സത്യജിത്ത് റേയുടെ ഐതിഹാസിക ചിത്രമായ പാഥേർ പാഞ്ചാലിയിൽ, ചിത്രത്തിൻറെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഹൃദയഭേദകമായ ഒരു രംഗമുണ്ട്. കഥാപാത്രങ്ങളിൽ ഒരാളായ ഹരിഹർ, ഒരു ചെറിയ കാലയളവിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയും തന്റെ മക്കളായ അപ്പുവിനെയും ദുർഗ്ഗയെയും വിളിക്കുന്നു. തത്സമയം ഭാര്യ സർബജയ പുറത്തേക്കു വന്നു. അല്പസമയം ദുഃഖസാന്ദ്രമായ മുഖത്തോടെ നിന്ന ശേഷം വല്ലാതെ കരയാൻ തുടങ്ങി. അവരുടെ മകളായ ദുർഗ, ഹരിഹർ അദ്ദേഹം നാട്ടിൽ നിന്ന് അകന്നുനിന്ന വേളയിൽ പനി ബാധിച്ചു മരണപ്പെട്ടിരിന്നു. ഭഗ്നഹൃദയരായ മാതാപിതാക്കൾ പരസ്പരം ഒരു വാക്കുപോലും ഉരുവിടാതെ കരയുന്നു. പശ്ചാത്തലത്തിൽ ദുഃഖത്തിന്റെ വ്യാപ്തിയെ വഹിച്ചുകൊണ്ട് ശാസ്ത്രീയ സംഗീതം പ്ലേ ചെയ്യുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന്റെ ചക്രവർത്തിയായ പണ്ഡിറ്റ് രവിശങ്കറായിരുന്നു ഹൃദയസ്പർശിയായ ഈ സംഗീതത്തിന്റെ പിന്നണിയിൽ.
പൊതുവായി പറഞ്ഞാൽ രവിശങ്കറിന്റെ സിത്താർ വൈകാരികമായിരുന്നു. അതിനെന്തെങ്കിലും ആഴമുണ്ടെങ്കിൽ, ആ ആഴത്തിന്റെ വ്യാകരണം പോലും വൈകാരികതയായിരുന്നു. വസന്തത്തിലെ ശലഭങ്ങളെന്നപോലെ ആഹ്ലാദചിത്തരായ സ്വരങ്ങൾ രവി ശങ്കറിന്റെ സിത്താറിനെ വലംവെച്ച് പറന്നു. സംഗീത ലോകമൊന്നാകെ രവിശങ്കറിനെയും അദ്ദേഹത്തിന്റെ സംഗീത മാധുര്യത്തെയും മാറോടണച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ മരണവേളയിൽ, ലണ്ടനിൽ പണ്ഡിറ്റ് രവി ശങ്കർ വായിച്ച രാംകലി രാഗത്തിന്റെ ധ്യാനാത്മകമായ ഓർമ്മകളിലൂടെയാണ് ഇന്നും അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നത്. ആർദ്രവികാരങ്ങൾ നിറഞ്ഞ അനർഘ നിമിഷങ്ങളായിരുന്നു അദ്ദേഹത്തിൻറെ ഓരോ സംഗീത സദസ്സുകളും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കലാസംഘടനയായിരുന്ന IPTAയുടെ പ്രവർത്തകനായിരുന്ന കാലഘട്ടത്തിൽ, അവർ അവതരിപ്പിച്ച ഒരു നാടകത്തിൽ മുഹമ്മദ് ഇഖ്ബാൽ എഴുതിയ “സാരേ ജഹാം സേ, ഹിന്ദുസ്ഥാൻ ഹമാര” എന്ന ഗാനം, പതിഞ്ഞ മട്ടിൽ ചിട്ടപ്പെടുത്തിയത് കേട്ട രവിശങ്കർ, പാട്ടിന്റെ ഈണത്തിന് പുതിയ രൂപം നൽകി. അതാണ് നമ്മൾ ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന ചടുലതയാർന്ന ആ ഗാനം. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ തന്നെ നമുക്കാ സംഭവത്തെ ഓർത്തെടുക്കാം. “1945 ആയിരുന്നു അത്, “മരണമില്ലാത്ത ഇന്ത്യ” എന്നൊരു നാടകം ചെയ്യുകയായിരുന്നു ഞങ്ങൾ, ചിലർ ഈ പാട്ടിന് ഈണം നൽകി, എന്നാൽ ഈണം ദുഃഖ മയമായിരുന്നു. അത്തരമൊരു ഈണം കേട്ട് ഒരാൾക്ക് എങ്ങനെ ഊർജ്ജസ്വലനാകുവാൻ കഴിയും, പൊടുന്നനെ ഒരു ഈണം എനിക്ക് തോന്നുകയായിരുന്നു”.
