അയാളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുക എന്നതല്ല പ്രധാനം. ഗിം വാതിൽ പാളിയുടെ ഇടുക്കിൽ പതുങ്ങിത്തന്നെ നിന്നു. പോലീസ് നിരനിരയായി തെരുവിലൂടെ ഓടുന്നതായും ഞൊടിയിടയിൽ തന്നെ തെരുവിലേക്കു തിരിച്ചുവരുന്നതായും കാണപ്പെട്ടു. ഉയർന്നു ചാടി, അയാൾ ശരവേഗത്തിൽ കുതിച്ചോടി.

“ഗിം, നിൽക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ ഞങ്ങൾക്ക് വെടിവെക്കേണ്ടി വരും..!”

‘തീർച്ചയായും നിങ്ങൾക്ക് വെടി വെക്കാം’. അയാൾ ചിന്തിച്ചു. ആ പഴയ സിറ്റിയുടെ കല്ലുപാകിയ ചവിട്ടുപടികൾ അമർത്തിച്ചവിട്ടിക്കൊണ്ട് അയാൾ അവരുടെ കൺവെട്ടത്തു നിന്നും മാഞ്ഞുപോയി. അയാൾ ആർച്ച് വഴിയുടെ താഴെയെത്തി. അവിടത്തെ കോണിപ്പടികൾ അയാളുടെ കാലൊച്ചയുടെ ശബ്ദം അധികരിപ്പിച്ചു.

അയാളുടെ മനസ്സിലേക്ക് ഇരച്ചു വന്ന ഓരോ ഓർമ്മകളും നിരസിക്കപ്പെടേണ്ടവയായിരുന്നു. ലോല,നിൽഡ, റിനീ.. വേണ്ട. അവരെല്ലാവരും ഇവിടെ എത്തിപ്പെടാവുന്ന അത്ര അടുത്തുതന്നെയുണ്ട്. അതൊരു ശാന്തമായ രാത്രിയായിരുന്നു. നിശാ മേഘങ്ങൾ പകലിലെ പോലെയല്ല. തെരുവ് വഴിയുടെ മുകളിൽ ചുളിഞ്ഞു കിടക്കുന്ന അവ രാത്രിയിൽ കൂടുതൽ മ്ലാനമാണ്.

മരിയോ അൽബനേസി എന്ന പുതിയ നഗരത്തിൻറെ വീതിയേറിയ തെരുവിൽ എത്തിയപ്പോൾ എലിയാസ് ഗിം ബൊലേറോ തൻറെ വേഗത അൽപ്പം കുറച്ചു. ചെന്നിയിലൂടെ താഴോട്ട് തഴച്ചുവളർന്ന മുടിയിഴകൾ പിന്നിലേക്കയാൾ വകഞ്ഞുമാറ്റി.

കാൽ പെരുമാറ്റങ്ങൾ തീരെത്തന്നെ കേൾക്കാനില്ല. തീരുമാനിച്ചുറപ്പിച്ച് വിവേകപൂർവം തന്നെ അയാൾ റോഡ് മുറിച്ചു കടന്ന് അർമാണ്ടയുടെ അപ്പാർട്മെന്റിന്റെ വാതിൽക്കലെത്തി. ഈ ഇരുൾമുറ്റിയ രാത്രിയിൽ അവൾക്കൊപ്പം ആരുമുണ്ടായിരിക്കില്ല. അവൾ ഉറങ്ങുകയായിരിക്കും. ഗിം വാതിൽ ശക്തിയായി മുട്ടി.

“ആരാണത്?” ഒരു നിമിഷത്തിനു ശേഷം പരുഷമായ ഒരു പുരുഷസ്വരം ചോദിച്ചു. “മനുഷ്യനുറങ്ങുന്ന ഈ നട്ടപ്പാതിരക്ക് ആരാണത്?” അത് ലിലിനായിരുന്നു.
“അർമാണ്ടാ, ഒന്നു വാതിൽ തുറക്കൂ, ഇത് ഞാനാണ് ഗിം.” അയാളുടെ ശബ്ദം വളരെ നേരിയതായിരുന്നു.

അർമാണ്ട കിടക്കയിൽ കിടന്ന് ഉരുണ്ടു. “ഓ.. ഗിമ്മാണോ, ചുള്ളൻ. ഒരു നിമിഷം, ഇപ്പോ തുറക്കാം.” അവൾ കിടക്കക്ക് മുകളിൽ തൂങ്ങിക്കിടന്ന ചരടു പിടിച്ചുവലിച്ചു, മുൻവാതിൽ തുറക്കപ്പെട്ടു.

