സൂഫീ സരണികളിൽ ഏറ്റവും സങ്കീർണമായ ത്വരീഖത്താണ് (Sufi Order) കലന്ദരിയ്യ. എല്ലാ സൂഫീ ധാരകളിലും മലാമത്തിയ്യയെ പോലെ സ്വാധീനവും സാന്നിദ്ധ്യവും ഉള്ള കലന്ദരിയ്യകളുടെ  ആചാര ജീവിത ശൈലികൾ ഈ സൂഫീധാരകളെക്കുറിച്ച്‌ മുസ്‌ലിം സമൂഹത്തിൽ പ്രതിലോമകരമായ വീക്ഷണം സൃഷ്ടിക്കാൻ ഹേതുവായിട്ടുണ്ട്. ഭൗതിക വിരക്തിയും അധ്യാത്മികതയിൽ ലയിച്ച് ചേരാനുള്ള തൃഷ്ണയും കലന്ദരിയ്യകളുടെ ജീവിത രീതികളെയും ചിന്തകളെയും കൂടുതൽ വിവാദപൂർണ്ണമാക്കി തീർത്തു

ചരിത്രത്തിലൂടെ

പുരാതന സിറിയൻ ഭാഷയിൽ ദൈവത്തിന് ഉപയോഗിക്കുന്ന ഒരു പദമാണ് ‘കലന്ദർ’ എന്ന് ജോൺ എ. സുബ്ഹാൻ അഭിപ്രായപ്പെടുന്നുണ്ട്. പേർഷ്യൻ ഭാഷയിൽ നേതാവ് എന്നാണ് കലന്ദർ എന്ന പദത്തിനർത്ഥം. സംഗീതോപകരണങ്ങളെ സൂചിപ്പിക്കുന്ന കരിന്ദ അല്ലെങ്കിൽ കലന്ദർ എന്ന തുർകിഷ് പദത്തിൽ നിന്നാണ് ഈ പദം രൂപപ്പെട്ടത് എന്ന അഭിപ്രായവുമുണ്ട്. ചില പണ്ഡിതർ ഇശ്ഖ് എന്നാണ് കലന്ദറിന് അർത്ഥം നൽകിയത്. സത്യ പ്രവർത്തകർ എന്നർഥമുള്ള ‘കലെഓക്റ്റർ’ എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാവാം കലന്ദർ രൂപപ്പെട്ടിട്ടുള്ളത് എന്ന് കുംകും ശ്രീവാസ്തവ നിരീക്ഷിക്കുന്നുണ്ട്. അത്മീയമായ ഔന്നിത്യം നേടിയ വ്യക്തി എന്നത് സാധാരണ കലന്ദറിന് അർത്ഥം നൽകാറുള്ളത്. കാരാ മുസ്ഥഫ നിരീക്ഷിച്ചത് പോലെ  പതിമൂന്നാം നൂറ്റാണ്ടിലാണ് കലന്ദരികൾ സിറിയയിലും ഈജിപ്തിലും കൂടുതൽ പ്രകടമാവുന്നത്. ജമാലുദ്ധീൻ സാവി (മരണം 1233) ഖുതുബുദ്ധീൻ ഹൈദർ, ശൈഖ് ഉസ്മാൻ ബാവ എന്നിവരുടെ ചിന്തകളും ജീവിത രീതിയും ആണ് കലന്ദരി ധാരയുടെ വളർച്ചയിൽ പ്രധാന ചാലക ശക്തിയായി തീർന്നത് എന്ന് കാരാ മുസ്ഥഫ തന്റെ God’s Unruly Friends എന്ന പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്‌ ബൽഖി, ഷംസ് കുർദി, അബൂബക്കർ ഇസ്ഫഹാനി അബൂബക്കർ നിക്സാരി, ഹസൻ അൽ -ജൗലകി എന്നീ കലന്ദരി സൂഫീ ശൈഖുകളാണ് അറബ് പ്രദേശങ്ങളിൽ കലന്ദരിയ്യക്ക് കൂടുതൽ പ്രചാരം നൽകിയത്. പ്രധാന ഇറാനിയൻ പ്രദേശങ്ങളിൽ പതിനഞ്ചാം നൂറ്റാണ്ടിലാണ് കൂടുതലും പ്രചാരം ലഭിച്ചത്. അബ്ദു റഹ്മാൻ ജാമി തന്റെ നഫഹാത്തുൽ ഉൻസിൽ ഇവരുടെ വ്യാപനത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മധ്യേഷ്യ- തുർക്കിക് പ്രദേശങ്ങളിലും നിലനിന്ന ബക്ത്ശിയ്യ ധാരയുടെ വളർച്ചയിലും കലന്ദരിയ്യ ഓർഡറിന് വ്യക്തമായ പങ്കുണ്ട്.