ചടുലത എന്നത് രവിശങ്കറിന്റെ സ്വാഭാവികതയായിരുന്നു. ഇന്ത്യൻ സംഗീതത്തിന് പുതിയ സ്വപ്നങ്ങൾ കാണുവാനുള്ള ശേഷിയെ ഈ ചടുലത ഉത്തേജിപ്പിച്ചു. അദ്ദേഹം ഒരുക്കി തീർത്ത സംഗീതത്തിന്റെ ചക്രവാളങ്ങൾ ഇന്ത്യൻ ജീവിതങ്ങളെ സന്തോഷസുരഭിലമാക്കി. ഇന്ത്യൻ സംഗീതത്തിലെ വിസ്മയം എന്ന് വിശേഷിപ്പിക്കുന്ന ഉസ്താദ് അലാവുദ്ദീൻ ഖാനായിരുന്നു രവിശങ്കറിന്റെ ഗുരു. സരോദിൽ മാസ്മരികത സൃഷ്ടിച്ച ആ അതുല്യ പ്രതിഭ, തന്റെ അനുഭവ പാഠവങ്ങളെ പണ്ഡിറ്റ് രവിശങ്കറിനും പകർന്നു നൽകിയിരുന്നു. കടുത്ത അച്ചടക്ക പ്രിയനായിരുന്ന ഉസ്താദ്, അവ്വിധത്തിൽ തന്നെയായിരുന്നു തന്റെ ശിഷ്യന്മാരെയും കൈകാര്യം ചെയ്തത്. ഉസ്താദ് അലാവുദ്ദീൻ ഖാൻ തന്റെ മകനെ മരത്തിൽ കെട്ടിയിട്ട് അടിക്കുന്ന സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്. ആ മകൻ ഉസ്താദ് അലി അക്ബർ ഖാൻ ആണെന്ന് വരുമ്പോൾ നമ്മൾക്ക് വിശ്വസിക്കാൻ പോലും പ്രയാസമാവും. ഈ സംഭവം രവിശങ്കർ തന്നെയാണ് ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. മകനോട് കാർക്കശ്യം പുലർത്തുമ്പോഴും, പ്രിയ ശിഷ്യനായ രവിശങ്കറിനോട് വളരെ ലാളിത്യത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. അവർ തമ്മിലുള്ള ഗുരുശിഷ്യ ബന്ധം അത്രയ്ക്കും ദൃഢതയുള്ളതായിരുന്നു.
