മഹാനായ സൂഫി ദാർശനികൻ ഫരീദുദ്ദീൻ അത്താർ ഒരു പരിത്യാഗിയുടെ സ്വപ്നം വിവിവരിക്കുന്നുണ്ട്. സ്വപ്നം ഇങ്ങനെയാണ്: ഇതുവരെ പിറന്നവരും ഇനി പിറക്കാൻ ഉള്ളവരുമായ മുഴുവൻ മനുഷ്യരെയും പടച്ചവനു മുന്നിൽ ഒരുമിച്ചുകൂട്ടിയിരിക്കുകയാണ്. മനുഷ്യർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവസരം നൽകിക്കൊണ്ട് ഒരുപാട് വാഗ്ദാനങ്ങൾ ദൈവം നിരത്തുകയാണ്. ദൈവം ചോദിക്കുന്നു: “നിങ്ങളിൽ ആർക്കാണ് ലൗകിക ആഗ്രഹങ്ങൾക്കെല്ലാം പൂർത്തീകരണം വേണ്ടത്?” അവിടെ കൂടിയവരിൽ തൊണ്ണൂറ് ശതമാനവും അത് തിരഞ്ഞെടുത്തു. അവരോട് പിരിഞ്ഞ് പോവാൻ ആവശ്യപ്പെട്ട ശേഷം രണ്ടാമതായി ദൈവം ചോദിച്ചു: “ആർക്കാണ് നരക ശിക്ഷയിൽ നിന്ന് രക്ഷ വേണ്ടത്?” ശേഷിക്കുന്നവരിൽ തൊണ്ണൂറ് ശതമാനം അതും തിരഞ്ഞെടുത്തു. ബാക്കിയുള്ളവരോട് ദൈവം ചോദിക്കുന്നത് സ്വർഗ്ഗം വേണ്ടവർ ആരാണ് എന്നാണ്. മുന്നോട്ട് വന്നവർക്ക് ദൈവം സ്വർഗവും നൽകി.

എല്ലാം കഴിഞ്ഞ് അവിടെ വളരെ ചുരുക്കം ചിലർ കൂടി ബാക്കിയുണ്ട്. ഭൗതിക തൃഷ്ണകളോ, നരകത്തീയോ, സ്വർഗ്ഗത്തിലെ സുഖങ്ങളോ അവരെ അവരെ പ്രലോഭിപ്പിച്ചില്ല. ഇത്തവണ ഇടിമുഴക്കം പോലെയാണ് ചോദ്യം വന്നത്: “നിങ്ങൾക്ക് ഞാൻ നരകത്തിൽ നിന്ന് രക്ഷ വാഗ്ദാനം ചെയ്തു. നിങ്ങൾക്കത് വേണ്ട. സുഖലോക സ്വർഗം ഞാൻ നിങ്ങളുടെ മുന്നിൽ വെച്ചു, അതും നിങ്ങൾ നിരസിച്ചു. പിന്നെ നിങ്ങൾക്ക് എന്താണ് വേണ്ടത്?

വിനയത്തോടെ തലതാഴ്ത്തി അവർ പറഞ്ഞു:
“നീ. നീ മാത്രമാണ് ഞങ്ങൾ ആരെയാണ് ആഗ്രഹിക്കുന്നത് എന്ന് അറിയുന്നവൻ”

