ഭാഗം 1- കിതാബുകളുടെ ചരിത്രത്തിലെ വിസ്മൃതികളും പുനർവായനകളും
നമ്മളിലേക്ക് എത്തിച്ചേർന്ന എല്ലാ എഴുത്തുകാരുടെയും എല്ലാ രചനകൾക്കും ഒരുപോലെ പരിഗണന നൽകാൻ കഴിയുമെന്നത് തീർച്ചയായും ഒരു മിഥ്യാധാരണയാണ്. ഇസ്ലാമിക ബൗദ്ധിക ചരിത്രത്തെ പഠിക്കുമ്പോൾ ഒരു തരം നിർദ്ധാരണശക്തി(selectivity) അനിവാര്യമാണ്. ഇത് സ്വാഭാവികമായും ആധുനിക കാലത്തിന്റെ താൽപര്യങ്ങളെയും ഹിതങ്ങളെയും പ്രതിഫലിപ്പിക്കാറുമുണ്ട്. ഇറ്റാലിയൻ എഴുത്തുകാരൻ ഇറ്റാലോ സ്വേവോ ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയ വാക്കുകൾ ഇവിടെ പ്രസക്തമാണ്:
“ഭൂതകാലം എപ്പോഴും നവീനമാണ്; ജീവിതം മുന്നോട്ടുപോകുമ്പോൾ ഭൂതകാലവും മാറുന്നു. ഒരിക്കൽ മറന്നുപോയതായി തോന്നിയ ചില ഭാഗങ്ങൾ വീണ്ടും ഉയർന്നുവരും; ചിലത് വളരെ ചെറിയ പ്രാധാന്യം മാത്രം കൈവരിച്ച് യാതൊരു അടയാളവും ബാക്കിയാക്കാതെ അപ്രത്യക്ഷമാകും. ഒരു സംഗീത സംവിധായകൻ ഓർക്കസ്ട്രയെ നയിക്കുന്നതുപോലെയാണ് വർത്തമാനകാലം ഭൂതകാലത്തെ നയിക്കുന്നത്. അതിനുവേണ്ട ശബ്ദങ്ങൾ മാത്രമാണ് വർത്തമാനകാലം തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ചിലപ്പോൾ ഭൂതകാലം വളരെ ദൈർഘ്യമുള്ളതായും ചിലപ്പോൾ വളരെ ചെറുതായും തോന്നുന്നത്. ഇപ്പോഴത്തെ കാലത്തെ വിശദീകരിക്കാനോ അതിൽ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനോ ആവശ്യമായ ഭാഗങ്ങൾ മാത്രമാണ് വർത്തമാനകാലം വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്.”
അൽപമൊക്കെ സത്യം ഇതിലുണ്ടെന്ന് ഉറപ്പാണ്. എന്നിരുന്നാലും, അക്കാദമികചരിത്രകാരന്മാരായ നമ്മൾ സ്വേവോ വളരെ മനോഹരമായി വിവരിച്ച ഈ ‘വർത്തമാനകാല കേന്ദ്രിതമായ’ തിരഞ്ഞെടുപ്പിന് നിരുപാധികം കീഴടങ്ങരുത് എന്ന് വാദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് തത്ത്വചിന്താപരവും ചരിത്രപരവുമായ രണ്ട് കാരണങ്ങളാണ് ഞാൻ മുന്നോട്ടുവെക്കുന്നത്.
തത്ത്വചിന്താപരമായി നോക്കുമ്പോൾ, വർത്തമാന കാലത്തിലുള്ള നമ്മൾ ഭൂതകാലത്തെ മുഴുവനായും നമ്മുടെ മുന്നിൽ കാണുകയും അതിൽ നിന്ന് നമുക്ക് ഇഷ്ടമുള്ള ഭാഗങ്ങൾ മാത്രം തിരഞ്ഞെടുക്കുകയും ചെയ്യുന്നു എന്ന ആശയത്തിനെതിരെ ചിലർ വിമർശനം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. ഈ രീതിയിലുള്ള അത്യന്തം ‘സ്വമേധാധിപത്യ’ മാതൃക (നീഷെയിൽ നിന്നാവണം ഈ ആശയത്തിന്റെ പ്രചോദനം) തീർച്ചയായും ഏകപക്ഷീയമാണ്. കാരണം, സ്വാധീനത്തിന്റെ ദിശ മറുവശത്തേക്കും പോകുന്നു എന്ന സത്യത്തെ ഈ വീക്ഷണം അവഗണിക്കുന്നുണ്ട്. ഭൂതകാലം വർത്തമാനകാലത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ആ സ്വാധീനത്തിൽ നിന്ന് നമുക്ക് ഇഷ്ടമുള്ള സമയത്ത് പൂർണമായി സ്വാതന്ത്ര്യം പ്രാപിക്കാനോ, ഒരു സംഗീതസംവിധായകൻ തന്റെ ഓർക്കസ്ട്രയെ അഭിമുഖീകരിക്കുന്നതു പോലെ ഭൂതകാലത്തെ നേരിടാനോ നമുക്ക് കഴിയില്ല. ഇക്കാര്യം ഹാൻസ് ജോർഗ് ഗാഡമർ, അലാസ്ഡയർ മകന്റയർ എന്നിവരടക്കമുള്ള ആധുനിക തത്ത്വചിന്തകർ ഊന്നിപ്പറയുന്നുണ്ട്. നിലവിലെ നമ്മുടെ പരിപ്രേക്ഷങ്ങൾ നമ്മുടെ ചരിത്രത്തിൽ തന്നെയാണ് വേരൂന്നിയിരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കുന്നു. സൂഫി കവി ഇബ്നുൽ ഫാരിദിന്റെ പ്രസിദ്ധമായ ‘അറഫ അംലം തഅ്രിഫീ’ (നീ അറിഞ്ഞാലും ഇല്ലെങ്കിലും) എന്ന പ്രയോഗം കടമെടുത്തു പറഞ്ഞാൽ ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും, ഒരു പാരമ്പര്യത്തിനുള്ളിലാണ് നമ്മൾ നിലകൊള്ളുന്നത്. ഏതായാലും, ഞാൻ ഈ വിഷയത്തെ കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, ഞാൻ ഒരു പ്രൊഫഷണൽ തത്ത്വചിന്തകൻ അല്ല. ഈ ചർച്ച വളരെ പൊതുവായ ഒരു തലത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ചരിത്ര പഠനരീതിയെക്കുറിച്ചുള്ള വ്യക്തമായ പ്രായോഗിക നിർദേശങ്ങളിലേക്കോ ഗവേഷണ രീതികളിലേക്കോ ഇതിൽ നിന്ന് നേരിട്ട് എത്തിച്ചേരുക എളുപ്പമല്ല. കൂടാതെ, ‘തിരഞ്ഞെടുക്കപ്പെട്ട കാനണുകളെ’ (canons) പ്രതി ഗദാമറോ മാക്ഇന്റയറോ കാര്യമായി ആശങ്കപ്പെടുന്നതായോ, അല്ലെങ്കിൽ അവയ്ക്കെതിരെ നേരിട്ടുള്ള ഒരു വിമർശനം മുന്നോട്ടുവെക്കുന്നതായോ തോന്നുന്നുമില്ല.
