[1979 ലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഫൂക്കോ നടത്തുന്ന നിരീക്ഷണങ്ങൾ വരാനിരിക്കുന്ന (ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന) അഭയാര്‍ഥി പ്രശ്നങ്ങളിലേക്കുള്ള സൂചനകൾ നൽകുന്നുണ്ട്. ആധുനിക സ്റ്റേറ്റ് എങ്ങിനെ അഭയാർഥികളെ നിർമ്മിക്കുന്നു എന്ന് മനസ്സിലാക്കാൻ ഫൂക്കോയുടെ സംസാരം സഹായിക്കുന്നുണ്ട് ]- എഡിറ്റർ

എച്ച്.ഉനോ: താങ്കളുടെ അഭിപ്രായത്തിൽ, വിയറ്റ്നാം അഭയാർത്ഥികളുടെ പ്രശ്നത്തിന്റെ ഉൽഭവം എന്താണ്?

ഫൂക്കോ: വിയറ്റ്നാം ഒരു നൂറ്റാണ്ടിലധികമായി ഫ്രാൻസ്, ജപ്പാൻ, യു.എസ് തുടങ്ങിയ സായുധ ശക്തികളുടെ ഭരണത്തിലാണ്. ഇപ്പോൾ പഴയ തെക്കൻ വിയറ്റ്നാം പഴയ വടക്കൻ വിയറ്റ്നാമിന് കീഴിലാണ്. പുതിയ ഭരണ സാഹചര്യം മുമ്പുണ്ടായ അധിനിവേശങ്ങൾ പോലെയല്ല. തെക്കൻ വിയറ്റ്നാമിലെ അധികാരം വടക്കാണുള്ളത്.

ഒരു നൂറ്റാണ്ടിനിടയിലുണ്ടായ തുടർച്ചയായ അധിനിവേശങ്ങൾ കാരണം ജനങ്ങൾക്കിടയിൽ വളരെയധികം സംഘട്ടനങ്ങൾ വളർന്നു വന്നു. അതിൽ പലരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. കോളനിസ്റ്റുകൾ, അധിനിവേശ ഘട്ടത്തിലെ പ്രാദേശിക സിവിൽ ഉദ്യോഗസ്ഥർ എന്നിവരോട് ഇടപാടുകൾ നടത്തിയ കച്ചവടക്കാരെ ഈ കൂട്ടത്തിൽ എണ്ണാൻ പറ്റും. ചരിത്രപരമായ തർക്കങ്ങൾ കാരണം ജനതയിൽ ചിലർ സ്വന്തത്തെ നിരാകരിക്കപ്പെട്ടവരായും കുറ്റപ്പെടുത്തപ്പെട്ടവരായും കണ്ടു.

പലരും, രാജ്യം ഒന്നിപ്പിക്കുന്നതിനെ സംബന്ധിച്ച പഴയ വാദങ്ങളെ അനുകൂലിച്ചതിനും, അതിന്റെ പരിണിത ഫലമായ അഭയാർത്ഥി പ്രശ്നത്തെ മറികടക്കുക എന്നതിനും ഇടയിൽ വൈരുധ്യങ്ങൾ കാണുന്നുണ്ട്.

സ്റ്റേറ്റ് ഒരിക്കലും സ്വന്തം രാജ്യത്തേയോ ഇതര രാജ്യങ്ങളിലെയോ ജനതയുടെ മരണത്തിനും ജീവിതത്തിനും മേൽ പരിപൂർണ്ണ അധികാരം കൈയ്യാളരുത്. ഈ അധികാരത്തെ നിഷേധിക്കുക എന്നാൽ വിയറ്റ്നാമിലെ യു.എസ്. ബോംബിംഗിനെ എതിർക്കുക എന്നാണ്. സമകാലസാഹചര്യത്തിൽ അഭയാർത്ഥികളെ സഹായിക്കലും.

കംമ്പോഡിയൻ അഭയാർത്ഥി പ്രശ്നം പോലെയല്ല വിയറ്റ്നാമിലേത് എന്ന് തോന്നുന്നു

ആധുനിക ചരിത്രത്തിൽ മുൻ ഉദാഹരണമില്ലാത്തതാണ് കംബോഡിയയിൽ നടന്നത്. ഗവൺമെന്റ് തന്നെ സ്വന്തം അണികളെ സമാനതകളില്ലാത്ത രീതിയിൽ കൊന്നൊടുക്കി. അതിനെ അതിജീവിച്ച ആളുകൾ രക്ഷപ്പെട്ടു എന്നത് ശരി തന്നെ. പക്ഷെ, അവർ പിന്നെ കാണുന്നത് നശീകരാണാത്മകവും പീഡനം അഴിച്ചു വിടുന്ന അധികാരം കൈവശമുള്ള ഒരു പട്ടാളം അധികാരത്തിലിരിക്കുന്നതാണ്. അത്കൊണ്ട് തന്നെ അവിടുത്തെ സാഹചര്യം വിയറ്റ്നാമിലേതിൽ നിന്ന് വ്യത്യസ്തമാണ്.

