പൂവിന്നു പേരിട്ടു, താമരപ്പൂവിനും
നീലിച്ച താമരപ്പൂവിനും പേരിട്ടു;
നീയിന്നു ചൂടുമിത്താമരപ്പൂവിന്റെ
നീലിച്ച പൂവിന്റെ പേര് ചൊല്ലൂ സഖീ!
– ജി. കുമാരപിള്ള
തന്മ (Haecceity) പൂവിലും, താമരപ്പൂവിലും, നീലിച്ച താമരപ്പൂവിനും അപ്പുറം നീയിന്ന് മാത്രമായി ചൂടുന്ന പൂവിലാണ്. അത് ഒരു പേരിൽ ഒതുക്കാവുന്നതല്ല, അതിനുമപ്പുറത്തേക്ക് തുളുമ്പുന്നതാണ്; ഉണ്മയിൽ ഒതുങ്ങാത്ത ആധിക്യമാണ്. അത് സ്വയം വെളിപ്പെടാതെ സൂക്ഷ്മമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. അന്തരീക്ഷത്തെപ്പോലെ സകലതിനെയും പൊതിഞ്ഞു നിൽക്കുന്നു.
ഒന്നിനും പേരില്ല, പേരില്ല കഷ്ടമിന്നൊന്നിന്റെയെങ്കിലും പേരുചൊല്ലൂ സഖീ!
ഒന്നിനെയും പേരിലും സങ്കൽപനങ്ങളിലും ഒതുക്കാൻ കഴിയില്ല. ഭാഷ അപൂർണമാണ് എന്നല്ല, അത് അസമർത്ഥമാണ്. ഈ തിരിച്ചറിവാണ് തൽക്ഷണതയുടെ രാഷ്ട്രീയം (Politics of Immediation). അവിടെ ഒന്നും മുൻകൂർ നിശ്ചയിക്കുപ്പെടുന്നില്ല. നീ ഇന്ന് മാത്രമായി ചൂടുന്ന പൂവിന്റെ പേരില്ലായ്മയിലാണ് അത് തുടങ്ങുന്നത്. അപ്പോൾ നമുക്ക് പുതിയ ഭാഷ സൃഷ്ടിക്കേണ്ടതായി വരും. അത് ‘എന്ത്’ എന്നതിനപ്പുറം ‘എങ്ങനെ’ എന്നാകും ചിന്തിക്കുന്നത്. അതൊരിക്കലും സ്വത്വത്തിലേക്ക് ചുരുങ്ങില്ല. എല്ലാറ്റിനെയും ഒന്നിലേക്ക് ഏകീകരിക്കുമ്പോൾ, എന്തിനും പേരിട്ട് തുടങ്ങുമ്പോൾ, വൈവിധ്യങ്ങളും വ്യത്യാസങ്ങളും അസ്തമിക്കുന്നു.
ഭാഷ എല്ലാം പരിചിതമായ ഗണങ്ങളിൽ, കളങ്ങളിൽ ഒതുക്കാൻ ശ്രമിക്കുന്നു. അവിടെ നിങ്ങൾ ഒന്നുകിൽ ഭർത്താവ്/ഭാര്യ/മകൻ ഒക്കെയാണ്. ഭർതൃത്വമാണ് ഭർത്താവിനെ കർമ്മോൻമുഖനാക്കുന്നത്. ഭർത്താവിന്റെ പരാക്രമങ്ങൾ മുഴുവൻ അയാളുടെ ഭർതൃപദവിയിൽ ഇരുന്നുള്ള കേവലമായ പ്രതിപ്രവർത്തനമാണെന്ന് കാണാം. അതിനപ്പുറം സ്വച്ഛന്ദമായ പ്രവൃത്തി എങ്ങനെ സാധ്യമാകും?