രണ്ടാമത്തേതും കൂടുതൽ ചരിത്രപരവുമായ കാരണത്തെകുറിച്ചാണ് ഞാൻ പ്രധാനമായും ഇനി പറയാൻ പോകുന്നത്. ഇസ്ലാമിക ബൗദ്ധിക ചരിത്രത്തിലെ സമകാലിക കാനണുകളെ’ വിശകലനങ്ങളോ മറ്റോ ചെയ്യാതെ സ്വീകരിക്കുന്നത് നമ്മുടെ ചരിത്രവ്യാഖ്യാനങ്ങളെയും ആഖ്യാനങ്ങളെയും വഴി തെറ്റിക്കാൻ ഇടയാക്കും. ഏതാനും ഉദാഹരണങ്ങൾ നൽകാം:
ഒരു ഉദാഹരണം ഖുർആൻ വ്യാഖ്യാന മേഖലയിൽ നിന്നാണ്. ഖുർആൻ വ്യാഖ്യാനത്തിന്റെ ചരിത്രവികാസത്തെക്കുറിച്ചുള്ള ആധുനിക പഠനങ്ങളിൽ, പതിനാലാം നൂറ്റാണ്ടിലെ ദമസ്കസ് പണ്ഡിതനായ ഇബ്നു കസീറിന്റെ (വ.1373) തഫ്സീറിന് വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകാറുണ്ട്. അടുത്തിടെ പ്രസിദ്ധീകരിച്ചതും പൊതുവേ വളരെ ഉപകാരപ്രദവുമായ ‘Cambridge Companion to the Qur’an’ എന്ന ഗ്രന്ഥത്തിൽ ഇബ്നു കസീറും അദ്ദേഹത്തിന്റെ ഗുരുവായ ഇബ്നു തൈമിയ്യയും ആഴത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. അൽ ത്വബരിയെ (മ.923) ഒഴിച്ചുനിർത്തിയാൽ, ആ ഗ്രന്ഥത്തിന്റെ ഇൻഡക്സിൽ മറ്റേതൊരു പ്രാചീന ഖുർആൻ വ്യാഖ്യാതാവിനേക്കാളും കൂടുതൽ പരാമർശങ്ങൾ ഇവരെ കുറിച്ചാണ്. ഖുർആൻ വ്യാഖ്യാനത്തിന്റെ ചരിത്ര വികാസത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനത്തിന്റെ ശീർഷകം തന്നെ ‘തഫ്സീർ മിൻ അൽ ത്വബരി ഇലാ ഇബ്നു കസീർ’ (ത്വബരി മുതൽ ഇബ്നു കസീർ വരെയുള്ള തഫ്സീർ) എന്നാണ്. അപ്പോഴും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സലഫി നവോത്ഥാനവാദിയായ മുഹമ്മദ് റശീദ് റിളാ ഇബ്നു കസീറിന്റെ തഫ്സീർ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതുവരെ, ആ ഗ്രന്ഥത്തിന് വളരെ ചെറിയ സ്വാധീനമേ ഉണ്ടായിരുന്നുള്ളു എന്ന് വിശ്വസിക്കാനുള്ള ശക്തമായ കാരണങ്ങളുണ്ട്. പതിനാറ്, പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ ജീവചരിത്ര ഗ്രന്ഥങ്ങൾ, അഥ്ബാത്ത് (ഒരു ഗ്രന്ഥം പഠിപ്പിക്കാനുള്ള അനുമതിപത്രങ്ങളും പഠനപരമ്പരകളും ഉൾക്കൊള്ളുന്ന സമാഹാരങ്ങൾ) എന്നിവയിൽ ഇബ്നു കസീറിന്റെ തഫ്സീറിനെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ കുറവാണ്. അതേസമയം, സുന്നീലോകത്ത് ആധുനികകാലത്തിന് മുമ്പ് അൽ ബൈളാവി (വ.1316), അൽ ഹുസൈൻ അൽ ത്വീബി (വ.1343), അബൂ ഹയ്യാൻ അൽ ഗർനാത്തി (വ.1344), അൽ സമീൻ അൽ ഹലബി (വ.1355) എന്നിവരുടെ തഫ്സീറുകൾ ഇബ്നു കസീറിന്റെ വ്യാഖ്യാനത്തെക്കാൾ ഏറെ സ്വാധീനമുള്ളവയായിരുന്നു എന്ന് വ്യക്തമാണ്. ഇന്ന് സുന്നി ഇസ്ലാമിക ലോകത്ത് ഇത്തരം തഫ്സീറുകൾക്ക് മുൻകാലത്തെയത്ര സ്വാധീനം ഇല്ലായിരിക്കാം. ഖുർആന്റെ സന്ദേശത്തെ വ്യാകരണത്തിന്റെയും അലങ്കാരശാസ്ത്രത്തിന്റെയും അവശിഷ്ടങ്ങൾക്കടിയിൽ മറച്ചുവെച്ചുവെന്ന് ആരോപിച്ച് ഫസ്ലുർറഹ്മാൻ ഈ വ്യാഖ്യാനഗ്രന്ഥങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതെന്തായാലും, ഇബ്നു കസീറിന്റെ തഫ്സീറിനുള്ള ഇന്നത്തെ പ്രാധാന്യത്തെ ചരിത്രത്തിൽ നിക്ഷേപിച്ച് ഖുർആൻ വ്യാഖ്യാനത്തിന്റെ ചരിത്രം അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.
