‘ദൈവം സർവശക്തനാണ്’ എന്ന അനുമാനത്തോടുള്ള വിയോജിപ്പാണ് ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് മുതലുള്ളവരുടെ ‘പ്രക്രിയാ ദൈവശാസ്ത്ര’ത്തെ (Process theology) മറ്റു ദൈവശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. തിയോഡിസി, അല്ലെങ്കിൽ ദൈവിക നീതിയാണ് പ്രക്രിയാ ദൈവശാസ്ത്രത്തിന്റെ കേന്ദ്ര പ്രശ്നം. ദൈവത്തിന്റെ നന്മയെ വളരെ ഗൗരവത്തോടെ പരിഗണിക്കുമ്പോൾ ദൈവത്തിന്റെ സർവാധികാരത്തെക്കുറിച്ചുള്ള പരമ്പരാഗത തീർപ്പുകളെ ഉപേക്ഷിക്കേണ്ടി വരുന്നു എന്നാണ് പ്രക്രിയാ ദൈവശാസ്ത്രത്തിന്റെ വാദം. ടോം ഊർഡിന്റെ The Death of Omnipotence and Birth of Amipotence, ചാൾസ് ഹാർട്ഷോണിന്റെ Omnipotence and Other Theological Mistakes എന്നിവ ഇവ്വിഷയകമായി കൂടുതൽ വായനക്ക് പരിഗണിക്കാവുന്ന ഗ്രന്ഥങ്ങളാണ്.

പ്രോസസ്സ് ചിന്തകർ അവരുടെ ദൈവശാസ്ത്രത്തെ, പാരമ്പര്യത്തോടുള്ള ഒരു പ്രതികരണം മാത്രമായി വികസിപ്പിക്കുകയല്ല, മറിച്ച് ദൈവത്തിന് പ്രപഞ്ചത്തെ ബലാത്കാരേണ സൃഷ്ടിക്കുന്നവൻ (cosmic compeller of creation) എന്നതല്ലാത്ത ഒരു കർത്തവ്യമാണ് ഉള്ളതെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയും ഈ പ്രശ്‌നങ്ങൾക്കെല്ലാം പ്രത്യേക ഓന്റോളജിക്കൽ, കോസ്മോളജിക്കൽ ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. വൈറ്റ്ഹെഡിന്റെ രചനകൾ ഈ വ്യവഹാരത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സൂക്ഷ്മമായ പ്രകിയാ ഭവശാസ്ത്രവും പ്രപഞ്ചശാസ്ത്രവും (process ontology and cosmology) അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പിൽക്കാല പഠനങ്ങൾ പിൻഗാമികളായ മറ്റു പ്രോസസ്സ് ചിന്തകർക്ക് പിന്നീട് മുതൽക്കൂട്ടായിട്ടുണ്ട്.

പ്രോസസ്സ് തത്വചിന്തയിലും ദൈവശാസ്ത്രത്തിലും വൈറ്റ്ഹെഡിന്റെ സ്വാധീനം മനസ്സിലാക്കാൻ പ്രയാസമില്ലെങ്കിലും, ദൈവശാസ്ത്രജ്ഞരിൽ അദ്ദേഹത്തിന്റെ ചിന്തകൾ ഗുണാത്മകമായി സ്വീകരിച്ചവർ കൂടുതലും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളാണ്. മാത്രവുമല്ല, മറ്റു ധാരകളേക്കാൾ, പ്രോസസ്സ് തിയോളജി പ്രൊട്ടസ്റ്റന്റ് വ്യവഹാരങ്ങളിലൂടെയാണ് വളർച്ച പ്രാപിച്ചിട്ടുള്ളത്. എന്നാൽ, അടുത്ത കാലത്തായി പ്രോസസ്സ് ചിന്തകൾ ക്രിസ്ത്യൻ മതത്തിനപ്പുറത്തേക്ക് സ്വാധീനം ചെലുത്തുന്നുണ്ട്. ജൂത പാരമ്പര്യത്തിൽ നിന്നും പ്രോസസ്സ് തിയോളജിയെ വികസിപ്പിക്കുന്ന റബ്ബി ബ്രാഡ്‌ലി ഷേവിത് ആർട്സന്റെ രചനയും, ബഹാഇ പ്രോസസ്സ് തേയോളജി ആവിഷ്കരിച്ച റോലൻഡ് ഫാബറിന്റെ രചനയും, ബുദ്ധിസ്റ്റ് പ്രോസസ്സ് ചിന്തയെ പരിചയപ്പെടുത്തുന്ന കാസി ആദി ശക്തിയുടെ രചനയും ഈ സ്വാധീനത്തെ വ്യക്തമാക്കുന്നവയാണ്. പ്രോട്ടസ്റ്റന്റിതര ക്രിസ്ത്യൻ കക്ഷികളിലും പ്രോസസ്സ് തിയോളജി വ്യവഹാരങ്ങൾ നടക്കുന്നുണ്ട്. Process Thought and Roman Catholicism: Challenges and Promises എന്ന പഠനം ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ സമാഹാരം ആണ്.