സൂഫികൾ എല്ലാത്തിനും മുകളിൽ, നരകത്തിനും, സ്വർഗ്ഗീയ സുഖങ്ങൾക്കുമെല്ലാം മീതെ, ദൈവത്തെയാണ് തേടുന്നത്. തീക്ഷ്ണമായ പ്രണയത്തോടെ അവർ ദൈവത്തോട് മനം നിറഞ്ഞ് പ്രാർത്ഥിക്കുകയും മുനാജാത് (monajath) എന്ന് വിളിക്കുന്ന സ്വകാര്യ സംഭാഷണങ്ങളിലൂടെ അവനോട് സംവദിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാത്തിനുമപ്പുറം ദൈവത്തെ തേടുന്ന, ദൈവത്തിൽ നിന്ന് സൃഷ്ടികളുടെ നേർക്ക് പ്രവഹിക്കുന്ന സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ചുരുക്കം ചിലരുടെ സ്നേഹ മന്ത്രണങ്ങളാണ് മദ്ഹബേ ഇശ്‌ഖിന്റെ ഉള്ളടക്കം. പരലോകത്ത് വെച്ച് പടച്ചവനെ മുഖാമുഖം കാണാനാകുമെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ വളരെ അക്ഷമരാണ് ഈ സൂഫികൾ. ഇപ്പോൾ, ഇവിടെ വെച്ച് തന്നെ അവനെ കണ്ടുമുട്ടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഈ തീവ്ര സ്നേഹത്തിന്റെ, ഇശ്ഖിന്റെ പാതയിലൂടെ സഞ്ചരിച്ച സൂഫികളുടെ, കവികളുടെ, പ്രണയിനികളുടെ കവിതകളും, അധ്യാപനങ്ങളും, അഥവാ ഈ ലോകത്തു വെച്ചു തന്നെ പടച്ചവനെ കാണാനുള്ള ഉൽക്കടമായ ആഗ്രഹങ്ങളുടെ ആത്മീയ ഉന്നതിയുടെ പൊരുളുകളാണ് മദ്ഹബേ ഇശ്‌ഖിൽ നമുക്ക് കാണാനാവുക.

മുസ്‌ലിം ചിന്തകളുടെ അടിത്തട്ടിൽ നിന്ന് രൂപം കൊണ്ട, കാവ്യ ഭാഷയിലൂടെ ഉടയവനെ നോക്കിക്കാണുന്ന ആത്മീയ പാതയെ ആണ് മദ്ഹബേ ഇശ്ഖ് (അറബിയിൽ മദ്ഹബ് അൽ ഇശ്ഖ്) എന്ന് വിളിക്കുന്നത്. പ്രണയത്തിന്റെ വഴി എന്ന് നമുക്കതിനെ മൊഴിമാറ്റം ചെയ്യാം. പക്ഷേ ആ മൊഴിമാറ്റം അപര്യാപ്തമാണ് എന്നതാണ് യാഥാർത്ഥ്യം. കാരണം love- പ്രണയം എന്ന വാക്ക് സ്നേഹത്തിന്റെ ദൈവിക ഗുണങ്ങളോട് നീതി പുലർത്താത്ത തരത്തിൽ വിരസവും സർവ്വസാധാരണവുമാണ്. അതിനാൽ ഇശ്ഖ് എന്നാണ് സൂഫികൾ സ്നേഹത്തെക്കുറിച്ച് പറയാറുള്ളത്. അതാകട്ടെ കുറച്ചുകൂടി ദീപ്തമാണ്. അവരിൽ നിന്ന് ഉറവയെടുത്ത് പലയിടങ്ങളിലേക്കായി പ്രവഹിക്കുന്ന സ്നേഹത്തിന്റെ നൈരന്തര്യമാണത്. ഏതു പാത്രത്തിൽ അളന്നാലും ആ സ്നേഹം നിറഞ്ഞൊഴുകും. ഇതുകൊണ്ടൊക്കെയാണ് ഈ ധാരയെ ഞാൻ Radical Love എന്ന് വിളിക്കുന്നത്. പ്രശസ്ത ജാസ് സംഗീതജ്ഞൻ ജോൺ കോർട്രേൻ പറഞ്ഞത് അത്യുന്നതമായ സ്നേഹത്തിന്റെ പാതയാണിത് എന്നാണ്. അനേകം ജാസ് സംഗീതജ്ഞരെ പോലെ കോൾ ട്രെയിനും ഇസ്‌ലാമിനോട് അഗാധമായ താൽപര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത ഗാനമായ എ ലൗ സുപ്രീം (a love supreme) എന്നത് അല്ലാഹ് സുപ്രീം (Allah supreme) എന്നായി എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

