ലോകാന്ത്യത്തിൽ തേനീച്ചയെ വളർത്തുന്ന വിധം എന്ന ലേഖനത്തിന്റെ തുടർച്ച:
നിങ്ങൾ ഒരു മരം നടുകയാണെന്ന് സങ്കൽപിക്കുക. തൈ നിങ്ങളുടെ കൈകളിലുണ്ട്. അതിലോലവും മെലിഞ്ഞതുമായ ആ തയ്യിന്റെ പടർന്നു നിൽക്കുന്ന വേരുകൾ മണ്ണിനെ തൊടാൻ ഒരുങ്ങി നിൽക്കുന്നു. കിളിർത്തു വരുന്ന ഇലകളെ നോക്കിയാൽ വരും കാലത്തേക്ക് അനേകം ഫലങ്ങൾ കായ്ക്കുന്നതും പൂക്കൾ വിരിയുന്നതും പറവകൾക്കും പ്രാണികൾക്കും തണലും താമസവും പ്രദാനം ചെയ്യാൻ പ്രാപ്തവുമായ ഒരു മരമായി വളരുന്നതിന്റെ സാധ്യത മനസ്സിലാകും. തൈ നടൽ കർമത്തിനായി നിങ്ങൾ മണ്ണിലിറങ്ങുന്നു. മൂർച്ചയുള്ള മൺവെട്ടി തട്ടുന്നതോടെ മണ്ണ് ഇളകി വരുന്നു. ഉടനെ ഭൂമി അതിശക്തമായി കിടുങ്ങുന്നു. ഭൂമി കുലുങ്ങുന്നതിന്റെ ഭയവിഹ്വലതയിൽ നിങ്ങളുടെ കുടൽ മറിയുന്നു. പകൽ വെളിച്ചം മങ്ങി ആകാശത്ത് കത്തുന്ന ഈയത്തിന്റെ നിറത്തിൽ ചുവപ്പ് പരക്കുന്നു. പർവതങ്ങൾ അപ്പൂപ്പൻ താടി പോലെ അലക്ഷ്യമായി പറക്കുന്നു. ഒടുവിൽ പടിഞ്ഞാറു നിന്നും സൂര്യൻ ഉദിക്കുന്നു. ഭൂമിയിൽ കാലുറക്കാൻ കഴിയാതെ സ്തംബ്ധനായി നിൽക്കുന്ന നിങ്ങൾ ഇനി എന്ത് ചെയ്യും?
ശാന്തനായി മുന്നോട്ടു നീങ്ങുക. കൈകളിൽ ഭദ്രമായി നിൽക്കുന്ന തൈ എടുത്ത് ഭൂമിയിൽ നടുക.
ഭൂമിയെ നാശത്തിൽ നിന്നും തിരിച്ചുപിടിക്കുക അസാധ്യമാണെന്ന് ബോധ്യപ്പെടുന്ന ലോകാന്ത്യ സമയത്തുള്ള സംഭവ വികാസങ്ങളെക്കുറിച്ച് വിശുദ്ധ ഖുർആനിലുള്ള ആശയങ്ങളെ ഉൾവഹിക്കുന്നുണ്ട് മുകളിലെ ആഖ്യാനം. ചില ഭാഷ്യങ്ങളിൽ മരണ വേളയെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിലാണ് ഈ നിർദേശം പറഞ്ഞിട്ടുള്ളത്. പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ഉപദേശത്തിലാണ് ഈ ആശയത്തിന്റെ വേരുള്ളത്. പ്രവാചകരുടെ മുന്നറിയിപ്പും അതോടൊപ്പം സദുപദേശവും അതിലടങ്ങിയിട്ടുണ്ട്. തൈ നടൽ കർമത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രതീക്ഷകൾ അസ്തമിക്കുന്ന സന്ദിഗ്ധ ഘട്ടങ്ങളിലും നിങ്ങൾ സദ്പ്രവർത്തികളെ പിന്തുണക്കുകയും നന്മ ഉദ്ദേശിക്കുകയും ചെയ്യണമെന്ന സന്ദേശമാണത് മുന്നോട്ടു വെക്കുന്നത്. ആകാശങ്ങൾ അടർന്നു വീഴുമ്പോഴും ജീവിതം ബാക്കിയുള്ളവരുടെ ബാധ്യത നന്മക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്.
