Part-1

നിർബന്ധിത കുടിയേറ്റമെന്നത് ചിന്തയിൽ ലളിതവും അനുഭവത്തിൽ സങ്കീർണവും അതിലേറെ ഭീകരവുമായ ഒന്നാണ്. ഒരു മനുഷ്യൻ്റെയും അവൻ്റെ ജന്മ ദേശത്തിൻ്റെയും ഇടയിൽ ഒരിക്കലും തന്നെ നികത്താൻ കഴിയാത്ത വിടവാണ് അത് സൃഷ്ടിക്കുന്നത്. അതിൻ്റെ പരിണിതഫലങ്ങളെ പരിഹരിക്കുവാനോ അനിവാര്യമായ അതിൻ്റെ ദുഃഖത്തെ നികത്താനോ ഒരിക്കലും തന്നെ കഴിയില്ല. കുടിയേറിപ്പാർത്തവർ ജീവിതത്തിൽ എന്തൊക്കെ നേടിയാലും, അതൊന്നും തന്നെ അവരുടെ തിരിച്ചെടുക്കാൻ കഴിയാത്ത നഷ്ടങ്ങൾക്ക് പകരംവെക്കാൻ ആവുകയില്ല. ചരിത്രത്തിലും സാഹിത്യത്തിലും കുടിയേറ്റത്തിലെ അനേകം വിജയകഥകളും വീര സാഹസങ്ങളുമുണ്ടെങ്കിലും, അതെല്ലാം തന്നെ, അതിൻ്റെ കയ്പ്പുരസങ്ങളെ മറക്കാനുള്ള കേവല ശ്രമം മാത്രമാണ്. ഒരു ആത്യന്തിക നഷ്ടത്തിൻ്റെ അവസ്ഥയാണ് അതെങ്കിലും, ആധുനിക സംസ്കാരത്തെ ഇന്ന് കാണുന്ന രൂപത്തിലേക്ക് പരിവർത്തിപ്പിച്ചെടുക്കുന്നതിൽ അത് അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

ആധുനിക പാശ്ചാത്യ സംസ്കാരത്തിൻ്റെ ഭൂരിഭാഗവും ഉടലെടുക്കുന്നത് കുടിയേറ്റക്കാരിലൂടെയും അഭയാർഥികളിലൂടെയുമാണ്, അമേരിക്കയിലെ അക്കാദമിക് ദാർശനിക ചിന്തകളെ ഇന്നത്തെ രൂപത്തിലേക്ക് പരിവർത്തിപ്പിച്ചത് ഫാഷിസത്തിനും കമ്മ്യൂണിസത്തിനും ഇരകളായി അഭയാർഥികൾ ആയവരും വ്യത്യസ്ത ഭരണകൂടങ്ങളാൽ നാടുകടത്തപ്പെട്ടവരും ആണ്. ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ സാഹിത്യ രൂപങ്ങൾ എല്ലാം കുടിയേറ്റക്കാർ എഴുതിയതോ കുടിയേറ്റക്കാരെ കുറിച്ച് രചിക്കപ്പെട്ടതോ ആയ extraterritorial സാഹിത്യങ്ങൾ ആണെന്ന് പ്രശസ്ത സാഹിത്യ നിരൂപകനായ സ്റ്റീമർ നിരീക്ഷിക്കുന്നുണ്ട്. സ്റ്റീമർ പറയുന്നു: അനേകം അഭയാർഥികളെയും ഭവനരഹിതരെയും സൃഷ്ടിച്ച ഒരു അപരിഷ്കൃത സമൂഹത്തിന് കലയും സംസ്കാരവും മാനവികതയും പഠിപ്പിച്ചു കൊടുത്തത് അഭയാർഥികളായ ഒരുകൂട്ടം മനുഷ്യർ തന്നെയായിരുന്നു’. മറ്റു കാലഘട്ടങ്ങളിലെയും ദേശങ്ങളിലേയും അഭയാർഥികൾ ഈ ഒരു കർത്തവ്യം വളരെ മനോഹരമായിത്തന്നെ നിർവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് Alexander Herzen ഉം മറ്റു ബുദ്ധിജീവികളും ഈ ദൗത്യം നിർവഹിക്കുന്നതായിE H Carrs ൻ്റെ ക്ലാസിക് പഠനമായThe Romantic exile ൽകാണാം.

