അർബൻ സൗണ്ട്സ്കേപ്പ്, അധ്യായം രണ്ട്

“സിറ്റി സെന്ററിലെ റാംസെസ് പള്ളിക്ക് പുറത്ത് വെച്ച് ഒരു ടാക്സിയിൽ ഞാൻ കയറിപ്പറ്റി. ഡ്രൈവർ വണ്ടി റാംസെസ് സ്ട്രീറ്റിലെ തിരക്കേറിയ പാതയിലേക്ക് തിരിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ചെറിയ വെൽവറ്റ് ബോക്‌സിൽ ഭദ്രമാക്കിവെച്ച ഖുർആനിന് തൊട്ടുതാഴെയായി ഡാഷ്‌ബോർഡിനടിയിൽ ബോൾട്ട് ചെയ്ത് വെച്ച പൊടിപിടിച്ച് മരവിച്ച ടേപ്പ് പ്ലെയറിൽ നിന്നും ഉച്ചത്തിൽ ഏതോ ഉദ്ബോധന പ്രസംഗം കേട്ടുകൊണ്ടിരിക്കുകയിരുന്നു അയാൾ. പ്രാസംഗികൻ തന്റെ ശബ്ദത്തിൽ വരുത്തുന്ന താളാത്മകമായ ഉയർച്ച താഴ്ച്ചകളും, അതോടൊപ്പം റെക്കോർഡിംഗിനിടയിൽ സംഭവിക്കുന്ന വൈബ്രേഷനുകളും, ഇടർച്ചകളും, ശ്വാസോച്ഛ്വാസങ്ങളും എല്ലാം സ്പീക്കറിൽ നിന്നും പുറത്ത് വരുന്ന ശബ്ദത്തിൽ കേൾക്കാം. മറ്റു വാഹനങ്ങളുടെ ഹോണുകളും, തെരുവിൽ നിന്നുമുള്ള സംസാരങ്ങളും, അലർച്ചകളും, തുരുമ്പിച്ച എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുടെ ശബ്ദവും പലപ്പോഴും സ്റ്റീരിയോയിൽ നിന്നുള്ള ശബ്ദത്തെ കവച്ചുവെക്കുകയും, എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ പറ്റാത്ത തരത്തിൽ അവ്യക്തമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഡ്രൈവർ തന്റെ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച മറ്റൊരു കാറിനെ നോക്കി ഉച്ചത്തിൽ ഹോണടിക്കുന്നതിനിടയിൽ മരണത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള ഒരു ഖുർആൻ വാക്യം സ്റ്റീരിയോയിലൂടെ ഒഴുകിവന്നു “എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കും” (كل نفس ذائقة الموت). പശ്ചാത്തലത്തിൽ ശ്രോതാക്കൾ കരയുന്ന ശബ്ദം ഉയർന്നു കേൾക്കാം. മറികടന്നുപോകാൻ ശ്രമിച്ച കാറിനെ പിറകിലാക്കി മുന്നോട്ട് കുതിക്കുമ്പോൾ അയാളുടെ അധരങ്ങൾ മൃദുവായി മൊഴിയുന്നത് കേൾക്കാമായിരുന്നു: “ലാ ഇലാഹ ഇല്ലല്ലാഹ്”.

“പ്രാസംഗികൻ സൗദി ആയിരിക്കണം. അവർക്ക് മനുഷ്യരെ ഭയപ്പെടുത്താൻ നന്നായിട്ടറിയാം”. പിറകിലെ സീറ്റിലിരുന്ന വ്യക്തി സംസാരം നിർത്തി ഡ്രൈവറോടായി പറഞ്ഞു. കൂട്ടുകാരനുമായുള്ള സംസാരത്തിലേക്ക് അയാൾ തിരികെ പോകുമ്പോൾ പ്രസംഗം പ്രാര്‍ത്ഥനയിലേക്ക് വഴിമാറിയിരുന്നു. ഡ്രൈവർ ടേപ്പിന്റെ വോള്യം നോബ് ക്രമീകരിച്ചു “ദൈവം നമുക്ക് മരണസമയത്തെ യാതനകൾ കുറച്ച് തരട്ടെ. ദൈവം നമ്മുടെ ഖബറുകൾ പ്രകാശിപ്പിക്കട്ടെ, വിധി ദിനത്തിൽ ദൈവം നമ്മെ സംരക്ഷിക്കട്ടെ”. ഓരോ പ്രാർത്ഥനക്കും ശേഷം സദസ്സിൽ നിന്നും ഉച്ചത്തിൽ “ആമീൻ” എന്ന് പറയുന്നത് കേൾക്കാം. പിറകിലെ യാത്രക്കാരെ ഇറക്കി തിരികെ ട്രാഫിക്കിലേക്ക് ഊർന്നിറങ്ങി ഞങ്ങൾ മുഹന്ദേസിനിലക്ക് യാത്ര തുടർന്നു. “ഖബറിൽ തനിച്ചാവുമ്പോൾ നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് എന്തായിരിക്കും തോന്നുക?” കാർ റാമ്പിനടുത്തേക്ക് നീങ്ങുന്നതിനിടയിൽ ടേപ്പിലെ ശബ്ദം ചോദിച്ചു. ഞങ്ങളെ മറികടന്നു പോയ കാറിന്റെ തുറന്ന വിൻഡോ വഴി മൈക്കിൾ ജാക്സന്റെ ഏതോ ഹിറ്റ് ഗാനത്തിന്റെ ശബ്ദം പ്രസംഗത്തെ മറച്ച് കടന്നുപോയി. “ഓ ഷെയ്ഖ്, ആ മൂന്ന് ചോദ്യങ്ങളിലേക്ക് വരൂ” ആക്സിലേറ്ററിൽ കാലമർത്തി ഡ്രൈവർ പ്രാസംഗികനോട് അപേക്ഷക്കുന്ന മട്ടിൽ പറഞ്ഞു. ഒരുപാട് തവണ കേട്ട പ്രസംഗത്തിൽ തുടർന്ന് വരാനുള്ള ഭാഗങ്ങളെക്കുറിച്ച് അയാൾക്ക് മനഃപാഠം അറിയാമായിരിക്കണം. കാർ അപ്പോൾ പാലത്തിന് മുകളിലൂടെയായിരുന്നു ഓടിക്കോണ്ടിരുന്നത്. ആ തിരക്കിനിടയിലും അയാൾ പ്രസംഗം ശ്രദ്ധിച്ച് കേൾക്കുന്നുണ്ടായിരുന്നു”.

