1.
ബഷീറിന്റെ “ബാല്യകാലസഖി” എന്ത് കാണുന്നു.
ബാല്യകാലസഖീ നീ എന്ത് കാണുന്നു?
അവർ കോക്രി കാട്ടുന്നു. അവർ അന്യോന്യം കോക്രി കാട്ടുന്നു.
കാണുക എന്ന വാക്കാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ കൃതിയിൽ കൂടുതൽ. ഈ കൃതിയതു ‘കണ്ടു’ നിറഞ്ഞ്. “അന്യോന്യം കോക്രി കാട്ടുക”യാണ്-ഇത് അവരുടെ, മുഖ്യ കഥാപാത്രങ്ങളുടെ, സുഹറയുടെയും മജീദിന്റെയും പതിവാണെന്നാണ് ആദ്യ അധ്യായത്തിലെ തുടക്ക ഖണ്ഡികയിലെ വാക്യത്തിൽ നാം കാണുന്നത്. ബഷീറിന്റെ ഈ കൃതി സുഹറയുടെയും മജീദിന്റെയും വികൃതി. അവസാനത്തിൽ സുഹറ എന്തായിരിക്കും തന്നോട് പറയാൻ മുതിർന്നത് എന്ന് ‘കേൾ’ക്കാനാകാതെ പോയതിന്റെ വിഷമത്തിലായ മജീദാണ് നോവലിന്റെ അവസാനത്തിൽ. മുതിർന്നവർക്കാണ് പറയാനാകാതെ പോകാനാകുക എന്നാണോ? അവസാനം എന്ത് പറഞ്ഞു എന്നറിയായ്കയും ഒരു “നോവൽ” തന്നെ. കാണുകയിൽ ശ്രദ്ധിച്ച് ഉടനീളം വട്ടം തിരിഞ്ഞ നോവലിൽ നമ്മെ അവസാനം കേൾവിയാണ് വട്ടം പിടിക്കുക.
ഒരാൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കരണം ഏതാണ്. ഏതൊരുവനുമുതകും ഉപകരണമേത്? നോട്ടം, കേൾവി, സ്പർശം, മണം, രുചി. രണ്ടു പേർ എതിരിയായാൽ ഏതായിരിക്കും അവർ കൂടുതൽ എടുത്തുപയോഗിക്കുക. പ്രതിയോഗികൾ ദ്വന്ദ്വ യുദ്ധത്തിൽ ഏർപ്പെടാം. പ്രതി-യോഗികൾ എടുത്തുപ-യോഗികൾ. പറയാം അവർ ഏറെ തെറിയും. കാരണം അവർ യോഗം വിട്ടവരാണ്. ഒരു രഞ്ജിപ്പിലുമെത്താനാവാതെ പിരിയുന്ന യോഗമാണ് ഏറെക്കുറെ എവിടെയും കൂടുന്നത്. കോക്രി കാട്ടുന്നത് പേടിപ്പിക്കാനാണ്. കാഴ്ച പേടിയാണെങ്കിലും ‘ബാല്യകാലസഖി’യിൽ ആരെങ്കിലും കണ്ട് പേടിക്കുന്നുണ്ടോ, എന്തെങ്കിലും കണ്ട്? കോക്രി കാട്ടുക എന്ന വാക്കിലെ വ്യാകരണം തന്നെ നോക്കണം. കാണുക കാട്ടൽ ആവുന്നത് എപ്പോഴാണ്. സ്വയം കാണലും മറ്റുള്ളോർക്ക് വേണ്ടിയാവുന്നത് കാട്ടലുമാകുന്നു. അതിനാലാണ് കോക്രി കാണാനുള്ളതല്ല കാട്ടാനുള്ളതാണെന്ന് ബാല്യകാലത്തെ സഖി കരുതുന്നത്. കൈ വിട്ടാൽ കോക്രിയും കാട്ടിക്കൂട്ടൽ തന്നെ. കോക്രി. അതെന്ത് തരം വാക്കാണ്. കോ + ക്രി ആണത്. ക്രി, ക്രിയയാണ്. കോ, കോടിയാണ്, അനവധിയാണ്. കോടാനുകോടി ക്രിയയാണ്, കോക്രി. അവർ അന്യോന്യം കോടാനുകോടി ക്രിയ കാട്ടിക്കൂട്ടുകയാണ് സ്വപ്രകൃതിയിൽ എന്നാണോ?
