റെയിൽവേ പാളങ്ങൾ എന്തെങ്കിലും ചിന്തകളെ ഉണർത്തുന്നുണ്ടോ? അതല്ല, അവ നെടുനീളെ നീണ്ടുകിടക്കുന്ന അനന്തതയെ, അല്ലെങ്കിൽ നമ്മെ അങ്ങനെ തോന്നിപ്പിക്കുന്ന വ്യാജമായ അനന്തതയെ സൂചിപ്പിക്കുന്ന ദൈനംദിനതയുടെ അടയാളങ്ങളാണോ? കേരളത്തിലെ ആദ്യ റെയിൽവേ പാതയിലൂടെ നടക്കുകയായിരുന്നു ഞാൻ. ബ്രിട്ടീഷുകാർ അവ സ്ഥാപിച്ചത് ചരക്കുനീക്കത്തിനായിരുന്നു എങ്കിലും, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വിലകൂടിയ വ്യാപാരവസ്തുക്കളിലൊന്നായ നിലമ്പൂരിലെ തേക്ക് മരങ്ങൾ കടത്തുക എന്ന മറ്റൊരു ലക്ഷ്യവും അവയ്ക്കുണ്ടായിരുന്നു. മനസ്സിനുള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്ന ആ ചരിത്രത്തിലെ അടിയൊഴുക്കിന്റെ താളക്രമത്തോട് ചേർന്നായിരുന്നു എന്റെ നടത്തമപ്പോൾ.

അപ്പോഴാണ് എ.കെ.ബിയെ (എ.കെ. ഭട്ടാചാര്യ) ഞാൻ ഓർക്കുന്നത്. അദ്ദേഹം ചിന്തിച്ചു; അതുകൊണ്ട് അദ്ദേഹം ഉണ്ട്. എ.കെ.ബി. എഴുതിയത് ചിന്തിച്ചതുപോലെ തന്നെയായിരുന്നു—കോമയും പാരഗ്രാഫുകളുമില്ലാതെ. മനസ്സിന്റെ ചിതറിയ ഫിനോമിനോളജിക്കലായ ആയിത്തീരലുകളെ കോമകൾ, സെമികോളനുകൾ, ഹൈഫണുകൾ തുടങ്ങിയ ചിഹ്നങ്ങൾ കൊണ്ട് വിഭജിച്ചുകൊണ്ട് ചിന്തിക്കാനാവില്ല എന്നതാണ് യാഥാർഥ്യം. ചിന്തകളെ പുനർനിർമിക്കുമ്പോൾ അവ ഒരു ചിന്താധിപന്റെ ഉത്തരവുകൾ അനുസരിക്കുന്നുവെന്നപോലെ പാരഗ്രാഫുകളിലേക്ക് ഒതുങ്ങുകയില്ല. ചിന്തകൾ എഡിറ്ററുടെ മിഥ്യാമഹിമയെ പൊളിച്ചെറിയുന്നുണ്ട്. എഡിറ്റുചെയ്ത സ്വന്തം എഴുത്തിനെ അതിന്റെ ആദ്യരൂപത്തിലെ അതിരുകളില്ലാത്ത അരാജകത്വത്തിലേക്ക് തിരുത്തിയെഴുതുന്നുണ്ട് എ.കെ.ബി. ആ തിരുത്തിയെഴുത്തിൽ, എഡിറ്റർമാർ വാക്കുകളുടെ ശിൽപികളെന്ന പദവി വിട്ട് മറ്റെന്തെങ്കിലും ജോലി നോക്കുന്നതാവും നല്ലതെന്ന സൂചനകളുണ്ടായിരുന്നു.

എ.കെ.ബി. പലപ്പോഴും സ്വയം സംസാരിച്ചുകൊണ്ടിരുന്നു; ചുറ്റിലും അദ്ദേഹത്തെ കേൾക്കാനായി ആകാംക്ഷയോടെ കൂടിയിരുന്നവരുടെ സാന്നിധ്യത്തിലും. തന്റെ അമൂർത്ത ചിന്തകളിൽ നിന്ന് ഒഴുകിവരുന്ന ക്രമരഹിതമായ വാക്കുകളിലൂടെ അദ്ദേഹം എല്ലാവരോടുമായിരുന്നു യഥാർഥത്തിൽ സംസാരിച്ചത്. ഞങ്ങളെല്ലാം ചോദിക്കാൻ ആഗ്രഹിച്ച, ധൈര്യമില്ലാത്തതുകൊണ്ട് മാത്രം ചോദിക്കാതിരുന്ന ആ ചോദ്യം എന്റെ സുഹൃത്ത് ജോസഫ് ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു: “ആരോടാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്?”

