[ലാളിത്യം കൊണ്ട് വിശപ്പടക്കുന്നവർ; ഒരു യമനീ നോമ്പനുഭവം എന്ന ലേഖനത്തിന്റെ തുടർച്ച]

രാത്രി രണ്ടര മണിക്കാണ് ദാറുല്‍ മുസ്ത്വഫയില്‍ അത്താഴം കഴിക്കാനിരിക്കുക. അതുകഴിഞ്ഞ് അരമണിക്കൂര്‍ വിശ്രമമുണ്ട്. പിന്നെ വിത്‌റ് നിസ്‌കാരമാണ്. ഹബീബ് ഉമറിന്റെ പുത്രന്‍ സയ്യിദ് സാലിമിന്റെ നേതൃത്വത്തിലാണ് വിത്‌റ് നിസ്‌കാരം. സുബ്ഹിക്ക് അരമണിക്കൂര്‍ മുമ്പ് പ്രത്യേക ദിക്‌റുകള്‍ ആരംഭിക്കും. നിസ്‌കാരശേഷം മണിക്കൂറ് നീണ്ടുനില്‍ക്കുന്ന ഹസ്തദാനം നടക്കും. എല്ലാവരും എല്ലാവരുടെയും കരം ഗ്രഹിച്ച് അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും കൈമാറും.

പിന്നെ തഫ്‌സീര്‍ ക്ലാസാണ്. എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ദര്‍സാണിത്. ഹബീബ് ഉമറിന്റെ ഭാഷണം കേള്‍ക്കാനുള്ള തിരക്ക് കാണാം. നാട്ടുകാര്‍ക്ക് പുറമെ വിദേശികളും ദൗറക്കെത്തിയവരുമൊക്കെ സാകൂതം ദര്‍സിലിരിക്കുന്നുണ്ടാകും. ദാറുല്‍ മുസ്ത്വഫയില്‍ ആകെ അഞ്ഞൂറ് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നതെങ്കിലും ഈ ദര്‍സില്‍ രണ്ടായിരത്തില്‍ പരം ആളുകളുണ്ടാകും. നാട്ടുകാരും വിദേശികളുമാണ് അധികവും. ഇര്‍സുന്നബവി ചാനലില്‍ ഈ ക്ലാസ് തല്‍സമയം പ്രക്ഷേപണം ചെയ്യും.

സദാസമയവും ഖുര്‍ആന്‍ കൊണ്ട് ജീവിക്കുന്ന ആളാണ് ഹബീബ് ഉമര്‍. നീണ്ട ളുഹാ നിസ്‌കാരങ്ങള്‍. രണ്ടും മൂന്നും ആഴ്ചകള്‍കൊണ്ട് ളുഹാ നിസ്‌കാരത്തില്‍തന്നെ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കും. കൂടാതെ മറ്റുപല നിസ്‌കാരങ്ങളിലും അല്ലാതെയുമായി ഖുര്‍ആന്‍ പാരായണം തന്നെയാണ് ഹബീബിന്റെ ഹോബിയെന്ന് തോന്നി. പ്രഭാഷണങ്ങളില്‍ അധികവും ഖുര്‍ആനായിരിക്കും. സ്വന്തം വാക്കുപോലെ ഖുര്‍ആന്‍ വചനങ്ങള്‍ ഒഴുകും. ഖുര്‍ആന്‍ കൊണ്ട് മാത്രം സംസാരിച്ചിരുന്ന മഹാന്മാരുണ്ടായിരുന്ന നാടാണ് തരീം. അവരുടെ പിന്‍ഗാമിയാണ് ഹബീബ് ഉമറെന്ന് പലരും പറയാറുണ്ട്.