ശൈഖ് ജമാലുദ്ധീൻ സാവിയുടെ ജീവിതവും ചിന്തകളും കലന്ദരി ഓർഡറിന് കൂടുതൽ ഊർജ്ജം നൽകി. സാമ്പ്രദായികമായി തന്നെ വിജ്ഞാനം   ആർജ്ജിച്ച ഇദ്ധേഹത്തെ ചിഷ്തി വാമൊഴി കഥകളിൽ ‘നടക്കുന്ന വായന ശാല’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിജ്ഞാന സമ്പാദനത്തിന് ഡമസ്കസിലെത്തിയ ശൈഖ് സാവി ശാം പ്രവിശ്യയിലെ പ്രമുഖ സൂഫിവര്യനായ ഉഥ്മാൻ അൽ റൂമിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യൂസുഫ് നബി (അ) അഭിമുഖീകരിച്ചത് പോലെ ഒരു സ്ത്രീയുടെ ലൈംഗിക അഭിനിവേശമാണ് ശൈഖ് സാവിയുടെ ജീവിതത്തെ മാറ്റി മറിച്ചതെന്നാണ് കഥ. അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായ സ്ത്രീയിൽ നിന്നും രക്ഷപ്പെടാനായി തലമുണ്ഡനം ചെയ്യുകയും പുരികം, താടി, മീശ എന്നിവയെല്ലം നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇതേ രീതി പതിവാക്കിയെന്നാണ് ചരിത്രം. ചെഹാർ സെർബ് എന്നറിയപ്പെട്ട ഈ ആചാര രീതി കലന്ദരി ഓർഡറിൽ മുഖ്യ സ്ഥാനം ലഭിച്ചു. കാൾ ഓൾസൺ തന്റെ സെലിബസി ആൻഡ് ട്രഡീഷൻ എന്ന പഠനത്തിൽ ജമാലുദ്ധീൻ സാവിയുടെ ജീവിത ശൈലിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ജമാലുദ്ധീൻ സാവി സ്വന്തത്തെ മൃദദേഹമായിട്ടാണ് കണ്ടെതെന്ന് അദ്ദേഹം എഴുതുന്നു. ഭൗതിക ലോകത്തിലുള്ള എല്ലാ ഇച്ഛകളും നിരസിക്കുകയും കൂടുതൽ പരിത്യാഗി ആകുവാനായി ഭൗതികമായ മരണത്തിന് മുൻപേ ആത്മീയമായ മരണം അനിവാര്യമാണെന്ന് ജമാലുദ്ധീൻ സാവി അഭിപ്രായപ്പെട്ടു. മൂത്തൂ കബ്‌ല അൻ തമൂതൂ എന്ന പ്രവാചകനോട് (സ) ചേർക്കപ്പെടുന്ന റിപ്പോർട്ടാണ് അദ്ധേഹം ഈ ആയിത്തീരലിന് അടിസ്ഥാനമായി കണ്ടത്. കൂടുതൽ വിശുദ്ധനായി തീരുവാൻ പൂർണ്ണനായ പരിത്യാഗി ആയ ദർവേശായി മാറണം എന്നാണ് ജമാലുദ്ധീൻ സാവി നിസ്‌കാർഷിച്ചത്. നേതൃ പദവിയോട് വിമുഖത പ്രകടിപ്പിച്ച ഇദ്ധേഹം തന്റെ പ്രമുഖ ശിഷ്യനായ ശൈഖ് മുഹമ്മദ് ബൽഖി ഓർഡറിൻ്റെ നേതൃത്വം ഏല്പിക്കുകയും ചാക്ക് കൊണ്ടുള്ള വസ്ത്രം ധരിച്ച് തന്നിലേക്ക് ഉൾവലിയുകയും ചെയ്തു എന്നാണ്  ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