സമാനമായി, അടുത്തകാലത്തെ ചില പ്രധാനപ്പെട്ട തഫ്സീർ പഠനങ്ങളിൽ കാണുന്ന മറ്റു ചില അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇബ്നുകസീർ തഫ്സീർ സാഹിത്യത്തിന്റെ വികാസത്തിൽ വലിയ ‘വഴിത്തിരിവ്’ സൃഷ്ടിച്ചുവെന്നും പിന്നീടുവന്ന മുസ്ലിം വ്യാഖ്യാതാക്കൾ വ്യാകരണ സംബന്ധിയായ വിശകലനത്തിൽ നിന്ന് അകലം പാലിച്ച് പരമ്പരാഗത റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയ വ്യാഖ്യാനരീതിയായ ‘തഫ്സീർ ബിൽ മഅ്സൂറി’നെ കൂടുതൽ ആശ്രയിച്ചു എന്നും പറയുന്ന വാദങ്ങളാണവ. യഥാർഥത്തിൽ, പിൽക്കാലത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന വ്യാകരണ-അലങ്കാരശാസ്ത്ര അധിഷ്ഠിത തഫ്സീറുകൾ ‘തഫ്സീർ ബിൽ റഅ്യ്’ എന്നും ‘തഫ്സീർ ബിൽ മഅ്സൂർ’ എന്നുമുള്ള ലളിതമായ വിഭജനത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.
‘തഫ്സീർ ബിൽ റഅ്യ്’ എന്നും ‘തഫ്സീർ ബിൽ മഅ്സൂർ’ എന്നുമുള്ള ഈ വിഭജനം തന്നെ ചരിത്രപരമായി സംശയാസ്പദമാണ് എന്നാണ് എന്റെ പക്ഷം. ആധുനിക പണ്ഡിതന്മാർ പലപ്പോഴും ഇതിനെ നിഷ്പക്ഷവും ലളിതവുമായ ഒരു വിഭജനമായിട്ടാണ് നേരിട്ടു സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇബ്നു തൈമിയ്യ, അദ്ദഹബി (മ.1348), ഇബ്നു കസീർ, അൽ സുയൂത്വി (മ.1505) എന്നിവരെ പോലെയുള്ള പാരമ്പര്യവാദികൾ ഈ വിഭജനത്തെ സംവാദങ്ങളിൽ എങ്ങനെ ഉപയോഗിച്ചു എന്ന കാര്യത്തിൽ ഗവേഷകർ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. സ്വന്തം തഫ്സീർ ‘തഫ്സീർ ബിൽ റഅ്യ്’ ആണെന്ന് തുറന്ന് സമ്മതിച്ച ഒരു വ്യാഖ്യാതാവെങ്കിലും ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. ഉദാഹരണത്തിന്, പതിനാറാം നൂറ്റാണ്ടിലെ ഓട്ടോമൻ പണ്ഡിതനായ താഷ്കോപ്രുസാദെ (മ.1561) ഫഖ്റുദ്ദീൻ അൽ റാസിയുടെ (മ.1210) തഫ്സീറിനെപ്പോലും ‘തഫ്സീർ ബിൽ റഅ്യ്’ ആയി കണക്കാക്കിയിരുന്നില്ല.
ഇസ്ലാമിക ദൈവശാസ്ത്രമായ ഇൽമുൽ കലാം മേഖലയിൽ നിന്നാണ് മറ്റൊരു ഉദാഹരണം. ലൂയിസ് ഗാർഡെറ്റ്, ജോർജസ് സി അനവാതി എന്നിവർ തയ്യാറാക്കിയ പ്രശസ്തഗ്രന്ഥം ‘Introduction à la théologie musulmane’ പ്രസിദ്ധീകരിക്കപ്പെട്ടതുമുതൽ, കലാം എന്ന ജ്ഞാനധാര അടിസ്ഥാനപരമായി പ്രതിരോധാത്മകവും തർക്കിച്ചു സാധൂകരിക്കുന്നതുമായ ഒരു ശാസ്ത്രമാണ് എന്ന ധാരണ യൂറോപ്പിലെ ഇസ്ലാമിക പഠനരംഗത്ത് വ്യാപകമായി രൂപപ്പെട്ടിരുന്നു. മധ്യകാല യൂറോപ്പിൽ ദൈവശാസ്ത്രം എല്ലാ ശാസ്ത്രങ്ങളുടെയും ‘രാജ്ഞി’യായി കണക്കാക്കപ്പെട്ടിരുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ ‘രഹസ്യങ്ങളെ’ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു മാർഗം എന്ന തലത്തിൽ സ്വതന്ത്ര മൂല്യമുള്ള ശാസ്ത്രമായിട്ടാണ് അത് അധ്യാപനം ചെയ്യപ്പെട്ടിരുന്നത്.
എന്നാൽ ഇതിൽ നിന്ന് വിപരീതമായി, ഇസ്ലാമിക ലോകത്ത് ഇൽമുൽ കലാമിന് ഒരിക്കലും ഇസ്ലാമിക കർമശാസ്ത്രമായ ഫിഖ്ഹിനോളം ഉയർന്ന സ്ഥാനം ലഭിച്ചിരുന്നില്ല. വെളിപാടിലൂടെ (വഹ്യ്) ഇതിനകം അറിയപ്പെട്ട വിശ്വാസത്തെ മതവിരുദ്ധരുടെയും അവിശ്വാസികളുടെയും വാദങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നിടത്തോളം കാലം മാത്രമാണ് ഇൽമുൽ കലാമിന് അംഗീകാരമുള്ളു എന്നായിരുന്നു നിരീക്ഷിക്കപ്പെട്ടിരുന്നത്. ഇൽമുൽ കലാമിന്റെ ഈ ലക്ഷ്യം തന്നെയാണ് ഇംഗ്ലീഷിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ‘dialectical theology’ എന്ന വിവർത്തനത്തിലും പ്രതിഫലിക്കുന്നത്.