തഫ്‌സീര്‍ ദര്‍സ് കഴിഞ്ഞാല്‍ കണ്ണില്‍ ഉറക്കം വന്നുവീഴും. പിന്നെ കട്ടിലിലേക്ക് ഒരു വീഴ്ചയാണ്. മഗ്‌രിബിന് തുടങ്ങിയതല്ലേ. പത്തരമണിക്കാണ് അടുത്ത ക്ലാസ്. ചെറിയ ചെറിയ ഹല്‍ഖകളായി തിരിഞ്ഞ് ഹദീസ് ദര്‍സാണ്. ഓരോ തൂണിന്റെയും ചാരെ ഓരോ ഉസ്താദുമാരും ഒരു ഹല്‍ഖയും. നല്ല ചര്‍ച്ചകളും സംവാദങ്ങളുമൊക്കെയായി ദര്‍സ് സജീവമായിരിക്കും. അതുകഴിഞ്ഞാല്‍ തരീമിലെ മുഫ്തിയായ ഹബീബ് അലി മശ്ഹൂറിന്റെ ഫിഖ്ഹ് ദര്‍സ്. ഇതും എല്ലാവരും പങ്കെടുക്കുന്ന വലിയ ദര്‍സാണ്. ളുഹറിന് ശേഷമുള്ള ഈ ദര്‍സ് കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സമയമാണ്. അഞ്ചോ ഏഴോ ആളുകള്‍ വട്ടത്തിലിരുന്നാണ് ഓത്ത്. ഒരാള്‍ ഓതുമ്പോള്‍ മറ്റുള്ളവര്‍ അത് ശ്രദ്ധിച്ചുകേള്‍ക്കും. തെറ്റുകള്‍ തിരുത്തും. പിന്നെ അടുത്തയാള്‍ ഓതും. ബാക്കിയുള്ളവര്‍ ശ്രദ്ധിച്ചിരിക്കും. അസ്വ്ര്‍ നിസ്‌കാരം കഴിഞ്ഞാല്‍ റൗഹ എന്ന് പേരിട്ടിട്ടുള്ള ഒരു ദര്‍സ് കൂടിയുണ്ട്. സൂറതുല്‍വാഖിഅ പാരായണവും അതുകഴിഞ്ഞ് ഹിസ്ബുന്നസറും ഹിസ്ബുല്‍ ബഹ്‌റും ഓതിയിട്ടാണ് റൗഹയിലിരിക്കുക. റൗഹയെന്നാല്‍ വിശ്രമം എന്നാണര്‍ത്ഥം. തസ്വവ്വുഫാണ് പ്രതിപാദ്യം. റമളാനില്‍ അബൂത്വാലിബില്‍ മക്കിയുടെ ഖൂതുല്‍ ഖുലൂബാണ് ഓതുക. തിരുനബിയുടെ ജീവിതം മനോഹരമായി അവതരിപ്പിച്ചുകൊണ്ടാണ് റൗഹ മുന്നോട്ട് പോവുക. ആര്‍ക്കുമുണ്ടാകില്ല ക്ഷീണം. ആത്മാവിന് ഭക്ഷണം കൊടുക്കുംപോലെയായിരിക്കും റൗഹയിലെ അനുഭവം. എല്ലാ ദിവസവും റൗഹ നടക്കും. ഇത് തരീമിന്റെ ശൈലിയാണ്. പണ്ഡിതരുടെ വീട്ടിലും പള്ളികളിലും മസാറുകളിലും റൗഹയുണ്ടാകും. ബാഅലവി ത്വരീഖത്തിലെ പ്രധാനികള്‍ റൗഹ തീരെ ഒഴിച്ചുനിര്‍ത്താറില്ലെന്ന് പിന്നീട് അറിഞ്ഞു.

നോമ്പ് പതിനേഴിന്റെ രാവില്‍ ദാറുല്‍ മുസ്ത്വഫയില്‍ ഖത്മ് നടക്കും. തറാവീഹിലാണ് ഖതമ്. അന്ന് പള്ളിയും കോളേജിന്റെ മുറ്റവും കടന്ന് അടുത്തുള്ള നിരത്തുവരെ ആള്‍ത്തിരക്ക് അനുഭവപ്പെടും. തരീമില്‍ ആകെ മുന്നൂറിലേറെ പള്ളികളുണ്ട്. അതില്‍ ദാറുല്‍മുസ്ത്വഫയില്‍ മാത്രമാണ് പതിനേഴിന് ഖത്മ് തീര്‍ക്കുന്ന തറാവീഹുള്ളത്. നോമ്പ് ഇരുപത് കഴിഞ്ഞാല്‍ മറ്റു പ്രധാന പള്ളികളിലും ഖത്മ് ഉണ്ടാകും.

