പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഖുർആൻ വിവർത്തനം വിപണിയിലെത്തിക്കുക എന്നത് ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ ഉദ്ധ്യമമായിരുന്നു. 1542ൽ ഖുർആനിന്റെ ലാറ്റിൻ പരിഭാഷ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച ഒരു പ്രസാധകനെ തടവിലാക്കിക്കൊണ്ട് ബെയ്സൽ പ്രൊട്ടസ്റ്റന്റ് സിറ്റി കൗൺസിലർമാർ അഭിപ്രായപ്പെട്ടത് ഖുർആൻ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാൻ കാരണമാവും എന്നായിരുന്നു. ഒടുവിൽ തുർക്കികളെ നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം ഖുർആനിലെ കളവുകൾ വെളിച്ചത്ത് കൊണ്ട് വരലാണ് എന്ന് പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവായ മാർട്ടിൻ ലൂഥർ പറയുന്നതോടെയാണ് വിവർത്തന പദ്ധതി മുന്നോട്ട് പോവുന്നത്.

തുടർന്ന് 1543ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പരിഭാഷ ഖുർആൻ പഠിച്ച് ഇസ്‌ലാമിനെ കൂടുതൽ അറിഞ് പ്രതിരോധിക്കാൻ യൂറോപ്യൻ ധൈഷണിക സമൂഹത്തിന് ലഭ്യമായി. അതേസമയം മറ്റുചിലർ ക്രിസ്ത്യൻ വിശ്വാസ സംഹിതകളെ ചോദ്യം ചെയ്യാനും ഖുർആൻ ഉപയോഗപ്പെടുത്തി. കാറ്റലോണിയൻ ധൈഷണികനും ദൈവശാസ്ത്ര പണ്ഡിതനുമായ മിഷേൽ സെർവിറ്റസ് Christianismi Restitutio (1553) എന്ന ത്രിയേകത്വ വിമർശന ഗ്രന്ഥത്തിൽ തന്റെ വാദങ്ങൾക്ക് പിൻബലമായി അനവധി ഖുർആനിക വചനങ്ങൾ ഉപയോഗപ്പെടുത്തി. പുസ്തകത്തിൽ പ്രവാചകനെ ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞർ സൃഷ്ടിച്ച അയുക്തമായ ത്രിയേകത്വം കളങ്കപ്പെടുത്തിയ ഏകദൈവ വിശ്വാസത്തിൽ നിന്ന് ശുദ്ധമായ വിശ്വാസത്തിലേക്ക് പ്രബോധനം നടത്തിയിരുന്ന ഒരു യഥാർത്ഥ പരിഷ്കർത്താവായിട്ടാണ് പരിചയപ്പെടുത്തുന്നത്. മത വിരുദ്ധ ആശയങ്ങൾ അടങ്ങിയ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതോടെ സെർവിറ്റസിനെതിരെ വിയന്നയിൽ വെച്ച് നടന്ന കത്തോലിക്ക ഇൻക്വിസിഷനിൽ വെച്ച് കുറ്റം ചുമത്തുകയും തന്റെ ഗ്രന്ഥങ്ങളോട് ഒപ്പം ചുട്ടെരിക്കുകയും ചെയ്തു.

യൂറോപ്യൻ ജ്ഞാനോദയ കാലത്തെ അനേകം എഴുത്തുകാർ ഇതേ പ്രകാരം മുഹമ്മദ് നബിയെ(സ) പൗരോഹിത്യ വിരുദ്ധ നായകനായി അവതരിപ്പിച്ചതായി കാണാനാവും. ചിലർ ഇസ്‌ലാമിനെ ആസ്തിക്യ ദാർശനികതയോട് (philosophic deism) തുല്യമായ ഏകദൈവ വിശ്വാസമായും ഖുർആനിനെ യുക്തിസഹമായ ഗ്രന്ഥമായും കണ്ടു.1734ൽ ജോർജ് സെയ്ൽ ഖുർആനിന്റെ ഒരു പുതിയ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. അതിന്റെ മുഖവുരയിൽ ആദ്യകാല ക്രിസ്ത്യൻ വിശ്വാസികളുടെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിഷ്കാസനം ചെയ്യുന്ന പൗരോഹിത്യ വിരുദ്ധ പരിഷ്കർത്താവായും മാതൃകാ പുരുഷനുമായി പ്രവാചകനെ ചിത്രീകരിച്ചു.