The Ethical SoundscapeCharles Hirschkind


‘കാഴ്ച്ചകളാണ്’ (spectacles) പലപ്പോഴും നഗരങ്ങളെ രൂപപ്പെടുത്തുകയും, പ്രതിനിധീകരിക്കുകയും ചെയ്യുന്നത്. ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെയും, ഫ്‌ളൈ ഓവറുകളുടെയും, ഭീമാകാരികളായ ഫാക്ടറികളുടെയുമെല്ലാം ചിത്രങ്ങളായിരിക്കും നഗരത്തെക്കുറിച്ചുള്ള ആലോചനകളിൽ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക. ദുബൈ നഗരത്തെക്കുറിച്ചുള്ള ഏത് ആലോചനയും ബുർജ് ഖലീഫയുടെ ചിത്രമില്ലാതെ പൂർണ്ണമാവാത്തത് പോലെ. അതുകൊണ്ടായിരിക്കണം നഗരാസൂത്രണം/ ശുചീകരണം/ സൗന്ദര്യവൽക്കരണം തുടങ്ങിയവയെല്ലാം നഗരത്തിന്റെ കാഴ്ച്ചാനുഭവങ്ങളുടെ പരിഷ്കരണങ്ങളും നവീകരണങ്ങളുമായി മാറുന്നത്. പൂർവ്വധുനിക നഗരങ്ങൾ വ്യവസായവൽകൃത ആധുനിക നഗരങ്ങൾക്ക് വഴിമാറിയപ്പോൾ നഗരക്കാഴ്ച്ചകൾക്ക് മാത്രമല്ല അവിടങ്ങളിൽ ഉയർന്നു കേട്ട ശബ്ദങ്ങൾക്കും വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചിരുന്നു. പള്ളിമണികൾക്ക് പകരം ഫാക്ടറികളിൽ നിന്നുള്ള സൈറണുകളും, യന്ത്രങ്ങളുടെ സീൽക്കാരങ്ങളും, മുഴക്കങ്ങളും ശബ്ദമണ്ഡലത്തിന്റെ പുതിയ അവകാശികളായി മാറി. ഹൈദരാബാദ് പോലെ ഐടി വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള നഗരങ്ങളിൽ അത്തരം ശബ്ദങ്ങളുടെ കാര്യമായ സാന്നിധ്യം അനുഭവപ്പെടാനില്ല. സാങ്കേതിക വിദ്യയുടെ വികാസങ്ങൾ മനുഷ്യനെ ശബ്ദത്തിനുമേൽ നിയന്ത്രണം സ്ഥാപിക്കാൻ പ്രാപ്തനാക്കിയതോടെ നഗരപരിസരങ്ങൾ സ്വാഭാവികമായും നിശ്ശബ്ദമാകേണ്ടിയിരുന്നതല്ലേ?

കഴിഞ്ഞ രണ്ടു വർഷമായി ഹൈദരാബാദിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ ചാടിക്കയറിയും, ഓട്ടോറിക്ഷയുടെ മുൻ ഭാഗത്ത് ഡ്രൈവറടക്കം നാലാമനായി ചെരിഞ്ഞിരുന്നും (യാത്രക്കാരിലൊരാൾ ഓടിക്കാൻ തെയ്യാറാണെങ്കിൽ ഇറങ്ങിത്തന്ന് ഒരാളെക്കൂടി കയറ്റാൻ മാത്രം ഉദാരനായിരിക്കും പലപ്പോഴും ഡ്രൈവർമാർ) ഓഫീസിലേക്കുള്ള പതിവ് സാഹസിക യാത്രകൾക്കിടയിലാണ് നഗരത്തിന്റെ ഒച്ചപ്പാടുകളെക്കുറിച്ചും ആർത്തനാദങ്ങളെക്കുറിച്ചും ആലോചിച്ച് തുടങ്ങുന്നത്. ഇന്നത്തെ നഗരങ്ങളിലെ ശബ്ദമണ്ഡലത്തിന്റെ പുതിയ അവകാശികൾ യഥാർത്ഥത്തിൽ മോട്ടോർ വാഹനങ്ങളായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വാഹനങ്ങളുടെ എഞ്ചിനുകളും ഹോണുകളുമായിരിക്കും നഗരങ്ങളിൽ ഇന്ന് നാം കേൾക്കുന്ന ശബ്ദത്തിന്റെ ഭൂരിഭാഗവും പുറത്ത് വിടുന്നത്. അവയിൽത്തന്നെ ഏറ്റവും ഉച്ചത്തിൽ ശബ്ദം പുറത്ത് വിടുന്നത്, തുടർച്ചയായി ഹോണടിച്ച്, അകത്ത് ഘടിപ്പിച്ച ഹൈ വോൾട്ട് സൗണ്ട് ബോക്സുകളിൽ നിന്നും നിലക്കാതെ ഒഴുകുന്ന സംഗീതവുമായി ട്രാഫിക്കിനിടയിലൂടെ കുതറിയോടുന്ന ഓട്ടോറിക്ഷകളായിരിക്കും. ഈ ഓട്ടോകളാകണം ആധുനികതയുടെ മുഴുവൻ നിയന്ത്രണോപാധികളെയും വെല്ലുവിളിച്ചുകൊണ്ട് നഗരങ്ങളെ ശബ്ദമുഖരിതമാക്കുന്നത്.

ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റി പ്രൊഫസ്സർ ആയിരുന്ന (അന്നത്തെ CIEFL) ജാവേദ് ആലം ഹൈദരാബാദ് നഗരത്തിന്റെ വളർച്ചയെയും, മാറ്റങ്ങളെയും അടയാളപ്പെടുത്തുന്നത്– അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ– ‘ആധുനികതയുടെ ഇതിഹാസത്തിന്റെ രണ്ട് അസാധാരണമായ ചിഹ്നങ്ങളിലാണ്‘. ഒന്ന്, നഗരത്തിന്റെ ഏറ്റവും ആധുനികവൽക്കരിക്കപ്പെട്ടതും, സമ്പന്നവുമായ ഇടങ്ങളിൽ പോലുമുള്ള പർദ്ദയുടെ സാന്നിധ്യവും, മറ്റൊന്ന്, ഏറ്റവും ദരിദ്രമായ തെരുവുകളിൽ പോലുമുള്ള സൈക്കിൾ റിക്ഷകളുടെ അസാന്നിധ്യവും. പർദ്ദയുടെ കാര്യമെടുത്താൽ തൊണ്ണൂറുകളിലെ ഗൾഫിലേക്കുള്ള ഒഴുക്കിന്റെ ഫലമായി ഉണ്ടായ സാമ്പത്തിക അഭിവൃതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറിയത് പെൺകുട്ടികളായിരുന്നു. ആൺകുട്ടികൾ എത്രയും പെട്ടെന്ന് ഗൾഫിലേക്ക് കുടിയേറാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ ചെലുത്തിയപ്പോൾ പെൺകുട്ടികൾ കോളേജുകളിലും, ഐടി കോച്ചിംഗ് സെന്ററുകളിലും ചേർന്ന് പഠിച്ചു. സ്‌കൂട്ടികളിൽ കറങ്ങുകയും, ഐസ്ക്രീം പാർലറുകളിലും, സലൂണുകളിലും അവർ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ജാവേദം ആലം എഴുതുന്നു: “ഈ പെൺകുട്ടികൾ മുസ്‍ലിംകളാണ് എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്, എന്നാൽ അവരുടെ മുഖം നമുക്ക് കാണാനാവുന്നില്ല, മുഖങ്ങൾ മറഞ്ഞതാണെങ്കിലും അവരുടെ പ്രവർത്തനങ്ങളും, ജോലികളും മറ്റുള്ളവരെപ്പോലെത്തന്നെ പ്രത്യക്ഷമാണ്. ആധുനിക ലോകത്താണ് ജീവിതമെങ്കിലും അവരുടെ ആധുനികത അനിര്‍വ്വചനീയമായി തന്നെ അവശേഷിക്കുന്നു”

ഹൈദരാബാദിന്റെ സൗണ്ട്സ്കേപ്പിനെക്കുറിച്ചുള്ള നമ്മുടെ ആലോചനയിൽ പ്രധാനം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സൈക്കിൾ റിക്ഷകളുണ്ടായിരുന്ന, ഒരു കാലത്ത് ‘റിക്ഷകളുടെ നഗരം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നഗരത്തിൽ നിന്നുമുള്ള അവയുടെ അപ്രത്യക്ഷമാവലും, അവയുടെ സ്ഥാനം കയ്യടക്കിക്കൊണ്ടുള്ള ഓട്ടോറിക്ഷകളുടെ (അതി)സാന്നിധ്യവുമാണ്. തൊള്ളായിരത്തി ഏഴുപതുകളുടെ മധ്യത്തോടെയാണ് ഓട്ടോറിക്ഷകൾ കടന്നുവരുന്നത്. പുതിയ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാനില്ലാതെ തകർന്നുകൊണ്ടിരിക്കുന്ന നഗരമായിരുന്നു അക്കാലത്ത് ഹൈദരാബാദ്. തൊഴിലന്വേഷിച്ച് പുറം രാജ്യങ്ങളിലേക്കുള്ള യാത്രകൾ വർദ്ധിച്ച സമയംകൂടിയായിരുന്നു അത്. തൊണ്ണൂറുകളിലാണ് നഗരത്തിന് പുതിയ ജീവൻ ലഭിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മൊത്തമായും, ഹൈദരാബാദിനെ പ്രത്യേകിച്ചും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിഷൻ 2020 അവതരിപ്പിക്കുകയും, ഹൈടെക്ക് സിറ്റിക്ക് തുടക്കം കുറിച്ച് അന്താരാഷ്‌ട്ര തലത്തിൽ സംരംഭകരെ ആകർഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ ഹൈദരാബാദിന് പുതിയ ജീവൻ ലഭിച്ചു. ഭീമൻ ഓഫീസ് കെട്ടിടങ്ങളും, ഫ്‌ളൈ ഓവറുകളും, ഷോപ്പിംഗ് മാളുകളും നിലവിൽ വന്നു. അതോടെ സൈക്കിൾ റിക്ഷകളുടെ സ്ഥാനത്ത് നിരത്തുകളിൽ ഓട്ടോറിക്ഷകൾ ആധിപത്യം നേടിത്തുടങ്ങി. ഓട്ടോറിക്ഷകളുടെ കടന്നുവരവിന് സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലംകൂടിയുണ്ട്. ദളിത്, മുസ്‌ലിം, ഒബിസി വിഭാഗക്കാരായിരുന്നു പ്രധാനമായും സൈക്കിൾ റിക്ഷകൾ വരുമാനമാർഗ്ഗമായി കണ്ടിരുന്നത്. വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെ പുതിയ അവസരങ്ങൾ ലഭ്യമായതോടെ രൂപപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ വികാസം അവരെ റിക്ഷകൾ ഉപേക്ഷിക്കാൻ സഹായിച്ചു. ഇക്കൂട്ടരിൽ പല കാരണങ്ങളാൽ വിദഗ്ധ തൊഴിലിടങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയാതെ പോയവരാണ് ഓട്ടോറിക്ഷ ഡ്രൈവർമാരായി മാറിയത്. ഈ ഒരു സാമൂഹിക പശ്ചാത്തലം പൊതുവിടങ്ങളിലേക്ക് ഓട്ടോറിക്ഷകൾ തുറന്ന് വിടുന്ന ശബ്ദത്തിന്റെ സ്വഭാവം, അവ നിർവ്വഹിക്കുന്ന സാമൂഹികവും, സാംസ്കാരികവുമായ ധർമ്മങ്ങൾ എന്നിവ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.