ബദ്‌രീങ്ങളുടെ ഓര്‍മദിനത്തില്‍ തരീമില്‍ വലിയ റാലി നടക്കും. പരിശുദ്ധ ദീനിന്റെ യശസ്സിനുവേണ്ടി പൊരുതിയ സ്വഹാബി വര്യരുടെ ഓര്‍മകളില്‍ തരീം പുളകിതമാകും. ബദ്‌രീങ്ങളുടെ മദ്ഹുകളുമായി എല്ലാവരും നാഥനോട് നന്ദിപറയും. അവരാണല്ലോ ദീനിനെ പടുത്തുയര്‍ത്തിയത്. ബദ്‌റിന്റെ വിജയത്തില്‍ ഏറെ സന്തോഷിക്കും. മുസ്‌ലിമായി ജനിക്കാനായതില്‍ അഭിമാനിക്കും. തരീമിലെ എന്റെ ആദ്യത്തെ റമളാനില്‍ ഇതുപോലെ ഒരു റാലി നടക്കുകയാണ്. ദഫുകള്‍ മുട്ടി മദ്ഹുകള്‍ പാടി റാലിയുടെ ഹരം മുറുകുകയാണ്. വലിയ കൊടിക്കൂറകളും മറ്റു അലങ്കാരങ്ങളുമൊക്കെയുണ്ട്. ഊദ് പുകയുന്നുണ്ട്. ഹബീബ് ഉമറും മറ്റു തങ്ങന്മാരുമാണ് മുന്‍നിരയില്‍. റാലിക്കിടയില്‍ ഞാന്‍ വെറുതെയൊന്ന് ഹബീബ് തങ്ങളെ നോക്കി. തങ്ങള്‍ കരയുകയായിരുന്നു.

റമളാനില്‍ ബദുക്കള്‍ക്കിടയിലേക്ക് ദഅ്‌വക്ക് പോകുന്നത് ദാറുല്‍മുസ്ത്വഫയില്‍ പതിവാണ്. ആ ദൗത്യ സന്ദര്‍ഭത്തില്‍ ദൗഅന്‍ എന്ന ഒരു മലയോര ഗ്രാമത്തിലേക്ക് നടത്തിയ യാത്ര യമന്‍ അനുഭവങ്ങളില്‍ അവിസ്മരണീയമായി. ഞങ്ങള്‍ പത്തുപേരുടെ ഒരു സംഘമായിരുന്നു അത്. മറ്റുള്ളവര്‍ സോമാലിയ, കംബോഡിയ, ഇന്തോനേഷ്യ, സഊദി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. പിന്നെ യമനികളും. അര്‍സമയിലേക്കാണ് ഞങ്ങളാദ്യം ചെന്നത്. സാധാരണക്കാരുടെ ഒരു പ്രദേശമാണിത്. അവിടെ മനോഹരമായ ഒരു മിനാരം കണ്ടു. നമ്മുടെ നാട്ടിലേതുപോലെയല്ല, ചതുരത്തിലാണ് മിനാരത്തിന്റെ നിര്‍മിതി. ഞാനതിന്റെ മുകളില്‍ കയറി. ദൂരെ മലനിരകള്‍ നിവര്‍ന്നുകിടക്കുകയാണ്. പനകളും കുറ്റിച്ചെടികളും തിങ്ങിയ സ്ഥലത്ത് ഒരു വെളുത്ത അടയാളം കണ്ടു. മലനിരകളില്‍നിന്ന് പനകള്‍ക്കിടയിലൂടെ ജനവാസ കേന്ദ്രങ്ങള്‍ വരെ നീളുന്ന ഒന്ന്. ഒരു നിരത്തുപോലെയുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണറിയുന്നത്, ഇടക്കിടെ മലവെള്ളം കുത്തിയിറങ്ങുന്ന പ്രദേശമാണിത്. അതിന്റെ അടയാളമാണ് ഈ വെളുത്ത വെള്ളാരംകല്ലുപാത. വേനലില്‍ നിരത്തായി ഉപയോഗിക്കാം. മലകളിലേക്കുള്ള പാതയായി അതിങ്ങനെ നീണ്ടുകിടക്കും. അര്‍സമയിലെ പള്ളിയില്‍ ഞങ്ങള്‍ തമ്പടിച്ചു. അവിടുത്തെ മുഅദ്ദിനുമായി സംസാരിച്ച് അര്‍സമയുടെ അവസ്ഥ മനസ്സിലാക്കി.

