ആത്മീയ ജീവിതത്തിന്റെ മാതാവാണ് മരണം
– എറാസ്മസ് (De praeparatione ad mortem,1534)

ഒട്ടുമിക്ക മതങ്ങളും മനുഷ്യന്റെ നൈതിക രൂപീകരണവും ആത്മീയ വികാസവും ലക്ഷ്യം വെച്ചുകൊണ്ട് മരണത്തെക്കുറിച്ചുള്ള ജ്ഞാനത്തിന് പ്രാധാന്യം നൽകാറുണ്ട്. ദൈനംദിന ജീവിതത്തിന്റെ സജീവതയിൽ നിൽക്കുമ്പോൾ തന്നെ മനുഷ്യന് ‘ആത്മീയമരണം’ സാധ്യമാണ് എന്ന തത്വം മതങ്ങളുടെ ചരിത്രത്തിലുടനീളം വേരൂന്നിനിൽക്കുന്നതായി കാണാൻ സാധിക്കും. എന്നാൽ സവിശേഷമായ ഒരു സാംസ്‌കാരിക പ്രതിഭാസമായി അതിനെ മനസ്സിലാക്കാനോ പഠനം നടത്താനോ ആരും ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. അതേസമയം, ലൗകിക ജീവിതത്തിന്റെ നശ്വരതയെ മുൻനിർത്തി ധാർമ്മിക-ആത്മീയ പുരോഗതിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന ശൈലി ലോകത്തുടനീളമുള്ള എല്ലാ മതസംസ്‌കാരങ്ങളിലും സജീവമായി നിലനിൽക്കുന്നുണ്ട്. പൗരാണികമായ ബഹുദൈവ മതങ്ങളിലും ഏകദൈവവിശ്വാസികളായ മുസ്‌ലിംകളിലും ത്രിയേകത്വ വിശ്വാസികളായ ക്രൈസ്തവരിലും അതു നമുക്കു കാണാം. മരണത്തെ ജീവിതാന്ത്യത്തിൽ മാത്രം കണ്ടുമുട്ടുന്ന അനുഭവമായിട്ടല്ല മതവിശ്വാസികൾ കാണുന്നത്. മറിച്ച്, ജീവിതത്തിലുടനീളം അനുഭവിക്കുന്ന ഒരു യാഥാർത്ഥ്യമായിട്ടാണ്.

ഒരാൾ തന്റെ ജീവിതത്തിലുടനീളം എങ്ങനെ ജീവിക്കണമെന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന വേറൊരു കാര്യമുണ്ട്. എങ്ങനെ മരിക്കണം എന്നുകൂടി തന്റെ ജീവിതകാലഘട്ടത്തിൽ മനുഷ്യൻ പഠിക്കേണ്ടതുണ്ട് എന്ന വസ്തുതയാണത്.
– (സെനേക്ക (ഡി. 65 CE)

മുപ്പത് വർഷമായി ഞാൻ മരണത്തിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ഈ നിമിഷം അത് സംഭവിക്കുകയാണെങ്കിൽ എന്റെ ജീവിതത്തിൽ നീട്ടിവെക്കേണ്ട ഒരു കാര്യവുമില്ല.
– അൽ ഖാഖ ഇബ്‌നു ഹകീം (c. 7-8 century)

എന്റെ ഹൃദയത്തിന്റെ അവാച്യ വ്യസനമേ! എന്തിനാണ് ഞാൻ എന്റെ സമയങ്ങളെ വ്യർത്ഥമായി ചെലവഴിച്ചത്? എന്തുകൊണ്ടാണ് ജീവിതത്തിലുടനീളം മരണത്തെ ഗ്രഹിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടത്?
– ഹെന്റി സുസോ (Horologium Sapientiae), 1327-1334)

ദൈവമേ, മരണപ്പെടുക എന്നത് മഹത്തായ ഒരു കലയാണ്, ജീവനുള്ള മനുഷ്യരാൽ സ്മരിക്കപ്പെടുക എന്നതും.
– ജെറെമി ടെയ്‌ലർ (The Rule And Exercise of Holy dying, 1651)

ജീവിതത്തിന്റെ സജീവതയിൽ നിലകൊള്ളുമ്പോൾ തന്നെ മരണം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ജീവിതകലയാണ് (ars vivendi). വ്യർത്ഥമായ ലൗകിക ജീവിതത്തിന്റെ ആകർഷണ വലയത്തിൽ നിന്നുള്ള മോചനത്തിന്റെ മാർഗ്ഗവും അതുതന്നെയാണ്. ടിബറ്റൻ പണ്ഡിതനായ സോങ്ങ്-ഖാ-പാ എഴുതുന്നു: ‘ലൗകിക ജീവതത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സ് പൂർണ്ണമായും മോചിതമാകുന്നത് വരെ നിങ്ങൾ മരണത്തെ തുടർച്ചയായി ധ്യാനിച്ചു കൊണ്ടിരിക്കുക. ജീവിതസുഖങ്ങളിൽ മുഴുകുക എന്നത് തൂക്കുമരത്തിലേക്ക് പോകുമ്പോൾ അണിഞ്ഞൊരുങ്ങുന്നതിന് തുല്യമാണ്.’ യഥാർത്ഥ മരണത്തിന് മുമ്പ് ആത്മത്തെ മരിക്കാൻ പരിശീലിപ്പിക്കുക എന്നത് ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അവന്റെ \അവളുടെ ഉൺമയുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളലാണ്. അതിലൂടെ ആത്മപരിവർത്തനത്തിനാണ് അവൻ\അവൾ വിധേയമാകുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച ബുദ്ധിസ്റ്റ് ഗുരുവായിരുന്ന ശിഡോ ബുനൻ (1603-1676) പറയുന്നു:

ജീവിതത്തിന്റെ സജീവതയിൽ തന്നെ മരണപ്പെടൂ, പൂർണ്ണമായി മരിക്കൂ,
പിന്നീട് സാധ്യമാകുതെല്ലാം ചെയ്തു കൊള്ളുക, എല്ലാം നൻമയാണ്.

ഞാൻ മുമ്പ് സൂചിപ്പിച്ചത് പോലെ ജീവിത സജീവതയിൽ തന്നെ മരണപ്പെടുക എന്ന ആത്മീയ പ്രവർത്തനത്തിലൂടെ മനുഷ്യന്റെ ജീവിതം പരിവർത്തനത്തിന് വിധേയമാകുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഈ പ്രക്രിയ ധാർമ്മിക ജീവിതത്തിന്റെ അനിവാര്യതയാണ്. എങ്ങനെയാണ് മരണത്തെ പ്രതീക്ഷിക്കേണ്ടത്, എങ്ങനെയാണ് മരണത്തിന് വേണ്ടി തയ്യാറെടുക്കേണ്ടത്? മരണസന്ദർഭത്തിൽ എങ്ങനെ മനസ്സിനെ ഏകാഗ്രമാക്കാം? തുടങ്ങിയ ചോദ്യങ്ങളിലേക്കല്ല ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മരണസന്ദർഭത്തിലും മരണശേഷവും എന്താണ് സംഭവിക്കുന്നത് എന്ന അന്വേഷണവുമല്ല ഞാനിവിടെ നടത്തുന്നത്. ജീവിതത്തിന്റെ അവസാന നിമിഷത്തിൽ നേടാനുള്ള നല്ല മരണത്തെക്കുറിച്ച (അർസ് മൊറിയെൻഡി) പ്രതീക്ഷയുമല്ല ഇവിടെ നൽകുന്നത്. അവയെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങൾ തന്നെയാണ്. മറിച്ച്, മരണത്തിലൂടെ സാധ്യമാകുന്ന ജീവിതത്തിന്റെ അനന്തമായ പരിവർത്തനത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞാനിവിടെ ചർച്ച ചെയ്യാനുദ്ദേശിക്കുന്ന ഇസ്‌ലാമിക, ബുദ്ധിസ്റ്റ് പാരമ്പര്യങ്ങളിൽ ആത്മത്തെക്കുറിച്ചും മരണത്തിന് മുമ്പ് മരിക്കേണ്ടതിന്റെ ആത്മീയ അനിവാര്യതയെക്കുറിച്ചും ലൗകികജീവിതത്തിന്റെ സജീവതയിൽ തന്നെ മരണത്തെ നേടിയെടുക്കുന്നതിനെക്കുറിച്ചും നിരന്തരം ഓർമ്മപ്പെടുത്തുതായി കാണാം.

വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഒന്നാമതായി, മതങ്ങളെക്കുറിച്ച താരതമ്യ പഠനങ്ങളെല്ലാം മതകീയമായ പ്രവർത്തനങ്ങളുടെ താരതമ്യ ചരിത്രത്തേക്കാളുപരി മതങ്ങളുമായി ബന്ധപ്പെട്ട വിശ്വവിജ്ഞാനീയങ്ങൾ, അവയുടെ ഉത്ഭവങ്ങൾ, ഉള്ളടക്കങ്ങൾ, ആശയങ്ങൾ, ഘടനകൾ, വിശ്വാസങ്ങൾ, നിയമങ്ങൾ എന്നിവയുടെ ചരിത്രപഠനത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. മരണത്തെക്കുറിച്ച ഓർമ്മ നിലനിർത്തുക എന്ന സവിശേഷ ലക്ഷ്യത്തോടെ നിർവ്വഹിക്കപ്പെടുന്ന ആത്മീയ പ്രവർത്തനങ്ങളുടെ താരതമ്യ ചരിത്രപഠനം ആരും ഇതുവരെ നടത്തിയിട്ടില്ല. രണ്ട്, ഏതൊരാൾക്കും ഇങ്ങനെ ചോദിക്കാം: ഞാനെന്തു കൊണ്ടാണ് ഇസ്‌ലാമിലും ബുദ്ധിസത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഇസ് ലാമിനെ ക്രൈസ്തവതയുമായും ബുദ്ധിസത്തെ ഹിന്ദുമതവുമായും എന്തുകൊണ്ട് താരതമ്യപ്പെടുത്തുന്നില്ല? ഇസ്‌ലാമും ബുദ്ധിസവും വികസിപ്പിച്ചിട്ടുള്ള ആത്മീയ പ്രവർത്തനങ്ങളുടെ മേൽ സ്വാധീനം ചെലുത്താൻ ക്രൈസ്തവതക്കും ഹിന്ദുമതത്തിനും സാധ്യമായിരിക്കെ വിശേഷിച്ചും? ഈ ചോദ്യങ്ങളോട് എനിക്ക് പലരീതിയിൽ പ്രതികരിക്കാൻ കഴിയും. ഒന്ന്, മുസ്‌ലിംകളും ബുദ്ധമതവിശ്വാസികളും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ തുടങ്ങി ഇപ്പോഴും സജീവമായ മധ്യ, തെക്ക്-കിഴക്കൻ വ്യാപാര വഴികളിലൂടെയും കേന്ദ്രങ്ങളിലൂടെയുമാണ് മുസ്‌ലിം-ബുദ്ധിസ്റ്റ് ബന്ധം വികസിക്കുന്നത്.

