റൂമി മസ്നവി എഴുതിയ കാലം മുതൽ ഇന്നേ വരെ പുറത്തിറങ്ങിയ മസ്നവി വ്യാഖ്യാനങ്ങളിൽ മിക്കതും മസ്നവിയും ഖുർആനും തമ്മിലുള്ള ബന്ധങ്ങളെ അധികരിച്ച് എഴുതപ്പെട്ടവയാണ്. ഖുർആനിലെ ആയത്തുകളെ മസ്നവിയുമായി കൂട്ടിച്ചേർത്തുള്ള വായനകളിൽ ചിലത് ഖുർആന്റെ ബ്രഹദ് വ്യാഖാനങ്ങളും മറ്റു ചിലത് ഖുർആന്റെ ചിഹ്ന ശാസ്ത്ര വ്യാഖ്യാനങ്ങളുമാണ്. എന്നാൽ വളരെ  സങ്കീർണ്ണമായൊരു ബന്ധമാണ് മസ്നവിക്ക് ഖുർആനുമായുള്ളത്. പേർഷ്യയുടെ ഖുർആൻ എന്നാണ് പ്രശസ്ത പേർഷ്യൻ കവിയായ അബ്ദുറഹ്മാൻ ജാമി മസ്നവിയെ വിശേഷിപ്പിച്ചത്. താൻ പ്രവാചകനൊന്നുമല്ലെങ്കിലും തന്റെ കയ്യിലുള്ളത് ഒരു കിതാബ് ആണെന്ന് റൂമി തന്നെ പറഞ്ഞിട്ടുണ്ട്. ഖുർആനിലെ 528 ആയത്തുകൾ മാത്രമേ മസ്നവിയിൽ നേരിട്ടു പരാമർശിക്കുന്നുളളൂ. എങ്കിലും ഹാദി ഹെയറി നടത്തിയ ഒരു പഠനത്തിൽ മസ്നവിയുടെ ഇരുപത്തഞ്ച് ശതമാനവും ഖുർആൻ ആയത്തുകളോ നേർ പരിഭാഷകളോ പരാവർത്തനങ്ങളോ ആണ്. അതുകൊണ്ടു തന്നെ പല പണ്ഡിതരും റൂമിയൻ എഴുത്തുകളിലെ ഖുർആൻ കേന്ദ്രീയതയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

ഖുർആന്റെ അർത്ഥ ശാസ്ത്രത്തിൽ ആമഗ്നനായിരുന്നതു കൊണ്ട് റൂമിയുടെ  വാക്കുകൾ തന്നെ ഖുർആനിൽ അലിഞ്ഞു ചേർന്നതായിരുന്നു. തന്റെ  കാവ്യാത്മക രീതിയെ മാറ്റിനിർത്തിയാൽ ഖുർആന്റെ സംവേദനത്തോട് സാദൃശ്യമായ രീതിയിൽ തന്നെയാണ് റൂമിയും സംസാരിക്കുന്നത്. ദീവാനെ തബ് രിസിയിൽ റൂമി എഴുതുന്നു :

എന്റെ കയ്യിൽ എപ്പോഴും ഒരു ഖുർആൻ ഉണ്ടാകുമായിരുന്നു. പക്ഷെ ഇപ്പോൾ എന്റെ കയ്യിലുള്ളത് പ്രണയത്തിന്റെ പാനപാത്രമാണ്. എന്റെ അധരങ്ങളിൽ നിറയെ ദൈവ പ്രകീർത്തനങ്ങളായിരുന്നു. പക്ഷെ അവ ഇപ്പോൾ ഉരുവിടുന്നത് കാവ്യങ്ങളും ഗീതങ്ങളും മാത്രമാണ്

ദീവാൻ, 24875

മറ്റൊരിടത്ത് അദ്ദേഹം ഖുർആനെയും നിസ്കാര മുസല്ലയെയും പ്രണയത്തോട് തുലനപ്പെടുത്തുന്നത് കാണാം.