വാതിൽ അനുസരണയുള്ളയതായിരുന്നു. ഗിം കീശയിൽ കൈ തിരുകി ഇടനാഴിയിലൂടെ കിടപ്പു മുറിയിലേക്ക് കയറിവന്നു. വിരിപ്പിന് താഴെ നിവർന്ന് കിടന്ന അവളുടെ ശരീരം കിടക്കയിലാകെ നിറഞ്ഞുകവിയുന്നതായി അയാൾക്കു തോന്നി. യാതൊരുവിധ കൃത്രിമങ്ങളും വൃത്തികേടുകളും ഇല്ലാത്ത അവളുടെ മുഖം തലയണയിൽ അമർന്നുകിടന്നു. ഒരു ചുളിഞ്ഞ പുതപ്പ് പോലെ, അതിനുമപ്പുറത്ത്, കിടക്കയുടെ ഒരു വശത്ത്, അവളുടെ ഭർത്താവ് ലിലിൻ അലസമായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. മുറിഞ്ഞ ഉറക്കം തിരിച്ചുപിടിക്കാൻ തലയണയിൽ തന്റെ നീലിച്ച മുഖം കുഴിച്ചുമൂടണം എന്ന് അയാൾക്കു തോന്നി.

തന്റെ അലസമായ ദിവസങ്ങളിൽ ക്ഷീണം മറന്നു കിടന്നുറങ്ങാൻ ലിലിന് തന്റെ അവസാനത്തെ ഉപഭോക്താവ് കൂടെ പിരിയേണ്ടതുണ്ടായിരുന്നു. എങ്ങനെയാണ് ഒരു കാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചോ അതു ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചോ ലോകത്തുള്ള ഒന്നിനെപ്പറ്റിയും അയാൾക്കറിയുമായിരുന്നില്ല. ആകെ അറിയുന്നത് പുകവലിയാണ്, അതിലയാൾ തൃപ്തനുമാണ്. ദിനേന വാങ്ങിക്കൂട്ടുന്ന പുകയിലയേക്കാൾ വില, അവൾക്കയാൾ കൽപ്പിക്കുന്നുണ്ടെന്ന് പറയാൻ അർമാണ്ടക്കൊരു നിർവ്വാഹവുമുണ്ടായിരുന്നില്ല. അയാളുടെ സിഗരറ്റ് പാക്കറ്റുകളുമായി അയാൾ രാവിലെ പുറത്തിറങ്ങും. ഒരു ചെരുപ്പു കുത്തിയുടെ അടുത്തോ വില കുറഞ്ഞ സാധനങ്ങൾ വിൽക്കുന്ന ഒരു വിൽപ്പനക്കാരന്റെ അടുത്തോ ഒരു കുഴൽപണിക്കാരന്റെ അടുത്തോ ചെന്നിരുന്ന് അയാൾ പേപ്പർ ചുരുട്ടി വലിക്കും. നീണ്ടതും മിനുസമുള്ളതുമായ കള്ളന്റേതു പോലുള്ള കൈകൾ മുട്ടിൽ വെച്ചാണ് അയാൾ കടകളിൽ ചെന്നിരിക്കുക. നിരുത്സാഹപരമായ തന്റെ സൂക്ഷ്മ നിരീക്ഷണം കൊണ്ട് ഒരു ചാരനെപ്പോലെ അയാൾ എല്ലാം സാകൂതം നിരീക്ഷിക്കും. ചില രത്നച്ചുരുക്കങ്ങളും അപ്രതീക്ഷിതമായി മഞ്ഞളിച്ചതും വഞ്ചകവുമായ ചില പുഞ്ചിരികളുമല്ലാതെ അയാൾ ആർക്കും, ഒന്നും സംഭാവന ചെയ്തിരുന്നില്ല. വൈകുന്നേരങ്ങളിൽ സകല കടകളും അടച്ചാൽ മാത്രം അയാൾ കള്ളുഷാപ്പിൽ ചെല്ലുകയും ഒരു കുപ്പി കാലിയാക്കുകയും ചെയ്യും. അവിടത്തെ ഷട്ടറുകളും വലിച്ചു താഴേയിടുന്നതു വരെ അവിടെയിരുന്നു പുകവലിക്കുകയും അതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. വീട്ടിലെത്തുമ്പോൾ ചെറിയ വസ്ത്രമണിഞ്ഞ തന്റെ ഭാര്യ, ഇടുങ്ങിയ ഷൂസുകളിൽ വണ്ണമേറിയ കാലും കുത്തിനിറച്ച്, തന്നെ കാത്തുനിൽപ്പുണ്ടാകും.