സൂഫികൾ സംസാരിക്കുന്ന ഈ തീവ്ര പ്രണയത്തിന്റെ പാത ‘മദ്ഹബേ ഖുദാ’ അഥവാ ദൈവത്തിന്റെ പാത തന്നെയാണ്. മൻസൂർ അൽ ഹല്ലാജും, ഐനുൽ ഖുളാത്തും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അഥവാ ഈ തീവ്ര പ്രണയത്തിന്റെ പാതയാണ് ദൈവത്തിലേക്ക് നയിക്കുന്നതും, ദൈവത്തിന്റെ പാതയും. ഇസ്‌ലാമിക നിയമ (sharia) ധാരകളെല്ലാം അവയുടെ രീതിശാസ്ത്രം രൂപപ്പെടുത്തിയ വലിയ പണ്ഡിതന്മാരുടെ നാമധേയത്തിലാണ് നിലകൊള്ളുന്നത്. ഇമാം ഷാഫിഈയുടെ ഷാഫിഈ മദ്ഹബും, ഇമാം അബൂഹനീഫയുടെ ഹനഫീ മദ്ഹബും ഒക്കെ അറിയപ്പെടുന്നത് പോലെ. പക്ഷേ മദ്ഹബേ ഇശ്ഖ് എന്ന പ്രണയത്തിന്റെ പാത ഏതെങ്കിലും സൂഫിയുടെയോ പണ്ഡിതന്റെയോ നാമത്തിലല്ല. അതിനപ്പുറം അത് ദൈവത്തിന്റെ പാത എന്നാണ് വിളിക്കപ്പെടുന്നത്. ഇവിടെയാണ് കേവലം സൂചനാത്മകമായ പ്രണയം ദൈവികതയുടെ തന്നെ സത്തയായി പരിണമിക്കുന്നതും രൂപാന്തരപ്പെടുന്നതും.

ഒരു വസ്തു എത്രമാത്രം അമൂല്യമാണോ അത്രത്തോളം ആ വസ്തു വിലകുറച്ച് കാണുകയും, തരം താഴ്ത്തുകയും ചെയ്യപ്പെടാറുണ്ട്. സ്നേഹമെന്ന പ്രാപഞ്ചിക ദൈവിക ശക്തി തീരെ ചെറിയൊരു ഇടത്തിലേക്ക് ചുരുക്കപെട്ടിട്ടുണ്ട്. ഇന്ന് നാം സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ഒരുതരം ‘പൈങ്കിളി പ്രേമത്തെ’യാണ് ഓർമ്മിപ്പിക്കുന്നത്. സൂഫികൾക്ക് പ്രണയമെന്നാൽ പ്രകാശമാണ്. ആയിരക്കണക്കിന് നിറത്തിലും രൂപത്തിലും അണപൊട്ടിയൊഴുകി ഒന്നിലേക്ക് ചേരുന്നതാണ് അവർക്ക് സ്നേഹം. സ്നേഹത്തിന് ഒരുപാട് വകഭേദങ്ങളുണ്ട്. സുഹൃത്തിനോട്, അയൽവാസിയോട്, മക്കളോട്, രക്ഷിതാക്കളോട്, കാമുകിയോട്, സ്വന്തത്തോട്, പ്രകൃതിയോട്, കാണുന്നതിനോടും കാണാത്തതിനോടും എല്ലാം പ്രണയമുണ്ട്. എന്നാൽ സൂഫികൾക്ക് സ്നേഹമെന്നാൽ തീനാളമാണ്. ദേഷ്യം, അഹങ്കാരം, സ്വാർത്ഥത തുടങ്ങിയവയെല്ലാം കരിച്ചുകളഞ്ഞ് ആത്മാവിനെ ശുദ്ധീകരിച്ച് ദൈവമല്ലാത്ത മറ്റൊന്നിനെയും നമ്മിൽ ശേഷിപ്പിക്കാത്ത തീ നാളം.

ഈ സൂഫികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെ അറിയണമെങ്കിൽ സൃഷ്ടാവിനെ അറിയേണ്ടതുണ്ട്. ദൈവത്തെ അറിയണമെങ്കിൽ നാം നമ്മുടെ ഉണ്മയുടെ നിഗൂഡതകൾ അറിയേണ്ടതുണ്ട്. ഈ ഉണ്മയുടെ രഹസ്യം പ്രവാചകർ മുഹമ്മദ് (സ) ഹദീസ് ഖുദ്‌സിയിലൂടെ* വിശദീകരിക്കുന്നുണ്ട്. ദൈവത്തെ മറക്കപ്പെട്ട നിധി ആയി വിശദീകരിക്കുന്ന ഈ ഹദീസാണ് സൂഫി സരണികളുടെ അടിസ്ഥാന തത്വം.

