എത്തിക്സിനെ കേന്ദ്രീകരിച്ച് ഇസ്‌ലാമിക ലോകം വികസിപ്പിച്ച വൈജ്ഞാനിക വ്യവഹാരങ്ങളാണ് ‘അഖ്‌ലാക്ക്’ എന്ന പേരിൽ അറിയപ്പെടുന്നത്. ഗാർഹികവും, വിശാലാർത്ഥത്തിൽ സാമൂഹകവുമായ തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമ്മിക ബോധം വളർത്തിയെടുക്കുന്നതിലാണ് ‘അഖ്‌ലാക്ക്’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫൽസഫയുടെ ഭാഗമായ പ്രായോഗിക തത്ത്വചിന്ത എന്ന ജ്ഞാന ശാഖയുടെ ഭാഗമായാണ് അഖ്‌ലാക്ക് ഇസ്‌ലാമിക ലോകത്ത് സജീവമാകുന്നത്. അഖ്‌ലാക്ക് എന്ന അറബി പദം അളക്കൽ, നിർമ്മാണം എന്നെല്ലാമാണ് അർത്ഥമാക്കുന്നത്. അളക്കുക, അനുപാതം നിർണ്ണയിക്കുക, അല്ലെങ്കിൽ അളവിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുക എന്നെല്ലാം അർത്ഥമുള്ള ഖ-ൽ-ക് എന്ന ധാതുവിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്. ദൈവത്തിന്റെ ആകാശ ഭൂമികളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയും സൃഷ്ടിപ്പിനെ വിവരിക്കാൻ ഖുർആൻ ഉപയോഗിക്കുന്ന ക്രിയയും ഖലക്ക എന്നതാണ്. ഖുൽക്ക് എന്ന വ്യുൽപ്പന്ന പദം ദൈവത്തിന്റെ സൃഷ്ടിപ്പിന്റെ ഫലമായി അവനിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന മനുഷ്യന്റെ യഥാർത്ഥ പ്രകൃതിയെയോ, സ്വഭാവത്തെയോ സൂചിപ്പിക്കുന്നു. അതിനാൽ, തഹ്‌ദീബി അഖ്‌ലാക്ക് (സ്വഭാവം നവീകരിക്കുക) എന്ന സംജ്ഞ സൃഷ്ടിപ്പിനെയും, പ്രകൃതത്തെയും, വ്യക്തിയുടെ പെരുമാറ്റത്തിലെ അനുപാതത്തെയും ഒരുപോലെ സൂചിപ്പിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ പ്രകൃതത്തിന് അനുസൃതമായിട്ടായിരിക്കണം പെരുമാറേണ്ടത് എന്നതാണ് ‘അഖ്‌ലാക്ക്’ എന്ന വിജ്ഞാന ശാഖയുടെ അടിസ്ഥാന ആശയം. അഖ്‌ലാക്കിന്റെ നിർവ്വചനത്തിൽ ഇമാം ഗസ്സാലി (റ) അതിനോട് ഏറ്റവും അടുത്തതായി ഹൃദയം എന്നർത്ഥമുള്ള ‘ഖു’ എന്ന പദം ഉപയോഗിക്കുന്നുണ്ട്. അഖ്‌ലാക്ക് പണ്ഡിതനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സൃഷ്ടികളിൽ മനുഷ്യർക്കാണ് ഏറ്റവും യുക്തിയുള്ളത് എന്നതിനാൽ ഇടപാടുകളിൽ ധാർമ്മികത പുലർത്തൽ അവന്റെ ബാധ്യതയാണ്. നഫ്സിന്റെ (ശരീരത്തിന്റെ) പ്രകൃതം ദൈവം നിർണ്ണയിച്ചതാണ് എന്നതിനാൽ എത്തിക്സ് (അഖ്‌ലാക്ക്) പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നതിലൂടെ ധാർമ്മികമായ ജീവിതം രൂപപ്പെടുത്താനുള്ള കഴിവ് എല്ലാവർക്കുമുണ്ട്. വ്യക്തിഗത സ്വഭാവം അല്ലെങ്കിൽ പ്രകൃതം എന്നീ അർത്ഥങ്ങളുള്ള ഖുൽക്ക് എന്ന പദം നിഷ്പക്ഷതയെ സൂചിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഖുൽക്കിന്റെ ബഹുവചനമായ ‘അഖ്‌ലാക്ക്’ എന്ന പദത്തിന് സമാനർത്ഥത്തിലുള്ള എത്തിക്സ് എന്ന ഗ്രീക്ക് പദവുമായി സാദൃശ്യതയുണ്ട്. ഇസ്‌ലാമിക, ഗ്രീക്ക് പാരമ്പര്യങ്ങളിൽ ബഹുവചന രൂപത്തിന്റെ ഉപയോഗം സൂചിപ്പിക്കുന്നത് ധാർമ്മിക സ്വഭാവവും, സെൽഫിന്റെ നിയന്ത്രണവും രൂപപ്പെടുത്തുന്ന വൈവിധ്യം നിറഞ്ഞ പെരുമാറ്റ രീതികൾ ഉണ്ട് എന്നതിലേക്കാണ്.