അവൾക്കു നേരെ ഒരു ചെറിയ ചൂളമടിച്ചു കൊണ്ട് ലിലിൻ എന്നും വീടിന്റെ ഒരു മൂലയിലൂടെ കടന്നു വരും. ഇന്നു വൈകിപ്പോയെന്നും എന്തായാലും കിടക്കയിലേക്കു വരണമെന്നും അവളോടയാൾ കുശലം പറയും. അതു കേൾക്കുമ്പോൾ കാന്തിക ശക്തിയുള്ള ഇലാസ്റ്റികിനിടയിൽ അവളുടെ വീർത്ത സ്തനങ്ങളും ഒരു ചെറിയ പെൺ കട്ടിയുടെ ഉടുപ്പിനുള്ളിലെ പ്രായാധിക്യമുളള ശരീരവും വലിഞ്ഞു മുറുകും. അയാളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നിലത്തു കളം വരക്കുന്നതിനിടയിൽ കയ്യിലെ പണക്കിഴി പിടിച്ചു ഞെരിച്ചു കൊണ്ട് അവൾ പറയും: “ഇന്നു പറ്റില്ല. “ആൾക്കാരൊന്നും ഇപ്പോഴും പോയിട്ടില്ല. ഇപ്പോ പുറത്തു പോയി കാത്തു നിൽക്ക്..” ഇതു പോലെ എല്ലാ രാത്രികളിലും അവർ പരസ്പരം പ്രണയ സല്ലാപത്തിലേര്‍പ്പെടുമായിരുന്നു.

“ഗിം, പിന്നെന്തൊക്കെയുണ്ട്?” അർമാണ്ടയുടെ കണ്ണുകൾ വിടർന്നു.
അയാൾ മേശയിൽ കിടന്നിരുന്ന സിഗരറ്റുകളിൽ നിന്നും ഒരെണ്ണമെടുത്ത് തീ കൊളുത്തി. “ഇന്നത്തെ രാത്രി എനിക്കിവിടെ ചിലവഴിക്കണം.” പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അയാൾ ടൈ ഊരിത്തീരുകയും ജാക്കറ്റൂരാൻ തുടങ്ങുകയും ചെയ്തിരുന്നു.
“തീർച്ചയായും ഗിം, കിടക്കയിലേക്ക് വരൂ. ഓമലേ, ലിലിൻ, നീ താഴെ സോഫയിലേക്ക് ചെല്ലൂ.. എല്ലാം ഭംഗിയാക്കൂ.. ഗിം കിടക്കയിൽ കയറട്ടെ..!”

ലിലിൻ ഒരു കല്ലു പോലെ, ഒരു നിമിഷം അവിടെത്തന്നെ കിടന്നു. ഒരു പരാതിയും പരിഭവവും പറയാതെ അയാൾ സ്വയം കിടക്കയിൽ നിന്നും തള്ളിയെണീറ്റു, താഴെയിറങ്ങി. തലയണയും പുതപ്പും മേശപ്പുറത്തെ പുകയിലയും സിഗരറ്റ് പേപ്പറും തീപ്പെട്ടിയും ആഷ്ട്രേയും അയാൾ കൂടെയെടുത്തു. “ചെല്ലൂ ലിലിൻ, ഓമലേ..” ചുരുണ്ടു കൂടിക്കൊണ്ട് അയാളുടെ ചരക്കുകളുമായി ഇടനാഴിയിലെ സോഫക്കരികിലേക്ക് അയാൾ അതിവേഗത്തിൽ കുതിച്ചു.

വിവസ്ത്രനാകവേ ഗിം പുകവലിച്ചുകൊണ്ടേയിരുന്നു. ട്രൗസർ വൃത്തിയിൽ മടക്കി മുകളിൽ, ഒരു കൊളുത്തിലയാൾ കൊളുത്തിയിട്ടു. കിടക്കക്കരികിലെ ഒരു കസേരയുടെ പുറത്ത്, തന്റെ ജാക്കറ്റയാൾ വിരിച്ചിട്ടു. മേശന്മേൽ നിന്നും തീപ്പെട്ടിയും ആഷ്ട്രേയുമെടുത്ത് അയാൾ കിടക്കയിലേക്ക് ഇഴഞ്ഞുകയറി. അർമാണ്ട വെളിച്ചമണച്ച് ഒരു നെടുവീർപ്പിട്ടു. ഗിം പുകവലിച്ചു. ലിലിൻ ഇടനാഴിയിൽ കൂർക്കവും വലിച്ചു. അർമാണ്ട കിടക്കയിൽ ഉരുണ്ടുകൂടി. ഗിം സിഗരറ്റ് നീട്ടി വലിച്ചു. പെട്ടന്നാരോ വാതിലിൽ മുട്ടി..!