സകലതിലും ആവർത്തിക്കപ്പെടുന്നത് വ്യത്യാസത്തിന്റെ ആവർത്തനമാണ്. നമ്മുടെ ഓരോ കാൽവയ്പുകൾ പോലും പഴയതിൽ നിന്നും വിഭിന്നമാണ്. ഫ്രോയിഡിയൻ ആനന്ദതത്വപ്രകാരം ഓരോ ആവർത്തനത്തിലും നമ്മൾ തേടുന്നത് ഗതകാലസംതൃപ്തികളുടെ ആവർത്തനമാണെങ്കിൽ ദല്യൂസിലും ഗത്താരിയിലും അത് വ്യത്യാസത്തിനായുള്ള തേടലാണ്. ഫ്രോയിഡിൽ ആനന്ദത്തെ മൃത്യവാഞ്ഛയുമായി (Death drive) കൂട്ടിവായിക്കാൻ കാരണം അതെപ്പോഴും പഴയതിന്റെ ഇടമുറിയാത്ത തുടർച്ച ഉറപ്പാക്കാൻ വ്യഗ്രതപ്പെടുന്നതുകൊണ്ടാവണം. പക്ഷെ ദല്യൂസിലും ഗത്താരിയിലും എത്തുമ്പോൾ ‘ആവർത്തനങ്ങൾ’ സർഗാത്മകമായിമാറുന്നു. അവിടെ ഓരോ പൂവും, ഇതളുകളും പൂമ്പൊടിപ്പൊട്ടുകളും വ്യത്യസ്ഥങ്ങളാണ്. പ്രപഞ്ചം തന്നെ അനുക്രമമായ ക്രമരാഹിത്യങ്ങൾകൊണ്ട് നെയ്തെടുത്തതാണ്. ഓരോന്നും മറ്റൊന്നിൽ ഉൾച്ചേർന്നിരിക്കുന്നതും പരസ്പരം ഇഴപിരിഞ്ഞിരിക്കുന്നതുമാണ്.
നൂറു പുഷ്പങ്ങളിൽ നൂറായിരം ദലം
നൂറുനൂറായിരം പൂമ്പൊടിപ്പൊട്ടുകൾ, ഓരോ സുമത്തിലല്ലോരോ ദലത്തിലല്ലോരോ വിഭിന്നമാം പൂമ്പൊടിപ്പൊട്ടിലും ഏതിലും കാണാത്തൊരേതിലും കേൾക്കാത്തൊരേതോ വിചിത്ര സ്വരൂപമായ് ശബ്ദമായ് ഞാനെന്ന ഭാവമായേകാന്തദീപ്തമാം ഭാവപ്രകാശമായ് കാണ്മതെന്തേ സഖി!
-ജി.കുമാരപ്പിള്ള
വ്യക്തി
ഊറലുകൾ പോലെ തികച്ചും അവിചാരിതമായി ചിലതൊക്കെ അടിഞ്ഞുകൂടി വ്യക്തിരൂപമാർജിക്കുന്നു. ഇതാണ് പാറയുടെയും മരങ്ങളുടെയും മനുഷ്യരുടെയും നിർമ്മിതിരഹസ്യം. ഓരോ അണുവിലും ഈ സൃഷ്ടിരഹസ്യത്തിന്റെ ആവർത്തനമുണ്ട്. പലവഴിക്ക് സഞ്ചരിക്കുന്ന കണങ്ങൾ ആകസ്മികമായി ഒത്തുചേരുന്ന കവലയാണ് ‘വ്യക്തി’ എന്ന് വേണമെങ്കിൽ പറയാം. ഓരോവ്യക്തിയും ഒരു ചൈനീസ് മാജിക്കൽ ബോക്സിൽ എന്നപോലെ സ്വയം മറ്റൊരു പേടകത്തിൽ അടക്കം ചെയ്തിരിക്കുന്നു.
അകം പുറത്തെ മടക്കിവച്ചതാണ്. പുറമാകട്ടെ അകം നിവർത്തിയിട്ടതും. സ്വത്വത്തിന്റെയും അപരത്തിന്റെയും അതിരുകൾ മുഴുവൻ വിള്ളലുകൾ വീണതാണ്. എത്ര ഭദ്രമായി അടച്ചുവച്ചാലും അതിന്റെ കിനച്ചിലും ചോർച്ചയും അടയ്ക്കാൻ കഴിയില്ല. പ്രതിവർത്തിക്കുന്ന ശക്തികൾ വിള്ളലുകൾ നികത്തി ഉള്ളിൽ ആത്മബോധം നിറയ്ക്കാൻ നിരന്തരം പരിശ്രമിക്കുമ്പോഴും അകം-പുറം സംഘർഷം സ്വത്വപ്രതിസന്ധിയിലേക്ക് നീളുന്നു. വ്യതിയാനപ്പെട്ടു കൊണ്ടിരിക്കുന്ന സുഷിരങ്ങളുടെ മെടച്ചിലുകളിലൂടെയും, വ്യത്യസ്ഥ അടരുകളിലായി നടക്കുന്ന സക്രിയ, നിഷ്ക്രിയ സമന്വയങ്ങളിലൂടെയുമാണ് വ്യക്തിവൽക്കരണം സാധ്യമാകുന്നത്.
ശരീരത്തിന് അകത്തും പുറത്തും വെളിയിലുമൊക്കെയായി ബലപ്രയോഗം നടത്തുമ്പോൾ ‘ഉള്ള്’ ഉണ്ടാകുന്നു. ‘അകം’ ശരീരത്തിൽ എഴുതിപ്പിടിപ്പിച്ച ‘ഇല്ലായ്മയാണ്’
ശരീരം എപ്പോഴും ‘ഇല്ലായ്മ’യിലേക്ക് ചൂണ്ടുന്നു. ‘അകം’ പുറത്തെ എഴുത്തും
അതിന്റെ തന്നെ അനന്തമായ നിഷേധവുമാണ്.