സദാ തിരക്കിട്ട് ഓടികൊണ്ടിരിക്കുന്ന ഓട്ടോയുടെ സഞ്ചാരങ്ങൾക്ക് ശബ്ദത്തിന് സമാനമായ ചില പ്രത്യേകതകളുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. റോഡുകളുടെ അതിർത്തികളും, ട്രാഫിക്ക് ലൈറ്റിന്റെ നിബന്ധനകളും ഭേധിച്ച് പായുന്ന ഓട്ടോറിക്ഷകൾ പലപ്പോഴും ‘ജലത്തിന്റെ തുളുമ്പൽ’ പോലെയാണ് അനുഭവപ്പെടാറുള്ളത്. ഉരുണ്ട വെള്ളത്തുള്ളികൾക്ക് സമാനമായ രൂപവും, ഒഴുകുന്ന ഇടത്തിന്റെ പരിമിതികളിൽ നിന്നും തെന്നിത്തെറിച്ച് പുറത്തേക്കൊഴുകാനും, നിയന്ത്രണങ്ങളെ അതിലംഘിക്കാനുമുള്ള പ്രവണതയും ഓട്ടോറിക്ഷകളെ ഫ്ലൂയിഡാക്കി പരിവർത്തിപ്പിക്കുന്നുണ്ടാവണം. ഓട്ടോകൾ റോഡിലൂടെ ഓടുന്നതായല്ല, മറിച്ച് അവ പരന്നൊഴുകുന്നതായാണ് കാഴ്ച്ചക്കാരന് അനുഭവപ്പെടുക. ശബ്ദത്തെപ്പോലെത്തന്നെ പ്രതിബന്ധങ്ങളെ മറികടന്ന്, വിടവുകൾക്കിടയിലൂടെ ഊർന്നിറങ്ങി മുന്നിൽ കാണുന്ന ഇടങ്ങളിലൂടെയെല്ലാം പരന്നൊഴുകി ഒരിക്കലും മുൻകൂട്ടി നിശ്ചയിക്കാൻ പറ്റാത്ത വിധം ആകസ്മികതകൾ നിറഞ്ഞതാണ് ഓട്ടോയുടെ സഞ്ചാരങ്ങൾ. ശബ്ദത്തിന്റെ കാര്യമെടുത്താൽ അതിനെ അതിരുകൾ നിർണ്ണയിച്ച് ഒരിടത്ത് തളച്ചിടാനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയമായി മാറുന്നത് കാണാം. ഉത്ഭവത്തിൽ നിന്നും പരിസരങ്ങളിലേക്ക് തുളുമ്പിത്തെറിക്കാനുള്ള പ്രവണത പ്രകാശത്തെ അപേക്ഷിച്ച് കൂടുതലാണ് ശബ്ദത്തിന്. പ്രകാശ തരംഗങ്ങൾ നേർരേഖയിൽ മാത്രം സഞ്ചരിക്കുമ്പോൾ ശബ്ദ തരംഗങ്ങൾക്ക് അത്തരം നിബന്ധനകളൊന്നും തന്നെയില്ല. ഓട്ടോറിക്ഷകളുടെ സഞ്ചാരങ്ങൾക്കും അതിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം. (മാർക്കോസിന്റെ ‘ലൈറ്റ് ഈസ് ലൈക്ക് വാട്ടർ‘ എന്ന മാജിക്കൽ റിയലിസത്തിൽ ചിട്ടപ്പെടുത്തിയ ചെറുകഥയിൽ കുട്ടികൾ പൊട്ടിയ ബൾബിൽ നിന്ന് പുറത്തേക്കൊഴുകുന്ന പ്രകാശത്തിൽ ബോട്ടുകളോടിച്ച് കളിക്കുന്നുണ്ട് ഇന്ത്യയിലായിരുന്നെങ്കിൽ കുട്ടികൾ സൗണ്ട് ബോക്സിൽ നിന്നും പരന്നൊഴുകുന്ന ശബ്ദത്തിൽ ഓട്ടോറിക്ഷകൾ ഓടിക്കുമായിരുന്നു.)

ഹൈടെക്ക് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്നും ഓഫിസിലേക്കുള്ള ഓട്ടോ യാത്രകളിൽ പലപ്പോഴും പിൻവശം മൊത്തമായി മറക്കാൻ മാത്രം വലുപ്പമുള്ള സൗണ്ട് ബോക്സുകളിൽ നിന്നും ഉച്ചത്തിൽ സംഗീതവുമുണ്ടാവും കൂട്ടിനായി. ഡ്രൈവറുടെ അഭിരുചിക്കനുസരിച്ച് ഗസലുകളും, ഖവ്വാലികളും മുതൽ റാപ്പുകളും ബോളിവുഡ് ഗാനങ്ങളും വരെ ഇങ്ങനെ കേൾക്കാനാവും. ഒരിക്കൽ, പിന്നിലിരിക്കുന്ന സ്ത്രീ പാട്ടിന്റെ വോള്യം കുറക്കാനായി ഡ്രൈവറോട് ആവശ്യപ്പെട്ടു, ഡ്രൈവർ കുറക്കുകയും ചെയ്തു, ഒന്ന് രണ്ട് തവണ ഇത് തന്നെ ആവർത്തിക്കപ്പെടുകയും “ഇതാണ് ഏറ്റവും ചെറിയ വോള്യം, ഇനി കുറക്കാൻ പറ്റില്ല” എന്ന് ഡ്രൈവർ മറുപടി പറയുകയും ചെയ്തു. ബോക്സിൽ നിന്നുള്ള ശബ്ദം അപ്പോഴും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മുന്നിൽ ഡ്രൈവറുടെ സൈഡിലായി ഇരിക്കുകയായിരുന്ന ഞാൻ എന്നാൽ നിങ്ങൾക്ക് അത് അൽപ്പസമയത്തേക്ക് ഓഫ് ചെയ്ത് വെക്കാമല്ലോ എന്ന് സൂചിപ്പിച്ചു. “അത് പറ്റില്ല, മണിക്കൂറുകളോളം ട്രാഫിക്കിൽ കെട്ടിക്കിടക്കുന്ന ഞങ്ങളുടെ ജീവിതത്തിന് താളം നൽകുന്നത് ഈ പാട്ടാണ്” എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ ഹൈടെക്ക് സിറ്റി മുതൽ കൊത്തഗുഡ വരെയുള്ള രണ്ട് കിലോമീറ്റർ ഓടാൻ നാല് ട്രാഫിക് ലൈറ്റുകൾ കഴിഞ്ഞുകിട്ടണം എന്ന് ഓർക്കണം. പാട്ടുകളിൽ മാത്രമല്ല, പലപ്പോഴും അവസരത്തിലും, അനവസരത്തിലുമുള്ള ഹോണുകളിലും ഈ ഒരു താളം കണ്ടെത്താനുള്ള ശ്രമങ്ങൾ കാണാനാവും.ഒരിക്കൽ എച്.സി.യുവിലേക്കുള്ള യാത്രയിൽ മുന്നിൽ ആരും ഇല്ലാതിരിക്കെ തന്നെ ഡ്രൈവർ താളത്തിൽ ഹോണടിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു (ശബ്ദ മലിനീകരണത്തിനെതിരെ പൊരുതാൻ മനസ്സിൽ അറിയാതെ രൂപപ്പെട്ട ആഗ്രഹമായിരിക്കാം ആ ചോദ്യം രൂപപ്പെടുത്തിയത്). എന്നാൽ ചിലപ്പോൾ, ഹോണുകളെക്കൊണ്ട് നമ്മൾ മനസ്സിലാക്കിയ ആവശ്യങ്ങൾ മാത്രമായിരിക്കണം എന്നില്ലല്ലോ അതിന്റെ ധർമ്മത്തെ നിർണ്ണയിക്കുന്നത്!