ഗിം ഒരു കൈ കൊണ്ട് ജാക്കറ്റിന്റെ കീശയിൽ റിവോൾവർ പരതാൻ തുടങ്ങിയിരുന്നു. മറുകൈ കൊണ്ടയാൾ അർമാണ്ടയെ ചേർത്തു പിടിക്കുകയും അവളോട് ശബ്ദിക്കാതിരിക്കാൻ പറയുകയും ചെയ്തു. അവളുടെ കൈകൾ കൊഴുത്തതും മൃതുലവുമായിരുന്നു. അവ ഒരു നിമിഷത്തേക്ക് നിശ്ചലമായി നിന്നു.

“ലിലിൻ, ആരാണെന്നു ചോദിക്കൂ..” അർമാണ്ട പതിഞ്ഞ സ്വരത്തിൽ ആജ്ഞാപിച്ചു. ലിലിൻ ഹാളിൽ അക്ഷമനായി എരിപിരി കൊണ്ടു. “ആരാണത്?” അയാൾ പരുക്കനായിത്തന്നെ ചോദിച്ചു. “ഹേയ് അർമാണ്ടാ, ഇത് ഞാനാണ് എയ്ഞ്ചലോ.” “എയ്ഞ്ചലോയോ? അതാരാ?” “ഞാനൊരു പോലീസുദ്യോഗസ്ഥനാണ്, പേര് എയ്ഞ്ചലോ. ഞാനിതിലൂടെ വെറുതെ പോവുകയായിരുന്നു. നിന്നെയൊന്നു കണ്ടിട്ട് പോകാമെന്നു കരുതി. ഒരു നിമിഷത്തേക്ക് വാതിലൊന്നു തുറക്കൂ.” ഗിം കിടക്കയിൽ നിന്നും താഴെയിറങ്ങി അവളോട് നിശബ്ദയായിരിക്കാൻ ആംഗ്യം കാണിച്ചു. അയാൾ അടുത്തു കണ്ട ഒരു വാതിൽ തുറന്നു. തുറക്കപ്പെട്ട കുളിമുറിയുടെ ഉള്ളിലേക്കയാൾ എത്തി നോക്കി. വസ്ത്രങ്ങൾ വെച്ചിരുന്ന കസേരയുമെടുത്ത് അയാൾ ആ കുളിമുറിയിൽ പ്രവേശിച്ചു. “ആരും എന്നെ കണ്ടിട്ടില്ല. അയാളെ പെട്ടന്ന് പറഞ്ഞു വിട്..” നിർമ്മലമായി പറഞ്ഞു കൊണ്ട് ആ മുറിയിൽ കയറിയയാൾ വാതിൽ സ്വയം കുറ്റിയിട്ടു.

“ലിലിൻ, ഓമലേ, കിടക്കയിലേക്കു തന്നെ മടങ്ങി വരൂ..” കിടക്കയിലിരുന്നു കൊണ്ട് അർമാണ്ട എല്ലാം പഴയതുപടിയാക്കാൻ തുടങ്ങി. “അർമാണ്ടാ, ഞാനൊരു മനുഷ്യൻ പുറത്തു കാത്തു നിൽക്കുന്നുണ്ടേ..” പുറത്തെ അപരൻ വാതിലിനപ്പുറത്തു നിന്നും ഓർമ്മിപ്പിച്ചു.

ശാന്തനായിക്കൊണ്ട് ലിലിൻ പുതപ്പും തലയണയും പുകയിലയും തീപ്പെട്ടിയും പേപ്പറും ആഷ്ട്രേയും പെറുക്കിയെടുത്തു. കിടക്കയിൽ വന്നു വീണ് കണ്ണു വരെ പുതപ്പിട്ടു മൂടി. അർമാണ്ട നേരത്തേ പോലെ വീണ്ടും ചരടുവലിച്ചു വാതിൽ തുറന്നു.