സെയ്ലിന്റെ ഖുർആൻ ഇംഗ്ലീഷ് പരിഭാഷ ഇംഗ്ലണ്ടിൽ വ്യാപകമായി വായിക്കപ്പെടുകയും സ്വീകാര്യത നേടുകയും ചെയ്തു. വായനക്കാരിൽ നല്ലൊരു ശതമാനവും പൗരോഹിത്യ വിരുദ്ധ-ജനാധിപത്യ വാദത്തിന്റെ പ്രതീകമായാണ് പ്രവാചകനെ(സ) കണ്ടത്. ഇംഗ്ലണ്ടിന് പുറത്തും ഈ ഖുർആൻ പരിഭാഷക്ക് വലിയ പ്രചാരം ലഭിച്ചു. യു.എസ് ഫൗണ്ടിംഗ് ഫാദർ തോമസ് ജെഫേഴ്സൺ 1765 വെർജീനിയയിലെ വില്യംസ്ബർഗിലെ ഒരു പുസ്തക വിൽപ്പനക്കാരനിൽ നിന്നും ഈ വിവർത്തനത്തിന്റെ ഒരു പ്രതി വാങ്ങിച്ചിരുന്നു. ദൈവവിശ്വാസത്തെ സംബന്ധിച്ച തന്റെ ധാരണകൾ രൂപപ്പെടുത്താൻ ഖുർആൻ അദ്ദേഹത്തെ സഹായിച്ചു (ജെഫേഴ്സന്റെ വിവർത്തന പ്രതി നിലവിൽ അമേരിക്കൻ കോൺഗ്രസ് ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിം പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിന് ഈ പ്രതിയാണ് ഉപയോഗിക്കുന്നത്. 2007 ൽ കെയ്ത് എലിസൺ ആയിരുന്നു ഇതിനു തുടക്കം കുറിച്ചത്). ജർമനിയിലെ റൊമാന്റിക് കവിയായിരുന്ന ഗോഥെ, സെയ്ൽസിന്റെ ഇംഗ്ലീഷ് വിവർത്തനം വായിക്കാൻ ഇടയാവുകയും അതുവഴി പ്രവാചകനെക്കുറിച്ചുള്ള തന്റെ ധാരണക്ക് വർണ്ണമേകാൻ സഹായികമാവുകയും ചെയ്തിട്ടുണ്ട്. ഗോഥെയെ സംബന്ധിച്ചിടത്തോളം പ്രവാചകൻ ഒരു മാതൃകാ കവിയും പ്രവാചകത്വത്തിന് മാതൃകാ രൂപവുമാണ്.

ഫ്രാൻസിൽ സെയ്ൽസിന്റെ വിവർത്തനം വായിച്ച വോൾട്ടയർ ലോക ചരിത്രത്തെ സംബന്ധിച്ച തന്റെ ഗ്രന്ഥത്തിൽ (Essai sur les mœurs et l’esprit des nations) പ്രവാചകനെ വളെരെ മതിപ്പോടെയാണ് പരാമർശിച്ചത്. കളങ്കപ്പെട്ട പൗരോഹിത്യ ശക്തികളെ നിർമ്മാർജ്ജനം ചെയ്യുകയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു പരിഷ്കർത്താവായിട്ടാണ് അദ്ദേഹം പ്രവാചകനെ ചിത്രീകരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ അവസാനത്തിൽ സെയ്‌ലിനേയും വോൾട്ടയറെയും വായിച്ച എഡ്വാർഡ്‌ ഗിബ്ബൺ തന്റെ The History of the Decline and Fall of the Roman Empire എന്ന ഗ്രന്ഥത്തിൽ പ്രവാചകനെ മനോഹരമായി അവതരിപ്പിക്കുന്നത് കാണാം:

അവ്യക്തതകളിൽ നിന്നും സന്ദേഹങ്ങളിൽ നിന്നും മുക്തമാണ് മുഹമ്മദ് അവതരിപ്പിച്ച വിശ്വാസങ്ങൾ. മുഹമ്മദ് കൊണ്ടുവന്ന ഖുർആൻ ദൈവത്തിന്റെ ഏകത്വത്തിനുള്ള മഹത് സാക്ഷ്യമാണ്. നശിക്കുന്നതെല്ലാം ജീർണിക്കും, ജനിച്ചതെല്ലാം മരിക്കും, ഉദിച്ചതെല്ലാം അസ്തമിക്കും തുടങ്ങിയ യുക്തിസഹമായ തത്വങ്ങളുടെ അടിസ്ഥാനത്തിൽ മുഹമ്മദ് വിഗ്രഹാരാധനയെയും മറ്റു ദേവീദേവന്മാരെ ആരാധിക്കുന്നതിൽ നിന്നും മക്കൻ ജനതയെ വിലക്കി. പ്രപഞ്ചത്തിന് സൃഷ്ടാവായ ദൈവം സ്ഥല, കാല ആവശ്യങ്ങൾ ഇല്ലാത്ത പകർപ്പുകളോ പ്രതിരൂപങ്ങളോ ഇല്ലാത്ത അനശ്വരനായ ഒരു ഉണ്മയായിരുന്നു. സ്വയം അനിവാര്യതയിൽ തന്നെ അത് നിലനിൽക്കുന്നു. ആസ്തികനായ ദാർശനികൻ നമ്മുടെ കാലത്തിന് അനുയോജ്യമായ ഉദാത്തമായ മുഹമ്മദൻ വിശ്വാസത്തെ പുൽകുമായിരുന്നു

The History of the Decline and Fall of the Roman Empire

എന്നാൽ 1783 ൽ ക്ലോഡ് എറ്റിനെ സാവെറി എഴുതിയ ഖുർആനിന്റെ ഫ്രഞ്ച് പരിഭാഷ വായിച്ച നെപ്പോളിയൻ ബോണപ്പാർട്ടാണ് അത്യധികം താൽപര്യത്തോടെ ഖുർആനെ ഏറ്റെടുക്കുകയും സ്വയം ഒരു പുതിയ പ്രവാചകനായി രൂപാന്തരപ്പെടാൻ ഒരുമ്പെടുകയും ചെയ്യുന്നത്. അറബി ഭാഷയുടെ സംഗീതം നിറഞ്ഞ ഈജിപ്തിൽ വെച്ച് ഖുർആൻ പരിഭാഷ എഴുതുമ്പോൾ സാവെറി അറബി ഭാഷയുടെ സൗന്ദര്യത്തെയും തന്റെ രചനയായിൽ ഉൾച്ചേർക്കാനുള്ള ശ്രമം നടത്തിയിരുന്നു. സെയ്ലിനെപ്പോലെ പരിഭാഷയുടെ തുടക്കത്തിൽ നീണ്ട മുഖവുര എഴുതിയ സാവെറി പ്രവാചകനെ ഒരു അസാധാരണ മനുഷ്യനും, യുദ്ധമുഖത്തെ പ്രതിഭാശാലിയും, അനുയായികൾക്കിടയിൽ സ്വാധീനമുണ്ടാക്കാനും നിലനിർത്താനും അറിയുന്ന നേതാവുമായിട്ടാണ് അവതരിപ്പിച്ചത്. 1798ൽ തന്റെ കപ്പലിലായിരിക്കെ ഈ പരിഭാഷ വായിച്ച നെപ്പോളിയൻ നേരെ ഈജിപ്തിലേക്ക് വെച്ചുപിടിച്ചു. സമർത്ഥനായ യുദ്ധ നേതാവ്, ബുദ്ധിശാലിയായ നിയമജ്ഞൻ എന്നിങ്ങനെ പ്രവാചകനെക്കുറിച്ചുള്ള സാവെറിയുടെ വിവരണത്തിൽ പ്രചോദിതനായ നെപ്പോളിയൻ തന്നിൽ ഒരു പുതിയ ‘മുഹമ്മദിനെ’ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. കൈറോയിലെ മുസ്‌ലിം പണ്ഡിതർ തന്നെ അംഗീകരിക്കുമെന്നും തന്റെ ഫ്രഞ്ച് സേനയെ ഓട്ടോമൻ ആധിപത്യത്തിൽ നിന്നും ഈജിപ്തുകാരെ മോചിപ്പിക്കാൻ വന്ന ഇസ്‌ലാമിന്റെ അനുഭാവികളായി കാണുമെന്നും അദ്ദേഹം ഊഹിച്ചു. ഈജിപ്തിലേക്കുള്ള തന്റെ ആഗമനം ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് എന്ന് പോലും അദ്ദേഹം വാദിച്ചു.