കലന്ദരിയ്യ- ആശയങ്ങളും ജീവിത രീതികളും

പതിനഞ്ചാം നൂറ്റാണ്ടോട് കൂടി മുസ്‌ലിം ലോകത്ത് കൂടുതൽ സംഘടിതവും പ്രബലവുമായ സൂഫീ ധാരകൾ ശക്തി പ്രാപിച്ചു. ഈജിപ്തിലെ അയ്യൂബി ഭരണകൂടം, ഏഷ്യാ മൈനറിലെ സൽജൂക്കുകൾ, ഡൽഹി സൽത്താനേറ്റ്, ഉഥ്മനിയ്യാ ഖിലാഫത്ത് എന്നിങ്ങനെ എല്ലാ മുസ്‌ലിം ശക്തി കേന്ദ്രങ്ങളിലും വ്യത്യസ്ത സൂഫീ ധാരകൾക്ക് സ്വാധീനവും ശക്തിയും ലഭിച്ചിരുന്നു. ഈ സ്ഥാപനവത്‌കൃതവും വ്യവസ്ഥാപിതവുമായ സൂഫീ ത്വരീഖത്തുകളോടുള്ള പ്രതിഷേധമായിരുന്നു കലന്ദരികളുടെ പ്രവർത്തന, ജീവിത ശൈലികൾക്ക് പിന്നിലെന്ന് കാരാ മുസ്ഥഫ അഭിപ്രായപ്പെടുന്നു. സ്വയം സ്വീകരിച്ച മരണത്തിലൂടെ (മൗത്തേ ഇറാദി) യാണ് ഭൗതിക ലോകത്തോടുള്ള അഭിനിവേശത്തിൽ നിന്ന്  രക്ഷപ്പെടുകയെന്ന് അവർ വിശ്വസിച്ചു. അള്ളാഹുവിനോടുള്ള സാമീപ്യത്തിൻ്റെ നൈരന്തര്യമാണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നത്. മരണ യാത്രയെ ഓർമിപ്പിക്കുന്ന തക്ബീറുകൾ ഇവരുടെ പ്രധാന ദിക്ര് ആണ്. സാധാരണ സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇവർ ചാക്ക് കൊണ്ടോ ഇലകൾ കൊണ്ടൊ മാത്രം ശരീരം മറക്കുന്ന രീതി ഒരു കാലത്ത് സ്വീകരിച്ചിരുന്നു. ഡമസ്കസിലെ കലന്ദരി ശൈഖായ മുഹമ്മദ് ബുഖാറഈയുടെ ശിഷ്യൻ ശൈഖ് ഖത്തീബ് ഫാരിസി കമാലുദ്ധീൻ സാവിയെക്കുറിച്ച് എഴുതിയ ജീവ ചരിത്രത്തിൽ ഈ ആചാര രീതികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സ്വമേധയാ സ്വീകരിച്ച ദാരിദ്ര്യം, യാചന, ദർവേശായി അലഞ്ഞ് തിരിയൽ, ബ്രഹ്മചര്യം സ്വീകരിക്കുക, മറ്റു സാമൂഹ്യ വ്യവഹാരങ്ങളിൽ നിന്നെല്ലാം അകന്ന് ഒറ്റപ്പെട്ട് ജീവിക്കുക എന്നിവയെല്ലാം കലന്ദരികളുടെ സവിശേഷതകളാണ്. അലി (റ) ആണ് കലന്ദരികളുടെ പ്രധാന ആചാര രീതികളിൽ കൂടുതൽ സ്ഥാനം ലഭിച്ച വ്യക്തി.  ദൈവിക ജ്ഞാനത്തിന്റെ വാഹകനായി അലി (റ)യെയാണ് ഇവർ പരിഗണിച്ചിരുന്നത്.

