പരമ്പരാഗതം, ആധുനികം, യാഥാസ്ഥിതികം, പുരോഗമനപരം, മതപരം, മതേതരം, നവോത്ഥാനം, പുനരുദ്ധാനം തുടങ്ങിയ ലളിതമായ തരംതിരിക്കലുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നല്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (സമസ്ത)യുടെ ചരിത്രവും വർത്തമാനവും. ഇത്തരം ലളിതവും വക്രീകരിക്കപ്പെട്ടതുമായ തരംതിരിക്കലുകൾ കേരളത്തിലെ മുസ്ലിം സമുദായ രൂപീകരണത്തിലെ ചരിത്രപരതയേയും സങ്കീർണമായ സാമൂഹിക അടരുകളെയും മറച്ചുവെക്കുകയും സമുദായത്തെ കുറിച്ചുള്ള ഏകതാനമായ ഒരു വിവരണത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ചരിത്രപരമായ പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ ദൈവീകത, ദൈവികമായ അധികാര വ്യവസ്ഥകൾ, പ്രവാചക മാതൃകകൾ, തുടങ്ങി സാമൂഹിക ജീവിതവും വ്യവസ്ഥിതിയുമെല്ലാം എങ്ങനെ പുനഃക്രമീകരിക്കണം എന്നതിനെക്കുറിച്ച് സമുദായത്തിനകത്തു തന്നെ ലഭ്യമായ വൈവിധ്യപൂർണമായ കാഴ്ചപ്പാടുകൾക്കകത്തു നിന്നും മുസ്ലിം പ്രസ്ഥാനങ്ങളെ മനസ്സിലാക്കാനുള്ള ശ്രമങ്ങളെ ഈവക തരം തിരിക്കലുകൾ റദ്ദു ചെയ്യുന്നു. ഭക്തിസാന്ദ്രമായ വിശ്വാസ പാരമ്പര്യങ്ങളെ സംരക്ഷിക്കുക, മതപരമായ നേതൃത്വത്തെ വ്യവസ്ഥാപിതമാക്കുക, വിദ്യാഭ്യാസ ശൃംഖലകൾ വ്യാപിപ്പിക്കുക, സുസ്ഥിരമായ ഒരു മുസ്ലിം സാമൂഹിക ഭരണം കെട്ടിപ്പടുക്കുക എന്നിവയിലൂന്നി സുന്നി ഇസ്ലാമിന്റെ ദൈവീക കാഴ്ചപ്പാടുകളെ സ്ഥാപനവൽക്കരിക്കുന്നതിൽ വിജയിച്ചു എന്നതാണ് മലയാളി മുസ്ലിംകൾക്കും അതിനു പുറത്തേക്കും വളർന്ന സമസ്തയുടെ (1926-2026) ഒരു നൂറ്റാണ്ട് നീണ്ട സ്വാധീനത്തിനു പിന്നിലെ പ്രധാന ഘടകം. മലയാളി മുസ്ലിംകൾക്കിടയിൽ നിന്നു തന്നെ പലപ്പോഴായി രൂപം കൊണ്ട മറ്റുചില മതപരിഷ്കരണ-പുനരുദ്ധാരണ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, ആധുനികതയെ ചെറുക്കുന്നതിനോ വാരിപ്പുണരുന്നതിനോ പകരം, തങ്ങളുടെ മതപരവും സാമൂഹികവുമായ മുൻഗണനകൾക്കനുസരിച്ച് ആധുനികതയെ രൂപപ്പെടുത്താനും പരുവപ്പെടുത്താനുമാണ് സമസ്ത പൊതുവിൽ ശ്രമിച്ചതും ശ്രദ്ധിച്ചതും. അതുകൊണ്ടുതന്നെ കേവലം ഒരു മത പണ്ഡിത സംഘടന എന്ന നിലയിൽ മാത്രം സമസ്തയെ പരിചയപ്പെടുത്തുന്നതോ വിലയിരുത്താൻ ശ്രമിക്കുന്നതോ അപൂർണമായിരിക്കും. ഇത്തരമൊരു വിമർശന വീക്ഷണകോണിലൂടെ നോക്കുമ്പോൾ, സമസ്ത എന്നത് കേവലം ഇസ്ലാമിക ആചാരാനുഷ്ഠാന പാരമ്പര്യത്തിന്റെ സംരക്ഷകർ മാത്രമല്ല, മറിച്ച് മലയാളി മുസ്ലിംകൾക്കിടയിൽ ‘മുസ്ലിം ആധുനികത’യുടെ ഒരു വകഭേദം തന്നെ രൂപപ്പെടുത്തിയ ചിന്താ പ്രസ്ഥാനമായിരുന്നു എന്നു മനസ്സിലാക്കേണ്ടിവരും.
തരംതിരിക്കലുകൾക്കപ്പുറത്തെ ചരിത്രം
സമസ്തയുടെ ആവിർഭാവ ചരിത്രം കുറേക്കൂടി വിശാലവും സങ്കീർണവുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോക തലത്തിലും ദേശീയ തലത്തിലും പ്രാദേശികമായും മുസ്ലിംകൾ പൊതുവായും മലയാളി മുസ്ലിംകൾ പ്രത്യേകിച്ചും അഭിമുഖീകരിച്ച ഒട്ടേറെ പ്രതിസന്ധികളുടെ അടരുകളിലൂടെ വേണം സമസ്തയുടെ രൂപീകരണത്തെ വായിച്ചെടുക്കാൻ. ആഗോള തലത്തിൽ ഓട്ടോമൻ ഖിലാഫത്തിന്റെയും ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം രാജവംശങ്ങളുടെയും തകർച്ച, ബ്രിട്ടീഷ് വിരുദ്ധ/ദേശീയ സ്വാതന്ത്ര സമരത്തിലെ ഉൾപ്പിരിവുകൾ, മദ്രാസ് പ്രസിഡൻസിയിലെ രാഷ്ട്രീയ ചലനങ്ങൾ, 1921-ലെ മലബാർ സമരങ്ങളുടെ അനന്തരഫലങ്ങൾ തുടങ്ങിയ ഘടകങ്ങളുടെയെല്ലാം പ്രതിഫലനം സമസ്തയുടെ രൂപീകരണത്തിൽ പലനിലക്ക് മുഴച്ചു നിൽക്കുന്നതായി കാണാം. മുസ്ലിംകൾ ന്യൂനപക്ഷമായി നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ എന്തായിരിക്കണം ഇസ്ലാമിക വിശ്വാസത്തിന്റെ നിലയും സ്വഭാവവും എന്നതായിരുന്നു ഈ ചരിത്രസന്ദർഭം ഉയർത്തിയ മർമപ്രധാന ചോദ്യം. ഇതോടൊപ്പം, 1921-ലെ മലബാർ സമരങ്ങൾ മാപ്പിള മുസ്ലിം സമൂഹത്തെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുകയും സാമ്പത്തികമായി തകർക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ ദേശീയ സ്വതന്ത്ര സമരമായി പരുവപ്പെട്ടുവന്ന ഈ ഘട്ടം മുസ്ലിംകളെ സംബന്ധിച്ചടുത്തോളം വലിയ തോതിലുള്ള അന്തഃസംഘർഷങ്ങളുടേത് കൂടിയായിരുന്നു. ഈ അന്തഃസംഘർഷങ്ങളെ കേവലം ബ്രിട്ടീഷ് അനുകൂലം, ബ്രിട്ടീഷ് വിരുദ്ധം അല്ലെങ്കിൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തുടങ്ങിയ ഏതെങ്കിലും കളങ്ങളിൽ മാത്രം ഒതുക്കാൻ കഴിയുന്നതും ആയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുസ്ലിംലോകത്തു നടന്ന ഈ സംഭവ വികാസങ്ങളെ സമീപകാല മുസ്ലിം ചരിത്രത്തിൽ ഒട്ടേറെ വഴിത്തിരുവുകളുണ്ടാക്കിയ സന്ദർഭം എന്ന നിലയിലാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ലോകത്താകമാനം തന്നെ മുസ്ലിംകൾക്കിടയിൽ വലിയ പരിവർത്തനങ്ങൾക്ക് ഈ സന്ദർഭം വഴിയൊരുക്കുന്നുണ്ട്. കൊളോണിയൽ ഇന്ത്യയിലാകട്ടെ, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തകർച്ചക്കും സ്വാതന്ത്ര്യത്തിനും ഇടയിലെ സവിശേഷമായ ഘട്ടത്തിലെ രാഷ്ട്രീയ ചലനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം സാംസ്കാരിക രാഷ്ട്രീയ പരിതഃസ്ഥിതികൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ ഇത്തരം ചരിത്ര സന്ദർഭങ്ങളിൽ നിന്നെല്ലാം അടർത്തിമാറ്റിക്കൊണ്ടുള്ള ആഖ്യാനങ്ങൾക്കാണ് കേരളത്തിലെ മുസ്ലിം സംഘടനകളെ വിലയിരുത്തുമ്പോൾ പൊതുവേ മേൽക്കൈ ലഭിക്കാറുള്ളത്. ഈ വഴിത്തിരിവുകളുടെയും ഉൾപിരിവുകളുടെയും അനുരണനങ്ങളൊന്നും അത്തരം ചരിത്ര വിവരണങ്ങളിൽ പ്രതിഫലിച്ചു കാണാറുമില്ല.