അഖ്‌ലാക്കും ഗ്രീക്ക് ഫിലോസഫിയും
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക് എത്തിക്സിനെക്കുറിച്ചുള്ള മിക്ക പഠനങ്ങളും അഖ്‌ലാക്ക് ഗ്രന്ഥങ്ങളെ ഇസ്‌ലാമികവും അല്ലാത്തതുമാക്കുന്ന ഘടകങ്ങളെന്തെല്ലാമാണ് എന്ന് മാത്രം അന്വേഷിക്കുന്നതിൽ വ്യാപൃതമാവുന്നുണ്ട്. ഇത്തരം അന്വേഷണങ്ങൾ അഖ്‌ലാക്ക് രചകൾക്ക് പ്ലേറ്റോയുടെയും, അരിസ്റ്റോട്ടിലിന്റെയും എത്തിക്സിനെക്കുറിച്ചുള്ള രചനകളുമായുള്ള ഘടനാപരമായ സാമ്യതകൾ കണ്ടെത്തുന്നതിൽ പരിമിതപ്പെടുന്നവയാണ്. അഖ്‌ലാക്ക് രചനകളുടെ ‘ഇസ്‌ലാമികത’ കണ്ടെത്തനുള്ള ശ്രമങ്ങൾ പ്രധാനമായും ഗ്രീക്ക് തത്ത്വചിന്തയുടെ അനുകരണമാണ് ഇസ്‌ലാമിക തത്ത്വചിന്ത എന്ന ഓറിയന്റലിസ്റ്റ് ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിനുമുമ്പ് അഖ്‌ലാക്കിനെക്കുറിച്ചുള്ള പ്രധാന ഓറിയന്റലിസ്റ്റ് ആരോപണം ഈ രചനകൾ, പ്രത്യേകിച്ച് തൂസിയുടെയും, ദവാനിയുടെയും കൃതികൾ, പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങളിലെ ആശയങ്ങൾ പുനർനിർമ്മിക്കുകയായിരുന്നു എന്നതാണ്. ഉയർന്ന ദാർശനിക ചിന്തകളിൽ കുത്തക അവകാശപ്പെടുക എന്ന ലക്ഷ്യത്തിൽ കോളനിവത്കൃത മുസ്‌ലിം ജനതയുടെ ബൗദ്ധിക പൈതൃകത്തെ നിഷേധിക്കുകയായിരുന്നു ഓറിയന്റലിസ്റ്റുകളുടെ ഇത്തരം ആരോപണങ്ങളുടെ പ്രചോദനമെന്ന് ഒലിവർ ലീമാൻ എഴുതുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ജോർജ്ജ് ഹൊറാനി, മജിദ് ഫക്രി തുടങ്ങിയ പണ്ഡിതന്മാർ ഈ ഗ്രന്ഥങ്ങളെ പകർപ്പുകളായിട്ടല്ല, മറിച്ച് അവയുടെ ഒറിജിനലുകളുടെ താരതമ്യങ്ങളും, ഇസ്‌ലാമിക അനുരൂപങ്ങളുമായി പഠിക്കാൻ ശ്രമിച്ചു. പിൽക്കാലത്ത്, സയ്യിദ് ഹുസൈൻ നസ്ർ, ലീമാൻ തുടങ്ങിയവർ ഇസ്‌ലാമിക് എത്തിക്സ് ഇസ്‌ലാമിക ലോകവീക്ഷണത്തെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയ ഗ്രീക്ക്, ഇന്ത്യൻ, പേർഷ്യൻ അടക്കമുള്ള മുൻകാല തത്ത്വചിന്താ പാരമ്പര്യങ്ങളുടെ വിമർശനങ്ങളും, വികാസങ്ങളും അടങ്ങിയതാണ് എന്ന് സ്ഥാപിച്ചു. ‘ഇസ്‌ലാമിക തത്ത്വചിന്ത ഇസ്‌ലാമികമാണോ?’ എന്ന ചോദ്യത്തിന് തത്ത്വചിന്ത “ആത്മപരിവർത്തനവും ജ്ഞാന സമ്പാദനവും ലക്ഷ്യമിട്ടുള്ള ആത്മീയ വ്യവഹാരങ്ങളുടെ പ്രയോഗമാണ് എന്നതിനാൽ ദാർശനിക ആത്മീയ വ്യവഹാരങ്ങളുടെ ഇസ്‌ലാമിക പ്രയോഗമാണ് ഇസ്‌ലാമിക തത്ത്വചിന്ത”എന്നാണ് മുഹമ്മദ് ആസാദ്പൂർ നൽകുന്ന ഉത്തരം.
ഗ്രീക്ക് സ്രോതസ്സുകളുമായുള്ള മുസ്‌ലിം ഇടപാടുകൾ നിർമ്മാണാത്മകമായിരുന്നു. അൽ-കിന്തി, ഫഖ്‌റുദ്ധീൻ അൽ റാസി തുടങ്ങിയ സ്റ്റോയിക്, സോക്രട്ടിക് ആശയങ്ങളെ വികസിപ്പിച്ച മുസ്‌ലിം തത്ത്വചിന്തകരും, മുസ്‌ലിം പെരിപ്റ്റാറ്റിക്സും മനുഷ്യാവസ്ഥയുടെ യാഥാര്‍ത്ഥ്യത്തെയും, ധാർമ്മിക പെരുമാറ്റത്തിൽ പങ്കാളിയാകാനുള്ള പ്രേരണയെയും കുറിച്ചുള്ള ആലോചനകളിൽ ഗ്രീക്ക് രചനകളെ ആശ്രയിച്ചിരുന്നു. ഉദാഹരണത്തിന്, ഫറാബിയുടെയും, ഇബ്നു സീനയുടെയും പ്ലാറ്റോയുടെയും, അരിസ്റ്റോട്ടിലിന്റെയും ആശയങ്ങളുമായുള്ള ഇടപാടുകൾ ഒരു പൊളിറ്റിയിൽ ധാർമ്മിക അടിത്തറയിൽ ധാർമ്മിക ബുദ്ധിജീവിയുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നയിച്ചു. ഫറാബിയെ അപേക്ഷിച്ച് പരമമായ സത്യത്തിന്റെ സന്തോഷവും അറിവും കണ്ടെത്താനുള്ള അന്വേഷണത്തിൽ മനുഷ്യാത്മാവിന്റെ പൂർണ്ണതയെക്കുറിച്ചായിരുന്നു ഇബ്നു സീനയുടെ ആലോചനകൾ ശ്രദ്ധ ചെലുത്തിയത്. ഇബ്നു സീനയുടെ നഫ്സ്, നന്മ, തിന്മ, പ്രവാചകൻ-രാജാവ്-തത്ത്വചിന്തകന്റെ നിയോഗം തുടങ്ങിയവയെക്കുറിച്ചുള്ള നിയോപ്ലാറ്റോണിക് ആശയങ്ങൾ ദൈവശാസ്ത്രം (കലാം), മിസ്റ്റിസിസം (തസവ്വുഫ്) എന്നിവയുൾപ്പെടെയുള്ള വിവിധങ്ങളായ ജ്ഞാ പദ്ധതികളുടെ വ്യത്യസ്ത മേഖലകളിൽ അടിസ്ഥാന ചിന്തകളായി മാറി.