ആദിമ കുടിയേറ്റങ്ങളും ആധുനിക കുടിയേറ്റങ്ങളും തമ്മിൽ വലിയ ഒരു അന്തരമുണ്ട്. ഇന്നത്തെ കുടിയേറ്റത്തിൽ മാനസികസംഘർഷങ്ങളും പിരിമുറുക്കങ്ങളും വലിയ ഒരളവിൽ കുടികൊള്ളുന്നുണ്ട്. ഇന്നത്തെ കാലഘട്ടം അപരവൽക്കരണത്തിൻ്റെയും അരികു വൽകരണത്തിൻ്റെയും കാലഘട്ടമാണെന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. പോരാത്തതിന് വികലമായ ദേശീയതയും ഭരണകൂടങ്ങളും യുദ്ധങ്ങളും മതഭ്രാന്തന്മാരായ നേതാക്കന്മാരും അതിനെ അഭയാർഥിത്വത്തിൻ്റെ കാലഘട്ടമാക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് അമിതമായ ദേശസ്നേഹം കാപട്യത്തിൻ്റെ മുഖംമൂടിയാണെന്ന് ഫ്രോയിഡ് നമ്മെ പഠിപ്പിച്ചത്.

ഇന്നത്തെ കുടിയേറ്റ സാഹിത്യങ്ങൾ മാനവികപരമായി ഉൾക്കൊള്ളാനാവുന്ന ഒന്നല്ല. കാരണം വളരെ അപൂർവ്വമായി ഒരു മനുഷ്യൻ അനുഭവിക്കുന്ന കാഠിന്യങ്ങളെയും കഷ്ടതകളെയും അത് ചരക്കു വൽക്കരിക്കുന്നു എന്നതാണ്. കേവലം കമ്പോളത്തിന് മാത്രമായിട്ടുള്ള ഒന്നായി അത് മാറിയിരിക്കുന്നു. അഭയാർഥിത്വത്തിൻ്റെ ദുരിതങ്ങളെ ഒരു പരിധിവരെ ചെറുക്കാനാകും എന്നതുമാത്രമാണ് അതിൻറെ കേവല ഉപകാരം. കുടിയേറ്റം ഒരു മനുഷ്യനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എത്രയോ ഭീകരമാണ്. പുതിയ ഭൂമികയെ സ്വന്തം ജന്മദേശമായി ഉൾക്കൊള്ളാൻ ഒരു അഭയാർഥിക്ക് ഒരിക്കലും തന്നെ സാധിക്കുകയില്ല. കുറച്ചുവർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഉറുദു കവിയായ Faiz Ahmed Faiz ഉമായി കുറച്ചു സമയം ചിലവഴിക്കുകയുണ്ടായി. അഭയാർഥിയായി ഒരു കവിയെ കാണുക എന്നത് അഭയാർഥികളിൽ അടങ്ങിയിട്ടുള്ള ആന്തരിക വൈരുദ്ധ്യങ്ങളെ അതിൻ്റെ യഥാർത്ഥ തീവ്രതയോടെ കാണലും കൂടിയാണ്. Zia – Ul – Haqൻ്റെ പട്ടാള ഭരണകാലത്ത് പാക്കിസ്ഥാനിൽ നിന്നും ബെയ്റുട്ടിലേക്ക് കുടിയേറിയതായിരുന്നു അദ്ദേഹം. ബെയ്റൂട്ടിൽ അദ്ദേഹത്തിൻറെ സുഹൃത്തുക്കളെല്ലാം ഫലസ്തീനികൾ ആയിരുന്നു. അവർക്കിടയിൽ അനേകം സമാനതകൾ നിലനിന്നിരുന്നുവെങ്കിലും ഭാഷ കവിതാശൈലി ജീവചരിത്രം തുടങ്ങിയവയിൽ അവർ തീർത്തും വ്യതിരിക്തരായിരുന്നു. ഒരിക്കൽ പാകിസ്താൻകാരനായ ഇഖ്ബാൽ അഹ്മദ് ബെയ്റൂട്ടിൽ വന്നപ്പോൾ മാത്രമാണ് സ്ഥായിയായ അപരവൽക്കരണത്തിൽ നിന്നും അദ്ദേഹം പുറത്തുകടന്നത്. ഒരു രാത്രി മുഴുവൻ കവിതാശകലങ്ങൾ ആലപിച്ചുകൊണ്ട് അവർ ചിലവഴിച്ചു. ആ കവിതകൾ മുഴുവൻ, ജന്മദേശത്തേക്ക് മടങ്ങാനുള്ള അവരുടെ അതിയായ ആഗ്രഹത്തെ അവതരിപ്പിക്കുന്നതായിരുന്നു. ഒരു മനുഷ്യൻ ജന്മദേശം വിട്ട് എവിടെപോയാലും, അവിടെയെല്ലാം ഒരുതരം ഒറ്റപ്പെടൽ അനുഭവിക്കുകയും ജന്മദേശത്തേക്ക് മടങ്ങാനുള്ള അതിയായ ആഗ്രഹം തീവ്രമായി തന്നെ അവരിൽ നിലനിൽക്കുകയും ചെയ്യും എന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നത്.

