ബ്രസീലിലെ ഇസ്‌ലാമിക അനുഭവങ്ങൾ തേടിയുള്ള യാത്രയുടെ ആദ്യ ഭാഗം

സാവോ പോളോ വിമാനത്താവളത്തിൽ ​ഇറങ്ങുമ്പോൾ എനിക്കവിടെ പറയത്തക്ക ബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മുപ്പതിലധികം ബ്രസീലിയൻ സ്ലോണീസിന് (Sloanies: alum of MIT’s Sloan School of Management ) നിരന്തരം വിളിക്കുകയും വാട്സ് ആപ്പിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരിടത്തു നിന്ന് പോലും മറുപടിയുണ്ടായില്ല. “ലെബനീസുകളും സിറിയക്കാരും അതിന് പുറമെ ഇവിടത്തുകാർ ആയ മുസ്‌ലിംകളും ഉണ്ട്, പക്ഷേ ഒരാളെ പോലും എനിക്കറിയില്ല” ഞാൻ മനസ്സിൽ പറഞ്ഞു.

ബ്രസീലിലെ മുസ്‌ലിം ജനസംഖ്യ ഏകദേശം 37000നും മില്യണിലും ഇടയിലാണ് (കണക്കുകൾ കൃത്യമല്ല): പക്ഷേ ഇസ്‌ലാം ബ്രസീലിൽ പുതിയതല്ല. പതിനാറാം നൂറ്റാണ്ടിൽ മോചിതരായ ആഫ്രിക്കൻ അടിമകളിലൂടെ ഇസ്‌ലാം ബ്രസീലിൽ എത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തോടെ അടിമകൾ അവരുടെ മതത്തിൻ്റ കീഴിൽ ഒരുമിച്ച് കൂടി ചൂഷകർക്കെതിരെ വിപ്ലവം (Male Revolt) നടത്തി. വിപ്ലവത്തെ തുടർന്ന്, ഇസ്‌ലാം അടിമ സമൂഹങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ഐക്യത്തിൻ്റെ ശക്തി വലുതാണെന്ന് ബ്രസീലിലെ അധികാര വർഗ്ഗങ്ങൾക്ക് ബോധ്യപ്പെട്ടു. ഒരു നൂറ്റാണ്ടിന് ശേഷം ബ്രസീലിൽ അറബ് മുസ്‌ലിംകൾ വന്നുചേർന്നു. സാവോ പോളോയെക്കുറിച്ച് പകുതി ഇറ്റാലിയൻ, പകുതി സിറിയൻ, പകുതി ലബനീസ് എന്ന് തമാശയായി പറയപ്പെടാറുണ്ട്.

b6
1835ലെ റമദാൻ ഇരുപത്തി ഏഴാം രാവിനാണ് ബ്രസീൽ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കൻ അടിമകളുടെ കലാപമായ Male Revolt ആരംഭിച്ചത്. ഖുർആൻ അധ്യയങ്ങൾ മാലയിൽ കോർത്തും വെള്ള വത്രങ്ങളണിഞ് കീശയിൽ പ്രാർത്ഥതനകളും കരുതിയാണ് അവർ ചൂഷകർക്കെതിരെ കലാപത്തിനിറങ്ങിയത്. കലാപത്തെക്കുറിച്ച് വിശദമായി മറ്റൊരു അദ്ധ്യായത്തിൽ. ഇൻഷാ അല്ലാഹ്. ചത്രത്തിന് കടപ്പാട് Tom Lança -എഡിറ്റർ