ലോകാന്ത്യത്തിന്റെ വേളയിൽ മരം നടുന്നതിന്റെ യുക്തിയെന്താണ്? എന്നത് പ്രസക്തിയുള്ള ചോദ്യമാണ്. സമകാലിക ലോകത്തെ പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത് ലോകാന്ത്യം സംഭവിക്കുന്നതിനെ ചെറുക്കുക, അല്ലെങ്കിൽ അതിന്റെ നശീകരണത്തിന്റെ തോത് കുറക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ്. എന്നാൽ ലോകാന്ത്യം സംഭവിക്കുന്നുവെന്ന് ഉറപ്പായ വേളയിൽ മരം നടണം എന്നുള്ള പ്രവാചക സന്ദേശം നമ്മുടെ പ്രായോഗിക യുക്തിയെ കവച്ചു വെക്കുന്നതാണ്. വിശ്വാസികൾക്കിടയിൽ പ്രചാരം നേടിയ ഈ കഥ നമ്മുടെ ചിന്തയെ, ലോകാന്ത്യത്തെ മുൻ നിർത്തി ഇസ്ലാം മുന്നോട്ടു വെക്കുന്ന പ്രപഞ്ച വീക്ഷണത്തിലേക്ക് ക്ഷണിക്കുന്നു.
ബോസ്നിയയിലെ പരമ്പരാഗത തേനീച്ച കർഷകനായ ഷെഫീഖ് ഷുഗർ സിറപ്പുകൾ വാനിൽ നിന്നും തന്റെ കൈവണ്ടിയിലേക്ക് ഇറക്കുന്ന ജോലിയിലാണ്. ഭാര്യ സനാദ സഹായിയായി കൂട്ടിനുണ്ട്. തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെ കവാടം തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഷെഫീഖ് സംസാരിച്ചു തുടങ്ങി: ‘എനിക്ക് ചില ദുഃസൂചനകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴുള്ള സന്തുലിത ലോകം വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് എന്റെ മനസ്സു മന്ത്രിക്കുന്നു. പത്തു വർഷത്തിനുള്ളിൽ കാര്യങ്ങൾ കീഴ്മേൽ മറിയുന്നതിന് നാം സാക്ഷിയാകും. നമ്മുടെ ജീവിത രീതികളിലൊക്കെ വലിയ അന്തരം ദൃശ്യമാകും. ഇനി തേൻ ചെറിയ ജാറുകളിൽ മാത്രം ലഭിക്കുന്ന കാലം വരുമെന്ന് പത്തുവർഷം മുമ്പ് ഞാൻ പറയുമായിരുന്നു. ആ കാലമൊക്കെ പിറന്നു.’ തന്റെ കണക്കു കൂട്ടലുകൾ കൃത്യമാണെന്ന് ബോധിപ്പിക്കുന്ന തരത്തിൽ വാഹനത്തിന്റെ ഡോർ അദ്ദേഹം അമർത്തിയടച്ചു. നാം ജീവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയിൽ നടക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളെല്ലാം ദൈവത്തിന്റെ നിശ്ചയങ്ങൾ തന്നെയാണ്. മനുഷ്യരുടെ നശീകരണ പ്രവർത്തനങ്ങളാണ് ഈ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. നോക്കൂ, ഈ മാറ്റങ്ങളെല്ലാം നമ്മുടെ ചുറ്റുപാടുകളിൽ തന്നെയുണ്ട്. ഷെഫീഖ് സംസാരം അവസാനിപ്പിച്ചു കഴിഞ്ഞതിന്റെ നിശബ്ദതയിൽ ഞാൻ പ്രകൃതിയെ നിരീക്ഷിച്ചു.
പ്രകൃതിയുടെ സൗന്ദര്യവും ശാന്തതയും എന്റെ ഹൃദയത്തെ തണുപ്പിച്ചു. പായലിന്റെയും കൂണിന്റെയും ഗന്ധം ഞാൻ ആസ്വദിച്ചു. തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെ ഒരു വശം ഓക്കുമരവും മുൾച്ചെടികളും കാറ്റാടികളും നിറഞ്ഞ നിബിഢ വനമേഖലയാണ്, മറുവശം പച്ച വിരിപ്പിട്ട പുൽമേടുകളും. കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന അവ ദൂരെ ആകാശം മുട്ടേ നിൽക്കുന്നതായി തോന്നും. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. സന്തോഷമായിരിക്കാൻ ഇവയെ ആസ്വാദനത്തിന്റെ കണ്ണിലൂടെ ദിനം പ്രതി നിരീക്ഷിച്ചുകൊണ്ടിരുന്നാൽ മതി.