വ്യക്തിയെ പൊതിഞ്ഞിരിക്കുന്ന തൊലികൾ വിള്ളലുകൾ വീണതാണ്. വ്യക്തിയിൽ ഉൾച്ചേർന്നിരിക്കുന്ന അനേകതകൾ ഊർന്നുപോകാതെ വെളിയിൽ നിന്നും താങ്ങി നിർത്തിയിരിക്കുന്നതാണെന്ന് കാണാം. അനേകമായതിനെ ഏകമായി നിലനിർത്താൻ പുറമേനിന്നുള്ള ഒരു പിടിത്തം കൂടിയേ തീരൂ. അപ്പോഴും അനേകതകൾ അവിടെത്തന്നെയുണ്ട്, അവയെ അടക്കിയും ഒതുക്കിയും നിർത്തിയിരിക്കുന്നു എന്നു മാത്രം. പക്ഷെ എത്ര അടക്കിവച്ചാലും അവയിലെ വിധ്വംസകത ഇടക്കിടെ പുറത്തുചാടുന്നത് കാണാം. അനേകതകളെ പുറംപാളികൊണ്ട് പൊതിഞ്ഞു കെട്ടിവച്ചിരിക്കുന്നു.
വ്യക്തികൾക്ക് സ്ഥിരതയും ദൃഢീകരണവും സംഭവിക്കുന്നത് ചില പരിധികൾക്കകത്താണ്. പരിധികൾക്കകത്ത് സ്ഥിരത കൈവരിക്കുമ്പോഴും വ്യക്തി നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ജനിതക പരിണാമങ്ങൾക്ക് വിധേയമാകുന്നു, വളരുന്നു, ഒടുക്കം നശിക്കുന്നു. ഒരു വ്യക്തി പരിണമിക്കുന്നു. പലവ്യക്തികൾ ചേർന്ന് പരിണമിക്കുന്നു. ഒരു ജീവി വർഗംതന്നെ പരിണാമവിധേയമാകുന്നു. ഇങ്ങനെ നോക്കുമ്പോൾ ഓരോ വ്യക്തിയും സ്ഥിരം (stable) എന്നതിനപ്പുറം അതിസ്ഥിരമാണ് (metastable). പ്രത്യക്ഷത്തിൽ മാത്രം സ്ഥിരമാണ് എന്ന അർത്ഥത്തിൽ. സ്ഥിരത ഇവിടെ നിശ്ചലയല്ല, പരിധിക്കുള്ളിലെ ആട്ടമാണ്. പരിധിവിടുന്നവർ ഘടനയെ തന്നെ നിർവചിക്കുന്നു:”a structure is defined by what it evades.”
ഓരോ വ്യക്തിയും ആകസ്മികമായ കണ്ടുമുട്ടലുകളുടെയും കൂടിച്ചേരലിന്റെയും പരിണിതിയാകുമ്പോഴും അത് പലവിധ സാധ്യതകളുടെ അടക്കിനിർത്തൽ കൂടിയാണ്. അതൊരു ക്രമമാണ്. കാലുഷ്യത്തിന്റെ താൽകാലികമായ ശമനമാണ്. ആകസ്മികതകളെ അതിജീവിക്കുമ്പോൾ നിശ്ചിതത്വം കൈവരിക്കുന്നു. ‘ശീലം’ സാധ്യതകളുടെ തടഞ്ഞുവയ്ക്കൽ ആണ്. ഇവിടെ ശീലം നമ്മുടെ ‘ദിനചര്യകൾ’ എന്ന അർത്ഥത്തിൽ അല്ല. അത് നമ്മുടെ ‘അബോധ’ നിർമ്മിതിയെ തന്നെ സാധ്യമാക്കുന്ന ‘നിഷ്ക്രിയ’ സമന്വയമാണ് (Passive Synthesis). മുൻകൂർ ആയി ഒരു മനസ്സില്ലെങ്കിൽ മനസ്സ് എങ്ങനെ സ്വയം മനസ്സിലാക്കും എന്നചോദ്യം ദല്യൂസിനെ കൊണ്ട് ചെന്നെത്തിച്ചത് ‘Passive synthesis’ൽ ആണ്. കാന്റിയൻ-ഹെഗേലിയൻ ചിന്താപാരമ്പര്യങ്ങൾ മുൻകൂറായി ഒരു അതീന്ദ്രിയ വിഷയിയെ, മനസ്സിലാക്കലിന് പിന്നിൽ ഒരു മനസ്സിനെ സ്ഥാപിച്ച് എല്ലാം ഭദ്രമാക്കുന്നു. പക്ഷെ ദല്യൂസിന്റെ പരിഹാരം ഇതിന് എതിർദിശയിൽ ഉള്ളതാണ്. ഇവിടെ അടിസ്ഥാനമായി വർത്തിക്കുന്നത് പലവിധ സമന്വയങ്ങളാണ്. അത് ഒരു യന്ത്രം പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും, ആത്മബോധമുള്ളതല്ല. സദാ പ്രവർത്തിക്കുമ്പോഴും, ഇനിയും രൂപമെടുത്തിട്ടില്ല. പക്ഷെ, അത് കാന്റ് പറയുന്ന പോലെ ഇന്ദ്രിയാനുഭവം മാത്രമല്ല സാധ്യമാക്കുന്നത്, മറിച്ച് ഉണ്മയുടെ തന്നെ അടിസ്ഥാനമാണ്.