കാണുക, കേൾക്കുക എന്നീ രണ്ടു കാര്യങ്ങളിൽ ഏറ്റം ഏതിന് നന്ന്? രണ്ടിന്ദ്രിയങ്ങളും ക കൊണ്ട് കെട്ടപ്പെട്ടിരിക്കുന്നു. ക വലിക്കുന്ന വണ്ടികളാണ് രണ്ടും. രണ്ടും കോർത്തൊന്നാക്കിയ സന്ദർഭങ്ങളേറെയുമുണ്ട് വേറെ, ബഷീറിൽ- “എന്തോ കേൾക്കാനെന്ന പോലെ കണ്ണുകൾ നിശ്ചലങ്ങളായി”- കണ്ണുകൾ കൊണ്ട് കേൾക്കാനാകുമോ. കാണണമെങ്കിൽ കേൾവി ശക്തി കൂടി വേണോ. കേൾവിസഹായി ഇല്ലെങ്കിൽ കാഴ്ചശക്തി തോറ്റതോഴി? ബാല്യകാല സഖിയിലുള്ളവർ എന്തൊക്കെയാണ് കാണുന്നത്. മാമ്പഴം വീഴുന്നത് കാണുന്നു. മാമ്പഴം വീഴുന്നത് കേൾക്കുകയാണ് സുഹറ ചെയ്യുന്നത്. “മാമ്പഴം വീഴുന്നതും കേട്ട് അവൾ ഓടിച്ചെല്ലുമ്പോൾ അത് മജീദ് എടുത്ത് കടിച്ച് തിന്നുന്നത് കാണും” സുഹറ മാങ്ങയെ കേൾക്കുകയും മജീദിനെ കാണുകയുമാണ് നോവലിന്റെ ആദ്യ പുറത്തിൽ തന്നെ. കാമുകന് കാഴ്ചയും കനിക്ക് കേൾവിയും കാട്ടുന്ന കാമിനി തന്നേയിവൾ. മജീദ് കടിച്ച് തിന്നുന്നതാണ് കാണുന്നത്, വെറുതെ മജീദിനെ കാണുകയല്ല സുഹറ.
ബാല്യകാല സഖിയിൽ പഴം പ്രധാന കുരുവാകുന്നുണ്ട്. മജീദിന്റെ കാലിലും അത് വളരുന്നു. “പഴുത്ത വലിയ മഞ്ഞ പേരയ്ക്കാ പോലെ കാലിനുള്ളിൽ മുഴച്ചു വീർത്ത് നിൽക്കുകയാണ്.” മരത്തിലെ പഴപ്പും ദേഹത്തിലെ കുരുവും ഒറ്റക്കർമ്മഫലമോ? പേരക്കയും അതിന്റെ തടിക്കൊരു കുരു തന്നെയല്ലേ. മാമ്പഴത്തിന് വേണ്ടി തർക്കിക്കുന്ന സുഹറയും മജീദും. മജീദിന് പേരക്കാവട്ടത്തിൽ വരുന്ന കുരു ചുംബിച്ച് പൊട്ടിക്കുന്നു കാമിയാമവൾ. പഴം തിന്നാനുള്ളതെങ്കിൽ, കുരുവോ? കുരു പുറത്തെടുത്ത് മണ്ണിൽ മറക്കാനുള്ളത്. മാമ്പഴം കിട്ടാതെ മരിച്ച കുട്ടിയെ കുറിച്ച് ഓർത്ത് മലയാളത്തിൽ പിറന്നു തേങ്കനിയൊന്ന്- വൈലോപ്പിള്ളിയുടെ മാമ്പഴം. മൂത്തിട്ടും വൈലോപ്പിള്ളിക്ക് മാങ്ങാപ്പൂതി തന്നെ. വൈലോപ്പിള്ളിക്ക് കൈവിട്ട പഴം കുട്ടിക്കാലം. മലയാളികളിൽ ഏറ്റവും അധികം പൂത്ത, ഈ കവിയുടെ കായ ഇപ്പോഴും ഓർക്കുന്നോരിൽ മധു പകരുന്നു.