ഇങ്ങനെയൊക്കെയാണെങ്കിലും, ഇരുപത്-ഇരുപത്തൊന്ന് നൂറ്റാണ്ടുകളിൽ, പ്രൊട്ടസ്റ്റന്റ് ചിന്തയോടുള്ള പ്രതികരണമായി വളർന്നതാണ് പല പ്രോസസ്സ് തിയോളജി ആവിഷ്കാരങ്ങളും എന്നത് വളരെ പ്രധാനം ആണ്. എന്നാൽ ദൈവം, മാനവികത, മതം എന്നിവയെ കുറിച്ച് പ്രൊട്ടസ്റ്റന്റ് തീർപ്പുകൾ മാത്രമായിരുന്നില്ല ക്രിസ്തീയ ലോകത്ത് നിലനിന്നിരുന്നത്. പക്ഷേ, പ്രോസസ് ദൈവശാസ്ത്രജ്ഞർ പലപ്പോഴും പരമ്പരാഗത ക്രിസ്ത്യൻ ദൈവശാസ്ത്ര വ്യവഹാരങ്ങളിൽ ഒരു ഏകത്വം ആരോപിക്കുന്നുണ്ട്. ദൈവത്തിന്റെ സർവാധികാര സിദ്ധാന്തം ഉണ്ടാക്കുന്ന പ്രതിസന്ധികൾ എല്ലായിടത്തും ഒരു പോലെയാണെന്ന് അവർ മുൻധാരണ വയ്ക്കുന്നു. ഇത് വ്യതിയാനങ്ങളെ അവഗണിക്കലാണ്. എന്നിരുന്നാലും, ചർച്ച് പിതാക്കളുടെ (church fathers) ദൈവശാസ്ത്രത്തെ ആരംഭബിന്ദുവായെടുക്കുന്നത്, കാൽവിനിസ്റ്റ് പരിഷ്കൃത ദൈവശാസ്ത്ര വ്യവഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വഴിയാണ് പ്രോസസ്സ് പാരമ്പര്യത്തിന് നൽകുന്നത്.

പരമ്പരാഗത ദൈവശാസ്ത്ര പണ്ഡിതന്മാർ, ദൈവത്തെ പ്രപഞ്ചത്തിന് പുറമെ ഒരു ബാഹ്യ ഉണ്മയായി കാണുന്നതിനുപകരം, ഉണ്മ തന്നെയായാണ് മനസ്സിലാക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ സർവശക്തി സിദ്ധാന്തത്തിന് നേരെ പ്രോസസ്സ് ദൈവശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന വിമർശനങ്ങളെ അവർ തള്ളിക്കളയും. ‘സർവശകതനായ ദൈവം’ എന്ന അടിസ്ഥാന ആശയം ഉപേക്ഷിക്കാതെ തന്നെ തിന്മയുടെ പ്രശ്നം (problem of evil) പരിഹരിക്കുന്നുണ്ടെന്നാണ് പരമ്പരാഗത ദൈവശാസ്ത്ര വാദം. ഈ ക്ലാസ്സിക്കൽ തീയിസം (Classical Theism) പൊതുവിൽ എല്ലാ അബ്രഹാമിക മതങ്ങളുടെയും അടിസ്ഥാന തന്തുവായി കണക്കാക്കപ്പെടുന്നു. ഇസ്‌ലാമിക പ്രക്രിയ ദൈവശാസ്ത്രം ചർച്ച ചെയ്യും മുമ്പ് അനിവാര്യമായി മനസ്സിലാക്കേണ്ട ഒരു പശ്ചാത്തലം ആണിത്. കാരണം അതിന്റെ പ്രഥമ ആശയങ്ങൾ ആദ്യകാല പ്രോസസ് ചിന്തകരുടെ ആധുനിക പ്രൊട്ടസ്റ്റന്റ് സാഹചര്യങ്ങളിൽ നിന്നും കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ്.

അബ്രഹാമിക പാരമ്പര്യങ്ങളിൽ ഓരോന്നിലും ക്ലാസിക്കൽ തീയിസത്തിന്റെ സവിശേഷമായ രൂപങ്ങളുണ്ട്. അവ ചില കേന്ദ്ര ബിന്ദുക്കളിൽ ഒരുമിക്കുന്നുവെങ്കിലും ഓരോ മതത്തിന്റെയും വേദങ്ങളിലെയും മറ്റും വ്യത്യാസങ്ങൾ കാരണം, വിശദീകരണങ്ങളിൽ വലിയ വ്യത്യാസങ്ങൾ വരുന്നു. ഇപ്രകാരം, ഈ പാരമ്പര്യങ്ങളിലെ പ്രക്രിയാ ദൈവശാസ്ത്രങ്ങൾക്കും അവയുടേതായ സ്വഭാവങ്ങൾ കാണാം, അവയ്ക്കിടയിൽ പൊതുവായ ഒരു ക്രമീകരണം ഉണ്ടെങ്കിലും. നേരത്തെ പരമാർശിച്ചത് പോലെ, പ്രക്രിയാ ദൈവശാസ്ത്രം പ്രാഥമികമായും ക്രിസ്ത്യൻ ലോകത്താണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്. എന്നാൽ ഇസ്‌ലാമിക പ്രക്രിയാ ദൈവശാസ്ത്രം ഈയ്യിടെയായി വികസിച്ചു വരുന്നുണ്ട്. വൈറ്റ്ഹെഡിന്റെ സമകാലികനായിരുന്ന ദക്ഷിണേഷ്യൻ മുസ്‌ലിം തത്ത്വചിന്തകൻ മുഹമ്മദ് ഇഖ്ബാൽ, തത്വചിന്തകൻ ഹെൻറി ബെർഗ്‌സണോടോപ്പം വൈറ്റ്ഹെഡിനെയും മറ്റു പല പാശ്ചാത്യ ചിന്തകരെയും തന്റെ കൃതികളിൽ വളരെയധികം ഉദ്ധരിച്ച ഒരു വ്യക്തിയാണ്.

ദൈവത്തിൻ്റെ നന്മയെ വളരെ ഗൗരവത്തോടെ പരിഗണിക്കുമ്പോൾ ദൈവത്തിന്റെ സർവ്വാധികാരത്തെക്കുറിച്ചുള്ള പരമ്പരാഗത തീർപ്പുകളെ ഉപേക്ഷിക്കേണ്ടി വരുന്നു എന്നാണ് പ്രക്രിയാ ദൈവശാസ്ത്രത്തിന്റെ വാദം.