പ്രേയസ്സിയോടുള്ള അഭിനിവേശം എന്നെ ജ്ഞാനതീർത്ഥാടനത്തിൽ നിന്നും ഖുർആൻ പാരായണത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയി. അവസാനം ഞാൻ ഉന്മത്തനും പരവശനുമായിത്തീർന്നു. ആത്മാർത്ഥതയോടെ ഞാൻ നിസ്കാര മുസല്ലകൾക്ക് പിറകെ പോയി. സൽകർമങ്ങൾ ചെയ്യാൻ പ്രപഞ്ച വിരക്തിയുടെ മാർഗം തന്നെ സ്വീകരിച്ചു.പ്രണയം നിസ്കാര മുസല്ലയിലേക്ക് വന്നിട്ട് എന്നോട്  പറഞ്ഞു. നിന്റെ ഉണ്മയുടെ പ്രതിബന്ധങ്ങളെ നീ തകർത്തു കളയുക. നീ എന്തിനാണ് നിസ്കാര മുസല്ലയിൽ നിന്നെത്തന്നെ ബന്ധനസ്ഥനാക്കിയത്?

 ദീവാൻ, 26404

ദൈവ പ്രണയത്തിനു വേണ്ടി മതത്തിലെ അത്യന്താപേക്ഷിത കർമ്മങ്ങളെ നിരാകരിക്കാനാണ് റൂമി തന്റെ എഴുത്തുകളിലൂടെ വായനക്കാരെ പ്രേരിപ്പിക്കുന്നത് എന്ന് ചിലരെങ്കിലും ആരോപണമുന്നയിച്ചിരുന്നു. എന്നാൽ മസ്നവിയുടെ ഊടും പാവും തന്നെ ഖുർആൻ ആണെന്ന് മനസ്സിലായതോടെ ഈ ആരോപണങ്ങൾ നിലക്കുകയായിരുന്നു. പ്രണയം റൂമിയെ കൂട്ടിക്കൊണ്ട് പോകുന്നത് വരെ മതത്തിന്റെ പ്രത്യക്ഷ ഭാവവും ഖുർആന്റെ ബാഹ്യാർത്ഥവും മാത്രമേ റൂമിക്ക് അറിയുമായിരുന്നുള്ളൂ. അതു കൊണ്ടു തന്നെ മസ്നവിയിൽ മാത്രമാണ് ഖുർആന്റെ ആന്തരികാർത്ഥങ്ങളെ റൂമി വിശദീകരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഒരാളുടെ ഉണ്മയിലെ ആന്തരികാർത്ഥങ്ങളെ എങ്ങനെ കണ്ടെത്താമെന്നും റൂമി വിശദീകരിക്കുന്നുണ്ട്. മസ്നവിയിൽ ഖുർആന്റെ ബാഹ്യാർത്ഥവും ആന്തരികാർത്ഥവും തമ്മിലുള്ള ബന്ധത്തെ റൂമി വിശദീകരിക്കുന്നത് ഇപ്രകാരമാണ്

ഖുർആനിലെ അക്ഷരങ്ങൾ വെറും ബാഹ്യ രൂപങ്ങൾ മാത്രമാണ്. അവയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള ആന്തരിക അർത്ഥങ്ങളുണ്ട്. അതിന്റെയും പിന്നിൽ വളരെ അന്തർഗതമായി മൂന്നാമതൊരു ആന്തരികാർത്ഥമുണ്ട്. ഏതു ധിഷണയും യുക്തിയും അവിടെ അടിയറവ് പറയും. അതിനുമപ്പുറം നാലാമതൊരു ആന്തരികാർത്ഥമുണ്ട്. അത് അല്ലാഹുവിനല്ലാതെ  മറ്റാർക്കും മനസിലാക്കാൻ കഴിയില്ല.