മലാമത്തികളെയും ബക്തശികളെയും പോലെ അധികാര വർഗ്ഗത്തോടും സാമൂഹിക രാഷ്ട്രീയ സ്ഥാനങ്ങളോടും അകലം പാലിച്ചവരാണിവർ. കലന്ദരി ത്വരീഖത്തിൽ നിന്നുള്ള വളരെ വിരളമായ വൈജ്ഞാനിക സംഭാവനകളേ  ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളൂ. ശരീരം മുറിപ്പെടുത്തി ശാരീരിക ഇച്ഛകളെ നിയന്ത്രിക്കുക എന്ന ആശയം ഇവർക്കിടയിൽ പ്രചാരത്തിലുണ്ട്. ഇരുമ്പ് ചങ്ങലകളും കൈവളകളും കാൽ തളകളും അണിയുന്നവരെയും കാണാം. ‘ജദ്ബ്’ എന്ന അവസ്ഥയിലേക്കെത്തിച്ചേരുവാൻ തീവ്രമായി ആഗ്രഹിക്കുന്നവരാണിവർ. ഉന്മത്തത കാംക്ഷിച്ചുകൊണ്ട് ഹശീശ്, ചരസ്സ്, മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ സ്വീകരിക്കുന്ന രീതിയും കാണപ്പെടാറുണ്ട്. ശംഖ്, ഡ്രം, തബല എന്നിവ വഹിച്ചുകൊണ്ട് നടക്കുകയും, നൃത്തം, സംഗീതം  തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെയും കണാം. വഹ്ദത്തുൽ വുജൂദിൻ്റെ സ്വാധീനം ഏറിയ ഇവരിൽ ഫനാഇനും തജല്ലിക്കും തീവ്രമായ വ്യാഖ്യാനങ്ങൾ നൽകുന്നവരുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ഇറാനിലും ഏഷ്യാ മൈനറിലും നിലനിന്നിരുന്ന ഹുറൂഫിയ്യ സൂഫീ ധാരയുടെ ചിന്തകൾ കലന്ദരിയ്യയിൽ സ്വാധീനം ചെലുത്തിയതായി കാണാം. അല്ലാഹുവിൻ്റെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ടെന്നും സുന്ദരമയ വദനം അവന്റെ സാന്നിദ്ധ്യത്തിന്റെ പ്രകടമായ രൂപമാണെന്നുമുള്ള ഹുറൂഫിയ്യ ആശയത്തിന്റെ ഭാഗമായി സൗന്ദര്യമുള്ള മുഖങ്ങളിലേക്ക് നോക്കുക എന്ന രീതി കലന്ദരിയ്യകൾക്കിടയിൽ പ്രചാരത്തിലുണ്ട്.    