പള്ളികളില്‍ നിസ്‌കാര ശേഷമുള്ള ഉര്‍ദികളിലൂടെയാണ് ഞങ്ങള്‍ സന്ദേശം കൈമാറുക. പ്രസംഗശേഷം ചെറുപ്പക്കാരൊക്കെ ഞങ്ങളുടെ കൂടെക്കൂടും. അവരോട് എന്തെങ്കിലും കളിപറയും. പിന്നെ കാര്യവും. മറ്റുള്ളവരുടെ മനസ്സറിഞ്ഞുവേണം നമ്മള്‍ സംസാരിക്കാന്‍. ഒരിക്കല്‍ അങ്ങനെ ഒരനുഭവമുണ്ടായി. ഞാനും സഊദിക്കാരനായ അല്‍കാഫ് കുടുംബക്കാരനായ ഒരു തങ്ങളും കൂടി ഒരു ചെറിയ കടയുടെ അടുത്തെത്തി. അവിടെയുണ്ട് കുറെ ചെറുപ്പക്കാരിരുന്ന് സൊറ പറയുന്നു. ആരുടെയൊക്കെയോ കുറ്റവും കുറവും പറയുകയാണ്. ഇടക്ക് ആര്‍ത്തു ചിരിക്കുന്നുണ്ട്. നേരത്തെ പള്ളിയിലൊന്നും കാണാതിരുന്ന ഈ ചെറുപ്പക്കാര്‍ക്ക് നല്ലതെന്തെങ്കിലും പറഞ്ഞു കൊടുക്കാമെന്ന് നിനച്ച് ഞങ്ങള്‍ അവരെ സമീപിച്ചു. പക്ഷേ എങ്ങനെയെന്നതിനെ പറ്റി എനിക്കൊരു ധാരണയുമില്ലായിരുന്നു. പക്ഷേ സഊദിയായ സുഹൃത്ത് അവരുടെ അടുത്തേക്ക് ചെന്ന് തമാശ പറയാന്‍ തുടങ്ങി. മൊബൈല്‍ കട അന്വേഷിച്ചുതുടങ്ങിയ സംസാരമായിരുന്നു അത്. അവനും അവരും അല്‍പനേരം കൊണ്ടുതന്നെ വല്ലാതെ ഇണങ്ങിയതുപോലെയായി. അവരുടെ കളികളെ കുറിച്ചും പകല്‍സമയത്തുള്ള ചൂടിനെപ്പറ്റിയും ദൗഅനിലെ വിളവിനെ കുറിച്ചുമൊക്കെ സംസാരിച്ചു. പിന്നെ അവന്‍ ചോദിച്ചു. എല്ലാവരും നല്ല സംസാരത്തിൽ ആയിരുന്നല്ലോ. നിങ്ങളൊക്കെ കുടുംബക്കാരാണല്ലേ? നല്ലതാണ്. കുടുംബബന്ധം ചേര്‍ക്കുന്നതെത്ര പുണ്യമുള്ള കര്‍മമാണെന്നോ? പിന്നെ നിങ്ങള്‍ പിരിയുമ്പോള്‍ ചൊല്ലാനുള്ള ഒരു ദിക്‌റ് ഞാന്‍ പറഞ്ഞുതരാം. ഇതുചൊല്ലിപ്പിരിഞ്ഞാല്‍ ഇവിടെ ഇരുന്ന് സംസാരിച്ചപ്പോഴുണ്ടായ പിഴവുകളൊക്കെ അല്ലാഹു പൊറുക്കും. സഭ പിരിയുമ്പോള്‍ സുന്നത്തുള്ള ദിക്‌റും ചൊല്ലിക്കൊടുത്ത് അവരുടെ മനസ്സിലെ സന്തോഷം മുഖത്ത് കണ്ട് സംതൃപ്തിയോടെ അവന്‍ തിരികെ വന്നു. ഈ സംഭവം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയിരുന്നു. തമാശയില്‍ തുടങ്ങിയ സംസാരം എപ്പോഴാണ് കാര്യത്തിലേക്ക് കടന്നതെന്ന് കേട്ടുനിന്നവര്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഞങ്ങള്‍ ആ അങ്ങാടി വിടാന്‍ നേരം ചെറുപ്പക്കാരിലൊരുവന്‍ ഒരു പെട്ടി ചോക്ലേറ്റുമായി ഓടിവന്നു. ഇതാ ഇത് വാങ്ങിക്കോളൂ. നിങ്ങള്‍ക്ക് അല്ലാഹു ബറകത് ചെയ്യും. ഞങ്ങള്‍ക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി.

