മദ്ഹബേ ഇശ്ഖ്: തീവ്ര പ്രണയത്തിന്റെ സൂഫീ വഴികൾ എന്ന ലേഖനത്തിന്റെ തുടർച്ച

ഇമാം അബു ഹാമിദ് മുഹമ്മദ് ഗസാലി (റ) എന്ന മഹാനായ പണ്ഡിതന്റെ ഇളയ സഹോദരനായ അഹ്മദ് ഗസാലി രചിച്ച സവാനിഹ് സൂഫികളുടെ പ്രണയ യാത്രയുടെ വഴികൾ വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്. പ്ലാറ്റോണിക് ഡയലോഗും, ഷേക്സ്പീരിയൻ സോനറ്റുകളും ചേർന്ന് ഒന്നായി ഒരു പേർഷ്യൻ ഉദ്യാനാദത്തിൽ വിരിഞ്ഞത്‌ പോലെയാണ് സവാനിഹിന്റെ വായനാനുഭവം. ജ്യേഷ്ഠൻ ഇമാം ഗസാലി (റ) ദൈവശാസ്ത്ര പാണ്ഡിത്യത്തിൽ അക്വിനാസിനെയും, അഗസ്റ്റിനേയും പോലെയാണ് പരിഗണിക്കപ്പെടുന്നത് എങ്കിൽ വിശുദ്ധ പ്രണയത്തിന്റെ ഉന്നതികളിൽ നടന്ന സൂഫികൾക്കിടയിലായിരുന്നു ഇളയ സഹോദരന്റെ സ്ഥാനം. താൻ നേരിട്ട ആത്മീയ സമസ്യക്ക് ഉത്തരം തേടി മുഹമ്മദ് ഗസ്സാലി തന്റെ പദവികളുപേക്ഷിച്ച് ജെറുസലേമിലേക്ക് യാത്ര തിരിക്കുമ്പോൾ അക്കാലത്തെ ഏറ്റവും പ്രശസ്തമായ നിസാമിയ്യ മദ്രസയുടെ കാര്യകർത്താവായി സ്ഥാനമേറ്റത് സഹോദരനായിരുന്നു. വലിയ സൂഫിയും പ്രഭാഷകനും എഴുത്തുകാരനും എല്ലാമായിരുന്നു അഹ്മദ് ഗസാലി(റ). ഇസ്‌ലാമിനു നേരെ വിദ്വേഷ ശബ്ദങ്ങളുയരുന്ന ഇക്കാലത്ത് ഇത് വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാമെങ്കിലും മുസ്‌ലിം നാഗരികതയുടെ രാഷ്‌ടീയധികാരം പരമകാഷ്ഠ പ്രാപിച്ച അക്കാലത്ത് അതിന്റെ ഏറ്റവും ഉന്നതിയിലുള്ള ബാഗ്ദാദിലെ സർവ്വകലാശാലയിൽ പഠിപ്പിക്കപ്പെട്ടിരുന്നത് തീവ്ര പ്രണയത്തിന്റെ പാതയിലുള്ള സൂഫി കവിയുടെ വികാര തീവ്രമായ കവിതകളായിരുന്നു.