കുടിയേറ്റ സാഹിത്യങ്ങൾ അഭയാർഥികളുടെ ദുരിതങ്ങളെയും കഷ്ടതകളെയും അവതരിപ്പിക്കുന്നുണ്ടെങ്കിലും, സമകാലിക രാഷ്ട്രീയ ശിക്ഷാരീതി എന്ന നിലക്ക് കുടിയേറ്റത്തെ നോക്കിക്കാണുമ്പോൾ സാഹിത്യങ്ങൾ വരക്കുന്ന അതിർത്തികൾക്കപ്പുറം അവരുടെ യഥാർത്ഥ അനുഭവത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. Joyce യും Nabokovനെയും മാറ്റിനിർത്തിക്കൊണ്ട്, Un agency യുടെ സംസ്ഥാപനത്തിന് കാരണക്കാരായ ഒരു വലിയ ജനക്കൂട്ടത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കേവലം റേഷൻകാർഡും ഏജൻസി നമ്പറും മാത്രം ആയുധങ്ങൾ ആക്കി ജീവിക്കുന്ന സ്വദേശത്തേക്ക് മടങ്ങാനുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ച ഒരു അഭയാർഥി സമൂഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്വീകരിക്കുന്ന അനേകം കോസ്മോപോളിറ്റൻ രാഷ്ട്രങ്ങൾ ഉണ്ടായിരിക്കാം, പാരീസ് അതിനൊരു ഉദാഹരണമാണ്. എന്നാൽ അവിടെയും വിയറ്റ്നാമികളും അൾജീറിയക്കാരും കമ്പോഡിയക്കാരും ലെബനാനികളും അടങ്ങുന്ന ഒരു വലിയ അഭയാർഥി സമൂഹം ഏകാന്തമായതും അപരവൽക്കരിക്കപ്പെട്ടതും ആയ ജീവിതം നയിക്കുന്നുണ്ട്. കെയ്റോ, ബെയ്റൂട്ട്, മഡഗാസ്കർ, ബാങ്കോക്ക്, മെക്സിക്കോ സിറ്റി എന്നീ നഗരങ്ങളിലെ അഭയാർഥികളുടെ അവസ്ഥയും ഇതിൽ നിന്നും വിഭിന്നമല്ല. മറ്റു നഗരങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ദുരിതത്തിലാണ്ട ഇത്തരം ഏകാന്ത ജീവിതങ്ങൾ ഇനിയും കാണാം. ഇന്ത്യയിലെ മുസ്ലിംകൾ അമേരിക്കയിലെ ഹെയ്തികൾ അറബ് രാജ്യങ്ങളിൽ ഉടനീളമുള്ള ഫലസ്തീനികൾ തുടങ്ങിയ കുടിയേറ്റക്കാരെ കുറിച്ചും ആഴത്തിൽ ചിന്തിക്കപ്പെടേണ്ടതാണ്. ദേശ സ്വാതന്ത്ര്യ യുദ്ധങ്ങൾ പരമാധികാര രാഷ്ട്രനിർമാണം ദേശീയതാ ചർച്ചകൾ എന്നിവ കാരണമായി ഒരു വലിയ ജനസമൂഹം തന്നെ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിക്കപ്പെടുന്നു. ഈയൊരു തലത്തിൽ നിന്ന് ദേശീയതയെയും കുടിയേറ്റവുമായുള്ള അതിൻറെ അനിവാര്യമായ ബന്ധവും ഒന്നു പരിശോധിക്കാം.