ആധുനിക ഇസ്‌ലാമിക പ്രക്രിയാ തത്വശാസ്ത്രവും ദൈവശാസ്ത്രവുമെല്ലാം ഇഖ്ബാലിനെ ഒരു ഉറവിടമായോ, കുറഞ്ഞത് ഒരു തുടക്കമായോ പരിഗണിക്കുന്നുണ്ട്. ഒപ്പം ചില ബദലുകളും വികസിച്ചുകൊണ്ടിരിക്കുന്നു. ബോസ്‌നിയൻ പണ്ഡിതനായ ആദിസ് ദുദേരിജ, പുരോഗമന മുസ്‌ലിം ഹെർമെന്യൂറ്റിക്‌സിനെ പ്രോസസ്സ് ചിന്തയുമായി സംഭാഷണത്തിലേർപ്പെടുത്തുന്നത് അതിനൊരുദാഹരണമാണ്. മറ്റൊരു ബദൽ, അഹ്മദ് ബിൻ സൈനുദ്ധീൻ ബിൻ ഇബ്രാഹിം അൽ-അഹ്‌സായ് (ശൈഖ് അഹ്മദ്) സ്ഥാപിച്ച ഷൈഖി സ്‌കൂൾ ഓഫ് ശീഈ തിയോളജിയുടേതാണ്. ഇസ്‌ലാമിക പ്രക്രിയ ചിന്തയുടെ ഈ ധാരയെ ഇദ്രിസ് സമവി ഹമീദ് തന്റെ പഠനങ്ങളിൽ കൃത്യമായി അവതരിപ്പിക്കുന്നു. അവസാനമായി, ദാർശനിക സൂഫിസത്തിലും ഇസ്‌ലാമിക ബൗദ്ധിക ചരിത്രത്തിലെ മറ്റ് ഇടങ്ങളിലും കാണപ്പെടുന്ന ചില മുഖ്യധാരാ ദൈവശാസ്ത്രങ്ങളും ചില ബദലുകൾ മുന്നോട്ട് വയ്ക്കുന്നു – ഈ സമീപനമാണ് ഈ ലേഖനത്തിന്റെ വിഷയം.

ദൈവിക സർവശക്തി സിദ്ധാന്തം ബൈബിളിൽ അസന്നിഹിതമാണെന്നതിനാലും നസ്രേത്തിലെ യേശുവിന്റെ ജീവിതത്തിലൂടെ അവതരിപ്പിച്ച ക്രിസ്ത്യൻ ദൈവ ദർശനത്തിന് വിരുദ്ധമാണെന്നതിനാലും ജോൺ ബി. കോബ് ജൂനിയറിനെപ്പോലുള്ള പ്രൊട്ടസ്റ്റന്റ് പ്രക്രിയാ ദൈവശാസ്ത്രജ്ഞർക്ക് അതിനെ പൂർണമായും നിരസിക്കുന്നതിൽ യാതൊരു മനഃപ്രയാസവും ഉണ്ടാകില്ല. എന്നാൽ ഈ സിദ്ധാന്തത്തോട് ഇസ്‌ലാമിക പ്രക്രിയാ ദൈവശാസ്ത്രജ്ഞർ വ്യത്യസ്തമായൊരു ബന്ധമാകും വികസിപ്പിക്കുക. ഖുർആനിലും ഇസ്‌ലാമിക ആരാധനാക്രമങ്ങളിലും ഇസ്‌ലാം നിർദേശിക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന രൂപങ്ങളിലും ദൈവത്തിന്റെ സമ്പൂർണ ശക്തിയെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ കാണാം. ഒരുപക്ഷെ ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് സർവവ്യാപിയായ തക്ബീറാകും; അല്ലാഹു അക്ബർ – ദൈവം വലിയവനാണ്. എങ്കിൽ ഇവിടെ ഇസ്‌ലാമിക പ്രക്രിയ ചിന്തകൾക്കുള്ള സാധ്യതകൾ എന്തൊക്കായാണ്?

ആത്യന്തികമായി, മുസ്‌ലിം പ്രക്രിയാ ദൈവശാസ്ത്രജ്ഞർ, ക്രിസ്ത്യൻ, ജൂത പ്രക്രിയ ചിന്തകൾക്കു വിരുദ്ധമായി ദൈവിക സർവശക്തിയെക്കുറിച്ചുള്ള ഒരു ആശയം നിലനിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. മതപണ്ഡിതർക്കും (ഉലമാഅ്) സാധാരണ വിശ്വാസികൾക്കും ഇടയിൽ അവരുടെ ദൈവശാസ്ത്രം ഗൗരവത്തോടെ പരിഗണിക്കപ്പെടാൻ അനിവാര്യമായ ഒരു നീക്കമായിരിക്കുമിത്. യാഥാസ്ഥിതിക ഇസ്‌ലാമിനുള്ളിൽ (orthodox Islam) ദൈവശാസ്ത്രത്തിലും നിയമ വ്യാഖ്യാനത്തിലും ബഹുസ്വരത ഉണ്ടെങ്കിലും (കുറഞ്ഞത് വിശ്വാസത്തിന്റെ പരമ്പരാഗത രൂപങ്ങളിലെങ്കിലും – വഹാബി/സലഫി വ്യാഖ്യാനങ്ങളിൽ ഈ സവിശേഷത ഇല്ല എന്നത് ശ്രദ്ധേയമാണ്) ദൈവത്തിന്റെ സർവശക്തിയെക്കുറിച്ചുള്ള ആശയം എല്ലാവരും അടിസ്ഥാനപരമായി അംഗീകരിക്കുന്നു. ദൈവത്തിന്റെ ഈ സവിശേഷതയെ നേരെ നിഷേധിക്കുന്നത് അവിശ്വാസത്തിന് (കുഫ്ർ) തുല്യമാകും. പക്ഷേ, ഒരു ഇസ്‌ലാമിക പ്രക്രിയ ദൈവശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഈ സിദ്ധാന്തം നിർഗുണമായിരിക്കില്ല. ഈ സിദ്ധാന്തം എങ്ങനെ സഗുണമാക്കാം എന്നതിന് ഫർഹാൻ ഷായുടെ, ഓപ്പൺ ഹൊറൈസൺസിലെ Islam and Divine Omnipotence: a relational approach എന്ന ലേഖനം ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. അതിലദ്ദേഹം ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള “ഏകപക്ഷീയമായ” ദർശനത്തിന് വിരുദ്ധമായി ഒരു “ആപേക്ഷിക” സമീപനം അവതരിപ്പിക്കുന്നു. “ഇസ്‌ലാം എന്നാൽ നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തിൽ നിന്നുണ്ടാകുന്ന സമർപ്പണമാണെങ്കിൽ, നാം ദൈവത്തിന്റെ ആപേക്ഷിക ശക്തിക്ക് ‘കീഴടങ്ങുകയും’ ഒരു ആപേക്ഷിക ലോകത്തായിത്തീരുന്ന പ്രക്രിയയിൽ (process of becoming in a relational world) സ്വയം ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നു”.