പൊതുവായ ഈ ധാരണ, ഇന്നത്തെ സുന്നി ഇസ്ലാമിലെ ചില സമീപനങ്ങളെ വിവരിക്കാൻ ഒരളവുവരെ ശരിയായിരിക്കാം. എന്നാൽ, ചരിത്രപരമായ ഒരു പ്രസ്താവന എന്ന നിലയിൽ ഇത് അപൂർണമാണ്. 1250 മുതൽ 1850 വരെയുള്ള, പലപ്പോഴും അപചയ യുഗമായി ചിത്രീകരിക്കപ്പെടുന്ന കാലഘട്ടത്തിൽ നിലനിന്നിരുന്ന ഇൽമുൽ കലാമിനെ കുറിച്ചുള്ള പ്രബലമായ സമീപനം ഈ വിവരണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. തഫ്താസാനിയുടെയും സനൂസിയുടെയും കൃതികൾ പരിശോധിക്കുമ്പോൾ, ഇൽമുൽ കലാം മതശാസ്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രമാണ് എന്ന നിലപാടാണ് കാണുന്നത്. കൂടാതെ, ഫിഖ്ഹിനെപ്പോലെ വെറും സംവാദാത്മക മേൽക്കോയ്മ മതിയാകുന്ന ശാസ്ത്രമല്ല ഇൽമുൽ കലാം എന്നും, മറിച്ച് ബോദ്ധ്യപ്പെടുത്താൻ കഴിയുന്ന തെളിവുകളിലൂടെ സുനിശ്ചിതത്വം ആവശ്യപ്പെടുന്ന ശാസ്ത്രമാണെന്നും അവർ വാദിക്കുന്നു. യുക്തിസഹമായ തെളിവുകളെ അടിസ്ഥാനമാക്കിയ ഇൽമുൽ കലാമിലെ വിശ്വാസം, പണ്ഡിതന്മാരെയും മുൻഗാമികളെയും അനുകരിച്ചുള്ള പരമ്പരാഗത വിശ്വാസത്തേക്കാൾ (തഖ്ലീദ്) ഉന്നതമാണെന്ന് അവർ കരുതി. ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾ പ്രതി ചിന്തിക്കാതെ, അവയുടെ യുക്തിസഹമായ തെളിവുകൾ അറിയാതെ ദീനിൽ തുടരുന്ന ഒരാൾ, അല്ലാഹുവിന്റെ മുമ്പിൽ യഥാർഥ വിശ്വാസിയല്ല എന്ന കടുത്ത നിലപാടായിരുന്നു ശൈഖ് സനൂസി പ്രകടിപ്പിച്ചിരുന്നത്. അന്ത്യദിനത്തിൽ അവൻ/അവൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ശൈഖ് സനൂസി കേവലം അരികിൽ നിൽക്കുന്ന, ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല എന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നൂറ്റാണ്ടുകളോളം ആഫ്രിക്കയിലും അതിനപ്പുറവും പഠിപ്പിക്കപ്പെട്ടിരുന്നു. മുഹമ്മദ് അബ്ദു അൽ അസ്ഹറിൽ വിദ്യാർഥിയായിരുന്ന സമയത്തുപോലും ദൈവശാസ്ത്ര പഠനത്തിൽ പ്രധാന ഗ്രന്ഥങ്ങൾ സനൂസിയുടെതായിരുന്നു. അതായത്, കലാം വലിയ പ്രാധാന്യമർഹിക്കാത്ത പഠന ശാഖയാണെന്നും, അതിന്റെ ലക്ഷ്യം വെറും പ്രതിരോധമാണെന്നും, അത് അടിസ്ഥാനപരമായി ഒരു വാദപ്രതിവാദ ശാസ്ത്രം മാത്രമാണെന്നുമുള്ള ധാരണകൾ, ഇസ്ലാമിക ബൗദ്ധിക ചരിത്രത്തെ ചില അളവുകോലുകൾ പ്രകാരം വായിക്കുന്നതിന്റെ ഫലമാണ് എന്ന വസ്തുത ഇതൊക്കെയും വ്യക്തമാക്കുന്നു. അത്തരത്തിലുള്ള ധാരണകളും വായനകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇസ്ലാമിക ലോകത്ത് കേന്ദ്രപ്രാധാന്യമുണ്ടായിരുന്ന നിരവധി പാരമ്പര്യങ്ങളെയും പണ്ഡിതന്മാരെയും ബോധ്യങ്ങൾ കൂടാതെ തന്നെ നിരാകരിക്കുകയാണ് ചെയ്യുന്നത്.
മറ്റൊരു ഉദാഹരണം പിൽക്കാല സൂഫിചിന്തയുടെ ചരിത്രത്തിൽ നിന്നാണ്. പ്രബലമായ വിവരണപ്രകാരം, പിൽക്കാല സൂഫിസം കൂടുതലായും ഇബ്നു അറബി (വ.1240) അവതരിപ്പിച്ച ‘വഹ്ദതുൽ വുജൂദ്’ എന്ന ആശയം സ്വീകരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പിന്നീട് അഹ്മദ് സർഹിന്ദി (വ.1624) ഈ ആശയത്തെ വിമർശിക്കുകയും അതിന് പകരമായി ‘വഹ്ദതുശ്ശുഹൂദ്’ എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ, അടുത്തകാലത്തെ ഗവേഷണങ്ങൾ ഈ പരിപ്രേക്ഷത്തെ പല രീതികളിൽ കൂടുതൽ സൂക്ഷ്മമാക്കിയിട്ടുണ്ട്. ഇബ്നു അറബിയോടുള്ള സർഹിന്ദിയുടെ സമീപനം ഒരിക്കലും പൂർണമായി നിഷേധാത്മകമായിരുന്നില്ലെന്ന് ഫ്രൈഡ്മാനും ടെർ ഹാറും ഊന്നിപ്പറയുന്നു. മറിച്ച്, ആന്തലൂസിയൻ സൂഫി ചിന്തകനായ ഇബ്നു അറബിയെ പലയിടങ്ങളിൽ പ്രശംസയോടെയാണ് സർഹിന്ദി പരാമർശിക്കുന്നത്. വില്യം ചിറ്റിക്കും ജെയിംസ് മോറിസും, വഹ്ദതുൽ വുജൂദ് എന്ന സിദ്ധാന്തത്തിന്റെ കർതൃത്വം നേരിട്ട് ഇബ്നു അറബിയിലേക്ക് ചാർത്തുന്ന പ്രവണതയെ വിമർശിച്ചിക്കുന്നുണ്ട്. അത്തരമൊരു സംജ്ഞ ഇബ്നു അറബി ഒരിക്കലും സ്വയം ഉപയോഗിച്ചിട്ടില്ല. കൂടാതെ, വഹ്ദതുൽ വുജൂദ് എന്ന ആശയം അദ്ദേഹത്തിന്റെ ലോകദർശനത്തെ പൂർണമായി പ്രതിനിധീകരിക്കുന്നു എന്ന ധാരണയെയും ഇരുവരും ചോദ്യം ചെയ്യുന്നു. അവരുടെ അഭിപ്രായത്തിൽ, ഇബ്നു അറബിയുടെ ‘ഫുസൂസുൽ ഹികം’ എന്ന ഗ്രന്ഥത്തെക്കുറിച്ച് പിന്നീട് എഴുതിയ വ്യാഖ്യാതാക്കളിലാണ് ഈ ആശയവാദ പ്രവണത യഥാർഥത്തിൽ രൂപപ്പെട്ടത്. ഇബ്നു അറബിയുടെ കൂടുതൽ തത്ത്വചിന്താപരവും ക്രമബദ്ധവുമായ ‘ഫുസൂസുൽ ഹികം’ വ്യാഖ്യാനങ്ങളെക്കാൾ, അദ്ദേഹത്തിന്റെ ‘അൽ ഫുതൂഹാത്തുൽ മക്കിയ്യ’ എന്ന ഗ്രന്ഥത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് ചിറ്റിക്ക് നിർദേശിക്കുന്നത്. ‘ഇബ്നു അറബി v/s സിർഹിന്ദി’ എന്ന പൊതുവായ ആഖ്യാനത്തിൽ വന്ന ഈ തിരുത്തലുകൾ വളരെ പ്രധാനപ്പെട്ടവയാണ്. അതൊടൊപ്പം, പിൽക്കാല നൂറ്റാണ്ടുകളിൽ ഉത്തരാഫ്രിക്കൻ, ഈജിപ്ഷ്യൻ ശാദുലി പാരമ്പര്യങ്ങളിലെ വലിയൊരു വിഭാഗം, ഫുസൂസുൽ ഹികം ഗ്രന്ഥത്തിലും അതിന്റെ വ്യാഖ്യാനങ്ങളിലുമുള്ള ചില വിവാദ ആശയങ്ങളിൽ നിന്ന് ബോധപൂർവം അകലം പാലിച്ചിരുന്നുവെന്ന് കാണിക്കുന്ന ധാരാളം തെളിവുകൾ ലഭ്യമാണ്. അതേസമയം, അവർ ഇബ്നു അറബിയെ സമുന്നതനായ പുണ്യപുരുഷനായി (വലിയ്യ്) ആദരിക്കുകയും, അദ്ദേഹത്തിന്റെ ഫുതൂഹാത്ത് അടക്കമുള്ള മറ്റു ഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ വ്യാപകമായി ഉദ്ധരിക്കുകയും ചെയ്തിരുന്നു. അബ്ദുൽ വഹ്ഹാബ് അശ്ശഅ്റാനി (വ.1565), മുഹമ്മദ് ബിൻ അബിൽ ഹസൻ അൽ ബക്രി (വ.1586), മുല്ലാ അലിയ്യുൽ ഖാരി (വ.1604) പോലുള്ള സൂഫി പണ്ഡിതന്മാർ ഇബ്നു അറബിയെ ആദരവോടെ പരാമർശിച്ചെങ്കിലും, വഹ്ദതുൽ വുജൂദ് എന്ന സിദ്ധാന്തത്തെയും ഫുസൂസ് വ്യാഖ്യാതാക്കളുടെ മറ്റു ചില വിവാദ ആശയങ്ങളെയും അവർ വിശദീകരിക്കുകയോ ചിലപ്പോൾ തുറന്നുപറഞ്ഞ് നിരസിക്കുകയോ ചെയ്തിരുന്നു. “ഏകത അനുഭവപരമാണ്; അസ്തിത്വപരമല്ല’’(അൽ വഹ്ദതു ശുഹൂദിയ്യത്തുൻ ലാ വുജൂദിയ്യത്തുൻ) എന്ന് സിർഹിന്ദി ജനിക്കുന്നതിന് ഏതാനും വർഷങ്ങൾ മുമ്പ് തന്നെ അൽ ബക്രി വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പോൾ ന്വിയ, ജോൺ റീനാർഡ്, വിക്ടർ ഡാനർ തുടങ്ങിയവരുടെ വിലപ്പെട്ട പ്രാരംഭ ഗവേഷണങ്ങൾ ഉണ്ടായിട്ടും, പിൽക്കാല നൂറ്റാണ്ടുകളിൽ അറബി സംസാരിക്കുന്ന ലോകത്ത് വലിയ സ്വാധീനമുണ്ടായിരുന്ന ശാദുലി പാരമ്പര്യത്തിന് മതിയായ അക്കാദമികശ്രദ്ധ ലഭിച്ചിട്ടില്ല. അപ്രകാരം, ‘ഇബ്നു അറബി v/s സിർഹിന്ദി’ എന്ന, കൂടുതലായും ഇന്ത്യൻ ഉപഭൂഖണ്ഡകേന്ദ്രിതമായ വിവരണത്തിലും ഈ സൂഫിപാരമ്പര്യത്തെ വേണ്ടത്ര ഉൾപ്പെടുത്തിയിട്ടില്ല.
അവസാനത്തെ ഉദാഹരണം തത്ത്വചിന്ത മേഖലയിൽ നിന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെ, ഇസ്ലാമിക തത്ത്വചിന്തയുടെ പാരമ്പര്യം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇബ്നു റുഷ്ദിനോടൊപ്പം അവസാനിച്ചു എന്നാണ് പാശ്ചാത്യ പണ്ഡിതന്മാർ പൊതുവെ വിശ്വസിച്ചിരുന്നത്. എന്നാൽ, പ്രധാനമായും ഹെൻറി കോർബിൻ, സയ്യിദ് ഹുസൈൻ നസ്ർ എന്നിവർ നടത്തിയ പ്രാരംഭ ഗവേഷണങ്ങളുടെ ഫലമായി, ആ വീക്ഷണം ഒരിക്കലും ശരിയായിരുന്നില്ലെന്നും, പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷവും ഇസ്ലാമിക ലോകത്ത് പ്രധാനപ്പെട്ട തത്ത്വചിന്താ വ്യവഹാരങ്ങൾ തുടർന്നിരുന്നുവെന്നും വ്യക്തമായി. കോർബിനും നസ്റും പതിനേഴാം നൂറ്റാണ്ടിലെ ‘ഇസ്ഫഹാൻ സ്കൂൾ’ എന്നറിയപ്പെടുന്ന ചിന്താപാരമ്പര്യത്തെയും, പ്രത്യേകിച്ച് മുല്ലാ സദ്റാ (മ.1635) എന്ന ചിന്തകനെയുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇതിന്റെ ഫലമായി, പഴയ ഇസ്ലാമിക തത്ത്വചിന്താ സംഹിതയിലേക്ക് പിന്നീട് രൂപപ്പെട്ട ഇറാനിയൻ ശീഈ നിയോ-പ്ലാറ്റോണിക് തത്ത്വചിന്തയുടെയും സൂഫി ചിന്തയുടെയും സംയോജിത പാരമ്പര്യത്തെ നിരുപാധികം കൂട്ടിച്ചേർക്കുക എന്ന പ്രവർത്തിയിൽ ഒതുങ്ങുന്ന ഒരു പ്രവണത രൂപപ്പെട്ടു. ഇതിന് ചില ദൗർഭാഗ്യകരമായ അനന്തരഫലങ്ങളും ഉണ്ടായി.