ഇവിടെ മരണത്തെ വെല്ലുവിളിക്കുന്ന ചില പ്രവർത്തനങ്ങളെ ഞാൻ ഓർത്തുപോകുന്നു—ഗാസയിൽ മരണത്തെ നേരിടുന്നത് (രക്തസാക്ഷികൾക്ക് നന്ദി), പർവതാരോഹണം (മാർക്ക് ട്വൈറ്റ്, താങ്കൾക്ക് നന്ദി), അഗ്നിശമനം, കാട്ടുതീ പടർന്നുപിടിക്കുന്ന വഴിയിലൂടെ സ്കൂൾ ബസ് ഓടിക്കുന്നത് (Last Bus എന്ന ചിത്രം ഓർമ വരുന്നു).

“അവരോട്,” എ.കെ.ബി. പറഞ്ഞു, “റെയിൽവേ പാതയുടെ വശങ്ങളിലായി കിടക്കുന്നവരോട്.”
“ചിതറിക്കിടക്കുന്ന കുറച്ച് കല്ലുകളൊഴിച്ച് എനിക്കവിടെ ആരെയും കാണാനാകുന്നില്ല,” ജോസഫ് പറഞ്ഞു.
“നിങ്ങൾ കാണുന്നതല്ല ഞാൻ കാണുന്നത്,” എ.കെ.ബി. മറുപടി നൽകി. “ആ കല്ലുകൾക്കടിയിൽ ആയിരക്കണക്കിന് മനുഷ്യർ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ സംസാരിക്കാൻ കാത്തിരിക്കുകയാണ്.”
“ആരാണ് അവരെ അവിടെ അടക്കം ചെയ്തത്?”
“തങ്ങളുടെ ക്രൂരതകളെ നാഗരിക നേട്ടങ്ങളായി ചരിത്രത്തിൽ രേഖപ്പെടുത്തിയ എല്ലാ വിജയികളും—ബ്രിട്ടീഷുകാരും, പോർച്ചുഗീസുകാരും, മറ്റെല്ലാവരും.”

എന്റെ അറിവിൽ, കൊളോണിയൽ കാലത്ത് റെയിൽവേ ട്രാക്കുകളിൽ ആളുകളെ അടക്കം ചെയ്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ അനുമാനങ്ങൾ, അല്ലെങ്കിൽ ബോധ്യങ്ങൾ, മസ്തിഷ്കത്തിനകത്ത് ആശയങ്ങൾ നിർദേശിക്കുന്ന ഒരു അദൃശ്യ ശബ്ദത്തിൽ നിന്നാണ് ജനിക്കുന്നത്. ആ ശബ്ദസ്രോതസ്സിനെ അദ്ദേഹം തന്നോട് സംസാരിക്കാനായി പ്രകോപിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ എ.കെ.ബി. എല്ലാ തരത്തിലുള്ള മിസ്റ്റിക്, അർധ/വ്യാജ മിസ്റ്റിക് ചിന്താധാരകളിൽ നിന്നും സ്വയം പിന്മാറിയിരുന്നു (ഇവിടെ മുഅ്തസിലി ദൈവശാസ്ത്ര പാരമ്പര്യത്തിലേക്കുള്ള സൂചന മനപൂർവമാണ്). അദ്ദേഹത്തിന്റെ ആശയങ്ങളുടെ ഉത്ഭവത്തിനും കേന്ദ്രത്തിൽ നിന്നു ചുറ്റുപാടുകളിലേക്ക് പടർന്ന സഞ്ചാരത്തിനും അവയുടേതായ നിഗൂഢമായ വഴികളുണ്ടായിരുന്നു. അവ ഒരേസമയം രൂപത്തെ കൈക്കൊള്ളുകയും ഉപേക്ഷിക്കുകയും ചെയ്തു.