പടച്ചവനും പ്രവാചകനും വാഴ്ത്തുകൾ പറഞ്ഞുകൊണ്ടാണ് അഹമ്മദ് ഗസാലിയുടെ സവാനിഹ് (പേർഷ്യനിൽ സവാനെ) ആരംഭിക്കുന്നത്. തുടർന്ന് ദൈവിക പ്രണയത്തിന്റെ രഹസ്യങ്ങളിലേക്ക് ചർച്ച നീങ്ങുന്നു. പ്രണയത്തിന്റെ യാഥാർത്ഥ്യം വാക്കുകൾക്ക് ഉൾക്കൊള്ളാനാവില്ല എന്ന തന്റെ വാദത്തെ ഒരു ആലങ്കാരിക പ്രയോഗത്തിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രണയത്തെക്കുറിച്ച് എഴുതുക എന്നാൽ വാക്കുകളാകുന്ന പുരുഷനും തീവ്ര പ്രണയമാകുന്ന കന്യകക്കും വേണ്ടി മണിയറ ഒരുക്കുന്നത് പോലെയാണ്. പ്രണയത്തിന്റെ ആന്തരിക യാഥാർത്ഥ്യങ്ങൾ മണിയറക്കകത്ത് കാമുകിയും കാമുകനും ചേരുമ്പോൾ മാത്രമേ യാഥാര്‍ത്ഥ്യമാവുന്നുള്ളൂ. ഈ കൂടിച്ചേരൽ നടക്കണമെങ്കിൽ, അതിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ വായനക്കാരൻ പരമോന്നത പ്രണയത്തെ മാനുഷിക പ്രണയം എന്നും ദൈവിക പ്രണയം എന്നും വേർതിരിച്ചു കാണാൻ പാടില്ല എന്ന ഗസ്സാലി (റ) വായനക്കാരന് മുന്നിൽ നിബന്ധന വെക്കുന്നുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഖുർആൻ വാക്യം ഉദ്ദരിച്ച് ഒരു ഭാഗത്ത് മാനുഷിക/ദൈവിക സ്നേഹത്തിന് ഇടയിലുള്ള ചേർച്ചയെക്കുറിച്ച് സംസാരിക്കുന്നുണ്ട് അദ്ദേഹം. (ഈ വാക്യം കൊണ്ട് തന്നെയാണ് സവാനിഹ് ആരംഭിക്കുന്നതും)

“അവൻ അവരെ അളവറ്റ് സ്നേഹിക്കുന്നു…
അവർ അവനെയും”
(ഖുർആൻ 5:54)

يُحِبُّهُمْ وَيُحِبُّونَهُ

അറബി ഭാഷയിൽ സ്നേഹത്തിന് ഉപയോഗിക്കുന്ന ഹുബ്ബ് എന്ന വാക്ക് ഇങ്ങനെയാണ് കാണപ്പെടുന്നത് حب . ബ എന്ന അക്ഷരത്തിനടിയിൽ ഒരു പുള്ളി ഉണ്ട്. ഉപര്യുക്ത ഖുർആൻ വാക്യത്തിലൂടെ ‘ദൈവം അവരെ സ്നേഹിക്കുന്നു’ എന്നതിലെ പുള്ളി ‘അവർ’ എന്നതിലെ മാനുഷികതയുടെ മേൽ നട്ടതാണെന്ന് ഗസാലി സ്ഥാപിക്കുന്നുണ്ട്. ഇതാണത്രെ ഹൃദയമെന്ന വളക്കൂറുള്ള മണ്ണിൽ, മാനുഷികതയാകുന്ന മരത്തിൽ പ്രണയപുഷ്പങ്ങൾ വിരിയിക്കുന്ന വിത്ത്. “ദൈവിക പ്രണയത്തിന്റെ അതേ നിറവും സത്തയും തന്നെയാണ് മാനുഷിക പ്രണയങ്ങൾക്കും. പഴത്തിന്റെ ഗുണങ്ങളെല്ലാമുള്ള വിത്ത്, വിത്തിന്റെ ഗുണങ്ങൾ എല്ലാമുള്ള പഴം” അദ്ദേഹം പറയുന്നു.

പ്രണയത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ മാറ്റി മറിക്കുന്ന ഈ ആലങ്കാരിക പ്രയോഗത്തിലൂടെ ഇല്ലായ്മയിൽ നിന്നും ഉണ്മയിലേക്ക് സഞ്ചരിക്കുന്ന ആത്മാവിനെക്കുറിച്ച് ഗസാലി(റ) സംസാരിക്കുന്നുണ്ട്. ആത്മാവ് ഉണ്മയുടെ അകക്കാമ്പ് തൊടുമ്പോൾ അവിടെ യഥാർത്ഥ പ്രണയം ആത്മാവിനെയും കാത്തിരിക്കുന്നുണ്ടാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രണയം മുമ്പേ ഉണ്ടായതാണ്, പ്രപഞ്ചത്തിനും മുന്നേ. സ്നേഹത്തെ ദൈവിക ഗുണങ്ങളുടെ ഏതെങ്കിലുമൊരു ഭാഗമായി കാണാതെ സ്നേഹം തന്നെയാണ് ദൈവികതയുടെ പരമോൽകൃഷ്ട സത്തയെന്ന് പഠിപ്പിക്കുന്ന മിസ്റ്റിക് അധ്യാപനങ്ങളുടെ തുടർച്ചയാണ് ഗസാലിയുടെ വാക്കുകൾ.