ഒരു പ്രദേശത്തോടു ഒരു ജനതയോടും ഒരു പൈതൃകത്തോടുമുള്ള ഒരു വ്യക്തിയുടെ വേർപ്പെടുത്താനാവാത്ത ഇഴയടുപ്പമാണ് ദേശീയത എന്ന പദം വിവക്ഷിക്കുന്നത്. അതിലൂടെ ഭാഷയും സംസ്കാരവും ആചാരങ്ങളും ഉള്ള ഒരു സമൂഹത്തിൻറെ ആന്തരിക ഐക്യത്തിന് ദൃഢത കൈവരിക്കാനും ബാഹ്യമായതിനെ പുറന്തള്ളാനും സാധിക്കുന്നു. അതുകൊണ്ടാണ് അത് കുടിയേറ്റത്തെ തടുക്കുന്നതും അതിൻറെ പരിണിതഫലങ്ങളെ ചെറുക്കാൻ ശ്രമിക്കുന്നതും. ഹെഗലിന്റെ അടിമ- ഉടമ പോലെ ദേശീയതയും കുടിയേറ്റവും ശത്രുക്കളാണെങ്കിലും, അവ പരസ്പരം അശ്രിതരുമാണ്. കാരണം എല്ലാ ദേശീയതകളുടെയും അടിസ്ഥാന രൂപങ്ങൾ ഉടലെടുക്കുന്നത് കുടിയേറ്റത്തിലൂടെയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യം, ജർമനിയുടെയും ഇറ്റലിയുടെയും ഏകീകരണം, അൽജീരിയയുടെ സ്വാതന്ത്ര്യം, എന്നിവയ്ക്കായുള്ള പോരാട്ടങ്ങൾ മുഴുവൻ നടത്തിയത് തങ്ങളുടേതെന്ന് കരുതിയ ഇടങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട ദേശീയ സംഘങ്ങളായിരുന്നു. എന്നാൽ ഇങ്ങനെ പോരാട്ടങ്ങളിലൂടെ കൈവരിച്ച ദേശീയത പിന്നീട് അവതരിപ്പിക്കപ്പെടുന്നത്, ഭൂതകാലത്തെയും ഭാവികാലത്തെയും കോർത്തിണക്കുന്ന ഒരുകൂട്ടം ചരിത്രങ്ങളുടെ വിവരണം മാത്രമായിട്ടാണ്. അതുകൊണ്ടുതന്നെ എല്ലാ ദേശീയതക്കും അതിന്റേതായ രാഷ്ട്രപിതാവും, ഭൂപ്രദേശവും, നായകന്മാരും, ശത്രുക്കളുമുണ്ടാകും.

ഇന്ന് അറിയപ്പെട്ട ദേശീയതകളെല്ലാം തങ്ങളുടെ ആശയങ്ങൾ മാത്രമാണ് ശരിയെന്നും ഉന്നതമായതെന്നും മറ്റുള്ളതെല്ലാം തെറ്റാണെന്നും തരം താഴ്ന്നതാണെന്നും വിശ്വസിക്കുന്നു. ക്യാപ്പിറ്റലിസം – കമ്മ്യൂണിസം യൂറോപ്പ് -ഏഷ്യ എന്നിവകൾ ഇതിനുദാഹരണമാണ്. ദേശീയത സൃഷ്ടിക്കുന്ന ‘നമ്മൾ’ ‘അന്യർ’ എന്ന അതിർത്തികൾക്കുമെത്രയോ അപ്പുറത്താണ് അസ്തിത്വമില്ലായ്മയുടെ ഭീകരമായ അവസ്ഥ. ആ അവസ്ഥയിലായിരുന്നു പ്രാകൃത മനുഷ്യൻ ഉണ്ടായിരുന്നത്, അതേ അവസ്ഥയിലേക്കാണ് അഭയാർഥികളായ മനുഷ്യസമൂഹം ഇന്ന് എടുത്തെറിയപ്പെടുന്നതും. ദേശീയത ഒരുമയുടെയും കൂട്ടായ്മയുടെയും അവസ്ഥയാണെങ്കിൽ,കുടിയേറ്റമെന്നത് ‘സമൂഹം’ എന്നതിനു പുറത്തുള്ള ഏകാന്തമായ അവസ്ഥയും തങ്ങളുടെ ആവാസവ്യവസ്ഥയിൽ ഉൾപ്പെടാൻ കഴിയാത്തതിന്റെ നഷ്ടാനുഭവങ്ങളുമാണ്.
ദേശസ്നേഹത്തിന്റെയും ഒരുമയുടെയും സഹവർത്തിത്വത്തിന്റെയും അവസ്ഥയിൽ അലിഞ്ഞുചേരാതെ,എങ്ങനെയാണ് ഒരാൾക്ക് അഭയാർഥിത്ത്വത്തിന്റെ ഏകാന്തതയെ മറികടക്കാനാവുക. ദേശീയതയിലും കുടിയേറ്റത്തിലും അന്തർലീനമായ ചില ബന്ധങ്ങൾ കുടികൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവ രണ്ടിനെയും പരസ്പരം പരാമർശിക്കാതെ നിഷ്പക്ഷമായി ചർച്ച ചെയ്യാൻ സാധിക്കുകയില്ല. അവ രണ്ടിലും കൂട്ടായ വികാരങ്ങളുടെയും വ്യക്തിപരമായ വികാരങ്ങളുടെയും അങ്ങേ തലംവരെ ഉൾക്കൊള്ളുന്നുണ്ട്.

