എത്യോപ്യൻ മലനിരകളാണ് കാപ്പിയുടെ മാതൃഭൂമി. 525 CE-യിൽ യമൻ കീഴടക്കിയ സെമിറ്റിക് ഭാഷക്കാരായ ഓക്സിമൈറ്റുകളാണ് അറേബ്യൻ ഉപദ്വീപിൽ കാപ്പിയെ പരിചയപ്പെടുത്തുന്നത്. എത്യോപ്പിയിലേതിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടങ്ങളിൽ കാപ്പി ഉൽപ്പാദനവും ഉപഭോഗവും പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമാക്കി തീർത്തു. ഓക്സിമൈറ്റുകളുടെ ഭരണകാലം നാമമാത്രം ആയിരുന്നെങ്കിലും കാപ്പി സമൂഹത്തിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ മാത്രം പോന്ന സാംസ്കാരിക മുദ്രയായി തന്നെ നിലകൊണ്ടു. പിന്നീട് വന്ന സസാനിയൻ, മുസ്‌ലിം കാലത്തെയും ഈ സംസ്കാരം അതിജീവിച്ചു. പുതിയ കാലത്തും യമൻ കാപ്പിയുടെ ഈറ്റില്ലമായി നിലനിൽക്കുന്നുണ്ട്.

കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് ധാരാളം ചരിത്ര മിത്തുകൾ നിലനിൽക്കുന്നുണ്ട്. എത്യോപ്യയിലെ ആട്ടിടയനായ കൽദിയുടെ കഥ ഇതിൽ പ്രധാനപ്പെട്ടതാണ്. ഏതാണ്ട് 800 CE-യിൽ ആണ് കഥാപരിസരം. ഓക്സിമൈറ്റുകൾ യെമൻ കിഴടക്കുന്നതിന് 300 വർഷങ്ങൾക്കു മുമ്പ്. തന്റെ ആടുകളിൽ കാണപ്പെട്ട കാപ്പി നിറത്തിന് കാരണം ഒരു പ്രത്യേക ഇനം കുരുവാണെന്ന് കണ്ടെത്തുന്ന ഇദ്ദേഹം അത് സ്വയം രുചിച്ചു നോക്കുകയും പിന്നീട് തന്റെ ഗ്രാമക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മറ്റെരു ഐതിഹ്യമനുസരിച്ച് രാജാവിന്റെ മകളോട് അപമര്യാദയായി പെരുമാറിയതിന് യമനികൾ നാടുകടത്തിയ ഒരു വൈദികനാണ് കാപ്പി ആദ്യമായി ഉപയോഗിക്കുന്നത്. നീണ്ട മരുഭൂ വാസത്തിനുശേഷം പഴയ പ്രസരിപ്പോടെ നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇദ്ദേഹം ഒരു അത്ഭുതം എന്നോണം കാപ്പിയെ അവതരിപ്പിക്കുന്നു. വൈദികൻ പിന്നീട് തന്റെ മക്കയിലേക്കുള്ള വിശുദ്ധ യാത്രയിൽ മരണപ്പെട്ടു എന്ന് പറയപ്പെടുന്നു. യമൻ ആധാരമാക്കി തന്നെ മറ്റൊരു മിത്തും നിലനിൽക്കുന്നുണ്ട്. ശത്രുക്കളാൽ നാടുകടത്തപ്പെട്ട ദർവീഷ് ഹഡ്ജി ഉമർ മരുഭൂമിയിൽ തന്റെ ജീവൻ നിലനിർത്തുന്നതിന് അപരിചിതമായ ഒരു ചെടിയിലെ കായ ഭക്ഷിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അതിൽ വെള്ളം ചേർത്ത് ആരോഗ്യകരമായ പാനീയം നിർമ്മിക്കാമെന്ന് കണ്ടെത്തുകയും ചെയ്തു. തിരിച്ചെത്തിയ അദ്ദേഹം തന്റെ അനുചരർക്ക് പുതിയ പാനീയത്തെ പരിചയപ്പെടുത്തി.