കലന്ദരീ ഓർഡറിന്റെ മറ്റൊരു പ്രധാന സവിശേഷത സാമ്പ്രദായിക സൂഫീ രീതികളോ അവരുടെ വസ്ത്ര വിധാനമോ സ്വീകരിക്കില്ല എന്നതാണ്. വ്യക്തിഗതമായ സ്വകാര്യ സ്വത്തുകളും അവർ സൂക്ഷിക്കാറില്ല, ബുദ്ധമതത്തിലേയും ഹിന്ദു മതത്തിലേയും പല ആചാരങ്ങൾ ഇവരിൽ പ്രകടമാണ്. ആദ്യ കാലങ്ങളിൽ വ്യവസ്ഥാപിതമായ ഒരു സരണി ആയി നിലനിന്നിരുന്നില്ല എങ്കിലും പിൽക്കാലത്ത് ഒട്ടുമിക്ക സൂഫീ ധാരകളിലും കലന്ദരികളുടെ സാന്നിധ്യം കാണാം. ചിശ്തിയ്യ കലന്ദരിയ്യ, ഖാദിരിയ്യ കലന്ദരിയ്യ എന്നിങ്ങനെ വിവിധ ഉപവിഭാഗങ്ങളും ഇക്കാരണത്താൽ രൂപപ്പെട്ടിട്ടുണ്ട്. സാമൂഹിക മത സ്ഥാനങ്ങളോടും ആഡംബര ജീവിതത്തൊടുമുള്ള മടുപ്പ് കാരണം ധാരാളം പണ്ഡിതന്മാരും നേതാക്കാളും കലന്ദരിയ്യ ദർവേശുകളായി മാറിയതായി കാണാം. സുൽത്താൻ മുഹമ്മദ് ഫാതിഹ് രണ്ടാമൻ്റെ കാലത്തെ പ്രമുഖ പണ്ഡിതനായിരുന്ന മൗലാന ഫിറൊസ് സദെ മുഹിയുദ്ധീൻ ,ഉഥ്മാനി കാലത്തെ പ്രമുഖ കവി ഖായിൽചെയ്, പ്രമുഖ എഴുത്തുകാരൻ ഖതീബ് ഫാരിസി തുടങ്ങിയവർ ചില ഉദാഹരണങ്ങളാണ്.

കലന്ദരിയ്യ: വിശകലനവും വിമർശനവും

പതിമൂന്നാം നൂറ്റാണ്ടോടു കൂടിയാണ് കലന്ദരിയ്യ മുസ്‌ലിം നാടുകളിൽ പ്രചാരം നേടിയതെങ്കിലും അറബ് പേർഷ്യൻ സാഹുത്യത്തിൽ പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ ഇവരെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു. അബ്ദുള്ള അൻസാരിയുടെ ‘രിസാല കലന്ദരിയ്യ’യിൽ കലന്ദരികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അബൂ സഈദ് അബുൽ ഖൈർ ബഹാതാഹിരി ഉർഗുൻ എന്നിവരുടെ കവിതകളിലും ഇവർ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതരായ ഇമാം ഗസ്സാലി, ഐനുൽ ഖുദാത് ഹംദാനി, സനാഈ, ഖാഖാനി എന്നിവരും കലന്ദരി ചിന്തകളേയും രീതികളേയും വിശകലനം ചെയ്യുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ അത്താർ, ഇറാഖി, സഅദി ശീറാസി എന്നിവരാണ് കലന്ദരികളെ തത്വചിന്താപരമായി കൂടുതൽ സമീപിച്ചത്. ആത്മീയ ഔന്നിത്യം കാംക്ഷിക്കുന്നവർ എന്ന തരത്തിൽ കലന്ദർ എന്ന പദത്തെ ഇവർ തങ്ങളുടെ കൃതികളിൽ കൂടുതൽ ഉപയോഗിച്ചു. പതിനാലാം നൂറ്റാണ്ടിലെ ഹാഫിസ് ഷീറാസിയും, അമീർ ഹുസൈനിയും കലന്ദർ എന്ന ചർച്ച കൂടുതൽ വിശാലമാക്കി. അമീർ ഹുസൈനിയുടെ ‘കലന്ദർ നാമ’ കലന്ദർ എന്ന പദത്തിന്  വിശ്വാസപരമായ പിൻബലം ഇവർ നൽകിയെങ്കിലും കലന്ദരികളുടെ ജീവിത വീക്ഷണത്തെ വിമർശിച്ചിരുന്നു. മൗലാന റൂമിയുടെ കവിതകളിലും ആത്മീയ ഔന്നിത്യത്തിൻ്റെ ഉദാഹരണമായി കലന്ദർ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.