അര്‍സമയില്‍നിന്ന് ജഹിയിലേക്കാണ് പിന്നീട് പോയത്. ദൗആനിലെ താരതമ്യേന പുരോഗതിയുള്ള ഗ്രാമമാണിത്. ജഹിയുടെ ജനവാസ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ഈന്തപ്പനകളാണ്. അര്‍സമയിലെ മിനാരത്തിനു മുകളില്‍നിന്നുകണ്ട വെള്ള നിറമുള്ള പാതയിലൂടെ ഞങ്ങള്‍ കുറെ നടന്നു. ജഹിയില്‍ തങ്ങന്മാരുടെ കുടുംബങ്ങളേറെ ഉണ്ടായിരുന്നെങ്കിലും പണ്ഡിതര്‍ കുറവായിരുന്നു. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും വരെയുണ്ടായിരുന്നിട്ടും മതം പഠിക്കാന്‍ ജഹിയില്‍ നിന്നാരും പുറത്തുവന്നില്ല. ഞങ്ങള്‍ക്ക് അവരോട് പറയാനുണ്ടായിരുന്ന കാര്യവും അതുതന്നെയായിരുന്നു. നമ്മുടെ സമുദായത്തിന്റെ സമ്പത്താണ് അഹ്‌ലുബൈത്ത്. സമൂഹത്തിന്റെ നേതൃത്വമാണവര്‍. അറിവില്ലാതെ ജീവിക്കുക എന്നത് തങ്ങന്മാര്‍ക്കെങ്ങനെ യോജിക്കും? വരുന്ന തലമുറയെയെങ്കിലും പണ്ഡിതരാക്കണം. ഈ മഹത്തായ പരമ്പര ഇല്ലാതെ പോയാല്‍ അതെത്ര വലിയ അപരാധമാകും. ഞങ്ങളുടെ സംസാരം അവരെ സ്വാധീനിച്ചുവെന്ന് മനസ്സിലായി. അവര്‍ കരഞ്ഞു. തീര്‍ച്ചയായും ഇനിയുള്ള തലമുറയില്‍ പണ്ഡിതന്മാര്‍ വരുമെന്ന് അവര്‍ ഞങ്ങള്‍ക്കുറപ്പുനല്‍കി. എങ്കില്‍ അങ്ങനെയുള്ള വിളക്കുമാടങ്ങളുയര്‍ന്ന് ഈ ജഹി മറ്റുള്ളവര്‍ക്ക് വഴികാട്ടട്ടെയെന്ന് ഞങ്ങളാശംസിച്ചു.

മദ്ഹൂനിലേക്കാണ് അവസാനം പോയത്. അവിടെ പൊതുനിരത്തവസാനിക്കുന്നിടത്ത് ഞങ്ങള്‍ കുറച്ച് പടമെടുക്കാന്‍ നിന്നു. കുത്തനെയുള്ള താഴ്‌വരകളും കൂറ്റന്‍ മലനിരകളും മനോഹരമായ കാഴ്ചയാണ്. മദ്ഹൂനില്‍ നിന്നിറങ്ങിയാല്‍ കാണുന്ന ചെറിയ ജലാശയം ഈന്തപ്പനകളുടെ ചെറിയ കൂട്ടത്തിനിടയില്‍ ഒരു കണ്ണ് പോലെ തെളിഞ്ഞു. ദൂരെ ഒരു മലയുടെ മുകളില്‍ ഞങ്ങളൊരു പട്ടണം കണ്ടു. കോട്ടകള്‍ പോലെ തോന്നിപ്പിക്കുന്ന വീടുകളാണവിടെ. പിന്നീട് അതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയൊന്നും ഇപ്പോള്‍ ആരും താമസിക്കുന്നില്ലെന്ന് പറഞ്ഞു. കാരണം എന്തോ ഞങ്ങള്‍ തിരക്കിയില്ല. റോഡിനിരുവശത്തും സമുറ എന്ന മുള്‍മരങ്ങളാണ്. താഴ്‌വരയിലും വ്യാപകമായി ഇത് കാണും. നബിതങ്ങള്‍ ഉറങ്ങുന്ന തക്കത്തിന് അവിടുത്തെ വാളെടുത്ത് ബൈതുല്‍മാലില്‍നിന്ന് കുറെ കാശുവേണമെന്ന് ഒരു അഅ്‌റാബി ആവശ്യപ്പെട്ട കഥയില്ലേ. മുഹമ്മദ്, നിന്നെ ആരാണ് രക്ഷിക്കുക? എന്ന് അയാള്‍ ചോദിച്ചു. “അല്ലാഹു” നബി പറഞ്ഞു. അടുത്ത നിമിഷം വാള്‍ കൈക്കലാക്കി നബിതങ്ങള്‍ അയാളോട് അതേചോദ്യം ആവര്‍ത്തിച്ചു. അയാള്‍ക്ക് മറുപടിയില്ലായിരുന്നു. അന്ന് നബിതങ്ങള്‍ വാള്‍ തൂക്കിയിട്ടിറങ്ങിയത് ഇങ്ങനെയൊരു സമുറ വൃക്ഷത്തിലായിരുന്നു. ആ കഥ ഞങ്ങളുടെ കൂട്ടത്തിലാരോ സ്മരിച്ചു.