കാപ്പിക്ക് മതകീയമായ ചരിത്ര പരിസരവും നിലനിൽക്കുന്നുണ്ട്. മലക്ക് ജിബ്‌രീൽ (അ) പ്രവാചകന് (സ) ദിവ്യ സന്ദേശത്തോടൊപ്പം കാപ്പിയും നൽകിയതായി സങ്കൽപ്പമുണ്ട്. മറ്റൊരു വാദം അനുസരിച്ച് പ്രവാചകന്റെ ആരോഗ്യ സംരക്ഷണത്തിന് സവിശേഷ സാഹചര്യത്തിൽ നൽകിയതായിരുന്നു. പ്രവാചകൻ ഈസയെ (അ) പരാമർശിക്കുന്ന പുതിയ നിയമത്തിലോ പഴയ നിയമത്തിലോ കാപ്പി പ്രതിപാദിക്കപ്പെടുന്നില്ല. പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാത സാമൂഹ്യ വിമർശകനും ബുദ്ധിജീവിയും ആയിരുന്ന കാതിബ് അസ്സൽബി കാപ്പി ഉപയോഗത്തിന്റെ ചരിത്രം വിശദീകരിക്കുന്നുണ്ട് . 1640-50 കാലയളവിൽ വിരചിതമായ അദ്ദേഹത്തിന്റെ ميزان الحق فى اختيار الاحق (മീസാനുൽ ഹക്ക്) എന്ന കൃതിയിൽ ഇങ്ങനെ എഴുതുന്നു: “യമനിലെ പർവതസാനുക്കളിൽ തങ്ങളുടെ ശിഷ്യരോടപ്പം അധിവസിച്ചിരുന്നു ആത്മീയ ആചാര്യന്മാർ കാപ്പിക്കുരു പൊടിച്ച് ഉപയോഗിച്ചിരുന്നു. അവരതിന് ‘ഖൽബ്‌ വബും’ എന്നാണ് വിളിച്ചിരുന്നത്. ചിലർ പാനീയമാക്കിയും ഉപയോഗിച്ചിരുന്നു. ശീതാവസ്ഥയിലുള്ള വരണ്ട ഭക്ഷണമാണിത്. പരിത്യാഗ ജീവിതത്തിനും ലൈംഗിക നിയന്ത്രണത്തിനും കാപ്പി അനുപേക്ഷണീയമാണ്. ആത്മീയ ആചാര്യൻമാരിലൂടെ സാധാരണക്കാരിലേക്കും വ്യാപിച്ചു. ഈ സംസ്കാരം 950/1540 ൽ ഏഷ്യാമൈനറിൽ എത്തിയപ്പോൾ അവിടെയുള്ള ജനത ഇതൊരു അധമ സംസ്കാരമായി കണ്ട് എതിർത്തു”.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയായിരുന്ന എഡ്വിൻ ആർനോൾഡ് ലൂക്കറിന്റെ അഭിപ്രായമനുസരിച്ച് എത്യോപ്യ ആണ് കാപ്പിയുടെ ഉത്ഭവസ്ഥാനം. 875 CE-യിൽ അത് പേർഷ്യൻ ഭാഗങ്ങളിൽ എത്തുകയും, പതിനാലാം നൂറ്റാണ്ടിൽ അറേബ്യയിലേക്ക് വ്യാപിക്കുകയും ആയിരുന്നു. മിത്തുകളും വാമൊഴി പാരമ്പര്യങ്ങളുമെലാം ചരിത്രത്തിന്റെ വസ്തുനിഷ്ഠതയോട് കിടപിടിക്കുന്നില്ലെങ്കിലും യാഥാർത്ഥ്യത്തിന്റെ സർഗാത്മകമായ സാധ്യതകളാണ് അവയെല്ലാം. കാപ്പിയുടെ പ്രാചീനതക്ക് ശാസ്ത്രപരമായി തന്നെ തെളിവുകൾ പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ യോഗ്യമായ ചെടിയെ കണ്ടെത്തിയതു മുതൽ അതിനെ മനുഷ്യ സംസ്കൃതിയുടെ ഭാഗമാക്കിയത് വരെയുള്ള വസ്തുതകൾ ഐതിഹ്യങ്ങളിലൂടെ അനാവൃതമാകുന്നുണ്ട്. തങ്ങളുടെ കന്നുകാലികളില അസ്വാഭാവികതക്ക് കാരണംതേടി പോയവരാണ് ആദ്യമായി കാപ്പിയെ ശ്രദ്ധിക്കുന്നത്. മൃഗങ്ങൾ ഭക്ഷിക്കുന്ന കാപ്പിച്ചെടിയുടെ കായ ദൂഷ്യ ഫലങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന് കണ്ട് സ്വയം രുചിച്ചു നോക്കുകയും ക്രമേണ കൂടുതൽ വിപുലമായ രീതിയിൽ ഉപയോഗിക്കാൻ വേണ്ടി അസംസ്കൃത കാപ്പിയെ വറുത്ത് വെള്ളം ചേർത്ത് പാനീയമാക്കുകയും ചെയ്തു.