മുഹമ്മദ് ആസാദ്‌പൂറിനെ സംബന്ധിച്ചിടത്തോളം ഗ്രീക്ക് തത്ത്വചിന്ത മുസ്‌ലിം തത്ത്വചിന്തയെ സ്വാധീനിച്ച പ്രധാന മേഖല virtue ethics-നെക്കുറിച്ചുള്ള ആലോചനകളാണ്. പുരാതന തത്ത്വചിന്ത “ഒരു ജീവിതരീതിയാണ്” എന്ന പിയറി ഹാഡോട്ടിന്റെ വാദം മുന്നിൽവെച്ച് പരിശോധിച്ചാൽ ഗ്രീക്ക് പാരമ്പര്യത്തിലെ നന്മയും, ധാർമ്മികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗ്രീക്ക്, മുസ്‌ലിം തത്ത്വചിന്തകൾക്കിടയിലുള്ള സാമ്യ വ്യത്യാസങ്ങൾ കൂടുതൽ വ്യക്തമാകും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഗ്രീക്ക് പാരമ്പര്യം മുസ്‌ലിം തത്ത്വചിന്തകർ മനസ്സിലാക്കുകയും ആത്മാവിന്റെ പരിവർത്തനം, നൈതികത, പ്രാക്ടീസ് തുടങ്ങിയ ഇസ്‌ലാമിക ആശയങ്ങളുടെ വെളിച്ചത്തിൽ വികസിപ്പിക്കുകയും ചെയ്തു എന്നതാണ് ഇസ്‌ലാമിക ദാർശനിക പദ്ധതിയെ സ്വതന്ത്രാസ്ഥിത്വമുള്ള വ്യവഹാരമാക്കി മാറ്റുന്നത്. ഗ്രീക്ക്, മുസ്‌ലിം തത്ത്വചിന്തകൾ തമ്മിലുള്ള പൊതുവായ ത്രെഡായി ‘വിര്‍ച്ച്യു എത്തിക്സിനെ’ കണ്ടെത്തുന്നതിലൂടെ ഈ മേഖലയിലെ പഠനങ്ങളുടെ ശ്രദ്ധ ‘ഗ്രീക്ക് ചിന്ത ഇസ്‌ലാമിക ലോകത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടു’ എന്ന ചോദ്യത്തിൽ നിന്നും കാലക്രമേണ വ്യത്യസ്തമായ മുസ്‌ലിം വിശ്വാസ, ആചാരങ്ങളിലേക്ക് രൂപാന്തരപ്പെട്ട പരസ്പരം പങ്കുവെക്കുന്ന ആശയങ്ങളിലേക്കും, പ്രയോഗങ്ങളിലേക്കും മാറുകയുണ്ടായി.
അഖ്‌ലാക്കും മറ്റ് ഇസ്‌ലാമിക നൈതിക വ്യവഹാരങ്ങളും
ഇസ്‌ലാമിക് സ്റ്റഡീസിനകത്ത് ഇസ്‌ലാമിക ധാർമ്മികതയെ സവിശേഷമായ ഒരു പാരമ്പര്യമായി കണക്കാക്കുന്നത് സംബന്ധിച്ച് കാര്യമായ അഭിപ്രായ വൈവിധ്യങ്ങളുണ്ട്. ഇസ്‌ലാമിക ധാർമ്മിക സിദ്ധാന്തങ്ങളെ പണ്ഡിതന്മാർ പ്രധാനമായും കലാം (ദൈവശാസ്ത്രം), ഫിഖ്ഹ് (കർമ്മശാസ്ത്രം), തസവ്വുഫ് (മിസ്റ്റിസിസം/സൂഫിസം), അഖ്‌ലാക്ക് (ദാർശനിക നൈതികത) എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കുന്നുണ്ട്. ദൈവശാസ്ത്ര പണ്ഡിതന്മാർ എത്തിക്സിനെക്കുറിച്ചുള്ള അറിവിന്റെ ഉറവിടങ്ങൾ, മാനുഷിക