“തൻമകന്നമൃതേകാൻ/ താഴോട്ട് നിപതിച്ച /പൊൻപഴം മുറ്റത്താർക്കും/ വേണ്ടാതെ കിടക്കു” കയാണ്. വെറുതെ കിടക്കുന്ന കനി വെറുങ്കനി. കനി തേടിയോർ എത്തുമ്പോൾ ഉടൽ വിട്ടിരിക്കും. മജീദും സുഹറയും മാമ്പഴം കിട്ടുമ്പോൾ രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും നീട്ടുകയാണ്. ശരിയാണ്, കിട്ടിയോർക്കല്ലേ നീട്ടാനാകൂ. വൈലോപ്പിള്ളിയുടെ കുട്ടി പാകമാകുന്നതിന് കാത്ത് നിൽക്കാതെ പോയി എന്നതാണ് അമ്മയുടെ ഉൾകുത്ത്. കുട്ടിക്കറിയാം കാത്ത് നിന്ന് എത്തേണ്ട കത്തല്ലതെന്ന്. മജീദിനും സുഹറാക്കും അവരവർ തന്നെയാണ് കനിയെന്നാണോ ബഷീറിന്റെ കാട്ടൽ? കനിവ് കാട്ടാത്ത കനിയെ കൈക്കൊള്ളേണ്ടതില്ലെന്നാണോ കുട്ടി കരുതുന്നത്- വൈലോപ്പിള്ളിയിൽ? വൈലോപ്പിള്ളിയെന്താണ് കരുതുന്നത്- കിട്ടാക്കനിയാണ് കവിതയെന്നോ. ഇവിടം വിട്ട് പൊയ്ക്കഴിഞ്ഞാലെത്തുന്ന രസച്ചാറെന്നോ. കഴിഞ്ഞു പോയകാലമാണ് കഴിയാൻ മികച്ച കാലമെന്നാണോ. അങ്ങനെ നിനച്ച് തനിച്ച് കഴിഞ്ഞുകൂടലിന്റെ പേരാണ് കവിതയെന്നാണോ.
മജീദും സുഹറയും പരസ്പരം കണ്ടാണ് വളരുന്നത്. പരസ്പരം കാട്ടിയാണ് വളരുന്നത്, കോക്രി കാട്ടി. “കാണുമ്പോൾ അവൻ അവളെ ഭയപ്പെടുത്താൻ ശ്രമിക്കും. അതിലൊന്നിലും സുഹറാക്ക് പേടിയില്ല. അവളും പകരം കാണിക്കും. ” രണ്ട് പേരും പരസ്പരം കാണിച്ചും കാട്ടിയുമാണ് സഞ്ചാരപ്പെടുന്നത്. മീശമാധവനിൽ മാധവനും കൂട്ടരും പലിശക്കാരൻ പിള്ളേച്ചനെ മുണ്ട് പൊക്കി കാട്ടുന്നു. പകരം ചോദിക്കുക എന്നതിന് പകരം ഇവിടെ പകരം കാണിക്കുകയാണ്, മുണ്ട് പൊക്കി. കാണലിനാണ്, കാട്ടലിനാണ് പ്രതികാരത്തിൽ പ്രഥമ സ്ഥാനമെന്നർത്ഥം? മീശമാധവനും അതെ സുഹറക്കും അതെ. സുഹറ മാന്തുകയും ചെയ്യും. കൂടുതലും കാട്ടലാണ് സുഹറ കരുതി വെക്കുന്നത്. പ്രതിയോഗി പത്തിമടക്കി കിടക്കുന്നത് കാണലുമാണ് പ്രതികാരം. പ്രതികരണമില്ലാത്ത കിടപ്പ് കാണൽ ഒരു അന്തകരണസുഖം? ആരാണ് ഈ രണ്ട് പേർ. സുഹറായും മജീദും ആരാണ്. ബാല്യകാലസഖിയിലെ ആദ്യ വാചകത്തിലുണ്ട് അതിനുത്തരം. “ബാല്യകാലം മുതൽക്കു തന്നെ സുഹറായും മജീദും സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടായ അസാധാരണ സംഗതി അവർ പരിചിതരാവുന്നതിന് മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്.” ശത്രുക്കളായ അയൽക്കാരാണിവർ. ഒട്ടും അയവില്ലാത്തവർ. അയഞ്ഞു പോകാൻ പരസ്പരം അയക്കാത്തവർ.
