മോണ്ടി പൈത്തണും ഫിലോസഫി ഫുട്ബോളും

ഈ അടുത്ത കാലത്താണ് ബ്രിട്ടീഷ് സർ റിയലിസ്റ് കോമഡി ഗ്രൂപ്പ് ആയ മോണ്ടി പൈത്തണിന്റെ ‘The Philosopher’s Football Match‘ എന്ന വീഡിയോ കാണാൻ ഇടയായത്. 1972 ലെ മ്യൂണിച് ഒളിമ്പിക്സിലെ ഒളിമ്പിയാക്കോസ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രീക്ക്-ജർമ്മൻ ഫിലോസോഫേഴ്‌സിന്റെ ഒരു ഫുട്ബോൾ കളിയാണ് ആ വീഡിയോ. ടീം ലൈൻ അപ് വളരെ രസകരമാണ്. ജർമ്മൻ ടീം ഇങ്ങനെയാണ്. 1. വില്യം ഗോറ്റ്‌ഫ്രിഡ് ലെബനീസ് 2. ഇമ്മാനുവേൽ കാന്റ 3. വില്യം ഫ്രെഡ്രിക് ഹെഗൽ 4. ആർതർ ഷൊപെനോർ 5. ഫ്രെഡ്രിക് ഷെല്ലിങ് 6. ഫ്രാൻസ് ബാക്കാൻബോർ 7. കാൾ യാസ്‌പേഴ്‌സ്‌ 8. കാൾ ശ്ലേഗൽ 9. ലുഡ്വിഗ് വിറ്റ്‌ഗെൻസ്റ്റൈൻ (ഓസ്ട്രിയക്കാരനാണ് എങ്കിലും) 10. ഫ്രെഡ്രിക് നീത്‌ഷെ 11. മാർട്ടിൻ ഹെയ്‌ഡഗർ. ഇനി ഗ്രീക്ക് ടീം നോക്കാം. 1. പ്ലാറ്റോ 2. എപിക്റ്ററ് 3. അരിസ്റ്റോട്ടിൽ 4. സോഫക്ലിസ് 5. എംപെഡോക്ലസ് അക്രാഗ 6. പ്ലോട്ടിൻ 7. എപിക്യൂറസ് 8. ഹെറാക്ലിറ്റസ്‌ 9. ഡെമോക്രാറ്റസ് 10. സോക്രട്ടീസ് 11. ആർക്കിമിഡീസ്. കളിയിലെ റെഫ്റീ കൺഫ്യുഷ്യസും ലൈൻ റെഫ്റീമാർ സെന്റ് അഗസ്റ്റിനും, തോമസ് അക്വിനാസുമാണ്. ‘When Heidegger and Socrates go head to head in soccer’ എന്നാണ് വീഡിയോയുടെ തലക്കെട്ട്. എനിക്കതിൽ രസകരമായി തോന്നിയ ഒരു കാര്യം അല്ലെങ്കിൽ ചോദ്യം ഹെയ്‌ഡഗറും സോക്രടീസും തമ്മിലുള്ള ഫിലോസഫിക്കൽ വ്യത്യാസങ്ങൾ കാണിക്കാൻ എന്തുകൊണ്ട് മോണ്ടി പൈത്തൺ ഫുട്ബോൾ തന്നെ ഒരു മീഡിയമായി ഉപയോഗിച്ചു എന്നതാണ്.

ഇവിടെയാണ് ഗ്രീക്ക്-ജർമൻ ഫിലോസഫിക്കിടയിലെ ഏറ്റവും വലിയ വ്യത്യാസവും എന്തുകൊണ്ടാണ് ആ വ്യത്യാസത്തെ ഫുട്ബാളിനു വ്യക്തമാക്കാൻ കഴിയുന്നത് എന്നും നമുക്ക് മനസ്സിലാകുന്നത്. ഗ്രീക്ക് ചിന്തയുടെ ജെനറൽ അടിത്തറ റാഷണൽ-ലോജിക്കൽ ലോക വീക്ഷണമാണ്. അതിന്റെ ഏറ്റവും വലിയ അടയാളമാണ് ഡിറ്റർമിനസി എന്നത്. അതനുസരിച്ച് ലോകത്തിലെ കാര്യങ്ങളെല്ലാം വളരെ ലോജിക്കലായി നടക്കുന്നതും അതിനാൽ അവയെ ഡിറ്റർമൈൻ ചെയ്യാൻ കഴിയുന്നതുമാണ്. അതനുസരിച്ച് അവർക്ക് ഫ്യൂച്ചറിനെ പ്രവചിക്കാൻ സാധിക്കും എന്നവർ വാദിക്കുന്നു (ചില എക്സെപ്ഷൻസ് ഉണ്ടെങ്കിലും). ഇതിനെല്ലാം കാരണം അവരുടെ മെറ്റീരിയൽ വേൾഡ് വ്യൂ ആണ്. എന്നാൽ ജർമൻ ഫിലോസഫിയുടെ അടിത്തറ മെറ്റാഫിസിക്സ് ആണ്. അവിടെയുള്ള മെറ്റീരിയൽ വ്യൂകൾ പോലും മെറ്റാ ഫിസിക്കൽ സ്വഭാവമുള്ളവയാണ്. അതനുസരിച്ച് പ്രപഞ്ചത്തിന് ഒരു ഡിറ്റർമൈൻഡ് ആയ നിയമമില്ല. എല്ലാം റാഡിക്കലി കോണ്ടിൻജന്റ് ആണ്. എന്തും എപ്പോഴും എങ്ങനെയും സംഭവിക്കാം. എല്ലാം റാൻഡം മാത്രമാണ്. അതനുസരിച്ച് നമുക്കൊന്നും പ്രെഡിക്ട് ചെയ്യാൻ കഴിയില്ല. അതിനാൽ ആ ഫുട്ബാൾ കളിയെ നമുക്ക് ഡിറ്റർമിനസിയും ഇൻഡിറ്റർമിനസിയും തമ്മിലുള്ള ഒരു മാച്ചായി കാണാം. ഇനി ബാക്കി നിൽക്കുന്ന ഒരു ചോദ്യം 2000 വർഷങ്ങൾ വ്യത്യാസമുള്ള ഈ രണ്ട് ചിന്തകളെയും കമ്പയർ ചെയ്യാൻ എന്ത്കൊണ്ട് ഫുട്ബോൾ ഒരു മാധ്യമമായി എന്നതാണ്.