സുഹ്രവർധിയ്യ ധാരയുടെ ശൈഖായ ശിഹാബുദ്ദീൻ അബൂ ഹഫ്സ് സുഹ്റവർദി കലന്ദരികളുടെ ജീവിത രീതിയെ തന്റെ ‘അവാരിഫ് അൽ മആരിഫിൽ’ വിമർശിച്ചിട്ടുണ്ട്. ശരീഅത്തിൻ വിരുദ്ധമായ വിനോദങ്ങളിൽ ഏർപ്പെടുന്ന ഇവർ മതത്തെ ഗൗരവപരമായി സമീപിക്കുന്നില്ല എന്ന് അദ്ദേഹം എഴുതി. മലാമത്തികളെയും കലന്ദരികളെയും അദ്ധേഹം വിശകലനം ചെയ്യുന്നതിനിടയിൽ മലാമത്തികളുടെ പ്രവർത്തനത്തെ പ്രശംസിച്ചപ്പോൾ ഇസ്‌ലാമിക പാരമ്പര്യം തകർക്കാൻ ശ്രമിക്കുകയാണ് എന്ന വിമർശനമാണ് കലന്ദരികൾക്ക് നേരെ ഉന്നയിച്ചത്.  പതിമൂന്നാം നൂറ്റാണ്ടിലെ നജ്മുദ്ദീൻ ദയാറാസി കലന്ദരികളുടെ ശരീഅത്ത് വിരുദ്ധ പ്രവണതയെ വിമർശിക്കുകയും ആധ്യാത്മികതയുടെ ഔന്നിത്യം എന്ന നിലയിൽ കലന്ദർ എന്ന പദത്തിൻ്റെ തത്വചിന്ത സ്വീകരിക്കുകയും ചെയ്തിരുന്നു. ഫാജിർ, ഫാസിഖ് എന്നിങ്ങനെയാണ് ‘മജ്മുൽ ഫതാവ’യിൽ ഇബ്നു തൈമിയ്യ കലന്ദരികളെ പരാമർശിക്കുന്നത്. ശൈഖ് ഇബ്രാഹീം ജീലാനിയും ചിശ്തിയ്യ ത്വരീഖത്തിലെ പ്രമുഖ ശൈഖായ മുഹമ്മദ് ഗേസുദറാസിനെപ്പോലുള്ള സൂഫീവര്യന്മാരും കലന്ദരികളോട് ഇടപഴകുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയതായി കാണാം. ഒട്ടോമൻ പണ്ഡിതരായ വാഹിദിയും ലത്തീഫിയും കലന്ദരികളെ നിശിതമായി വിമർശിച്ചിരുന്നു. ദൈവിക പ്രണയത്തിനും ആത്മീയ അനുഭവത്തിനും വേണ്ടി ഇസ്‌ലാം വിരുദ്ധ മാർഗ്ഗം സ്വീകരിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളാണ് ഈ വിമർശനങ്ങളിൽ പ്രകടമാവുന്നത്.