ജ്ഞാനോദയ കാലത്തെ ഇസ്‌ലാമിനെ സംബന്ധിച്ച പുസ്തക കേന്ദ്രീകൃതമായ ശുദ്ധമായ ഏകദൈവ വിശ്വാസം എന്ന കാഴ്ചപ്പാടിന് സമാനമായ വളരെ സാങ്കൽപ്പികമായ ധാരണ മാത്രമേ നെപ്പോളിയന് ഉണ്ടായിരുന്നുള്ളൂ. തന്റെ ഈജിപ്ഷ്യൻ അധിനിവേശത്തിന്റെ പരാജയത്തിന് കാരണവും ഇസ്‌ലാമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിമിതമായ ധാരണയായിരുന്നു. നെപ്പോളിയൻ മാത്രമായിരുന്നില്ല അദ്ദേഹത്തെ പ്രവാചകനായി കാണാൻ ശ്രമിച്ചിരുന്നത്. ഗോഥെ നെപ്പോളിയൻ വിശേഷിപ്പിച്ചത് ലോകത്തിന്റെ മുഹമ്മദ് (Mahomet der Welt) എന്നാണ്. ഫ്രഞ്ച് എഴുത്തുകാരനായ വിക്ടർ ഹ്യൂഗോ പടിഞ്ഞാറിന്റെ മുഹമ്മദ് ( Mahomet d’occident) എന്നും പ്രഖ്യാപിച്ചു. തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് സെന്റ് ഹെലനയിലേക്ക് നാട് വിട്ടുപോയ നെപ്പോളിയൻ തന്റെ പരാജയത്തെ അയവിറക്കിക്കൊണ്ട് പ്രവാചകനെക്കുറിച്ച് എഴുത്തിയത് ‘ചരിത്രത്തിന്റെ ഗതിയെ മാറ്റിയെഴുതിയ മഹാ വ്യക്തിത്വം’ എന്നായിരുന്നു. നെപ്പോളിയന്റെ മനസ്സിലെ പ്രവാചകൻ നെപ്പോളിയനെപ്പോലെ ജേതാവും, നിയമജ്ഞനും, സ്വാധീനശക്തിയും ഉള്ളവനാണ്. എന്നാൽ ഒരിക്കലും സൗത്ത് അറ്റ്ലാന്റിക് ലെ തണുത്തുറഞ്ഞ ദ്വീപിലേക്ക് നാടുവിടേണ്ടി വന്നിട്ടില്ലാത്ത, നെപ്പോളിയനെക്കാൾ ജേതാവായിരുന്ന ഒരു നെപ്പോളിയനായിരുന്നു അത്.