1921 ൽ നിഷ്പക്ഷ സംഘം എന്ന പേരിൽ കൊടുങ്ങല്ലൂരിലെ ഏറിയാട്ട് രൂപം കൊണ്ട, പിന്നീട് കേരള മുസ്ലിം ഐക്യ സംഘവും 1924ൽ ആലുവായിൽ വെച്ച് കേരള ജംഇയ്യത്തുൽ ഉലമയും ആയി രൂപാന്തരം പ്രാപിച്ച സലഫി/ഇസ്ലാഹി ആശയ പ്രചാരണ സംവിധാനങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടി രൂപം കൊണ്ട ഒരു റിയാക്ഷണറി മൂവ്മെന്റ് എന്ന നിലക്കാണ് സമസ്തയുടെ ഉത്ഭവത്തെ കുറിച്ച് പൊതുവെ പറഞ്ഞുപോരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിലും, മദ്രാസ് പ്രസിഡൻസിയിലും ബ്രിട്ടീഷ് ഇന്ത്യയിലും മുസ്ലിം ലോകത്തും നടന്ന സങ്കീർണമായ സാമൂഹികവും രാഷ്ടീയവും ദൈവശാസ്ത്രപരവുമായ സന്നിഗ്ധതകളെ ഈ ആഖ്യാനങ്ങൾ ഒട്ടും മുഖവിലക്കെടുക്കാറില്ല. അതുകൊണ്ടുതന്നെ ഒരുഭാഗത്ത് വാഴ്ത്തുപാട്ടുകളുടെ സ്വഭാവം കൈവരിച്ച ചരിത്രാഖ്യാനങ്ങളിലൂടെയും മറുഭാഗത്ത് ഇകഴ്ത്തലുകൾ ലക്ഷ്യമാക്കിയുള്ള ആഖ്യാനങ്ങളിലൂടെയുമാണ് സമസ്തയെ കുറിച്ചുള്ള പൊതു ചരിത്രം രൂപപ്പെട്ടതും വലിയൊരളവിൽ ഇപ്പോഴും നിലനിൽക്കുന്നതും. സമസ്തയുടെ ഉത്ഭവ ചരിത്രത്തെ കുറിച്ചു പറഞ്ഞുപോരുന്ന ഇത്തരം ആഖ്യാനങ്ങൾ മുസ്ലിം സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്ര രചനാ രംഗത്ത് പൊതുവെ തുടർന്നു പോരുന്ന രീതിശാസ്ത്രങ്ങളുടെയും സമ്പ്രദായങ്ങളുടെയും പരിമിതി കൂടി വെളിപ്പെടുത്തുന്നുണ്ട്. ഇക്കാരണത്താൽ കേരളത്തിന്റെ പൊതു ചരിത്രത്തിലും സവിശേഷമായ മുസ്ലിം ചരിത്രത്തിലും സമസ്തയും ഉലമാക്കളുടെ ചരിത്രവും ഒരു തമോഗർത്തമായി ഇപ്പോഴും തുടരുകയാണ്.
സമസ്തയുടെ പിൽക്കാല പ്രവർത്തനങ്ങളെയും സമീപനങ്ങളെയും നിലപാടുകളെയും കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കണമെങ്കിൽ സമസ്തയെ അതിന്റെ രൂപീകരണ പശ്ചാത്തലത്തിൽ വെച്ച് കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് ഈ ലേഖനം പ്രധാനമായും ഉന്നയിക്കുന്ന വാദം. ആ തുടക്കത്തെ കൂടുതൽ വിശാലമായി മനസ്സിലാക്കാനുള്ള ഒരു ചർച്ചയിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ മാത്രമാണ് ഈ ലേഖനം. ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം വൈജ്ഞാനിക ചിന്തയുടെയും ബൗദ്ധിക ചരിത്രത്തിന്റെയും പശ്ചാത്തലങ്ങളും ഇതിൽ പ്രധാനമാണ്. സമസ്തയുടെ രൂപീകരണ ചരിത്രത്തെ അതിന്റെ ഇനിയും വിശദമാക്കപ്പെടാത്ത സങ്കീർണതകളോടെ മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ടു പേർ അഅലാ ഹസ്രത്ത് എന്നറിയപ്പെടുന്ന അഹമദ് രിസാ ഖാൻ ബറേൽവി (മരണം. 1921) യും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനും ഖലീഫയുമായ അല്ലാമാ അഹമദ് കോയ ശാലിയാത്തി (മരണം. 1954) യുമാണെങ്കിൽ അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാന ഘടകം മദ്രാസ് പ്രസിഡൻസിയിൽ രൂപം കൊണ്ട നോൺ-ബ്രാഹ്മിൺ രാഷ്ട്രീയ കൂട്ടായ്മയായ ജസ്റ്റിസ് പാർട്ടി ആണ് എന്ന കാഴ്ചപ്പാടും ഈ ലേഖനം മുന്നോട്ടുവെക്കുന്നു. ഇത്തരത്തിൽ സമസ്തയുടെ സങ്കീർണമായ തുടക്കത്തിന്റെ ചരിത്രത്തെ സൂക്ഷ്മതയോടെ മനസ്സിലാക്കണമെങ്കിൽ അതിനെ മലബാറിൽ മാത്രം തളച്ചു നിർത്താതെ പുറമേക്ക്, പ്രത്യേകിച്ചും മദ്രാസ് പ്രസിഡൻസിയിലേക്കും, ഹൈദരാബാദ് നാട്ടുരാജ്യത്തേക്കും ഇസ്താംബൂളിലെ ഓട്ടോമൻ തുർക്കികളിലേക്കും ഈജിപ്തിലെ സലഫി മൂവ്മെന്റിലേക്കും സഊദി അറേബ്യയിലെ വഹാബി സ്റ്റേറ്റിന്റെ രൂപീകരണത്തിലേക്കുമെല്ലാം കൊണ്ടുപോയി മനസ്സിലാക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് ഭരണം, ദേശീയത, ഖിലാഫത്ത്: അഅലാ ഹസ്രത്തിന്റെ രാഷ്ട്രീയ ചിന്തകൾ
മുസ്ലിംകളെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കാൻ മഹാത്മാ ഗാന്ധി ഉൾപ്പടെയുള്ളവർ കണ്ടെടുത്ത ഖിലാഫത്ത് പ്രസ്ഥാനത്തോട് വിയോജിച്ച വലിയൊരു വിഭാഗം മുസ്ലിംകൾ ഇവിടെ ഉണ്ടായിരുന്നു. ഒരേ സമയം ബ്രിട്ടീഷ് വിരുദ്ധതയും, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉള്ളടക്കത്തോട് എതിർപ്പും, ഓട്ടോമൻ ഖിലാഫത്ത് എന്ന പരികല്പനയോട് തന്നെയും വിയോജിപ്പും പുലർത്തിപ്പോന്ന മുസ്ലിം പണ്ഡിതന്മാർ ആയിരുന്നു ഈ ധാരയുടെ നേതൃനിരയിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയെ ദാറുൽ ഹർബായി ( ശത്രു രാജ്യം) പരിഗണിക്കാമോ, ഇന്ത്യയിൽ നിന്നും ഹിജ്റ പോകണോ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ദേശീയതയുടെ മുസ്ലിംകളോടുള്ള സമീപനം എന്താണ്, വിശ്വാസപരമായ ജീവിതം പുലർത്താൻ ബ്രിട്ടീഷ് ഭരണമാണോ അതോ തീവ്ര ദേശീയതയിലേക്ക് പതിയെ തെന്നിമാറിക്കൊണ്ടിരിക്കുന്ന ഒരിന്ത്യൻ ഭരണകൂടമാണോ കൂടുതൽ അഭികാമ്യം, ഓട്ടോമൻ രാജാക്കന്മാരെ മതപരമായി സാധുതയുള്ള ഇസ്ലാമിക ഖിലാഫത്തായി പരിഗണിക്കാൻ പറ്റുമോ തുടങ്ങിയ ദൈവശാസ്ത്രപരമായ ചോദ്യങ്ങളിലൂടെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഈ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ ഇന്ത്യയിലെ മുസ്ലിം പണ്ഡിതന്മാർ മനസ്സിലാക്കാൻ ശ്രമിച്ചത്. സുന്നി മുസ്ലിം പരിസരത്തുനിന്നും ഈ ആലോചനകൾക്ക് വലിയ തോതിൽ നേതൃത്വം നൽകിയ ഒരാൾ അഅലാ ഹസ്രത്ത് അഹ്മദ് രിസാ ഖാൻ ബറേൽവി ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ തേടി ഗാന്ധി അഅലാ ഹസ്രത്തിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ താല്പര്യമില്ലെന്നറിയിച്ചൊഴിയുകയായിരുന്നു അഅലാ ഹസ്രത്ത് ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യയെ ദാറുൽ ഹർബ് ആയി പരിഗണിക്കണമെന്നും അതുകൊണ്ട് മുസ്ലിംകൾക്ക് ഇവിടെ നിന്നും ഹിജ്റ പോകാൻ ബാധ്യതയുണ്ട് എന്നുമുള്ള മൗലാനാ അബ്ദുൽ ബാരി (മരണം.1926) യെ പോലുള്ളവരുടെ ആഹ്വാനത്തെ നിരാകരിച്ചുകൊണ്ട്, ബ്രിട്ടീഷ് ഇന്ത്യ ദാറുൽ ഇസ്ലാം ആണെന്ന വാദം പോലും അദ്ദേഹം ഉയർത്തി. നിസ്സഹകരണ പ്രസ്ഥാനത്തോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നിസഹകരണത്തിന്റെ ഭാഗമായി മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ചുപോന്നിരുന്ന സ്റ്റൈപ്പന്റ് വാങ്ങരുതെന്ന് അബുൽ കലാം ആസാദ് (മരണം.1958) ആഹ്വാനം ചെയ്തപ്പോൾ, അതിനെ എതിർത്തുകൊണ്ടെഴുതിയ ദീർഘമായ ഫത്വയാണ് അഅലാ ഹസ്രത്തിന്റെ അവസാന രചനകളിലൊന്ന്. ബ്രിട്ടീഷ് ഭരണത്തിനു എതിരു നിൽക്കാൻ നിലവിൽ മതപരമായ കാരണങ്ങൾ ഇല്ലെന്ന വാദവും അദ്ദേഹത്തിനുണ്ടായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വ അനുകൂലം എന്നു എളുപ്പത്തിൽ ചാപ്പകുത്താം എന്നു തോന്നാമെങ്കിലും അത്ര ലളിതമായിരുന്നില്ല ഈ നിലപാടുകൾ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും ദേശീയ സമരത്തെയും കോൺഗ്രസ് നേതൃത്വത്തെയും മുസ്ലിം ഖിലാഫത്തിനെ കുറിച്ചുമെല്ലാം തികച്ചും സങ്കീർണവും പരിണാമവിധേയവുമായ ഒരു നിലപാടായിരുന്നു അഅലാ ഹസ്രത്ത് സ്വീകരിച്ചു പോന്നത്. അദ്ദേഹം ബ്രിട്ടീഷ് അധിനിവേശത്തെ നിരുപാധികം പിന്തുണച്ച ഒരാളോ, ലളിതവൽക്കരിക്കപ്പെട്ട കൊളോണിയൽ വിരുദ്ധ ദേശീയവാദിയോ ആയിരുന്നില്ല. തുർക്കി ആസ്ഥനമായ ഖിലാഫത്തിനെ കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സങ്കീർണമായിരുന്നു. ഖുറൈശികൾ അല്ലാത്തതിനാൽ ഉസ്മാനികളെ ഇസ്ലാമിക ഖിലാഫത്തിന്റെ അവകാശികളായി പരിഗണിക്കാൻ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തുർക്കി ഖിലാഫത്തിനെ ഇവ്വിധം താത്വികമായി എതിർത്തുവെങ്കിലും, പ്രായോഗികമായി അനുകൂലിക്കുന്ന സമീപനങ്ങളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനു എതിരു നിൽക്കാൻ നിലവിൽ മതപരമായ ന്യായങ്ങൾ ഇല്ലെന്നു പറയുമ്പോഴും ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള തന്റെ വിയോജിപ്പുകൾ പല രീതികളിൽ അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്. വിക്ടോറിയ രാഞ്ജിയുടെ ഫോട്ടോയുള്ള തപാൽ സ്റ്റാമ്പുകൾ സ്ഥിരമായി തലതിരിച്ചൊട്ടിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നുവെന്ന കാര്യം ജീവചരിത്രകാരിയായ ഉഷ സന്യാൽ എടുത്തുദ്ധരിക്കുന്നുണ്ട്.