ചുളിവു വീണ ഒരു പഴയ സൈനികനെപ്പോലെ ഒരു മരത്തലയൻ പോലീസുകാരൻ ഉള്ളിലേക്കു കടന്നു വന്നു. അയാളുടെ തടിച്ച മുഖത്ത് നരച്ച മീശ രോമങ്ങൾ വളരാൻ തുടങ്ങിയിരുന്നു. “നിങ്ങൾ വളരെ വൈകിപ്പോയിരിക്കുന്നു ഏമാനേ.” “ഓ, ഞാനൊന്നു നടക്കാനിറങ്ങിയതാ..” മരത്തലയൻ പറഞ്ഞു. “നിന്നെയൊന്ന് സന്ദർശിക്കാമെന്നു കരുതിയെന്നേയുള്ളൂ..” “എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?” മരത്തലയൻ ഒരു തൂവാല ഉപയോഗിച്ച് തന്റെ വിയർത്ത മുഖം തുടച്ചു വൃത്തിയാക്കിക്കൊണ്ട് കിടക്കയുടെ ഒരു തലയ്ക്കൽ നിന്നു. “ഒന്നുമില്ല, നിന്നെയൊന്ന് വെറുതെ കാണാൻ… പിന്നെന്തൊക്കെയുണ്ട് വിശേഷങ്ങൾ?”
“എന്തു വിശേഷങ്ങൾ..?”
“നീ അൽബനേസിയെ കണ്ടിരുന്നോ, എങ്ങനെയെങ്കിലും?”

“ഗിമ്മാണോ? അവനെന്തു കുറ്റമാണ് ചെയ്തത്..?”
“ഒന്നുമില്ല, അയാൾ കുട്ടികളെ ഒരു ചരക്കായി ഉപയോഗിച്ചു. ഞങ്ങൾക്ക് അയാളോടൽപ്പം ചോദിച്ചറിയാനുണ്ട്. നീയവനെ കണ്ടിരുന്നോ?”
“മൂന്നു ദിവസം മുമ്പ് കണ്ടിരുന്നു.”
“ഇപ്പോൾ കണ്ടിരുന്നോ എന്നാണു ഞാനുദ്ദേശിച്ചത്.”
“ഏമാനേ, ഞാൻ രണ്ടു മണിക്കൂറായി നല്ല ഉറക്കത്തിലാണ്. അല്ലെങ്കിലും അയാളെക്കുറിച്ച് എന്നോടെന്തിനാണ് നിങ്ങൾ അന്വേഷിക്കുന്നത്? അയാളുടെ കാമുകിമാരായ ലോലയോടും നിൽഡയോടും റിനിയോടുമൊക്കെ ചോദിക്കൂ…”
“അതു കൊണ്ടൊരു കാര്യവുമില്ല. വിഷമഘട്ടത്തിൽ അയാൾ അവളുമാരുടെ അടുത്ത് ഒരിക്കലും പോകില്ല.”
“അയാൾ ഇവിടെ ഏതായാലുമില്ല, പിന്നെ വരൂ ഏമാനേ.”
“ശരി അർമാണ്ടാ, ഞാൻ ചോദിച്ചുവെന്നേ ഒള്ളൂ. ഏതായാലും നിന്നെ കണ്ടതിൽ സന്തോഷം.”
“ഏമാനേ, ശുഭരാത്രി.”
“ശുഭരാത്രി.”

മരത്തലയൻ പോകാൻ ഒരുങ്ങിയെങ്കിലും പോകാൻ കൂട്ടാക്കിയില്ല. “ഞാനോർക്കുകയായിരുന്നു, സമയം ഏതാണ്ട് പുലരാനായിട്ടുണ്ട്. എനിക്കാണെങ്കിൽ പ്രത്യേകിച്ച് വേറെയൊരു ജോലിയുമില്ല. എന്റെ കട്ടിലിലേക്കു തന്നെ മടങ്ങിപ്പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്ര നേരം ഇവിടെ നിന്നപ്പൊ, ഇവിടെ തന്നെ ഇന്നു തങ്ങിയാലോ എന്നെനിക്കു തോന്നുന്നു. അർമാണ്ടയെന്തു പറയുന്നു?”
“ഏമാനേ, നിങ്ങൾ എല്ലായ്പ്പോഴും വലിയവർ തന്നെയാണ്. പക്ഷേ, സത്യം പറയുകയാണെങ്കിൽ, രാത്രിയുടെ ഈയൊരു സമയത്ത് എനിക്കങ്ങയെ സ്വീകരിക്കാൻ ഒരിക്കലും കഴിയില്ല. അതങ്ങനെയാണ് സാർ, ഞങ്ങൾക്കെല്ലാവർക്കും ഞങ്ങളുടേതായ സമയക്രമങ്ങളുണ്ടല്ലോ.”
“അർമാണ്ടാ, എന്നെപ്പോലുള്ള ഒരു പഴയ കൂട്ടുകാരനെ…” അയാൾ ജാക്കറ്റും കുപ്പായവും ഊരാൻ തുടങ്ങിയിരുന്നു.
“നിങ്ങളൊരു സുമുഖനാണ്, സാർ. എന്തുകൊണ്ട് നമുക്കു നാളെ ഒത്തു കൂടാ..?
മരത്തലയൻ വിവസ്ത്രനായിക്കൊണ്ടേയിരുന്നു. ”നിനക്കറിയാലോ, ഇത് രാത്രിയിൽ സമയം തള്ളി നീക്കാൻ വേണ്ടിയുള്ളതാണ്. ഏതായാലും എനിക്കു വേണ്ടി ഒരു മുറി തയ്യാറാക്കൂ..”
“ലിലിൻ സോഫയിലേക്കു പൊയ്ക്കോളും. ലിലിൻ ഓമലേ, അൽപ നേരത്തിന് പുറത്ത് പോകൂ..”
തന്റെ വലിയ കൈകൾ കൊണ്ട് ലിലിൻ ഇരുട്ടിൽ തപ്പിത്തടഞ്ഞു. മേശപ്പുറത്തെ പുകയിലയും തലയണയും പുതപ്പും പേപ്പറും തീപ്പെട്ടിയും ഒരുമിച്ചുകൂട്ടി, സ്വയം തള്ളിയെണീച്ച് പിറുപിറുത്തു കൊണ്ട് ലിലിൻ കിടക്കയിൽ നിന്നും താഴെയിറങ്ങി. “ചെല്ലൂ, ലിലിൻ ഓമലേ…” പുതപ്പു നിലത്തു വലിച്ചിഴച്ചു കൊണ്ട് അയാൾ പുറത്തു പോയി. മരത്തലയൻ അപ്പോഴേക്കും വിരിപ്പിനിടയിലേക്കു മറിഞ്ഞു വീണു.