ഫുട്ബോൾ എന്ന ആറ്റവും റിയൽ റിയലിസവും

ഇസ്‌ലാമിക വിശ്വാസം അനുസരിച്ചും, ദിൽയൂസിന്റെ ഇവന്റ്‌, സ്പിനോസയുടെ മൊണാട് പോലുള്ള ആധുനിക ഫിലോസഫിക്കൽ സങ്കൽപ്പങ്ങൽ അനുസരിച്ചും, ലോകത്തിന് ഒരു കോഷൽ ആയ ഘടന ഇല്ല. എല്ലാം അല്ലാഹുവിന്റെ ‘ഇറാദത്ത്'(തീരുമാനം) അനുസരിച്ച് – അല്ലെങ്കിൽ ആധുനിക ഫിലോസഫി അനുസരിച്ച് സ്വയം – എങ്ങനെയും, എപ്പോഴും വരാം. അതിനാൽ ഒരു കാര്യത്തെയും നമുക്ക് യുക്തി വെച്ച് കണക്കുകൂട്ടാനോ കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രെഡിക്ട് ചെയ്യാനോ കഴിയില്ല. അതാണ് അശ്അരി ഇമാമിനെ പോലുള്ളവർ ഇസ്‌ലാമിക് ആറ്റോമിസത്തിൽ പറയുന്നത്. യഥാർത്ഥത്തിൽ ഈ റാൻഡമ്നെസ്സ് ആണ് യഥാർത്ഥ റിയലിസം. അവിടെ ആറ്റങ്ങൾക്കെല്ലാം റാഡിക്കൽ റാൻഡം സ്വഭാവമാണുള്ളത്‌. ആ ആറ്റങ്ങൾ അല്ലാഹുവിന്റെ കൽപ്പന പ്രകാരം എങ്ങനെയും മാനിഫെസ്റ് ചെയ്യാം.

എന്നാൽ സിനിമ, നോവൽ പോലുള്ള മാധ്യമങ്ങൾ എന്താണ് ലോകത്തെ പഠിപ്പിക്കുന്നത്? കാര്യ കാരണ ബന്ധത്തിൽ അധിഷ്ഠിതമായ ഒരു ലോകമാണ് അവ മനുഷ്യർക്ക് മുന്നിൽ കാണിക്കുന്നത്. അതിനവർ റിയലിസം എന്ന് പേരിടുകയും ചെയ്തു. കാരണം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് അവർ കാണിക്കുന്നതെന്നാണ് അവരുടെ വാദം. യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ അതുപോലെ ആവിഷ്കരിക്കാൻ പറ്റുമോ? ഇല്ല. പിന്നെന്താണ് അവർ പറയുന്നത്? അവർ പറയുന്നത് ഇത് വരെ അങ്ങനെയാണ് നടന്നത് അതിനാൽ ഇനി നടക്കാൻ പോകുന്നതും അങ്ങനെയാണ് എന്നാണ്. ഇതൊരു തരം കോഷൽ ഡിറ്റർമിനസി ആണ്. അതുകൊണ്ടവർക്ക് വില്ലൻ കുത്തിയാൽ നടൻ മരിക്കൽ നിർബന്ധമാണ്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാൽ ഭൂമിയിൽ എത്തലും നിർബന്ധമാണ്. ഇതിന്റെ പ്രശ്നം എന്തെന്നാൽ വില്ലന്റെ കുത്തിനും നടന്റെ മരണത്തിനുമിടയിൽ അല്ലെങ്കിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വീഴ്ച്ചക്കും താഴെ ഭൂമിയിൽ എത്തലിനുമിടയിൽ നിലനിൽക്കുന്ന – നടക്കാൻ സാധ്യതയുള്ള – ഇൻഫിനിറ് സാധ്യതകളെ അവ മറച്ചു പിടിക്കുന്നു എന്നതാണ്.

അവർ ലീനിയർ ആയ ഒരു ലോക ക്രമത്തെയാണ് നിർമ്മിക്കാൻ ശ്രമിക്കുന്നത്. ഒരു ഏണസ്‌റ് ബ്ലോക് ഭാഷയിൽ അവർ ലോകത്തെ വ്യാഖ്യാനിക്കാൻ മാത്രമാണ് ശ്രമിക്കുന്നത് മറിച്ച് മാറ്റിത്തീർക്കാനല്ല (മാർക്സിൽ നിന്ന് ഡിഫറൻറ് ആയ ചിന്തയാണ് ഇത്). അവർ നടന്ന ചരിത്രം ആവർത്തിക്കുന്നതിലൂടെ അതാണ് ലോക ക്രമം എന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ഒരു ഫ്റാങ്സ്വാ ല്യോതാർദ് ഭാഷയിൽ ഒരു മെറ്റാ നരേറ്റീവ് ആണ്. യഥാർത്ഥത്തിൽ അപ്പോൾ കോഷൽ-ലീനിയർ ആയ നോവൽ, സിനിമ, കളികൾ, സംസാരങ്ങൾ എല്ലാം തന്നെ ഒരു സ്യൂഡോ റിയലിസത്തെ ആണ് നിർമ്മിക്കുന്നത്. അതിന്റെ മറ്റൊരു പ്രശ്നം അത് ചരിത്രത്തിന് മാറ്റമില്ലാത്ത അല്ലെങ്കിൽ മാറ്റാൻ സാധിക്കാത്ത ഒരു ഐഡന്റിറ്റി ചാർത്തി കൊടുക്കുന്നു എന്നതാണ്. അത് യാഥാർഥ്യങ്ങളുടെ ബിക്കമിങ് സാധ്യതയെ തടഞ്ഞു അവയെ സ്റ്റീരിയോടൈപ്ഡ് ആക്കിത്തീർക്കുന്നു.

എന്നാൽ ഈ പരിമിതിയെ മറികടക്കുന്ന ഒരു മീഡിയം ആണ് ഫുട്ബോൾ എന്നത്. അതുകൊണ്ടാണ് ബ്ളാക്കും വൈറ്റും അതിൽ ഒരുപോലെ പ്രധാനമാകുന്നത്. ഫുട്ബോൾ വ്യക്തമാക്കുന്നത് റാഡിക്കലി ഇൻഡിറ്റർമൈൻഡ് ആയ ഒരു ലോകത്തെയാണ്.  അൺ പ്രെഡിക്റ്റബിൾ ആയ സ്‌പോണ്ടാനിയസ് ആയ ഒരു ലോകമാണത്. അതുകൊണ്ടാണ് 1997 ൽ ഫ്രാൻസിന്റെ ഫാബിയാൻ ബാർത്സിന്റെയും ലോകത്തെ എല്ലാവരുടെയും പ്രവചനത്തെ തെറ്റിച്ച് റോബർട്ടോ കാർലോസിന്റെ പുറത്തേക്ക് പോയ ഫ്രീ കിക്ക് ബോൾ ബനാനയായി പോസ്റ്റിന്റെ അകത്തേക്ക് പ്രവേശിച്ചതും, 1986 ൽ ഇംഗ്ളണ്ടിന്റെ പീറ്റർ ഷിൽട്ടനെയും, സർവ്വ ഫുട്ബോൾ നിയമങ്ങളെയും ഒരു നിമിഷത്തേക്ക് അന്ധനാക്കി ഡീഗോ മറഡോണയുടെ കൈകൾ ഗോൾ നേടിയത്. അങ്ങനെ ഫുട്ബോളിൽ ‘ദൈവത്തിന്റെ കൈ’ ഇറങ്ങിവന്നതും (ഇത് കേൾക്കുമ്പോൾ എനിക്കിപ്പോഴും ബദ്‌റിൽ മുസ്ലിംകൾക്ക് വേണ്ടി ഖുറൈശികൾക്കെതിരെ അല്ലാഹു മലക്കുകളെ നേരിട്ടിറക്കിയത് ഓർമ്മ വരാറുണ്ട്).

