയൂറിന് (പക്ഷി സംഭാഷണം) രൂപരേഖ നല്‍കിയത്. പക്ഷികളുടെ സമാഗമം കൊണ്ടാണ് രണ്ട് രചനകളും ആരംഭിക്കുന്നത്. അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കെത്തന്നെ ഒരു നേതാവിന് വേണ്ടിയുള്ള ആവശ്യത്തില്‍ അവര്‍ ഒന്നിക്കുകയും അത്തരമൊരാളെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു. കാരണം, ‘രിസാലതു ത്വൈറി’ലെ പക്ഷികളുടെ അഭിപ്രായത്തിൽ “രാജാവിന്റെ പ്രതാപം നിഴലായ് നമുക്ക് മുകളിലില്ല എങ്കില്‍ ശത്രുക്കളില്‍ നിന്ന് നാം സുരക്ഷിതരായിരിക്കില്ല”. അനവധി പരീക്ഷണങ്ങള്‍ കടന്നുള്ള സഞ്ചാരങ്ങള്‍ക്കൊടുവില്‍ പക്ഷികള്‍ തങ്ങളുടെ അധികാരി സിമുര്‍ഗിനെ കണ്ടെത്തുന്നതാണ് രണ്ട് രചനകളും വിശദീകരിക്കുന്നതെങ്കിലും, അദ്ധ്യാത്മിക പ്രയാണമെന്ന ആശയത്തെ അത്താറിന്റെ മൻത്വിഖുത്തുയൂറാണ് കൂടുതൽ വിശദമായി ആവിഷ്‌ക്കരിക്കുന്നത്.

സയ്യിദ് ഹുസൈന്‍ നസ്‌റ് എഴുതുന്നു: “പക്ഷികള്‍ അവസാനം രാജസന്നിധിയില്‍ പ്രവേശിക്കാന്‍ പ്രാപ്തരാകുന്ന, ‘ദുരിതങ്ങൾ’ എന്ന ഗസാലിയന്‍ ഇതിവൃത്തമാണ് അദ്ദേഹം (അത്താര്‍) ഉപയോഗപ്പെടുത്തുന്നത്. പക്ഷേ അദ്ദേഹം ഉന്നതമായൊരു പ്രതലത്തിലൂടെ ആ തലവും കടന്നുപോകുന്നു. അവിടെ അഹം (self) ഇല്ലാതായിത്തീരുകയും പരം പൊരുൾ ഉയർത്തെഴുന്നേല്‍ക്കുകയും, അതിലൂടെ ഓരോ പക്ഷികളും സ്വന്തത്തെ തിരിച്ചറിയുന്നിടത്തേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അതല്ലേ “സ്വന്തത്തെ അറിഞ്ഞവന്‍ അവന്റെ പരിപാലകനെയും അറിഞ്ഞു”വെന്ന് അനുഗൃഹീത പ്രവാചകര്‍ പ്രതിവചിച്ചത്. സിമുര്‍ഗിനെ കണ്ടെത്താനുള്ള പ്രയാണത്തിനിടയില്‍ പക്ഷികള്‍ അവളുടെ സാന്നിധ്യത്തിന്റെ സൗന്ദര്യം മാത്രമല്ല കണ്ടെത്തുന്നത്, മറിച്ച് സർവ്വ ഉണ്മകളുടെയും സാകല്യമായ പരമസത്തയില്‍ സമ്പൂർണ്ണമായി അവരെത്തന്നെ പ്രതിഫലിച്ചു കാണുകയും ചെയ്യുന്നു.”