ശത്രുത്വമുള്ള അയൽക്കാരുടെ ഉപമാ കഥയായി ബാല്യകാലസഖിയെ കണ്ടാലോ? ഏതാണ് വൈരാഗ്യമുള്ള ആ രണ്ട് അടുപ്പക്കാർ- നമ്മളും നമ്മുടെ ജീവിതവും. “അന്യോന്യം കോക്രി കാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കുകയുമാണ് അവരുടെ പതിവ്.” ഇത് മജീദിനും സുഹറക്കും മാത്രം ചേരുന്ന വിശേഷണമാണോ. “അന്യോന്യം കോക്രി കാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു അവരുടെ പതിവ്.” “കാണുമ്പോൾ അവൻ അവളെ ഭയപ്പെടുത്താൻ ശ്രമിക്കും. കണ്ണുരുട്ടിയും നാവ് നീട്ടിക്കാണിച്ചും.” “മജീദിന് ദേഷ്യം വന്നു. വലിയ ഒരാൺകുട്ടിയെ ഒരു കൊച്ച് പീക്കിരി പെണ്ണ് ഭയപ്പെടുത്താൻ ശ്രമിക്കുകയോ. അവൻ ഒന്നു കൂടി അടുത്തു. അവന്റെ കണ്ണുകൾ തുറിഞ്ഞു. പുരികങ്ങൾ വലിഞ്ഞുയർന്നു. മൂക്കിന്റെ രണ്ട് ദ്വാരവും വിടർന്നു. മുഴക്കത്തോടെ ഝൂ എന്നൊരു ഭയങ്കരശബ്ദമുണ്ടാക്കി. അവൾ പേടിച്ച് ഓടിയില്ല. പുരികക്കൊടികൾ ഉയർത്തി, കണ്ണുകൾ തുറിച്ച് മൂക്ക് വിടർത്തി. അവളും പറഞ്ഞു. ഝൂ.” ഈ നീണ്ടഭാഗം വർണിക്കുന്നത്, വെറും രണ്ട് പേരുടെ വികൃതികളാണോ.
ഇവരേക്കാൾ ഇത് ചേരുക ജീവിക്കും ജീവിതത്തിനുമാണ്. വിധിയോട് മല്ലിട്ട് പാതിവീഥിയിലായി പോകുന്നവരുടെ കഥയായി ബാല്യകാലസഖിയെ കാണാമോ. നാട്ടിൽ ഭംഗി കെട്ട് സുഹറ മരിക്കുന്നു. അന്യനാട്ടിൽ മജീദിന് അംഗഭംഗം സംഭവിക്കുന്നു. സുഹറയുടെ മരണത്തോടെയാണ് അവൻ മുഴുവനായും സംഗരഹിതൻ ആകുന്നത്. അതുവരെ കാല് കൊണ്ട് നടക്കാൻ പറ്റില്ലായിരുന്നു. ഇപ്പോ മനസും മിണ്ടാണ്ടായി. മനസ് മറഞ്ഞിരിക്കുന്ന ഒരു സംഘമാണെന്ന് അറിയുന്നു നാം.
ഉച്ഛഗതിയിൽ നിന്നും മജീദിന്റെ വീട് തുച്ഛഗതി എത്തുന്നു. തുച്ഛത്തെയാണ് ഏവരും ഉച്ചത്തിലറിയുക. വിധി മാത്രം വിജയിക്കുകയാണോ. ജീവിതം തോൽക്കുകയാണ് എന്നോ. അല്ല. അന്യോന്യം കോക്രി കാട്ടുകയാണ്, നമ്മളും വിധിയും. ഈ രണ്ടും പരസ്പരം ബന്ധം വെക്കുന്നത് കണ്ടും കേട്ടും മാത്രമാണോ. അല്ല. സുഹറ പലപ്പോഴും മാന്തുന്നുണ്ട്. “എന്നാലും ചിലപ്പോൾ അവൻ മറന്ന് പോകും. മാന്തൽ കിട്ടും.” തീച്ചെരവയാണത്. തൊടൽ മറ്റ് രണ്ട് ഇന്ദ്രിയങ്ങളെ പോലെയല്ല. അത് തീക്ഷ്ണമാണ്. എന്ന് വെച്ച് മാന്തൽ മാത്രമല്ല. തലോടലുമുണ്ട്. ഇവ പരസ്പരം ചുംബിക്കുകയും ഒട്ടിച്ചേരുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ കുരു പൊട്ടിപ്പോകുന്നുണ്ട്. കാലിൽ കുരു, മജീദിന്. അത് വളരെ നാൾ വീർത്ത് വേദനിച്ചു. സ്കൂളിൽ പഠിച്ച് വരുന്ന വഴിയാണ് കാലിൽ കുരു കൊണ്ടത്. (ഗുരുക്കന്മാരുള്ള സ്ഥലമാണ് സ്ഗൂൾ. എല്ലാതും അതിനാൽ സ്ഗൂൾ അല്ല. ഇവിടെയുള്ളതെല്ലാം വെറും സ്കൂൾ. അതിനാലാണ് നാമിപ്പോഴും ഇവയെയെല്ലാം സ്കൂൾ എന്ന് തന്നെ പറയുന്നത്. )
