പൂർവ്വാധുനിക കാലത്തെ ഇതിഹാസങ്ങളുടെ സ്ഥാനം ആധുനിക ലോകത്ത് കയ്യടക്കുന്നത് നോവലുകളാണ്. മിഖായേൽ ബക്തിൻ നോവലിനെ കാണുന്നത് മുമ്പ് നിലനിന്നിരുന്ന എല്ലാ സാഹിത്യ രൂപങ്ങളെയും ഉൾക്കൊണ്ട് അവയുടെയെല്ലാം സ്ഥാനം കയ്യടക്കിയ സാഹിത്യരൂപമായിട്ടാണ്. മറ്റെല്ലാ സാഹിത്യരൂപങ്ങളെയും സവിശേഷവും, ന്യൂനതകളുള്ളതുമാക്കി മാറ്റുന്ന ഒരു സൂപ്പർ ജെനർ ആയി നോവൽ മാറി. ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന മിഗുവൽ ഡി സെർവാന്റസ് എഴുതിയ ‘ഡോൺ കിഹോട്ടെ’ ഇതിഹാസത്തെയും, ഗാനരചനയെയും കഥപറച്ചിലിന്റെ പ്രത്യേക രൂപത്തിലേക്ക് എങ്ങനെ സന്നിവേശിപ്പിക്കാമെന്ന് കാണിച്ച് തരുകയും, അതോടൊപ്പം എല്ലാറ്റിനും മുകളിൽ വായനക്കാരന് ലാ മാഞ്ചയിലെ മാന്യനെ നോക്കി ചിരിക്കാനും, അയാളുടെ ദുരന്തത്തിൽ സങ്കടപ്പെടാനും അനുവദിക്കുന്ന സുതാര്യമായ മാധ്യമമായി നോവൽ നിലകൊള്ളുകയും ചെയ്തു. ചില വ്യാഖ്യാതാക്കൾ സൂചിപ്പിച്ചതുപോലെ ഡോൺ കിഹോട്ടെക്ക് സമയത്തിന്റെ ക്രൂരമായ കൊഴിഞ്ഞുപോക്കിന് നേരെയുള്ള ഒരു പരിചയായി ഭ്രാന്ത്, അല്ലെങ്കിൽ ലോകത്തെ കാണാനുള്ള വികൃതവും, കാലഹരണപ്പെട്ടതുമായ ഒരു മാർഗ്ഗം അനിവാര്യമായിരുന്നു.

നോവലിൽ ഇതിനകം തന്നെ വിവേകശാലിയായ വായനക്കാരൻ എന്ന നോവലുകളുടെ സവിശേഷതയായ ആശയം കടന്നുവരുന്നുണ്ട്. വായനക്കാരന്‌ നായകന്റെ ഭ്രാന്തുകൾക്കപ്പുറം കാണാനാവുന്നത് ഡോൺ കിഹോട്ടെയുടെ സഹചാരിയായ സാഞ്ചോ പാൻസ അടക്കമുള്ള കഥാപാത്രങ്ങളിലൂടെ കഥാസന്ദർഭങ്ങളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുന്നത്കൊണ്ട് മാത്രമല്ല, ഈ കഥാപാത്രങ്ങൾക്കെല്ലാം അപ്പുറത്ത് കഥയെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കുന്ന ഒരു വായനക്കാരനെ നോവൽ സൃഷ്ടിച്ചത്കൊണ്ട് കൂടിയാണ്. അതോടൊപ്പം ഭൂരിപക്ഷമാണ് സത്യം എന്ന ആശയവും, ഒരുപക്ഷേ ഭ്രാന്തനെക്കുറിച്ചുള്ള വളരെ സെക്കുലറായ – വ്യക്തിയുടെത്തന്നെ ആന്തരിക വിക്ഷോഭങ്ങളിൽ ഭ്രാന്തിന്റെ കാരണം കണ്ടെത്താൻ കഴിയും എന്ന- ഒരു കാഴ്ച്ചപ്പാടും നോവൽ മുന്നോട്ട് വെക്കുന്നുണ്ട് (അതേ കാലത്ത് നിന്നുള്ള ഷേക്സ്പിയറുടെ ഹാംലെറ്റിൽ ഇത്തരം ഒരു ആശയം കാണാനാവില്ല).