നമ്മുടെ കോഷൽ ധാരണകളനുസരിച്ച്‌ നോക്കിയാൽ അവ രണ്ടും ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു. എന്നിട്ടും ചരിത്രത്തെ – ചരിത്രത്തിന്റെ മുഴുവൻ യുക്തിബദ്ധ നിയമങ്ങളെ – അട്ടിമറിച്ച് അവ രണ്ടും നടന്നു. അതിനാൽ ഫുട്ബോൾ ഒരു നോൺ കോഷൽ മൊമെന്റ് ആണ്. ഈയൊരർത്ഥത്തിൽ മുല്ല സദ്രയും, ഴിൽ ദിൽയൂസും, അലൈൻ ബാദിയാവോവും എല്ലാം പറയുന്നത് പോലെ ലോകത്തെ ആവിഷ്‌കരിക്കാൻ പറ്റിയ ഏറ്റവും റിയൽ ആയ മാധ്യമം ഫുട്ബോൾ – മാത്രം (?) – ആണ്. കാരണം 2010 ലോകകപ്പ് ഫൈനലിൽ ഐകർ കാസിയസ് മാത്രമുള്ള ഓപ്പൺ പോസ്റ്റിലേക്ക് ബോളുമായി നീങ്ങിയ ആര്യൻ റോബനെ പോലുള്ള ഒരു പ്ലയർ ലോകത്തിന്റെ ഗോൾ കണക്കുകൂട്ടലുകൾ – ചിലപ്പോൾ – തെറ്റിക്കില്ലായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഫുട്ബോളിന്റെ റെഫറൻസ് പോയിന്റ് ചരിത്രമല്ല മറിച്ച് ഫ്യൂചറിലുള്ള നോൺ ടെലെയോളജിക്കൽ വിശ്വാസമാണ് – ഹോപ് ആണ്. മിഷേൽ ഫൂക്കോയുടെ ‘ഫൊളീ’ പോലെ.

എന്നാൽ ഇങ്ങനെ ഒരു വേൾഡ് വ്യൂവിനെ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയില്ല. കാരണം അത് മനുഷ്യനെ നിരന്തരം തകർത്തുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അത് നിരന്തരം മനുഷ്യനെ റാഡിക്കലി റീ-കോൺഫിഗർ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ സ്റ്റാറ്റിക് ആവാൻ താല്പര്യം കാണിക്കുന്ന മനുഷ്യന്റെ സെല്ഫ് ആ റീ-കോൺഫിഗറേഷനെ ഭയക്കുകയും അതുകൊണ്ട് സെൽഫിനനുസരിച് ലോകത്തെ ഡിറ്റർമൈൻഡ്‌ ആയി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. സി എസ് വെങ്കിടേശ്വരൻ സിനിമയിലുള്ള ലീനിയാരിറ്റിയെ വിമർശിക്കുന്നിടത്ത് ഇത് സൂചിപ്പിക്കുന്നുണ്ട്. സൈക്കോ അനാലിസിസിൽ സിഗ്മണ്ട് ഫ്രോയിഡും ഴാക് ലകാനും എല്ലാം പറയുന്നതനുസരിച്ച് നോക്കിയാൽ, ഡിറ്റർമിനസി എന്നാൽ ഒരു ഡീവിയേഷൻ മേത്തോട് ആണ്. മനുഷ്യന്റെ ഡിറ്റർമിനസിയോടുള്ള ഡിസൈറും ലോകത്തിന്റെ അബ്സോലൂട് ഇൻഡിറ്റർമിനേറ് സ്വഭാവവും തമ്മിലുള്ള ക്ലാഷിനെ മറികടക്കാനുള്ള ഈഗോയുടെ ഒരു ശ്രമം. അതനുസരിച്ച് നോക്കിയാൽ ഫുട്ബോൾ മനുഷ്യന്റെ ഈഗോയെ തകർത്ത് കളയുന്നുണ്ട്.

റിയാലിറ്റികളിലെല്ലാം മിസ് ആകുന്ന ഒരു വസ്തുവിനെ കുറിച്ച് സ്ളാവോയ് സിസെക് പറയുന്നുണ്ട്. ‘റിയൽ റിയൽ’ എന്നാണ് സിസെക് അതിനെ വിളിക്കുന്നത്. സിനിമയും, നോവലും, സോഷ്യൽ ഡിസ്കോഴ്‌സുകളും, ഡോമിനന്റ് നരേറ്റീവുകളുമെല്ലാം തീർക്കുന്ന റിയാലിറ്റിയിൽ മിസ്സാകുന്നതെന്താണ്? അത് യാഥാർഥ്യങ്ങളെ ഒരിക്കലും നിർണ്ണയിക്കാനോ, പ്രവചിക്കാനോ കഴിയില്ല എന്ന യാഥാർഥ്യമാണ്. ആ അർത്ഥത്തിൽ സിസെക്ക് പറഞ്ഞ ആ കളയപ്പെട്ട ‘റിയൽ റിയലി’ന്റെ അന്വേഷണവും എക്സ്പ്രഷനും ആണ് ഫുട്ബോൾ. യഥാർത്ഥത്തിൽ – എന്നെ സംബന്ധിച്ചിടത്തോളം – ഫുട്ബോൾ ആ റിയൽ റിയലിനെ ആവിഷ്ക്കരിക്കുന്നുണ്ട്. ഫുട്ബോൾ ഒന്നും മിസ്സാവാത്ത ഒരു 100% റിയാലിറ്റി ആണ്. ഫുട്ബോളിനെ അതിനാൽ നമുക്ക് ഒരു ‘അബ്സോലൂട് റിയാലിറ്റി’ ആയി മനസ്സിലാക്കാം. കാരണം ഫുട്ബോൾ ആണ് ലോകത്തിന്റെ യഥാർത്ഥ തലത്തെ നമുക്ക് മനസ്സിലാക്കി തരുന്നത്. അതിനാൽ അതാണ് യഥാർത്ഥ ‘റിയലിസം’.

മറ്റൊരു തലത്തിൽ നോക്കിയാൽ ഫുട്ബോൾ ആന്റി-ഹിസ്റ്റോറിക്കൽ ആണ്. ലിയോപോൾഡ് വാൻ റാങ്കെ പറയുന്നതനുസരിച്ച് ചരിത്രം എന്നാൽ വളരെ കോഷൽ ആയ ഒന്നാണ്. കാരണം ചരിത്രത്തെ ക്ലോസ് ആയി നിരീക്ഷിക്കുന്നതിൽ നിന്ന് നമുക്ക് ചില യൂണിവേഴ്സൽ നിയമങ്ങൾ കണ്ടെത്താൻ സാധിക്കുകയും അത് അപ്ലൈ ചെയ്ത് ഭാവിയെ മനസ്സിലാക്കാൻ – പ്രെഡിക്ട് ചെയ്യാൻ – സാധിക്കുകയും ചെയ്യും (ഹെഗലും അങ്ങിനെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ തുടക്കത്തിൽ ‘ജെനറൽ സ്വഭാവം’ എന്ന് പറഞ്ഞത്. കാരണം ജർമൻ ഫിലോസഫിയുടെ പല സ്വഭാവവും ഹെഗലിൽ ഇല്ല). ഇതനുസരിച്ച് ഫുട്ബോൾ ചരിത്ര വിരുദ്ധമാണ് -ആന്റി ഹിസ്റ്റോറിക്കൽ – അല്ലെങ്കിൽ ചരിത്ര ബാഹ്യമാണ് – മെറ്റാ ഹിസ്റ്റോറിക്കൽ. അതുകൊണ്ടാണ് 1995 യു എ എഫ് അ ക്ലബ് വേൾഡ് കപ്പിൽ റയൽ സരഗോസയും ആർസണലും തമ്മിൽ നടന്ന കളിയിൽ റയൽ സരഗോസയുടെ മുഹമ്മദ് അലി അമർ ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് സീമാനെ മറികടന്ന് 119.16 മിനിറ്റിൽ ഗോൾ നേടുകയും കപ്പടിക്കുകയും ചെയ്തത്. മറിച്ച് നോക്കുകയാണെങ്കിൽ ഒരു ഗോൾ അടിക്കാൻ ആവശ്യമായ സമയം എന്ന് കണക്കു കൂട്ടപ്പെടുന്ന സകല ടെംപോറൽ കൺസെപ്‌ഷനുകളെയും മറികടന്ന് കഴിഞ്ഞ വർഷം 2017 നവംബർ 7ന് സൗദി അറബിയയിലെ പി എഫ് എഫ് കപ്പിൽ അൽ ഹിലാലിന്റെ നവാഫ് അൽ അബ്ദ് കളി തുടങ്ങി 2 സെക്കൻഡ് ആയപ്പോൾ അൽ ശൊആലയുടെ പോസ്റ്റിലേക്ക് ഗോൾ അടിച്ചതാണ് മറ്റൊരു സംഭവം.