ഈ സ്നേഹം, അഥവാ ദൈവികതക്കും മാനവികതക്കും ഇടയിൽ ഇടകലരുന്ന ഈ സ്നേഹം കേവലം ഒരു വികാരമല്ല. അതിനപ്പുറം ചില മഹത്തായ പ്രവർത്തികളും, ചില ആകലുകളും ആയിത്തീരലുകളും ഒക്കെയാണത്. കത്തുകയും ജ്വലിപ്പിക്കുകയുമെല്ലാം ചെയ്യുന്നൊരു തീയാണത്.

റൂമി പറയുന്നത് കാണാം:

“എന്റെ ജീവിതം മൂന്ന് ഭാഗങ്ങളാണ്.
ആദ്യം ഞാൻ പച്ചയായിരുന്നു
പിന്നീട് ഞാൻ കരിക്കപ്പെട്ടു
ഇപ്പോൾ ഞാൻ തീയിലാണ്”

ഇതിനെ മറ്റൊരു നിലക്ക് കാണൽ പ്രണയത്തെ രസതന്ത്രമായി സമീപിക്കുന്നതിലൂടെയാണ്. ആധുനിക പദമായി നാം ഉപയോഗിക്കാറുള്ള കെമിസ്ട്രി അറബി പദമായ അൽ കീമിയയിൽ (ആൽക്കെമി) നിന്നാണ് വരുന്നത്. അന്ധവിശ്വാസമോ അല്ലെങ്കിൽ ശാസ്ത്രത്തിന്റെ പ്രാകൃത രൂപമോ അല്ല, മറിച്ച് പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളേയും ഒരൊറ്റ പരംപൊരുളിനോട് (ultimate substance) കൂട്ടിച്ചേർക്കുന്ന തിരിച്ചറിവാണത്. ഏത് സമയത്തും സ്വർണ്ണമായി മാറാനുള്ള ഒരു ഈയത്തകിട് നമുക്ക് ഓരോരുത്തർക്കുമുള്ളിലുണ്ട് എന്ന് ആൽക്കെമിസ്റ്റുകൾക്കറിയാം. ആൽക്കെമിയെന്നാൽ ജ്വലനത്തിന്റെയും, പരിവർത്തനത്തിന്റെയും കലയാണല്ലോ. റൂമി പറയുന്നതുപോലെ “തീവ്ര പ്രണയത്തിലൂടെയാണ് കൈപ്പ് മധുരമാകുന്നതും, മുള്ള് റോസാപുഷ്പമാവുന്നതും, വേദന ശമനമാക്കുന്നതും, മരിച്ചത് ജീവിതത്തിലേക് തിരിച്ച് വരുന്നതും”

ഈ തീവ്രസ്നേഹം മാനുഷികതയിലൂടെയാണ് ഒഴുകുന്നത്. അത് ജീവിക്കുകയും, ഉൾചേർന്നിരിക്കുകയും, പങ്കുവെക്കപ്പെടുകയും, ശുദ്ധീകരണം നടത്തുകയുമെല്ലാം ചെയ്യുന്നത് സ്വർഗ്ഗത്തിലല്ല, മറിച്ച് ഇവിടെയാണ്, ഇപ്പോഴാണ്, ഈ ഭൗമിക ജീവിതത്തിന്റെ അടുക്കില്ലാത്ത ചുറ്റുപാടുകളിലാണ്. ഏറ്റവും ദുർഘടമായ ഉണ്മയിലൂടെയാണ് ദൈവത്തിലേക്കുള്ള പാത കടന്നുപോകുന്നത്. അഥവാ മനുഷ്യരിൽ. ദൈവം എളുപ്പമാണ്, നമ്മൾ മനുഷ്യരാണ് കഠിനം.

മൗലാന റൂമിയുടെ ജീവചരിത്രത്തിൽ നിന്നുള്ള ഒരു കഥ ഇങ്ങനെ വായിക്കാം.സെര്യാനസ് എന്ന് പേരുള്ള ക്രിസ്ത്യാനിയായ ഒരു ശിഷ്യനുണ്ടായിരുന്നു അദ്ദേഹത്തിന്. റൂമിയുടെ പ്രണയാഗ്നിയിൽ ആകർഷിതാനായി അദ്ദേഹം മുസ്‌ലിമായി അലാവുദ്ദീൻ എന്ന പേര് സ്വീകരിച്ചു. ശേഷം റൂമിയുടെ ഭാഷയായ പേർഷ്യൻ പഠിക്കാൻ ശ്രമങ്ങൾ നടത്തി. അറിയാത്ത ഭാഷകളിൽ ആഴമേറിയ ആശയ പ്രകടനങ്ങൾ നടത്തുമ്പോൾ ആർക്കും സംഭവിക്കുന്ന പോലെ അദ്ദേഹത്തിനും ഒരുപാട് വാക്കുകളിൽ പിഴവ് സംഭവിച്ചു. വിക്ടോറിയൻ ഇംഗ്ലീഷിൽ മനുഷ്യനെയും, ദൈവത്തെയും ലോഡ് (lord) എന്ന് വിളിക്കുന്ന സ്ഥാനത്ത് പേർഷ്യനിൽ വിത്യസ്ത വാക്കുകളാണ് ഉപയോഗിക്കപ്പെടുന്നുണ്ട്. സെര്യാനസ് കേവലം മനുഷ്യനായ റൂമിയെ പ്രപഞ്ച നാഥനെ വിശേഷിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തു. ചില കടുംപിടുത്തക്കാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി ന്യായാധിപന്റെ മുന്നിൽ ഹാജരാക്കി. അമ്പരന്നു കൊണ്ട് സെര്യാനസ് പറഞ്ഞു:”ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ് വിളിക്കാറുള്ളത്. അദ്ദേഹത്തെ പ്രപഞ്ചത്തിന്റെ നാഥൻ എന്നു വിളിക്കാനല്ല ഞാൻ ഉദ്ദേശിച്ചത്”. ന്യായാധിപന് ആശ്വാസമായി. അയാൾ ചോദിച്ചു: “പിന്നെ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?” സെര്യാനസ് ആത്മവിശ്വാസത്തോടെ പറഞ്ഞു: “ഖുദാ സാസ്- ദൈവത്തെ സൃഷ്ടിച്ചവൻ!”

സെര്യാനസ് ദൈവനിഷേധിയാണെന്ന പരാതിക്കാരുടെ വാദം ശരിവെച്ചുകൊണ്ട് ന്യായാധിപൻ വധശിക്ഷക്ക് വിധിച്ചു. സെര്യാനസ് സംസാരം തുടർന്നു: “ഞാൻ എപ്പോഴും ഇങ്ങനെയാണ് വിളിക്കാറുള്ളത്. ഞാൻ അദ്ദേഹത്തെ ഖുദാ സാസ് എന്ന് വിളിക്കുന്നു. കാരണം അദ്ദേഹമാണെനിക്ക് ദൈവത്തെ ഒരു യാഥാർത്ഥ്യമാക്കിത്തന്നത്. ഒരു യാഥാർത്ഥ്യം കണക്കെ ദൈവത്തെ എനിക്ക് അറിയിച്ചു തന്നത് അദ്ദേഹമാണ്. മൗലാനയെ കണ്ടുമുട്ടും മുൻപ് എനിക്ക് ദൈവമെന്നാൽ മറ്റുള്ളവരെ അന്ധമായി അനുകരിച്ച് ഉച്ചരിക്കുന്ന വെറുമൊരു പേര് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ദൈവത്തെ അറിയാം. ദൈവം ഒരു യാഥാർത്ഥ്യമാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടിപ്പോൾ”