ആകസ്മികമെന്നോണം, റെയിൽപാളങ്ങളുമായി ബന്ധപ്പെട്ട എന്റെ ആദ്യ ഓർമ തന്നെ മരണത്തിന്റെ ചൂടേറ്റതായിരുന്നു എന്ന് ഞാനോർത്തു. ബാല്യം ചെലവഴിച്ച പെരണ്ടൂർ കനാലിന്റെ സമീപപ്രദേശങ്ങൾ, ജീവിതയാത്ര അകാലത്തിൽ അവസാനിപ്പിക്കാൻ ഹതഭാഗ്യരായ ആത്മാക്കൾ തിരഞ്ഞെടുക്കുന്ന ഇടമായിരുന്നു. അതുകൊണ്ടാകാം, രാത്രിയാത്രക്കാരെ റെയിൽപാളങ്ങളിൽ അലഞ്ഞുതിരിയുന്ന ഭൂതസദൃശമായ രൂപങ്ങൾ സ്വാഗതം ചെയ്യുന്ന കഥകൾ സുഹൃത്തുകൾ എന്നോട് പങ്കുവച്ചിരുന്നത്. ഒരിക്കൽ റെയിൽപാളത്തിന് സമീപമുള്ള ഒരു സലൂണിൽ പോയതായിരുന്നു ഞാൻ. അന്നേ ദിവസം ആരോ അവിടെ ജീവനൊടുക്കിയിരുന്നു. വർണങ്ങൾ നിറഞ്ഞ തോർത്ത് ചുറ്റി തിരിയുന്ന കസേരയിൽ ഇരിക്കുമ്പോഴാണ് കടയുടെ ഉടമയായ ബാലൻ ചേട്ടന്റെ സുഹൃത്ത് അകത്തേക്ക് വന്ന് പൊലീസ് എത്തിയതായും മൃതദേഹം ഉടൻ കൊണ്ടുപോകുമെന്നുമുള്ള വിവരം അറിയിച്ചത്. തിരിച്ചു വരുമ്പോൾ, രക്തക്കറകൾ പുരണ്ട കൈതോലപ്പായയിൽ പൊതിഞ്ഞ ഒരു ശരീരത്തിന്റെ വശങ്ങൾ ആംബുലൻസിലേക്ക് ഉയർത്തിക്കൊണ്ടുപോകുന്ന ദൃശ്യം എന്റെ കണ്ണിൽ പെട്ടു.

റെയിൽപാളങ്ങൾക്കടിയിൽ അടക്കംചെയ്യപ്പെട്ടവരുടെ മുഴങ്ങിക്കൊണ്ടിരിക്കുന്ന നിശബ്ദ നിലവിളികൾ, മലബാർ കലാപത്തിൽ ചരക്കുവണ്ടിയിൽ ഈ പാളങ്ങളിലൂടെ കൊണ്ടുപോയ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ ശരീരങ്ങൾ, കോവിഡ് ലോക്ക്ഡൗണിൽ ക്ഷീണിതരായി ട്രാക്കുകളിലുറങ്ങി മരിച്ച അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ—എല്ലാം ഇന്ന് ഒരു ക്ലീഷെ അല്ലാതെയാകുമാറ് നമ്മൾ മറന്നുപോയ ഒരു ക്ലീഷെ വാചകത്തെ ഓർമിപ്പിക്കുന്നുണ്ട്: മരണത്തിലാണ് ജീവിതം.