ചുരുക്കത്തിൽ ഏതു രൂപത്തിൽ എങ്ങനെയും രൂപപ്പെടാവുന്ന ഇസ്‌ലാമിക് ആറ്റം (ഇസ്‌ലാമിക വിശ്വാസമല്ല മറിച്ച് ഫിലോസഫിയാണ്) പോലെയാണ് ഫുട്ബോൾ എന്നത്. മറ്റൊരു രസം ഇസ്‌ലാമിക ആറ്റോമിസത്തിൽ ആറ്റത്തെ – ജൗഹർ എന്ന് പറയും – ബോളിന്റെ ഷേപ്പ് ആയ സ്ഫിയറിനോടാണ് ഉപമിച്ചിട്ടുള്ളത് എന്നതാണ്. അതിനാൽ ഫുട്ബോൾ വെച്ച് നമുക്ക് ഒരു പുതിയ വേൾഡ് വ്യൂ തന്നെ സാധ്യമാക്കാനുള്ള പോസിബിലിറ്റി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്.

ഫുട്ബോളും മെറ്റാ-ഹുസ്സേളിയൻ പ്യൂർ ഫിലോസഫിയും

ഴാക് ദെറിദയും ആൽബേർ കമുവും അവരുടെ യുവത്വ കാലത്ത് ഫുട്ബോൾ കളിക്കാരായിരുന്നു. പിന്നെന്തുകൊണ്ടായിരുന്നു അവർ രണ്ടാളും ഫുട്ബോൾ വിട്ട് ഫിലോസഫിയിലേക്ക് –ദെറിദ ഫിനോമിനോളജിയിലേക്കും കമു  എക്‌സിസ്ടെൻഷ്യലിസത്തിലേക്കും – മാറിയത്? ദെറിദ ആ ചോദ്യത്തിന് പറഞ്ഞ മറുപടി വളരെ രസകരമായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. ദെറിദയെ സംബന്ധിച്ചിടത്തോളം “ഫുട്ബോൾ അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണെന്ന്” അദ്ദേഹത്തിന് മനസ്സിലായ കാരണത്താലാണ് അദ്ദേഹം ഫിലോസഫിയിലേക്ക് മാറിയത്. ഏതൊക്കെ അർത്ഥത്തിൽ ആ ‘നിയന്ത്രണം’ എന്ന വാക്കിനെ നമുക്ക് മനസ്സിലാക്കാം? എന്തുകൊണ്ടാണ് ദെറിദക്ക് ഫുട്ബോളിനെ നിയന്ത്രിക്കാൻ കഴിയാത്തത്? ഫിലോസഫിയെക്കാൾ ബുദ്ധിമുട്ടുള്ള ഒന്നാണോ യഥാർത്ഥത്തിൽ ഫുട്ബോൾ? ഒരർത്ഥത്തിൽ ഞാൻ മനസ്സിലാക്കുന്നിത്തോളം ഫിലോസഫി അവസാനിക്കുന്നിടത്താണ് ഫുട്ബോൾ തുടങ്ങുന്നത് – ഒരു അലി ഇസ്സത്ത് ബഗോവിച് ഭാഷയിൽ. കാരണം ഫിലോസഫിയുടെ ഡ്യൂട്ടി ചെയ്യുന്നതോട് കൂടെ എഡ്മണ്ട് ഹുസ്സേൾ പറയുന്ന പല ഫിനോമിനോളജിക്കൽ പരിമിതികളും ഫുട്ബോളിന് ഇല്ല.

എഡ്മണ്ട് ഹുസ്സേളിനെ സംബന്ധിച്ചിടത്തോളം ‘act ruins thought’ ആണ്. കാരണം ചിന്തയുടെ പ്യൂരിറ്റിയെ അത് ആക്ടുകളിലൂടെ മാനിഫെസ്റ് ചെയ്യുന്നതിലൂടെ ഫിലോസഫി നഷ്ടപ്പെടുത്തുന്നുണ്ട്. കാരണം ഫിലോസഫി ഒരു ആക്ട് ആണെങ്കിൽ അതിനു മുൻപോ ശേഷമോ ഒരു ഡിസ്കോഴ്‌സ് പ്രവർത്തിക്കുന്നുണ്ട്. ആ ഡിസ്കോഴ്‌സിനെ ഫിലോസഫിക്ക് ഒഴിവാക്കാൻ സാധിക്കുകയില്ല. അങ്ങനെ സാധിക്കാത്ത കാലത്തോളം ഫിലോസഫി അതിനു പുറത്തുള്ള ഒന്നിലാണ് വാലിഡിറ്റി കണ്ടെത്തുന്നത്. ജിയോർജിയോ അഗംബനെ പോലുള്ളവർ പോലും ഫിലോസഫിക്ക് എൻഗേജ് ചെയ്യാൻ ഒരു പ്രത്യേക ഒരു സബ്ജക്ട് ഉണ്ട് എന്ന് പറയുന്നതിലൂടെ അത് തന്നെയാണ് പറയുന്നത്. അതിനാൽ ഫിലോസഫി പ്യൂർ ആയ ഒന്നല്ല. ‘പ്യൂർ ഫിലോസഫി’ എന്ന ഒന്ന് ആ അർത്ഥത്തിൽ നിലനിൽക്കുന്നുമില്ല.