റൊമാന്റിക് അഥവാ കാല്പനികൻ എന്ന വാക്കിന് ഓക്സ്ഫോർഡ് നിഘണ്ടു നൽകുന്ന ഒരർത്ഥം സ്നേഹാതുരൻ എന്നാണ്. ആ സ്നേഹമോ, പ്രണയമോ അധ്യാത്മികവും വൈകാരികവും ആയിരിക്കും. പണ്ഡിറ്റ് രവിശങ്കറിന്റെ സംഗീത സ്വരങ്ങളിൽ അത്തരമൊരു വൈകാരികതയുണ്ട്. 1960-70 കാലങ്ങളിലെ അദ്ദേഹത്തിൻറെ സംഗീതത്തിൽ ഉസ്താദ് അലി അക്ബർ ഖാനിൽ പോലും നാം അനുഭവിക്കാത്ത ഒരുതരം വൈകാരികതയും മനോഹാരിതയുമുണ്ട്. പലരുടെയും ആഹ്ലാദ വേളകളിലെ പശ്ചാത്തല സംഗീതമായിരുന്നു രവിശങ്കർ. എന്നാൽ, വിചാരത്തിന്റെ കനമുള്ള വേളകളിൽ അല്ലെങ്കിൽ വൈകാരികമായ വേളകളിൽ ഒരുപക്ഷേ, പലരും ഉസ്താദ് അലി അക്ബറിനെ തെരഞ്ഞെടുത്തേക്കാം. രവിശങ്കറിനെ നാം സ്നേഹിക്കുന്നത് സംഗീത മാത്രമായ ഒരു പരിഗണനയിൽ മാത്രമല്ല. ആ ജീവിതത്തിന്റെ വ്യത്യസ്ത വിതാനങ്ങളിൽ നമ്മെ സ്പർശിക്കുന്ന എത്രയോ ഘടകങ്ങളുണ്ട്.
രവിശങ്കറിനെ വ്യത്യസ്തനാക്കുന്ന ഒരു അതിഭംഗി അദ്ദേഹത്തിന്റെ സംഗീതത്തിൽ ഉണ്ടായിരുന്നു. ആ അതിഭംഗിയാണ് അമേരിക്കയിലെ ഒരു പരിപാടിയിൽ വെച്ച്, ലോകത്തിലെ തന്നെ പ്രശസ്ത മ്യൂസിക് ബാൻഡായ “ബീറ്റിൽസ്”നെ ആകർഷിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ ബാലപാഠങ്ങളെ പാഞ്ചാത്യ പ്രേക്ഷകർക്ക് അദ്ദേഹം പരിചയപ്പെടുത്തി. അതിനുശേഷം ഒരു പരിപാടിയുടെ ആവശ്യാർത്ഥം, ആ ട്രൂപ്പിലെ ഒരു പ്രധാന അംഗമായ ജോർജ് ഹാരിസനെ സിത്താർ പഠനത്തിനുവേണ്ടി ഇന്ത്യയിലേക്ക് അയക്കുകയുണ്ടായി. രവിശങ്കറിന്റെ കീഴിൽ ഹാരിസൺ പഠനം മനോഹരമായി പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ സ്വാധീനം എത്രത്തോളമായിരുന്നു എന്നതാണ് ഇവിടെ വരച്ചു കാണിക്കുന്നത്. പിന്നീട് രവി ശങ്കർ ഒരു ബ്രാൻഡായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്. അദ്ദേഹത്തിൻറെ വിജയങ്ങൾ എല്ലായിടത്തും ആഘോഷിക്കപ്പെട്ടു. ലതാ മങ്കേഷ്കർക്കോ, എം എസ് സുബ്ബലക്ഷ്മിക്കോ നേടാൻ കഴിയാത്ത ഒന്നാണ് അദ്ദേഹം കൈവരിച്ചത്. തെന്നിന്ത്യയിലെ ഹിന്ദി ഗായികയായി ലതാ മങ്കേഷ്കർ തുടർന്നപ്പോൾ വടക്കേന്ത്യയിലെ ഒരു കാർണാടിക് സംഗീതജ്ഞ മാത്രമായി എം എസ് സുബ്ബലക്ഷ്മിയും ചുരുങ്ങി. അവരുടെ മീരാ ഭജനങ്ങൾക്ക് ഒരു തെന്നിന്ത്യൻ ഭാവമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പണ്ഡിറ്റ് രവിശങ്കറിന്റെ കാര്യത്തിൽ എങ്ങും ഒരേ പ്രതികരണമായിരുന്നു. 