ഇത്രയും വിശാലമായ അർഥങ്ങൾ ഖുർആനിന് ഉള്ളപ്പോഴും പലരും വഹ്‌യിന്റെ രൂപത്തിൽ മാത്രമേ ഖുർആനിനെ മനസ്സിലാക്കുന്നുള്ളൂ. കളിമണ്ണിൽ നിർമ്മിക്കപ്പെട്ട ആദം നബി(അ)യുടെ ആത്മാവ് കാണാതെ ഭൗതിക ശരീരം മാത്രം കണ്ട ഇബ്‌ലീസിന്റെ പാപത്തോടാണ് ഈ ഏകാത്മക രീതിയിലെ മനസ്സിലാക്കലിനെ റൂമി സാദൃശ്യപ്പെടുത്തുന്നത്. റൂമിയുടെ ഒരു വരിയിൽ ഇങ്ങനെ കാണാം: മനുഷ്യാ, ഇബ്‌ലീസ് ആദം നബി(അ)യെ നിർമ്മിച്ച കളിമണ്ണിലേക്ക് മാത്രം നോക്കിയത് പോലെ ഖുർആന്റെ ബാഹ്യാർത്ഥം മാത്രം നോക്കരുത്.  ഖുർആന്റെ ബാഹ്യാർത്ഥം ഒരു മനുഷ്യന്റെ വ്യക്തിത്വം പോലെയാണ്. അതിന്റെ സവിശേഷതകൾ ദൃഷ്ടി ഗോചരമാണ്. എന്നാൽ ആത്മാവ് അപ്രത്യക്ഷവുമാണ്. ഈയൊരു വീക്ഷണ പ്രകാരം ഒരു വ്യക്തിയുടെ ഖുർആനുമായുള്ള ഇടപെടൽ ഫലവത്താകുന്നത് ഖുർആന്റെ രൂപവും അർത്ഥവും തമ്മിലുള്ള അന്തരങ്ങൾ അറിയുമ്പോഴാണ്. റൂമി എഴുതുന്നു :

ഖുർആന്റെ രൂപം മാത്രം കണ്ടാൽ ഒരാൾക്ക് അർത്ഥമറിയാൻ കഴിയില്ല. നിങ്ങൾ ബുദ്ധിശാലിയാണെങ്കിൽ പുറം തോടിനുള്ളിൽ നിന്നും പവിഴത്തെ പുറത്തെടുക്കൂ

ഉപരി സൂചിത അന്തരങ്ങൾ അറിയാൻ ഒരാൾക്ക് സാധിച്ചാൽ റൂമിയുടെ ഭാഷയിൽ അയാൾക്ക്‌  രൂപങ്ങളെയും നാമങ്ങളെയും മറികടന്ന് അവയുടെ അർത്ഥ തലങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. ഖുർആനോടുള്ള സമീപന രീതിയെ കുറിച്ച് റൂമി പലപ്പോഴും വാചാലമാകുന്നുണ്ട്. നിന്റെ കാതുകൾക്ക് അക്ഷരങ്ങളെ കേൾക്കാനുള്ള ശേഷി മാത്രമേ ഉള്ളുവെങ്കിൽ ഗോപ്യമായവ കേൾക്കാനുള്ള നിന്റെ കാതുകൾക്ക് ബധിരത ബാധിച്ചിരിക്കുന്നു എന്നാണ് റൂമി തന്റെ വായനക്കാരെ ഓർമ്മപ്പെടുത്തുന്നത്. ആന്തരികാർത്ഥങ്ങളെ കേൾക്കാൻ കഴിവില്ലാതെ രൂപത്തെ മാത്രം അറിയാൻ കഴിവുള്ള കാതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ബാഹ്യ രൂപത്തിൽ നിന്ന് മാത്രം അറിവ് സ്വീകരിക്കുന്നവർ സത്യമന്വേഷിക്കാതെ കേവലം പഠിച്ചതെല്ലാം ഹൃദിസ്ഥമാക്കി അറിവ് നേടുന്നവരെ പോലെയാണ്.