ചില കുരു ഗുരുവാകും. വേദനിച്ച് കരയാൻ തുടങ്ങി മജീദ്. എല്ലാവരും പറഞ്ഞു- “കുരു പൊട്ടിയാൽ വേദന ശമിക്കും.” സ്കൂളിൽ പോയത് കൊണ്ടാണ്,അവിടെ നിന്ന് വരുന്ന വഴിയാണ് ഈ ഗുരു കിട്ടിയത് എന്ന് അവർക്കാർക്കും തോന്നിയില്ല. അവരെല്ലാം പറഞ്ഞത് ശരിയായിരുന്നു. കുരു പൊട്ടിയാൽ വേദന ശമിക്കും. ഗുരു കിട്ടിയാൽ വേദന പോകും. ഗുരുവായത് പൊട്ടിക്കാൻ മജീദിന് ഒരു സുഹറ വേണം. കദീജ വേണം റസൂലിന് വഹ് യ് അറിയാൻ. പെണ്ണാണ് ആണിന് ശരണം. റസൂൽ പ്രാർത്ഥനക്കും മണത്തിനും ഒപ്പം പെണ്ണിനെ കൂട്ടിയത് അതുകൊണ്ടാണ്. അന്നാണ് ആദ്യമായി മജീദും സുഹറയും ചുംബിക്കുകയും ഒട്ടിക്കിടക്കുകയും ചെയ്തത്. സ്നേഹം കൊണ്ട് അവർ ലഘുവായി. മജീദിനെ വേദനിപ്പിച്ചത് ഗുരുത്തക്കേടോ കുരുത്തക്കേടോ. കഥാപാത്രങ്ങളെല്ലാം ഈ നോവലിൽ ഉദ്ദേശ്യത്തിലെത്താൻ സാധിക്കാതെ കുഴയുന്നതായി കാണാം. മജീദിനും സുഹറാക്കും കല്യാണം കഴിച്ച് ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹം നടക്കുന്നേയില്ല ഈ നോവലിൽ. ഈ നോവൽ ഇവർക്ക് നോവലാണ്. എന്നാൽ അത് നോവ് മാത്രമല്ലെന്ന് ഇവരറിയാതെ പോകുന്നതല്ലേ. ഇവർ കാണാതെ പോകുന്നത്. ഇവർ കേൾക്കാതെ പോകുന്നത്. ഇവർ സ്പർശിക്കാതെ പോകുന്നത്.
മജീദും സുഹറയും ബാല്യകാല സഖിയിൽ കല്യാണം കഴിക്കുന്നില്ലെന്ന് എവർക്കുമറിയാം. അതാണ് വായനക്കാരെ വേദനിപ്പിച്ചതും ഈ കൃതി അവരുടെ പ്രിയപ്പെട്ടതായി മാറിയതും. എന്നാൽ വരികൾക്കിടയിൽ വായിച്ചാൽ “കാണുന്ന” കാര്യം അവർക്ക് “കല്യാണം” നടന്നിട്ടുണ്ടെന്നാണ്. കല്യാണം ആനന്ദമാണല്ലോ. ഈ കഥയിൽ ആ കല്യാണം എപ്പോഴാണ് നടന്നത്? കുരു പൊട്ടിയ സുഖമൂർച്ചയിൽ. അതു മാത്രമോ. മാർക്കം കഴിഞ്ഞ് മജീദ് ആദ്യമായി പള്ളിയിൽ പോകുന്നത് ബഷീർ വർണിക്കുന്നത് പുതിയാപ്ലയെ കാണിക്കുന്ന മട്ടിൽ. “അന്ന് മജീദിനെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങൾ അണിയിച്ചു. സെൻറ് പൂശി, പുത്തൻ കുടയുമായി പള്ളിയിൽ കൊണ്ട് പോയി. അത് ആഘോഷപൂർവമാണ്.” ചമഞ്ഞു പിടിച്ചുള്ള ഒരു പോക്ക്. സുഹറ പറയുന്നത്- പെണ്ണ് കെട്ടാൻ പോകുന്ന പോലെ. നാലാമത്തെ അധ്യായത്തിലാണ് ഇങ്ങനെ ചമഞ്ഞ് പുള്ളി പള്ളീ പോകുന്നത്. ഏഴാമത്തെ അധ്യായത്തിലാണ് കുരു സ്ഖലിക്കുന്നത്. മാർക്കം കഴിയുന്നു. പുതിയാപ്ല ആകുന്നു. സ്ഖലിക്കുന്നു. (അധ്യായ)ക്രമം എത്ര കൃത്യം. മാർക്കത്തിലൂടെ മജീദ് പുല്ലിംഗത്തിലേക്കും മയ്യത്തിലേക്കും മാർഗം കൂടുന്നു.