മതത്തിന്റെ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യങ്ങൾക്കൊപ്പം ഈ ദൗത്യത്തിന് ധാരാളം വിഭവങ്ങൾ ഖുർആൻ തരുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യം നമുക്ക് ഖുർആനിലേക്ക് നോക്കാം. വിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റവും മനോഹരമായ പേരുകളിലൂടെ (അസ്മാഉൽ ഹൂസ്‌ന) വെളിപ്പെടുത്തിയ ദൈവത്തിന്റെ വിശേഷണങ്ങളിലൂടെയാണ് ആരും ദൈവത്തെ കണ്ടുമുട്ടുന്നത്. ഈ വിവിധ ഗുണങ്ങളുടെ വൈവിധ്യം അതിശയകരമാണെന്നതിനു പുറമെ, ദൈവികതയുടെ വിശാലതയും സങ്കീർണതയും വേഗത്തിൽ മനസ്സിലാക്കാനും ഇതിലൂടെ കഴിയും. ഏറ്റവും ശ്രദ്ധേയമായത് ഒരുപക്ഷെ ബസ്മലയിൽ (ബിസ്മില്ലാഹിർറഹ്മാനിർറഹീം) ഉൾപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ പേരുകളാകാം. ഖുർആനിലെ ഒരു സൂറത്ത് ഒഴികെ ബാക്കി എല്ലാ സൂറത്തുകളും ആരംഭിക്കുന്ന സൂക്തമാണിത്. അതിങ്ങനെയാണ്; “ പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ.” അർ-റഹ്മാൻ, അർ-റഹീം എന്നീ ദിവ്യനാമങ്ങൾ സ്നേഹത്തിന്റെ ഒരു ക്രമീകരണം ദൈവത്തിന്റെ സ്വരൂപത്തിൽ എത്രമാത്രം കേന്ദ്രീകൃതമാണെന്ന് കാണിക്കുന്നു.

ഇവിടെ, ദൈവത്തിന്റെ കരുണയും കാരുണ്യവുമായി ബന്ധപ്പെട്ടു മാത്രമാണ് അവന്റെ ശക്തിയെ മനസ്സിലാക്കേണ്ടത് എന്ന് ഇസ്‌ലാമിക പ്രക്രിയാ ചിന്ത വാദിക്കുന്നു. ഇത് ശക്തിയെ (coercive power) അടിസ്ഥാനമാക്കുന്ന മറ്റു ദൈവശാസ്ത്രങ്ങൾക്കു മുന്നിൽ വലിയൊരു പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. ഈ ചർച്ചയിൽ, ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ വലിയ തോതിൽ അന്യം സംഭവിച്ച മുഅ്തസില ചിന്താധാരക്ക് ചില വ്യക്തമായ വിഭവങ്ങൾ വാഗ്ദാനം ചെയ്യാൻ സാധിച്ചേക്കാം. നബി(ﷺ)യുടെ വഫാത്തിനെ തുടർന്നുള്ള ഇസ്‌ലാമിക ചിന്താലോകത്തെ വികാസത്തിന്റെ ആദ്യഘട്ടത്തിൽ ഒരു പ്രധാന ധാരയായിരുന്നു മുഅ്തസില. നിരീക്ഷണങ്ങളിൽ “യുക്തിവാദികൾ” (rationalists) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു അവർ. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ്, വിശേഷണം അല്ല എന്ന വാദത്തിന്റെ പേരിലാണ് ഈ ആശയം ഓർമിക്കപ്പെടുന്നത്. ഈചിന്താധാര പിന്നീട് അപ്രത്യക്ഷമായി. അതിന്റെ ചില ഉൾക്കാഴ്ചകൾ മറ്റു ദൈവശാസ്ത്ര ധാരകളുമായി (പ്രത്യേകിച്ചും ആദ്യകാല ശീയിസം) സംയോജിപ്പിക്കപ്പെട്ടു എന്നു വേണം കരുതാൻ. അവരുടെ കൂടുതൽ ആശയങ്ങളും അബു അൽ ഹസൻ അൽ അശ്അരിക്കും അബു മൻസൂർ അൽ മാതുരീദിക്കും ലഭിച്ച മുൻഗണന കാരണം പൂർണമായും ഉപേക്ഷിക്കപ്പെട്ടു.