ഇതുപോലെ പടച്ചവനെ, പ്രണയത്തെ ജീവസ്സുറ്റതാക്കി അവതരിപ്പിച്ചവരുടെ കഥകൾ കൊണ്ട് സമ്പന്നമാണ് മറ്റു മതങ്ങളെപ്പോലെ ഇസ്‌ലാമിന്റെ ചരിത്രവും. ദൈവത്തെ മാനവികതയുടെ മധ്യത്തിൽ പ്രതിഷ്ഠിക്കുന്ന സൂഫികളുടെ സമീപനം രൂപപ്പെടുന്നത് അവർ ഖുർആനെ എങ്ങിനെ സമീപിക്കുന്നു എന്നതിൽ പ്രതിഫലിക്കുന്നത് കാണാം. ഒരുദാഹരണം പറയാം, ഖുർആന്റെ അറബിഭാഷയിൽ കുത്തുകളോ കോമകളോ ഇല്ല. ചില പ്രത്യേക ഇടങ്ങളിൽ നിർത്താതെ പാരായണം തുടർന്നാൽ സൂക്തത്തിന്റെ മുഴുവൻ അർത്ഥം വരെ മാറിയേക്കാവുന്ന ഒരുപാട് സ്ഥലങ്ങൾ ഖുർആനിലുണ്ട്. ശാന്തി നേടിയ ആത്മാവിനെ കുറിച്ച് പറയുന്ന ഒരു വചനം ഇതിന് ഉദാഹരണമാണ്. സാധാരണ ഇങ്ങനെയാണ് ഇത് ഓതപ്പെടാറുള്ളത്.

“അകത്തേക്ക് പ്രവേശിക്കൂ,
എന്റെ അടിമകളെ,
അങ്ങിനെ നിങ്ങൾ എന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ.”

എന്നാൽ ജലാലുദ്ദീൻ റൂമി അടക്കമുള്ള സൂഫികൾ ഈ വാക്യത്തെ കോമകൾ മാറ്റി വ്യത്യസ്തമായാണ് പാരായണം ചെയ്യുന്നത്.

“എന്റെ അടിമകളെ അകത്തേക്ക് പ്രവേശിക്കൂ…
അങ്ങിനെ നിങ്ങളെന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ.”

ഈ വായനയിൽ പടച്ചവൻ നൽകുന്നതിൽ മഹത്തായ പ്രതിഫലമായ സ്വർഗ്ഗം അവന്റെ സ്നേഹിതരുടെ ഹൃദയത്തിനകത്ത് പ്രവേശിക്കുമ്പോഴാണ് കണ്ടെത്തുന്നത് എന്ന് വരുന്നു. ദൈവം തൃപ്തിപ്പെടുകയും ദൈവത്തെക്കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്ന പ്രണയിനികളുടെ ഹൃദയങ്ങളാണത്. സ്വർഗ്ഗം എന്നത് ഒരു ഭൗതിക ലക്ഷ്യസ്ഥാനമെന്നതിനപ്പുറം അത് നാം ഇവിടെ നിന്നേ കണ്ടെത്തുന്ന ആത്മീയ അവസ്ഥയാണ്.

“ശാന്തി നേടിയ ആത്മാവേ… നാഥനിലേക്ക് മടങ്ങൂ…
നീ നാഥനെ കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു,
നാഥൻ നിന്നെക്കൊണ്ടും.
അകത്തേക്ക് പ്രവേശിക്കൂ അടിമകളേ..
നിങ്ങളെന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ…”

ദൈവത്തിന്റെ ഉന്നത സ്വർഗ്ഗം ഇവിടെ വച്ച് തന്നെ അവനെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ ഇവിടെവെച്ച് കണ്ടെത്തുന്നതും സൂഫികളുടെ പ്രണയ പാതയുടെ ഭാഗമാണ് .