പക്ഷെ ഇതൊന്നും വായനക്കാരും കണ്ടില്ല. മജീദോ സുഹറയോ അറിഞ്ഞുമില്ല. കല്യാണം വന്നത് അറിയാത്തവരാണ് അങ്ങനെ ഭൂരിഭാഗവും. കല്യാണത്തെ ഒരു മംഗല്യമായി കാണാൻ പറ്റാത്തവരാണ് കല്യാണത്തിന് ശേഷവും കലഹിക്കുന്നത്. കല്യാണത്തിന് ശേഷവും അവർ കല്യാണം കിട്ടാത്തവർ. “അന്ന് മജീദിനെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങൾ അണിയിച്ചു. സെൻറ് പൂശി, പുത്തൻ കുടയുമായി പള്ളിയിൽ കൊണ്ട് പോയി. അത് ആഘോഷപൂർവമാണ്.” ഒന്ന് കൂടി കാണുക- മജീദിന്റെ പള്ളീ പോക്ക്. പുതിയാപ്ല പോക്ക്. മജീദ് കുളിച്ചു. മജീദ് പോയി. മജീദ് വസ്ത്രങ്ങൾ അണിഞ്ഞു- എന്നൊന്നുമല്ല ബഷീർ എഴുതുന്നത്. കുളിപ്പിച്ചു. അണിയിച്ചു. കൊണ്ട് പോയി. ആ ക്രമം തന്നെ കാണുക. ആ ഗ്രാമറും. കുളി, അണിയിക്കൽ, കൊണ്ട് പോകൽ. മജീദ് മയ്യത്തായത് കൊണ്ടല്ലേ കൊണ്ട് പോകേണ്ടി വന്നത്. അല്ലെങ്കിൽ പോയി, കുളിച്ചു എന്നെല്ലാം മാത്രം എഴുതിയാൽ പോരേ. അതിനർത്ഥം മയ്യത്താകലാണ് മംഗല്യം എന്നല്ലേ. അതായത് പുതിയാപ്ലയേയും മയ്യത്തിനെയും നടത്താൻ വേറെ ഒരാളിന്റെ സഹായം വേണമെന്നല്ലേ. ഒരാൾക്ക് ഒറ്റക്ക് മണവാളനോ മണവാട്ടിയോ ആകാനാകില്ലല്ലോ. മയ്യത്തിന് മയ്യത്താകണമെങ്കിലും ചുറ്റുമുള്ളവരും കൂടി കരുതണം മരിച്ചത് മയ്യത്താണെന്ന്. മയ്യത്തിന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വ്യാകരണഘടന സ്വീകരിച്ചാണ് ബഷീർ മജീദിന്റെ പുതിയാപ്ല പോക്കിനെ അവതരിപ്പിക്കുന്നത്. ഈ ഭാഗത്ത് ബഷീർ ഒളിപ്പിക്കുന്ന അടരുകൾ അനവധിയാണ്. ശരിക്കും ഇത് മജീദിന്റെ മാർക്കകല്യാണമാണ് (മാർക്കകല്യാണം എന്ന പ്രയോഗമാണ് നാട്ടുശൈലിയെന്നോർക്കുക). എന്നാലോ ബഷീർ അതിലേക്ക് കല്യാണയാത്രയുടെയും അതിനുമുള്ളിലേക്ക് മരണഘോഷയാത്രയുടെയും അറകൾ കൂടി തിരുകുന്നു. വിടർത്തിയെടുക്കേണ്ടുന്ന അറകൾ. ഇത്തരം മറകളാണ് ബഷീറിന്റെ കൃതികളെ നിരന്തരം കാണാനായി നമ്മെ വിളിക്കുന്നത്.
2.