എന്നാൽ ഫുട്ബോൾ അങ്ങനെ അല്ല. ഫിലോസഫി ചെയ്യുന്ന അതേ ഡ്യൂട്ടി ഫുട്ബോളും ചെയ്യുന്നുണ്ട്. കാരണം സിസെക് എല്ലാം പറയുന്നതനുസരിച്ച് ഫിലോസഫി എന്നാൽ ‘ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു ടൂൾ അല്ല’ മറിച്ച് ‘നമ്മൾ ചിന്തിക്കുന്നത് തന്നെ തെറ്റായ രീതിയിലാണ്’ – അതായത് നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരത്തിലല്ല മറിച്ച് നമ്മുടെ ചോദ്യത്തെ നിർമ്മിക്കുന്ന ചിന്തകളുടെ രീതിശാസ്ത്രം തന്നെയാണ് തെറ് – എന്ന് മനസ്സിലാക്കി തരലാണ് ഫിലോസഫിയുടെ ഡ്യൂട്ടി. അതനുസരിച്ച് നമ്മുടെ ചിന്തയെ സ്വാധീനിക്കുന്ന കോഷാലിറ്റി, ലീനിയാരിറ്റി, പ്രെഡിക്റ്റബിലിറ്റി മുതലായ കാര്യങ്ങളുടെ പരിമിതികളെ വ്യക്തമാക്കി തരുന്നതിലൂടെ ഫുട്ബോളും ഫിലോസഫിയുടെ ഡ്യൂട്ടി ആണ് ചെയ്യുന്നത്. എന്നാൽ ഹുസ്സേൾ പറയുന്ന പരിമിതിയെയും ഫുട്ബോൾ മറികടക്കുന്നുണ്ട്. കാരണം ഫുട്ബോളിന് മൂന്നോ ശേഷമോ ഒരു ഡിസ്‌കോഴ്‌സും നിലനിൽക്കുന്നില്ല. കാരണം അത് സ്വയം ഒരു ആക്ട് തന്നെയാണ്. ചരിത്രമില്ലാത്ത ഒരു ആക്ട്. ആ അർത്ഥത്തിൽ ഫുട്ബോൾ എന്നാൽ പ്യൂറെസ്റ് ഫോം ഓഫ് ആക്ട് ആണ്. കാരണം യുവെന്റസുമായുള്ള സെക്കന്റ് ലെഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ച ബൈസിക്കിൾ ഷോട്ട് ക്രിസ്റ്റ്യാനോ ഒരിക്കലും പ്രതീക്ഷിച്ചു ചെയ്ത ഒന്നല്ലായിരുന്നു, മറിച്ച് ഒരു പ്യൂർ ആക്ട് മാത്രമായിരുന്നു അത്. കാരണം അവിടെ ‘ആക്ട്’ ക്രിസ്റ്റ്യാനോയുടെ സെൽഫിനെ വരെ മറികടന്ന ഒരു മൊമെന്റായിരുന്നു അത്. കാരണം അതിനു ശേഷം ബി ബി സി പുറത്ത് വിട്ട ചിത്രത്തിൽ എന്താണ് സംഭവിച്ചതെന്നറിയാതെ നിലത്ത് കിടന്ന് പോസ്റ്റിലേക്ക് നോക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രമായിരുന്നു കാണിച്ചിരുന്നത്.

ഇങ്ങനെ നോക്കുമ്പോൾ ദെറിദക്കും, കമുവിനും – എന്നല്ല ഫിലോസഫേഴ്സിന് ഒരാൾക്കും – ഒരിക്കലും നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല ഫുട്ബോൾ. കാരണം ഫുട്ബോൾ എന്നാൽ ഒരു പോസ്റ്റ്-ഫിലോസഫിക്കലും മെറ്റാ-ഹുസ്സേളിയനും ആയ മൊമെന്റ് ആണ്. യഥാർത്ഥത്തിൽ ഫുട്ബാൾ ആണ് –പരിമിതികളില്ലാത്ത – പ്യൂർ ഫിലോസഫി.

ഫുട്ബോളും ഓപ്പൺ ഹോളും; ഒരു ഇൻഫിനിറ് സാധ്യത

‘പരിതികളുണ്ട്, എന്നാൽ ആ പരിതികൾക്കകത്ത് ഇൻഫിനിറ്റായ സാധ്യതകളുമുണ്ട്’ ഇതിനെയാണ് ലോറ യൂ മാർക്സ് ‘ഓപ്പൺ ഹോൾ’ (open whole) എന്ന് വിളിച്ചത്. ആധുനിക ഫിലോസഫിയും – പ്രപഞ്ചം എൻഡ് ഇല്ലാതെ ഓപ്പൺ ആണ് – ആൻഷ്യന്റ ഫിലോസഫിയും – പ്രപഞ്ചത്തിന് ഒരു എൻഡ് ഉണ്ട് അതിനാൽ പ്രപഞ്ചം ഹോൾ ആണ് – ഒരുമിക്കുന്ന ഒരു തലത്തിനാണ് മാർക്സ് അങ്ങനെ പേര് നൽകുന്നത്. ഈ ഒരർത്ഥത്തിൽ ഫുട്ബോൾ ആധുനിക ഫിലോസഫിയും ആൻഷ്യന്റ ഫിലോസഫിയും ഒന്നിക്കുന്ന ഒരു പോയിന്റ് ആണ്. കാരണം ഫുട്ബോൾ ഫീൽഡിനെ ഒരു ലിമിറ്റുള്ള യൂണിവേഴ്‌സ് ആയി സങ്കൽപ്പിച്ചാൽ, അതിനകത്തുള്ള സാധ്യതകൾ ഇൻഫിനിറ് ആണ്. മാർക്സ് തന്നെ ടർക്കിഷ് കാർപെറ്റുകളിലെ വരയുടെ ഡിസൈനുകൾ അതിന്റെ പരിതിക്കകത്ത് എങ്ങനെയൊക്കെയാണ് ഇൻഫിനിറ് സാധ്യതകൾ തീർക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട് (കാർപെറ്റിന്റെയും ഫുട്ബോൾ ഗ്രൗണ്ടിന്റെയും ഷേപ്പ് ഒന്നാണെന്നും മറക്കണ്ട – റെക്ടാങ്കിൾ). പരിതിക്ക് പുറത്ത് കടക്കാതെ തന്നെ അവ ഇൻഫിനിറ്റിയെ അന്വേഷിക്കുന്നു.

ഇവിടെയാണ് ക്രിക്കറ്റും ഫുട്ബോളും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാകുന്നത്. ക്രിക്കറ്റിന്റെ ഇൻഫിനിറ്റി ലിമിറ്റുകൾക്ക് – ബൗണ്ടറികൾക്ക് – പുറത്തേക്ക് ഒരു – ഴിൽ ദിൽയൂസും ഫെലിക്സ് ഗുത്താരിയും പറഞ്ഞ – അബ്സോലൂട് ലൈൻ ആയി നീങ്ങുമ്പോൾ (ഇറാനിലെ യസ്ദിലെ ജുമുഅ മസ്ജിദിന്റെ ഡോം പോലെ), ഫുട്ബോളിൽ ആ അബ്സോലൂട് ലൈൻ വളഞ്ഞു, തിരിഞ്ഞു അൺ കൺട്രോളബിൾ ആയ ഒരു നോൺ ലീനിയർ ഇൻഹെറന്റ് ഇൻഫിനിറ്റി തീർക്കുന്നു. അതിനാൽ ലിമിറ്റഡ് ആയ ഈ യൂണിവേഴ്സിനെ അതിന്റെ ഏറ്റവും നല്ല സൗന്ദര്യത്തിൽ അവതരിപ്പിക്കുന്നത് ക്രിക്കറ്റിനേക്കാൾ ഫുട്ബോൾ ആണ്.

