പ്രസിദ്ധ സൂഫി ഗുരു ഇബ്നു അറബിയുടെ സങ്കൽപത്തിലുള്ള മഴയെക്കുറിച്ചാണ് ഈ കുറി‌പ്പ്. ഇതെഴുതാനിരിക്കുമ്പോൾ പുറത്ത് മഴപെയ്യുന്നുണ്ട്. എഴുതുന്ന വിഷയവും എഴുതാനിരിക്കുന്ന പശ്ചാത്തലവും ഒന്നാകുന്ന സന്ദർഭങ്ങൾ വളരെ വിരളാണ്. മഴയെക്കുറിച്ച് ധാരാളം മിസ്റ്റിക്കൽ സങ്കൽപങ്ങളുണ്ട്. കഴിഞ്ഞ തവണ ഷേക്സ്പിയറെ കുറിച്ച് എഴുതി നിർത്തിയത് ഇങ്ങനെയാണ്: മിസ്റ്റിസിസം അങ്ങിനെയാണല്ലോ, ആര് ഏത് കിണറ്റിൽ നിന്ന് കുടിച്ചാണ് ദാഹം മാറ്റുന്നത് എന്ന് തിരിച്ചറിയാൻ കഴിയില്ലല്ലോ. എന്നാൽ ഒരൊറ്റ മഴയാണ് എല്ലാ കിണറുകളെയും നിറക്കുന്നതും! എ.ആർ റഹ്മാൻ ഹസ്രത്ത് മുഈനുദ്ദീൻ ചിശ്ത്തിയെക്കുറിച്ച പറഞ്ഞ വാക്കുകളായിരുന്നു അതെഴുതുമ്പോൾ പ്രചോദനം. വിവേചനങ്ങളില്ലാതെ, ഉപാധികളില്ലാതെ എല്ലാവർക്കുമായി പെയ്യുന്ന ദിവ്യാനുഗ്രഹത്തെ മഴയോടാണ് റഹ്മാൻ ഉപമിക്കുന്നത്. ഇന്ത്യയിലെ സൂഫി അധ്യാത്മിക ധാരയിലെ യുഗപ്രഭാവനായ ഗരീബ് നവാസ് തന്റെ പരിധിയില്ലാത്ത സ്നേഹവായ്പുകൾ, അദ്ദേഹത്തെ അന്വേഷിച്ച് ചെന്നെത്തുന്നവരുടെ തേട്ടങ്ങൾക്കും ആകുലതകൾക്കുമുള്ള പരിഹാരങ്ങൾ, ചൊരിയുന്നതും അങ്ങനെ തന്നെ.

ഇബ്നു അറബി ؓ  മഴയെ നിർവചിക്കുന്നത്, ഖുർആനിക രൂപകത്തിന്റെ പരിവൃത്തിയിൽ നിന്നു കൊണ്ടാണ്. അതായത് മഴ വിഭവത്തിന്റെ (sustenance) പ്രതീകമാണ്. ഇസ്തിസ്ഖാഅ് അഥവാ മഴയെ തേടിക്കൊണ്ടുള്ള പ്രാർത്ഥനയെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഈ വിശദീകരണം വരുന്നത്.1

നിസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുന്ന നേരം ഇപ്രകാരം പ്രാർത്ഥിക്കുവാൻ നിയമദാതാവ് പറഞ്ഞിരിക്കുന്നു-“അല്ലാഹുമ്മഗ്ഫിർലീ വർഹംനീ വർസുഖ്നീ വജ്ബുർനീ” (ദൈവമേ, മാപ്പേകിയാലും, കരുണ ചൊരിഞ്ഞാലും, പോറ്റിയാലും, പോഷിപ്പിച്ചാലും) വിഭവം തേടുന്നത് പ്രാർത്ഥനയിൽ നിയമമാക്കിയിരിക്കുന്നു. മഴതേടുക എന്നാൽ വിഭവം തേടുക എന്നാകുന്നു.2 (ഖണ്ഡിക 454)

എന്നാൽ കേവലമായി ഒരു വ്യക്തിയിലോ, വ്യക്തിയുടെ സ്വകാര്യതയിലെ ചെറിയ വികാസമായ കുടുംബത്തിലോ ഒതുങ്ങിനിൽക്കുന്ന പരിപോഷണമല്ല പ്രാർത്ഥനയുടെ ലക്ഷ്യം. വ്യക്തിയും കുടുംബവും ചുരുങ്ങുമ്പോൾ, കൂടുതൽ കൂടുതലായി ഒറ്റപ്പെടുമ്പോൾ, ഒരു പ്രൊഫൈലിന്റെ പരിവൃത്തിയിലേക്ക് ചെറുതാവുമ്പോൾ എല്ലാം പ്രാർത്ഥനയുടെ ആത്മാവ് നഷ്ടപ്പെടുന്നു. ‘വർസുക്നീ’ എന്നാൽ ‘എന്നെ’ പോറ്റ് എന്നർത്ഥം. ‘വർസുക്നാ’ എന്നാൽ ‘ഞങ്ങളെ’ പോറ്റ് എന്നും. എന്നാൽ ‘നീ’ (എന്നെ) എന്ന സർവനാമം ബഹുവചനമായി ‘നാ’ (ഞങ്ങളെ) എന്നായാലും ഒരു കുടുംബത്തിന്റെയോ, പരസ്പരം തിരിച്ചറിയാവുന്ന സമൂഹ ഘടകത്തിന്റെയോ പരിവൃത്തിക്ക് പുറത്ത് കടക്കാതാവുന്ന നിമിഷമുണ്ട്. ബാങ്ക് ബാലൻസ് പോലെ സുരക്ഷിതമായി ഒളിപ്പിക്കാവുന്ന വിധം സൂക്ഷിച്ച് വെക്കാവുന്ന മുതലാണ് ചിലപ്പോഴൊക്കെ പ്രാർത്ഥന. പ്രാർത്ഥിച്ച് കിട്ടുന്ന ഉതവിയും അതുപോലെ. എന്നാൽ ഏകവചനമായ സർവനാമം ഉപയോഗിക്കുമ്പോഴും സ്വകാര്യതയെ ഭേദിച്ച് പ്രപഞ്ചത്തോളം വിശാലമാകുന്ന ഒന്നാണ് പ്രാർത്ഥന. എല്ലാ മനുഷ്യരിലേക്കും, സകല പ്രപഞ്ചത്തിലേക്കും പ്രാർത്ഥിക്കുന്നവൻ വികസിക്കുന്നു.