ഹോണുകളും, സംഗീതങ്ങളും ഉപയോഗിച്ച് ഓട്ടോ ഡ്രൈവർമാർ തങ്ങളുടെ ജീവിതത്തിനും, വിശാലാർത്ഥത്തിൽ നഗരത്തിന് തന്നെയും നൽകുന്ന താളം നഗരങ്ങളിലെ ശബ്ദവും അവിടങ്ങളിൽ ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള ആലോചനകളിൽ പുതിയ സാധ്യതകൾ തുറന്നു തരുന്നുണ്ട്. നഗരങ്ങളുടെ ആർത്തനാദങ്ങൾക്കിടയിൽ നിസ്സഹായരായിട്ടാണ് പലപ്പോഴും മനുഷ്യരെ ചിത്രീകരിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ അനാവശ്യമായ ഈ ഒച്ചപ്പാടുകൾ എങ്ങിനെ ഇല്ലായ്മ ചെയ്യാം/കുറക്കാം എന്നതാണ് പലപ്പോഴും ശബ്ദവുമായി ബന്ധപ്പെട്ടുള്ള നാഗരാസൂത്രണ സംവിധാനങ്ങളുടെ ജോലി. ഷാന്‍ഡൽ അക്കെര്‍മാന്‍ സംവിധാനം ചെയ്ത News From Home ശബ്ദത്തിന് മുന്നിലുള്ള മനുഷ്യന്റെ ഈ വേദനാജനകമായ നിസ്സഹായതയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 1976ലെ ന്യൂ യോർക്ക് നഗരത്തിന്റെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം ഒരുപക്ഷെ വിഷ്വലുകളെക്കാൾ കൂടുതൽ ശ്രദ്ധയോടെ ഒപ്പിയെടുക്കുന്നത് നഗരത്തിന്റെ ശബ്ദങ്ങളെയാണ്. പശ്ചാത്തലത്തിൽ വായിക്കപ്പെടുന്ന അമ്മയുടെ കത്ത് പലപ്പോഴും സ്‌ക്രീനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ബഹളം മൂലം നമുക്ക് കേൾക്കാനാവുന്നില്ല. വിദൂര നഗരത്തിലേക്ക് തൊഴിലന്വേഷിച്ച് പോയ മകളെക്കുറിച്ചുള്ള അമ്മയുടെ ഉത്‌കണ്‌ഠകളെയും, വിരഹ ദുഖങ്ങളെയുമെല്ലാം നഗരത്തിന്റെ ശബ്ദം കവർന്നെടുക്കുന്നു. എന്താണ് കത്ത് പറയുന്നത് എന്നറിയാനുള്ള, ശ്രദ്ധയോടെ കേൾക്കാനുള്ള, പ്രേക്ഷകന്റെ ശ്രമങ്ങളെല്ലാം പരാജയത്തിൽ ചെന്നാണ് അവസാനിക്കുന്നത്. നഗരത്തിന്റെ ആർത്തനാദങ്ങൾക്കിടയിൽ, അതിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ അപ്രസക്തമായിപ്പോകുന്ന ബന്ധങ്ങളെയും, മനുഷ്യന്റെ നിസ്സഹായതയെയുമെല്ലാം അടയാളപ്പെടുത്തുകയാവും ശബ്ദത്തിന്റെ ഈ അതിക്രമിച്ച് കടക്കലുകൾ ചെയ്യുന്നത്.

മനുഷ്യനെ കീഴ്പ്പെടുത്താനും നിസ്സഹായനാക്കാനുമുള്ള ശബ്ദത്തിന്റെ കഴിവിനെക്കുറിച്ചുള്ള ആശങ്കകൾ ജ്ഞാനോദയാനന്തര ചിന്തകളിൽ വ്യാപകമായി കാണപ്പെടുന്ന തീമുകളിലൊന്നാണ്. എഡ്വേർഡ് മൂങ്കിന്റെ The Scream എന്ന ചിത്രം ആധുനിക മനുഷ്യന്റെ ആസകലം മൂടുന്ന ശബ്ദത്തെക്കുറിച്ചുള്ള ആകുലതകൾ വ്യക്തമാക്കുന്നുണ്ട്. ദ സ്ക്രീമിൽ നമ്മൾ കണ്ടുമുട്ടുന്ന വ്യക്തി അന്തരീക്ഷത്തിന്റെ ഭയാനതകൾ മൂലം നിലവിളിക്കുകയല്ല, മറിച്ച് നഗരപരിസരത്തിന്റെ അട്ടഹാസത്തിൽ നിന്ന് രക്ഷനേടാനായി തന്റെ ചെവികൾ പൊത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. മൂങ്ക് തന്റെ ചിത്രത്തെക്കുറിച്ച് എഴുതുന്നത് “I stood there trembling with anxiety and I felt a vast infinite scream through nature” എന്നാണ്. മൂങ്കിന് അനുഭവപ്പെട്ട ആ ഉല്‍കണ്‌ഠക്കുള്ള കാരണം പലരും കണ്ടെത്തുന്നത് അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിൽ കടന്നുപോയ അനുഭവങ്ങളിലാണ്. അത്തരം വിശദീകരണങ്ങൾക്കപ്പുറം നഗര പരിസരങ്ങളിൽ ഉയർന്നുകേൾക്കുന്ന ഒച്ചപ്പാടുകളെയും, ബഹളങ്ങളെയും കുറിച്ച് ആധുനിക മനുഷ്യൻ പങ്കുവെക്കുന്ന ഭയപ്പാടുകൾ കൂടി ഇരുചെവികളും മുറുകെ പൊത്തിപ്പിടിക്കുന്ന ആ ചിത്രം കോറിയിടുന്നുണ്ട്.