ഇങ്ങനെ ബ്രിട്ടീഷ് ഭരണം, ഇന്ത്യൻ സ്വയം ഭരണം എന്ന ദ്വന്ദത്തിൽ നിന്നും മാറി നിന്നുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം ചോദ്യത്തെ മനസ്സിലാക്കാനാണ് അഅലാ ഹസ്രത്ത് പ്രഥമ പരിഗണന നൽകിയത്. കോൺഗ്രസിനൊപ്പം അണിനിരക്കണമെന്ന ആഹ്വാനത്തെ തള്ളിക്കളഞ്ഞു കൊണ്ടും ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ അക്കാലത്ത് ശക്തിപ്രാപിച്ചു കൊണ്ടിരുന്ന വിവിധ തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മുസ്ലിംകൾക്കും അവരുടെ ആരാധനാലയങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും അഅലാ ഹസ്രത്ത് 1920 കളിൽ ചോദിച്ച ചോദ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പിൽക്കാല രാഷ്ട്രീയ സ്വഭാവത്തെ സൂക്ഷ്മാർഥത്തിൽ ഉൾവഹിക്കുന്നതായിരുന്നു. അദ്ദേഹം ചോദിച്ചു: ‘തല്ലുകൊണ്ട് എല്ലു നുറുങ്ങാതെ ഒരു മുസ്ലിമിന് ഇന്ത്യയിൽ കന്നുകാലികളെ പോറ്റാൻ ഒക്കുമോ, അവനെ രക്ഷിക്കാൻ ആരൊക്കെ മുന്നോട്ടു വരും’. ജനാധിപത്യക്രമത്തെ പിന്തുടർന്നാൽ പോലും ഹൈന്ദവ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തെ മുസ്ലിംകളുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയിൽ നിന്നാണ് അഅലാ ഹസ്രത്ത് തന്റെ രാഷ്ട്രീയ നിലപാടുകളുടെ ദൈവശാസ്ത്രപരമായ അടിത്തറ പണിതത്. ദേശീയ പ്രസ്ഥാനത്തെ അദ്ദേഹം ഒട്ടും ആദർശവത്കരിച്ചില്ല. മറിച്ച്, മുസ്ലിം ഉത്കണ്ഠകളെ അഭിസംബോധന ചെയ്യുന്നതിൽ ദേശീയ പ്രസ്ഥാനം പലപ്പോഴും പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിശ്വസിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ആന്തരികയുക്തിയെ നിയന്ത്രിക്കുന്നത് ഹിന്ദു പൊതുബോധമാണ് എന്ന വാദമുയർത്തിയ അഅലാ ഹസ്രത്ത്, ദേശീയ പ്രസ്ഥാനത്തെ വിമർശനരഹിതമായി പിന്തുണച്ച മുസ്ലിംകളെ ഹിന്ദു ഗാന്ധിയുടെ കെണിയിൽപെട്ടുപോയവർ എന്നുപോലും ഒരു ഘട്ടത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.
ഇന്ത്യക്ക് മുഴുവനായും വേണ്ടി അദ്വിതീയമായി സംസാരിക്കാനുള്ള കോൺഗ്രസിന്റെ അവകാശവാദത്തെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഈ മുസ്ലിം വിഭാഗങ്ങളായിരുന്നു. സമൂലമായ സാമൂഹിക പരിഷ്കരണമില്ലാതെയുള്ള സ്വാതന്ത്ര്യം, തീവ്ര ദേശീയതയുടെ വക്താക്കളായ സവർണ ഹിന്ദു വരേണ്യവർഗത്തിനു കീഴിൽ മുസ്ലിംകൾ വീണ്ടും അടിച്ചമർത്തപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്ന് അഅലാ ഹസ്രത്ത് ഭയപ്പെട്ടു. ആ അർഥത്തിൽ വിശാലവും ദീർഘകാല കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ടുള്ളതും കുറേക്കൂടി പ്രായോഗിക ക്ഷമതയുള്ളതുമായ ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചുപോന്നത്. അതാകട്ടെ, ഇസ്ലാമിലെ ദൈവശാസ്ത്രപരമായ വൈജ്ഞാനിക ചർച്ചകളെ ആധാരമാക്കി രൂപപ്പെടുത്തിയ നിലപാടായിരുന്നു. ആ നിലപാടുകളിലേക്ക് എത്തിച്ചേരാനും ആളുകളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി തങ്ങളുടെ വൈജ്ഞാനിക പാരമ്പര്യങ്ങളിലും ഗവേഷണ മാതൃകകളിൽ (ഉസൂലുകൾ) നിന്നുമുള്ള റിസോഴ്സുകളെ അവർ ഉയർത്തിക്കാട്ടി. മലബാറിലെ സുന്നി പണ്ഡിതന്മാരുടെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ ഈ ചിന്തകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലബാറിലെ അടിയന്തിര രാഷ്ട്രീയ സാഹചര്യത്തിൽ എന്നതിനേക്കാളേറെ അഅലാ ഹസ്രത്തിന്റെ വിപുലമായ ദൈവശാസ്ത്ര കാഴ്ചപ്പാടുകളിൽ നിന്നും രൂപപ്പെട്ടതായിരുന്നു ഇവിടുത്തെ സുന്നിപണ്ഡിതന്മാരുടെ രാഷ്ട്രീയ നിലപാടുകൾ. എന്നാൽ അവ പ്രാദേശികമായ സാഹചര്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നവയും ആയിരുന്നില്ല. വളരേ സുദൃഡമായ ഒരു ബന്ധമാണ് കേരളത്തിലെ സുന്നി പണ്ഡിതന്മാർക്കും അഅലാ ഹസ്രത്തിനുമിടയിൽ നിലനിന്നിരുന്നത്. അഅലാ ഹസ്രത്തിന്റെ ദർഗയിലെ കൊടിയുടെ രൂപത്തെ പകർത്തിക്കൊണ്ടാണ് 1963 ൽ സമസ്ത തങ്ങളുട ഔദ്യോഗിക പതാക പോലും രൂപകൽപന ചെയ്ത് അംഗീകാരം നൽകിയത് എന്നത് ആ സ്വാധീനത്തിനു അടിവരയിടുന്നു. രൂപീകരണ കാലത്തിനും മുന്നേ തന്നെ സമസ്തയുടെ ക്യാരക്ടർ സെറ്റ് ചെയ്യുന്നതിൽ നിർണായ പങ്കുവഹിച്ച അല്ലാമാ അഹ്മദ് കോയ ശാലിയാത്തിയാകട്ടെ, അഹ്മദ് റസാഖാൻ ബറേൽവിയുടെ പ്രധാന ശിഷ്യനും തിരഞ്ഞെടുത്ത ഖലീഫയും ആയിരുന്നു. ദേശീയ പ്രസഥാനത്തിന്റെ തന്നെ പിൽക്കാലഭാവങ്ങളെ രൂപീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച സംഭവ വികാസങ്ങൾ നടന്ന പ്രദേശം എന്ന നിലയിൽ മലബാറിലെ ഈ അനുഭവങ്ങൾക്കും ചിന്തകൾക്കും സമീപനങ്ങൾക്കും വിശാലമായ മാനങ്ങൾ ഉണ്ടായിരുന്നു.
ജസ്റ്റിസ് പാർട്ടിയും സമസ്തയുടെ രാഷ്ട്രീയ പശ്ചാത്തലവും
മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിൽ, സമസ്തയുടെ സ്ഥാപക കാല നേതാക്കളായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങളുടെയും പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെയും രാഷ്ട്രീയ സമീപനങ്ങളിലും അഹ്മദ് കോയ ശാലിയാത്തിയെ പോലുള്ളവരുടെ വിശ്വാസ-കർമശാസ്ത്ര നിലപാടുകളിലുമെല്ലാം ഈ സമീപനത്തിന്റെ പ്രതിധ്വനികൾ കാണാമായിരുന്നു. ആ പ്രതിധ്വനികൾ മനസ്സിലാക്കാൻ സമസ്തയുടെ ആവിർഭാവത്തെ മലബാറിന് പുറത്തേക്ക് കൊണ്ടുപോയി കൂടി മനസ്സിലാക്കേണ്ടതുണ്ട്. മലയാളി മുസ്ലിംകളുടെ ചരിത്രത്തെ പൂർണമായും കേരള കേന്ദ്രീകൃതമാക്കി മനസ്സിലാക്കുക മാത്രമല്ല, അനിതരസാധാരണത്വം നിറഞ്ഞുനിൽക്കുന്ന ഒരു കേരളീയ ബോധത്തിൽ അതിനെ മൂടാനുമാണ് മലയാളി മുസ്ലിം സംഘടനകൾ പൊതുവിൽ ശ്രമിച്ചു പോരാറുള്ളത്. മലയാളി മുസ്ലിം സമുദായത്തെ മറ്റു മുസ്ലിം സമുദായങ്ങളിൽ നിന്നും കവചീകരിച്ചു നിർത്താനും അതിലൂടെ ശ്രേണീപരമായ ഒരു ഔനിത്യം സ്വയം പ്രഖ്യാപിക്കാനുമാണ് ഇത്തരം ആഖ്യാനങ്ങൾ ശ്രമിക്കുന്നത്. മലയാളി മുസ്ലിംകളുടെ ചരിത്രത്തിൽ ഇരുൾമൂടിക്കെട്ടാനേ ഇതു സഹായിക്കുകയുള്ളൂ.