ഇബ്നു അറബി തുടരുന്നു:

സൽപാന്ഥാവിലേക്ക് നയിച്ചാലും” എന്ന ആഹ്വാനത്താൽ (ഖുർആൻ 1:5) ദൈവം നിസ്കാരത്തിൽ പ്രാർത്ഥനയെ നിയമമാക്കിയപ്പോൾ, യാഥാർതഥമായ പൊരുൾ ആ പ്രാർത്ഥനയെ അഗാധമായ ഒരു സമാഗമത്തിലാക്കിയിരിക്കുന്നു (മുനാജാത്ത് മഗ്ഹ്സൂസത്ത്-എറികിന്റെ വിവർത്തനത്തിൽ Intimate conversation). മഴ തേടലാണെങ്കിലോ ഗാഢമായ പ്രാർത്ഥനയാകുന്നു. ഹിദായത്തിൽ നിന്നും (മാർഗദർശനം) നേർവഴിയിയിലേക്ക് ചെന്നത്താനുള്ള അർഥഗർഭമായൊരു കിസ്മത്ത് ലഭിക്കാൻ പ്രാർത്ഥിക്കുന്നവരൊക്കെയും പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ കൂട്ടക്കാർക്കായി ഒരുക്കിവെച്ച, പ്രവാചകൻമാരുടെ പാന്ഥാവായ, വിജയമാർഗം-അതിനാണവർ ആദ്യമായി പ്രാർത്ഥിക്കുന്നത്. പിന്നെയവർ എല്ലാവർക്കും മഴ നൽകാൻ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഒരു പോലെ പങ്കുള്ള – ആർക്കും സ്വകാര്യമാക്കിവെക്കാനാവാത്ത – മുഴുവൻ പ്രപഞ്ചത്തിനും അനുഭവേദ്യമാകുന്ന റിസ്കിന്റെ – വിഭവത്തിന്റെ – തേട്ടമാണത്. അതിൽ മുഴവൻ മനുഷ്യർക്കും മൃഗങ്ങൾക്കും പങ്കുണ്ട്. വഴിപ്പെട്ടവർക്കും വഴിപിഴച്ചവർക്കും പങ്കുണ്ട്. വിജയിച്ചവർക്കും പരാജയപ്പെട്ട ഹതഭാഗ്യർക്കും പങ്കുണ്ട്.”3 (ഖണ്ഡിക 463)

മരിച്ച ഭൂമി, ജീവിപ്പിക്കുന്ന മഴ

ഖുർആനിൽ ‘മൃതഭൂമിയെ തൊട്ടുണർത്തുന്ന മഴ’ എന്ന പരാമർശമുണ്ട്. മഴയെക്കുറിച്ചുള്ള മനോഹരമായ ഒരു പ്രാതിഭാസിക വിവരണത്തിന്റെ സന്ദർഭത്തിലാണ് ആ പരാമർശം വരുന്നത്. അൽ-ഫുർഖാൻ (25) അദ്ധ്യായത്തിലെ 48-49 വചനങ്ങൾ കാണുക: “കാരുണ്യത്തിന്റെ മുന്നോടിയായി തെന്നലിനെ പറഞ്ഞയക്കുന്നു അവൻ. എല്ലാം കഴുകിക്കളയുന്ന (തഹൂർ) മഴയെ തുടർന്ന് നാം ഇറക്കിത്തരുന്നു. മഴയാൽ മൃതഭൂമിയെ ജീവിപ്പിക്കുന്നു. നാം പടച്ച കാലികളെയും, എല്ലാ മനുഷ്യരെയും നാം കുടിപ്പിക്കുന്നു”. തഹൂർ എന്നാൽ പരിശുദ്ധം എന്ന് മാത്രമല്ല. ശുദ്ധീകരിക്കുന്നത് എന്നും അർത്ഥമുണ്ട്. മരിച്ച ഭൂമി എന്നാൽ ശുദ്ധീകരണം തേടുന്ന വിധം പങ്കിലമായ ഭൂമി എന്നാണർത്ഥം. (എന്നാൽ ഭൂമി സ്വയം മരിച്ചതല്ല. കൊന്നതാണ്) ജീവൻ എന്നാൽ സ്വയം നിർജീവവും നീർജീവത പകരുന്നതുമായ മുഴുവൻ ഹേതുക്കളിൽ നിന്നും സംരക്ഷിക്കുക എന്നർത്ഥം. പ്രാർത്ഥനയിൽ ‘വർസുക്നീ’ എന്നതിന് ശേഷം ‘വജ്ബുർനീ’ എന്നാണ് പറയുന്നത്. മൂല്യവത്തായ ഒന്നിലേക്ക് തിരിച്ച് നടത്തണേ എന്ന്. ഇവിടെ മഴ ഒരേ സമയം പ്രതിഭാസവും പ്രതീകവുമാണ്. അത് ജീവദായകമായ, പോഷകമായ ചിന്തയുടെയും അറിവിന്റെയും ഉറവയാണ്.