ദേശീയതയിൽ നിന്നും വിഭിന്നമായി കുടിയേറ്റം എന്നത് അസ്തിത്വത്തിന്റെ തുടർച്ചയില്ലായ്മയെ കുറിക്കുന്നതാണ്. അഭയാർഥികൾ അവരുടെ വേരുകളിൽ നിന്നും, അവരുടെ ഭൂമിയിൽ നിന്നും, ചരിത്രത്തിൽ നിന്നും, അടർത്തിമാറ്റപ്പെട്ടവരാണ്. അവർക്ക് സ്വന്തമായ ഒരു രാഷ്ട്രമോ സൈന്യമോ ഉണ്ടാവുകയില്ല, അവർ അതിനുവേണ്ടിയുള്ള നിതാന്തമായ പരിശ്രമത്തിലായിരിക്കും.തകർന്നുപോയ തങ്ങളുടെ ജീവിത വ്യവസ്ഥയെ പുനർനിർമ്മിക്കാൻ അഭയാർഥികൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനായി സ്ഥായിയായ ഒരു രാഷ്ട്രത്തിന്റെയോ അല്ലെങ്കിൽ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ ഭാഗമാകാൻ അവർ ശ്രമിക്കുന്നു. കാരണം അതിൽ നിന്നും മോചിതമായി ഒരു അവസ്ഥ ഇക്കാലത്തെ അഭയാർഥികൾക്ക് അസാധ്യമായ ഒന്നാണ്. കുടിയേറ്റം, ഒരു മനുഷ്യൻറെ വേരുകൾ മുഴുവൻ നിഷ്കരുണം അറുത്തു മാറ്റുമെങ്കിലും, ചില സന്ദർഭങ്ങളിൽ കുടിയേറ്റമാണ് ഏറ്റവും അഭികാമ്യം ആവുക.

Noubar ഒരു അർമീനിയൻ കാരനായിരുന്നു. 1915-ൽ അദ്ദേഹത്തിന്റെ കുടുംബങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ മാതാപിതാക്കളോടൊപ്പം അദ്ദേഹം തുർക്കിയിലേക്കും തുടർന്ന് അലപ്പോയിലേക്കും പിന്നീട് കെയ്റോയിലേക്കും കുടിയേറി. അവിടുത്തെ ജീവിതം ദുസ്സഹമായപ്പോൾ അവർ ബൈറൂട്ടിലേക്ക് മാറിത്താമസിച്ചു. പിന്നീടവർ ലെബനാനിലേക്ക് തങ്ങളുടെ വാസസ്ഥലത്തെ Glascow, Gander,Newyork, എന്നീ നഗരങ്ങളിലൂടെ പ്രയാണം നടത്തി അവസാനം അവർ എത്തിയത് സീറ്റിലിൽ ആയിരുന്നു. സീറ്റിലോ….?!! ആശ്ചര്യ പൂർവ്വമായ എൻറെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തൻറെ കുടുംബങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ട അർമേനിയയെക്കാളും അനേകം മനുഷ്യർ ജീവൻവെടിഞ്ഞ തുർക്കിയെക്കാളും ലെബനാനിനെക്കാളും എത്രയോ ഭേദം സീറ്റിൽ ആണെന്ന് ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു. തൻറെ ജന്മദേശത്ത് തങ്ങുന്നതിനേക്കാളും കുടിയേറ്റമായിരിക്കും ചില അവസരങ്ങളിൽ ഉചിതമാവുക എന്നാലത് ചില അവസരങ്ങളിൽ മാത്രമാണ്. !!