തൊട്ടടുത്ത വാതിലിനപ്പുറത്ത്, ചെറിയ ജനാലയുടെ ഇടുങ്ങിയ തുളയിലൂടെ ഹരിതാഭമായിക്കൊണ്ടിരുന്ന ആകാശത്തെ നോക്കി നിൽക്കുകയായിരുന്നു ഗിം. സിഗരറ്റ് മേശപ്പുറത്തു തന്നെ മറന്നു വെച്ചത് ഒരു ദുരന്തമായിപ്പോയെന്ന് അയാൾക്കു തോന്നി. ഇപ്പോൾ ആ അപരൻ കിടക്കയിലേക്ക് ഊർന്നു വീണിരിക്കുന്നു. അതു കൊണ്ടു തന്നെ, നേരം പുലരുന്നതു വരേയും ഈ കക്കൂസിലെ പൈപ്പുകൾക്കും പൗഡറുകൾക്കുമിടയിൽ ഒന്നു പുകവലിക്കാൻ പോലും കഴിയാതെ ഗിമ്മിന് നിശബ്ദനായി നിൽക്കേണ്ടി വരും. നിശബ്തയിൽ അയാൾ വസ്ത്രമണിഞ്ഞു. തലമുടി വൃത്തിയിൽ ചീകി. സുഗന്ധദ്രവ്യങ്ങളുടേയും കണ്ണിലുറ്റിക്കുന്ന തുള്ളിമരുന്നിന്റെയും കുപ്പികൾ സൃഷ്ടിച്ച വേലിക്കെട്ടിനു മുകളിലൂടെ വാഷ് ബേസിന്റെ കണ്ണാടിയിൽ അയാൾ അയാളെത്തന്നെ സൂക്ഷിച്ചു നോക്കി. കീടനാശകൗഷധക്കുപ്പികളും മരുന്നുകളും സിറിഞ്ചുകളും ആ മുറിയിലെ അലമാരയെ അലങ്കരിക്കുന്നവയായിരുന്നു.