എന്ത് കൊണ്ട് മാമ്പഴം കിട്ടുന്നില്ലെന്ന് സുഹറ ചിന്തിക്കുന്നുണ്ട്. കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും സുഹറ മാവിൻ ചോട്ടിൽ പോയി നിൽക്കും. എന്ത്കൊണ്ട് അവൾക്ക് മാത്രം കിട്ടുന്നില്ല. ഒന്നും വീഴില്ല. ഒരു ഇല പോലും വീഴില്ല. വളരെ പഴുത്ത മാങ്ങ കുലകുലയായി മാവിൽ കിടപ്പുണ്ടെന്ന് അവൾക്കറിയാം. പക്ഷെ എന്ത്കൊണ്ട് കിട്ടുന്നില്ല. വീഴാനുള്ള സമയം ആയിട്ടുണ്ടാവില്ല. വീണാലേ മാമ്പഴം കിട്ടൂ. കേറിയാൽ കിട്ടുമോ. മാവിൽ കേറാൻ അവൾക്കറിയില്ല. കേറാനറിഞ്ഞാൽ തന്നെ ഉറുമ്പുകൾ ധാരാളമുണ്ട്, കടിക്കാൻ. ഉറുമ്പ് കടിക്കുക അവളെയോ മാങ്ങയെയോ. മാങ്ങയെ കടിക്കുന്നവരെ കടിക്കാനോ ഉറുമ്പ്? ഉറുമ്പിന്റെയും സുഹറയുടെയും ഇടയിൽ തൂങ്ങുന്നു മാങ്ങ. മജീദ് അത് കേറി പൊട്ടിക്കും. ഉറുമ്പ് കടിയേൽക്കും. മാങ്ങയെ അവൻ കടിക്കും. മാങ്ങ നുണയണമെന്നുള്ളോന് ഉറുമ്പൊരു വെറും നുരുമ്പ്. കടിയേറ്റാൽ കിട്ടുന്ന രസം, പഴം.
ഇങ്ങിനെയല്ലാം കടന്ന് മാങ്ങ കിട്ടിയപ്പോഴോ? രണ്ട് കൂട്ടർക്കും വേണ്ട. അവൾ അവന് നീട്ടുന്നു. അവൻ വേണ്ടെന്ന് പറയുന്നു. അവൻ അവൾക്ക് നീട്ടുന്നു. അവൾ പറയുന്നു വേണ്ടെന്ന്. കിട്ടിയ മാങ്ങ വേണ്ട. കിട്ടിയ മാങ്ങ കഴിക്കാതെ തന്നെ മധുരിച്ചിട്ടാണ് അവർക്ക് നിറയുന്നത്. ഇതൊക്കെ ഒന്നാം അധ്യായത്തിലാണ് നടക്കുന്നത്. ആദ്യ അധ്യായം അദമിയത്ത്. ഏഴാം അധ്യായത്തിലാണ് അവർക്ക് ദുഖങ്ങളും ആഗ്രഹങ്ങളും വരുന്നത്. അത് വരുന്നത് വളർന്നത് കൊണ്ടാണ്. “വളർന്ന് പോയതുകൊണ്ടാണോ ദുഖവും ആഗ്രഹങ്ങളും ഉണ്ടായത്? നാം വളരേണ്ടായിരുന്നു.” വളർന്നവർക്ക് മുന്നിൽ എല്ലാം വലുതാണ്. വലുതെല്ലാം വലക്കപ്പുറത്താണ്. ചെറുതിനോ എല്ലാം ചെല്ലാം.
3.