ടി.എസ് എലിയറ്റിന്റെ വേസ്റ്റ് ലാന്റ് ഈ ആശയം മനസിലാക്കാൻ സഹായിക്കുന്ന കവിതയാണ്. കവിതയുടെ തുടക്കത്തിൽ മഴ ഭീതിയുണർത്തുന്ന ബിംബമാണ്:

“നിർദയമായ മാസമാണവൻ ഏപ്രിൽ.
മൃതഭൂമിയിൽ നിന്നവൻ
ലിലാക് പുഷ്പം പോറ്റിയെടുക്കുന്നു.
വസന്ത മഴയാൽ
വരണ്ട വേരുകളെ
വിളിച്ചുണർത്തുന്നു.”4

ശാന്തി, ശാന്തി, ശാന്തി എന്നവസാനിക്കുന്ന കവിതയുടെ തുടക്കത്തിൽ ആധുനിക മനുഷ്യന്റെ മഴയോടുള്ള സമീപനമാണ് വർണിക്കുന്നത്. മഴതരുന്ന മാസം ക്രൂരനായ മാസം. പോകുന്നിടത്തെല്ലാം ചെടി വളരുന്നു. മണ്ണിൽ ചേറ്. കോൺക്രീറ്റ് കെട്ടി ഉറപ്പിക്കേണ്ട ഭൂമി ചെളിയായി. പകൽ രാത്രി പോലെ മൂകത. ഇരുണ്ട കാർമേഘങ്ങൾ. എന്നാൽ ഈ അവസ്ഥയെ, മഴയുടെ മുന്നോടിയായി അയക്കുന്ന മാരുതന്റെ സുഖദമായ സ്പർശത്തോടാണ് ഖുർആൻ വിവരിക്കുന്നത്. അവിടെ മഴ കാരുണ്യവും (റഹ്മത്ത്) മഴക്കു മുമ്പുള്ള പ്രകൃതി ശുഭവാർത്തയുടെ വിളംബരവുമാണ് (ബുഷ്റ). കഴിഞ്ഞ കുറേവർഷങ്ങളായി മലയാളികൾ മഴയെ പേടിക്കുന്നത് പ്രളയത്തിന്റെ തിക്താനുഭവങ്ങൾ വെച്ചാണ്. എന്നാൽ ഭൂമിയിൽ ജീവന്റെ നാമ്പുകൾ ഉണർത്തുന്നതിനപ്പുറം, മഴ ഭീതിയുടെ കുത്തൊഴുക്കാക്കിയത് മഴയിറക്കിയവനാണോ. ഭൂമിയെ മഴക്ക് കൊള്ളാനാവാത്ത വിധം നിർജീവമാക്കിയവരാണോ. ആ ആലോചന കൂടിയാണ് മഴ പ്രതീകവത്കരിക്കുന്ന വിഭവം.

മാലിന്യക്കൂമ്പാരമായ തേംസ് നദിയുടെ ഓരത്തിരുന്ന് ബുദ്ധമതത്തിലെ വിമോചനത്തെക്കുറിച്ച് എലിയറ്റ് കാണുന്ന സ്വപ്നമായി വേസ്റ്റ് ലാന്റ് വായിക്കാം. ഖുർആനും ഇബ്നു അറബിയും അദ്ദേഹം വായിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. അതങ്ങനെയാവണം എന്ന് നിർബന്ധമില്ല. ഫിറ്റ്സറാൾഡ് ‘റുബയാത്ത്’ കണ്ടപോലെ, കേവലമായ ഭാവനസങ്കൽപമാണോ എലിയറ്റ് കാണുന്ന പൗരസ്ത്യലോകം എന്നിടത്താണ് ആശങ്ക. അതോ വിമോചനാത്മകമായ ചിന്തയിലേക്ക് പരിവർത്തനപ്പെടേണ്ട അറിവിന്റെ കലവറയാണോ.

മൃതഭൂമിയെ ജീവിപ്പിക്കേണ്ട ചിന്തയെ വിഭവത്തോടുള്ള സമീപനത്തിൽ ഉൾചേർക്കുമ്പോഴാണ് മഴയെക്കുറിച്ചുള്ള സ്വപ്നങ്ങൾ മുഴുവൻ പ്രപഞ്ചത്തിനും ശുഭസൂചകമാകുന്നത് (ബുഷ്റ).

സുഖ്‍യാ-സാഖി

മഴയെത്തേടൽ സുഖ്‍യായെ തേടൽ ആണ് (ഖണ്ഡിക 443). 5സുഖ്‍യാ എന്നാൽ ദാഹജലം എന്നാണ് പ്രത്യക്ഷാർത്ഥം. ജലസേചനം എന്നർത്ഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ആർക്കുവേണ്ടിയാണ് പരിത്യാഗിയായ വിശ്വാസി ദാഹജലം തേടുന്നത്. അത് തനിക്കുവേണ്ടിയല്ല (ലാ യസ്തസ്ഖൂന ഫി ഹഖി നുഫൂസിഹിം). അവരെ സംബന്ധിച്ചിടത്തോളം പ്രണയദാഹത്തിന്റെ വരൾച്ചയാണുള്ളത്. കേവലമായ ജലപാനം കൊണ്ട് അത് അടങ്ങുകയില്ല. ഒരു വേള പോലും ദിവ്യപ്രണയത്തിന്റെ ലഹരിയിലല്ലാതെ അവർ ജീവിക്കുന്നില്ല.6 ആ ലഹരിയിൽ കേവലമായ ദാഹം, വിശപ്പ്, ദു:ഖം, യാതന തുടങ്ങിയവയൊന്നും അവരെ ബാധിക്കുകയില്ല. എന്നാൽ അവർ സുഖ്‍യായെത്തേടിക്കൊണ്ടിരിക്കും. അവർ ജീവിച്ചിരിക്കുന്ന സമൂഹത്തിലെ മുഴുവൻ സൃഷ്ടിജാലങ്ങൾക്കും പാനം ചെയ്യാനാണ് ആ തേട്ടം. എന്നാൽ അവരെ സംബന്ധിച്ചിടത്തോളം വേർപാടിന്റെ ഓരോ നിമിഷവും ദിവ്യസമാഗമത്തിന്റെ പ്രതീക്ഷയാൽ അടങ്ങുന്ന ആത്മദാഹത്തിന്റെ ശമനം കൂടിയാണ് ആ തേട്ടം.