ഞാനും യമനുകാരനായ അബ്ദുല്ല ബാകവും നിര്‍ദേശിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നുതുടങ്ങി. ഉള്‍ഗ്രാമമാണ്. റോഡില്ല. വഴിയുമറിയില്ല. പക്ഷേ ദിശയറിയാം. ഒരു മണിക്കൂറോളം നടക്കണമെന്നുമറിയാം.മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു ധാരണയുമില്ലാതായി. നിറയെ ചരലുകള്‍ നിറഞ്ഞ വഴി മാത്രം. അതുവഴി ആരും സഞ്ചരിച്ചതായി ഒരു അടയാളവുമില്ലായിരുന്നു. ഒരു നാല്‍പത് നാല്‍പത്തിയഞ്ച് മിനുട്ടെങ്കിലും ആയിക്കാണും, അകലെ ഒരു ചെറിയ ഗ്രാമം കാണാനായി. ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ആഫ്രിക്കന്‍ വംശജരായ ജനങ്ങളാണവിടെ താമസം. അവരുടെ പെരുമാറ്റത്തില്‍ നിറയെ ഒരപരിചിതത്വം നിഴലിച്ചു കണ്ടു. തല്‍ക്കാലത്തിന് വിശ്രമിക്കാന്‍ ഞങ്ങളവിടത്തെ പള്ളിയില്‍ കയറി. അതിനിടയില്‍ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പള്ളിയിലെ മുഅദ്ദിന്‍ വഴി അവിടത്തുകാരെ ഒരു കാര്യം അറിയിച്ചു. ഇന്ത്യക്കാരനായ ഒരു ദാഇ വന്നിട്ടുണ്ട്. അസ്വ്ര്‍ നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയാല്‍ ഇന്ത്യന്‍ വിശേഷങ്ങളൊക്കെ കേള്‍ക്കാം. അതോടെ ഞാന്‍ കുടുങ്ങി. അറബിയില്‍ വേണം പ്രസംഗിക്കാന്‍. അതും നമ്മുടെ നാട്ടിലെ കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തുകയും വേണം. ഞാന്‍ പ്രാക്ട്ടീസ് ചെയ്യാന്‍ തുടങ്ങി. പ്രസംഗിച്ചു നോക്കുകയാണ്. അത് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കും. വീണ്ടും പ്രസംഗിക്കും. അങ്ങനെ കുറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മോശമല്ലാത്ത വിധം എന്തെങ്കിലും പറയാമെന്നായി.

അസ്വ്ര്‍ നിസ്‌കാരത്തിന്റെ സമയമായപ്പോഴുണ്ട് ആ ഗ്രാമവാസികളെല്ലാം പള്ളിയില്‍. ഇന്ത്യക്കാരോട് യമനികള്‍ക്ക് അത്രമാത്രം പ്രിയമുണ്ട്. ഞാനൊരുവിധം നന്നായിത്തന്നെ പ്രസംഗിച്ചുനോക്കി. ഒടുവില്‍ നോമ്പും നിസ്‌കാരവുമൊക്കെ പറഞ്ഞ് അതവസാനിപ്പിക്കുകയും ചെയ്തു. കുട്ടികളെ വിളിപ്പിച്ച് ഖുര്‍ആന്‍ ഓതിക്കുമ്പോഴാണ് കാര്യം മനസ്സിലാകുന്നത്. ഈ ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ഏകദേശം പതിമൂന്ന് വയസ്സെങ്കിലുമായാലേ കൊടുത്തു തുടങ്ങൂ. മുക്കാല്‍ മണിക്കൂര്‍ മലമ്പാതയിലൂടെ നടന്ന് വേണമത്രെ അടുത്തുള്ള വിദ്യാലയത്തിലെത്താന്‍. സാധാരണയില്‍ എത്ര ബദുക്കളായാലും ഖിറാഅത്ത് നന്നാവാറുള്ളതാണ്. പക്ഷേ ഇവിടെ അതായിരുന്നില്ല അവസ്ഥ.