കിളിവാതിലിലൂടെ ഇരച്ചു കയറിയ ചെറുവെളിച്ചത്തിൽ അയാൾ ചില സ്റ്റിക്കറുകൾ വായിച്ചു. ഗർഭനിരോധന ഉറയുടെ ഒരു പെട്ടി മെല്ലെ മോഷ്ടിക്കുകയും ചെയ്തു. അയാൾ കളിമുറിയിൽ പര്യടനം തുടർന്നു. അവിടെ അധികമൊന്നും കണ്ടെത്താൻ മാത്രമുണ്ടായിരുന്നില്ല. ഒരു ബക്കറ്റിൽ കുറച്ച് വസ്ത്രങ്ങൾ, ചിലവ ഒരു ചരടിൽ. അയാളൊരു പൈപ്പിൽ വെള്ളമുണ്ടോ എന്നു പരിശോധിച്ചു. വെള്ളം ഒച്ചവെച്ച് പുറത്തേക്കു ചീറ്റി. മരത്തലയൻ അതു കേട്ടിരിക്കുമോ? മരത്തലയനും ജയിലും ഒരുപോലെ നരകമാണ്. ഗിമ്മിന് അസ്വസ്ഥത അനുഭവപ്പെട്ടു. അയാൾ ബേസിന്റെ അടുത്ത് തിരികെ ചെന്ന് ഒരു വാസനാ തൈലമെടുത്ത് ജാക്കറ്റിൽ കുടഞ്ഞു. ഒരുതരം ഓയിലെടുത്ത് തലമുടി തടവി. ഇന്നല്ലെങ്കിൽ നാളെ അവരയാളെ പിടികൂടും എന്നയാൾക്ക് ഉറപ്പായിരുന്നു. എങ്കിലും അവർക്കയാളെ കുത്യം ചെയ്യുന്നതിനിടയിൽ കയ്യോടെ പിടികൂടാൻ കഴിഞ്ഞില്ലല്ലോ. കാര്യങ്ങളെല്ലാം ഒഴുക്കിലങ്ങ് നടന്നു പോവുകയാണെങ്കിൽ, അവർക്കയാളുടെ വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യും. ആ ഇടുങ്ങിയ മുറിക്കുള്ളിൽ സിഗരറ്റ് പോലുമില്ലാതെ രണ്ടോ മൂന്നോ മണിക്കൂർ കൂടെ തള്ളിനീക്കുക..! എന്തു കൊണ്ടാണയാൾ അസ്വസ്ഥനാകുന്നത്? തീർച്ചയായും അയാൾക്ക് അവരയാളെ ഇപ്പോൾ തന്നെ പുറത്തുവിടണമെന്നുണ്ടായിരുന്നു. അയാളൊരു ക്ലോസറ്റ് തുറന്നു. അതൊന്നു കിറുകാറുക്കി. എല്ലാം അയാൾക്ക് നരകമായി തോന്നി. അവിടെ അർമാണ്ടയുടെ വസ്ത്രങ്ങൾ തൂങ്ങിക്കിടന്നു. ഗിം റിവോൾവർ അവിടെക്കണ്ട ഒരു തുകൽകോട്ടിന്റെ കീശയിൽ തിരുകി വെച്ചു. അത് തിരിച്ചു വരുമ്പോൾ എടുക്കാമെന്നയാൾ ചിന്തിച്ചു. അടുത്ത ശിശിരം വരെ ആ കോട്ട് ഒരു കാരണവശാലും അവൾ ധരിക്കില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അയാൾ കൈ പുറത്തെടുത്തു. കൈയ്യിൽ ഒരു തരം എണ്ണ പുരണ്ടു. അതു നന്നായി: തോക്കേതായാലും പുഴു തിന്നില്ലല്ലോ. അയാൾ മന്ദഹസിച്ചു. കൈ കഴുകാനയാൾ വീണ്ടും ബേസിന്റെ അടുത്തു ചെന്നു. പക്ഷേ അയാളുടെ വയറിൽ അർമാണ്ടയുടെ ടവ്വലിന്റെ വാസന ബാക്കിയുണ്ടായിരുന്നു.

കിടക്കയിൽ കിടന്നു കൊണ്ട് മരത്തലയൻ വാതിലിനപ്പുറത്തെ ശബ്ദങ്ങൾ കേട്ടു. അയാൾ അർമാണ്ടയെ അമർത്തിപ്പിടിച്ചു. “ആരാണവിടെ?” അവൾ തിരിഞ്ഞു കിടന്ന് അവളുടെ കൊഴുത്ത നിർമ്മലമായ കൈകൾ അയാളുടെ കഴുത്തിൽ ചുറ്റി അയാളെ തന്നിലേക്കു ചേർത്തു പിടിച്ചു. “ഒന്നുമില്ല, അല്ലെങ്കിലും അവിടെയിപ്പോ ആരുണ്ടാകാനാ…?” മരത്തലയന് അവിടെ നിന്നും എണീക്കാൻ തോന്നിയതേയില്ല. പക്ഷേ, അയാൾ വീണ്ടും വീണ്ടും അനക്കങ്ങൾ കേട്ടുകൊണ്ടേയിരുന്നു. ഒരു കളിക്കോപ്പു പോലെ അയാൾ വീണ്ടും ചോദിച്ചു: “എന്താണത്…? ആരാണവിടെ..?”