2012 നവംബർ നാലിന് കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ അരങ്ങേറിയ തന്റെ അവസാന സംഗീതാവതരണം വരെയും ആ സ്വാധീനത്തിനും മനോഹാരിതയ്ക്കും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അന്നവിടെ ഒത്തുകൂടിയവരുടെ ആവേശവും ആഹ്ലാദവും അവിസ്മരണീയമായിരുന്നു. ജനനിബിഡടമായ സദസ്സിന്റെ കരഘോഷം കണ്ട് കണ്ണുനിറഞ്ഞു നിൽക്കുന്ന രവിശങ്കറിന്റെ ഓർമ്മകൾ ഇന്നും അവിടെ അവശേഷിക്കുന്നുണ്ട്. ജനപ്രിയത വെറുതെയങ്ങ് ഉണ്ടാവുന്നതല്ല, അവയിൽ ഒരു അദ്വിതീയമായ ഭാവനയെ നമുക്ക് കാണാൻ സാധിക്കും. ഓരോ ജീവിതത്തിനും ഒരു പ്രത്യാശയുടെ മാധുര്യത്തെ ആ സംഗീതം നല്കുന്നുണ്ട് . പരമ്പരാഗത ഇന്ത്യൻ സംഗീതത്തിലും ഇന്ത്യൻ സ്വാധീനമുള്ള പാശ്ചാത്യ സംഗീതത്തിലും രവിശങ്കർ ഒരുപോലെ നിപുണനായിരുന്നു. തന്റെ സമകാലികരിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു അവതരണ ശൈലിയും അദ്ദേഹം വികസിപ്പിച്ചു. സിത്താറിലെ ചരടുകൾ തുണി ഉപയോഗിച്ച് പൊതിഞ്ഞുകൊണ്ടുള്ള അവതരണ ശൈലിക്ക് “ഗൂംഗ സിത്താർ” എന്ന നാമകരണവും നൽകി. രാഷ്ട്രീയ ഇടപെടലുകൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ നിറഭേദങ്ങൾ വരുത്തി. രവിശങ്കറിന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റി സംസാരിക്കുമ്പോൾ, അതിൽ മതനിരപേക്ഷതയ്ക്ക് എന്നും സ്ഥാനമുണ്ടായിരുന്നു.
സിനിമാ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. ഒട്ടനവധി സിനിമകൾക്ക് സൗന്ദര്യം പകർന്നത് അദ്ദേഹത്തിൻറെ സംഗീതമായിരുന്നു. സത്യജിത്ത് റേയുടെ ” Pather Panchali”, ചേതൻ ആനന്ദിന്റെ “Neecha Nagar”, അഹ്മദ് അബ്ബാസിന്റെ “Dharti Ice Laal”, ഗുൾസാറിന്റെ “”Meera”, റിച്ചാർഡ് ആറ്റൻബറോന്റെ “Gandhi”, പോലുള്ള അവയിൽ പ്രശസ്തിയാർജിച്ചവയാണ്. ഇക്കാലയളവിൽ ധാരാളം ബഹുമതികളും അവാർഡുകളും കരസ്ഥമാക്കി. സ്വയശസ്സിന്റെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴും, തന്റെ സ്വഭാവ ചാരുതയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ പരിമിതപ്പെട്ട അതിന്റെ ആസ്വാദന വ്യത്തത്തിൽ നിന്നും പുറത്തുകൊണ്ടു വരുവാൻ അദ്ദേഹത്തിന് സാധിച്ചു. ആ ഔന്നിത്യമാണ് നമ്മൾ ഇന്ന് ആഘോഷിക്കുന്ന പണ്ഡിറ്റ് രവിശങ്കർ. സിത്താറിന് അതിന്റെ ഏറ്റവും വലിയ സുവിശേഷകനെയാണ് നഷ്ടമായത്. സംഗീതത്തിലും ജീവിതത്തിലും വ്യത്യസ്തതയെ പിൻപറ്റിയിരുന്ന അദ്ദേഹത്തിൻറെ ജീവിതകാലം ഇന്ത്യൻ സംഗീതത്തിന്റെ സുവർണ യുഗമായിരുന്നു.
Comments are closed.