റെനെ ദക്കാർത്തെ “ഞാൻ ചിന്തിക്കുന്നു അതുകൊണ്ട് ഞാൻ ഉണ്ട്” എന്ന് പ്രഖ്യാപിക്കുന്നതിന് നൂറുവർഷത്തിലേറെ മുമ്പ് ഡോൺ കിഹോട്ടെ മനുഷ്യനെ പ്രപഞ്ചത്തിലെ അറിവിന്റെ കേന്ദ്രമായി സ്ഥാപിക്കുന്നുണ്ട്. കടൽ മാർഗ്ഗങ്ങളും, ഭൂഖണ്ഡങ്ങളും കണ്ടെത്താനായി ഒരുങ്ങിപ്പുറപ്പെടുന്ന മനുഷ്യന്റെ കഥയാണ് നോവൽ പറയുന്നത്. പ്രകൃതിയെ മറികടന്ന, ലോകത്തെക്കുറിച്ചുള്ള പാണ്ഡിത്യത്തിൽ അഗാധമായ ആത്മവിശ്വാസം പുലർത്തുന്ന മനുഷ്യൻ. എന്നാൽ നമുക്കപ്പുറത്തുള്ള ശക്തികളാൽ ചലിപ്പിക്കപ്പെടുന്ന, കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും, ഡാറ്റാ ലംഘനങ്ങളിലൂടെയും ആത്മവിശ്വാസം തകർത്തെറിയപ്പെടുന്ന ഇന്നത്തെ കാലത്ത് ഈ വിവേകശാലിയായ വായനക്കാരന് എന്താവും സംഭവിക്കുന്നത്? അമിതാവ് ഘോഷ് ‘ദി ഗ്രേറ്റ് ഡിറേഞ്ച്മെന്റ് (2016) എന്ന പുസ്തകത്തിൽ കാലാവസ്ഥാ വ്യതിയാനത്തോട് നോവലുകൾക്ക് പ്രതികരിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണമായി റിയലിസ്റ്റ് നോവലുകളിലെ ‘സ്വാഭാവികത’ (normalcy) എന്ന ആശയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. പരിഗണനീയമായ സാഹിത്യങ്ങളിൽ ഇടം കണ്ടെത്താത്ത വിചിത്രമായ പശ്ചാത്തലമായി മാത്രമാണ് അവ കടന്നുവരുന്നത്. റിയലിസ്റ്റ് നോവലുകളിൽ പ്രകൃതി മനുഷ്യന്റെ കർമ്മങ്ങൾ അരങ്ങേറുന്ന സ്ഥായിയും നിഷ്ക്രിയവുമായ പശ്ചാത്തലമായി നിലനിന്നു. മനുഷ്യന്റെ അറിവിനപ്പുറത്ത് പ്രകൃതിക്ക് അതിന്റേതായ ചലനഗതിയുണ്ടാവാം എന്ന വസ്തുത സ്റ്റാറ്റിസ്റ്റിക്കൽ നോർമൽസിയുടെ നശിച്ച ബോധം കാരണം അവഗണിക്കപ്പെട്ടു. ഒടുക്കം പ്രളയം എത്ര തവണ സംഭവിക്കുന്നുണ്ട്!

ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം വിവരിക്കാൻ ഏറ്റവും അനുയോജ്യമായ സാഹിത്യരൂപം ഏതായിരിക്കും? ഗൾഫിലേക്കുള്ള കുടിയേറ്റക്കാർ യൂറോപ്പിലേക്കോ യു.എസ്സിലേക്കോ കുടിയേറുന്നവരിൽ നിന്ന് വ്യത്യസ്തരാണ്. ഗൾഫ് കുടിയേറ്റക്കാർക്ക് അവിടെ പൗരത്വമോ, സ്ഥിരതാമസത്തിനുള്ള അവകാശമോ ലഭിക്കുമെന്ന പ്രതീക്ഷ പോലും ഇല്ല. ഈ മനുഷ്യർ ഒരിക്കലും ഗൾഫ് രാജ്യങ്ങളുടെ ബോഡി പൊളിറ്റിക്കിന്റെ ഭാഗമേ ആയിമാറുന്നില്ല. വാസ്തവത്തിൽ എൻ‌.ആർ‌.ഐ അഥവാ പ്രവാസി ഇന്ത്യൻ എന്ന പദം പ്രധാനമായും ഗൾഫിൽ നിന്ന് പണമയക്കാൻ അനുവദിക്കുന്നതിനായി ഇന്ത്യൻ സ്റ്റേറ്റ് വിദേശ നാണയ നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് രൂപപ്പെടുത്തുന്നത് (നേഹ വോറ, ഇംപോസിബിൾ സിറ്റിസൺസ്, 26-27). അതേസമയം ഗൾഫ് കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗൾഫ് കുടിയേറ്റക്കാരെ ഇവിടെയും അവിടെയും അല്ലാതെ നിർത്തുന്ന ഈയൊരു ലിംബോ അവസ്ഥയെയാണ് ദീപക് ഉണ്ണികൃഷ്ണൻ “Temporary People” എന്ന് വിളിക്കുന്നത്. ഗൾഫ് കുടിയേറ്റക്കാരുടെ കഥയാണ് Temporary People പറയുന്നത്. അബുദാബിയിലാണ് ദീപക് ഉണ്ണികൃഷ്ണൻ വളർന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും പൗരനാകാൻ കഴിയാത്ത നഗരംകൂടിയാണത്. ഗൾഫിൽ വളരുന്ന കുടിയേറ്റക്കാരുടെ മക്കളെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ സങ്കീർണ്ണമാണ്. അവർ ജീവിതം രൂപപ്പെടുത്തുന്ന ഇടം തന്നെ അവരോട് 18 വയസ്സ് തികയുന്നതോടെ പുറത്ത്‌ പോകാൻ ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളുടെ കാര്യം സ്പോൺസറുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. പുറത്ത്‌ പോകേണ്ട സമയമായപ്പോൾ ദീപക് ഉണ്ണികൃഷ്ണൻ യു.എസ്സിലേക്ക് പോവുകയും പിന്നീട് ഒരു സർവ്വകലാശാല അധ്യാപകനായി യുഎഇയിൽ തിരിച്ചെത്തുകയും ചെയ്തു.

കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ അനുഭവങ്ങൾ കൈകാര്യം ചെയ്യുന്ന നോവൽ സമഗ്രമായ ഒരു കഥ മുന്നോട്ട് വെക്കുന്നില്ല. കഥാപാത്രത്തിന്റെ വ്യക്തിഗത വികാസമോ, സ്ഥല-കാല ഐക്യത്തോടെ മുന്നോട്ട പോകുന്ന ഘടനയോ കഥക്കില്ല എങ്കിലും കഥകൾക്കിടയിൽ ചില ബന്ധങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. ഒരു കഥയിലെ കൂറ മറ്റൊരു കഥയിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ചില കഥാപാത്രങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്, പക്ഷേ അവയെ ഒരു യുക്തിസഹമായ വിവരണത്തിലേക്ക് കൂട്ടിച്ചേർക്കാനുള്ള ഏത് ശ്രമവും ഉപയോഗശൂന്യമായി മാറുന്നു. ആഗോള വൽക്കരണത്തിന്റെ ഭാഗമായ മൾട്ടി കൾച്ചറൽ കോസ്മോപൊളിറ്റൻ പോസ്റ്റർ ബോയ്സ്/ഗേൾസിനെ ആഘോഷിച്ച ഹൈബ്രിഡിറ്റിയുടെ ഉല്‍പ്പന്നമായി ഈ കൃതിയെ വായിക്കാൻ എളുപ്പമാണ്. നോവലിൽ ഇടക്കിടെ കടന്നുവരുന്ന അറബി ഭാഷയും എഴുന്നുനിൽക്കുന്ന അറബിക് സംഖ്യകളും സംസ്കാരങ്ങളുടെ സഹവർത്തിത്വത്തിലേക്കുള്ള സൂചനകൾ നൽകുന്നുണ്ട്. ഒരുപക്ഷേ അതൊരു തെറ്റായ അനുമാനമായിരിക്കാം. അനവധി അടരുകൾ നിറഞ്ഞ സ്വത്വവും, മുറിച്ച് കടക്കുന്ന നിരവധി അതിർവരമ്പുകളും നിലനിൽക്കുമ്പോൾ തന്നെ കുടിയേറ്റം മുന്നോട്ട് വെക്കുന്ന നിഗൂഡമായ ഇടങ്ങളെ നോവൽ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

എഴുത്തുകാരൻ വിവരിക്കുന്ന ഒരു രംഗം വസ്തുനിഷ്ഠമായ യാഥാർത്ഥ്യമാണോ അതോ ആത്മനിഷ്ഠമായ ഫാന്റസിയാണോ എന്ന് പലപ്പോഴും ഉറപ്പ് പറയാനാകുന്നില്ല. ഉദാഹരത്തിന് ഒരു ദിവസം സ്കൂളിൽ പോകുന്ന കുട്ടിയുടെ വായിൽ നിന്നും പുറത്ത് ചാടി വാക്കുകൾ തെരുവിലൂടെ ഓടുന്ന ചിത്രമുണ്ട്. ഭാഷ ആശയവിനിമയേതര മേഖലയായി മാറുന്നതിനെക്കുറിച്ചാണ് നോവൽ സംസാരിക്കുന്നത്. ആഗോള മുതലാളിത്വത്തിന്റെ വലിയ ബ്രാൻഡുകളെപ്പോലെ വാക്കുകൾക്ക് അർത്ഥങ്ങൾ നഷ്ടപ്പെടുകയും ഫെറ്റിഷുകളായി മാറുകയും ചെയ്യുമ്പോൾ ഭാഷ ആശയ വ്യാഖ്യാനമല്ലാതെയായി മാറുകയും, കാണുകയും കേൾക്കുകയും ചെയ്യുക എന്ന പ്രവർത്തിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉണ്ണികൃഷ്ണൻ തന്റെ നോവലുകളിൽ അവയുടെ ആഖ്യാന ക്രമത്തിന് ചേരാത്ത വാക്കുകളും, ചിഹ്നങ്ങളും ഉൾക്കൊള്ളിക്കുകയും, അവ കേവലം അടയാളങ്ങളും ചിത്രങ്ങളും മാത്രമായി നിലനിൽക്കുകയും ചെയ്യുമ്പോൾ, ഒരു വശത്ത് ഡാറ്റാ വേട്ടക്കാരാലും മറുവശത്ത് ജോലി മാറിക്കൊണ്ടിരിക്കുന്നതിനും, ഫ്ലെക്സിബിളായി മാറുന്നതിനും, കുടിയേറുന്നതിനും, ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി ഓടിക്കൊണ്ടിരിക്കുന്നതിനുമുള്ള സമ്മർദ്ദങ്ങളാലും വലയം ചെയ്യപ്പെട്ട ഒരു ലോകത്ത് വായന എന്ന അധ്വാനം ഇത്രമാത്രമാണ് എന്ന് കാണിച്ചുതരികയാണ്. കുടിയേറ്റത്തിന്റെ സത്യം അന്വേഷിക്കേണ്ടത് കുടിയേറ്റക്കാരന്റെ ആന്തരിക സ്വത്വത്തിലല്ല, മറിച്ച് താൻ ഇല്ലാതിരുന്ന ഒരു ഇടത്തേക്ക് കടന്നുവന്ന ശരീരം എന്ന നിലയിലുള്ള അവന്റെ/അവളുടെ സാന്നിധ്യത്തിലാണ്. പകർപ്പവകാശമുള്ള ഫോണ്ടുകളുടെ ബ്രാൻഡുകളുടെ ലോകത്ത് അമീബക്ക് സമാനമായ കുടിയേറ്റക്കാരന്റെ ശരീരം തന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. മനസ്സിലാക്കാനാവാത്ത പുറമ്പോക്കുകളാണ് കുടിയേറ്റക്കാരന്റെ അവസ്ഥയെ അടയാളപ്പെടുത്തുന്നതും, ഈ ലോകം ആവശ്യപ്പെടുന്ന നൈതികതയും. അറേബ്യൻ മരുഭൂമിയിലെ താന്തോന്നിയായ ശാസ്ത്രഞ്ജന്റെ ലാബുകളിൽ വളർന്ന തൊഴിലാളികളുടെ ക്ലോണുകൾ പോലെയാണ് ഉണ്ണികൃഷ്ണൻ കാണിച്ചുതരുന്ന കുടിയേറ്റക്കാരൻ. ആന്തരിക സ്വത്വത്തെ ഡീകോഡ് ചെയ്യാനുള്ള ഏതൊരു ശ്രമവും അവിടെ പരാജയമായി മാറുന്നു.

Temporary People കുടിയേറ്റമെന്ന വസ്തുതയുമായി- അതൊരു സമകാലിക ഇടപാട്‌ മാത്രമല്ല എങ്കിൽ കൂടി- നോവൽ എന്ന സാഹിത്യ ശാഖ രജ്ഞിപ്പിലെത്തുന്നതിലേക്കുള്ള സൂചനകൾ നൽകുന്നുണ്ട്. അര മില്ലേനിയം മുമ്പുള്ള കണ്ടുപിടുത്തങ്ങളുടെ കാലത്തും തൊഴിൽ തേടിയുള്ള കുടിയേറ്റ സമൂഹങ്ങളുടെ പ്രവാഹങ്ങൾ സജീവമായിരുന്നു. എന്നാൽ നോവലുകളുടെ ലോകം (ഏകദേശം അതേ കാലഘട്ടത്തിൽ തന്നെയാണ് നോവൽ സാഹിത്യവും രൂപപ്പെടുന്നത്) സ്ഥലത്തിന്റെയും, കാലത്തിന്റെയും കാര്യത്തിൽ – പിന്നീട് റിയലിസം എന്ന് ആഘോഷിക്കപ്പെട്ട – സ്ഥിരതയെയാണ് തിരഞ്ഞെടുത്തത്. Temporary People കുടിയേറ്റത്തെക്കുറിച്ച് എന്ന് (നി)സ്സംശയം പറയാവുന്ന നോവലാണ്. ഒന്നിലധികം രാജ്യങ്ങൾക്കും, സംസ്കാരങ്ങൾക്കുമിടയിൽ അകപ്പെട്ട അടിസ്ഥാനപരമായും ഏകമാനമായ വ്യക്തികളുടെ ആന്തരിക സ്വത്വത്തെ കണ്ടെത്തുകയോ, നമുക്ക് കടന്ന്ചെല്ലാൻ കഴിയാത്ത മനുഷ്യരുടെ ആന്തരികാർത്ഥങ്ങളെ അന്വേഷിച്ച് ചെല്ലുകയോ നോവൽ ചെയ്യുന്നില്ല, കാരണം ദൈവികമായ ദൃഷ്ടിയിലൂടെയുള്ള അഹങ്കാരം നിറഞ്ഞ നോട്ടത്തിലൂടെ എല്ലാം മനസ്സിലാക്കാവുന്ന ഒരു ലോകത്തല്ല നാമിന്ന് ജീവിക്കുന്നത്.

Comments are closed.