കലദിയുടെ കഥയനുസരിച്ച് കാപ്പി എത്യോപ്യനും ആറാം നൂറ്റാണ്ടിലെ അധിനിവേശ ശക്തികൾ യമനികൾക്ക് പരിചയപ്പെടുത്തുന്നതുമാണ്. എന്നാൽ ഇമാം ഗസാലിയുടെ അഭിപ്രായത്തിൽ യമനികൾക്ക് ഇടക്കാലത്ത് കൈമോശം വന്ന ശീലമായിരുന്നു അത്. തെളിവുകളുടെ അപര്യാപ്തത ചരിത്രത്തെ കൂടുതൽ വൈവിധ്യമുള്ളതാകുന്നു. എത്യോപ്യൻ അധിനിവേശ ചരിത്രം യമനികൾക്ക് ഒരളവോളം സ്വീകാര്യമല്ല. അതിനാൽ തന്നെ അവരുടെ വാമൊഴി പാരമ്പര്യങ്ങൾ തദ്ദേശീയമായ മാതൃത്വം ഉളള കാപ്പിയെയാണ് പരിചയപ്പെടുത്തുന്നത്. പതിനാറാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന കാപ്പി കയറ്റുമതിയിലെ കുത്തക സാധൂകരിക്കുന്നതിനും അതാണ് ഉചിതം. ആത്മകഥാപരമായ ആഖ്യാനങ്ങൾ സമൂഹത്തിന്റെ ഭക്ഷ്യ ചരിത്രത്തെ അടയാളപ്പെടുത്തുന്നതിൽ ഏറെ സഹായകമാണ്. ഭക്ഷണ ശീലങ്ങളുടെ ഉത്ഭവവും നിലനിൽപ്പും ആസ്വാദ്യകരമായ കഥകളായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. മേൽപ്പറഞ്ഞ കഥകളിലെ ആട്ടിടയനും, സൂഫികളും കാപ്പിയുടെ സാമൂഹിക തലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വാമൊഴി പാരമ്പര്യത്തിലും ഐതീഹ്യങ്ങളിലും എല്ലാം അതിന്റെ സാംസ്കാരിക സ്വത്വം തന്നെയാണ് വിഷയം. ആ അർത്ഥത്തിലുള്ള കാപ്പിയുടെ ചരിത്രാന്വേഷണം പ്രസക്തമാണ്.

പേർഷ്യൻ വൈദ്യശാസ്ത്രജ്ഞനായ അബൂബക്കർ മുഹമ്മദ് ബിൻ സക്കരിയ റാസി തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിഗമനങ്ങളുടെ സമാഹാരമായ كتاب الحاوي في الطب എന്ന കൃതിയിൽ (കിതാബുൽ ഹാഫി ഫീ തിബ്ബ്‌) കാപ്പിയെ പരാമർശിക്കുന്നുണ്ട്. 22 വാള്യങ്ങളിലായി ഈ ഗ്രന്ഥം ഹിപ്പോക്രാറ്റസിന്റെയും മറ്റു ഗ്രീക്ക് ഭിഷഗ്വരന്മാരുടെയും ചികിത്സാരീതികളും, റാസി തന്നെ സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാരീതികളെയും വിശദീകരിക്കുന്നുണ്ട്. കാപ്പി ഗ്രീക്ക് വൈദ്യത്തിൽ പ്രതിപാദ്യ വിഷയം അല്ലാതിരുന്നിട്ടും അതിന്റെ നാല് ചികിത്സാപരമായ ഉപയോഗങ്ങൾ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “ഉഷ്ണ പ്രകൃതക്കാർക്ക് മികച്ച ഒരു ഭക്ഷണമാണിത്. എന്നിരുന്നാലും ലൈംഗിക ത്വരയെ സാരമായി ബാധിക്കും”. ആരോഗ്യം ഉള്ളവരുടെ പാനീയമായാണ് റാസി കാപ്പിയെ പരിചയപ്പെടുത്തുന്നത്. ശരീരം നാല് ഘടകങ്ങളുടെ സംയുക്തവും ഇവയിലെ അസന്തുലനം രോഗഹാരിയുമാണെന്ന ഹിപ്പോകറ്റസിന്റെ ചികിത്സാ രീതിയാണ് റാസിയും ഉപയോഗിക്കുന്നത്. ഉത്തേജക പാനീയം ആയിരിക്കെ തന്നെ ലൈംഗികതയെ വിപരീതമായ സ്വാധീനിക്കുന്നത് ഏറെ കൗതുകമുണർത്തുന്നു.