വേറൊരു തലത്തിൽ ഒരു കാര്യം പ്രധാനമാണ്. തെക്ക് കിഴക്കൻ ഏഷ്യയിലെ അഭയാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമാകമാനം നടത്തിയ മൂവ്മെന്റുകളിൽ രാഷ്ട്രീയ ചരിത്ര സാഹചര്യങ്ങളിലെ വ്യത്യാസങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല എന്നത്. ഇതിനർത്ഥം രാഷ്ട്രീയ ചരിത്രപരമായ സാഹചര്യങ്ങളോട് ഇൻഡിഫറന്റ് ആയി തുടരാൻ കഴിയുമെന്നല്ല. പക്ഷെ, അടിയന്തരമായി ചെയ്യേണ്ടത് ആളുകളെ രക്ഷിക്കുക എന്നതാണ്. കാരണം, 40000 ആളുകൾ ഇന്തോ-ചൈന കടലിൽ മുങ്ങി മരിക്കുകയോ ദ്വീപുകളിൽ കാണാതാകുകയോ ചെയ്യുന്നുണ്ട്. 40000 ജനങ്ങൾ തായ്ലാന്റിൽ നിന്ന് കംബോഡിയയിലേക്ക് തന്നെ ഭീതിത സാഹചര്യത്തിൽ തിരിച്ചയക്കപ്പെട്ടു. 80000ത്തിൽ കുറയാത്ത ആളുകൾക്ക് മരണം ഒരു നിത്യസാന്നിധ്യമാണ്. ലോകരാജ്യങ്ങൾക്കിടയിലെ അധികാര ബാലൻസിംഗുകളെ സംബന്ധിച്ച ഒരു ചർച്ചയും, അഭയാർത്ഥികൾക്ക് സഹായം നൽകിയാലുണ്ടാകുന്ന രാഷ്ട്രീയ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച വാദങ്ങളും ഒന്നും ആ ജനങ്ങളെ മരിക്കാൻ വിടുന്നതിനെ ന്യായീകരിക്കുന്നില്ല. 1933 ലും 1939 ലും ജൂതർ ജർമനിയും സെൻട്രൽ യൂറോപ്പും വിട്ട് പലായനം ചെയ്തു. പക്ഷെ ആരും അവരെ സ്വീകരിച്ചില്ല, പലരും മരിച്ചു. ഇനിയും ലക്ഷങ്ങളെ നമുക്ക് മരിക്കാൻ വിടാൻ കഴിയുമോ?

ആഗോളതലത്തിൽ തന്നെ ഇതിന് പരിഹാരം കാണാൻ അഭയാർത്ഥികളെ ഉണ്ടാക്കുന്ന രാജ്യങ്ങൾ അവരുടെ പോളിസി മാറ്റേണ്ടതുണ്ട്. ഇതെങ്ങനെ സാധ്യമാകും?

വിയറ്റ്നാമിലേതിനേക്കാൾ അപകടകരമാണ് കംബോഡിയയിലെ അവസ്ഥയെങ്കിലും സമീപ ഭാവിയിൽ തന്നെ അവിടെ പ്രശ്നം തീരുമെന്ന പ്രതീക്ഷയുണ്ട്. കംബോഡിയൻ ജനത സ്വീകാര്യമായ ഒരു ഗവൺമെൻറിനെ തിരഞ്ഞെടുക്കുമ്പോൾ അവിടെ പ്രശ്നം തീരുമെന്ന് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്. പക്ഷെ വിയറ്റ്നാമിൽ പ്രശ്നം ഒന്നു കൂടെ സങ്കിർണമാണ് ആണ്. രാഷ്ട്രീയ അധികാരം സ്ഥാപിതമായിട്ടുണ്ട്. അവർ ജനതയിലെ ഒരു കൂട്ടരെ പുറത്താക്കുന്നു. ഒരു നിലക്കുമുണ്ടാവാൻ പാടില്ലാത്തത്. വിയറ്റ്നാമിൽ നിൽക്കാതെ കടൽ വഴി ഉറപ്പില്ലാത്ത നിലനിൽപ്പു തേടാൻ ചിലരെ ഭരണകൂടം നിർബസിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിയറ്റ്നാമിനു മേൽ സമ്മർദ്ധം ചെലുത്തേണ്ടതുണ്ട്. പക്ഷെ എന്താണ് സമ്മർദ്ധം ചെലുത്തുക എന്നാൽ?