യുക്തി, വെളിപാട് ജ്ഞാനം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫിഖ്ഹിലും (കർമ്മശാസ്ത്രം) ഉസൂലുൽ ഫിഖ്ഹിലും ഉപയോഗിക്കുന്ന ഭാഷയും, രീതിശാസ്ത്രങ്ങളും ഇസ്‌ലാമിക നൈതിക വ്യവഹാരത്തിൽ പരക്കെ കാണാനാവും; പ്രത്യേകിച്ചും എല്ലാ പ്രവൃത്തികളെയും മൂല്യനിർണ്ണയം ചെയ്യുന്നതിനുള്ള വിധികൾ ( ഉദാഹരണം: ഹലാൽ, വാജിബ്). മുസ്‌ലിം ജ്ഞാന പാരമ്പര്യത്തിലെ ഈ നാല് ശാഖകളിൽ സൂഫി മിസ്റ്റിക്ക് വ്യവഹാരങ്ങളാണ് (തസവ്വുഫ്) വ്യക്തിഗത ആത്മീയ പരിശീലനത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് എന്ന് പറയാം. അദബ്, അഥവാ കവിത, ഗദ്യം എന്നിവ ഉൾകൊള്ളുന്ന സാഹിത്യത്തെയും എത്തിക്സിനെക്കുറിച്ചുള്ള വ്യവഹാരങ്ങളുടെ ഭാഗമായി ചിലർ എണ്ണുന്നുണ്ട്. ഈ വൈവിധ്യമാർന്ന വ്യവഹാരങ്ങൾക്കിടയിൽ എല്ലാ കാലത്തും, എല്ലാ മുസ്‌ലിം സമൂഹങ്ങളും ഒരുപോലെ ഇസ്‌ലാമിക ധാർമ്മികതയുടെ പ്രാഥമിക മാധ്യമമായി പരിഗണിച്ച ഒരൊറ്റ ജ്ഞാനശാഖയെ എടുത്തുകാണിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇസ്‌ലാമിക ധാർമ്മികതയുമായി ബന്ധപ്പെട്ട ഓരോ ജ്ഞാന ശാഖകളും നൂറ്റാണ്ടുകളായി മുസ്‌ലിംങ്ങൾ ചോദിച്ച നൈതിക ചോദ്യങ്ങളിലേക്കുള്ള സവിശേഷമായ രീതിശാസ്ത്രവും സമീപനങ്ങളും സംഭാവന ചെയ്തിട്ടുണ്ട് എങ്കിലും അഖ്‌ലാക്കിനെ വ്യത്യസ്തമാക്കുന്നത് ഇസ്‌ലാമിക് എത്തിക്സിന്റെ വംശാവലി, തീമുകൾ, അതിൽ ഉൾക്കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വ്യാവഹാരങ്ങൾ എന്നിവയുടെ സമഗ്ര വീക്ഷണം അത് പ്രദാനം ചെയ്യുന്നു എന്നതാണ്. ഇസ്‌ലാമിക നൈതിക വ്യവഹാരങ്ങളുടെ കൂട്ടത്തിൽ അഖ്‌ലാക്കിന്റെ സംഭാവനകൾ രീതിശാസ്ത്രപരമാണ്. ധാർമ്മിക ജീവിതം എങ്ങനെ രൂപപ്പെടുത്തണം എന്നത് മുതൽ പുരുഷത്വം, സ്ത്രീത്വം, ലിംഗബന്ധം എന്നിവയുടെ നൈതിക സങ്കൽപ്പങ്ങൾ തുടങ്ങിയ കാര്യങ്ങൾ അഖ്‌ലാക്ക് കൈകാര്യം ചെയ്യുന്നുണ്ട്. ലളിതമായി പറഞ്ഞാൽ, ഇസ്‌ലാമിക ധാർമ്മികതയെക്കുറിച്ച് ധാരണ രൂപപ്പെടുത്താൻ ഏതെങ്കിലും ഒരു ജ്ഞാനശാഖ അപര്യാപ്തമാണ് എങ്കിലും അഖ്‌ലാക്ക് കൂടാതെ എത്തിക്സിനെക്കുറിച്ചുള്ള ഇസ്‌ലാമിക വ്യവഹാരങ്ങളെക്കുറിച്ചുള്ള ആലോചനകൾ പൂർണ്ണമാവില്ല.