ഗസലുകളിൽ സാഖി വരുന്നുണ്ട്. മിസ്റ്റിക്കൽ രൂപകങ്ങളിൽ വീഞ്ഞ് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം പ്രധാനപ്പെട്ടതു തന്നെയാണ് വീഞ്ഞ് പകരുന്ന സാഖി. സൂഫി കവിതകളിലെ വൈൻ രൂപകത്തെക്കുറിച്ച് വിശദീകരിക്കുന്ന വേളയിൽ മാർടിൻ ലിംഗ്സ് അറബി സൂഫി കവിയായ ഉമർ ഇബ്ൻ അൽഫാരിദിന്റെ (മരണം 1236) ഹംരിയ്യയിൽ നിന്ന് (വീഞ്ഞ് പാട്ട്) രണ്ട് വരി ഉദ്ധരിക്കുന്നുണ്ട്

പ്രേയസിയുടെ ഓർമവീഞ്ഞ് കുടിച്ചുന്മത്തരായി ഞങ്ങൾ.
മുന്തിരിവള്ളികൾ പടച്ചവനവനത് പടയ്ക്കും മുമ്പേ
അവനെ പ്രണയിച്ച് പൂസായി ഞങ്ങൾ.7

എന്നാൽ പ്രപഞ്ചത്തിലെ ഒരേയൊരു സാഖി പകരുന്ന തെളിനീരും, ആത്മദാഹികളായ അന്വേഷകർക്ക് ഗുരുവര്യൻമാരായ ശൈഖുമാർ പകരുന്ന ദിവ്യപ്രണയത്തിന്റെ വീഞ്ഞും തമ്മിൽ വ്യത്യാസമുണ്ട്. സാഖിമാർ, ഒരേയൊരു സാഖിയിലേക്കുള്ള വഴികാട്ടി മാത്രമാണ്. മുന്തിരി മണ്ണിൽ തളിർക്കുന്നു. അത് വെള്ളത്തോടൊപ്പം നിശ്ചിത അനുപാതത്തിൽ ചേരുകയും മണ്ണിനടിയിൽ സൂക്ഷിച്ച് വെച്ച് കാലപ്പഴക്കത്താൽ പുളിക്കുകയും വേണം. പെട്ടന്നൊരു മഴ നൽകി അനായാസം ദാഹമകറ്റാൻ ഒരു ശൈഖിനും കഴിയില്ല. ദിവ്യസ്മൃതിയിലും, ദിഖ്റിലും, മണ്ണിൽ ജീവിച്ചിരിക്കുന്ന മുഴുവൻ സൃഷ്ടി ജാലങ്ങൾക്കുമായുള്ള ലാഭേച്ഛയില്ലാത്ത സ്നേഹ സേവനത്തിലും ജീവിച്ച് അന്വേഷകൻ പുളിക്കണം. ആ പുളിപ്പ് ലഹരിയായി നുരക്കണം. വീണ്ടും വീണ്ടും അതിലേക്ക് മടങ്ങണം.

ഒരു പക്ഷെ ഈ അനുഭവവും അനുഭൂതിയും വിവരിക്കാനുതകുന്ന ഒരു രൂപകവും പ്രപഞ്ചത്തിലില്ല തന്നെ.

ഇൽമ്-ഹാൽ: അക്ബരിയൻ ജ്ഞാനശാസ്ത്രം

ഇൽമ് (അറിവ്) എന്നതിന് ധാരാളം വിപരീതങ്ങളുണ്ട്. ജഹ്ൽ (അജ്ഞത) നേരിട്ടുള്ള വിപരീതമാണ്. ഇബ്നു അറബി ഹാൽ എന്ന വിപരീതം അവതരിപ്പിക്കുന്നുണ്ട് മഴയെക്കുറിച്ചുള്ള അധ്യായത്തിൽ. ഹാൽ എന്നതിന് ഒരർഥമല്ല ഉള്ളത്. സൂഫികൾ തന്നെ, “അവനൊരു ഹാലിലാണ്,” എന്നു പറയുമ്പോഴും പൊതുവായ ഉപയോഗത്തിൽ ഹാലിളക്കം എന്ന് പറയുമ്പോഴും നോർമലും സ്ഥായിയുമായ അവസ്ഥയിൽ നിന്നുള്ള വ്യതിചലനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ എല്ലാവരും അംഗീകരിക്കുന്ന അവസ്ഥയിൽ തുടരാൻ ദിവ്യപ്രണയമുള്ളവർക്ക് കഴിയാറില്ല. അവർ പ്രണയാവസ്ഥയിൽ മതിമറന്ന് ജീവിക്കുന്നവരാണ്. അവർ പ്രണയത്താൽ ഉന്മത്തരായ മസ്താൻമാരാണ്. ആ അർത്ഥത്തിൽ സൂഫികൾ ഹാലിളക്കം വന്നവരാണ്. എന്നാൽ ഹാൽ എന്നതിന് വേറെയും അർത്ഥതലങ്ങളുണ്ട്. അറബി വ്യാകരണത്തിൽ സന്ദർഭസൂചകമായ കർമവിഭക്തിയാണ് ഹാൽ (Circumstantial accusative).