‘ഞാൻ ചില കാര്യങ്ങൾ കൂടി പറയാം.’ ഷുഗർ സിറപ്പ് നിറച്ച കൈവണ്ടി മുന്നോട്ടു നീക്കി അദ്ദേഹം തന്റെ തേനീച്ച വളർത്തൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ചു. ഏകദേശം നൂറ് തേനീച്ച കൂടുകളും അതിനു ചുറ്റുമായി അവ ഭക്ഷണം തേടുന്നതിന് വേണ്ടി നിറയെ പൂച്ചെടികളും സംവിധാനിച്ചിട്ടുണ്ട്. തേനീച്ച കൂടുകൾ നീലയും മഞ്ഞയും നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നു. ഒരു അത്തി മരത്തിന് ചുവടെയുള്ള ആദ്യ നിരയിലെ അവസാനത്തെ കൂടാണ് അദ്ദേഹം ആദ്യം തുറന്നത്. ഭാര്യ ശ്രദ്ധാപൂർവം അടുത്ത നിരയിലെ കൂടുകൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. തേനീച്ചകൾക്ക് കൂടിനകത്ത് ഭക്ഷണം നൽകുന്ന കുപ്പിയിൽ ഷുഗർ സിറപ്പ് ഒഴിക്കവേ പ്രഭാത സമയത്തെ പരുക്കൻ ശബ്ദത്തിൽ കുറ്റബോധത്തോടെ അദ്ദേഹം പറഞ്ഞു: ‘ഇത് അവളോട് ചെയ്യുന്ന ക്രൂരതയാണ്.’ അവൾ എന്നാൽ തേനീച്ച.
പ്രകൃതിയിൽ നിന്നും മുമ്പുള്ള നിലയിൽ ഭക്ഷണം ലഭ്യമല്ലാതെ വരുമ്പോൾ ഈ കൃത്രിമ ഭക്ഷണം നൽകാതെ വഴിയില്ല. കാരണം ഈ പ്രദേശത്ത് നമ്മുടെ സഹായം കൂടാതെ അവക്ക് അതിജീവനം സാധ്യമാണെന്ന് തോന്നുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ഈ പ്രവർത്തനം ഞങ്ങൾക്ക് ചെയ്യേണ്ടി വന്നിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോൾ തേനീച്ചകൾ ജീവനോടെയിരിക്കണമെങ്കിൽ അവക്ക് കൃത്രിമ ഭക്ഷണം നൽകിയേ മതിയാകൂ എന്ന പ്രതിസന്ധിയാണ്. ശൈത്യകാലത്ത് മതിയായ ഭക്ഷണം കരുതുന്നതിനു വേണ്ടി ദമ്പതികൾ ഒന്നിടവിട്ട ദിനങ്ങളിൽ അവക്ക് ഭക്ഷണം നൽകി വരുന്നുണ്ട്. ഷുഗർ സിറപ്പ് തേനിന് പകരം വെക്കാവുന്ന ചിലവ് കുറഞ്ഞ ഉത്പന്നമാണ്. അതിൽ ശമനാത്മകവും പോഷണാത്മകവുമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. എങ്കിലും സാധാരണഗതിയിൽ നാൽപത് ദിവസം ആയുസ് ഉണ്ടായിരുന്ന തേനീച്ചകൾക്ക് ഇതുകാരണം പതിനഞ്ചു ദിവസം മാത്രമാണ് പരമാവധി ലഭിക്കുന്ന ആയുസ്.
ഈ കൃത്രിമ ഭക്ഷണം കൊണ്ട് തേനീച്ചകളുടെ എണ്ണം മാത്രം നിലനിർത്തുവാൻ കഴിയുന്നുണ്ടാകും. പക്ഷേ പ്രകൃതിയിൽ ദൈവം അവർക്ക് കനിഞ്ഞു നൽകിയ സമൃദ്ധമായ ഭക്ഷണത്തിൽ അടങ്ങിയ പോഷകങ്ങളൊന്നും ലഭിക്കുന്നില്ല. അതിനാൽ തന്നെ അവ പ്രതീക്ഷിത ആയുസിന് മുമ്പേ മരിച്ചു വീഴുന്നു. അയാൾ കൂട്ടിച്ചേർത്തു. ദൈവാനുഗ്രഹം കൊണ്ട് നമ്മുടെ തേനീച്ച വളർത്തൽ കേന്ദ്രത്തിന് ചുറ്റിൽ നിന്നും അവർക്ക് മതിയായ രീതിയിൽ പൂമ്പൊടി ശേഖരിക്കാൻ സാധിക്കുന്നുണ്ട്. പൂമ്പൊടിയുടെ സാന്നിധ്യം അവയുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം അവയൊക്കെയും ഉടൻ മരിച്ചു വീഴും. അവർക്ക് പൂന്തേൻ കിട്ടുന്നുണ്ടോ? ഞാൻ ചോദിച്ചു. നോക്കൂ, ഞങ്ങൾ തേനീച്ച വളർത്തുന്നത് അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു കാലാവസ്ഥയിലാണ്. കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്ത് പ്രകൃതിക്ക് നൽകാൻ കഴിഞ്ഞതൊന്നും ഇപ്പോൾ നൽകാൻ സാധ്യമാകുന്നില്ല. കാലാവസ്ഥ വ്യതിയാനം രൂക്ഷമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഫലം കായ്ക്കുന്ന വസന്തകാലം പിറന്നില്ല. ബ്ലാക്ക് ലോക്കസ്റ്റ് മരം അപ്രത്യക്ഷമായി. തണുത്തുറയുന്ന കാലാവസ്ഥ തുടക്കം മുതലേ സസ്യങ്ങളുടെ വളർച്ചക്ക് പ്രതികൂലമായി ഭവിച്ചു.