വിപുലവും വ്യവസ്ഥാപിതവുമായ ഒരു മലയാളി മുസ്ലിം സംഘടനയെ കുറിച്ചുള്ള ആദ്യ ആലോചന നടക്കുന്നതു തന്നെ തമിഴ്നാട്ടിൽ വെച്ചാണ്. 1921 ഏപ്രിലിൽ ഈറോഡിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ വെച്ചാണ് ഇന്ത്യൻ മജ്ലിസുൽ ഉലമയുടെ കേരള ഘടകം രൂപീകരിച്ചാലോ എന്ന ആലോചന ആദ്യമായി ഉയർന്നുവന്നതു തന്നെ. കെ എം മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവർ ആ നിർദേശത്തെ അനുകൂലിച്ചപ്പോൾ മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെ പ്രതികരണം മറിച്ചായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട മജ്ലിസുൽ ഉലമ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഒട്ടേറെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ബഹിഷ്കരണങ്ങളെയും പിന്തുണച്ചുകൊണ്ടുള്ള ഒട്ടേറെ ഫത്വകൾ നൽകിയിരുന്നു. മജ്ലിസുൽ ഉലമയുടെ പ്രവർത്തകരും കോൺഗ്രസ് കക്ഷികളുമായിരുന്നവർ തന്നെയാണ് പിന്നീട് കേരള മുസ്ലിം ഐക്യ സംഘത്തിന്റെയും 1924ൽ കേരള ജംഇയ്യത്തുൽ ഉലമയുടെയുമെല്ലാം ചാലക ശക്തികളായി പ്രവർത്തിച്ചത്. ഈ കൂട്ടായ്മയെ വിമർശിച്ചുകൊണ്ട് ‘കോൺഗ്രസ് വഹാബികൾ’ എന്നൊരു പ്രയോഗം തന്നെ സമസ്തയുടെ ആദ്യകാല നേതാക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കാണാം. എന്തായിരിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തെയും വഹാബികളുടെ ദൈവ ശാസ്ത്രത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന, ഒന്നാക്കിത്തീർക്കുന്ന ഘടകങ്ങൾ? വഹാബികളുടെ രാഷ്ട്രീയ പങ്കാളികൾ കോൺഗ്രസ് ആയിരുന്നെങ്കിൽ സുന്നികളുടേത് ആരായിരുന്നു?
ഇതു മനസ്സിലാക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മദ്രാസ് പ്രസിഡൻസിയിലെ രാഷ്ട്രീയ പരിതഃസ്ഥിതികളും സാമൂഹികാവസ്ഥകളും വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. മദ്രാസ് പ്രസിഡൻസിയിൽ നിർണായക സ്വാധീനം ചെലുത്തിയ, മദ്രാസ് ആസ്ഥാനമായി 1916 ൽ ഡോ. സി. നടേശ മുതലിയാർ, ടി. എം. നായർ, പി. ത്യാഗരായ ചെട്ടി തുടങ്ങിയവർ ചേർന്ന് രൂപീകരിച്ച ജസ്റ്റിസ് പാർട്ടി എന്നറിയപ്പെട്ടിരുന്ന സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ എന്ന പ്രസ്ഥാനത്തിന്റെ ഉറച്ച അനുഭാവികളും പ്രവർത്തകരുമായിരുന്നു സമസ്തയുടെ സ്ഥാപകാല നേതാക്കളിൽ ഏറെപ്പേരും. സമസ്തയുടെ സ്ഥാപകൻ എന്നു വിളിക്കാവുന്ന പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാരെ സമസ്തയുടെ മുഖപത്രമായിരുന്ന അൽബയാൻ തന്നെ വിശേഷിപ്പിച്ചത് ഉറച്ച ജസ്റ്റിസ് പാർട്ടി അനുയായി എന്നാണ്. സമസ്തയും ജസ്റ്റിസ് പാർട്ടിയും തമ്മിലുള്ള ഈ ബന്ധത്തെ 1934 ൽ ഫാറൂഖിൽ നടന്ന സമസ്തയുടെ ആറാം വാർഷിക സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ അല്ലാമാ അഹമദ് കോയ ശാലിയാത്തിയും അടിവരയിടുന്നുണ്ട്. സമസ്തയുടെ ആശയ പ്രവർത്തനങ്ങളുടെ മാർഗ രേഖ എന്നു വിളിക്കാവുന്ന തീരുമാനങ്ങളെല്ലാം കൈകൊണ്ട ഈ സുപ്രധാന സമ്മേളനത്തിൽ ‘പക്കാ സുന്നികളും തനിച്ച ജസ്റ്റിസ് കക്ഷികളും കേരളത്തിലെ ശ്രുതിപ്പെട്ട മിക്ക മുസ്ലിയാർ പണ്ഡിതന്മാർ ഉൾപ്പെടുന്നതുമായ മഹാസംഘം’ എന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ അല്ലാമാ ശാലിയാത്തി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പരിചയപ്പെടുത്തിയത്. ഇങ്ങിനെ ജസ്റ്റിസ് പാർട്ടിയുമായുള്ള ബന്ധത്തെ സമസ്തയുടെ സ്ഥാപകാല നേതാക്കൾ പലപ്പോഴും ഊന്നിപ്പറയുന്നതായി കാണാം. 1944-ൽ പെരിയാർ ഇ. വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ‘ദ്രാവിഡ കഴക’ത്തിനും ശേഷം തമിഴ്നാട്ടിലെ ഇന്നത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയുടെ രൂപീകരണത്തിനും ശക്തമായ അടിത്തറ പാകിയത് ജസ്റ്റിസ് പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയാണ്. മറ്റൊരർഥത്തിൽ ആധുനിക ദ്രവീഡിയൻ മൂവ്മെന്റിന്റെ തന്നെ തുടക്കം ജസ്റ്റിസ് പാർട്ടിയിൽ നിന്നാണെന്നു പറയാം.
ജസ്റ്റിസ് പാർട്ടിയുടെ പല രാഷ്ട്രീയ നിലപാടുകളും അഅലാ ഹസ്രത്തിന്റെ മതപരമായ നിലപാടുകളുമായി ചേർന്നു പോകുന്നതായിരുന്നു. ബ്രിട്ടീഷ് ഭരണത്തോടും കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തോടുമുള്ള ജസ്റ്റിസ് പാർട്ടിയുടെ സമീപനങ്ങളും നിലപാടുകളും തന്നെ ഉദാഹരണം. ആനി ബസന്റിന്റെയും ബാല ഗംഗാധര തിലകിന്റെയും മുൻകൈയിൽ രൂപം കൊണ്ട ഹോം റൂൾ പ്രസ്ഥാനത്തെ ജസ്റ്റിസ് പാർട്ടി ശക്തിയുക്തം എതിർത്തു. ഇന്ത്യയിലെ ബ്രാഹ്മിൺ മേധാവിത്വത്തെ ഊട്ടിയുറപ്പിക്കാനേ അതു സഹായിക്കൂ എന്നായിരുന്നു ജസ്റ്റിസ് പാർട്ടിയുടെ വാദം. നിസ്സഹകരണ പ്രസ്ഥാനം നോൺ ബ്രാഹ്മിൺ സമുദായങ്ങളുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാക്കും എന്നും അവർ വിശ്വസിച്ചു. ‘സ്വരാജ്’ ആരുടേതായിരിക്കും എന്ന ചർച്ചകൾ സജീവമായി നടന്നിരുന്ന കാലം കൂടിയായിരുന്നു അത്. സ്വരാജിലൂടെ തങ്ങളുടെ നഷ്ടപ്പെട്ടുപ്പോയ അധികാരങ്ങൾ തിരിച്ചുകിട്ടാൻ പോകുന്നു എന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ സവർണ വിഭാഗങ്ങൾ. സ്വാഭാവികമായും മറുഭാഗത്ത് സ്വരാജ് ആശയേക്കാൾ, ആശങ്കകളാണ് ഉയർത്തിയത്. ഗാന്ധി-അംബേദ്കർ സംവാദങ്ങളുടെ അടിസ്ഥാനം തന്നെ ഈ ആശങ്കകളെ ചൊല്ലിയായിരുന്നല്ലോ. ഖിലാഫത്തിനെ ഒരു മുസ്ലിം കോസ് എന്ന നിലയിൽ പിന്തുണച്ചപ്പോഴും, ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാനും അതുവഴി ദേശീയ സ്വാതന്ത്ര്യ സമരത്തെ ഏകീകരിക്കാനുമുള്ള ഒരു മാർഗം എന്ന നിലയിൽ കാണാൻ ജസ്റ്റിസ് പാർട്ടി ഒരുക്കമായിരുന്നില്ല. ഗാന്ധിജിയുടെ കീഴിൽ കോൺഗ്രസ് നടത്തികൊണ്ടിരുന്ന ഖിലാഫത്തിനു വേണ്ടിയുള്ള ശക്തമായ വാദങ്ങൾ മുസ്ലിം ജനസാമാന്യത്തിനിടയിൽ വൈകാരിക ചലനമുണ്ടാക്കാൻ സഹായിക്കുമെന്നതിൽ കവിഞ്ഞു മറ്റെന്തെങ്കിലും ഗുണം ചെയ്യും എന്നവർ കരുതിയില്ല. മുസ്ലിംകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നോൺ ബ്രാഹ്മിൻ കാറ്റഗറി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടം കൂടിയായിരുന്നു ഇത്. ദ്രവീഡിയൻ മുന്നേറ്റത്തിലെ ഒരു പ്രധാന പങ്കാളികളായി പെരിയാറിനെ പോലുള്ളവർ മുസ്ലിംകളെ കണ്ടതിന്റെ പശ്ചാത്തലവും ഇതായിരുന്നു. ഒരുപടി കൂടെ കടന്ന്, കോൺഗ്രസും ഖിലാഫത്ത് നേതാക്കളും ചേർന്ന് ഇന്ത്യയിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും ഏകജാതീയമാക്കാൻ ശ്രമിക്കുകയാണെന്നും മുസ്ലിംകളെ ഒരു പാൻ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂവൻസിയിലേക്ക് ഉൾകൊള്ളിക്കാനുള്ള കോൺഗ്രസിന്റെ ഈ ശ്രമത്തിനു പിന്നിൽ മുസ്ലിംകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നോൺ ബ്രാഹ്മിൻ കാറ്റഗറി വികസിപ്പിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന വിമർശനവും ജസ്റ്റിസ് പാർട്ടിക്കുണ്ടായിരുന്നു. ജാതി മേധാവിത്വത്തെയും ദേശീയതയെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ വിമർശങ്ങൾ, നോൺ ബ്രാഹ്മണിസത്തെ മുൻ നിർത്തിയുള്ള പുതിയൊരു രാഷ്ട്രീയ ഭാവനക്ക് തന്നെ മദ്രാസ് പ്രസിഡൻസിയിൽ തുടക്കം കുറിച്ചു. ഇതിന്റെ അലയൊലികൾ വലിയ തോതിൽ മലബാറിലും ഉണ്ടായി. 1920 ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലെ തർക്കങ്ങളിലും പിന്നീടുണ്ടായ അലയൊലികളിലുമെല്ലാം ഇതുകാണാം.