പ്രണയം ഭൂമിയിൽ ദൈവത്തിന്റെ തുറന്ന പ്രവാഹമാണ്. പടച്ചവനിലേക്കുള്ള നമ്മുടെ അദമ്യമായ കുതിപ്പിനെ ഉണ്ടാക്കുന്ന പോലെത്തന്നെ ഈ സ്നേഹി വൃന്ദത്തിലും (beloved community) ഒരുമയോടെ, സ്നേഹത്തോടെ കഴിയാനും നമ്മെയത് പ്രാപ്തരാക്കുന്നു. ഇങ്ങനെ ഒരുമയോടെ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പരിമിതമായ വിഭവങ്ങൾ എല്ലാവർക്കും പങ്കുവെക്കാനും സർവ്വരുടെയും മാന്യത വകവെച്ചു നൽകാനും ഏവരുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാനുമെല്ലാം നമുക്കാകുന്നു. ഇതിനെയാണ് നീതി എന്ന് വിളിക്കുന്നത്. സ്നേഹത്തെയും സാമൂഹ്യ നീതിയെയും ചേർത്തു വായിക്കുന്ന ഒരുപാട് ചിന്താ ധാരകളുണ്ട്. ഇസ്‌ലാമിൽ ‘ഇഹ്‌സാൻ’ ആണ് ആത്മീയതയുടെ ഉന്നതി. താഴെപ്പറയുന്ന ഖുർആൻ വാക്യത്തിൽ സ്നേഹം എന്ന അർത്ഥം അക്ഷരാർത്ഥത്തിൽ തന്നെ സൗന്ദര്യത്തെയും നന്മയെയും യാഥാർഥ്യമാക്കുക എന്നർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇഹ്‌സാൻ എന്നാൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരുമയുടെയുമെല്ലാം അഗാധതയാണ്. നന്മയും സൗന്ദര്യവും യാഥാർഥ്യമാക്കാനും ആത്മീയത ഉണർത്താനും സ്നേഹം യാഥാർത്ഥ്യമാക്കാനുമേനെല്ലാം ഉള്ള പ്രതിബദ്ധതയാണ് ഒരർത്ഥത്തിൽ ഇഹ്സാൻ.

പ്രസിദ്ധമായ പ്രവാചക വചനത്തിൽ പൂർണ്ണാർത്ഥത്തിൽ ദൈവത്തിന് കീഴടങ്ങുക എന്ന അർത്ഥം വരുന്ന ‘ഇസ്‌ലാമി’നും വിശ്വാസം എന്ന അർത്ഥം വരുന്ന ‘ഈമാനി’നുമെല്ലാം മുകളിലാണ് ഇഹ്‌സാന്റെ സ്ഥാനം എന്ന് കാണാം. താഴെയുള്ള ഖുർആൻ വചനം സ്നേഹത്തിന്റെയും ദയയുടെയും ഇഹ്‌സാന്റെയുമെല്ലാം തലങ്ങളെ കൂട്ടിയിണക്കുന്നത് കാണാം. അമേരിക്കൻ പൗരാവകാശ ദർശനങ്ങളിലെ “സ്നേഹം പൊതുവിടങ്ങളിൽ പ്രവേശിക്കുമ്പോഴാണ് നീതി ഉണ്ടാകുന്നത്” എന്ന തത്വത്തിന് ഇതിനോട് സമാനതയുണ്ട്.

“അല്ലാഹുവിന്റെ കൽപ്പന ഇതാണ്
നീതിയും സ്നേഹവും”

 (ഖുർആൻ 16:90)

ഈ വാക്യത്തിലൂടെ മനുഷ്യരോട് ഇഹ്സാനും (പരസ്പര സ്നേഹമെന്ന അർത്ഥത്തിൽ) നീതിയും കാത്തുസൂക്ഷിക്കാനാണ് ദൈവം കൽപ്പിക്കുന്നത്. സ്നേഹവും നീതിയും എല്ലാം അടിസ്ഥാനപരമായി പരസ്പര ബന്ധിതമായ കാര്യങ്ങളാണ്. ഈ തീവ്ര പ്രണയം സ്നേഹമായി അകത്തേക്ക് പ്രവേശിച്ച് നീതിയായി പുറത്തേക്ക് വരുന്നു. ഈ പ്രണയ പാതയിലുള്ള സൂഫികൾ തീർച്ചയായും വൈയക്തിക ഇടപാടുകളിൽ നൈർമല്യവും സ്നേഹവും കാത്തു സൂക്ഷിക്കുന്നവരും, താൻ ജീവിക്കുന്ന ചുറ്റുപാടുകളിലെ/പ്രപഞ്ചത്തിലെ സാമൂഹിക നീതിയോട് പ്രതിബദ്ധതയുള്ളവരുമായിരിക്കും.


ഒമിദ് സാഫിയുടെ Radical Love Teachings From The Islamic Mystical Tradition എന്ന ബുക്കിന്റെ ആമുഖം ആണ് രണ്ട് ഭാഗങ്ങളായി വിവർത്തനം ചെയ്തത്.

വിവർത്തനം: ത്വാഹിർ പയ്യനടം
Featured Image: Veri Ivanova

Comments are closed.