ശൈത്യകാലത്ത് ഉണ്ടായേക്കാവുന്ന ഫ്രോസ്റ്റ് ഡാമേജിനെ (സസ്യങ്ങളിൽ മഞ്ഞുപാളികൾ കിടക്കുന്ന മൂലം ഉണ്ടാകുന്ന രോഗം) കുറിച്ചും വേനൽകാലത്തിന്റെ അവസാന സമയത്തു വന്ന ഉഷ്ണ തരംഗത്തെ കുറിച്ചും മാധ്യമങ്ങളിൽ ജനങ്ങൾക്ക് നിർദേശം വന്നിരുന്നുവെങ്കിലും ഇതെല്ലാം നേരത്തെ നിരീക്ഷിച്ച് ഈ പ്രാവശ്യം വരൾച്ച ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയവരാണ് പ്രാദേശിക തേനീച്ച കർഷകർ. അദ്ദേഹം അവസാനത്തെ തേനീച്ച കൂട് തുറന്നു ഭക്ഷണം വെച്ചു. അപ്പോഴേക്കും സിറപ്പിന് ചുവപ്പ് നിറം വന്നിട്ടുണ്ട്. വിറ്റാമിൻ സി ഘടകങ്ങൾ ചേർക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഹെർബൽ ടീ മിശ്രിതത്തിന്റെയും റോസ് ഹിപ്സിന്റെയും സാന്നിധ്യമാണ് ഷുഗർ സിറപ്പിന് ഈ നിറം നൽകുന്നത്. ഭക്ഷണം വെച്ച ഉടനെ തേനീച്ചക്കൂടിൽ നിന്നും തിരക്കിടുന്ന ശബ്ദവും നിരന്തര മൂളലുകളും കേട്ടു. കൂടിൽ നിന്നും പുറത്തേക്ക് പരിമളം പരന്നു. ഷെഫീഖ് ഈ കാഴ്ചകൾക്ക് വിശദീകരണം നൽകുന്ന രൂപത്തിൽ പറഞ്ഞു. ‘പ്രകൃതിയോട് ഇഴകി ചേരാൻ കഴിയാത്തവർക്ക് തേനീച്ച വളർത്തുക ശ്രമകരമായിരിക്കും.’
പ്രകൃതിയെ ബാധിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ധാരണയുള്ളവർ ചുരുങ്ങിയത് അഞ്ഞൂറ് വൃക്ഷമെങ്കിലും വെച്ചു പിടിപ്പിക്കേണ്ടതുണ്ട്. അഞ്ഞൂറോ? ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോദിച്ചു. അതെ, ഷെഫീഖ് മന്ദഹാസത്തോടെ മൊഴിഞ്ഞു. അദ്ദേഹം തന്റെ ദീർഘ വീക്ഷണത്തിന്റെ ആഴം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. തേനീച്ച കർഷകരായ ഈ ദമ്പതികൾ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ കണക്ക് നോക്കിയാൽ ഈ പറഞ്ഞതിൽ അതിശയോക്തി തോന്നുകയില്ല. ‘ഞാനും സനാദയും ചേർന്ന് ഏകദേശം ആയിരത്തി അഞ്ഞൂറ് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തേനീച്ചകൾക്ക് ഉപകാരമാകുന്ന തരത്തിൽ ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും അയൽവാസികളുടെ ഭൂമികളിലും ഇത്തരം പൂചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ വർഷങ്ങളുടെ അധ്വാനം കൊണ്ട് ഈ പ്രദേശം കേവലം ഒരു തേനീച്ച വളർത്തൽ കേന്ദ്രത്തിനപ്പുറം വിവിധതരം ചെടികളുടെ സാന്നിധ്യമുള്ള ഒരു ബോട്ടാണിക്കൽ ഗാർഡനായി വളർന്നിരിക്കുന്നു.’ യൂറോപ്പിലേക്കും യുഎസിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറിയ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമികളിലും വിവിധ ചെടികൾ നട്ട് അതിനെ ജീവസുറ്റതാക്കുവാൻ ഈ ദമ്പതികൾ കാണിക്കുന്ന ഉത്സാഹവും ശുഭാപ്തി വിശ്വാസവും പ്രശംസനീയമാണ്. തേനീച്ചകൾ ഭക്ഷണം തേടുന്ന ദൂര പരിധിയിലും മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള ചെങ്കുത്തായ പ്രദേശങ്ങളിലും അവർ ചെടികൾ നടുന്നതിൽ പ്രത്യേകം താല്പര്യം കാണിക്കുന്നു. തേനീച്ചകളെ പ്രത്യേകമായി ആകർഷിക്കുന്ന ചില പൂചെടികൾ അവയിലുണ്ട്.