മിക്ക ഖുർആൻ വ്യാഖ്യാനങ്ങളും ഇതേ സ്വഭാവത്തിൽ പെടുന്നവയാണ്. ഈയൊരു മനോഗതിയിൽ, ദൈവ വചനങ്ങളോട് സ്വന്തത്തെ  ഇണക്കുന്നതിന് പകരം സ്വന്തത്തോട് ദൈവ വചനങ്ങളെ ഇണക്കാൻ ശ്രമിച്ചതിന് ഖുർആൻ വ്യാഖ്യാതാക്കളെ റൂമി കണക്കിന് വിമർശിക്കുന്നുണ്ട്. തഅവീലിനെ സംബന്ധിച്ച് റൂമി പറയുന്നത് നോക്കുക : ആഗ്രഹം പരിശുദ്ധമായപ്പോഴൊന്നും വിശ്വാസം പരിശുദ്ധമായിരുന്നില്ല. ആഗ്രഹമാണ് വിശ്വാസത്തിന്റെ കതക് അടച്ചു കളഞ്ഞത്. നിങ്ങൾ  നിങ്ങളെ തന്നെ വ്യാഖ്യാനിക്കുക. ഖുർആനിനെയല്ല വ്യാഖ്യാനിക്കേണ്ടത്. നിങ്ങൾ നിങ്ങളുടെ താത്പര്യമനുസരിച്ച് ഖുർആനിനെ വ്യാഖാനിക്കുക വഴി ഖുർആന്റെ സമുന്നതമായ അർത്ഥ തലങ്ങളാണ് അവഗണിക്കപ്പെട്ടത്. ബാഹ്യാർത്ഥങ്ങളുടെ കണ്ണാടിയിലൂടെ ആന്തരികാർത്ഥങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നവരെക്കുറിച്ച് റൂമി പറയുന്നത് നോക്കുക : “വ്യാജരായ വ്യാഖ്യാതാക്കളാണവർ. അവരുടെ ചിന്തയും ഭാവനയും കളങ്കപ്പെട്ടിരിക്കുന്നു”.

പ്രവാചകന് (സ) ദൈവം വഹ്‌യ്‌ നൽകിയത് മാനവികതയെ രൂപപ്പെടുത്താനും മനുഷ്യകുലത്തെ ഫിത്റയിൽ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കാനുമാണ്. എന്നിട്ടും മനുഷ്യകുലം അവർക്കു കിട്ടിയ വെളിച്ചത്താൽ പരിപോഷിക്കാതെ അതിനെ നിഷേധിക്കാനും അതിന്റെ ദീപത്തെ പരിശോധിക്കാനുമാണ് ശ്രമിക്കുന്നത്. ഖുർആന്റെ ബാഹ്യാർത്ഥങ്ങളിലൂടെ അറിവ് നേടാൻ ശ്രമിക്കുന്നവർ മൂസാ നബിയുടെ വടി മോഷ്ടിക്കാൻ ശ്രമിച്ച മാരണക്കാരെ പോലെയാണ്. അതിനെ സംബന്ധിച്ച് റൂമി എഴുതുന്നത് ഇപ്രകാരമാണ് : മാരണക്കാർ വടി മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വടി ഒരു പരുന്തായി രൂപാന്തരപ്പെട്ടു. അതോടെ മൂസാ നബി (അ) യഥാർത്ഥ പ്രവാചകനാണെന്ന് അവർ വിശ്വസിക്കുകയും മൂസാ നബിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഖുർആനിനെ റൂമി മൂസാ നബി(അ)യുടെ വടിയോട് ഉപമപ്പെടുത്തിയതിൽ നിന്ന് നമുക്ക് ചിലത് മനസ്സിലാക്കാനുണ്ട്. ഖുർആനിൽ നിന്ന് വല്ലതും മനസ്സിലാക്കാൻ കഴിവുള്ളവർ അവർ മനസ്സിലാക്കിയതാണ് ഖുർആന്റെ യഥാർത്ഥ പ്രകൃതമെന്ന് കരുതരുത്.  അവർ മനസ്സിലാക്കിയതിനെ അവർ ഉപയോഗിക്കാൻ ശ്രമിച്ചില്ലെങ്കിൽ മൂസാ നബി(അ)യുടെ വടി മാരണക്കാരെ കീഴടക്കിയത് പോലെ ഖുർആന്റെ അർഥങ്ങൾ അവരെ കീഴടക്കും.