“ഞാൻ മറഞ്ഞുകിടക്കുന്ന ഒരു നിധിയായിരുന്നു
അങ്ങനെ ഞാൻ ഗാഢമായി അറിയപ്പെടുന്നതിനെ ഇഷ്ടപ്പെട്ടു.
അങ്ങിനെ ഞാൻ ഭൂമിയും ആകാശങ്ങളും സൃഷ്ടിച്ചു
നിങ്ങളെന്നെ അടുത്തറിയാൻ വേണ്ടി”

كنت كنزا مخفيا فاردت ان اعرف فخلقت الخلق

സ്നേഹം ഒരു വികാരമോ അല്ലെങ്കിൽ തോന്നലോ എന്ന നിലക്കല്ല ഇവിടെ പരിചയപ്പെടുത്തുന്നത്. (അത്തരം ഘടകങ്ങളെല്ലാം അതിൽ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും). മറിച്ച് ഉണ്മയുടെ മണ്ഡലത്തിലേക്കുള്ള അല്ലാഹുവിന്റെ തുറന്ന പ്രകടനമാണ് സ്നേഹം. സ്നേഹത്തിലൂടെയാണ് അവൻ പ്രപഞ്ചങ്ങളെ സൃഷ്ടിക്കുന്നത്. ഇതേ സ്നേഹത്തിലൂടെയാണ് നാം നിലനിക്കുന്നത്. പ്രപഞ്ചത്തിന്റെ സ്നേഹപ്രവാഹവുമായി ലയിക്കുമ്പോഴാണ് നാം പടച്ചവനിലേക്ക് തിരികെ ചേരുന്നത്.

ഈ ഹദീസിൽ പടച്ചവൻ അത്യന്തം സൗഹാർദ്ദപരമായ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ശ്രേഷ്ഠതയുടെ സര്‍വ്വനാമമായ അവൻ (ഹുവ), രാജകീയതയുടെ നമ്മൾ (നഹ്നു) എല്ലാം ഉപയോഗിക്കുന്നതിന് പകരം ആഴത്തിൽ സ്പർശിക്കുന്ന ഞാൻ (അന) ആണിവിടെ പ്രയോഗിച്ചത്.

“ഞാൻ മറയ്ക്കപ്പെട്ട നിധിയായിരുന്നു”

മുകളിൽ പറഞ്ഞ “ഞാൻ വളരെ അടുത്തറിയപ്പെടാൻ ഇഷ്ടപ്പെട്ടു” എന്നത് ദൈവിക ചോദനകളുടെ പ്രകടിപ്പിക്കൽ ആയി ഇങ്ങനെ വായിക്കപ്പെടുന്നു.

“ഞാൻ സ്നേഹിച്ചു,
ഉൽക്കടമായി ആഗ്രഹിച്ചു,
ഞാൻ അഗാധമായി അറിയപ്പെടാൻ അഭിലഷിച്ചു.”

ചില സൂഫികളുടെ അഭിപ്രായത്തിൽ അറിയപ്പെടാനും സ്നേഹിക്കപ്പെടാനുമുള്ള ദൈവത്തിന്റെ അഭിലാഷത്തെ സൂചിപ്പിക്കുന്ന ‘അഹ്ബബ്തു’ എന്ന പദം വരുന്നത് കുമിള എന്ന അർത്ഥം വരുന്ന ‘ഹുബാബ്’ എന്ന പദത്തിൽ നിന്നാണ്. അഥവാ സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം ദൈവത്തിൽ നുരഞ്ഞു പൊങ്ങുന്നു എന്നത് പോലെയാണ്. ഈ നിറഞ്ഞു പൊന്തുന്ന സ്നേഹം വളർന്ന് പൊട്ടുന്നതോടെയാണ് സൃഷ്ടി കർമ്മം നടക്കുന്നത്. അറിയപ്പെടാനുള്ള ആഗ്രഹത്തിന്റെ ഒരു മഹത്തായ പ്രണയ വിസ്ഫോടനം എന്ന് പറയാം.

അറബി ഭാഷയിൽ അറിയുക എന്നതിന് ഒരുപാട് പദങ്ങൾ ഉണ്ട്. പക്ഷെ ‘ഉഅ്‌രിഫ’ എന്ന പദമാണ് ഈ ഹദീസിൽ ഉപയോഗിച്ചത്. ആഴത്തിൽ അറിയുക എന്നതാണ് ഈ പദം അർത്ഥമാക്കുന്നത്. വ്യാവഹാരികമായ, ബൗദ്ധികമായ തണുത്ത അറിവല്ല അവൻ ആഗ്രഹിക്കുന്നത്. മറിച്ച് നമ്മുടെ അസ്ഥിക്ക് പിടിക്കുന്ന അനന്തമായ പ്രണയത്തെയാണ്.