മറ്റൊരു പേർഷ്യൻ പണ്ഡിതനായ ഇബ്നു സീനയുടെ ഗ്രന്ഥങ്ങളിലും കാപ്പിയെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കിതാബുശ്ശിഫയുംഅൽ ഖാനൂൻ ഫി തിബ്ബും വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലുകളാണ്. ചർദ്ദിക്കുള്ള മരുന്നായാണ് കാപ്പിയെ കിതാബുശ്ശിഫ പരിചയപ്പെടുത്തുന്നത്. മധ്യകാല ഇറ്റാലിയൻ ചിന്തകനായ prospro Alpini ഇബ്നു സീനയെ ഉദ്ധരിക്കുന്നുണ്ട്. മധ്യകാല തുർക്കി പണ്ഡിതനായ കാത്തിബു സെൽബി എഴുതുന്നു: “വിഷാദ രോഗികൾക്ക് ഏറെ ഫലപ്രദമാണ് കാപ്പി. പക്ഷേ അധികരിച്ച ഉപയോഗം ഉറക്കമില്ലായ്മക്കും തീവ്ര വിഷാദത്തിനും കാരണമാകും. മധുരം ചേർത്ത് ഉപയോഗിക്കൽ ആണ് അഭികാമ്യം. മൃദുല വികാരികൾക്ക് കടുംകാപ്പി മികച്ച പാനീയമാണ്”.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലും കാപ്പി ചികിത്സക്കായി പരിഗണിച്ചിരുന്നു. വില്ല്യം യൂക്കിന്റെ Tea and coffee trade journal ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. പ്രസ്തുത ജേർണൽ അദൻകാരനായ ഷെയ്ഖ് കമാലുദ്ദീന്റ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അൽ ദബാനി എന്നറിയപ്പെടുന്ന അദനിലെ മുഫ്തി ആയ മുഹമ്മദ് കമാലുദ്ദീൻ അബ്സീനിയിലേക്കുള്ള യാത്രാമധ്യേ അവശനായ ഒരു നാടോടി കാപ്പി കുടിച്ച് ആരോഗ്യം വീണ്ടെടുക്കുന്നതായി കാണുന്നു. തിരിച്ച് നാട്ടിലെത്തിയ കമാലുദ്ദീൻ രോഗിയായപ്പോൾ ആ പാനിയം ഉപയോഗിച്ച് മുക്തി നേടുന്നു. പിന്നീട് കമാലുദ്ദീൻ ഈ പാനീയത്തെ തന്റെ ശിഷ്യർക്കും പരിചയപ്പെടുത്തി. രാവേറെ ആരാധനയിൽ മുഴുകുന്ന ദർവീഷുകൾക്ക് ഇത് ഏറെ ഉപകാരപ്രദമായി.