മുഅ്തസിലയുടെ പ്രധാന ദൈവശാസ്ത്ര വീക്ഷണങ്ങളിലൊന്ന്, ദൈവത്തിന്റെ പ്രവൃത്തികൾ അടിസ്ഥാനപരമായി ദൈവത്തിന്റെ സത്തയിൽ (ذات) നിന്ന് തന്നെയുള്ളതാണെന്ന വാദമാണ്. തത്ത്വത്തിൽ, ദൈവത്തിന്റെ ഇൽമ് (സർവജ്ഞാനം), ഹയാത്ത് (ജീവൻ), ഖുദ്ര (ശക്തി), ഇറാദ (ഇച്ഛ), ബസർ (കാഴ്ച്ച), സംഅ് (കേൾവി), കലാം (സംസാരം) എന്നിവ സത്ത തന്നെയായി ചുരുക്കാമെന്ന് മുഅ്തസില വിശ്വസിച്ചു (Nader El Bizri, “God: essence and attributes” in The Cambridge Companion to Classical Islamic Theology, 124). ഇക്കാരണം കൊണ്ട് തന്നെ ദൈവം നല്ലത് കൽപ്പിക്കുന്നത് അക്കാര്യം സത്തയിൽ തന്നെ നല്ലതായത് കൊണ്ടാണ്. പിൽക്കാലത്ത് അശ്അരികൾ അഭിപ്രായപ്പെട്ടത് പോലെ, ഒരു കാര്യം നല്ലാതാകുന്നത് ദൈവം കൽപ്പിച്ചത് കൊണ്ടല്ല. ഈ രണ്ട് നിലപാടുകൾക്കും അതിന്റേതായ പ്രശ്നങ്ങളുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ മുഅ്തസില വീക്ഷണം ഇസ്‌ലാമിക പ്രക്രിയാ ദൈവശാസ്ത്രത്തിന് സഹായകമായ ഒരു വാദമുഖം വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത്, സർവശക്തിയെക്കുറിച്ചുള്ള ധാരണ സൂചിപ്പിക്കുന്നത് പോലെ ദൈവത്തിന്റെ ശക്തി (ഖുദ്ര) ഒരിക്കലും ബലാത്ക്കാരിയാകില്ല (coercive), കാരണം ദൈവം, സത്താപരമായ നന്മ എന്ന വീക്ഷണത്തിൽ നിന്ന് പരിഗണിക്കുമ്പോൾ, നല്ല ഫലങ്ങളിലേക്ക് നയിക്കുന്നതിനെ മാത്രമേ സൃഷ്ടിയുമായി ബന്ധപ്പെടുത്തുകയുള്ളൂ.

സർവ്വശക്തനായ ദൈവം അവയെ ഉണ്ടാകാൻ ഇച്ഛിച്ചതുകൊണ്ടുമാത്രം നിലനിൽക്കുന്നുവെന്നതിനു പുറമെ, ദൈവത്തിൻ്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന ദൈവിക നാമങ്ങളിൽ അവയെല്ലാം പങ്കുചേരുകയും ചെയ്യുന്നു.

ഈ വീക്ഷണം രണ്ട് പ്രധാന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഒന്നാമതായി, പരമ്പരാഗത ദൈവശാസ്ത്രങ്ങളിലെ തിയോഡിസിയുമായി ബന്ധപ്പെട്ട വിരോധാഭാസമാണ്. അതായത്, ദൈവം സർവശക്തനും ശുദ്ധമായ നന്മയുമാണെങ്കിൽ, എന്തുകൊണ്ടാണ് ലോകത്ത് തിന്മ നിലനിൽക്കുന്നത്? തീർച്ചയായും നമ്മുടെ അടിസ്ഥാന ജീവിതാനുഭവത്തിൽ ഉൾകൊള്ളുന്ന ദുരന്തം, കഷ്ടപ്പാടുകൾ, വേദന എന്നിവയുടെ സന്ദർഭങ്ങൾ മറ്റൊരു വിധത്തിലാകാമായിരുന്നു എന്ന് നമുക്ക് അനുഭവപ്പെടുന്നുണ്ട്. ദൈവം ഏതെങ്കിലും തരത്തിൽ ഇവയുടെ രചയിതാവാണെങ്കിൽ, അത് ദൈവത്തിന്റെ നന്മയെക്കുറിച്ച് സംശയം ഉണ്ടാക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് നന്മയെക്കുറിച്ചുള്ള മാനുഷികവും ദൈവികവുമായ ധാരണകൾ തമ്മിൽ വ്യത്യാസം ഉണ്ട് എന്നെങ്കിലും പറയേണ്ടി വരുന്നു.

രണ്ടാമത്തെ പ്രശ്നം അശ്അരികൾ ഉയർത്തിക്കാട്ടിയിട്ടുള്ളതാണ്. മുഅ്തസിലീ വീക്ഷണം ദൈവത്തിന്റെ പ്രവർത്തനങ്ങളെ തത്വങ്ങളാൽ ബന്ധിതമാക്കിയതിനാൽ, അർഹമല്ലാത്ത സാഹചര്യങ്ങളിൽ ദൈവിക കാരുണ്യത്തിന്റെ പ്രകാശനത്തിന് ഇടമില്ല എന്ന് വരുന്നു. അഥവാ, ദൈവം ചില പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതനായിത്തീരുന്നു. ഈ കാഴ്ച്ചപ്പാടുള്ള ഏതൊരു ദൈവശാസ്ത്രവും, ദൈവത്തിൽ ആഴമേറിയതും വ്യക്തിപരവുമായ ആപേക്ഷികതയെ ഊന്നിപ്പറയുന്ന പ്രക്രിയ വീക്ഷണവുമായി വിരുദ്ധമായാണ് വരുന്നത്. ഈ പ്രതിസന്ധികളെ പരിഹരിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇക്കാരണം കൊണ്ടുതന്നെ സർവശക്തി സിദ്ധാന്തത്തെ പൂർണമായും നിരസിച്ചുകൊണ്ട് പല പ്രോസസ് ദൈവശാസ്ത്രജ്ഞരും അവയെ മറികടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, സൂഫീ തത്ത്വചിന്തയിൽ നിന്നുള്ള ഉൾക്കാഴ്ചകളുമായി ചേർന്ന് ഖുർആനിന്റെ കൂടുതൽ സമഗ്രമായ ഒരു വായന, ചില പരിഹാരങ്ങൾ അവതരിപ്പിക്കുന്നതായി കാണാം.

ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥം ദൈവത്തിന്റെ കാരുണ്യപൂർണമായ ഗുണങ്ങളെ ഊന്നിപ്പറയുന്നതിനോടൊപ്പം, സൃഷ്ടിയെ മുഴുവൻ ദൈവിക നാമങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. സർവശക്തനായ ദൈവം അവയെ ഉണ്ടാകാൻ ഇച്ഛിച്ചതുകൊണ്ടുമാത്രം നിലനിൽക്കുന്നുവെന്നതിനു പുറമെ, ദൈവത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന ദൈവിക നാമങ്ങളിൽ അവയെല്ലാം പങ്കുചേരുകയും ചെയ്യുന്നു. ഖുർആൻ സൃഷ്ടിയെ ചിത്രീകരിക്കുന്നത് ബാഹ്യമായ ഒരു പ്രവൃത്തിയായിട്ടല്ല, മറിച്ച് കാരുണ്യത്താലും അറിയപ്പെടാനുള്ള ആഗ്രഹത്താലും നയിക്കപ്പെടുന്ന ദൈവത്തിന്റെ സത്തയുടെ സ്വാഭാവികമായ വിപുലീകരണമായാണ്. ഖുദ്‌സിയ്യായ ഒരു വചനത്തിൽ അല്ലാഹു പറയുന്നു: “ഞാൻ ഒരു മറഞ്ഞിരിക്കുന്ന നിധിയായിരുന്നു, അറിയപ്പെടാൻ ഞാൻ കൊതിച്ചു, അങ്ങനെ ഞാൻ സൃഷ്ടികളെ സൃഷ്ടിച്ചു. അങ്ങനെ അവകളിലൂടെ ഞാൻ അറിയപ്പെടുന്നു.” ഇത്തരമൊരു വീക്ഷണത്തിന് അടിസ്ഥാനമായി പ്രസിദ്ധ സൂഫി തത്വചിന്തകനായിരുന്ന ഇബ്നു അറബി മുന്നോട്ട് വെക്കുന്നത്, ‘ക്രിയേഷ്യോ എക്‌സ് നിഹിലോ’ എന്ന ആശയത്തിന് പകരമായി ‘ക്രിയേഷ്യോ എക്‌സ് ഡിയോ’ എന്ന ദർശനത്ത്യാണ്.

സൂക്ഷ്മമായ എല്ലാ സത്തകളെയും (subtle mass) മൗലികമായ ഉണ്മയിലേക്ക് നയിച്ച അമാ, അഥവാ മേഘം, എന്നറിയപ്പെടുന്ന ആദിമ അസ്തിത്വത്തെ ഉണ്മയിലേക്ക് കൊണ്ടുവന്ന ദൈവത്തിന്റെ സൃഷ്ടിപരമായ ശ്വസനത്തെ (existentiating breath), നഫസുറഹ്മാൻ (കരുണയുള്ളവന്റെ ശ്വാസം) എന്നാണ് ഇബ്‌നു അറബി വിശേഷിപ്പിക്കുന്നത്. ദൈവം നിശ്വസിക്കുന്ന ഈ മേഘം ഒരേസമയം എല്ലാ രൂപങ്ങളെയും ഉൾക്കൊള്ളുകയും ജീവികൾക്ക് രൂപങ്ങൾ നൽകുകയും ചെയ്യുന്നു. അത് ഒരേ സമയം സജീവവും നിഷ്ക്രിയവും, സ്വീകരണ സന്നദ്ധതയുള്ളതും സർഗാത്മകവുമാണ്. ഇതിലൂടെയാണ് ദൈവം (حقيقة في ذاته) എന്ന ഉണ്മയുടെ (حقيقة الوجود) മൗലികമായ യാഥാർഥ്യത്തിൽ (primordial reality) ആയിരിക്കവെ തന്നെ സൃഷ്ടിപ്പിൽ വ്യത്യാസം (differentiation) ഉണ്ടാകുന്നത് (Henry Corbin, Alone with the Alone: Creative Imagination in the Sūfism of Ibn ʻArabī, 185.). ഇക്കാരണം കൊണ്ട് തന്നെ ബഹുത്വം ദൈവിക സ്വഭാവത്തിന്റെ യുക്തിസഹമായ ഒരു വിപുലീകരണമാണ്. അതേസമയം ഈ ബഹുത്വം യഥാർഥത്തിൽ നിലവിലുള്ള വ്യത്യസ്ത കാര്യങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തെയും സൂചിപ്പിക്കുന്നു. ആയതിനാൽ തന്നെ, ഉണ്മയിൽ ദുരന്ത മുഹൂർത്തങ്ങൾ ഉണ്ടാകും, പ്രത്യേകിച്ചും മനുഷ്യരുടെ കാര്യത്തിൽ യഥാർഥ തിന്മ തന്നെ ഉണ്ടാകും. എന്നാൽ, ഈ വീക്ഷണപ്രകാരം, മനുഷ്യരായ നമുക്ക് ദുരന്തമായി തോന്നുന്നത് പോലും ഒരു ദൈവ ദർശനം (theophany) സാധ്യമാക്കുന്ന ഒന്നാണ്. അതായത് മരണത്തിന്റെ സന്ദർഭങ്ങളിലോ, ചുഴലിക്കാറ്റുകളിലൂടെയോ, ഭയാനകമായ ജനിതക വൈകല്യങ്ങളുടെ കാര്യത്തിലോ ചില ദൈവിക വെളിപ്പെടുത്തലുകൾ സംഭവിക്കുന്നുണ്ട്.