ഈ പ്രശ്നത്തെ മറികടക്കാനും ഖുർആനെ അടുത്തറിയാനും റൂമി തന്റെ ‘ഫീഹി മാ ഫീഹി’ എന്ന ഗ്രന്ഥത്തിൽ ഒരു കാര്യം പറയുന്നുണ്ട്.  അതിൽ  ഹിജാബിട്ട മണവാട്ടിയോടാണ് റൂമി ഖുർആനിനെ ഉപമിക്കുന്നത്:

ഖുർആൻ ഒരു മണവാട്ടിയെ പോലെയാണ്. നിങ്ങൾ അവളുടെ ഹിജാബ് നീക്കിയാൽ പോലും അവൾ അവളുടെ മുഖത്തെ നിങ്ങൾക്ക് കാണിച്ചു തരില്ല. ഖുർആൻ പരതിയിട്ടും നിങ്ങൾക്ക് ആത്മാനന്ദമോ ആദ്ധ്യാത്മികമായ വെളിപാടോ ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഖുർആനിനെ സമീപിച്ചതിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അതു കാരണം അത് നിങ്ങളെ അവഗണിച്ചുവെന്നും മനസ്സിലാക്കുക. അതായത് ഖുർആൻ നിങ്ങളെ വഞ്ചിച്ചിരിക്കുന്നു എന്നർത്ഥം. ‘സൗന്ദര്യമില്ലാത്ത മണവാട്ടിയാണ് ഞാൻ ‘എന്ന് ഖുർആൻ നിങ്ങളോട് പറയും. ഖുർആനിന് അത്  ഇച്ഛിക്കും വിധം പ്രത്യക്ഷപ്പെടാൻ സാധിക്കും. നിങ്ങൾ അതിനെ നിറഞ്ഞ മനസ്സോടെ സമീപിക്കുക. എന്നാൽ നിങ്ങൾക്കു മുന്നിൽ വ്യക്തമായി അത് പ്രത്യക്ഷപ്പെടും.

ഫീഹി മാ ഫീഹി, 229

ഖുർആന്റെ സന്ദേശത്തെ ചികഞ്ഞന്വേഷിക്കാതെ ഇവ്വിധം നിങ്ങൾ ഖുർആനിനെ ഉപയോഗിക്കുക മാത്രമാണ് അതിന്റെ ആന്തരികാർത്ഥങ്ങൾ അറിയാനുള്ള ഏക വഴി. റൂമി എഴുതുന്നു : വ്യർത്ഥമായ തന്റെ ഭാവനകളെ അവഗണിച്ച് ഖുർആന്റെ അർത്ഥത്തെ ഖുർആനിനോട് തന്നെ ചോദിക്കുക. അങ്ങനെയെങ്കിൽ അവന്റെ ആത്മാവിന്റെ സത്ത തന്നെ ഖുർആൻ ആയി മാറും. പാവങ്ങളായ എന്റെ ദാസർക്കൊപ്പം ജീവിക്കുന്നവരെ തേടി നിങ്ങൾ പോവുക.

ദൈവം എല്ലാവരോടും സംസാരിക്കില്ല. ഭൗതിക ലോകത്ത്‌ രാജാക്കന്മാരെ സഹായിക്കാൻ മന്ത്രിമാരും സഹ മന്ത്രിമാരും ഉള്ളത് പോലെ ദൈവത്തിനും അത്തരം ദാസന്മാരുണ്ടാകും. ആരെങ്കിലും ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ ദൈവം അവരിലുണ്ടാകും. പ്രവാചകന്മാരെല്ലാം ഇക്കാരണത്തിന് വേണ്ടിയാണ് നിയോഗിക്കപ്പെട്ടത്

ഫീഹി മാ ഫീഹി, 229


വിവർത്തനം :എൻ. മുഹമ്മദ്‌ ഖലീൽ
Featured Image: Quran by Ashkan Forouzani

Author

Associate professor of Quranic studies at the College of Islamic Studies, Hamad Bin Khalifa University

Comments are closed.