ഇവിടെ ‘ലിമിറ്’ എന്ന ആശയവും ‘ഇൻഫിനിറ്റി’ എന്ന ആശയവും പ്രധാനമാണ്. സുഹൃത്ത് മിഥുൻ മോഹനും, കൗശൽ സാപ്രെയും കൂടി ചെയ്ത ‘Heisenberg’s Microscope’ എന്ന ആർട് വർക്കിൽ ഒരു രസകരമായ ഇൻഫർമേഷൻ പറയുന്നുണ്ട്. ഈ ലോകത്ത് ആകെ ഉള്ള – സാധ്യതയുള്ള – ആറ്റങ്ങളുടെ എണ്ണം 10^81 ആണ്. എന്നാൽ ചെസ്സ് ബോർഡിലെ 64 കള്ളികൾക്കുള്ളിൽ സാധ്യമായ നീക്കങ്ങളുടെ എണ്ണം 10^120 ആണ്. നീക്കങ്ങൾക്ക് ഗ്രാമർ ഉള്ള ചെസ്സിൽ ഇത്രയധികം സാധ്യതകൾ ഉണ്ടെങ്കിൽ ഗ്രാമർ ഇല്ലാത്ത ഫുട്ബോളിന്, ഫുട്ബോൾ ഫീൽഡിനകത്തെ സാധ്യത എത്രയായിരിക്കും? നമുക്ക് ചിന്തിക്കാൻ കഴിയില്ല. അത്രയും അനന്തമാണ് ഫുട്ബോൾ ഫീൽഡ്.

എന്നാൽ യൂക്ലിഡിയൻ, അവിസെന്നിയൻ ജിയോമെട്രിക്ക് രീതികളിൽ നിന്ന് – ചെസ്സിലുള്ള ഗ്രാമറിൽ നിന്ന് – സ്വാതന്ത്രമാവുന്നതോടെ ഫുട്ബോൾ ഒരു ജിയോമെട്രിക്കലി ഡിറ്റർമൈൻ ചെയ്യാൻ സാധിക്കാത്ത കോഹെറെൻസിനെയാണ് പരിചയപ്പെടുത്തുന്നത്. അതിനാൽ കൊഹെറൻസ് എന്ന ആശയത്തെ തന്നെ – അതിന്റെ ഗ്രാമർ ഇല്ലായ്‌മയിലൂടെ – ഫുട്ബോൾ പൊളിച്ചെഴുതുന്നുണ്ട്. അതിനാൽ ഫുട്ബോൾ ഒരു ‘grammar-less coherence’ ആണ്. അതിനാൽ ഒരു പ്രപഞ്ചത്തെ നല്ല രീതിയിൽ കൊഹറന്റായി നിലനിർത്താൻ ഒരു ജിയോമെട്രിക്കൽ ഹാർമണി ആവശ്യമാണ് എന്ന ഗ്രീക്ക് കാഴ്ചപ്പാടിനോടുള്ള ഒരു ക്രിട്ടിക് കൂടിയാണ് ഫുട്ബോൾ.

ഈ ഒരർത്ഥത്തിൽ ഫുട്ബോളിനെ ഒരു ‘തിബാഖ്’ ആയി മനസിലാക്കാം. കാരണം തിബാഖ് എന്നാൽ പാരഡോക്സുകൾ യോജിക്കുന്ന ഇടമാണ്. അപ്പോൾ ഇവിടെ, കൊഹറൻസ് ഉണ്ടാവുക എന്നതും, അതിന് ഗ്രാമർ ഇല്ലാതിരിക്കുക എന്നതും ഒരിക്കലും ഒരുമിച്ചു നടക്കാത്ത കാര്യമാണ് – പാരഡോക്സുകളാണ്. എന്നാൽ ഫുട്ബോളിൽ ആ പാരഡോക്സുകൾ ഒന്നിക്കുന്നു.

ഫുട്ബോളും പെർഫോമേറ്റീവ് ആർട്ടും; ചില ഹെയ്‌ഡഗേറിയൻ ഇല്ലായ്മകൾ

ഇനി ഫുട്ബോളിനെ നമുക്കൊരു പെർഫോർമേറ്റീവ് ആർട് ഫോമായി കാണാം. കാരണം സിനിമയെയും, മറ്റു മൂവിങ് ആക്ടുകളെയും മറികടക്കുന്ന ഫുട്ബോൾ അവ നിൽക്കുന്ന ആർട് ഫോമിൽ തന്നെയാണ് നിൽക്കുന്നത്. ഡാൻസും, ആക്റ്റിംഗും, മറ്റു പെർഫോമൻസുകളും പോലെ ഫുട്ബോളും ഒരു പെർഫോമൻസ് ആണെന്ന് മനസ്സിലാക്കാൻ നമുക്ക് ചില ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ടീമുകളുടെ കളി കണ്ടാൽ മാത്രം മതി. കളിക്കിടയിലും, ഗോളുകൾക്ക് ശേഷവും അവരുടെ ബോഡികൾ 100% പെർഫോമെറ്റീവ്‌ ആകുന്നു.

ഴാക് ദെറിദ പെർഫോമേറ്റീവ് ആക്ടുകളെ കുറിച്ച് നിരീക്ഷിക്കുന്നിടത്ത് ‘പ്രെസെൻസ്’ (സാന്നിദ്ധ്യം) എന്ന ഒരു ആശയത്തെ കുറിച്ച് പറയുന്നുണ്ട്. മതകീയ റിച്വലുകളെ കുറിച്ച് പറയുന്നിടത്താണ് ഇത് സൂചിപ്പിക്കുന്നത്. ദെറിദ പറയുന്നത് ‘ഒരു പെർഫോമേറ്റീവ് ആക്ടിൽ – മതകീയ റിച്വലിൽ – ഏർപ്പെടുന്ന സമയത്ത് ഒരു വ്യക്തി അവന്റെ സെൽഫിൽ നിന്ന് തന്നെ ആബ്‌സെന്റായിരിക്കും’ എന്ന്. കാരണം പെർഫോമേറ്റീവ് ആക്ടുകൾ – റിച്വലുകൾ – സെൽഫിനെ മുൻകടക്കുന്നു. ദെറിദ പിന്നീട് പറയുന്നുണ്ട്, അതിന് അവിടെ സെൽഫിന്റെ കോൺഷ്യസ്നെസോ ഇന്റെൻഷണൽ പ്രസൻസോ ആവശ്യമില്ല, മറിച്ച് ബോഡിലി പ്രസൻസ് മാത്രം മതി എന്ന്. ഇതിനെ ബ്രിയാൻ മസൂമി ‘ദ ഓട്ടോണമി ഓഫ് അഫക്ട്’ എന്നാണ് വിളിക്കുന്നത്. ഇവിടെ ഒരു പ്യൂർ പെർഫോർമേറ്റീവ് ആക്ട് എന്ന നിലയിൽ നോക്കുകയാണെങ്കിൽ, ഈ നിലക്ക് സെൽഫിൽ നിന്ന് തന്നെ കളിക്കാരനെ വേർപെടുത്തുന്നത്തിലൂടെ ഫുട്ബോൾ ‘വ്യക്തി’ ‘സമൂഹം’ എന്ന കൺവെൻഷനൽ ബൈനറിയിൽ നിന്ന് വേൾഡ് വ്യൂവിനെ തിരിക്കുകയാണ് ചെയ്യുന്നത്. അതായത് ഒരു സെൽഫും, സോഷ്യലും അല്ലാത്ത എക്‌സിസ്റ്റൻസിനെയാണ് ഫുട്ബോൾ സാധ്യമാക്കുന്നത്. യഥാർത്ഥത്തിൽ ഒരു കളിക്കാരന് പേഴ്‌സണൽ ഇമോഷൻ അല്ല ഉണ്ടാവുന്നത്, മറിച്ച് അനുഭവത്തിന്റെ ഒരു ഫ്രീ ഫ്ലോട്ടിങ് ആധിക്യമാണുണ്ടാവുന്നത്. ഇനി അതല്ലാതെ ഫുട്ബോളിനെ ഒരു റിച്വലായും മനസ്സിലാക്കാം. കാരണം എഡ്‌വേഡ്‌ ഗലാനോയുടെ ഭാഷയിൽ ‘നാസ്തികരില്ലാത്ത മതമാണ് ഫുട്ബോൾ’. അപ്പോൾ ആ മതത്തിന്റെ റിച്വലാണ് ഓരോ പെർഫോർമേറ്റീവ് മാച്ചും.