ഞാൻ സാവോ പോളോയിലെ ബ്ലൂ ഹൗസ് ഹോസ്റ്റലിൽ എത്തി. ഒരു രാത്രി ഉറങ്ങാൻ 10 ഡോളർ കൊടുക്കേണ്ട ആ ഹോസ്റ്റലിൽ റാഷിദ് എന്ന ചെറുപ്പക്കാരനാണ് എന്നെ സ്വീകരിച്ചത്. തികച്ചും ആകസ്മികമായിരുന്നു ആ കണ്ടുമുട്ടൽ. റാഷിദ് ഹോട്ടൽ മുതലാളിയും മാനേജരുമാണ്. അതിലുപരി അദ്ദേഹം ഒരു സിറിയകാരനാണ്. അറേബ്യൻ പൈതൃകം തിരിച്ചറിഞ്ഞപ്പോൾ ഞങ്ങളുടെ സംസാരം പെട്ടെന്ന് തന്നെ അറബി ഇംഗ്ലീഷ് മിശ്ര ഭാഷയിലേക്ക് മാറി. അത് സംഭാഷണം കൂടുതൽ സുഗമമാക്കി. അദ്ദേഹം ഒരിക്കലും സിറിയയിലേക്ക് വന്നിട്ടില്ലെങ്കിലും 27 കൊല്ലങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ അവിടെ നിന്നും കുടിയേറുമ്പോൾ തന്നെ മകൻ അറബി പഠിക്കണമെന്ന ദൃഢനിശ്ചയം കൈക്കൊണ്ടിരുന്നു. ഞാനെന്റെ ലക്ഷ്യം പറഞ്ഞപ്പോൾ റാഷിദ് അത്ഭുതം കൂറി. ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് ഫോട്ടോ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിൻ്റെ അനിവാര്യതയെ അവൻ മനസ്സിലാക്കി. എന്റെ കുടുംബം ഈയടുത്താണ് താമസിക്കുന്നതെന്നും അവർ ഹിജാബ് ധരിക്കുന്നവരാണെന്നും അവരെ നിങ്ങൾ കാണണമെന്നും റാഷിദ് വളരെ താൽപര്യത്തോടെ എന്നോട് പറഞ്ഞു.

ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഫോട്ടോഗ്രാഫിയിലും ഡിഗ്രി ചെയ്യുന്നതിനോടൊപ്പം തന്നെ റാഷിദ് മുഴുവൻ സമയവും ജോലി ചെയ്യുന്നുണ്ട്. ഞങ്ങൾ കുറച്ചു സമയം ഫോട്ടോഗ്രാഫിയെ കുറിച്ച് സംസാരിച്ചു. പിന്നീട് താൽപര്യമുള്ള മറ്റു വിഷയങ്ങളിലേക്ക് കടന്നു. “എന്റെ മാതാപിതാക്കൾ വലിയ മത വിശ്വാസികളാണ് പക്ഷേ ഞാൻ അങ്ങനെയല്ല” മുസ്‌ലിമായ ബ്രസീലുകാരൻ്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ റാഷിദ് വ്യക്തമാക്കി. പക്ഷേ ആരെങ്കിലും നിന്നോട് നീ മുസ്‌ലിമാണോ എന്ന് ചോദിച്ചാൽ അതേ എന്നായിരിക്കുമോ മറുപടി? ഞാൻ ചോദിച്ചു.
ഏകദേശം ശരിയാണ് എന്നായിരുന്നു റാഷിദിൻ്റെ മറുപടി. “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ ഞാനൊരു നല്ല മനുഷ്യനാകുന്ന കാലത്തോളം ഏതു മതത്തിൽ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് അർത്ഥമില്ല” അവൻ വിശദീകരിച്ചു.

b2

റാഷിദിന്റെ മാതാപിതാക്കൾ നോമ്പ് എടുക്കാനോ നമസ്കരിക്കാനോ അവനെ നിർബന്ധിച്ചിട്ടില്ലത്രേ. അവർ മകന്റെ ആഗ്രഹങ്ങളെ മാനിച്ചപ്പോൾ അവൻ അവരുടെ വിശ്വാസങ്ങളെ ബഹുമാനിച്ചു. അങ്ങനെയൊക്കെ ആണെങ്കിലും റാഷിദിന്റെ അനറബി സ്ത്രീകളോടുള്ള താൽപര്യത്തെ ഉപ്പ എതിർത്തിരുന്നു. സമയമാകുമ്പോൾ അവനൊരു അറബി പെണ്ണിനെ കല്യാണം കഴിക്കുമെന്ന് ഉപ്പ പറഞ്ഞു. അടുത്ത് തന്നെയുള്ള അവരുടെ കുടുംബത്തെ സന്ദർശിക്കാൻ ഞങ്ങൾ പോയി.