കാപ്പിയും സൂഫികളും

14 ,15 നൂറ്റാണ്ടുകളിലാണ് കാപ്പി മത പരിസരങ്ങളിൽ വ്യാപകമാവുന്നത്. ഇസ്‌ലാമിക സൂഫി പാരമ്പര്യത്തിലൂടെ ആയിരുന്നു ഇത്. ദൈവ സാന്നിധ്യം തേടിയുള്ള നിരന്തരമായ യജ്ഞമാണ് സൂഫിസം. ഇസ്‌ലാമിലെ എണ്ണമറ്റ വൈവിധ്യങ്ങൾക്കും വിഭജനങ്ങൾക്കും അതീതമായ ചില പൊതുവായ ഇടങ്ങളിലാണ് സൂഫിസം നിലനിൽക്കുന്നത്. നിരന്തരമായ ആരാധനകളിലൂടെ/അർത്ഥനകളിലൂടെ ദിവ്യമായ പ്രണയത്തിൽ ആയിരിക്കും എപ്പോഴും സൂഫികൾ. സൂഫി നൃത്തം അവരുടെ ദൈവാനുരാഗത്തിന്റെ ഭാഗമാണ്. പതിമൂന്നാം നൂറ്റാണ്ടുകാരനായ ജലാലുദ്ദീൻ റൂമിയാണ് ഇതിന്റെ തുടക്കക്കാരൻ എന്ന് കരുതുന്നു. പതിനാലാം നൂറ്റാണ്ടുകാരനായ അലി ബ്നു ഉമർ അൽ ശാദുലി (റ) ആണെന്നും അഭിപ്രായമുണ്ട്. ശാദുലി (റ) കാപ്പിയും ഖത്തും (കാപ്പിക്ക് സമാനമായി അറേബ്യയിൽ കാണപ്പെടുന്നു ഒരുതരം ചപ്പ്‌) തന്റെ സദസ്സികളിൽ ഉപയോഗിച്ചിരുന്നു. രാത്രി മുഴുക്കെ ഉള്ള സൂഫി ആരാധനകളിലെ കാപ്പിയുടെ സ്വാധീനത്തെ കാത്തിബു സൽബി വിശദീകരിക്കുന്നുണ്ട്. 15 ,16 നൂറ്റാണ്ടോടെ കാപ്പി നൽകുന്ന ആർജ്ജവവും ഓജസ്സും പ്രസിദ്ധമായി. സൂഫി കൾക്കിടയിലെ അതിന്റെ സ്വീകാര്യത വിശ്വാസി സമൂഹങ്ങളെയും പൊതുവായി സ്വാധീനിച്ചിരുന്നു. മറ്റു സെമിറ്റിക് മതങ്ങളായ ജൂത- ക്രൈസ്തവ മതക്കാർക്കിടയിലും രാത്രി ആരാധനകൾക്കായി കാപ്പി ഉപയോഗം നിലനിന്നിരുന്നു.

കാപ്പി ഉപയോഗം പതിനഞ്ചാം നൂറ്റാണ്ടോടെ ഇതര മുസ്‌ലിം നാടുകളിലും സ്വീകാര്യമായി. പ്രധാനമായും മൂന്ന് വിഭാഗക്കാരാണ് ഈ പ്രക്രിയയുടെ വാക്താക്കൾ. ഒന്ന് , തീർത്ഥാടക വൃന്ദം. മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കുമുള്ള വിശ്വാസി സമൂഹത്തിന്റെ യാത്രകൾ സംസ്കാര കൈമാറ്റത്തിന്റെ മികച്ച ഇടമായിരുന്നു. പേർഷ്യ, ഈജിപ്ത്,ലവന്ത്, നോർത്ത് ആഫ്രിക്ക,തുർക്കി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരം സ്വാധീനം ശക്തമായിരുന്നു. രണ്ട്, അറബ് വ്യാപാരികൾ. കാപ്പി നിത്യോപയോഗവസ്തു ആക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. കാപ്പി പരിചിതമല്ലാതിരുന്ന നാടുകളിൽ പോലും അതിനെ ഒരു അവശ്യവസ്തുവായി തീർക്കാൻ പോന്നതായിരുന്നു അവരുടെ ഇടപാടുകൾ. മൂന്ന്, സൂഫികളും, മത നേതൃത്വവും. വിശ്വാസി സമൂഹത്തിൽ ഇവർക്കുള്ള സ്വാധീനം കാപ്പി ആരാധന ജീവിതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നതിന് കാരണമായി .

പൂർണ്ണമായി വായിക്കാം: A Rich and Tantalizing Brew: A History of How Coffee Connected the World

Featured Image: Outside a cafe. Tunisia, 1899, Photochrom.
വിവർത്തനം: കെ സൽമാൻ

Comments are closed.