ഉദാഹരണത്തിന്, പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും മധ്യേയുള്ള കാലഘട്ടം ഇന്നും വളരെ കുറഞ്ഞ ഗവേഷണങ്ങൾക്ക് മാത്രമാണ് വിധേയമാക്കപ്പെട്ടിട്ടുള്ളത്. മുല്ലാ സദ്റാ തന്റെ ഗ്രന്ഥങ്ങളിൽ തഫ്താസാനി, ജുർജാനി, ദവാനി (മ.1502), സദ്റുദ്ദീൻ ദശ്തകി (മ.1498), ഗിയാസുദ്ദീൻ ദശ്തകി (മ.1542) തുടങ്ങിയ പണ്ഡിതന്മാരുടെ കൃതികളെ ആശ്രയിച്ചിരുന്നുവെന്നും, തന്റെ വായനക്കാർക്കും അവ പരിചിതമാണെന്ന് കരുതുന്നുവെന്നും പരാമർശിക്കുന്നുണ്ട്. അതിനാൽ, ഇബ്നു സീനയെയും സുഹ്റവർദിയെയും (മ.1191) കഴിഞ്ഞ് നേരിട്ട് മുല്ലാ സദ്റായിലേക്കു ‘കോണി കറയുന്ന’ പഠനരീതി, മുല്ലാ സദ്റായുടെ ചിന്തകൾ അദ്ദേഹത്തിന് തൊട്ടു മുമ്പുണ്ടായിരുന്ന ബൗദ്ധിക പാരമ്പര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആഴത്തിൽ മനസ്സിലാക്കാൻ അനുവദിക്കുന്നില്ല. മുല്ലാ സദ്റായുടെ തത്ത്വചിന്തയിലെ പ്രധാന ഘടകങ്ങൾ തന്നെ അദ്ദേഹത്തിന്റെ മുൻഗാമിയായ ദവാനിയുടെ രചനകളിൽ കാണാനാവും. ഇബ്നു സീനയുടെ തത്ത്വചിന്തയെയും ഇശ്റാഖി (Illuminationist) തത്ത്വചിന്തയെയും ഉപയോഗിച്ച്, ഇബ്നു അറബിയുടെ വഹ്ദത്തുൽ വുജൂദിന് തത്ത്വചിന്താപരമായ പ്രതിരോധം രൂപപ്പെടുത്താൻ ദവാനി ശ്രമിച്ചിരുന്നു.
പഠനങ്ങൾ കൂടുതലായും മുല്ലാ സദ്റായിലും അദ്ദേഹത്തിന്റെ ഗുരുവായ മീർ ദാമാദിലും (മ.1631) മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ദൗർഭാഗ്യകരമായ പ്രവണത. യാഥാർഥത്തിൽ, ഇറാനിൽ പോലും ഈ രണ്ട് ചിന്തകരുടെ മേൽക്കോയ്മ ശക്തമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു; ഒരു പരിധിവരെ ഇന്നും അത് തുടരുന്നുമുണ്ട്. ഉദാഹരണത്തിന്, സഫവി ഭരണാധികാരിയായ ശാഹ് സുലൈമാൻ ഒന്നാമന്റെ (ഭരണം: 1666–1694) കൊട്ടാരത്തിലെ പ്രധാന തത്ത്വചിന്തകനായ ആഖാ ഹുസൈൻ ഖ്വാൻസാരി (മ.1687), ഈ രണ്ടുപേരുടെയും ചിന്തകളെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനുപുറമേ, പിന്നീടുവന്ന ഇസ്ലാമിക തത്ത്വചിന്തയെക്കുറിച്ചുള്ള പൊതുവായ വിവരണങ്ങൾ, ആധുനികതയുടെ പ്രാരംഭ കാലഘട്ടത്തിൽ മുഗൾ, ഓട്ടോമൻ സാമ്രാജ്യങ്ങളിലുമുണ്ടായിരുന്ന വലിയ തോതിലുള്ള തത്ത്വചിന്താ വ്യവഹാരങ്ങളെ പലപ്പോഴും അവഗണിച്ചിരുന്നു. മുഗൾ-ഓട്ടോമൻ തത്ത്വചിന്താ സാഹിത്യങ്ങൾക്ക് അക്കാദമിക ശ്രദ്ധ ലഭിക്കാൻ തുടങ്ങുന്നത് അടുത്തിടെയാണ്. ഈ ചിന്തകരുടെ താൽപര്യങ്ങൾ സഫവി, ഖാജാർ ഇറാനിലെ ചിന്തകരുടെ താൽപര്യങ്ങളുമായി എല്ലായ്പ്പോഴും ഒത്തുപോയിരുന്നില്ല എന്നാണ് പ്രാരംഭ പഠനങ്ങൾ പോലും വെളിപ്പെടുത്തുന്നത്.
ഓട്ടോമൻ, മുഗൾ തത്ത്വചിന്തകർക്ക്, ‘അസാലത്തുൽ മാഹിയ്യ-അസാലത്തുൽ വുജൂദ്’ സംവാദത്തെക്കാൾ തർക്കശാസ്ത്രത്തിലും പ്രകൃതിതത്ത്വചിന്തയിലും കൂടുതൽ താൽപര്യമുണ്ടായിരുന്നുവെന്ന് അനുമാനിക്കാനാവും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന ഇസ്മാഈൽ ഗെലൻബെവി (മ.1791) അടക്കമുള്ള ഓട്ടോമൻ തത്ത്വചിന്തകർക്ക് മുല്ലാ സദ്റായുടെ പേര് പോലും പരിചിതമല്ലായിരുന്നു എന്നാണ് തോന്നുന്നത്. മീർ ദാമാദിന്റെയും മുല്ലാ സദ്റായുടെയും ചില ഗ്രന്ഥങ്ങൾ മുഗൾ പണ്ഡിതന്മാർക്ക് പരിചിതമായിരുന്നു. എന്നാൽ, അവർക്കു പ്രത്യേക താൽപര്യമുണ്ടായിരുന്നത് മുല്ലാ സദ്റാ അബ്ഹരിയുടെ ‘ഹിദായത്തുൽ ഹിക്മ’യിലെ പ്രകൃതിതത്ത്വചിന്ത ഭാഗത്തെ കുറിച്ച് എഴുതിയ വ്യാഖ്യാനത്തിലും, തർക്കശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന മീർ ദാമാദിന്റെ ‘അൽ ഉഫുഖുൽ മുബീൻ’ എന്ന ഗ്രന്ഥത്തിലുമാണ് എന്നത് ശ്രദ്ധേയമാണ്. ഈ രണ്ട് ഗ്രന്ഥങ്ങൾക്കും ആധുനിക ഗവേഷകരിൽ നിന്ന് കാര്യമാത്ര പ്രസക്തമായ ശ്രദ്ധ ഇതുവരെ ലഭിച്ചിട്ടില്ല.