‘കടന്നുപോകൂ കാമുകീ,’ പൂമ്പൊടിയുമായി കൂടിന്റെ പ്രവേശന കവാടത്തിൽ പറന്നിറങ്ങിയ തേനീച്ചയോട് അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു. ‘അതെ, ഇവ എനിക്ക് കേവലം പ്രാണികളല്ല, കാമുകിമാർ തന്നെയാണ്.’ അദ്ദേഹത്തിന്റെ പ്രകൃതി സംരക്ഷണ യജ്ഞങ്ങൾ തേനീച്ചകൾക്ക് പുറമെ പറവകൾക്കും വന്യജീവികൾക്കും ഉപകാരപ്രദമാണ്. പ്രാദേശിക ഭക്ഷണങ്ങളിൽ അത്ര പ്രിയമല്ലാത്ത മൾബറി ചെടികളും അദ്ദേഹം വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വന്യജീവികളാണ് പ്രധാനമായും അതിന്റെ ഉപയോക്താക്കൾ. 2022ലെ കനത്ത ചൂടുകാലത്തും ബ്ലൂ ബെറികൾ കായ്ച്ചത് പറവകൾക്ക് ഏറെ ഉപകരിച്ചു. ‘പക്ഷികൾക്കും ഉറുമ്പുകൾക്കും മറ്റു ചെറു ജീവികൾക്കുമെല്ലാം ഞാൻ വേണ്ട വിധം പഴങ്ങളും ധാന്യങ്ങളും ഇട്ടു കൊടുക്കും. ഇതെല്ലാം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിട്ടാണ് മനുഷ്യർ കരുതുന്നത്. നമുക്ക് കഴിക്കാനും കുടിക്കാനും പാകത്തിൽ ഉള്ളതേ നമ്മുടേതായി പറയാൻ പറ്റൂ. മറ്റുള്ളവയെല്ലാം അതിന്റെ ആവശ്യക്കാരന് കൂടി അവകാശപ്പെട്ടതാണ്.’ മരം നടുക എന്നത് പ്രകൃതിയിലെ സൃഷ്ടിജാലങ്ങളുമായി അടുത്തു ബന്ധപ്പെടാനുള്ള ഉത്തമ മാർഗമാണ്. ദാനം, സ്നേഹം, സന്തോഷം, തുടങ്ങിയ പദാവലികൾ ഉപയോഗിച്ചു കൊണ്ടാണ് ഷെഫീഖ് സംസാരിക്കുന്നത്. ‘എല്ലാ ദിവസവും സന്തോഷവാന്മാരായിരിക്കുന്നതിന് അന്നേദിവസം എന്തെങ്കിലും ദാനം ചെയ്യാൻ ഞങ്ങൾ താല്പര്യപ്പെടുന്നു. ഇത് സാധാരണഗതിയിൽ എന്തെങ്കിലും ഇങ്ങോട്ട് പ്രതീക്ഷിച്ചു നൽകുന്ന ദാനമല്ല. ഞങ്ങളുടെ ചെറിയ ദാനങ്ങൾ കൊണ്ട് പ്രകൃതിയിലെ ജീവജാലങ്ങൾ വളരുന്നതും, അവ നമ്മുടെ കണ്ണുകളെ ത്രസിപ്പിക്കുന്നതുമൊക്കെ നമ്മോട് പറയുന്നത്, ലോകത്ത് സ്നേഹത്തിന് ആഴത്തിൽ വേരോട്ടമുണ്ട് എന്ന ശുഭവാർത്തയാണ്.’