പ്രധാനപ്പെട്ട ചില അഖ്‌ലാക്ക് ഗ്രന്ഥങ്ങൾ
ഇറാനിലെ തൂസിൽ 1058-ൽ ജനിച്ച അബു ഹാമിദ് മുഹമ്മദ് അൽ ഗസ്സാലിയുടെ (റ) അവസാന കൃതികളിലൊന്നാണ് കീമിയാ അസ്സആദ. ലോകത്തിന്റെ അവസ്ഥയെയും യഥാർത്ഥ സന്തോഷം നേടുന്നതിന് ആവശ്യമായ വ്യക്തിഗത നൈതികതയെയും കുറിച്ച് തന്റെ ജീവിതം മുഴുക്കെ നടത്തിയ പ്രതിഫലനങ്ങളുടെ ക്രോഡീകരമായിട്ടാണ് ഇമാം ഗസ്സാലി (റ) കീമിയ രചിക്കുന്നത്. ലളിതമായ ഘടനയാണ് കീമിയക്കുള്ളത്. സെൽഫിന്റെ (നഫ്സ്) പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു ആമുഖത്തിന് ശേഷം ദൈവത്തിന്റെ സ്വഭാവം, ലോകം, പരലോകം എന്നിവയെക്കുറിച്ചുള്ള ഒരു ചർച്ചയും തുടർന്ന് രണ്ട് പ്രധാന ഭാഗങ്ങളായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ആദ്യ ഭാഗം ആരാധന, സാമൂഹിക ഇടപാടുകൾ (യഥാക്രമം ‘ഇബാദത്ത്, മുആമലാത്ത്) എന്നിവയുൾപ്പെടെ പ്രത്യക്ഷമായ (ളാഹിർ) വിഷയങ്ങളെക്കുറിച്ചും രണ്ടാം ഭാഗം ഹൃദയത്തിന്റെ ശുദ്ധീകരണം അടക്കമുള്ള ആന്തരികമായ (ബാത്വിൻ) വിഷയങ്ങളെക്കുറിച്ചുമാണ് ചർച്ച. വ്യക്തി, വിവാഹം, സമൂഹം എന്നിവ ഉൾക്കൊള്ളുന്ന virtue ethics- ന്റെ ത്രിതല പ്രപഞ്ച രൂപത്തെ പിന്തുടർന്ന് ശരീരത്തിന്റെ സ്വഭാവത്തെക്കുറിച്ചും, പെരുമാറ്റത്തിലെ അപാകതകളെക്കുറിച്ചും പരാമർശിക്കുന്നു. തുടർന്ന് ധാർമ്മിക പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വൈവാഹിക തർക്കമുണ്ടായാൽ എന്തുചെയ്യണം എന്നതുവരെയുള്ള കാര്യങ്ങളടക്കം പൊതു സ്ഥലം മുതൽ രാജ സദസ്സ് വരെയുള്ള ഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും കീമിയ ചർച്ച ചെയ്യുന്നുണ്ട്.
തൂസിലാണ് നാസിറുദ്ധീൻ തൂസിയുടെ ജനനം (1201). ദൈവത്തിന്റെ പ്രതിനിധി ആയി (ഖലീഫ) മാറുന്നതിലൂടെ യഥാർത്ഥ ആനന്ദം കണ്ടെത്തുന്നതിലേക്ക് വായനക്കാരനെ നയിക്കുക എന്നതാണ് അഖ്‌ലാക്ക് നാസ്വിരിയുടെ ലക്ഷ്യം. നഫ്സിനെ നിയന്ത്രിക്കുന്നതിലൂടെയും, ആഭ്യന്തര, പൊതു മണ്ഡലങ്ങളിൽ ധാർമ്മികത പുലർത്തുന്നതിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കാനാവുക എന്ന് തൂസി വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ നിലനിൽപ്പിന്റെയും, സന്തോഷത്തിന്റെയും തത്വങ്ങളുടെ സൈദ്ധാന്തിക വിശദീകരണമാണ് രചനയുടെ ആദ്യ ഭാഗമായ ‘സ്വഭാവ സംസ്‌കരണം’ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം വ്യക്തികൾക്ക് അവരുടെ നന്മകൾ പരിഭോഷിപ്പിക്കുന്നതിനും, ദുശ്ശീലങ്ങളെ മെരുക്കുന്നതിനുമുള്ള വഴികൾ അടങ്ങിയ ഒരു ഉപവിഭാഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘ഗൃഹ പരിപാലന’ത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന രണ്ടാം ഭാഗം വ്യക്തിഗത ധാർമ്മികതയിൽ നിന്ന് കുടുംബത്തിലേക്കും, തൊട്ടടുത്ത സമൂഹത്തിലേക്കും വ്യാപിക്കുകയും ഗാർഹിക ജീവിതത്തിലും, ഇടപാടുകളിലും പുലർത്തേണ്ട നൈതികതയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്നാം ഭാഗത്തെത്തുമ്പോൾ ചർച്ച കൂടുതൽ വിശാലമായ ഒരു ലെൻസിലേക്ക് മാറുന്നു. ഒരു നഗരം, പ്രവിശ്യ, അല്ലെങ്കിൽ ഒരു വലിയ പ്രദേശം കൈകാര്യം ചെയ്യൽ, ഭരണം ജീവിതം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പുലർത്തേണ്ട നൈതികതയെക്കുറിച്ച് തൂസി ഇവിടെ വിശദീകരിക്കുന്നു.