ഈ വെളിപ്പെടുത്തലുകളുടെ സ്വഭാവം എന്താണ്? ബഹുഭൂരിപക്ഷം ആളുകൾക്കും ഇത് മറഞ്ഞിരിക്കുന്ന കാര്യമായിരിക്കും, കാരണം അവയുടെ ഉള്ളിലെ യാഥാർഥ്യം വെളിപ്പെടുത്തുന്നതിനാവശ്യമായ അടുപ്പം (intimacy) മാനസികമായും ആത്മീയമായും അവർക്ക് വിനാശകരമായിരിക്കും. പക്ഷെ ഇതിനകം സ്വയം എന്തിനും തയ്യാറായിട്ടുള്ള ഒരു സൂഫി ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും. അദ്ദേഹം ആത്മീയ പാതയിൽ തന്റെ ഉന്മൂലനത്തിന് (ഫനാ) തയ്യാറെടുത്തതിനാലാണത്. അതിനാൽ, അത്തരം കാര്യങ്ങൾ മറയ്ക്കപ്പെടുകയും ദുരന്തം പ്രാഥമികമായി നിഗൂഢതയിൽ പൊതിഞ്ഞതായി സ്വയം അവതരിക്കുകയും ചെയ്യുന്നത് ആത്യന്തികമായി ഒരു കാരുണ്യമാണ്.
എന്തുകൊണ്ടാണ് ഈ സാഹചര്യം നിലനിൽക്കുന്നത് എന്നതിനുള്ള ഒരു ഇസ്‌ലാമിക ഉത്തരം, മനുഷ്യർക്ക് ആത്മീയമായി സ്വയം തിരിച്ചറിയാൻ ഇത് വേദിയൊരുക്കുന്നു എന്നതാണ്. മുമ്പ് വിശദീകരിച്ച തിരുവചന പ്രകാരം, അത് ദൈവീക വെളിപാടിന്റെ ഏറ്റവും ഉയർന്ന രൂപവും സൃഷ്ടിയ്ക്കുള്ളിൽ ദൈവത്തിന്റെ സ്വന്തത്തെ വെളിപ്പെടുത്തലും ആണ്.

എല്ലാ വസ്തുക്കളും ഉണ്മയിൽ പങ്കുചേരുന്നത് അവയുടെ അസ്തിത്വം ദൈവിക നാമങ്ങളിലൂടെ നൽകപ്പെടുന്നതിലൂടെയും നിലനിർത്തപ്പെടുന്നതിലൂടെയുമാണ് എങ്കിലും, ദൈവത്തിന്റെ മുഴുവൻ നാമങ്ങളും യാഥാർഥ്യമാകുന്നത് മനുഷ്യന്റെ കാര്യത്തിൽ മാത്രമാണ് എന്നാണ് ഇസ്‌ലാമിക വീക്ഷണം. ദൈവത്തിൽ നിന്ന് സ്വീകരിച്ച വിശ്വാസത്തിന്റെ (അമാനത്ത്) ഉത്തരവാദിത്തം ആയ ഈ സാക്ഷാത്കാരം പൂർണമായി സഫലീകരിക്കപ്പെടുന്നതിന് പക്ഷേ, മനുഷ്യരാശിക്ക് വളർച്ചക്കും വികാസത്തിനും പല ഘട്ടങ്ങൾ ആവശ്യമായിരുന്നു. മറ്റെല്ലാ ജീവികളും നിരസിച്ച ഒരു വിശ്വാസമായിരുന്നു അത് (ഖുർആൻ 33:72). ഇവിടെ, ഒരു വ്യക്തി ദൈവനാമങ്ങൾ പൂർണമായി സാക്ഷാത്കരിക്കുകയെന്നാൽ അൽ ഇൻസാനുൽ കാമിൽ (പൂർണതയുള്ള വ്യക്തി) ആവുക എന്നാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇത് മുഹമ്മദ് നബി ﷺ യുടെ മാതൃകയിൽ പൂർണമായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.

ഇബ്നു അറബിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അക്ബേറിയൻ സൂഫീ പാരമ്പര്യം, വഹ്ദത്തുൽ വുജൂദ് – ഉണ്മയുടെ ഏകത്വം – എന്നൊരു ആശയം മുന്നോട്ട് വയ്ക്കുന്നുണ്ട്.

മാനവരാശിയെ പരീക്ഷിക്കാനും അവരെ സ്വർഗത്തിലോ നരകത്തിലോ എന്നു തീരുമാനിക്കാനും വേണ്ടി മാത്രമായി, പിതൃരൂപിയായ ഒരു ദൈവം വളരെ കുഴപ്പം പിടിച്ച ഒരു ലോകം സൃഷ്ടിക്കുന്ന ഒരു ചിത്രം അല്ല ഇവിടെ ഉള്ളത്. അത്തരം ഒരു ലോകം ഉപകരണവത്കൃതം (instrumentalized) ആകും. പകരം, എല്ലാ സൃഷ്ടികളും നിരന്തരം ദൈവം ദർശനത്തിൽ കവിഞ്ഞൊഴുകുന്നുണ്ട്. എന്നാൽ ഇതിൽ മാനവികതയ്ക്ക് സവിശേഷമായ ഒരു പങ്കുണ്ട്. മനുഷ്യർക്ക് മാത്രമേ എല്ലാ ദൈവിക ഗുണങ്ങളും പൂർണ തീവ്രതയോടും ഐക്യത്തോടും കൂടി പ്രകടിപ്പിക്കാൻ കഴിയൂ. ഒപ്പം ഇത് സ്വയം ബോധമുള്ള സ്വതന്ത്ര ഇച്ഛാശക്തിയിലൂടെ സാധ്യമാകുന്നതും മനുഷ്യനിൽ മാത്രമാണ്. മറ്റെല്ലാ സൃഷ്ടികളും ദൈവിക പ്രകൃതിയിൽ അനായാസമായും സ്വതസിദ്ധമായുമാണ് പങ്കുചേരുന്നത്.