ബ്രാഹ്മിൺ മേധാവിത്വത്തോട് കൂറുപുലർത്തുന്ന കോൺഗ്രസിനെ എത്രമാത്രം വിശ്വാസിത്തിലെടുക്കാനാകും എന്ന ചോദ്യം ഇന്ത്യൻ സ്വതന്ത്ര സമരത്തോട് തന്നെ പ്രതികൂല സമീപനങ്ങളെടുക്കുന്നതിലേക്ക് ജസ്റ്റിസ് പാർട്ടിയെ എത്തിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിച്ച സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ജസ്റ്റിസ് പാർട്ടി മൊണ്ടേഗു-ചെംസ്ഫോർഡ് പരിഷ്കാരങ്ങളുടെ കീഴിൽ മദ്രാസ് പ്രസിഡൻസിയിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ വൻവിജയം നേടി. അതിലൂടെ ഭരണത്തലത്തിലുള്ള തങ്ങളുടെ സ്വാധീനം ക്രമാനുഗതമായി വർധിപ്പിച്ചു. ജസ്റ്റിസ് പാർട്ടിയുടെ ശക്തമായ ആവശ്യത്തെ മുൻനിർത്തിയായിരുന്നു ആന്ധ്രാ-അണ്ണാമലൈ സർവകലാശാലകൾ സ്ഥാപിച്ചത്. ഭരണത്തിലും ഉദ്യോഗസ്ഥലത്തിലും ബ്രാഹ്മണേതരർക്ക് കൂടുതൽ പ്രാതിനിധ്യം എന്നതായിരുന്നു പാർട്ടിയുടെ പ്രധാന ആവശ്യം. അങ്ങിനെ മദ്രാസ് പ്രസിഡൻസിയിൽ കോൺഗ്രസിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ ബദൽ ആയി ജസ്റ്റിസ് പാർട്ടി മാറി. മദ്രാസ് പ്രസിഡൻസിയിലെ മുസ്ലിംകളെ ജസ്റ്റിസ് പാർട്ടി തങ്ങളുടെ പ്രധാന ഘടകകക്ഷിയായാണ് കണ്ടത്. തങ്ങളുടെ ഭരണകാലത്ത് മുസ്ലിംകൾക്ക് നിയമസഭയിൽ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുകയും ഉദ്യോഗ ഭരണതലങ്ങളിൽ അവർക്ക് സ്ഥാനമാനങ്ങൾ നൽകുകയും മുസ്ലിം ജനവിഭാഗത്തിന്റെ ആവശ്യങ്ങളോട് അങ്ങേയറ്റം അനുഭാവപൂർവം പ്രതികരിക്കുകയും ചെയ്തു. മുസ്ലിംകളുടെ സാമൂഹിക നീതി അവരുടെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ സംവരണ നയങ്ങൾക്ക് രൂപം നൽകിയത് ജസ്റ്റിസ് പാർട്ടിയാണ്. ബ്രാഹ്മണേതര ഹിന്ദുക്കൾ, ബ്രാഹ്മണർ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവർക്കിടയിൽ സർക്കാർ നിയമനങ്ങൾ തുല്യമായി വിഭജിക്കുന്നതിനുവേണ്ടി നിയമനങ്ങളിൽ കമ്മ്യൂണൽ റൊട്ടേഷൻ സിസ്റ്റം നടപ്പിലാക്കിയതും ജസ്റ്റിസ് പാർട്ടി ആയിരുന്നു. അതാകട്ടെ മുമ്പെങ്ങുമില്ലാത്ത വിധം, മുസ്ലിംകളുൾപ്പടെയുള്ള വലിയൊരു വിഭാഗത്തിന് സർക്കാർ മേഖലകളിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കാനും അവരുടെ രാഷ്ട്രീയ ഇടം വികസിപ്പിക്കാനുമുള്ള അവസരമൊരുക്കി. ഇവ്വിധം സാമൂഹിക നീതി എന്ന ആവശ്യത്തെ മുൻനിർത്തിക്കൊണ്ടുള്ള കുറേക്കൂടി പ്രായോഗികമായ ഒരു സമീപനമാണ് ബ്രിട്ടീഷ് ഭരണകൂടത്തോട് ജസ്റ്റിസ് പാർട്ടി പുലർത്തിപ്പോന്നത്.
രൂപീകരണ കാലം മുതൽ 1935 ൽ ഗവ. ഓഫ് ഇന്ത്യാ ആക്ടിനു കീഴിൽ ആദ്യത്തെ തിരെഞ്ഞെടുപ്പ് നടക്കുന്നതുവരെയും മദ്രാസ് പ്രസിഡൻസിയിലെ പ്രബല സാനിധ്യമായിരുന്നു ജസ്റ്റിസ് പാർട്ടി. മലബാറിലും അവർ ശക്തമായ സാനിധ്യമായിത്തീർന്നു. മലബാറിലെ മുസ്ലിംകളുടെ പിന്തുണ ഇതിൽ നിർണായകവുമായിരുന്നു. എന്നാൽ സുന്നി പണ്ഡിതന്മാരുടെ ജസ്റ്റിസ് പാർട്ടിയുമായുള്ള ബന്ധം മലബാറിൽ നിന്ന് തുടങ്ങുന്നതാണെന്നു കരുതാൻ ന്യായമില്ല. ജോലിക്കും ഉപരിപഠനത്തിനും വേണ്ടി വെല്ലൂരിലെ ബാഖിയാത്ത്, ലതീഫിയ്യ തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തിയ മലബാറിൽ നിന്നുള്ള പണ്ഡിതന്മാരിലൂടെ തമിഴ് രാഷ്ട്രീയ സാഹചര്യങ്ങളുമായുള്ള സഹവാസം നേരത്തെതന്നെ അവർക്കുണ്ടായിരുന്നു. ജസ്റ്റിസ് പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ച തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ ധാരണയുള്ളവരായിരുന്നു ദീർഘകാലം അവിടെ താമസിച്ച പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാരും അല്ലാമാ ശാലിയാത്തിയും. പ്രത്യേകിച്ചും വെല്ലൂരിലെ ഫത്വാ ബോർഡ് ആയ ദാറുൽ ഇഫ്താഇല്ലത്വീഫിയ്യയിൽ അംഗമായ അല്ലാമാ ശാലിയാത്തി. ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ, ജസ്റ്റിസ് പാർട്ടിയുടെ സ്ഥാപകരിൽ പ്രധാനിയും പാർട്ടിയുടെ മുഖപത്രമായിരുന്ന ജസ്റ്റിസിന്റെ പത്രാധിപരും മലയാളിയുമായിരുന്ന തരവത്ത് മാധവൻ നായരുടെ (മരണം. 1919) പങ്കും പ്രധാനമായിരുന്നു എന്നുവേണം കരുതാൻ. പ്രത്യേകിച്ചും ഒട്ടേറെ മുസ്ലിം പണ്ഡിതന്മാർ അധിവസിച്ചിരുന്ന മലപ്പുറം പൊന്നാനിക്കാരനായിരുന്നു മാധവൻ നായർ എന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ. സമസ്തയുടെ ആദ്യകാല കോൺഗ്രസ് വിരുദ്ധ നിലപാടുകളെ മദ്രാസ് പ്രസിഡൻസിയിലെ സുന്നി പണ്ഡിതന്മാരുടെ ഈ ജസ്റ്റിസ് പാർട്ടി ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ.
മലബാർ സമരവും സുന്നി പണ്ഡിതന്മാരുടെ നിലപാടുകളും
1933 ൽ ഫറൂഖിൽ നടന്ന സമസ്തയുടെ ആറാം സമ്മേളനത്തിൽ കോൺഗ്രസിനെതിരെ വളരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതായി കാണാം. നിയമലംഘനം മുതലായവ ഗവണ്മെന്റിനു വിരോധമായ സംഗതികളിൽ മുസ്ലിമീങ്ങൾ പങ്കെടുക്കുന്നതു കൊണ്ട് ഇഹലോക വിപത്തുകൾക്ക് കരണമാവുന്നതിനാൽ അതിൽ പങ്കെടുക്കരുത്, സാധുക്കളും നിരപരാധികളുമായ കേരള മുസ്ലിംകളെ കോൺഗ്രസ് കക്ഷിക്കാർ അവരുടെ ഉദ്ദേശ്യ നിർവഹണത്തിനായി ഖിലാഫത്ത് കമ്മറ്റി എന്ന പേരും പരസ്യവും ചെയ്ത് അവരുടെ മായാവലയിൽ പെടുത്തുകയും ലഹളകൾ ഉണ്ടാക്കുകയും ചെയ്തതു, ഒട്ടേറെ നിരപരാധികൾ തോക്കിനിരയാവുകയും ജയിലിലാവുകയും ചെയ്തു. ഭരണകർത്താക്കളോട് എതിർക്കലും അവരുടെ കല്പന അനാദരവ് ചെയ്യലും മതവിരോധമുള്ള കാര്യമായിരിക്കെ കോൺഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോടു സഹകരിക്കലും ഒരിക്കലും യഥാർഥ മുസ്ലിംകൾക്ക് ചെയ്യാൻ പാടില്ലാത്തത് ആകുന്നു, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘത്തിൽ ചേരുന്ന മുസ്ലിയാന്മാർ എല്ലാവരും കോൺഗ്രസുകാരല്ലാത്തവരും ഗവണ്മെന്റ് കക്ഷിയും ആയിരിക്കണം എന്നിങ്ങനെ മൂന്നു പ്രമേയങ്ങളാണ് കോൺഗ്രസിനെതിരെ ആ സമ്മേളനം പാസാക്കിയത്. സമസ്തയുടെ അക്കാലത്തെ പ്രസിഡന്റ് കൂടിയായിരുന്ന പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാരായിരുന്നു ഈ പ്രമേയങ്ങളുടെയെല്ലാം പ്രധാന അവതാരകൻ. ഇതേ സമ്മേളനത്തിൽ വെച്ചാണ് വഹാബികൾക്കെതിരെ ബന്ധ വിച്ഛേദനത്തിനുള്ള ആഹ്വാനവും സമസ്ത നടത്തുന്നത്. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളെ പോലുള്ള ആദ്യകാല കോൺഗ്രസ് അനുഭാവികൾക്ക് പിന്നീട് മെമ്പർഷിപ്പ് നൽകുന്നുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷമാണ് ഈ നിലപാടിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയത്. 1950 കളുടെ തുടക്കത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പോലും സമസ്തയുടെ നേതാക്കള്, പ്രതേകിച്ചു അന്നത്തെ ജനറൽ സെക്രട്ടറി പങ്കെടുക്കുന്നുണ്ട്. അക്കാലത്ത് മംഗലാപുരം ഉപ്പിനങ്ങാടിയിൽ നടന്ന ഒരു കൊലപാതകക്കേസിൽ സമസ്ത ജനറൽ സെക്രട്ടറിയെ പ്രതിചേർത്തതുമായി ബന്ധപ്പെട്ട ചില അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ വ്യക്തിപരമായ സാഹചര്യങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നു ചിലർ പറയാറുണ്ടെങ്കിലും, വ്യവസ്ഥാപിത ഭരണകൂടത്തോടുള്ള മുസ്ലിംകളുടെ ബന്ധത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നതു തന്നെയായിരുന്നു ഈ ബന്ധത്തിന്റെയും അടിസ്ഥാനം.