ആധുനിക ഇറാനിലെ ഫാർസ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ദാവൻ ഗ്രാമത്തിലാണ് 1426ൽ ജലാലുദ്ധീൻ മുഹമ്മദ് ബിൻ ആസാദ് ദവാനി ജനിക്കുന്നത്. അഖ്‌ലാക്ക് നാസ്വിരിക്ക് സമാനമായി വ്യക്തിഗത, ആഭ്യന്തര, രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള വിശകലനങ്ങൾക്കായി വ്യത്യസ്ത അധ്യായങ്ങൾ അഖ്‌ലാക്ക് ജലാലിയിലും കാണാം. അതോടൊപ്പം നൈതികതയെയും രാഷ്ട്രീയത്തെയും കുറിച്ച് പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ഉദ്ധരണികൾ അടങ്ങിയ ഒരു അനുബന്ധവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ അധ്യായത്തിൽ ധാർമ്മിക പ്രവർത്തനത്തിനും, നന്മ നിറഞ്ഞ ആത്മാവിനെ വളർത്തിയെടുക്കുന്നതിനും, ദുശ്ശീലങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ദൈവിക പ്രേരണയെക്കുറിച്ചാണ് ദാവാനി സംസാരിക്കുന്നത്. സമത്വമാണ് എല്ലാ നന്മകളുടെയും സാരാംശം എന്ന തന്റെ ‘ദിവ്യാനുപാത’ സങ്കല്പത്തെയും അദ്ദേഹം ഇവിടെ വിശദീകരിക്കുന്നുണ്ട്. ഗാർഹിക ഇടപാടുകളെ കൈകാര്യം ചെയ്യുന്ന രണ്ടാം അധ്യായം വിവാഹത്തിന്റെ മതപരവും ദാർശനികവുമായ ലക്ഷ്യങ്ങളെക്കുറിച്ചുള്ള തുസിയുടെ ചർച്ചയെ കൂടുതൽ വികസിപ്പിക്കുന്നു. ഇമാം ഗസ്സാലിയെപ്പോലെ വിവാഹത്തിന് മുമ്പ് ഒരാൾ നടത്തേണ്ട ഭക്ഷണം ശേഖരിക്കുക, വീട് ക്രമീകരിക്കുക അടക്കമുള്ള തയ്യാറെടുപ്പുകളുടെ വിശദമായ പട്ടികയും അദ്ദേഹം ഇവിടെ ഉൾപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ ഇടപാടുകളിൽ കേന്ദ്രീകരിക്കുന്ന മൂന്നാം ഭാഗത്ത് സൗഹൃദം, സ്നേഹം, ഭരണം, പരമാധികാരം, സാമൂഹിക ഇടപെടൽ എന്നിവയെക്കുറിച്ചുള്ള ഉപമകൾ ഉൾപ്പെടുത്തി ദാവാനി തൂസിയുടെ ചർച്ചയെ വികസിപ്പിക്കുന്നു.
Featured Image by Jose Cruz
Location: Hassan II Mosque, Casablanca, Morocco
Comments are closed.