ഇബ്നു അറബി ഹാലിനെ സ്വീകരിക്കുന്നത് ഇൽമിലല്ലാത്ത അവസ്ഥയെ സൂചിപ്പിക്കാനാണ്. ഒരു തരത്തിൽ ഇതിന് മേൽസൂചിപ്പിച്ച അർത്ഥത്തിൽ നിന്ന് വലിയ വ്യത്യാസമില്ല എന്ന് കാണാം. കാരണം അറിവൊഴിഞ്ഞ മനസുകളാണ് നോർമലല്ലാത്ത പ്രണയാനുഭൂതിയുടെ തലത്തിൽ നിൽക്കുക. എന്നാൽ എറിക് വിംഗൽ ഈ സന്ദർഭത്തിൽ ഹാലിനെ പരിഭാഷപ്പെടുത്തുന്നത് മൊമന്ററിനെസ് (Momentariness) എന്നാണ്. ക്ഷണികതയുടെ തലമാണത്. ഏതാനും നിമിഷത്തേക്ക്, വിശാലമായ സമയത്തിന്റെ ഒരു കഷണത്തിലേക്ക്, ഒതുങ്ങുക എന്നർത്ഥത്തിൽ. അറിവിനെക്കുറിച്ചുള്ള ആധുനിക സങ്കൽപത്തിന്റെയും അറിവിനെ ആധുനികത വിഭജിച്ച്, ശേഖരിച്ച്, വിപണനം ചെയ്യുന്നതിന്റെയും വിമർശനം അതിലുണ്ട്. അതു പോലെ അളന്ന് തിട്ടപ്പെടുത്താനാവുന്ന ഒന്നായി (സമയമായി) കാലത്തെ സങ്കൽപിക്കുന്ന ആധുനികതാകാലത്തെന്റെ (Time of Modernity) വിമർശനവും അതിലുണ്ട്.

നാം ജീവിച്ചിരിക്കുന്ന കാലത്തുള്ള അറിവിന്റെ സ്വഭാവമെന്തെന്നാൽ, അത് ക്ഷണികമാണ് എന്നതാണ്; ഒരു വ്യക്തിയോ തലമുറയോ ജീവിച്ചിരിക്കുന്ന കാലത്തിന്റെയും സ്ഥലത്തിന്റെയും പരിവൃത്തിയിലും പരിമിതിയിലും അറിവ് ഒതുങ്ങുന്നു എന്നുളളതാണ്. നാം ക്ലാസിക്കൽ കാലഘട്ടത്തെക്കുറിച്ചും ജ്ഞാനോദയത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാൽ ക്ലാസിക്കലാകാൻ പര്യാപ്തമായ, വരും തലമുറക്ക് ദിശനൽകാൻ കഴിയുന്ന, അറിവും, അനുഭവവും ഇന്ന് ഉത്പാദിപ്പിക്കുന്നുണ്ടോ, പങ്ക് വെക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. കമ്പോളത്തിന് ആവശ്യമുള്ള നിപുണരായ വ്യക്തികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ആധുനിക സർവകലാശാലകൾ. വ്യവസ്ഥയിൽ നിന്ന് തെന്നിമാറുകയും, വ്യവസ്ഥയുടെ തുടർച്ചയെ അലോസരപ്പെടുത്തുകയും ചെയ്യുന്ന അറിവുകൾ ഉപയോഗശൂന്യമോ അപകടകരമോ ആണ്. അല്ലെങ്കിൽ, അസംബന്ധമോ, വട്ടനാശയങ്ങളോ ആണ്. ആരോഗ്യരംഗം ഉദാഹരണമായെടുക്കാം. കോവിഡ് കാലത്ത് അതാണല്ലോ മികച്ച മാനകം. ഹോളിസ്റ്റിക് ആരോഗ്യത്തെക്കുറിച്ചോ വൈദ്യശാസ്ത്രത്തിന്റെ ദാർശനികമായ തലത്തെക്കുറിച്ചോ സംസാരിക്കുന്ന ഒരാൾ എത്ര ശാസ്ത്രപരിജ്ഞാനമുള്ള ആളാണെങ്കിലും കപടനോ, ഭ്രാന്തനോ ആയി ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അറിവും വ്യവസ്ഥയും അധികാരവും തമ്മിലുള്ള സൂക്ഷമമായ ബന്ധമാണ് ഈ നിർണയങ്ങളുടെ ആധാരം.

അതു പോലെതന്നെ ഫിഖ്ഹ് പിന്തുടരുന്ന ചിലർ, നിയമത്തിന്റെ ജ്ഞാനപരമായ അടിസ്ഥാനം അന്വേഷിക്കുന്ന (sapiential) മിസ്റ്റിക്കലും ദാർശിനകവുമായ കാഴ്ചപ്പാടുകളെ വിശ്വാസത്തിൽ നിന്ന് പുറന്തള്ളാനും ഇകഴ്ത്താനും ശ്രമിക്കുന്നത് കാണാം. എല്ലാ വ്യവസ്ഥകളും അറിവിനെ അതിര് തിരിച്ച് വെക്കുകയും അതിന്റെ ഉദാത്തമായ മാനങ്ങളെ അവഗണിക്കുകയും ചെയ്യും.