അടുത്ത ദിവസം പ്രഭാതത്തിൽ രണ്ടാമത്തെ തേനീച്ച വളർത്തൽ കേന്ദ്രത്തിലായിരുന്നു ഷുഗർ സിറപ്പ് നൽകിയത്. അവിടെ വരണ്ട കാലാവസ്ഥയായിരുന്നു. ചൂടിന്റെ ശക്തി ഇലകളെ തളർത്തിയിരിക്കുന്നു. അരുവികൾ വറ്റിയുണങ്ങിയിട്ടുണ്ട്. പ്രഭാതത്തിന്റെ സൗന്ദര്യമായ പുൽതകിടുകളിൽ കാണുന്ന ബാഷ്പകണങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഒന്നിടവിട്ട ദിനങ്ങളിൽ ദമ്പതികൾ നിറച്ചു വെക്കുന്ന ജല സംഭരണിയിൽ മാത്രമാണ് തേനീച്ചകൾക്കിവിടെ കുടിക്കാൻ വെള്ളമുള്ളത്. ഷെഫീഖ് ഖേദത്തോടെ പറയുന്നു; ‘രക്ഷ കിട്ടാൻ മാർഗമില്ലാത്ത അവസ്ഥയാണ് നമുക്ക് ഇനി അഭിമുഖീകരിക്കാനുള്ളത്. ഇതെല്ലാം മനുഷ്യർ സ്വീകരിച്ച ആധുനിക ജീവിതശൈലികളുടെ പരിണിതഫലമാണ്.’
സുസ്ഥിര ലോകത്തെ ഭാവിയിൽ തിരിച്ചുപിടിക്കുക സാധ്യമല്ലെന്നാണ് ഷെഫീഖ് അഭിപ്രായപ്പെടുന്നത്. സുസ്ഥിരത നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് പൊതുവെ പരിസ്ഥിതി പ്രവർത്തകർ താൽപര്യപ്പെടുന്നില്ല.
അനുദിനം നാശത്തെ അഭിമുഖീകരിക്കുന്ന പ്രകൃതിയിലെ ഈ പ്രതിഭാസത്തെ ദുരന്ത ഭാവി ( Grievous future) എന്നാണ് പ്രമുഖ പ്രകൃതി ശാസ്ത്ര ചിന്തകൻ ജോൺ ഫോസ്റ്റർ വിളിക്കുന്നത്. അങ്ങനെയൊരു ഭാവികാലത്തെ കുറിച്ചുള്ള കൃത്യമായ വിശദീകരണം നൽകാനോ, ആത്യന്തിക പരിഹാരം നിർദേശിക്കാനോ, ആധുനിക സാങ്കേതിക വിദ്യകൾക്ക് പോലും സാധിക്കുന്നില്ല. നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കും അപ്പുറമാണത്. ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിൽ ഫോസ്റ്റർ നിരീക്ഷിക്കുന്നത് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുക എന്നതാണ്. അതായത് സമീപ ഭാവിയിൽ തന്നെ ലോകാന്ത്യം സംഭവിക്കുമെന്നും തൽഫലമായി മനുഷ്യ സമൂഹത്തിന്റെ വംശനാശം ഉണ്ടാകുമെന്ന വസ്തുതയെ യാഥാർഥ്യ ബോധത്തോടെ ഉൾക്കൊള്ളുക. നശ്വര ജീവിതത്തിന്റെ യാഥാർഥ്യത്തിലേക്കും പ്രകൃതി നാശത്തിന്റെ വസ്തുതയിലേക്കും മനസ്സിനെ പാകപ്പെടുത്തുന്ന സമയം അപ്പുറത്ത് ചില പ്രതീക്ഷയുടെ ചിന്തകൾ നമ്മെ തൊട്ടുണർത്തും. അത് നമുക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്ത ഇരുൾ പോലെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യന്റെ പ്രകൃതത്തെ കുറിച്ചുള്ള ചർച്ചകളിലേക്കും നമ്മെ ക്ഷണിക്കും. പ്രകൃതിയിൽ നിന്നും വേറിട്ട് നിൽക്കുന്നതിന് പകരം മനുഷ്യനിൽ ആന്തരികമായുള്ള വന്യ ബോധവും പ്രകൃതിയോടുള്ള ചേർന്നുനിൽപ്പും അവനിൽ പുതു പ്രതീക്ഷകൾ നൽകും.