ഇസ്ലാമിക നാഗരികതയിൽ തത്ത്വചിന്ത ഒരിക്കലും മദ്റസ പാഠ്യപദ്ധതിയുടെ സ്ഥിരഭാഗമായിരുന്നില്ലെന്നും, അതിനാൽ നാച്ചുറൽ ഫിലോസഫി എന്ന പാരമ്പര്യം വിശേഷിച്ചും പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിലായി ക്രമേണ ക്ഷയിച്ചുപോയെന്നുമുള്ള വാദഗതി അടുത്തിടെ ചില ഗവേഷകർ മുന്നോട്ടു വെച്ചിരുന്നു. അതേസമയം, പടിഞ്ഞാറൻ യൂറോപ്പിൽ തത്ത്വചിന്ത (വിശേഷിച്ചും നാച്ചുറൽ ഫിലോസഫി) സർവകലാശാലകളിൽ തുടർച്ചയായി പഠിക്കപ്പെട്ടു. ഈ വ്യത്യാസമാണ് പിന്നീട് ഇസ്ലാമിക ലോകത്തിൽ ഒരു ‘ശാസ്ത്രീയ വിപ്ലവം’ ഉണ്ടാവാതിരുന്നതിന്റെ കാരണങ്ങളിലൊന്നായി ചിലർ നിരീക്ഷിക്കുന്നത്. ഈ താരതമ്യം മുന്നോട്ടുവച്ചതിന് പാശ്ചാത്യ ശാസ്ത്ര ചരിത്രകാരന്മാരെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല. കാരണം, അവർക്ക് ഇസ്ലാമിക തത്ത്വചിന്തയിലെ വിദഗ്ധർ എഴുതിയ പഠനങ്ങളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. പിൽക്കാല ഇസ്ലാമിക തത്ത്വചിന്തയിൽ അവശേഷിച്ചത് നിയോ-പ്ലാറ്റോണിസം, സൂഫിസം, ശീഈ ചിന്ത എന്നിവയുടെ സംയോജിത രൂപമായ, ‘ഇർഫാൻ’ എന്നും വിളിക്കപ്പെടുന്ന ഒരു പാരമ്പര്യം മാത്രമാണെന്ന ഭാവന നാം തന്നെയാണ് പലപ്പോഴും രൂപപ്പെടുത്തുന്നത്. ആധുനികതയുടെ പ്രാരംഭത്തിൽ ഇസ്ലാമിക ലോകത്ത് പ്രകൃതിതത്ത്വചിന്തയോട് വലിയ താൽപര്യമുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. അതിനുമപ്പുറം, ഓട്ടോമൻ, സഫവി, മുഗൾ മദ്റസകളുടെ പാഠ്യപദ്ധതിയിൽ ഈ വിജ്ഞാനശാസ്ത്രം സ്ഥിരമായി ഉൾപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ രചിക്കപ്പെട്ട പ്രകൃതിതത്ത്വചിന്തയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കൈയെഴുത്തുപ്രതികളുടെ പേജുകൾ ഇന്നും പരിശോധന(editing/തഹ്ഖീഖ്) നടത്തപ്പെടാതെയും പഠിക്കപ്പെടാതെയും അവശേഷിക്കുകയാണ്.
ഉപസംഹരിക്കട്ടെ. ഖുർആൻ വ്യാഖ്യാനം, കലാം, സൂഫിസം, ഇസ്ലാമിക തത്ത്വചിന്ത തുടങ്ങിയ മേഖലകളുടെ ചരിത്ര വികാസത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എങ്ങനെ വികലമാക്കപ്പെട്ടുവെന്ന് വ്യക്തമാക്കാനാണ് ഞാൻ ശ്രമിച്ചത്. ചരിത്രപരമായി പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെട്ട ചില ‘കാനണുകളെ’ വിമർശനാത്മകമായി പരിശോധിക്കാതെ സ്വീകരിച്ചതാണ് ഈ വികലതയുടെ പ്രധാന കാരണം. പാശ്ചാത്യ ബൗദ്ധികചരിത്രത്തിലെ രണ്ട് സമകാലിക സമീപനങ്ങളുമായി ബന്ധപ്പെട്ടതും ഭാഗികമായി അവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമാണ് ഞാൻ ഇനി ഉന്നയിക്കാനിരിക്കുന്ന വീക്ഷണം. ക്വന്റിൻ സ്കിന്നർ, ജെ.ജി.എ. പോക്കോക്ക് തുടങ്ങിയ രാഷ്ട്രീയചിന്താ ചരിത്രകാരന്മാർ ‘ഗ്രേറ്റ് തിങ്കേഴ്സ്–മഹത്തായ ചിന്തകർ’ എന്ന പരികൽപനയെ മറികടക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ, ഗ്രന്ഥങ്ങളെയും വാദങ്ങളെയും അവ രൂപപ്പെട്ട ബൗദ്ധിക സാഹചര്യത്തിനുള്ളിൽ വെച്ചാണ് പഠിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോഴാണ്, ഇന്ന് ഏറെക്കുറെ വിസ്മൃതിയിലാണ്ടു പോയെങ്കിലും, അവരുടെ കാലത്ത് വലിയ സ്വാധീനമുണ്ടായിരുന്ന, പിന്നീട് ‘പ്രാമാണിക’ സ്ഥാനത്തിൽ അവരോഹിക്കപ്പെട്ട ചിന്തകരെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന എഴുത്തുകാരെയും ഗ്രന്ഥങ്ങളെയും തിരിച്ചുകണ്ടെത്താൻ കഴിയുക. റോബർട്ട് ഡാർന്റൺ, റോജർ ഷാർട്ടിയർ എന്നിവരടക്കമുള്ള പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് അച്ചടിസംസ്കാരത്തെക്കുറിച്ച് പഠിച്ച ചരിത്രകാരന്മാർ ‘മഹത്തായ ചിന്തകരുടെ’ പ്രമാണഗ്രന്ഥങ്ങളെ എതിർവാ ഇല്ലാതെ സ്വീകരിക്കുന്നതിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ ആളുകൾ വായിച്ചിരുന്നതും, പിന്നീട് രൂപപ്പെടുത്തിയ ‘മഹത്തായ ദാർശനികരുടെ പ്രമാണഗ്രന്ഥങ്ങളും’ തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്ന് അവർ തെളിയിച്ചു. മൊന്തസ്ക്യു, വോൾട്ടെയർ, റൂസ്സോ എന്നിവരെ കേന്ദ്രീകരിച്ച് പിന്നീട് നിർമിക്കപ്പെട്ട പ്രമാണഗ്രന്ഥങ്ങളുടെ നിര, ആ കാലത്തെ യഥാർഥ വായനാശീലങ്ങളെ ശരിയായി പ്രതിഫലിപ്പിക്കുന്നില്ല എന്നായിരുന്നു അവരുടെ വാദം.