ഞങ്ങള്‍ പതിയെ ആ ഗ്രാമത്തെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. മീറ എന്നാണ് അതിന്റെ പേര്. ഇരുനൂറില്‍ കുറവാണ് താമസക്കാര്‍. പണ്ടെന്നോ ആഫ്രിക്കയില്‍ നിന്ന് വന്നവരുടെ പിന്മുറക്കാരാണിപ്പോഴിവിടെ. കൃഷിയാണ് പ്രധാന തൊഴില്‍. റുമ്മാനും ചെറു പേരക്കയുമൊക്കെയാണ് അവിടെ കണ്ട തോട്ടങ്ങള്‍. കൃഷിയടക്കമുള്ള മുഴുവന്‍ ആവശ്യങ്ങള്‍ക്കുമായി അവര്‍ക്കാകെ ഒരു കൊച്ചു അരുവി മാത്രമേയുള്ളൂ. മലമുകളില്‍ നിന്നൊലിക്കുന്ന വെള്ളം അവര്‍ ടാങ്കുകെട്ടി സംഭരിക്കുന്നു. അതില്‍ ടാപ്പുകള്‍ ഘടിപ്പിച്ച് ഓരോ വീടുകളിലേക്കും വെള്ളമെത്തിക്കുന്നു. ബാക്കിയുള്ളത് മറ്റാവശ്യങ്ങള്‍ക്കും. അവിടെ ഒരു കിണറോ കുളമോ എന്തെങ്കിലും വേണമെന്നാണ് അവിടുത്തുകാരുടെ പ്രധാന ആവശ്യം.

മിറയില്‍നിന്ന് മടങ്ങുവാനുള്ള വഴി ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് മദ്ഹൂനിലേക്കുള്ള വഴിതുടങ്ങും വരെ ഞങ്ങളെ ഒരാള്‍ അനുഗമിച്ചു. റമളാന്‍ നോമ്പിന്റെ ക്ഷീണം ഞങ്ങളെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഒരു സമയത്ത് ഒരടി മുന്നോട്ട് വെക്കാനാകാതെ ഞങ്ങള്‍ കിടന്നുപോയി. ഒടുവില്‍ ഞങ്ങള്‍ മദ്ഹൂനിലെത്തി. സംഭവബഹുലമായ ഒരു റമളാന്‍ ദഅ്‌വയുടെ ഓര്‍മകളുമായി ഞങ്ങള്‍ തരീമിലേക്ക് തിരികെ വണ്ടിയോടിച്ചു.

മഖ്ബറ സിയാറത്തുകൾ കൂടുതല്‍ സജീവമാകുന്ന കാലമാണ് റമളാന്‍. ഹൂദ് നബിയുടെ മഖ്ബറയിലേക്ക് ദാറുല്‍ മുസ്ത്വഫയില്‍ നിന്നൊരു സിയാറത് ടൂര്‍ പോകും. ശിഅബുന്നബി ഹൂദ് എന്ന സ്ഥലത്ത് മലമുകളിലാണ് ഖബ്‌റുള്ളത്. ഇതൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. യമനിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച പൈതൃക കേന്ദ്രമാണിത്. അവിടെയാണ് നമ്മുടെ ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലൊക്കെ കണ്ടുവരുന്ന ബര്‍ബൂത് എന്ന കിണര്‍ കണ്ടത്. ഭൂതങ്ങളും പ്രേതങ്ങളും വാഴുന്ന കിണറാണത്രെ അത്. അതില്‍ നിന്ന് വെള്ളമെടുത്ത് വുളൂഅ് പറ്റുമോ എന്ന ചര്‍ച്ച ശറഹ് ബാജൂരിയിലൊക്കെ കാണാം. അതുപോലെ റമളാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച ശൈഖ് അബൂബക്കര്‍ ബിന്‍ സാലിമിന്റെ മഖ്ബറ സന്ദര്‍ശിക്കും. വിശ്വവിഖ്യാതമായ താജുസ്സ്വലാത്തിന്റെ കര്‍ത്താവാണവര്‍. കൂടാതെ മറ്റനേകം മഖ്ബറകളും മസാറുകളും സന്ദര്‍ശിച്ച് റമളാന്റെ പകലിരവുകളെ ധന്യമാക്കാന്‍ തരീമുകാര്‍ ബദ്ധശ്രദ്ധരാണ്.