കലന്ദരിയ്യ- ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ

പതിമൂന്ന്, പതിനാല്  നൂറ്റാണ്ടുകളിൽ തന്നെ കലന്ദരിയ്യ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപിച്ചിരുന്നു. നിസാമുദ്ധീൻ ഔലിയയുടെ സമകാലികനായ ഷാഹ് ഖിള്ർ റൂമിയും സുഹ്രവർദി ത്വരീഖത്തിന്റെ ഇന്ത്യൻ ശൈഖായ ബഹാവുദ്ധീൻ സകരിയ്യയുടെ ശിഷ്യനായ ഷാഹ് ഉഥ്മാൻ മറാന്ദി എന്ന ലാൽ ഷഹബാസ് കലന്ദറും ആണ് കലന്ദരിയ്യ ധാരക്ക് നേതൃത്വം നൽകിയത്. നിസാമുദ്ധീൻ ഔലിയയുടെയും അദ്ധേഹത്തിൻ്റെ പ്രധാന ശിഷ്യൻ നാസിറുദ്ധീൻ ചിരാഗ് ദില്ലിയുടേയും ഖാൻ ഗാഹുകളിൽ ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പ്രമുഖ കലന്ദരി ശൈഖായ യൂസുഫ് അന്ദലൂസിയും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ കലന്ദരിയ്യയുടെ വളർച്ചയിൽ നിർണ്ണായക സ്ഥാനം വഹിച്ചിട്ടുണ്ട്. കാശ്മീരിൽ കലന്ദരി ധാര പ്രചരിപ്പിച്ചത് ശൈഖ് മുഹമ്മദ് സുൽത്താൻ ആണ്. ഖാൻ ഗാഹുകൾ നിർമിച്ച് വസിക്കുന്നതിനോട്  താൽപര്യമില്ലാത്ത കലന്ദരികൾ മറ്റു പ്രമുഖ സൂഫി ധാരകളിൽ ലയിച്ച് ചേരുകയാണുണ്ടായത്. കലന്ദരിയ്യ ധാരക്ക് ഒരു സാമൂഹിക സ്ഥാനം ലഭിക്കുന്നതിൽ ചാലക ശക്തിയായി വർത്തിച്ച ഷാഫുദ്ദീൻ ബൂ അലിഷാ കലന്ദറിനെ കലന്ദരി ചിശ്തി എന്നാണ് വിളിച്ചിരുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ കലന്ദരിയ്യയിൽ ജലാലികൾ എന്ന ഉപ വിഭാഗം രൂപപ്പെട്ടു. മഖ്ദൂം ജഹാനിയാൻ ജഹാൻ ഗശ്ത് എന്ന പേരിൽ പ്രസിദ്ധനായ ജലാലുദ്ധീൻ ഹുസൈൻ അൽ ബുഖാരിയോട് ചേർന്നാണ് ഈ വിഭാഗം അറിയപ്പെട്ടത്. ഇതര സൂഫി സിൽസിലകളിൽ ഇവർ പ്രവേശിച്ചതോട് കൂടി ജീവിത രീതികളിൽ വ്യക്തമായ മാറ്റം വന്നു തുടങ്ങി. ശരീഅത്ത് പിൻപറ്റുന്ന സൂഫീ വര്യന്മാരുടെ സ്വാധീനത്താൽ മത വീക്ഷണത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക വ്യാപനത്തിനും ശിക്ഷണത്തിനും നേതൃത്വം നൽകിയ ധാരാളം മസ്താന്മാരുടെ ജീവിതം ഇതിനുദാഹരണമാണ്.

സുൽഫിക്കർ അലി ഭൂട്ടോയുടെ കാലത്ത് ലാൽ ഷഹബാസ് കലന്ദറിൻ്റെ ദർഗയെ വികസിപ്പിക്കുകയും കലന്ദരികൾക്ക് വേണ്ടി പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. പൊതുവെ പുരുഷ കേന്ദ്രീകൃതമായ ത്വരീഖത്താണ് കലന്ദരിയ്യ എങ്കിലും പാക്കിസ്താനിൽ ബാവാ സാഹിബ് എന്നറിയപ്പെട്ട ഒരു കലന്ദരി വനിത സൂഫിയെക്കുറിച്ച് കാതറിൻ പ്രാക് എവിങ് തന്റെ ‘Arguing Sainthood’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.