ഇബ്നു അറബിയിലേക്ക് വരാം. ആർക്കു വേണ്ടിയാണ് മഴയെ തേടേണ്ടത്. നേരത്തെ പറഞ്ഞപോലെ, ദൈവത്തെ അറിഞ്ഞ ആരും തന്നെ തങ്ങൾക്ക് വേണ്ടി മഴ തേടാറില്ലല്ലോ. മഴ അങ്ങനെ ഒരു പറമ്പിൽ മാത്രമായിട്ടോ, ഒരു കിണർ നിറക്കാനായിട്ടോ പെയ്യാറുമില്ല. പെയ്ത വെള്ളം ആർക്കും കൊടുക്കാതെ നിറച്ച് വെക്കാനും, അതിൽ അവകാശവാദം ഉന്നയിക്കാനും കഴിഞ്ഞേക്കും. മഴ തേടുന്ന ദിവ്യജ്ഞാനികൾ അത് തേടുന്നത് തങ്ങളുടെ അറിവിനെയും അനുഭവത്തെയും ദൈവികമായ മാനദണ്ഡത്തിലേക്ക് ചേർത്ത് വെക്കാത്ത അജ്ഞാനികൾക്കാണ്. ആരിഫീങ്ങൾ എപ്പോഴും അവനെ തേടിക്കൊണ്ടിരിക്കുന്നു. അവനില്ലാത്ത അവസ്ഥ അവർക്കില്ല. മഴ പെയ്താലും കാറൊഴിഞ്ഞാലും, ദൈവികേച്ഛയെയും പ്രതിഭാസങ്ങളുടെ സംവിധാനത്തിലുമുള്ള അവന്റെ നിർണയത്തെയും (ഖദ്ർ) അവർ മനസിലാക്കുന്നു. ദൈവ കാരുണ്യത്തെക്കുറിച്ച് അവർക്ക് നിരാശയില്ല. പിന്നെ എന്തിനു വേണ്ടി അവർ തേടണം. അർക്ക് വേണ്ടി തേടണം. ആരിഫീങ്ങളല്ലാത്തവർക്കായി തേടണം.

പ്രവാചകൻ ﷺ റബ്ബിനോട് മഴയെ തേടിയപ്പോൾ തനിക്ക് വേണ്ടിയല്ല തേടിയത്. അപരന് വേണ്ടിയാണ്. അതായത്, സ്വന്തം ജ്ഞാനത്താൽ ദൈവത്തെ അറിയാത്തവർക്ക് വേണ്ടി. അറിഞ്ഞവരൊക്കെയും തങ്ങൾക്ക് വേണ്ടിയല്ല തേടിയത്. അപരർക്ക് വേണ്ടിയാണ്. അതായത് തങ്ങളുടെ ജ്ഞാനത്താൽ ദൈവത്തെ അറിയാത്തവർക്ക് വേണ്ടി. അല്ലാഹു പറഞ്ഞതായി ആധികാരികമായ ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: “എന്റെ ദാസാ, നിന്നോട് ഞാൻ മഴ തേടി. നീ എന്നെ കുടിപ്പിച്ചില്ലല്ലോ.” അവൻ അല്ലാഹുവിനേട് ചോദിച്ചു: “ഞാനെങ്ങനെയാണ് നിന്നെ കുടിപ്പിക്കുന്നത്. നീ ലോകത്തിന്റെ റബ്ബല്ലേ.” അപ്പോൾ അല്ലാഹു പറഞ്ഞു: ‘നിന്നോട് ആളുകൾ മഴതേടിയപ്പോൾ നീ കുടിപ്പിച്ചില്ലല്ലോ.” (നിനക്കറിവുണ്ടായിട്ടും നീയവർക്കായി മഴതേടിയില്ലല്ലോ)
(ഖണ്ഡിക 445)8

ചിലരുടെ അറിവുകൾ ദൈവികമായ മാനത്തെ തിരിച്ചറിയുന്നിടത്തോളം വിശാലമല്ല. മഴയെക്കുറിച്ച് കേവലമായ ഭൗതികതക്കപ്പുറം അവർക്ക് അറിവോ ഉൾക്കാഴ്ചയോ ഇല്ല. കാരണം, ലഭ്യത, ഉപയോഗം, വിതരണം തുടങ്ങിയവയിൽ പദാർതഥപരമായ മാനങ്ങളാണ് പ്രതിഭാസങ്ങൾക്കവർ നിശ്ചയിക്കുന്നത്. യാഥാർത്ഥമായ (ഹഖ്) ഒരുവനിൽ നിന്നുള്ള മഴയെ അവർ സമീപിക്കേണ്ടത് പരസ്പരമുള്ള കടമകളുടെയും ഉത്തരവാദിത്വത്തിന്റെയും തലത്തിലാണ് (ഹുഖൂഖ്). ആർക്കും നിഷേധിക്കാതെയും ആരും സ്വന്തമെന്ന് അവകാശപ്പെടാതെയും വിതരണം ചെയ്യുക എന്ന തലമാണത്. പദാർത്ഥപരമായ വീക്ഷണകോണിൽ ഊന്നിനിന്നുകൊണ്ടുള്ള സമീപനത്തിൽ നിന്ന് ആ ഒരു തലം ഉണ്ടാവുക അസാധ്യമാണ്. അറിവുള്ളവർ മഴചോദിക്കുന്നത് ആ ഒരു തലത്തിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണാത്തവരുടെ പ്രതിനിധി ആയിട്ടാണ്.