യൂറോ-അമേരിക്ക കേന്ദ്രീകരിച്ചു നടക്കുന്ന ചർച്ചകളിൽ പ്രകൃതി എന്നത് ഒരു സങ്കീർണ പദമാണ്. മനുഷ്യൻ പ്രകൃതിയിൽ ഇടപെടുന്നതാണോ, പ്രകൃതിയെപ്പോഴും മനുഷ്യന്റെ സ്വാധീന വലയത്തിലാണോ, എന്നു തുടങ്ങിയ ആധുനിക ചർച്ചകളെല്ലാം മനുഷ്യനെയും പ്രകൃതിയെയും രണ്ട് ധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുന്നു. ഖുർആനിലെ പ്രകൃതിയെ കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നും വ്യക്തമാകുന്നത് ദൈവം ഒഴികെയുള്ളതെല്ലാം പ്രകൃതിയുടെ ഭാഗമാണെന്നതാണ്. എന്നാൽ അത് ദൈവത്തിൽ നിന്നും അകലെ നിൽക്കുന്ന ഒന്നല്ല. അതിന്റെ നിലനിൽപ്പിന് വേണ്ടി അതെപ്പോഴും ദൈവത്തെ ആശ്രയിക്കുന്നു. സൃഷ്ടികളെല്ലാം ദൈവത്തിന്റെ കരുണക്ക് പാത്രമാണ്. വിശ്വാസികൾ ആരാധനകളിലൂടെയും വിധേയത്വത്തിലൂടെയും സുന്ദരമായി ആ കരുണക്ക് നന്ദി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു.
ആകാശത്തോടും ഭൂമിയോടും അവയെ സൃഷ്ടിച്ചശേഷം വിധേയപ്പെട്ടോ, നിർബന്ധിതമായോ മുന്നോട്ടുവരാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട്. അവ വിധേയത്വത്തോടെ മുന്നോട്ട് വന്നു എന്ന് ഖുർആൻ പറയുന്നു. പ്രകൃതിയുമായുള്ള ഇടപഴകലിലൂടെ സാധ്യമാകുന്നത് അല്ലാഹുവിന് വിധേയത്വം കൽപ്പിച്ചവയുമായുള്ള സമ്പർക്കമാണ്. അവയുടെ സംരക്ഷണവും ക്ഷേമവും ഏറ്റെടുത്തു പ്രവർത്തിക്കുന്നത് യഥാർഥത്തിൽ അല്ലാഹുവിനോട് ചെയ്യുന്ന സേവനങ്ങൾ തന്നെയാണ്. ഖുർആൻ എപ്പോഴും ചേർത്ത് പറയുന്ന രണ്ടു പദങ്ങളാണ് വിശ്വാസവും സൽകർമവും. വിശ്വാസിയാണെന്ന് കേവലം പറയുന്നതിന് പകരം, ഒപ്പം തന്നെ സൽപ്രവർത്തനങ്ങളിൽ നിരതരാകണം എന്നതാണ് മതം കൽപ്പിക്കുന്ന നിർദേശം.
ഖുർആൻ സന്ദേശങ്ങളും ആധുനിക പഠനങ്ങളും ഒരു ലോകാന്ത്യത്തെ പ്രതീക്ഷിക്കുമ്പോഴും ഷെഫീഖ് മരം നടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു; ലോകാന്ത്യം പ്രതീക്ഷിക്കുമ്പോൾ മരം നടുന്നതിന്റെ ആവശ്യം എന്താണ്? അടുത്ത മണിക്കൂറിൽ മരണം സംഭവിക്കുമെന്ന വാർത്ത അറിഞ്ഞാലും മരം നടണമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. മരണത്തെയും ലോകാന്ത്യത്തെയും അദ്ദേഹം ഒരു പോലെയാണ് സമീപിക്കുന്നത്. കാരണം ഇവ രണ്ടും വിശ്വാസിയെ സംബന്ധിച്ച് അല്ലാഹുവിലേക്കുള്ള തിരിച്ചു പോകലാണ്. ഇവിടെ മരം നടുക എന്നത് ഒരു പ്രതിരോധ പ്രവർത്തനമല്ല, ആ നിമിഷത്തിൽ അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു ചെയ്യുന്ന നന്മയാണ്. അവിടെ ഭാവിയെ കുറിച്ചുള്ള ആലോചനകൾക്കല്ല പ്രധാനം. ലോകാന്ത്യത്തിന്റെ അടയാളങ്ങളെല്ലാം നിറഞ്ഞു കാണുമ്പോഴും കയ്യിലുള്ള ചെടി നടുന്നതിന്റെ യുക്തി നന്മയോടുള്ള പ്രതിബദ്ധതയാണ്. ‘അടുത്ത വർഷത്തേക്ക് ഞാൻ ജീവനോടെ ഉണ്ടാകുമോ എന്നതും പ്രകൃതിയിൽ അനുകൂലമായ കാലാവസ്ഥ ഉണ്ടാകുമോ എന്നതും നിശ്ചയമില്ലാത്ത കാര്യങ്ങളാണ്. എങ്കിലും അടുത്ത ഭാവിയിൽ ഒരു ഈ തേനീച്ചകളെ മികച്ച ഒരു കമ്മ്യൂണിറ്റി ആക്കി നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ ഞാൻ തുടരും. അത് മാത്രമാണ് ഉദ്ദേശം, ഇൻശാ അല്ലാഹ്.’ ഷെഫീഖ് പറഞ്ഞവസാനിപ്പിച്ചു.