ഇസ്‌ലാമിക പശ്ചാത്തലത്തിലെ സവിശേഷമായ ഈ തിയോഡിസി പ്രശ്നങ്ങൾക്കു പുറമേ, പരമ്പരാഗത പാശ്ചാത്യ മത-ദാർശനിക വ്യവസ്ഥകളിൽ നിന്ന് പ്രധാനപ്പെട്ട രീതികളിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നത് കൊണ്ടുതന്നെ മുസ്‌ലിം പ്രോസസ് ദൈവശാസ്ത്രജ്ഞർ അവരുടെ മെറ്റാഫിസിക്‌സിന്റെ അടിസ്ഥാന ഘടകങ്ങളിലേക്കും കൂടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അഥവാ, വുജൂദ് എന്ന അറബി പദത്തിന് അതിന്റെ ഇംഗ്ലീഷ് പ്രതിരൂപമായ Being എന്നതിന്റെ സ്ഥിരതയെ ധ്വനിപ്പിക്കുന്ന അർഥമില്ല. ജാപ്പനീസ് ഇസ്‌ലാം പണ്ഡിതനായ തോഷികോ ഇസുറ്റ്സു വുജൂദ് എന്നതിനെ ചിലയിടത്ത് ലാറ്റിനിലെ actus essendi, അഥവാ ഉണ്ടായിരിക്കുക എന്ന പ്രവൃത്തി, എന്ന് വിവർത്തനം ചെയ്യുന്നതായി കാണാം (see The Concept and Reality of Existence, 71). ഈ വീക്ഷണത്തിൽ, വ്യക്തിഗത വസ്തുക്കളുടെ ഉണ്മയെന്നാൽ അവയ്ക്ക് അവയുടെ അസ്തിത്വത്തോടു കൂടെ ഒരു ഉണ്മയുണ്ടെന്നതല്ല അർഥമാക്കുന്നത്, നേരെ മറിച്ച്, അവ അടിസ്ഥാന ഭവശാസ്ത്ര യാഥാർഥ്യം എന്ന നിലക്ക് ഉണ്മ എന്നതിന്റെ നാമവിശേഷണങ്ങളാണ് എന്നതാണ് (adjectival of existence as the basic ontological reality). ഈ വീക്ഷണം, വൈറ്റ്ഹെഡിനെ പോലുള്ള പ്രോസസ്സ് ചിന്തകർ തങ്ങളുടെ ചിന്തകൾ കൊണ്ട് ഉന്നം വച്ചിരുന്ന, അരിസ്റ്റോട്ടിലിയൻ-കാർട്ടീഷ്യൻ സബസ്റ്റൻസ് മെറ്റാഫിസിക്സിൽ നിന്ന് ഗണ്യമായി വ്യത്യാസപ്പെട്ടു കിടക്കുന്നു.

ഇബ്നു അറബിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അക്ബേറിയൻ സൂഫീ പാരമ്പര്യം, വഹ്ദത്തുൽ വുജൂദ് – ഉണ്മയുടെ ഏകത്വം – എന്നൊരു ആശയം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇബ്നു അറബിയുടെ രചനകളിൽ ഈ വാക്യം കാണുകയില്ലെങ്കിലും, അദ്ദേഹത്തിന്റെ മെറ്റാഫിസിക്കൽ ദർശനവുമായി വളരെയധികം പൊരുത്തപ്പെടുന്ന ഒരു പദമാണ് വഹ്ദത്തുൽ വുജൂദ്. ഈ നൂതനവും അദ്വൈതാധിഷ്ഠിതവുമായ ഏകത്വം (monism) ഇസ്‌ലാമിക പ്രക്രിയാ ദൈവശാസ്ത്രത്തിന് ശക്തമായ അടിത്തറ നൽകുന്നുണ്ട്. അതേസമയം തന്നെ ഈ ആശയം മുഖ്യധാരാ ഇസ്‌ലാമിൽ വിവാദപരമായ ഒന്നാണ്, പ്രത്യേകിച്ചും മതത്തിന്റെ സലഫീ വ്യാഖ്യാനങ്ങളുടെ ഉയർച്ചക്ക് ശേഷം. ഈ വിഭവങ്ങളെല്ലാം സമന്വയിപ്പിക്കുന്നതിലൂടെ, ഇസ്‌ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളിൽ ആഴത്തിൽ വേരൂന്നിയ, സർവശക്തിയെക്കുറിച്ചുള്ള ഒരു ദർശനം നിലനിർത്തിക്കൊണ്ട് തന്നെ മറ്റ് പാരമ്പര്യങ്ങളിൽ പ്രക്രിയ ചിന്തയുടെ പല ലക്ഷ്യങ്ങളും നിറവേറ്റുന്ന, ഒരു ദൈവശാസ്ത്രം നിർമിക്കാൻ ഇസ്‌ലാമിക പ്രക്രിയ ചിന്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

നാം മനുഷ്യർ ഉണ്ടാക്കുന്ന ഏതൊരു ദൈവശാസ്ത്രത്തിലുമെന്നത് പോലെ ഇവിടെയും വളരെ പ്രധാനപ്പെട്ട ഒരു കാര്യം, നമുക്ക് വ്യക്തമാക്കാൻ കഴിയുന്ന ഏതൊരു പ്രതിനിധാനത്തേക്കാളും വലിയവനാണ് ദൈവം (അല്ലാഹു അക്ബർ) എന്നതാണ്. കൂടാതെ ദൈവം സർവജ്ഞനുമാണ് (അല്ലാഹു അഅ്ലം). ആത്മാർഥമായ ദൈവശാസ്ത്ര പ്രയത്നങ്ങൾക്കായി നാം ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുകയും, പരലോകത്ത് നമുക്ക് പരിചിതമായ ഒരു രൂപത്തിൽ (ദൈവത്തിന്റെ ജ്ഞാനവും അനുകമ്പയും കൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ കൃപയോടെ സ്ഥാപിക്കപ്പെട്ട ഒരു രൂപം) ദൈവത്തെ മനസ്സിലാക്കാൻ കഴിയുമെന്ന് ആശിക്കുകയും ചെയ്യുന്നു. പക്ഷെ, ദൈവം മാത്രമേ ദൈവിക സ്വഭാവത്തെ പൂർണമായി മനസ്സിലാക്കുകയുള്ളൂ. ആത്യന്തികമായി, നമ്മുടെ അന്ത്യവിശ്രമ സ്ഥലത്ത്, ദൈവം മൂടുപടങ്ങൾ നീക്കി യഥാർഥ ധാരണ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു (ഇൻഷാ അല്ലാഹ്).


വിവർത്തനം: Ilyas Sulaiman
Featured Image: Rad Cyrus

Author

Independent academic specializing in 20th century religious philosophy, Islamic studies, and interfaith dialogue based out of Madison, WI.

Comments are closed.