അതേസമയം, അക്കാദമിക തലത്തിലായും മതാന്തര സംവാദത്തിന്റെ തലത്തിലായും ഇസ്‌ലാമും ബുദ്ധിസവും തമ്മിലുള്ള താരതമ്യ പഠനങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ മുന്നോട്ടു പോയിട്ടില്ല. രണ്ട്, ശ്രീലങ്ക, തായ്‌ലന്റ്, ലഡാക്ക്, എന്നിവിടങ്ങളിൽ അടുത്ത കാലങ്ങളിലുണ്ടായ വർഗ്ഗീയ സംഘർഷങ്ങളും 2001 ൽ അഫ്ഗാനിസ്ഥാനിലെ ബാംയനിലുണ്ടായ ബുദ്ധപ്രതിമകളുടെ തകർച്ചയും വംശീയ സംഘർഷങ്ങളും അസഹിഷ്ണുതയും കൈവെടിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഒരുപക്ഷേ, ഇസ്‌ലാമിക-ബുദ്ധമതസംസ്‌കാരങ്ങൾക്കകത്ത് സംവാദാത്മകമായ അന്തരീക്ഷം സാധ്യമായാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിച്ചേക്കും. മൂന്ന്, ഇസ്‌ലാമിനെയും ബുദ്ധിസത്തെയും വിശ്വാസത്തിന്റെയും നിയമസംഹിതയുടെയും അമൂർത്തമായ തലത്തിൽ നിന്നുകൊണ്ട് സമീപിക്കുന്നതിൽ അർത്ഥമില്ല. മറിച്ച്, ഇരുമതങ്ങളിലും നിലകൊള്ളുന്ന ആത്മീയ പ്രവർത്തനങ്ങളെ മുൻനിർത്തി വീക്ഷിക്കുകയാണെങ്കിൽ ആത്മപരിവർത്തനവുമായി ബന്ധപ്പെട്ട ചില പൊതുവായ മാതൃകകൾ കാണാൻ സാധിക്കും. എന്നാൽ അത്തരമൊരു പഠനം സാധ്യമാണോ എന്ന ചോദ്യമാണ് നമ്മുടെ മുമ്പിലുള്ളത്. ചരിത്രപരവും സാംസ്‌കാരികവും ഭൗമശാസ്ത്രപരവുമായ ഒരു തലത്തിൽ നിന്നുകൊണ്ട് ഇസ്‌ലാമിനെയും ബുദ്ധിസത്തെയും പരിശോധിക്കുകയാണെങ്കിൽ അമ്പരിപ്പിക്കുന്ന ആന്തരിക വൈവിധ്യം ഇരുമതങ്ങളിലും നമുക്ക് കാണാൻ സാധിക്കും. എന്നാൽ അത്തരം വൈവിധ്യങ്ങൾക്കിടയിലും ആത്മത്തെക്കുറിച്ചും കർതൃത്വത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം വ്യത്യസ്തമായ ധാരണകൾ ഇസ്‌ലാമിക-ബുദ്ധമത പാരമ്പര്യങ്ങളിൽ കാണാം. അങ്ങനെയെങ്കിൽ പരിവർത്തനത്തിന് വിധേയമാകേണ്ട ആത്മത്തെക്കുറിച്ച്, ശാരീരിക മരണത്തിന് മുമ്പ് സാധ്യമാകേണ്ട ആത്മീയ മരണത്തെക്കുറിച്ച് പൊതുവായ വീക്ഷണങ്ങൾ ഇരുമതങ്ങളിലും സജീവമായി നിലനിൽക്കുന്നില്ലേ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുന്നതിന് മുമ്പ് വേറെയും ചില ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്: മരണപ്പെടേണ്ട ആത്മത്തിൽ (self) എന്താണ് നിലകൊള്ളുന്നത്? ജീവിതത്തിന്റെ സജീവതയിൽ തന്നെ എങ്ങനെയാണ് മരിക്കുക? അത്തരമൊരു പ്രാക്ടീസിലൂടെ എന്താണ് മനുഷ്യർ നേടിയെടുക്കാൻ ശ്രമിക്കുന്നത്? മരണം എന്ന ആദ്ധ്യാത്മിക അനുഭവത്തെ സാധ്യമാക്കുന്ന പ്രാക്ടീസുകളെന്താണ്? മരണത്തെ അനുഭവിക്കാൻ എന്തെല്ലാം പരിശീലനങ്ങളാണ് നാം നിർവ്വഹിക്കേണ്ടത്? മരണത്തിന് മുമ്പുള്ള മരണം എന്ന പ്രാക്ടീസിന് തയ്യാറെടുക്കുന്നതിന് വേണ്ടി സ്വന്തത്തെക്കുറിച്ച് ഒരു മനുഷ്യൻ എന്താണ് അറിയേണ്ടത്? എങ്ങനെയാണ് ആത്മത്തെക്കുറിച്ച (self) അറിവ് ആത്മത്തെ മുൻനിർത്തിയുള്ള ഒരു പുതിയ പരിചിന്തനമായിത്തീരുക?