കൊളോണിയല്‍ കാലഘട്ടം വരെ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ മുസ്‌ലിംകളുടെ വ്യവഹാര ഭാഷ പേര്‍ഷ്യനായിരുന്നത് കൊണ്ട് പ്രണയത്തിന്റെ പേര്‍ഷ്യന്‍ പ്രഭാവങ്ങളുടെ സ്വാധീനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആഴത്തില്‍ കാണാമായിരുന്നു. ശെയ്ഖ് നിസാമുദ്ദീന്‍ ഔലിയ, നാസിറുദ്ദീന്‍ ചിറാഗി ദില്ലി, ബുര്‍ഹാനുദ്ദീന്‍ ഗരീബ്, റുക്‌നുദ്ദീന്‍ കാശാനി, ഗീസു ദറാസ് എന്നിവര്‍ അഹ്മദ് അല്‍ ഗസാലിയോടും, അയ്‌നുല്‍ ഖുളാതിനോടും കടപ്പെട്ടവരാണ്. ഗീസു ദറാസ് സവാനിഹ് സബ്ഖ് നടത്തിയതായും സ്വന്തം രചനയായ ‘ഹാസാഇറുല്‍ ഖുദ്‌സ്’ സവാനിഹിനോട് താരതമ്യം നടത്തിയിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പണ്ഡിതനും സൂഫി കവിയും സംഗീതജ്ഞനുമായ അമീര്‍ ഖുസ്രു അദ്ദേഹത്തിന്റെ കാലത്തെ ഒമ്പത് സാഹിത്യ ശൈലികളെ കാറ്റലോഗ് ചെയ്തപ്പോള്‍ പ്രഥമ സ്ഥാനം നല്‍കിയത് സൂഫി ശൈലിക്കായിരുന്നു. സൂഫി ശൈലിയെ അദ്ദേഹം രണ്ട് വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിക്കുന്നുണ്ട്. ഒന്നാമത്തേത്, വ്യത്യസ്ത സ്ഥാനങ്ങളിലുള്ള സൂഫികളുടേത്. രണ്ടാമത്തേത്, വ്യത്യസ്ത അവസ്ഥയിലുള്ളവരുടേത്. ഉദാഹരണമായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്, അല്‍ ഗസാലിയുടേയും, അയ്‌നുല്‍ ഖുളാത് ഹമദാനിയുടെയും രചനകളാണ്. അതിനു പുറമെ, മുഗള്‍ രാജാവായിരുന്ന ദാരാ ശുകൊ തന്റെ കൃതിയായ ‘ഹഖ് നുമാ’യുടെ അകക്കാമ്പ് സവാനിഹ്, ഇബ്‌നു അറബിയുടെ ‘ഫുസൂസുല്‍ ഹികം’, ‘ഫുതൂഹാത്തുല്‍ മക്കിയ്യ്’, ഇറാഖിയുടെ ‘ലമആത്ത്’, ജാമിയുടെ ‘ലവാമിഅ’, ‘ലവാഇഹ്’ എന്നിവയില്‍ നിന്നാണെന്ന് പ്രസ്താവിക്കുന്നുണ്ട്. അത്തരം റഫറന്‍സുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സവാനിഹിന്റെ സാനിധ്യവും സ്വാധീനവും തുറന്നുകാട്ടുന്നുണ്ട്. ഇനി, സവാനിഹിനെ പരിഗണിക്കപ്പെടുമ്പോൾ തന്നെ, ഇന്ത്യന്‍ സൂഫിസത്തിന്റെ വ്യവഹാരങ്ങളില്‍ അയ്‌നുല്‍ ഖുളാതിന്റെ ‘തംഹീദാത്ത്’ ആണ് കൂടുതല്‍ ആഴമുള്ള പങ്ക് വഹിച്ചത് എന്നും കാണാവുന്നതാണ്.


വിവർത്തനം: ശമീൽ പൈലിപ്പുറം
Featured Image: A Persian miniature depicting the medieval saint and mystic Ahmad Ghazali (d. 1123), brother of the famous Abu Hamid al-Ghazali (d. 1111), talking to a disciple, from the Meetings of the Lovers (1552)

സവാനിഹ് മലയാളത്തിലേക്ക് എ.കെ അബ്ദുൽ മജീദ് വിവർത്തനം ചെയ്തിട്ടുണ്ട്
Publisher : Other books
Published Year 2019

English PDF : Ahmad Ghazali – Sawanih

Author

Associate professor of Quranic studies at the College of Islamic Studies, Hamad Bin Khalifa University

Comments are closed.