അഭയാർത്ഥികളെ സംബന്ധിച്ച ജനീവയിലെ യു.എൻ സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങൾ, റെക്കമെന്റേഷൻ, ഉപദേശം തുടങ്ങിയ രൂപങ്ങളിൽ വിയറ്റ്നാമിനെ സമ്മർദ്ധത്തിലാക്കിയിരുന്നു. വിയറ്റ്നാം ഗവൺമെന്റ് ചില ഇളവുകൾ ചെയ്തിട്ടുണ്ട്. അൺസെർറ്റൻ കണ്ടിഷനുകളിൽ, എന്തിനധികം, സ്വന്തം ജീവിതം പണയം വെച്ചും ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കാതെ അവരെ ഒരുമിച്ചു കൂട്ടാവുന്ന ട്രാൻസിറ്റ് സെന്ററുകൾ ഉണ്ടാക്കി പൊട്ടൻഷ്യൽ റെഫ്യൂജികളെ അവിടെ എത്തിക്കാം. അവിടെ അവരെ സ്വീകരിക്കുന്ന രാഷ്ട്രത്തെ അവർ കണ്ടെത്തുന്നതു വരെ ആഴ്ച്ചകളോ മാസങ്ങളോ വർഷങ്ങളോ താമസിക്കാം. ഇത് concentration camp പോലെയാണ് തോന്നിക്കുന്നത്.

അഭയാർത്ഥി പ്രശ്നങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. വിയറ്റ്നാമിലെ പ്രശ്നം ഏതെങ്കിലും നിലക്ക് വ്യത്യസ്തമാണോ?

20-ാം നൂറ്റാണ്ടിൽ വംശഹത്യകളും വംശീയ ശുദ്ധീകരണങ്ങളും ഇടക്കിടെ നടക്കുന്നു. ഈ പ്രതിഭാസം പുതിയ രൂപങ്ങളിൽ ഇനിയും നടക്കും. പ്രാഥമിക കാരണം ഡിക്ടോറിയൽ സ്റ്റേറ്റുകൾ കൂടുകയാണ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയ ആവിഷ്കാരങ്ങൾ അസാധ്യമായതിനാലും പ്രധിരോധിക്കാൻ ആവശ്യമായ ശക്തി അവർക്കില്ലാത്തതിനാലും, State അടിച്ചമയർത്തിയവർ തങ്ങളുടെ നരകത്തിൽ നിന്ന് ഓടി രക്ഷപ്പെടും.
രണ്ടാമതായി, കോളനികൾക്കു ശേഷം രാഷ്ട്രം ഉണ്ടാക്കിയവർ കോളോനിയൽ ബോർഡറുകൾ തന്നെ, അതുവഴി ആ എഥ്നിസിറ്റിയും, സ്വീകരിച്ചു. അത് വിവിധ ഭാഷകളും മതങ്ങളും കൂടി കലർന്നതായിരുന്നു. ഇത് ഗൗരവമേറിയ പ്രയാസങ്ങൾ വരുത്തിവച്ചു. ആ രാജ്യങ്ങളിൽ, ജനങ്ങൾക്കിടയിലെ ഉൾപ്പക ഏതു നേരത്തും പൊട്ടിത്തെറിക്കാവുന്ന തലത്തിലാണ്. മാസ്സീവായ മറ്റു പല പ്രശ്നങ്ങളും state apparatusകൾ തകരലും ഉണ്ടാവാനുള്ള സാഹചര്യങ്ങൾ കൂടുതലാണ്.

മൂന്നാമതായി വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും പോർച്ചുഗൽ, അൽജിരിയ, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ തൊഴിലിനു കൊണ്ടു വന്നിരുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച കാരണം അവരെ ഇപ്പോൾ തിരിച്ചയക്കാനുള്ള ശ്രമത്തിലാണ്.
ഇതെല്ലാം ജനങ്ങളെ കുടിയേറ്റക്കാരാക്കും. നൂറും ആയിരവും ലക്ഷങ്ങൾ വരുന്ന കുടിയേറ്റ ജനത. കുടിയേറ്റം അനിവാര്യമായും വേദനാജനകവും ദുരന്തമയവുമാകും. അക്രമവും മരണവും അതിന്റെ കൂടപ്പിറപ്പും. ഞാൻ പേടിക്കുന്നത് വിയറ്റ്നാമിലേത് ചരിത്രത്തിന്റെ ഒരു പരിണിതി ആണെന്നതല്ല, മറിച്ച് ,അത് ഭാവിയുടെ പ്രവചനമാണെന്നതാണ്.


വിവർത്തനം: അമീൻ എം റമദാൻ

Featured Image: Michel Foucault (center) with Jean Genet (right) at a Paris demonstration in the wake of the killing of Mohamed Diab by police in 1972.

Comments are closed.