ദൈവം മനുഷ്യനോട് മന്ത്രിക്കുന്നു:
“ഞാൻ രുചിക്കപ്പെടാൻ ആഗ്രഹിച്ചു”

ഇവിടെ പറയുന്ന അറിവ് കുറച്ചുകൂടി ആഴം നിറഞ്ഞതും ഗാഢവുമാണ്. ഹൃദയാന്തരങ്ങളിൽ നമ്മെ മാനുഷ്യനാക്കിത്തീർക്കുന്ന എല്ലാത്തിനെയും പൂർത്തീകരിക്കുന്നത് ഈ അറിവാണ്.

ഇസ്‌ലാമിന്റെ പ്രാരംഭ നൂറ്റാണ്ടുകളിൽ സൂഫികൾ സ്നേഹത്തെ രണ്ടായി തരംതിരിച്ചിരിന്നു.’ഇശ്ഖേ ഹഖീഖി’ അഥവാ യഥാർത്ഥ പ്രണയം എന്ന് ദൈവത്തിനു മാത്രമായി സമർപ്പിക്കുന്ന പ്രണയത്തിനും ‘ഇശ്‌ഖേ മജാസി’ അഥവാ ആലങ്കാരിക പ്രണയമെന്ന് മനുഷ്യർക്കിടയിൽ പങ്കുവെക്കപ്പെടുന്ന സ്നേഹത്തിനും അവർ വിളിച്ചു പോന്നു. ഇവരെ സംബന്ധിച്ചിടത്തോളം പടച്ചവനോട് പ്രണയവുമായി തട്ടിച്ചുനോക്കുമ്പോൾ മനുഷ്യരോടുള്ള പ്രണയങ്ങൾ കേവലം ആലങ്കാരികം (metaphorical) മാത്രമായിരുന്നു. ദൈവിക പ്രണയമെന്ന സംഗീതം ആരംഭിക്കും മുമ്പ് നാം മാനുഷിക പ്രണയമെന്ന അക്ഷരമാല പരിചയിക്കേണ്ടതുണ്ട് എന്നത് പോലെയാണത്. എന്നാൽ ഗാഢമായ പ്രണയത്തിന്റെ വാക്താക്കളായ സൂഫികളുടെ പാത പ്രത്യക്ഷമായതോടെ ഇതെല്ലാം മാറിമറിഞ്ഞു. ആത്യന്തികമായി ഒരു പ്രണയം മാത്രമേ ഒള്ളൂ എന്ന് അവർക്ക് അറിയാമായിരുന്നു.

ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും ഇന്നും അന്നും എന്നും കൂടിച്ചേരലുകൾ നടക്കുന്ന ഈ നിറഞ്ഞൊഴുകുന്ന പ്രണയത്തെയാണ് സുന്ദരമായ ഒരു കവിതയിലൂടെ മൗലാനാ റൂമി വരച്ചിടുന്നത്.

“നോക്കൂ…
പ്രണയം പ്രണയികളെ ചേർക്കുന്നു
കാണൂ…
ആത്മാവ് ശരീരത്തോട് ചേരുന്നു
എത്രകാലം
നീ ജീവിതത്തെ
‘അതും’ ‘ഇതും’
‘നല്ലതും’ ‘ചീത്ത’യുമായി
വേർതിരിച്ച് കാണും
‘അതും’ ‘ഇതും’ എല്ലാം
എങ്ങനെ കൂടിക്കലർന്ന് നിൽക്കുന്നു എന്ന് നോക്കൂ.”


തുടർന്ന് വായിക്കുക: പ്രണയം ഉണ്മയുടെ അകക്കാമ്പ് തൊടുന്ന വിധം

വിവർത്തനം: തവാഹിർ പയ്യനടം
Featured image: Jonas Denil

*ഖുർആനിന്റെ ഭാഗമല്ലാത്ത ദൈവത്തിന്റെ വചനങ്ങളാണ് ഹദീസ് ഖുദ്സി എന്ന് വിളിക്കുന്നത്

Comments are closed.