ഹൈട്ടെക്ക് സിറ്റിയിൽ നമ്മൾ കാണുന്ന ഏറ്റവും വലിയ ആർട്ട് ഇൻസ്റ്റലേഷനുകളിലൊന്ന് ഇലകൾകൊണ്ടും, വള്ളികൾകൊണ്ടും ചെവികൾ മറച്ചുവെക്കപ്പെട്ട വലിയ ഒരു തലയുടെ രൂപമാണ്. ഹൈദരാബാദിൽ തന്നെ കുറച്ചു മാറി ഹുസൈൻ സാഗർ തടാകത്തിന് മധ്യത്തിലായി സ്ഥാപിക്കപ്പെട്ട ബുദ്ധ പ്രതിമക്ക് പക്ഷെ നീണ്ട ചെവികളും അടഞ്ഞ കണ്ണുകളുമാണുള്ളത് എന്ന് കാണാം. ബുദ്ധ പ്രതിമകളുടെ നീണ്ട ചെവികൾക്കും, അടഞ്ഞ കണ്ണുകൾക്കുമുള്ള വിശദീകരണങ്ങളിലൊന്ന് അവ ജ്ഞാനത്തെയും, ഭൗതിക ലോകത്തതിന്റെ നിരാസത്തെയും സൂചിപ്പിക്കുന്നു എന്നതാണ്. അതേസമയം ആധുനികത കടന്നുവരുന്നത് കേൾവിയെ കേന്ദ്രീകരിച്ചുള്ള പാരമ്പര്യ ജ്ഞാനവ്യവസ്ഥയുടെ സ്ഥാനത്ത് കണ്ണിനെ കേന്ദ്രീകരിച്ചുള്ള പുതിയ വിമർശനാത്മകമായ ജ്ഞാനസമ്പ്രദായത്തെ സ്ഥാപിച്ചുകൊണ്ടാണ്. അംബേദ്ക്കറിന് തുറന്ന കണ്ണുകളുള്ള ബുദ്ധന്റെ ചിത്രം പ്രധാനമാക്കുന്നത് ആധുനികതയുമായി അദ്ദേഹം നടത്തുന്ന ഇടപാടുകളുടെ പശ്ചാത്തലത്തിൽ കൂടിയാവണം.

വ്യക്തിയുടെ ഓട്ടോണമിയെ വെല്ലുവിളിക്കുന്നു എന്നതിനാൽ ശബ്ദത്തെ സംശയത്തോടെ സമീപിക്കുന്ന ആധുനിക ചിന്തകരുടെ നിലപാട് വോൾഫ്ഗാങ് വെൽഷിന്റെ Undoing Aestheticsൽ കാണാം. വെൽഷ് എഴുതുന്നു:

കാഴ്ച്ചയിൽ നിന്ന് വ്യത്യസ്തമായി കേൾവി ലോകത്തെ ദൂരേക്ക് മാറ്റിനിർത്തുന്നില്ല, മറിച്ച് അതിലേക്ക് ചേർന്ന് നിൽക്കുകയാണ് ചെയ്യുന്നത്. ശബ്ദം ദൂരങ്ങളെ ഭേദിച്ച് നമ്മിലേക്ക് തുളഞ്ഞു കയറുന്നു. അത്തരം കടന്നുകയറ്റങ്ങളും, ദുർബലമാക്കി മാറ്റലും കേൾവിയുടെ സവിശേഷതയാണ്… നമുക്ക് കൺപോളകളുണ്ട്, പക്ഷേ ചെവിക്ക് അത്തരം മറകളില്ല. കേൾവിയുടെ കാര്യത്തിൽ നാം സുരക്ഷിതരല്ല. കേൾവി എന്നത് കടുത്ത നിഷ്ക്രിയത്വത്തിന്റെ ഇന്ദ്രീയ ബോധമാണ് എന്ന് മാത്രമല്ല, ശബ്ദ നിബിഢമായ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ വഴികളൊന്നുമില്ല. അതുകൊണ്ടാണ് നമുക്ക് ശബ്ദത്തിൽ നിന്നും പ്രത്യേകം സംരക്ഷണം ആവശ്യമായി വരുന്നത്.