ഒരു ചെറിയ കുട്ടി എന്നെ സ്വീകരിച്ച് മുഹമ്മദ് എന്ന് സ്വയം പരിചയപ്പെടുത്തി. അവന് മൂന്നു വയസ്സ് പ്രായമുണ്ട്. അവനെ കണ്ടപ്പോൾ എൻ്റെ സഹോദരി പുത്രനെയാണ് ഓർമ്മ വന്നത്. അവർ രണ്ട്പേരും ഒരേ ടിവി ചാനലുകൾ തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മുഹമ്മദിന്റെ ഉപ്പ ഇയാദ് റാഷിദിന്റെ രണ്ടാമത്തെ കസിനാണ്. സിവിൽ വാറിൽ നിന്നും രക്ഷപ്പെട്ടു പോന്ന ലക്ഷക്കണക്കിന് സിറിയക്കാരിൽ ഒരാളാണ് അദ്ദേഹം.

b4

വൈകുന്നേരമായപ്പോൾ ഇയാദ് ഹോസ്റ്റലിലേക്ക് വന്നു. ഞാൻ കളിച്ചുകൊണ്ടിരുന്ന എക്സ് ബോക്സ് ഫിഫ ഗെയിമിനൊപ്പം ചേർന്നു. അതിനിടയിൽ ചില ഗൗരവമേറിയ കാര്യങ്ങൾ ഞങ്ങളുടെ സംസാരത്തിൽ കടന്ന് വന്നു. ബ്രസീലിലെ മുസ്‌ലിംകളെ കുറിച്ചും സിറിയയിലെ അവസ്ഥകളെക്കുറിച്ചും ഐസിസിനെക്കുറിച്ചും (ISIS) എല്ലാം ചർച്ച ചെയ്തു. ഇയാദ് മക്കൾക്ക് എപ്രകാരം ഇസ്‌ലാമിനെ പരിചയപ്പെടുത്തി കൊടുക്കണം എന്നതിനെക്കുറിച്ച് ധാരണയുള്ള ആളാണ്. അതിലുപരി അറബി ഭാഷ എങ്ങനെ പഠിപ്പിച്ചു കൊടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം ബോധവാനാണ്. ബ്രസീൽ, അറേബ്യൻ സമൂഹത്തിന്റെ അടുത്ത് ആയിരുന്നെങ്കിൽ എന്ന് അദ്ദേഹം ആശിച്ചു. അങ്ങനെയെങ്കിൽ ഇവർക്ക് കൂടുതൽ മതമൂല്യങ്ങളും ഭാഷയും ഉൾക്കൊണ്ട് ജീവിക്കാമായിരുന്നു.

സിറിയ വിട്ടു വരേണ്ടിയിരുന്നില്ല എന്നും എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ആഭ്യന്തര യുദ്ധത്തിന് ഒരു നല്ല പരിഹാരം കാണാമായിരുന്നു എന്നും അദ്ദേഹം ചില രാത്രികളിൽ ചിന്തിക്കും. പക്ഷേ അതെല്ലാം വെറും ആഗ്രഹങ്ങൾ മാത്രമായി മാറിയിരിക്കുന്നു. സിറിയയിൽ ജീവിച്ചിരുന്നെങ്കിൽ ബശാറുൽ അസദിന്റെ നിർബന്ധിത സൈനിക സേവനത്തിന് പാത്രമാവേണ്ടിവരുമായിരുന്നു. ഇടക്ക് സംസാരം നിർത്തി അൽപ്പം ചിന്തിച്ചുകൊണ്ട് ബാങ്ക് വിളിയുടെ അഭാവം തീർത്താൽ തീരാത്ത നഷ്ടമാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

b3

രാത്രി അവസാനിക്കാറായപ്പോൾ ഇയാദ് ഒരു കപ്പ് കോഫിയുമായി വന്നു. സിറിയയിൽ അദ്ദേഹം സാക്ഷ്യം വഹിച്ച ക്രൂരതകളെക്കുറിച്ച് സംസാരിച്ചു. രാസായുധങ്ങൾ ആദ്യമായി ഉപയോഗിച്ച രാത്രിയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. വളരെ ശാന്തനായാണ് അദ്ദേഹം ഇതെല്ലം പറഞ്ഞത്. കേട്ടുകൊണ്ടിരുന്ന ഞാൻ അപ്പോൾ സങ്കടവും, നടുക്കവും കാരണം വാക്കുകൾ കിട്ടാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്.


തുടർന്ന് വായിക്കുക: ബ്രസീലിനെ രൂപപ്പെടുത്തിയ ബാഹിയ അടിമ വിപ്ലവം
വിവർത്തനം: ഇർഷാദ് മരക്കാർ

Comments are closed.