ബാല്യകാല സഖിയിലെ കാഴ്ചകൾ പലതും- കാണാതെ പോകുന്നതാണ്. അതിന് കാരണം ഒരു കാഴ്ചയിൽ തന്നെ ബഷീർ മറുകാഴ്ച വെക്കുന്നതിനാലുമാകാം. മാർക്കം കഴിഞ്ഞ് പള്ളിയിലേക്ക് മജീദ് പോകുന്ന കാഴ്ചയിൽ പുതിയാപ്ലയും മയ്യത്തും ഒന്നിച്ചിരിക്കുന്നു. പുതിയാപ്ലയെയാണോ കാണേണ്ടത് മയ്യത്തിനെയാണോ കാണേണ്ടത്. മയ്യത്ത് മറഞ്ഞിരിക്കുന്നു പുതിയാപ്ലയിൽ. കുരു പൊട്ടിയൊലിക്കുമ്പോൾ സ്ഖലനം മറഞ്ഞിരിക്കുന്ന പോലെ. “മജീദ് ആദ്യമായി മരണം കണ്ടു. സുഹറയുടെ ബാപ്പ മരിച്ചു.” മരണം ബഷീർ കാണിക്കുന്നില്ല. സുഹറയുടെ ബാപ്പയുടെ മരണവും സുഹറയുടെ മരണവുമാണ് ആകെ നോവലിലുള്ളത്. സുഹറയുടെ ബാപ്പയുടെ മരണം ഇങ്ങനെ- “അദ്ദേഹം മഴ നനഞ്ഞു വന്നു രണ്ടു മൂന്നു ദിവസം പനിയായിട്ടു കിടന്നു. മൂന്നാം ദിവസം സന്ധ്യക്ക് മരിച്ചു. ” ഇതിലെവിടെ മരണം. മഴ നനയുന്നു. പനി നിറയുന്നു. മഴയുണ്ട് ശേഷം പനിയുണ്ട്. എന്നാൽ മരണം എവിടെ. “മരണശയ്യക്കടുത്ത് മജീദും ഉണ്ടായിരുന്നു.” തൊട്ടടുത്ത് നിന്നിട്ടും മജീദിനും കാണാനായില്ല മരണത്തെ.
ബഷീർ മരണത്തെ കാട്ടിത്തരുന്നതിങ്ങനെ- “കെട്ടുപോയ വിളക്കിന്റെ പുകപിടിച്ചു കറുത്ത ചിമ്മിനി പോലെ ആ മിഴികൾ രണ്ടും. വെളിച്ചവും ചൂടും പോയ അനക്കമില്ലാത്ത ആ ശരീരം.” ഇതിലെവിടെ മരണം. കെട്ടു പോയ വിളക്ക്. ചൂടാറിയ ശരീരം. കാണിക്കാൻ പറ്റാത്തത് കാണിക്കലാണല്ലോ ഉപമയുടെ കടമ. ഈ നോവലിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാകേണ്ടിയിരുന്നതാണീ മരണങ്ങൾ. ഒന്ന് മജീദിന്റെ പ്രിയപ്പെട്ടവളുടേത്, മറ്റൊന്ന് പ്രിയപ്പെട്ടവളുടെ പിതാവിന്റേത്. പ്രിയപ്പെട്ടവളുടെ മരണം ബഷീർ ഇത്ര പോലും വിവരിക്കുന്നില്ല. സുഹറയുടെ മരണം കാണിക്കുന്നേയില്ല. എന്നുവെച്ചാൽ മജീദ് അന്യനാട്ടിലായിരിക്കുന്ന നേരത്താണ് സുഹറയെ ബഷീർ മരിപ്പിക്കുന്നത്. മജീദിലേക്ക് ആ മരണം എത്തുന്നത് കത്തിലാണ്. “പ്രിയപ്പെട്ട മകൻ മജീദ് വായിച്ചറിയുവാൻ സ്വന്തം ഉമ്മ എഴുതുന്നത്. മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹ്റാ മരിച്ചു. അവളുടെ വീട്ടിൽ കിടന്ന്. എന്റെ മടിയിൽ തല വെച്ച്. ” എന്തൊരു ഉറക്കം , ഈ മരണം. ഉറങ്ങാൻ പോകുന്ന എളുപ്പത്തോടെ, അനായാസത്തോടെ. കിടന്നു, മയങ്ങി, മരിച്ചു.
‘കെട്ടുപോയ വിളക്കുപോലെ’ എന്നൊന്നും ഏതെങ്കിലും ഒരു ഉപമയെ കൊണ്ടു വരാൻ മജീദിന്റെ ഉമ്മ ശ്രമിച്ചില്ല. ഉമ്മ സാഹിത്യകാരി അല്ലല്ലോ. മടിയിൽ തലവെച്ച് മരിച്ചു- അത്ര അടുപ്പം ഉമ്മക്ക് മരണം. മജീദിനെ പോലെ, ബഷീറിനെ പോലെ ഉപമകളെ ആരെയും, മകളെപ്പോലെ കരുതിയ സുഹറായുടെ മരണത്തിന് അടുത്തേക്ക് ഉമ്മ അടുപ്പിച്ചില്ല. സാഹിത്യവും ഉപമയും മരണത്തെ മറച്ച് പിടിക്കുന്നു. ഉമ്മയും മടിയും മരണത്തെ ചേർത്ത് പിടിക്കുന്നു.
Comments are closed.