വെൽഷിനെ സംബന്ധിച്ചിടത്തോളം ശബ്ദം പ്രശ്നമായി മാറുന്നത് പ്രധാനമായും അത് കാഴ്ച്ചയെ അപേക്ഷിച്ച് സമയത്തിൽ നിലനിൽക്കാതെ മാഞ്ഞു പോകുന്നു, നിയന്ത്രണങ്ങളെ അപ്രസക്തമാക്കി തുളഞ്ഞ് കയറുന്നു, അഥവാ മനുഷ്യന്റെ ഏജൻസിയെയും, ഓട്ടോണമിയെയും വെല്ലുവിളിക്കുന്നു, പാസിവിറ്റിയെ നിർമ്മിക്കുന്നു തുടങ്ങിയ കാരണങ്ങളാലാണ്. ഈ വാദങ്ങളെ 1979ൽ വാക്ക്മാൻ എന്ന പേരിൽ സോണി വിപണിയിലിറക്കിയ ‘കൊണ്ട് നടക്കാവുന്ന പേഴ്‌സണൽ സ്റ്റീരിയോ’കളുടെ പശ്ചാത്തലത്തിൽ മിഖായേൽ ബുൾ പുനർപരിശോധിക്കുന്നുണ്ട്. വാക്ക്മാൻ രംഗത്ത് വന്നതോട് കൂടി ശബ്ദം ഒരിടത്ത് തന്നെ നിൽക്കുകയോ, മാഞ്ഞുപോവുകയോ ചെയ്യുക എന്ന അവസ്ഥക്ക് മാറ്റം വരുകയും ശബ്ദം നമ്മോടൊപ്പം സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. ഇഷ്ടമുള്ള സംഗീതത്തിന്റെയും മറ്റും ശബ്ദം കേട്ട് കൊണ്ട് തന്നെ സഞ്ചരിക്കാം എന്നത് ഇഷ്ടമില്ലാത്ത ശബ്ദത്തെ ഉപേക്ഷിക്കാനുള്ള/തടഞ്ഞു നിർത്താനുള്ള സ്വാതന്ത്ര്യം കൂടിയാണ് നമുക്ക് നൽകുന്നത്. കണ്ണിന് ആവശ്യമില്ലാത്ത കാഴ്ച്ചകളെ തടയാൻ കൺപോളകൾ (eyelids) ഉള്ളപോലെ ചെവിക്ക് ഇയർഫോൺ (earbuds) എന്ന പുതിയ സംവിധാനം അത്തരം സൗകര്യങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പേഴ്‌സണൽ സ്റ്റീരിയോകൾ വെൽഷ് അടക്കമുള്ളവരുടെ ശബ്ദത്തിനെതിരെയുള്ള വാദങ്ങളെ അപ്രസക്തമാക്കുന്നുണ്ട് എന്ന് മിഖായേൽ ബുൾ നിരീക്ഷിക്കുന്നുണ്ട്. ഇയർഫോണുകൾക്ക് സമാനമായി ഓട്ടോകളിലെ സഞ്ചരിക്കുന്ന സൗണ്ട് ബോക്സുകൾ നഗരത്തിന്റെ ശബ്ദത്തിന് മുന്നിൽ നിസ്സഹായരായി കേട്ടുനിൽക്കുന്നതിന് പകരം തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് ശബ്ദത്തെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഡ്രൈവർമാർക്ക് നൽകുന്നുണ്ട്.

ഇനി തുടക്കത്തിൽ വിവരിച്ച ആന്ത്രോപോളജിസ്റ്റായ ചാൾസ് ഹിഷ്‌കിന്ദിന്റെ അനുഭവം പരിശോധിക്കാം. ഈജിപ്തിലെ കൈറോ നഗരത്തിൽ മതപ്രഭാഷണങ്ങളുടെ ഓഡിയോ കേസറ്റുകൾ എങ്ങനെയാണ് എത്തിക്കൽ സെൽഫ് മേക്കിങ്ങിന് സഹായകമാകുന്നത് എന്നാണ് ഹിഷ്‌കിന്ദ് The Ethical Soundscapeൽ പരിശോധിക്കുന്നത്. സൗണ്ട്സ്കേപ്പിനെക്കുറിച്ചുള്ള പഠനങ്ങളിൽ പൊതുവെ കാണുന്ന പാസ്സീവും, പലപ്പോഴും നിസ്സഹായനുമായ കേൾവിക്കാരൻ എന്നതിൽ നിന്ന് മാറി വളരെ ആക്ടീവായി കേൾക്കുകയും, ശബ്ദത്തെ സ്വഭാവ സംസ്കരണത്തിനും, ജീവിതത്തെ ധാർമ്മികമായി പരിവർത്തിപ്പിക്കുന്നതിനുമുള്ള ഡിസിപ്ലിനിംഗ് ടൂൾ (ടെക്‌നോളജീസ് ഓഫ് സെൽഫ്) ആക്കി മാറ്റുകയും ചെയ്യുകയാണ് ടാക്സി ഡ്രൈവർമാർ അടക്കമുള്ള ശ്രോതാക്കൾ ചെയ്യുന്നത് എന്ന് ഹിഷ്കിന്ദ് സൂചിപ്പിക്കുന്നു. അവിടെ നിസ്സഹായരല്ല എങ്കിൽ പോലും ശബ്ദമണ്ഡലത്തിന്റെ ഭാഗമായി ‘റസീവിംഗ് എൻഡി’ലാണ് ടാക്സി ഡ്രൈവർമാരെ നമ്മൾ കണ്ടുമുട്ടുന്നത്. ഹൈദരാബാദിലെ ഓട്ടോ ഡ്രൈവർമാരെ പക്ഷെ നഗരത്തിന്റെ ശബ്ദകോലാഹലങ്ങൾക്ക് അകത്ത് ഇടപെടാൻ ശ്രമിക്കുന്നവരായിട്ട് മാത്രമല്ല, മറിച്ച് ആ ശബ്ദത്തെ നിർണ്ണയിക്കുന്നവരായി കൂടി കാണേണ്ടതുണ്ട്. അഥവാ നഗരത്തിന്റെ ശബ്ദം ഓട്ടോറിക്ഷകൾ പുറത്ത് വിടുന്ന എഞ്ചിൻ ശബ്ദവും സംഗീതവും ഹോണുകളുമായി മാറുമ്പോൾ, ഓട്ടോ ഡ്രൈവർമാർ പാട്ടും ഹോണും കേട്ടുകൊണ്ടിരിക്കുകയല്ല, മറിച്ച് നഗരത്തിന് ശബ്ദം നൽകുകയും, സ്വന്തം ജീവിതത്തോടൊപ്പം നഗരാന്തരീക്ഷത്തിന്റെ കൂടെ താളം രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.