ഇഖ്ബാൽ രചനകളിലെ കലന്ദർ

അല്ലാമാ ഇഖ്ബാൽ തന്റെ കൃതികളിൽ കലന്ദറുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദിവാനെ ഹസ്രത്ത് ഷറഫുദ്ധീൻ ബീ അലി എന്ന പേരിൽ കവിതാ സമാഹരമുള്ള ബൂ അലിഷാ കലന്ദറിനെ വളരെ ബഹുമാനത്തോടെയാണ് ഇഖ്ബാൽ പരാമർശിച്ചിട്ടുള്ളത്. ഫക്കീർ, മർദെ മുഅമിൻ, മർദെ ഹഖ്, ദർവേശ് എന്നീ പദപ്രയോഗങ്ങളെ പോലെ തന്നെ ആത്മിയ ഔന്നിത്യം നേടിയ വ്യക്തി എന്ന ആശയത്തിലാണ് അല്ലാമ ഇഖ്ബാ ൽ കലന്ദറിനെയും ഉപയോഗിച്ചിട്ടുള്ളത്. ഭൗതികതയുടെ അടിമയല്ലാത്ത അല്ലാഹുവിന്റെ മാത്രം അടിമ എന്നാണ് കലന്ദർ എന്നതിന് ഇഖ്ബാൽ നൽകിയ വിവക്ഷ. അസ്രാറെ ഖുദി , സർ ബെ കലിം എന്നീ ഗ്രന്ഥങ്ങളിൽ അദ്ദേഹം കലന്ദറുകളെ കൂടുതൽ പരാമർശിക്കുന്നുണ്ട്. ഈമാനികമായ ഒരു മാനസികാവസ്ഥയെ വിശദീകരിക്കുന്നതിന് കലന്ദർ എന്ന പദപ്രയോഗം അല്ലാമാ ഇഖ്ബാൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കലന്ദരികളുടെ രീതികളിൽ പലതിനോടും, ഇഖ്ബാലിന് വിയോജിപ്പുകളുണ്ടായിരുന്നു.

ദമാ ദം മസ്ത് കലന്ദർ എന്ന പ്രസിദ്ധ ഗാനം അമീർ കുസ്രു എഴുതിയതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓരോ നിശ്വാസത്തിലും  ആത്മീയ ഔന്നിത്യം കൈവരിക്കുക എന്നതാണ് ഈ ഗാനത്തിൻ്റെ വിവക്ഷ. ബൂ അലിഷാ കലന്ദറും ഈ രിതിയിൽ ഉന്മത്ത ഭാവം കരസ്ഥമാക്കുന്ന രീതിയെക്കുറിച്ച്  എഴുതിയിട്ടുണ്ട്. അലി ദാ പെഹലാ നമ്പർ- അലിയാണ് വിജ്ഞാന ആത്മീയ സരണിയിലെ അഗ്രഗണ്യൻ എന്നാണ് ഇതിൻ്റെ അർത്ഥം. ബൂ അലിഷാ കലന്ദറും അലി (റ) യെ കലന്ദർ എന്നാണ് വിശേഷിപ്പിച്ചത്. പ്രമുഖ സൂഫീ വര്യനായ ബുല്ലേഹ് ഷാഹ് മസ്ത് കലന്ദർ ഗാനത്തെ പഞ്ചാബി ഭാഷയിൽ ഭേതഗതി വരുത്തി വികസിപ്പിച്ചു. നുസ്രത്ത് അലി ഖാൻ, രേഷ്മ, ആബിദ പർവീൻ തുടങ്ങി പ്രമുഖ സംഗീത വിദ്വാന്മാർ മസ്ത് കലന്ദറിൻ കൂടുതൽ പ്രചാരം നൽകി. ഇന്ന് സിനിമാ മേഖലകളിലും ഗസൽ ഖവാലി സദസ്സുകളിലും ഏറെ പ്രിയപ്പെട്ടതായി ഗാനം മാറിയിട്ടുണ്ട്.  


Featured Image: Kowit Phothisan
Location: Yala, Thailand

Comments are closed.