മലബാർ സമരങ്ങളോട് കോൺഗ്രസ് പുലർത്തിയ നിരുത്തരവാദപരമായ സമീപനമാണ് സമസ്തയെ കോൺഗ്രസ് വിരുദ്ധ നിലപാട് എടുപ്പിച്ചത് എന്ന വാദം ഉന്നയിക്കുന്നവരുണ്ട്. എന്നാൽ 1921 കൾക്ക് മുന്നേ തന്നെ അല്ലാമാ അഹ്മദ് രിസാ ഖാനെ പോലുള്ളവർ കോൺഗ്രസ് വിരുദ്ധ നിലപാടുകൾ എടുത്തിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിൽ അല്ലാമാ ശാലിയാത്തിയെ പോലുള്ളവരുടെ കോൺഗ്രസ് വിരുദ്ധ നിലപാടിനെ കാണാൻ ശ്രമിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. മലബാർ സമരങ്ങളോട് സുന്നി പണ്ഡിതന്മാർ വ്യത്യസ്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാർ, പാനായിക്കുളം അബ്ദുറഹിമാൻ മുസ്ലിയാർ, കൂട്ടായി ബാവ മുസ്ലിയാർ, ചെറുശ്ശേരി അഹമദ് കുട്ടി മുസ്ലിയാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കാൻ മുസ്ലിംകളെ പ്രേരിപ്പിച്ചുവെങ്കിൽ, പുതിയകത്ത് കുഞ്ഞൻ ബാവ മുസ്ലിയാർ, മമ്മദ് കുട്ടി മുസ്ലിയാർ, തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ, കരിമ്പനകൽ പോക്കർ മുസ്ലിയാർ, ഖുതുബി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നതിനെ എതിർത്തു. സമസ്തയുടെ രൂപീകരണത്തിലും നയരൂപവൽക്കരണത്തിലും ശ്രദ്ധേയമായ പങ്കുവച്ചവരിൽ ഇരു ഭാഗത്തുമുള്ള പണ്ഡിതന്മാരും അവരുടെ ശിഷ്യന്മാരും ഉണ്ടായിരുന്നു. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ തന്നെ, സമരത്തിന്റെ വിവിധ വശങ്ങളോട് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ജന്മി-കുടിയാൻ പ്രശ്നങ്ങളിൽ കുടിയാൻമാർക്ക് അനുകൂലമായ നിലപാടെടുത്തപ്പോൾ തന്നെ, ജന്മിമാരുടെ വീടുവകകൾ കൊള്ളയടിക്കുന്നതിനെതിരെ അദ്ദേഹം ഫത്വ നൽകുന്നുണ്ട്. സമര നായകനായ ആലി മുസ്ലിയാരെ തന്റെ ഗുരുവായി കണക്കാക്കിയിരുന്ന പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാർ, പക്ഷെ സമരത്തിൽ ആ നിലപാടുകാരനായിരുന്നില്ല. സമരത്തിന്റെ തുടക്കത്തിൽ ചില അനുകൂല നിലപാടുകൾ സ്വീകരിച്ചതായി പറയുന്നുണ്ടുവെങ്കിലും താത്വികമായി അദ്ദേഹം സമരത്തിനെതിരു തന്നെയായിരുന്നു എന്നാണ് പിൽക്കാല നിലപാടുകൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്. അതേസമയം പ്രാദേശികവും പ്രായോഗികവുമായ ചില സമീപനങ്ങൾ സമരത്തോട് അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഖിലാഫത്തിനെ ത്വാതികമായി എതിർത്തിരുന്ന വരക്കൽ മുല്ലക്കോയ തങ്ങൾ മറ്റൊരു ഘട്ടത്തിൽ കോഴിക്കോട് നടന്ന ഖിലാഫത്ത് കമ്മറ്റി യോഗത്തിൽ അധ്യക്ഷം വഹിക്കുന്നുണ്ട്. പക്ഷെ, സമരത്തിൽ പങ്കെടുത്തവരെ പിന്തിരിപ്പിക്കാനും സമരം ഉണ്ടാക്കിയ നാശനഷ്ടങ്ങളും വിടവുകളും നികത്താനാണ് പിന്നീടവർ മുഴുസമയവും ചെലവൊഴിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ചുള്ള തന്റെ വിയോജിപ്പുകൾ ഖിലാഫത്ത് സമരനായകനായിരുന്ന ആലി മുസ്ലിയാർ പങ്കുവെക്കുന്നതും പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരോടാണ്. ‘ഗാന്ധിജിയും കോൺഗ്രസും പറഞ്ഞ അഹിംസ-നിസ്സഹകരണം നമ്മുടെ സഹോദരന്മാരിൽ എങ്ങനെ ഭവിക്കും എന്ന് നാം ആലോചിച്ചില്ല. ഇപ്പോൾ അത് കരുതി വിഷമിച്ചിട്ട് ഫലമില്ല. നമ്മളെ രക്ഷ അല്ലാഹുവിലാണ്. ഞാൻ എല്ലാം അവനിൽ ഭരമേല്പിച്ചിരിക്കുന്നു. നിങ്ങൾ രക്ഷപ്പെടണം’- ആലി മുസ്ലിയാർ തന്റെ ശിഷ്യന്മാരായ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരോടും തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാരോടുമായി അവസാനമായി കണ്ടുമുട്ടിയപ്പോൾ പറഞ്ഞു.
ഹൈദരാബാദും അല്ലാമാ ശാലിയാത്തിയും
ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് അല്ലാമാ ശാലിയാത്തി ഹൈദരബാദിലെ നൈസാം രാജഭരണകൂടവുമായി ബന്ധപ്പെടുന്നതും 1927 ൽ മിർ ഉസ്മാൻ അലി ഖാൻ റിലീജിയസ് അഫയേഴ്സ് ഡിപ്പാർട്മെന്റിൽ അദ്ദേഹത്തെ മുഫ്തിയായി നിയമിക്കുന്നതും. എന്നാൽ അതിനും ഏറെ മുന്നേതന്നെ, അദ്ദേഹം നൈസാം ഭരണകൂടവുമായുള്ള ബന്ധം സ്ഥാപിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅലാ മൗദൂദി (മരണം.1979) ഹൈദരാബാദ് കേന്ദ്രീകരിച്ചു കൊണ്ട് തന്റെ രാഷ്ട്രീയ ചിന്തകൾ വികസിപ്പിച്ചുകൊണ്ടിരുന്നതും ഈ ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് മുസ്ലിം രാജവംശവും ബ്രിട്ടീഷ് ഭരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളടങ്ങിയ ദൗലത്തി അസ്നഫിയ്യ ഔർ ഹുകൂമതി ബർതാനിയ്യ എന്ന ഗ്രന്ഥവും ഡെക്കാന്റെ രാഷ്ട്രീയ ചരിത്രത്തെ വിശദമാക്കുന്ന ഡെക്കാൻ കി സിയാസി താരിഖ് എന്ന ഗ്രന്ഥവും അദ്ദേഹം പ്രസിദ്ധീകരിക്കുന്നുണ്ട്. ഹൈദരാബാദിന്റെ ഭാഗമായിരുന്ന ബെറാർ പ്രൊവിൻസ് ബ്രിട്ടീഷുകാരിൽ നിന്നും തിരിച്ചുപിടിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഈ പഠനങ്ങൾ. ബെറാറിനുവേണ്ടി മൗലാനാ മൗദൂദി അഖിലേന്ത്യാ തലത്തിൽ തന്നെ ശക്തമായി നിരന്തരം എഴുതിക്കൊണ്ടിരുന്നു. ഇതിനിടയിൽ 1930 കളുടെ തുടക്കത്തിൽ, നവാബ് സലാർ ജങ് മൂന്നാമൻ ഹൈദരാബാദിലെ ഇസ്ലാമിക പ്രചാരണത്തിനു വേണ്ടിയുള്ള വിശദമായ ഒരു പദ്ധതി അവതരിപ്പിക്കാൻ മൗലാനാ മൗദൂദിയോട് ആവശ്യപ്പെടുകയും അദ്ദേഹം അതുതയാറാക്കി സമർപിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം അവശേഷിക്കുന്ന അവസാന നാട്ടുരാജ്യത്തെ ഇസ്ലാമിന്റെ ഭാവി രൂപീകരിക്കാൻ ലഭിച്ച അവസരം എന്ന നിലക്കായിരുന്നു മൗലാനാ മൗദൂദിയുടെ ഇക്കാര്യത്തിലെ സമീപനം. പക്ഷേ നൈസാം രാജഭരണകൂടം ആ നിർദേശങ്ങളെ തള്ളിക്കളയുകയാണുണ്ടായത്.