ഒടുവില്‍ റമളാനില്‍ ഒരു വിദാഅ് (വിടപറയല്‍) പരിപാടിയുണ്ട്. റമളാന്‍ മാസത്തെ യാത്രയാക്കുംമുമ്പ് നോമ്പ് ഇരുപത്തിയെട്ടിന് ദൗറക്കു വേണ്ടിവന്നവരെ ദാറുല്‍മുസ്ത്വഫ യാത്രയാക്കുന്ന ചടങ്ങാണിത്. അന്ന് സുബഹ് നിസ്‌കാരത്തിന് പള്ളി നിറഞ്ഞു കവിയും. ഹബീബ് ഉമറിനോടും ദാറുല്‍ മുസ്ത്വഫയോടും തോന്നിയ തീവ്രമായ ഒരാത്മബന്ധത്തിന്റെ ആഴം കാണുന്ന വേളയാണത്. ദാറുല്‍ മുസ്ത്വഫയെ കുറിച്ചുള്ള കവിതകള്‍ ആലപിച്ചുകൊണ്ട് നിസ്‌കാരശേഷം നടക്കുന്ന ഹസ്തദാന വേള കണ്ണീരില്‍ കുതിര്‍ന്നുപോകും. ഉസ്താദ്-ശിഷ്യന്‍ എന്ന ബന്ധത്തെക്കാള്‍ ഭൗതികമായ ജീവിതത്തിന്റെ സാധ്യതകള്‍ക്കപ്പുറം ആത്മാവിന്റെ ചലനങ്ങളെ നിയന്ത്രിച്ച ശൈഖിനോട് ഒരു മുരീദ് കാണിക്കുന്ന സ്‌നേഹപ്രകടനമാണത്. ചിലര്‍ ഹബീബിനെ അണച്ചുകൂട്ടിക്കരയും. അവരെ അടര്‍ത്തിമാറ്റി ഹസ്തദാനം തുടരാന്‍ വലിയ പ്രയാസമാണ്. അതുപോലെ ഉറ്റ ചങ്ങാതിമാരുടെ മുഖം കാണുമ്പോള്‍ തന്നെ ഹൃദയം തകരുമാറ് ഓരോരുത്തരും കരഞ്ഞു തുടങ്ങും. വിദാഇന്റെ അന്ന് കരയരുതെന്ന് ഉറപ്പിച്ചിട്ടാണ് ഞാന്‍ പള്ളിയില്‍ നിന്നത്. പക്ഷേ ഇടക്കെപ്പോഴോ എന്റെ മനസ്സുപൊട്ടിഞാന്‍ തകര്‍ന്നുപോയി. മണിക്കൂറുകളോളം നീണ്ടുപോകുന്ന ഹസ്തദാനത്തിനിടെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള നൂറുനൂറു സൗഭാഗ്യങ്ങള്‍ പിരിയാനാകാതെ കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നു.

അടുത്ത ദിവസങ്ങളിലായി റമളാനിനെ കൂടി അവര്‍ യാത്രയാക്കും; ഒന്നുകഴിഞ്ഞ് അടുത്തത് വരും വരെ. നോമ്പുകാലത്തിന്റെ വിശുദ്ധിയത്രയും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കറിയാം. ചിലര്‍ റമളാനിലും റബീഉല്‍അവ്വലിലും മാത്രം ജീവിക്കാന്‍ തീരുമാനിച്ചവരെപ്പോലെ ഈ വിശുദ്ധ മാസങ്ങള്‍ക്കുവേണ്ടി കാത്തിരിക്കയാവും. റമളാന്‍ തരീമിനെ വിടപറയുമ്പോള്‍ സന്ധ്യക്ക് വിഷാദത്തിന്റെയും ആഗതമാകുന്ന പെരുന്നാളിന്റെ സന്തോഷത്തിന്റെയും ഭാവങ്ങള്‍ ചേര്‍ന്ന് സമ്മിശ്രമായ ഒരു വികാരഛായ കൊടുത്തുനിര്‍ത്തിയിട്ടുണ്ടാകും. സുകൃതവഴികളിലേക്ക് കണ്ണും നട്ട് സാത്വികരായവര്‍ റമളാന്‍ ഇനിയും വരുന്നതുംനോക്കി നില്‍ക്കും…


Featured Image: Alexandr Hovhannisyan

Comments are closed.