മാർട്ടിൻ ഹെയ്‌ഡഗറുടെ ഭാഷയിൽ ഈ സെൽഫ്ലെസ്നെസ്സിനെ ഒരു ‘ബീയിങ് ഔട്ട് ഓഫ് ദ വേൾഡ്’ ആയി നമുക്ക് മനസ്സിലാക്കാം. കാരണം അതുകൊണ്ടാണ് റൊണാൾഡീഞ്ഞോ ഗാച്ചോ ‘കളിക്കുമ്പോൾ താൻ തന്നെ തന്നെ മറന്നു പോകാറുണ്ടെന്ന്’ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇനി ഇമ്മാനുവൽ ലീവിനാസിന്റെ അടുക്കൽ ഇത്തരം മറക്കലുകളാണ് ജീവിതത്തിന് ‘മീനിങ്’ നൽകുന്നത്. അതനുസരിച്ച് ഫുട്ബോൾ പല ജീവിതങ്ങൾക്കും – കളിക്കാർക്കും കാണികൾക്കും – മീനിങ് നൽകുന്നുണ്ട്. ഈ ഒരു ഇല്ലായ്മയാകാം – സെൽഫിന്റെ – ചിലപ്പോൾ ഫുട്ബോളിനെ ലോകത്ത് നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഫുട്ബോൾ എന്ന പ്രാക്‌സിസും എംബോഡിമെന്റും

ഫുട്ബോൾ എന്തെങ്കിലും നിർമ്മിക്കാനുള്ള കളിയാണോ? അല്ല എന്നാണ് അതിനുത്തരം. കാരണം ഗോൾ അടിക്കുക എന്നത് കളിയുടെ ചെറിയൊരു ഭാഗം മാത്രമാണ്. മറിച്ച് ഫുട്ബോൾ എന്നാൽ ഒരു ‘വേ ഓഫ് ബീയിങ്’ ആണ്. അതുകൊണ്ടാണ് റെനേ ഹിഗ്വിറ്റയെയും, ഒലിവർ ഖാനെയും, കഫുവിനെയും എല്ലാം മറഡോണക്കും, പെലേക്കും, ജേഡ് മുള്ളർക്കുമൊപ്പം ലോകം സ്നേഹിച്ചത്. അതിനാൽ ഫുട്ബോൾ ഒരു ‘പോയെസിസ്’ – എന്തെങ്കിലും നിർമ്മിക്കാനുള്ള പ്രവർത്തനം – അല്ല മറിച്ച് ഒരു ‘പ്രാക്‌സിസ്‌’ ആണ് – സ്വയം സമ്പൂർണ്ണമായ ഒരു ആക്ട്. കാരണം ഫുട്ബോളിനെ നിർണ്ണയിക്കുന്നത് ബോൾ എവിടെ എത്തുന്നു എന്നതല്ല, മറിച്ച് കളിക്കാരന്റെ ബോഡിയാണ്. ബോഡി മൂവ്മെന്റുകൾ തന്നെയാണ് ഫുട്ബോൾ – അതിനപ്പുറമോ ഇപ്പുറമോ അല്ല. 1980 കൾക്ക് മുൻപുള്ള ബ്രസീൽ ടീമിന്റെ ഫുട്ബോൾ കളിയും സാംബാ നൃത്തവും തമ്മിൽ വേർതിരിക്കാൻ സാധിക്കാത്ത രൂപത്തിലുള്ളവയായിരുന്നു.

ഈ രൂപത്തിൽ ഫുട്ബോൾ എന്നത് കുറച്ച് സെൽഫുകളും ഒരു ബോളും തമ്മിലുള്ള എൻഗേജ്മെന്റ് അല്ല. കാരണം അവിടെ ബോൾ എന്നത് സെൽഫിനു പുറത്ത് നിൽക്കുന്ന ഒന്നല്ല മറിച്ച് സെൽഫിൽ തന്നെ എംബോഡീഡ് ആയ ഒന്നാണ്. ബോൾ സെൽഫിനു പുറത്തുള്ള ഒന്നല്ല അവിടെ. അതുകൊണ്ടാണ് നേരത്തെ പറഞ്ഞത് സാധ്യമാവുന്നത്. കാരണം ബോൾ സെൽഫിനു പുറത്തുള്ള ഒന്നായിരുന്നെങ്കിൽ ബോൾ ആയിരുന്നു ഫുട്ബോൾ എന്ന കളിക്ക് മീനിങ് നൽകുന്നുണ്ടാവുക. എന്നാൽ അങ്ങിനെയല്ല മറിച്ച് ബോഡിയാണ് – ബോൾ അടങ്ങിയ ബോഡി – മീനിങ് നൽകുന്നത്. അതിനാൽ, ബോൾ എങ്ങനെ നീങ്ങിയാലും ഫുട്ബോൾ മീനിങ്ങ്ഫുൾ ആകുന്നു. അതുകൊണ്ടാണ് പരാജയം പോലും ഫുട്ബോളിൽ ആഘോഷമാകുന്നത്. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ട ലിവർപൂളിനോട് കൂടെ ലോകം നിന്നതും അതുകൊണ്ടാണ്. ഇവിടെ ബോൾ ഒരു മീനിങ്ങിനെ നിർമ്മിക്കുക എന്നതിലുപരി, ബോൾ തന്നെ – കളിക്കാരനും കാണിയും – ആഗ്രഹിക്കുന്ന രൂപത്തിൽ ഒരു മീനിങ് ആയി സ്വയം രൂപപ്പെടുകയാണ് ചെയ്യുന്നത്. കാരണം ഒരു സബ്ജക്ട്-ഒബ്ജക്ട് ബൈനറിയിൽ നിൽക്കുമ്പോഴാണ് മീനിങ് എന്നൊരാശയം ഉയർന്നു വരുന്നത്. കാരണം അവിടെയാണ് സബ്ജക്ടായ കളിക്കാരന് അല്ലെങ്കിൽ കാണിക്ക് – അവർക്ക് പുറത്ത് നിൽക്കുന്ന – ഒബ്ജക്ടായ ബോളിനെ ഉൾക്കൊള്ളേണ്ടി വരുന്നത് – അതിനാൽ അർത്ഥം വേണ്ടി വരുന്നത്. അതൊരു തരത്തിൽ നൊമാഡിക് ആയ ഒരു ബോളിനെ ‘ഇൻ-നൊമാഡിക്’ ആയ ഒന്ന് കൊണ്ട് കെട്ടിയിടുന്ന പോലെയാകും. നൊമാഡിക് ആയ ഒന്നിനെ ക്യാപ്ചർ ചെയ്യുക എന്നത് ഒരിക്കലും നൊമാഡിക് അല്ല.