ഹൈടെക്ക് സിറ്റിയും, ബഞ്ചാര ഹിൽസും അടക്കമുള്ള നഗരത്തിന്റെ ഏറ്റവും സമ്പന്നമായ ഇടങ്ങൾ മുതൽ ഗല്ലികൾ വരെ ശബ്ദമുഖരിതമാക്കിക്കൊണ്ട് തെറിച്ചൊഴുകുന്ന ഓട്ടോറിക്ഷകൾ അവ കടന്നുവരുന്ന ദളിത് മുസ്‍ലിം ഗല്ലികളുടെ ‘ഒച്ച’കളെ തന്നെയാണ് നഗരത്തിന്റെ സൗണ്ട്സ്കേപ്പിനെ രൂപപ്പെടുത്തുന്ന തരത്തിലേക്ക് വികസിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. മുംബൈയിലെ സൗത്ത് മുംബൈ അടക്കമുള്ള സമ്പന്ന ഇടങ്ങളിൽ ഓട്ടോകൾക്ക് പ്രവേശനമില്ല എന്ന വസ്തുത ഇവിടെ പ്രധാനമാണ് എന്ന് തോന്നുന്നു. എന്തുകൊണ്ടാണ് സൗത്ത് മുംബൈയിൽ ഓട്ടോറിക്ഷകൾക്ക് പ്രവേശനമില്ലാത്തത് എന്ന ചോദ്യത്തിന് താഴെ Quoraയിൽ നൽകപ്പെട്ട ഉത്തരങ്ങളിലൊന്ന് “Rickshaws cause so much chaos and confusion in the suburbs with their unruly driving and lack of road sense” എന്നാണ്. മറ്റൊരാൾ എഴുതുന്നു “Autorickshaws have the reputation of causing chaos and sneaking into spaces just as a bike does, due to its shape. ആധുനിക മനുഷ്യന്റെ/നഗരങ്ങളുടെ അഭിലാഷമായ ക്രമം, നിയന്ത്രണവിധേയമായ പരിസരം തുടങ്ങിയ എല്ലാ ആശയങ്ങളുടെയും നേർവിപരീതങ്ങളെ മൂര്‍ത്തീകരിക്കുന്നു എന്നത്കൊണ്ട് കൂടിയാവണം വരേണ്യ മനുഷ്യർ/ഇടങ്ങൾ ഓട്ടോറിക്ഷകളെ പടിക്ക് പുറത്ത് നിർത്താൻ ശ്രമിക്കുന്നത്.

സ്റ്റീവ് ഗുഡ്മാൻ, പലതരത്തിലുള്ള ലോ ഫ്രീക്വൻസി ശബ്ദ തരംഗങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങൾ വഴി ഭരണകൂടങ്ങൾ നിർമ്മിക്കുന്ന ഭയത്തിന്റേതായ പരിസ്ഥിതിയെ (ecology of fear) നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും, ദരിദ്രമായ ഗല്ലികളിലും ജീവിക്കുന്ന മനുഷ്യർ ഹൈ ബാസിലുള്ള സംഗീതവും, നൃത്തങ്ങളും, ആഘോഷങ്ങളും ഉപയോഗിച്ച് വെല്ലുവിളിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുന്നുണ്ട്. ‘ബാസ് കൾച്ചർ’ എന്നാണ് ഉച്ചത്തിലുള്ള സംഗീത സാന്ദ്രമായ ഇത്തരം ജീവിതാഘോഷങ്ങളെ അദ്ദേഹം വിളിക്കുന്നത്. ഹൈദരാബാദിലെ ദളിത്, മുസ്‍ലിം ഗല്ലികളിലെ മതാഘോഷങ്ങളും, വിവാഹങ്ങളുടെ ഭാഗമായ മർഫകളും, സൂഫി ഉറൂസുകളും പുറത്തുവിടുന്ന ഉച്ചത്തിലുള്ള സംഗീതങ്ങളും, ആരവങ്ങളും അത്തരം ബാസ് കൾച്ചറിന്റെ പകർപ്പുകളാണ് എന്ന് പറയാം. ഈ ശബ്ദ സംസ്കാരത്തിന്റെ തുടർ പതിപ്പുകളാണ് മൂലധന ആധുനികതയുടെ നഗരത്തിലെ ശബ്ദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഖവ്വാലികളും, റാപ്പ് സംഗീതങ്ങളും ഉച്ചത്തിൽ മുഴക്കി നഗരത്തിന് കുറുകെ പാഞ്ഞുകൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകൾ. ഴിൽ ദില്യൂസിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരുതരം ‘നൊമാഡിക് റിബലുകൾ.’


അധ്യായം ഒന്ന്: സ്വർഗ്ഗവും നഗരവും മനുഷ്യനും: ഹൈദരാബാദിന്റെ ശബ്ദചരിത്രത്തെക്കുറിച്ച്

Featured Image: Shubham Rath
വാൻഗോഗിന്റെ ചിത്രങ്ങളുടെ സവിശേഷത അവയുടെ ഒഴുകുന്ന അനുഭവം സൃഷ്ടിക്കുന്ന ടർബുലന്റ് ഫ്ലോ ഇഫക്ടുകളാണ് എന്ന് പറയാം. ജർമൻ ശാസ്ത്രജ്ഞനായ വാർണർ ഹൈസൻബർഗ് എനിക്ക് ദൈവത്തോട് വിശദീകരണം ചോദിക്കാനുള്ള രണ്ട് കാര്യങ്ങൾ റിലേറ്റിവിറ്റിയും, ടർബുലൻസുമാണ് എന്ന് പറയുന്നുണ്ട്. ടർബുലൻസിനെ കൃത്യമായി വിശദീകരിക്കാൻ മാത്തമാറ്റിക്സിനും, ഫിസിക്സിനും ഇന്നുമായിട്ടില്ല. മനുഷ്യനെ ബൗദ്ധികമായി വെല്ലുവിളിക്കുന്ന വെള്ളത്തിന്റെ ഈ കുസൃതികളെ കെണിവെച്ച് പിടിച്ച് പ്രകാശത്തിലേക്ക് കടത്തിവിടുകയാണ് സ്റ്റാറി നൈറ്റ് പോലെയുള്ള ചിത്രങ്ങളിൽ വാൻഗോഗ് ചെയ്യുന്നത്. അതോടെ നേർരേഖയിൽ സഞ്ചരിക്കേണ്ട പ്രകാശരശ്മികൾ ഉന്മാദികളായി നൃത്തം ചെയ്യാൻ തുടങ്ങുന്നു. ചാർമിനാറിന്റെ പശ്ചാത്തലത്തിൽ ശുഭം റാത്ത് പകർത്തിയ ഓട്ടോറിക്ഷകളെ വാൻഗോഗ് ഫിൽറ്റർ ഉപയോഗിച്ച് ഒഴുക്കിവിടാൻ നടത്തിയ എളിയ ശ്രമമാണ് ഫീച്ചേർഡ് ഇമേജിൽ നടത്തിയത്.

[ലേഖനത്തിന്റെ മറ്റൊരു പതിപ്പ് രിസാല വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്]

Comments are closed.