ഗിം പെട്ടന്ന് വാതിൽ തുറന്നു. “വരൂ സാർ, ഊമകളിക്കാതെ എന്നെ അറസ്റ്റ് ചെയ്താലും…”
ഞെട്ടിപ്പോയ മരത്തലയന്റെ ഒരു കൈ, കൊളുത്തിൽ തൂക്കിയിട്ട ജാക്കറ്റിന്റെ കീശയിലെ റിവോൾവറിലേക്ക് കുതിച്ചു. അപ്പോഴും അർമാണ്ടയെ അയാൾ വിട്ടുകൊടുത്തില്ല. “അതാരാണ്?”
“ഗിം ബൊലേറൊ.”
“ഹാൻഡ്സപ്പ്..!”
“ഞാനൊരു ആയുധധാരിയല്ല. ഞാൻ സ്വയം കീഴ്പ്പെടുകയാണ്. ഏമാനേ, വെറുതെ ഒരു പൊട്ടനാകരുത്..!”
അയാൾ കിടക്കയുടെ ഒരു മൂലയിൽ നിൽക്കുകയായിരുന്നു. ജാക്കറ്റ് തോളിൽ വിരിച്ചിട്ടിരുന്നു. കരങ്ങൾ പകുതി ഉയർത്തിയിരുന്നു.
“ഓ.. ഗിം..” അർമാണ്ട ഒച്ചവെച്ചു.
“വൈകാതെത്തന്നെ ഞാൻ നിന്നെക്കാണാൻ മടങ്ങിയെത്തും അന്റാ…” ഗിം പ്രതിവചിച്ചു.
മരത്തലയൻ ചാടിയെണീറ്റു. അസ്പഷ്ടമായി സംസാരിച്ചു കൊണ്ട് അയാൾ പെട്ടന്ന് ട്രൗസറിട്ടു.

“ഇതെന്തു നീചമായ ജോലിയാണ്… ഒരു നിമിഷത്തെ സമാധാനം പോലുമില്ലാതെ..”
മേശപ്പുറത്തു നിന്നും ഗിം തന്റെ സിഗരറ്റുകൾ എടുത്തു. ഒന്നെടുത്തു കത്തിച്ചു. ബാക്കിയുള്ള പാക്ക് കീശയിൽ അമർത്തി വെച്ചു.
“ഗിം, എനിക്കൊരു വലി തരൂ…” അർമാണ്ട പറഞ്ഞു. തൂങ്ങിക്കളിക്കുന്ന മാറിടം പൊക്കിപ്പിടിച്ച് അവൾ നിലത്തിറങ്ങി. ഗിം അവളുടെ വായിലൊരു സിഗരറ്റ് വച്ചു കൊടുത്തു. അതിനയാൾ തീ കൊടുക്കുകയും ചെയ്തു. ആ മരത്തലയനെ ജാക്കറ്റിടാനയാൾ സഹായിച്ചു. “ഏമാനേ, പോയാലോ..?”
“അർമാണ്ടാ, അടുത്ത തവണ കാണാം.” മരത്തലയൻ പറഞ്ഞു.
“ഇനി കാണും വരെ നന്നായിരിക്കൂ ഏമാനേ..” അർമാണ്ട പറഞ്ഞു.
ഇനി കാണും വരെ നന്നായിരിക്കൂ അർമാണ്ടാ..” അയാളതു തന്നെ ആവർത്തിച്ചു.
“ബൈ, ഗിം..”

അവർ ഇരുവരും പുറത്തേക്കിറങ്ങി. ഒരു ഒടിഞ്ഞ സോഫയിൽ ചേക്കേറിക്കൊണ്ട് ഇടനാഴിയിൽ ലിലിൻ ഉറങ്ങുന്നുണ്ടായിരുന്നു. അയാളൊന്ന് അനങ്ങിയതു പോലുമില്ല.
വിശാലമായ കിടക്കയിൽ ഉപവിഷ്ടയായ അർമാണ്ട, പുകവലിക്കുകയായിരുന്നു. അവൾ വിളക്കണച്ചു. ഒരു നരച്ച വെളിച്ചം ആദ്യമേ മുറിക്കുള്ളിൽ വന്നു തുടങ്ങിയിരുന്നു.
“ലിലിൻ..” അവൾ നീട്ടി വിളിച്ചു. “ലിലിൻ.. ഓമലേ.. കിടക്കയിലേക്ക് തിരിച്ചു വരൂ..”
ലിലിൻ അപ്പോഴേക്കും തലയണയും ആഷ്ട്രേയും പെറുക്കിയെടുക്കാൻ തുടങ്ങിയിരുന്നു…!


Featured Image: The Brothel
Vincent van Gogh, 1887
Style: Post Impressionism
Media: Oil on Canvas

വിവർത്തനം: ശിബിലി അബ്ദുസ്സലാം
Madeenathunnoor college of Islamic Science

Comments are closed.