അതിനാൽ ചുരുക്കത്തിൽ നമുക്ക് ഫുട്ബോളിനെ കോമ്പ്രെഹെൻഡ് ചെയ്യാനോ അതിനെ കുറിച്ച് ചിന്തിക്കാനോ സാധ്യമല്ല, മറിച്ച് അതിനെ അതിന്റെ ഫ്ലോയിങ് ഇൻഫിനിറ്റിയിൽ അനുഭവിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഫിലോസഫി വിട്ട് ജോയ് ബാർട്ടൻ ഫുട്ബോളിലേക്ക് വന്നതും, ഹോസെ മൗറീന്യോയെയും, ആന്ദ്രേ പിർലോയെയും പോലുള്ള നൊമാഡിക് ഫിലോസഫേഴ്സിനെ ഫുട്ബോൾ നിർമ്മിച്ചതും. ‘ദ പ്രൊഫസർ’ എന്ന് വിളിപ്പേരുള്ള പിർലോയുടെ മോട്ടോ തന്നെ ‘ഐ പ്ലേയ്, ദേർഫോർ ഐ ആം’ എന്നാണ്. പിർലോയെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ എന്നാൽ ഇൻഫിനിറ് ആയ മൂവ്മെൻറ്സ് ആണ്. അതുകൊണ്ടാണ് “I am a bit of wandering gypsy in the field” എന്ന് പിർലോ പറഞ്ഞത്. അതായത് ഫുട്ബോൾ എന്നാൽ പിർലോയെ സംബന്ധിച്ചിടത്തോളം ഒരു സ്പിനോസയൻ നൊമാഡിക് ആക്ടാണ്.

മലപ്പുറത്തെ പന്തുകളിയും മാപ്പിള നൊമാഡിസവും

അവസാനമായി ഒരു കാര്യം കൂടി അന്വേഷിച്ചു അവസാനിപ്പിക്കാം. എന്തുകൊണ്ടാണ് ഞാനടങ്ങുന്ന മലപ്പുറത്തെ മാപ്പിളമാർക്ക് പന്തുകളി – ഫുട്ബോൾ – ഇത്ര പ്രധാനമാകുന്നത്? എന്താണ് മറ്റൊരു കളിക്കും നൽകാത്ത പ്രാധാന്യം മലപ്പുറത്തുകാർ പന്തുകളിക്ക് നല്കുന്നത്? അതിന്റെ കൊളോണിയൽ സ്വാധീനത്തെ കുറിച്ചുള്ള പല പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ആ ഫുട്ബോൾ പ്രേമത്തിന് മറ്റൊരു തലമുണ്ട്. ഒരു മാപ്പിള നൊമാഡിസത്തിന്റെ തലം. നൊമാഡ്‌ എന്നാൽ – ലോറ യൂ മാർക്സ് പറയുന്നു – ബറൂക് സ്പിനോസയെ സംബന്ധിച്ചിടത്തോളം ഫ്ലൂയിഡ് ആയ ഒരവസ്ഥയാണ്. അല്ലെങ്കിൽ ഫ്ലൂയിഡിറ്റിയോടുള്ള – ഫ്ലൂയിഡ് ആകാനുള്ള – അതിയായ സ്നേഹമാണ്. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന – നൊമാഡിക് – ഫുട്ബോളിനെ ‘ആരാധിക്കുന്നതിലോടെ’ മലപ്പുറത്തുകാരുടെ നിരന്തരം സ്വതന്ത്രരാവാനുള്ള ആന്തരിക ഡിസൈർ ആണ് വ്യക്തമാവുന്നത്. അതൊരർത്ഥത്തിൽ സകല പരിമിതികളെയും മറികടക്കാനുള്ള ഒരു ഡ്രൈവ് കൊണ്ടാകാം. ഒരുപാട് ശുഹദാക്കളെ സംഭാവന ചെയ്ത മലപ്പുറത്തെ മുസ്ലിം രക്തത്തിൽ അലിഞ്ഞു ചേർന്ന ഫിക്സേഷനുകളോടുള്ള റാഡിക്കൽ ലിബറേറ്ററി ഡിസ്ട്രസ്റ് ആകാം ചിലപ്പോൾ അത്. അതിനാൽ മലപ്പുറത്തെ ഫുട്ബോൾ പ്രേമം ലബനാനിലെ യുദ്ധത്തെരുവുകളിലൂടെ 100+ സ്പീഡിൽ വണ്ടിയും കൊണ്ട് ചീറിപ്പായുന്ന ലെബനീസ് യുദ്ധ വിരുദ്ധ നൊമാഡുകളുടെ അഫർമേഷനോടുള്ള ക്രിട്ടിക്കിന്റെ ഒരു മാപ്പിളാ വേർഷനായും നമുക്ക് മനസ്സിലാക്കാം.

ഇതിനെ അറബ് ഫിലോസഫിയിൽ ‘സഫർ’ അല്ലെങ്കിൽ ‘മുസാഫിർ’ എന്ന സങ്കൽപ്പവുമായി നമുക്ക് ചേർത്തു വായിക്കാം. സഫറിനോടുള്ള അല്ലെങ്കിൽ മുസാഫിറാവാനുള്ള, സകലതിനെയും മറികടക്കാനുള്ള, പുതിയ ഇൻഫിനിറ്റികൾ കണ്ടെത്താനുള്ള – ഹെൻറി കോർബിൻ എല്ലാം പറയും പോലെ ‘വേൾഡ് ഓഫ് സോളിനും (ആലമുൽ അർവാഹ്) വേൾഡ് ഓഫ് ഫെയ്ട് (ആലമുൽ ഹിസാബ്) ഇടയിലുള്ള ഈ ഭൂമിയിൽ മനുഷ്യർ വെറും മുസാഫിറുകൾ മാത്രമാണെന്ന ചിന്ത ഉൾക്കൊണ്ട ഒരു ‘മാപ്പിള വിശ്വാസത്തിന്റെ’ (ഇത് ആലിമീങ്ങളിൽ നിന്ന് നേരിട്ട് കിട്ടിയതാവാം ആവാതിരിക്കാം – എന്താണെങ്കിലും മലപ്പുറം എന്ന ജിയോഗ്രഫിയിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഒരു വിശ്വാസമാണത്) ഭാഗം. അതായത് ചുരുക്കത്തിൽ മലപ്പുറത്തുകാരുടെ ‘പന്തുകളി ഭ്രാന്ത്’ അവരുടെ ഡെയിലി ലൈഫിനെ സാധ്യമാക്കുന്ന ഒന്നായി നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടാകണം തറാവീഹിനും, ജുമുഅക്കുമെല്ലാം മാപ്പിളക്കുട്ടികൾ മെസ്സിയുടെയും, സലയുടെയും, റൊണാൾഡോയുടെയും എല്ലാം ജേഴ്‌സികളിട്ട് വരിവരിയായി സഫുകളിൽ നിൽക്കുന്നത് മലപ്പുറത്തെ പള്ളികളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ​

Comments are closed.