എന്റെ സുഹൃത്തായ ആദിൽ മറ്റൊരു പ്രവാചക വചനം എനിക്ക് പരിചയപ്പെടുത്തിത്തന്നു: “അല്ലാഹുവിന്റെ അടിമകളിൽ അവൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അപരന് ഗുണം ചെയ്യുന്നവരെയാണ്”. മനുഷ്യർക്ക് ചെയ്യുന്ന ഗുണമാണോ ഉദ്ദേശമെന്ന് ഞാൻ ചോദിച്ചു. ഒരിക്കലുമല്ല. നമ്മെ പ്രതീക്ഷിച്ചു നിൽക്കുന്ന പ്രകൃതിയിലെ ജീവജാലങ്ങൾക്ക് കരുണ ചെയ്യേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. നീ സംരക്ഷിക്കുന്ന ഓരോ തേനീച്ചയിലും നീ പ്രതിഫലം നേടുന്നു. ഏകദേശം അഞ്ചു മില്യൺ തേനീച്ചകൾ ഇവിടെയുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളായ അവയോട് സ്നേഹത്തോടെ ചെയ്യുന്ന സേവനമാണിത്.
മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ട് ഭൂമിയിൽ സന്തോഷം നൽകുന്ന കാര്യങ്ങളിൽ വ്യാപൃതരാവുകയും അവയിലൂടെ തന്നെ അനന്തമായ പരലോക ജീവിത ഗുണത്തിന് വേണ്ടിയുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിക അധ്യാപനങ്ങളുടെ അന്തസത്ത. മനുഷ്യരൊക്കെയും മരണം രുചിക്കും. ഇഹലോക ഗുണം പ്രതീക്ഷിച്ചു ചെയ്ത നന്മകൾക്ക് ഇവിടെ നിന്ന് തന്നെ ഫലം ലഭിക്കുന്നു. പരലോക ഗുണം പ്രതീക്ഷിച്ചു ചെയ്ത നന്മകൾക്ക് അവിടെ വെച്ചു ഗുണം ലഭിക്കുന്നു. അപരനെ സഹായിക്കുക എന്നത് ജീവിതത്തിൽ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സ്വന്തത്തിൽ തന്നെ ഒതുങ്ങുന്നവർ പിശുക്കരാണ്. ഭൂമിയിൽ നടുന്ന നന്മയുടെ വിത്തുകളാണ് സ്വർഗീയ ആരാമത്തിൽ സുന്ദര പുഷ്പങ്ങളായി വിടരുന്നത്. ഭൂമിയിൽ ഒരു മരം നടുകയും അവന്റെ മരണ ശേഷം ആ മരത്തിന്റെ ഫലങ്ങൾ മനുഷ്യരോ, പക്ഷികളോ, മൃഗങ്ങളോ, ഭക്ഷിക്കുകയും ചെയ്യുന്ന പക്ഷം അവന് പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുമെന്ന പ്രവാചക വചനം ബോസ്നിയൻ മുസ്ലിംകളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഭൂമിയിൽ ഒരു മരം നട്ടവന് വേണ്ടി സ്വർഗത്തിൽ ഒരു മരം അല്ലാഹു സംവിധാനിക്കുമെന്ന പ്രവാചക വചനം ഇതിന്റെ തുടർച്ചയാണ്. നാം ഒരു മരം നടുന്നതോടെ ഭൂമിയിൽ ദൈവത്തിന്റെ കാരുണ്യം ഉണ്ടാകുന്നതിൽ നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കുന്നു. അതുകൊണ്ട് ലോകാന്ത്യം സംഭവിക്കാനിരിക്കുമ്പോഴും ആ മരം നട്ടു പൂർത്തിയാക്കുക.
വിവർത്തനം: റാഷിദ് ഒ.കെ
Featured Image: Christine


Comments are closed.