എല്ലാ മാനസിക പ്രതിഭാസങ്ങളുടെയും അടിസ്ഥാനം ‘ശീലം’ തന്നെയാണ്. ജൈവിക സമന്വയവും (Organic Synthesis) മാനസിക സമന്വയവും (Perceptual Synthesis) ചേർന്നതാണ് ശീലം. ‘ശീലത്തെ’ ഒരാളുടെ ദിനചര്യകളുടെയോ, മറ്റ് സ്വാഭാവവിശേഷങ്ങളുടെയോ ഗണത്തിൽ പെടുത്താൻ കഴിയില്ല. ഇവിടെ ശീലം അതിൽത്തന്നെ രൂപമാർജിക്കൽ ആണ് (ചിന്തകളുടെ, അനുഭവങ്ങളുടെ, ശരീരത്തിന്റെ തന്നെയും !). “ശീലമുള്ളത് കൊണ്ട് ഞാൻ ഉണ്ട്” എന്ന് ദക്കാർത്തിനെ തിരുത്തി വായിക്കണം, അല്ലാതെ ‘എന്റെ ശീലം’ അല്ല. നമ്മൾ എല്ലാം ശീലം കൊണ്ട് ജീവിച്ചു പോകുന്നവർ ആണ്. സങ്കോചത്തിൽ (contraction) ആണ് ജീവൻ സാധ്യമാകുന്നത്. കടൽ വെള്ളം കുറുകി ഉപ്പ് ഉണ്ടാക്കുന്നത് പോലെ. ഗ്രാഹ്യശേഷി മാത്രമല്ല, ഓരോ ജീവിയുടെയും മജ്ജയും മാംസവും പോലും ഇത്തരം സങ്കോചങ്ങളുടെ പരിണിതഫലമാണ്. ഇത്തരം പരിചിന്തനങ്ങൾക്ക് (contemplation) അഥവാ സാങ്കോചങ്ങൾക്ക് (contractions) പിറകിൽ ഒരു വ്യക്തി ഇല്ല. പകരം അവിടവിടെ ചിതറിയ കൊച്ചു കൊച്ചു ഞാൻ ആണ് ഉളളത്. അതിനുമപ്പുറത്തുള്ള ‘ഞാൻ’ എപ്പോഴും മൂന്നാം കക്ഷിയാണ്.
ഒരാൾ ‘ഞാൻ’ എന്നു പറയാതിരിക്കുന്നെടുത്തല്ല, ആ പറച്ചിൽതന്നെ ‘അപ്രധാനമാകലാണ്’ മുഖ്യം. നമ്മളാരും നമ്മൾ മാത്രമല്ല ‘we have been aided, inspired and multiplied’. ഗത്താരിയുമായി ചേർന്നുള്ള എഴുത്തിൽ സൃഷ്ടിക്കപ്പെടുന്ന ഇരുവർക്കും ‘ഇടയിലുള്ള ഇടത്തെപ്പറ്റി’ ദല്യൂസ് തന്നെ പരമർശിക്കുന്നുണ്ട്: “since each of us was several, there was already quite a crowd.” A Thousand Plateausന്റെ തുടക്കം തന്നെ ഇങ്ങനെയാണ്. ‘എന്തുകൊണ്ട് ഞാൻ ആദ്യം’ എന്നു ദല്യൂസിയൻ ചിന്ത ചോദിച്ചുകൊണ്ടേയിരിക്കുന്നു.
Part 1 : മോഹം നടക്കാനിറങ്ങുമ്പോൾ
Featured Image: John Moeses Bauan
Location: Largo di Torre Argentina, Roma, Italy
Comments are closed.