ആംഗ്ലോ-ഹൈദരാബാദി ബന്ധത്തിന്റെ ചരിത്രത്തെ സമഗ്രമായി കാണുന്നില്ലെന്നും ബ്രിട്ടീഷ് ഭരണകൂടവുമായുള്ള നൈസാമിന്റെ ബന്ധത്തെ വഷളാക്കും എന്നൊക്കെയാണ് മൗലാനാ മൗദൂദിയുടെ ഹൈദരാബാദ് ചിന്തകളെ കുറിച്ച് നിരാകരിച്ചുകൊണ്ട് നൈസാമിന്റെ ഭരണഘടനാ കാര്യ വകുപ്പ് പറഞ്ഞത്. ബ്രിട്ടീഷ് ഭരണകൂടവുമായുള്ള ബന്ധം, ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ മുസ്ലിം ഭരണാധികാര പദവി, അവിടുത്തെ മുസ്ലിംകളുടെ ന്യൂനപക്ഷ പദവി തുടങ്ങിയ കാര്യങ്ങളെല്ലാം ആ ചർച്ചയുടെ ഭാഗമായിരുന്നു. സവിശേഷമായ കാര്യം, ബ്രിട്ടീഷ് ഭരണകൂടവുമായുള്ള ബന്ധത്തെ കുറിച്ചും ന്യൂനപക്ഷമായിരിക്കെ മുസ്ലിംകൾ ഭരണകൂടങ്ങളോട് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുമുള്ള ഹൈദരാബാദിലെ ജാമിഅഃ നിസാമിയ പോലുള്ള പാരമ്പര്യ മതപാഠശാലകളിലെയും അല്ലാമാ ശാലിയാത്തിയെ പോലുള്ള മുഫ്തിമാരുടെയും നിലപാടുകളിലേക്ക് അപ്പോഴേക്കും ഹൈദരാബാദ് ഭരണകൂടവും എത്തി എന്നുള്ളതാണ്. മുഫ്തി എന്ന നിലയിൽ അദ്ദേഹം ഹൈദരാബാദ് റിലീജിയസ് അഫയേഴ്സ് ഡിപ്പാർട്മെന്റിൽ സജീവമായിരുന്ന ഘട്ടത്തിലാണ് മൗലാനാ മൗദൂദിയുടെ ഹൈദരാബാദ് പ്രോജക്ട് നൈസാം ഭരണകൂടം തള്ളിക്കളയുന്നത്. മുഫ്തി എന്ന നിലയിൽ അല്ലാമാ ശാലിയാത്തിക്ക് ഈ തീരുമാനമെടുപ്പിക്കുന്നതിലുള്ള പങ്കിനെ കുറിച്ച് പറയാൻ കൃത്യമായ തെളിവുകൾ ഇല്ലെങ്കിലും മുഫ്തി സിസ്റ്റം പ്രവർത്തിക്കുന്ന രീതികൾ പരിഗണിക്കുകയും മൗലാനാ മൗദൂദിയുടെ ഹൈദരാബാദ് പ്രോജക്ടിനെ തള്ളിക്കളയാൻ നിരത്തിയ ന്യായങ്ങളുടെ സ്വഭാവം പരിഗണിക്കുകയും ചെയ്യുമ്പോൾ അങ്ങിനെ അനുമാനിക്കുന്നതിൽ തെറ്റില്ല. ഹൈദരാബാദിൽ നടക്കാതെ പോയ ആ പ്രോജക്ടാണ് മൗലാനാ മൗദൂദി പിന്നീട് പത്താംകോട് കേന്ദ്രീകൃതമായി വികസിപ്പിച്ചത്. എന്നാൽ ഈ പ്രോജക്ടിനെ കുറിച്ച് നേരത്തെത്തന്നെയുള്ള ധാരണയിൽ നിന്നാകണം ജമാഅത്തെ ഇസ്ലാമിക്കെതിരെ തുടക്കത്തിൽ തന്നെ നിലപാടെടുക്കാൻ അല്ലാമാ ശാലിയാത്തിയെ പ്രേരിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിയെ അതിന്റെ തുടക്കത്തിൽ തന്നെ എതിർത്ത പണ്ഡിതന്മാരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ട്. കേരളത്തിൽ ഘടകം രൂപീകരിച്ച വർഷം തന്നെ, സമസ്തയും ജമാഅത്തെ ഇസ്ലാമിക്കെതിരെ രംഗത്തെത്തുകയും വ്യാപകമായ പൊതുപ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു നേതൃപരമായ പങ്കുവഹിച്ചതാകട്ടെ ശാലിയാത്തി നേരിട്ടാണ് താനും. നൈസാമിന്റെ മുഫ്തി എന്ന നിലയിലുള്ള അല്ലാമാ ശാലിയാത്തിയുടെ സേവനകാലത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ ഈ മേഖലയിലേക്ക് കൂടുതൽ വെളിച്ചം വീശും.
സലഫിസവും ആധുനികതയും
ആധുനികതയാലും സലഫിസത്താലും സ്വാധീനിക്കപ്പെട്ട പുതിയ ചിന്താഗതികൾ കേരളത്തിൽ നിലവിലുണ്ടായിരുന്ന മതപരമായ ആചാരങ്ങളെയും പണ്ഡിതന്മാരുടെ അധികാരത്തെയും ചോദ്യം ചെയ്യാൻ തുടങ്ങിയതും ഇതേകാലത്തു തന്നെയാണ്. എന്നാൽ ഈ ചിന്തകൾ കേവലം യാദൃശ്ചികമായി, പലപ്പോഴും ആരോപിക്കപ്പെടാറുള്ളതു പോലെ പുറമേ നിന്നും പൊടുന്നനെ ഇറക്കുമതി ചെയ്യപ്പെടുകയായിരുന്നോ? അൽ മനാർ പോലുള്ള വിദേശ പ്രസിദ്ധീകരണങ്ങളിലേക്കും ജമാലുദ്ധീൻ അഫ്ഘാനി, റശീദുദ്ദീൻ രിദ, എന്നിങ്ങനെയുള്ള വിദേശ ചിന്തകരിലേക്കും മാത്രം ചേർത്തിയാണ് ഇക്കാര്യങ്ങൾ പൊതുവെ മനസ്സിലാക്കിയതും വിശദീകരിക്കപ്പെട്ടതും. എന്നാൽ, ഇത്തരം ചിന്തകളെ രൂപപ്പെടുത്തുന്നതിൽ പ്രാദേശികമായ സന്ദർഭങ്ങൾക്കുള്ള പങ്കു കൂടി മുഖവിലക്കെടുക്കാതെയുള്ള വിശകലനങ്ങൾ അപൂർണമായിരിക്കും. കേരളീയ മുസ്ലിം ചരിത്രത്തിലെ ആഭ്യന്തരവും ഘടനാപരവുമായ സങ്കീർണതകളുടെയും അതിന് സമാന്തരമായി പ്രവർത്തിച്ച തദ്ദേശീയവും ദേശീയവും അന്തർദേശീയവുമായ സാമൂഹിക മാറ്റങ്ങളെയും അവയ്ക്കിടയിലെ കെട്ടുപാടുകളെയും കൂടി ഇത്തരം വിശകലനങ്ങളുടെ ഭാഗമാക്കണം. കൊളോണിയൽ ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ഏതു സന്ദർഭവും സൗകര്യങ്ങളുമാണ് സലഫി/വഹാബി ചിന്തകൾക്ക് രാഷ്ട്രീയമായ പ്രവേശനവും ദൃശ്യതയും നൽകിയത് എന്ന അന്വേഷണം ഇക്കാര്യത്തിൽ പ്രധാനമാണ്.
കേരളത്തിലെ സാഹചര്യം പരിശോധിച്ചാൽ തന്നെ, നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം നടന്ന മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാറിലും, രാജ വാഴ്ച നിലനിന്ന തിരുവിതാംകൂറിലും തിരുകൊച്ചിയിലും ഇത്തരം ആലോചനകൾ വന്നതും അവയ്ക്ക് കിട്ടിയ സ്വീകാര്യതയും വ്യത്യസ്ത രീതിയിലുള്ളതായിരുന്നു. സലഫി/വഹാബി ചിന്തകളെ പിന്തുടർന്ന മുസ്ലിം ഐക്യ സംഘത്തിന്റെ പൂർവ-പിൽക്കാല രൂപങ്ങളെല്ലാം തന്നെ ഏതാണ്ടും രൂപം കൊണ്ടതും വികസിച്ചതും രാജഭരണം നിലനിന്ന പ്രദേശങ്ങളിലായിരുന്നുവെന്നു കാണാം. നേരിട്ടുള്ള കൊളോണിയൽ ഭരണാധികാരത്തിന്റെ ഞെരുക്കങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും നിലനിന്ന മലബാർ പോലെയുള്ള പ്രദേശങ്ങളിലാവട്ടെ പാരമ്പര്യവാദികളായ ഉലമാക്കൾ തങ്ങളുടെ പ്രാദേശികമായ മത-സാമൂഹിക അധികാര ശൃംഖലയെ വികസിപ്പിക്കുകയും ചെയ്തു. രാജഭരണവും ബ്രിട്ടീഷ് ഭരണവും ഏതുതരം ദൈവീക സങ്കല്പങ്ങൾക്കനുകൂലമായ രാഷ്ട്രീയ കാലാവസ്ഥകളെയാണ് സൃഷ്ടിച്ചതും നിലനിർത്തിയതും എന്ന അന്വേഷണം ഇവിടെ ഏറെ പ്രസക്തമാണ്.