മരണത്തെ അതിജീവിക്കാനുള്ള ശ്രമമാണ് പലപ്പോഴും ജീവിതം. വേഗതയാണ് ക്ഷണികമായ, രോഗഗന്ധമുള്ള നിശ്ചലതയ്‌ക്കെതിരെ നാമുപയോഗിക്കുന്ന ആയുധം. നാം നിശ്ചലരാകുമ്പോൾ—ഒന്നും ചെയ്യാതെ, വായിക്കാതെയും എഴുതാതെയും, നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയുമിരിക്കുമ്പോൾ—നാം ജീവിക്കാതിരിക്കുന്നതിനായി പരിശീലിക്കുകയാണ് ചെയ്യുന്നത്. മരണത്തോടുള്ള ഈ ഭ്രമാത്മക ലീലകളെ അകറ്റാൻ ആധുനികത വേഗതയുടെ ഉപകരണങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. റെയിൽവേ, ബുള്ളറ്റ് ട്രെയിനുകൾ, ഫാസ്റ്റ് ഫുഡ്—(ആഹാരമൂലമുള്ള മരണത്തിന്റെ നിശബ്ദ ഭീഷണിയോടൊപ്പം തന്നെ: വേഗത്തിൽ കഴിക്കുക, പക്ഷേ ആരോഗ്യകരമായ മറ്റൊരു വഴി പിന്തുടരുക)—എല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ഒരു വലിയ ഗ്രന്ഥത്തിന്റെ സാരം ഇന്ന് മൗസിന്റെ ഒരൊറ്റ ക്ലിക്കിൽ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക വിപ്ലവത്തിന് മുമ്പുള്ള കാലത്ത്, ഓരോ വരിയും വായിച്ച് തീരുമ്പോൾ, ഓരോ മണിക്കൂറിലും നാം പല മരണങ്ങൾ കഴിഞ്ഞുകടക്കേണ്ടിയിരുന്നു—ആയിരക്കണക്കിന് വാക്കുകളുടെ അർഥങ്ങളെ തിരിച്ചറിയാനുള്ള നമ്മുടെ ശേഷിയുടെ മരണം, വേഗത്തിൽ പഠിക്കാനുള്ള നൂതനമായ ആശയങ്ങളുടെ മരണം, യൗവനം നിലനിർത്താനുള്ള അനവധി സാധ്യതകളുടെ മരണം. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളെ ‘ജ്ഞാനം’ എന്ന് വിളിക്കുന്ന ആചാരത്തിന്റെ അവസാന ഘോഷം, വേഗത്തിനായുള്ള ആർത്തനാദമായി ഇന്നെങ്ങും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഇവിടെ മരണത്തെ വെല്ലുവിളിക്കുന്ന ചില പ്രവർത്തനങ്ങളെ ഞാൻ ഓർത്തുപോകുന്നു—ഗാസയിൽ മരണത്തെ നേരിടുന്നത് (രക്തസാക്ഷികൾക്ക് നന്ദി), പർവതാരോഹണം (മാർക്ക് ട്വൈറ്റ്, താങ്കൾക്ക് നന്ദി), അഗ്നിശമനം, കാട്ടുതീ പടർന്നുപിടിക്കുന്ന വഴിയിലൂടെ സ്കൂൾ ബസ് ഓടിക്കുന്നത് (Last Bus എന്ന ചിത്രം ഓർമ വരുന്നു). ഇവയുടെ പശ്ചാത്തലത്തിൽ എവിടെയോ ഹൈഡഗർ മുഴങ്ങിക്കേൾക്കാം: മരണത്തെ ഞാൻ എന്റെ ജീവിതത്തിലേക്ക് ഉൾക്കൊണ്ടാൽ, അതിനെ അംഗീകരിച്ച് അഭിമുഖീകരിച്ചാൽ, മരണഭീതിയിൽ നിന്നും ജീവിതത്തിന്റെ നിസ്സാരതയിൽ നിന്നും എനിക്ക് എന്നെത്തന്നെ മോചിപ്പിക്കാനാകും—അപ്പോൾ മാത്രമേ എനിക്ക് പൂർണമായി ഞാനായിത്തീരാനാകൂ.

റെയിൽപാളങ്ങൾക്കടിയിൽ അടക്കംചെയ്യപ്പെട്ടവരുടെ മുഴങ്ങിക്കൊണ്ടിരിക്കുന്ന നിശബ്ദ നിലവിളികൾ, മലബാർ കലാപത്തിൽ ചരക്കുവണ്ടിയിൽ ഈ പാളങ്ങളിലൂടെ കൊണ്ടുപോയ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ ശരീരങ്ങൾ, കോവിഡ് ലോക്ക്ഡൗണിൽ ക്ഷീണിതരായി ട്രാക്കുകളിലുറങ്ങി മരിച്ച അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ—എല്ലാം ഇന്ന് ഒരു ക്ലീഷെ അല്ലാതെയാകുമാറ് നമ്മൾ മറന്നുപോയ ഒരു ക്ലീഷെ വാചകത്തെ ഓർമിപ്പിക്കുന്നുണ്ട്: മരണത്തിലാണ് ജീവിതം. മരണത്തിലാണു കൂടുതൽ ജീവിതമുള്ളത്.

Comments are closed.