ദൈവികമായ ഈ ഒരു മാനം ഒരു വ്യക്തിയിൽ അസന്നിഹിതമാകുമ്പോൾ, അയാൾ നൈമിഷികമായ തലത്തിലേക്ക് ഇറങ്ങിപ്പോകുന്നു. അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്ത അനന്തമായ കാലത്തിലൊരു ഖണ്ഡത്തിൽ മാത്രം, സെഗ്മന്റായ യാഥാർത്ഥ്യത്തിൽ ഒതുങ്ങി അയാൾ ജീവിക്കുന്നു. അല്ലെങ്കിൽ ഭൗതികമായ കാലത്തുടർച്ചകളിൽ പൊങ്ങുതടികളായി ഒഴുകുന്നു (floating). അതാണ് ഹാലുകാർ (അസ്ഹാബുൽ അഹ്‍വാൽ) ചെയ്യുന്നതും. നോക്കുക ഇവിടെ ഹാലല്ല, അഹ്‍വാൽ ആണ്. ബഹുവചനമാണ്. കേവലം ഒരു സമയഖണ്ഡത്തിലല്ല. ആധുനികമായ സ്ഥല-കാല ഖണ്ഢങ്ങളുടെ വിവിധ തലത്തിലാണ് അവർ പ്രതിഭാസങ്ങളെ സമീപിക്കുന്നത്.

ഇബ്നു അറബി പറയുന്നു:
നൈമിഷികാവസ്ഥകളുടെ ആൾക്കാർ (അസ്ഹാബുൽ അഹ്‍വാൽ) ശരിയായ അറിവിൽ നിന്ന് തങ്ങളുടെ ഹാലിനാൽ തീർത്ത മറയിൽ ജീവിക്കുന്നവരാണ്. അങ്ങനെ കേവലമായ സമയഖണ്ഡത്തിൽ ജീവിക്കുന്നവർ മര്യാദ കൊണ്ടും മാന്യത കൊണ്ടും സംരക്ഷിക്കപ്പെട്ടില്ലെങ്കിലും മര്യാദയില്ലാത്തവരെന്ന കുറ്റം പേറുന്നവരല്ല. കാരണം അവരുടെ ഭാഷ നൈമിഷികമായ ഭാഷയാണ്. എന്നാൽ ചെറിയ കുറവുകൾക്ക് പോലും ഇൽമിന്റെ ആളുകൾ പഴികേൾക്കേണ്ടി വരുന്നു.”9 (ഖണ്ഡിക 451).

അദബ് (മാന്യത, മര്യാദ, സൽപെരുമാറ്റം) എന്നതിനും രണ്ട് തലങ്ങളുണ്ട്. ഹഖ് അഥവാ യഥാർത്ഥ്യപ്പൊരുളിൽ നിന്ന് ജീവിതത്തിനും ശീലങ്ങൾക്കുമുള്ള വൈരുദ്ധ്യത്തെ തിരിച്ചറിയലാണ് അദബ്. ആ അദബില്ലാത്തവർ ജീവിച്ചിരിക്കുന്ന കാലത്തിന്റെയും സ്ഥലത്തിന്റെയും ശീലങ്ങളുമായി ചേർന്ന് പോകുന്നു. അതിനെ നാഗരികത എന്ന് പറയാം. അറബിയിൽ നടപ്പുശീലമായ നാഗരികതയെയും അദബ് എന്നു തന്നെയാണ് പറയുന്നത്. നടപ്പുശീലത്തിന് യാഥാർത്ഥ്യവുമായുള്ള വൈരുദ്ധ്യത്തെ തിരിച്ചറിയാൻ സഹായിക്കുന്ന അദബ് നഷ്ടപ്പെട്ടവർ നടപ്പുശീലമായ അദബിലും, ഇപ്പോഴത്തെ ഭാഷയിലും (ലിസാനുൽ ഹാൽ) നഷ്ടപ്പെട്ട് ജീവിക്കുന്നവരാണ്. (ദിവ്യപ്രണയത്തിന്റെ ഹാലിളക്കമില്ലാത്തവർ ഓരോരോ ഹാലുകളിൽ അകപ്പെട്ട് കഴിയുന്ന പോലെ. അദബിനെപ്പോലെ ഹാലിനുമുണ്ട് വിശാലമായ മാനങ്ങൾ). എന്നാൽ അറിവുള്ളവർ നടപ്പുശീലത്തിൽ ജീവിച്ചില്ലെങ്കിലും, അതിനോട് കേവലമായ ആഭിമുഖ്യം പുലർത്തുന്നതു പോലും ആക്ഷേപാർഹമാണ്.

ഇബ്നു അറബി തുടരുന്നു: “അറിവ് കൊണ്ടുള്ള സാക്ഷ്യമാണ് നീതി. എന്നാൽ ക്ഷണികമായ നിമിഷത്തെ (ഹാലിന്റെ) സാക്ഷിയാക്കുന്നവർ തങ്ങളെ ആ നിമിഷ ഖണ്ഡത്തിൽ തന്നെ ശുദ്ധീകരിക്കുന്നവരെ തേടുന്നു. (എല്ലാവരും സ്വകാര്യമായി സാഖിയെ തേടുന്നു). അറിവുള്ളവർ മാത്രമാണ് ആ ശുദ്ധീകരണം നടത്തുക.10

അതുകൊണ്ടാണവർ മഴ തേടുന്നത്. ആ ഉള്ളറിവില്ലാത്തവർക്കായി. എന്തുകൊണ്ടാണ് നൈമിഷകമായ ആഗ്രഹങ്ങൾക്കും ഉപഭോഗത്വരകൾക്കും വേണ്ടി ജീവിക്കുന്നത് സത്യസാക്ഷ്യമല്ലാതാകുന്നത്. അത് നൈരന്തര്യങ്ങളുടെ ഭാവപ്പകർച്ചയിൽ നഷ്ടപ്പെടുന്നതു കൊണ്ടാണ്.