ആഗോള മുസ്ലിം ചരിത്രത്തിന്റെ ഭാഗമെന്ന നിലയിൽ
ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ ഒട്ടേറെ മുസ്ലിം മുന്നേറ്റങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ട്. ഉസ്മാനിയ ഖിലാഫത്തിന്റെ തകർച്ച, നജ്ദ്-ഹിജാസ് കേന്ദ്രീകരിച്ച് സൗദി വഹാബി ഭരണകൂടത്തിന്റെ സ്ഥാപനം, അതിനെത്തുടർന്ന് മക്കയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പരമ്പരാഗത സുന്നി പണ്ഡിതന്മാരുടെ പലായനം, പ്രാദേശിക മുസ്ലിം നാട്ടുരാജ്യങ്ങളുടെ വീഴ്ച, കൊളോണിയൽ ഭരണകൂടങ്ങളുടെ പിടിമുറുക്കലുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ മുസ്ലിം ലോകത്താകമാനം ഒട്ടേറെ പുതിയ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. അവയിൽ വിദ്യാഭ്യാസ കേന്ദ്രീകൃതമായ പ്രസ്ഥാനങ്ങൾ മുതൽ ജനകീയ ആക്ടിവിസ്റ്റ് സ്വഭാവത്തിലുള്ള സംഘടനകൾ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ വരെയുണ്ട്. തഇന്ത്യയിൽ ന്നെ ഒരുഭാഗത്ത് ഓൾ ഇന്ത്യ മുസ്ലിം ലീഗ് (1906) രൂപീകൃതമാകുമ്പോൾ, മറുഭാഗത്ത് ദാറുൽ ഉലൂം ദയൂബന്ദ് – ബറേൽവി ധാരകൾ കൂടുതൽ വ്യവസ്ഥാപിതമാവുകയും അവർക്കിടയിൽ പരസ്പരമുള്ള പ്രത്യയശാസ്ത്ര തർക്കങ്ങൾ രൂക്ഷമാവുകയും ചെയ്യുന്നുണ്ട്. ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡും (1928) തുർക്കിയിൽ സഈദ് നൂർസിയുടെ നേതൃത്വത്തിൽ നൂർ പ്രസ്ഥാനവും രൂപംകൊണ്ടു. ഇന്തോനേഷ്യയിൽ പരിഷ്കരണവാദികളായ മുഹമ്മദിയ്യയും (1912), പരമ്പരാഗത പണ്ഡിതന്മാരുടെ കൂട്ടായ്മയായ നഹ്ദത്തുൽ ഉലമയും (1926) രൂപീകൃതമായി. കൊളോണിയൽ ഭരണം നിലനിന്ന വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ സൂഫീ ത്വരീഖത്തുകളുടെ പുനരേകീകരണവും പുനരുദ്ധാരണവും വ്യാപകമായി നടക്കുകയും അവ സാമൂഹിക ജീവിതത്തിലെ നിർണായക ശക്തികളായി വളരുകയും ചെയ്തു.
മുസ്ലിം ഐക്യത്തെയും കോളനികൾക്കും വികസിച്ചുവരുന്ന ആധുനിക ദേശരാഷ്ട്രങ്ങൾക്കും അകത്തെ മുസ്ലിംകളുടെ രാഷ്ട്രീയ അധികാരത്തെയും പദവിയെയും കുറിച്ചുള്ള ഒട്ടേറെ ചർച്ചകൾ ഈ ഘട്ടത്തിൽ സജീവമായിരുന്നു. ആ ചർച്ചകളുടെ അനന്തരഫലമായിരുന്നു ഈ മുന്നേറ്റങ്ങളൊക്കെയും. ആ അർഥത്തിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തുടകത്തെയും കേവലമൊരു പ്രാദേശിക തർക്കമായി ചുരുക്കി കാണാനാവില്ല. മുസ്ലിം ലോകത്ത് ആധുനികതയും കൊളോണിയലിസവും സൃഷ്ടിച്ച സങ്കീർണമായ സന്ദർഭങ്ങളോട് സംവദിക്കാൻ മുസ്ലിം ലോകം ലോകവ്യാപകമായി സ്വീകരിച്ച സമീപനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായി നിന്നു കൊണ്ടു തദ്ദേശീയമായ തനിമകളോടെ രൂപംകൊണ്ട സമാന്തര ബൗദ്ധിക ചലനങ്ങളുടെ ഭാഗമായി വേണം മനസ്സിലാക്കാൻ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളെയും, മുസ്ലിം ഖിലാഫത്തിലെ ആന്തരികമായ വിള്ളലുകളെയും ഇന്ത്യൻ ദേശീയതയുടെ വരേണ്യ സ്വഭാവത്തെയും, സലഫി പ്രസ്ഥാനങ്ങളുടെ ആന്തരിക യുക്തിയെയും ഒരേസമയം മനസ്സിലാക്കാനും അവയെ പരസ്പരം കോർത്തുകെട്ടിക്കൊണ്ടുള്ള അപഗ്രഥനത്തിനും സഹായകമായ സുന്നി ഉസൂൽ കൂടുതൽ തെളിച്ചത്തോടെ മനസിലാക്കുക എന്നതാണ് ഇവിടെ പ്രധാനം.
ഉപസംഹാരം
എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ രൂപം കൊണ്ട ദേശീയ സമരപ്രസ്ഥാനത്തോടുള്ള മുസ്ലിം പണ്ഡിതന്മാരുടെ വിയോജിപ്പുകൾ പലരും ലളിതവൽക്കരിക്കാറുള്ളതുപോലെ കേവലമൊരു ബ്രിട്ടീഷ് അനുകൂല മനോഭാവത്തിൽ നിന്ന് ഉടലെടുത്തതാണോ? അല്ലെങ്കിൽ, കൊളോണിയൽ ഭരണകൂടത്തോടുള്ള അവരുടെ തന്ത്രപരമായ സമീപനം സാമ്രാജ്യത്വത്തിനുള്ള പ്രത്യയശാസ്ത്രപരമായ ന്യായീകരണമാണോ? ചരിത്രപരമായ ഇത്തരം സങ്കീർണതകളെ അവയുടെ അടരുകളിൽ നിന്നും മാറ്റി ചില ദ്വന്ദ്വങ്ങളിലേക്ക് ചുരുക്കുന്നത്, മുസ്ലിം പ്രസ്ഥാനങ്ങളുടെ ആന്തരികമായ ബൗദ്ധിക ചലനാത്മകതയെയും വൈവിധ്യങ്ങളെയും മറച്ചുവെക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ. യഥാർഥത്തിൽ ദേശീയത, കൊളോണിയലിസം, ആധുനിക ഭരണകൂടം, ജനാധിപത്യം തുടങ്ങിയ ആധുനിക രാഷ്ട്രീയ സംവർഗങ്ങളെക്കുറിച്ചുള്ള മുസ്ലിം ആലോചനകൾ രൂപപ്പെടുന്നത് ബാഹ്യമായ രാഷ്ട്രീയ സമ്മർദങ്ങളെയോ കേവല പ്രാദേശിക താല്പര്യങ്ങളെയോ മുൻനിർത്തി മാത്രമല്ല; മറിച്ച്, അല്ലാഹുവിന്റെ പരമാധികാരം, ഭൂമിയിലെ മനുഷ്യാധികാര രൂപങ്ങൾ, മനുഷ്യർക്കിടയിലെ പരസ്പര സഹകരണം, സൗഹൃദം എന്നിവയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ നിലപാടുകളുടെയും കർമശാസ്ത്രപരമായ സമീപനങ്ങളുടെയും കൂടി അടിസ്ഥാനത്തിലാണ്. 1900-കളുടെ ആദ്യ ദശകങ്ങളിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഇത്തരം ചോദ്യങ്ങളെ അടിയന്തിര പ്രാധാന്യത്തോടെ അഭിമുഖീകരിക്കാൻ മുസ്ലിം പണ്ഡിതന്മാരെ നിർബന്ധിതരാക്കുകയായിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട വൈജ്ഞാനികമായ ഈ ഓറിയന്റേഷൻ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും മനസ്സിലാക്കുന്നതിൽ നിർണായകമാണ്.
ഏതുതരം രാഷ്ട്രീയ അധികാര ഘടനക്കുള്ളിൽ നിന്നാണ്, സമാന്തരമായാണ്, ഇസ്ലാമിനകത്തെ വ്യത്യസ്ത ദൈവശാസ്ത്ര ചിന്തകൾ ഒരു സമൂഹത്തിൽ വികസിക്കുന്നത്, എന്തൊക്കെ രാഷ്ട്രീയ ഭാവനകളെയാണ് ഈ ദൈവശാസ്ത്ര ചിന്തകൾ ഉൾവഹിക്കുന്നത്, ഏതൊക്കെ മതകീയമായ ഉത്കണ്ഠകളെയാണ് ഓരോ രാഷ്ട്രീയ ഭാവനകളും ഉൾവഹിക്കുന്നത് എന്ന അന്വേഷണം, മുസ്ലിം പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ആഖ്യാനങ്ങളെ കുറേക്കൂടി ചരിത്രവത്കരിക്കാനും പ്രവിശാലമാക്കാനും സഹായിക്കും. അതോടൊപ്പം, എന്തൊക്കെ ധാർമിക-മൂല്യ വിചാരങ്ങളെയും, രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ സന്നിഗ്ധതകളെയുമാണ് ഈ പ്രസ്ഥാനങ്ങൾ പരിഹരിക്കാൻ ശ്രമിച്ചത്, അത് സംരക്ഷിച്ചു നിർത്താൻ ആഗ്രഹിച്ച ആത്മീയവും സാമൂഹികവുമായ ലോകം എന്തായിരുന്നു? ഈ പ്രസ്ഥാനങ്ങളെ സാധ്യമാക്കിയ സാമൂഹികാനുഭവങ്ങൾ, ആന്തരിക വിള്ളലുകൾ, ആശങ്കകൾ, പ്രതീക്ഷകൾ എന്തൊക്കെയായിരുന്നു? തുടങ്ങിയ അന്വേഷണങ്ങൾ ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം കൂടുതൽ സൂക്ഷ്മവും സംവേദനക്ഷമവും വൈവിധ്യപൂർണവുമായ മലയാളി മുസ്ലിം ചരിത്രത്തെ കണ്ടെത്താനും അതുവഴി മുസ്ലിം പാരമ്പര്യത്തിന്റെ സമൃദ്ധിയെ വീണ്ടെടുക്കാനും നമ്മെ സഹായിക്കും. സാധുചരിത്രവർണനക്കും ഭൂതകാല സ്മരണകളുടെ വാഴ്ത്തുപാട്ടുകൾക്കും ബ്യൂറോക്രാറ്റിക് റിപ്പോർട്ടുകൾക്കുമപ്പുറം വ്യക്തതയും ആഴവുമുള്ള ജീവസുറ്റ ചരിത്രത്തെയും അതുവഴി ഭാവിയെയും കണ്ടെത്താൻ അത് സഹായിക്കും.


Comments are closed.