ഉദാഹരണത്തിന്, ഈ ബൗദ്ധിക ചരിത്രന്വേഷണ സമീപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കപ്പെട്ട മുല്ലാ സദ്റായെ കുറിച്ചുള്ള ഒരു പഠനം, അദ്ദേഹത്തിന്റെ ആശയങ്ങളെ ഇബ്നു സീന, സുഹ്റവർദി, ഇബ്നു അറബി എന്നിവരുമായി താരതമ്യം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. പകരം, ജലാലുദ്ദീൻ ദവാനി, സദ്റുദ്ദീൻ ദശ്തകി, ഗിയാസുദ്ദീൻ ദശ്തകി, മിർസാ ജാൻ ബാഘ്നവി (മ.1586), ഫഖ്റുദ്ദീൻ സമ്മാക്കി (മ.1576) തുടങ്ങിയ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ പ്രമുഖ ചിന്തകരുമായി ബന്ധപ്പെട്ടാണ് മുല്ലാ സദ്റായുടെ ആശയങ്ങളെ മനസ്സിലാക്കാൻ അത് ശ്രമിക്കുക. കാരണം, മുല്ലാ സദ്റായുടെ കാലത്ത് ഇറാനിയൻ മദ്റസകളിൽ പഠിക്കപ്പെട്ടിരുന്നത് ഇവരുടെ ഗ്രന്ഥങ്ങളായിരുന്നു.
ചരിത്രരചനയിൽ പ്രാഥമിക ജീവചരിത്ര-ഗ്രന്ഥസൂചികാ സ്രോതസ്സുകളെയും, കൈയെഴുത്തുപ്രതികളെയും, അപൂർവമായ പഴയ അച്ചടിപതിപ്പുകളെയും ലിതോഗ്രാഫുകളെയും കൂടുതലായി ആശ്രയിക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം. അത് പ്രയാസകരമായ പ്രവർത്തി ആണെന്നതിൽ സംശയമില്ല. കൈയെഴുത്തുപ്രതികളെയും പഴയ അച്ചടിപതിപ്പുകളെയും ആസ്പദമാക്കി നടത്തുന്ന ഇത്തരം ചരിത്രപരമായ പഠനങ്ങളെ പലരും പഴഞ്ചൻ ‘ഫിലോളജി’ എന്ന നിലയിലാണ് കാണുന്നത്. നിലവിൽ ഇസ്ലാമിക പഠനരംഗത്ത് വ്യാപകമായി നിലനിൽക്കുന്ന ഈ ധാരണയോടും ഞാൻ വിയോജിക്കുന്നു. എന്റെ അഭിപ്രായത്തിൽ, ഈ ധാരണ അത്യന്തം ദൗർഭാഗ്യകരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്ന വലിയ തോതിലുള്ള ഫിലോളജിക്കൽ ഗവേഷണപ്രവർത്തനങ്ങളെയും, അവ സമ്മാനിച്ച വിമർശനാത്മക പഠനഫലങ്ങളും അവർക്ക് ലഭ്യമായതിനാൽ യൂറോപ്യൻ ചരിത്രപഠന വിദഗ്ധർക്ക് ‘ഫിലോളജി’ പഴകിയ ശാസ്ത്രമാണെന്ന് കരുതാൻ കഴിയുമായിരിക്കും. എന്നാൽ, അറബി ഭാഷയിലും ഇസ്ലാമിക് സ്റ്റഡീസ് രംഗത്തും പ്രവർത്തിക്കുന്ന നമുക്ക് അത്തരമൊരു സമീപനം സ്വീകരിക്കാൻ കഴിയില്ല. വിശേഷിച്ച്, മംഗോൾ കാലാനന്തരഘട്ടത്തിലെ സാഹിത്യ, മത, ദൈവശാസ്ത്ര, തത്ത്വചിന്ത, ശാസ്ത്രീയ പാരമ്പര്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോഴും വളരെ പരിമിതമായ അറിവാണുള്ളത്. ഇസ്ലാമിക ബൗദ്ധിക-സാഹിത്യചരിത്രത്തിന്റെ വലിയ ഭാഗങ്ങളെ തിരിച്ചുപിടിക്കാനും, നിലവിലുള്ള ചരിത്രവിവരണങ്ങളെയും പ്രമാണഗ്രന്ഥങ്ങളെയും പ്രതി പുനർവിചിന്തനം നടത്താനും ചോദ്യം ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കിൽ, കൈയെഴുത്തുപ്രതികളെയും അപൂർവ അച്ചടിപ്പതിപ്പുകളെയും ആസ്പദമാക്കി സൂക്ഷ്മവും ചരിത്രബോധമുള്ളതുമായ ഗവേഷണം നടത്തുക എന്നതല്ലാതെ മറ്റൊരു വഴിയില്ല.
ഇബ്നു തൈമിയ്യ, ഇബ്നു ഖൽദൂൻ, മുല്ലാ സദ്റാ, അഹ്മദ് സിർഹിന്ദി തുടങ്ങിയ ചില വ്യക്തികളെ ചുറ്റിപ്പറ്റി നിരവധി ഗവേഷണങ്ങൾ നിലവിലുണ്ട്. എന്നാൽ, അവരെ ചുറ്റിപ്പറ്റിയിരുന്ന ബൗദ്ധിക സാഹചര്യവും വലിയ ചരിത്രരേഖകളും ഇന്നും അവ്യക്തമായി തന്നെ തുടരുന്നത് അനുഗുണമല്ല. ചില കാരണങ്ങൾ മൂലം തങ്ങളുടെ കാലഘട്ടത്തിന്റെ ഇരുട്ടിൽ നിന്ന് ഇതിനകം തന്നെ പുറത്തുവന്ന ഈ ഗ്രന്ഥകാരന്മാരെ സംബന്ധിച്ച് മാത്രം പഠിക്കുന്നതിൽ ഗവേഷകർ സംതൃപ്തരാകുന്നത് വലിയ ആഘാതമാണ് സൃഷ്ടിക്കുക. വികസനപഠനരംഗത്തിൽ ഉപയോഗിക്കുന്ന ഒരു പദം കടംകൊണ്ടുപറയുകയാണെങ്കിൽ, അതിനെ ‘അവികസിതാവസ്ഥയുടെ വികസനം’ എന്ന് വിളിക്കാം.
വിവർത്തനം: മുഹമ്മദ് സിറാജ്റഹ്മാൻ


Comments are closed.