ലോകത്തിലെ ഉൽകൃഷ്ടനായ നിയമ നിർമ്മാതാവ് എന്ന നിലയിലുള്ള പ്രവാചകനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഇരുപതാം നൂറ്റാണ്ട് വരെ നിലനിന്നു എന്നു കാണാം. 1935 ൽ അഡോൾഫ് എ.വെയിൻമെൻ എന്ന അമേരിക്കൻ ശിൽപി യുഎസ് സുപ്രീം കോടതിയിലെ പ്രധാന ചേംബറിൽ തീർത്ത ശിൽപ്പത്തിൽ 18 നിയമ നിർമ്മാതാക്കളുടെ കൂട്ടത്തിൽ പ്രവാചകനും സ്ഥാനം നൽകിയിരുന്നു. മുഹമ്മദി(സ)നെ മുസ്‌ലിംകളുടെ പ്രവാചകൻ എന്ന പദവിയെ അംഗീകരിക്കാൻ യൂറോപ്പിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ള ക്രിസ്ത്യാനികൾ അവരുടെ ചർച്ചകളിൽ ഒരുമിച്ചു കൂടിയ സംഭവങ്ങൾ ചരിത്രത്തിൽ കാണാനാവും. ഇസ്‌ലാമിനെ സംബന്ധിച്ച് പഠിച്ച കത്തോലിക്കാൻ പണ്ഡിതനായ ലൂയി മസൈനൺ, ഹാൻസ് കുങ്, സ്കോട്ടിഷ് പ്രൊട്ടസ്റ്റന്റ് പണ്ഡിതനായ വില്ല്യം മോണ്ട്ഗോമറി വാട്ട് തുടങ്ങിയവർ ഇത്തരം സംരംഭങ്ങൾ മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വവും നിർമ്മാണാത്മകമായ സംവാദങ്ങളും രൂപപ്പെടുത്തുന്നതിന് പ്രധാനമാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഇത്തരം ഇടപാടുകൾ സംഘർഷങ്ങളുടെ മുഴക്കങ്ങളിൽ കേൾക്കാതെ പോകുന്നു എന്നതാണ് വാസ്തവം. ഇന്ന് യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ മുസ്‌ലിം വിരുദ്ധ നയങ്ങൾ നീതീകരിക്കാൻ പ്രവാചകനെ നീചവൽക്കരിക്കുന്നുണ്ട്. മനോരോഗി, ഭീകരവാദി തുടങ്ങിയ പദങ്ങൾ കൊണ്ടാണ് ഡച്ച് രാഷ്ട്രീയക്കാരനായ ഗീർട്ട് വിൽഡേഴ്സ് പ്രവാചകനെ വിശേഷിപ്പിച്ചത്. പ്രവാചകന്റെ അധ്യാപനങ്ങളുടെ എല്ലാവിധ ചരിത്ര വായനകളെയും നിരാകരിക്കുന്ന മുസ്‌ലിം മതമൗലികവാദികൾ തന്നെയാണ് പ്രവാചകനെക്കുറിച്ചുള്ള തെറ്റായ ചിത്രം സൃഷ്ടിക്കുന്നത് എന്നതാണ് ഇവിടെ നിലനിൽക്കുന്ന വിരോധാഭാസം. അതേസമയം അക്രമോത്സുകരായ മതമൗലികവാദികൾ ഇസ്‌ലാമിനെയും പ്രവാചകനെയും പരിഹാസങ്ങളിൽ നിന്നും പ്രതിരോധിക്കാൻ വേണ്ടി ഭീകരതയെയും കൊലപാതകത്തെയും ആശ്രയിക്കുകയാണ്. ഇവിടെ ഒരടി പിന്നോട്ട് വച്ച് ചരിത്രത്തിലേക്ക് തിരിഞ് നോക്കിയാൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് വൈവിധ്യം നിറഞ്ഞ ആശ്ചര്യപരയ പാശ്ചാത്യൻ വിവരണങ്ങൽ കാണാനാവും.

വിവർത്തനം : എൻ. മുഹമ്മദ്‌ ഖലീൽ


Featured Image : Quran

*(സ)- സ്വല്ലല്ലാഹു അലൈഹി വസല്ലം (അവരുടെ മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ)

Comments are closed.