കാരണം, അഭയാർഥിത്വത്തിൽ ഒന്നും തന്നെ സുരക്ഷിതമല്ല. അസൂയയുടെയും വിദ്വേഷത്തിന്റെയും അവസ്ഥ കൂടിയാണത്. തങ്ങളുടേതെന്ന് കരുതുന്നതോ തങ്ങൾ നേടിയെടുത്തതോ ആയ ഒന്നും മറ്റുള്ളവരുമായി പങ്കിട്ടെടുക്കാൻ അഭയാർഥികൾ തയ്യാറാവുകയില്ല, അത് അവരെപ്പോലെ ദുരിതം അനുഭവിക്കുന്നവരോടാണെങ്കിൽപോലും!. തങ്ങളുടെയും തങ്ങളെപോലുള്ളവരുടെയും ചുറ്റും അഭയാർഥികൾ വരക്കുന്ന രേഖയിലാണ് കുടിയേറ്റത്തിന്റെ ഏറ്റവും ചെറിയ ഭാവുകത്വം നിലകൊള്ളുന്നത്. തങ്ങളല്ലാംഒരേ ദുരിതങ്ങൾ അനുഭവിക്കുന്ന സമൂഹമാണെന്ന് ഉറച്ച ബോധവും ശത്രുക്കൾക്കെതിരിൽ ഒരുമയോടെ ചെറുത്തുനിൽക്കുന്നതുമാണവ. അറബ് ഫലസ്തീനികളും സയണിസ്റ്റ് ജൂതന്മാരും തമ്മിലുള്ള സംഘർഷത്തെ ക്കാൾ വലിയ മറ്റേത് ഉദാഹരണമാണ് ഇതിനു വേണ്ടത്? ഒരിക്കൽ അഭയാർഥികളായിരുന്ന ജൂതന്മാർ കാരണമായി തങ്ങളും അഭയാർഥികളായി മാറുന്ന അവസ്ഥയിലാണ് ഫലസ്തീനികൾ ഉള്ളത്. ഒരുപക്ഷേ ഇത് – അഭയാർഥികളാൽ നാടുകടത്തപ്പെടുക എന്നതും വേരറുത്തു മാറ്റലിൻ്റെ യഥാർത്ഥ പ്രക്രിയ അഭയാർഥികളിലൂടെ പുനർജനിക്കുക എന്നതും – അഭയാർഥികളുടെ ഏറ്റവും ഭീകരമായ, അപൂർവമായ അവസ്ഥയായിരിക്കും. 1982-ലെ വേനലിൽ എല്ലാ ഫലസ്തീനികളും തങ്ങളോടുതന്നെ ചോദിച്ച ഒരു ചോദ്യമുണ്ട്, ലബനാനിലെ അഭയാർഥി ക്യാമ്പിൽ നിന്നും തങ്ങളെ നിരന്തരം വേട്ടയാടാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്?!! ഒരുപക്ഷേ ജൂതന്മാർക്ക് ഇനിയൊരു കുടിയേറ്റത്തിൻ്റെ കഷ്ടതകൾ താങ്ങാൻ കഴിയാത്തതായിരിക്കാം ഫലസ്തീനി ദേശീയതക്കു മേൽ അവർ കാണിക്കുന്ന ശക്തമായ അസഹിഷ്ണുതക്ക് കാരണം. യഥാർത്ഥത്തിൽ അഭയാർഥി തത്വത്തിൻ്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഫലസ്തീനികളുടെ ദേശീയബോധം ദൃഢമാവുന്നത്.കുടിയേറ്റത്തിൻ്റെ തുടർച്ചയില്ലായ്മക്കും അസ്ഥിരതക്കും അപ്പുറം ദേശീയ അസ്തിത്വം കെട്ടിപ്പടുക്കുന്നതിൻ്റെ ആവശ്യകത മഹമൂദ് ദർവീശ് കവിതകളിൽ കാണാം.


തുടർന്ന് വായിക്കുക: റിഫ്ലക്ഷൻസ് ഓൺ എക്സൈൽ – ഭാഗം 2
വിവർത്തനം: നവാൽ അബ്ദുല്ല
Featured Image: Edward Said, August 1999, photo: Akg-images / Bruni Meya/East News

Comments are closed.