ഒരു ആത്മീയ പ്രവർത്തനം എന്ന നിലക്ക് മരണത്തെ താരതമ്യ പഠനത്തിന് വിധേയമാക്കുന്നതിനുള്ള ചട്ടക്കൂടിന്റെയും പഠനങ്ങളുടെയും അഭാവം നിലനിൽക്കുന്നതിനാൽ തന്നെ മിസ്റ്റിക്കൽ പഠനങ്ങളുടെ വിശാലമായ സാധ്യതകളെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ആത്മപരിവർത്തനത്തിന്റെ ഭാഗമായി മരണം എന്ന പ്രാക്ടീസിനെ അടയാളപ്പെടുത്തുന്ന അന്വേഷണങ്ങളൊന്നും കാണാൻ കഴിയില്ലെങ്കിലും ഗാവിൻ ഫ്‌ളഡിന്റെയും റിച്ചാർഡ് വാലന്റാസിസിന്റെയും മിസ്റ്റിസിസത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങളിൽ മതപഠനത്തെ താരതമ്യ പഠനത്തിന് വിധേയമാക്കുന്നതിനുള്ള നവീനമായ മാനദണ്ഡങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ ആഖ്യാനത്തെ മുൻനിർത്തിയുള്ള ജീവിതാഖ്യാനത്തെ ശരിപ്പെടുത്തുന്നതിന് വേണ്ടി പാരമ്പര്യത്തെ ഓർക്കുക എന്ന ആവിഷ്‌കാരമാണ് മിസ്റ്റിസിസം നിർവ്വഹിക്കുന്നത് എന്നതാണ് ഫ്‌ളഡിന്റെ പൊതുവായ വാദം. അതേസമയം, പുറത്ത് നിന്ന് ആരുടെയും സമ്മർദ്ദമില്ലാതെ മനുഷ്യൻ സ്വയമേവ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ ഒരു ബദൽ കർതൃത്വത്തെ അവൻ ആവിഷ്‌കരിക്കുന്നുണ്ട് എന്നാണ് വാലന്റാസിസ് പറയുന്നത്. മാത്രമല്ല, സ്വത്വത്തെയും വ്യക്തിത്വത്തെയും സാമൂഹിക പ്രവർത്തനങ്ങളെയും നിർവ്വചിക്കുന്ന അധീശ സംസ്‌കാരത്തെ ചെറുക്കാൻ കഴിയുന്ന പുതിയ കർതൃത്വത്തെ ഒരു മിസ്റ്റിക്ക് വികസിപ്പിക്കുന്നുണ്ട് എന്നുമദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇസ്‌ലാമിക-ബുദ്ധമത പാരമ്പര്യങ്ങളിൽ മരണം എങ്ങനെയാണ് സർഗാത്മകമായി ആവിഷ്‌കരികരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്നത്തെ ഇറാനിൽ ജീവിച്ചിരുന്ന സൂഫിയും ദൈവശാസ്ത്രകാരനുമായിരുന്ന അൽ-ഗസ്സാലിയുടെ ജീവിതവും രചനകളും പരിശോധിക്കുവാനാണ് ഈ പഠനത്തിന്റെ തുടക്കത്തിൽ ഞാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഇഹ്‌യാ ഉലൂമുദ്ദീൻ (Revival of the Religious Sciences) എന്ന ഗ്രന്ഥത്തിൽ മരണസ്മരണ (കിതാബുദ്ദിക്ർ അൽ-മൗത്ത് വ മബാദഹു) എന്ന തലക്കെട്ടിൽ വലിയൊരു അധ്യായം തന്നെയുണ്ട്. തുടർന്ന് പാലി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള മരണസ്മരണയുമായി ബന്ധപ്പെട്ട ബുദ്ധയുടെ അധ്യാപനങ്ങളെയാണ് പരിശോധിക്കുന്നത്. തായ്‌ലന്റിലെ വനവാസികളായ ബുദ്ധിസ്റ്റ് സന്യാസികൾ അവയെ പിന്തുടർന്ന് ഇന്നും ജീവിക്കുന്നതായി കാണാം. അസുഭ ഭാവന (ശാരീരിക മാലിന്യത്തെക്കുറിച്ച ധ്യാനം) മരണസതി (മരണത്തെക്കുറിച്ച ശ്രദ്ധ) തുടങ്ങിയ രണ്ട് പ്രധാനപ്പെട്ട ആത്മീയ പരിശീലനങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബുദ്ധിസ്റ്റ് ലോകത്തുടനീളം അവ രണ്ടും കാണാൻ സാധിക്കുമെങ്കിലും അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ച ബുദ്ധിസ്റ്റ് തത്വചിന്തകനും പണ്ഡിതനുമായിരുന്ന ബുദ്ധഗോശ വ്യവസ്ഥാപിതമാക്കിയ തെരാവഡ ബുദ്ധ പാരമ്പര്യത്തിലാണ് അവ സജീവമായി നിലനിൽക്കുന്നത്.


തുടർന്ന് വായിക്കുക:  ജീവിതത്തിൽ മരണത്തെ രുചിക്കുന്ന വിധം
വിവർത്തനം: സഅദ് സൽമി
Featured Image: Manas Manikoth

Comments are closed.