ശൈഖുൽ അക്ബർ പറയുന്നു: “ഹാലിന്റെ ആളുകൾ ഇൽമിനെ തേടുന്നു. എന്നാൽ ഇൽമിന്റെ ആളുകൾ ഹാലിനെ അന്വേഷിച്ച് പോകുന്നില്ല. സുവ്യക്തമായ ദിവ്യാനുഭവത്തിൽ നിന്ന് ആശയപ്പകർച്ചയിലേക്ക് പോകുവാൻ ഏതെങ്കിലും ബുദ്ധിമാൻ കൊതിക്കുമോ11

ഈ വ്യക്തത എന്നത് സത്യത്തിന്റെ മേലുള്ള അഹങ്കാരം നിറഞ്ഞ അവകാശവാദമോ, തൻപ്രമാണിത്തമോ അല്ല. Ambiguity എന്ന് പറയാവുന്ന വൈവിധ്യവുമല്ല ആശയപ്പകർച്ച. മറിച്ച് എപ്പോഴും വെച്ച് മാറാവുന്ന ഉൽപന്നമായി ആശങ്ങളെ കൈയ്യടക്കുകയും നൈമിഷമായ ലക്ഷ്യങ്ങൾക്കായി പുനരുത്പാദനം ചെയ്യുകയും ചെയ്യുന്ന നോളജ് എക്കോണമിയുടെ ഭാവനയാണത്. അതിൽ നിന്നാണ് അറിവിനെയും, ജീവിതത്തെയും യഥാർത്ഥ ജ്ഞാനികൾ വേർപെടുത്തുന്നത്.


(എറിക് വിംഗൽ നിർവഹിച്ചു കൊണ്ടിരിക്കുന്ന ഫുതൂഹാത്തുൽ മക്കിയ്യയുടെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ ഒരു ഭാഗം വായിക്കുന്ന വേളയിലാണ് ഈ ലേഖനത്തിന്റെ ആശയങ്ങൾ രൂപപ്പെട്ടത്. ഒരു ചെറിയ എഡിറ്റർ എന്ന നിലക്ക് വിവർത്തന ഉദ്യമത്തിന്റെ ഭാഗമാക്കാൻ അദ്ദേഹം പ്രകടിപ്പിച്ച സന്മനസിന് നന്ദി.) 

  1. ഫുതൂഹാത്തുൽ മക്കിയ്യയുടെ പതിനഞ്ചാമത്തെ ജുസ്ഇലാണ് (ഭാഗം) വരുന്നത് (ഖണ്ഡിക 439 മുതൽക്കുള്ള ഭാഗം, എഡിഷൻ, മജ്ലിസുൽ അഅ്ലാ ലിസഖാഫ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ സറ്റഡീസ്, സോർബോൺ, ശേഷം ഉദ്ധരിക്കുന്ന ഭാഗങ്ങൾ ഈ എഡിഷനിൽ നിന്നും സ്വീകരിച്ചതാണ്)
  2. الا ترى أن الشارع قد شرع أن يقول فى جلوسه بين السجدتين: “اللهم اغفر لى وارزقني وأجبرني” فشرع له فى الصلاة طلب الرزق. والاستسقاء طلب الرزق
  3. لما شرع الله فى الصلاة الدعاء بقوله (اهدنا الصراط المستقيم) والاستسقاء دعاء مخصوص-فأراد الحق أن يكون الدعاء فى مناجاة مخصوصة, يدعو فيها (المصلى) بتحصيل قسمه المعنوى من الهداية الي الصراة المستقيم =صراط النبيين الدين هداهم الله بطلب الأول الذى فيه السعادة المخصوصة بأهل الله. ثم بعد ذلك يستسقون فى طلب ما يعم الجميع, من الرزق المحسوس الذى يشترك فيه جميع الحيوانات و جميع الناس: من طائع وعاص وسعيد وشقى
  4. April is the cruellest month/ breeding, Lilacs out of the dead land mixing,/ Memory and desire, stirring/ Dull roots with spring rain. (TS Eliot/Waste Land)
  5. الإستسقاء طلب السقيا
  6. الحق مشهودهم فى كل حال
  7. Martin Lings, What is Sufism? Islamic Book Trust, Kuala Lumpur, Page 87
  8. فاذا استقى النبىّ – صل الله عليه وسلم – ربه فى إنزال المطر (فهو لم يستسقه فى حق نفسه, بل فى حق غيره , ممن لا يعرف الله معرفته) والعلماء بالله لم يستسقوه فى حق نفوسهم, وإنما استسقوه فى حق غيرهم , ممن لا يعرف الله معرفتهم…كما ورد فى الحديث الصحيح: قال الله تعالى: استسقيتك عبدي -فلم تسقنى , قال: و كيف أسقيك و أنت ربّ العالمين؟ قال: استسقاك فلان فلم تُسقه
  9. فانّ أصحاب الأحوال محجوبون بالحال عن العلم الصحيح. فصاحب الحال إذا لم يكن محفوظا عليه أدبه لم يُؤاخَذ بسوء الأدب, إذ كان لسانه لسان الحال. وصاحب العلم مؤاخذ بأدنى شيء
  10. شاهدالعلم عدل: و شاهدالحال فقير إلى من يزكيه فى حاله: ولا يزكيه إلاّ صاحب العلم
  11. وصاحب العلم لا يطلب الحال. أيّ عاقل يكون, من يطلب الخروج من الوضوح الى اللبس

Featured Image: Elisaveta Bunduche

Comments are closed.