കാഫ്കയുടെ Investigations of a Dog എന്ന കഥ Portrait of the Philosopher as a Young Dog എന്ന് വേണം പരിഭാഷപ്പെടുത്താൻ. കാഫ്ക അപൂർണമായി ഉപേക്ഷിച്ച് പോയ ആ കഥയ്ക്ക് ഒരിടത്തും അദ്ദേഹം പേര് വെച്ചിരുന്നില്ല, പിന്നീട് മാക്സ് ബ്രോഡായിരുന്നു അക്കാദമിക സ്വഭാവത്തിലുള്ള Forschungen eines Hundes (Researches of a dog) എന്ന പേര് കഥയ്ക്ക് നൽകിയത്. യാഥൃശ്ചികമായി, ഇൻവെസ്റ്റിഗേഷൻസ് എന്ന പദം ആധുനിക തത്വചിന്താ ചരിത്രത്തിൽ ഒരു ഭാഗ്യരേഖയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. നായയടക്കമുള്ള മൃഗങ്ങൾ വിഷയീഭവിക്കുന്ന വിറ്റ്ഗെൻസ്റ്റൈന്റെ Philosophical Investigations, ബോധത്തെ പറ്റി ഫിനമിനോളജി എന്നൊരു പുതിയ ശാസ്ത്രത്തിനു തന്നെ തുടക്കം കുറിച്ച ഹുസ്സേളിന്റെ Logical Investigations, ഷെല്ലിംങ്ങിന്റെ Philosophical Investigations in to the Essence of Human Freedom തുടങ്ങിയ പഠനങ്ങളുൽപാദിപ്പിച്ച സൈദ്ധാന്തിക ചിന്താപദ്ധതികളിൽ, “നായയുടെ പര്യവേക്ഷണങ്ങൾ” വിമോചനത്തേയും പുതിയൊരു വിമോചനശാസ്ത്രത്തിന്റെ സാധ്യതയെ പറ്റിയുമുള്ള ചോദ്യങ്ങളോടെ ഇടം പിടിക്കുന്നു. investigations എന്ന് പരിഭാഷപ്പെടുത്തിയ Untersuchungen പദത്തെ കാഫ്കയുടെ നായ തന്നെ, അതിന്റെ അന്വേഷണ യാത്രയിൽ കഥയ്ക്കകത്ത് പലപ്പോഴായി ഓർമപ്പെടുത്തുന്നുണ്ട്.
നിയമ വ്യവസ്ഥകളുടെ ഭീതിതമായ രാഷ്ട്രീയ സമവാക്യങ്ങളിലാണ് കാഫ്കിയൻ വായനകൾ പലപ്പോഴും സജീവമാകുന്നതെങ്കിലും അത്ര ജനകീയമല്ലാത്ത ഒരു കാഫ്കയെ നമുക്കിവിടെ വായിക്കാം. “Investigations of a Dog” എന്ന കഥ, ലക്കാൻ “the university discourse” എന്നു വിളിച്ച അറിവുൽപാദനത്തിന്റെ ഇടങ്ങളെ കുറിച്ച് മികച്ചതും, പലപ്പോഴും ഹാസ്യത്തിലൂന്നിയതുമായ ഒരു വായന മുന്നോട്ട് വയ്ക്കുന്നു. അബദ്ധങ്ങൾ നിറഞ്ഞ മൂല്യനിർണയ രീതികളും റാങ്കിംഗും, വിപണി കേന്ദ്രീകൃത ലക്ഷ്യങ്ങളും തുടങ്ങി പലതു കൊണ്ടും സമകാലിക അക്കാദമികൾ കാഫ്കയെസ്ക് (Kafkaesque) ആണ്. ലക്കാന്റെ പദാവലികൾ, പക്ഷേ, ആധുനിക യൂണിവേഴ്സിറ്റികളുടെ പിടിപ്പുകേടുകളെ വിമർശിക്കുന്നതിനേക്കാൾ, അധികാരഘടനയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും, അറിവും അധികാരവും സമന്വയിക്കുന്ന പ്രത്യേകതരം സാമൂഹികക്രമത്തേയും, യുക്തിയുടേയും സാങ്കേതിക പുരോഗതിയുടേയും പേരിൽ പ്രവർത്തിക്കുന്ന പുതിയ ഭരണവ്യവസ്ഥയെ അടയാളപ്പെടുത്താനുമാണ് കൂടുതൽ താൽപര്യപ്പെടുന്നത്. ഈ ആധുനിക ജ്ഞാനമാർഗങ്ങളെ ചോദ്യം ചെയ്യുകയും, അതിൽ സങ്കല്പിതമായ നിഷ്പക്ഷതയുടെ അന്തർധാരയെ പുറത്തു കൊണ്ടുവരികയും, മറ്റൊരു ചിന്താ രീതി ലോകത്തിന് പരിചയപ്പെടുത്തലും, പറ്റുമെങ്കിൽ പുറത്തേക്കൊരു വഴി കാണിക്കലുമാണ് കാഫ്കയുടെ നായയുടെ പ്രാഥമിക കർത്തവ്യം.
ഗുസ്താവ് ഫ്ലോബേർ Dictionary of Received Ideas ൽ നായയെ കുറിച്ച് ഇങ്ങനെയാണ് എഴുതുന്നത് “വിശിഷ്യാ അതിന്റെ യജമാനന്റെ ജീവിതത്തെ സേവിക്കുന്ന, മനുഷ്യന്റെ ഉറ്റ തോഴനാണത്”. പക്ഷെ നായകളെ സംബന്ധിച്ച വിധേയത്വത്തിന്റെ ഈ ക്ലീഷേയെ കാഫ്ക അധികാരത്തിന്റെ സ്വരൂപമായി പരാവർത്തനം ചെയ്യുന്നുണ്ട്. കാഫ്കയുടെ നായ മനുഷ്യന്റെ ഉറ്റ സുഹൃത്തായല്ല, മറിച്ച് അധീഷത്വത്തിൽ നിന്ന് രക്ഷ നേടാനും, കാണാമറയത്ത് നിലകൊള്ളുന്ന അധികാര ബലങ്ങളെ പുറത്തു കൊണ്ടുവരാനും സ്വന്തം ജീവൻ ബലി നൽകുന്ന സത്യത്തിന്റെ കൂട്ടുകാരനായാണ് പ്രത്യക്ഷപ്പെടുന്നത്. സത്യാന്വേഷണത്തിന്റെ വഴിയിൽ നായയെ അക്ഷമനാക്കുന്ന ചോദ്യങ്ങൾ ഇങ്ങനെ നീളുന്നു: “ഒരാൾക്ക് സത്യത്തെ കൂട്ടുകാരാനാക്കാൻ പറ്റുമോ? ഏതെല്ലാം വിമതസ്വരങ്ങളാണ് തന്നെ വേട്ടയാടാനിരിക്കുന്നത്? ആരൊക്കെയാണ് ഈ പ്രഹേളികയിൽ തന്റെ കൂടെ നിൽക്കാൻ തയ്യാറാവുക?’’
നാൽപതാം വയസ്സിൽ മരിക്കുന്നതിന്റെ രണ്ട് വർഷം മുമ്പ്, 1922ലെ ഒരു ശരത്കാലത്താണ് കാഫ്ക Investigations എഴുതുന്നത്. പിന്നീട് മാക്സ് ബ്രോഡിന്റെ നേതൃത്വത്തിൽ 1931ൽ The Great Wall of China എന്ന സമാഹാരത്തിലത് പ്രസിദ്ധീകൃത്യമായി. 1933 ലാണ് Willa, Edwin Muir എന്നിവർ ചേർന്ന് ആദ്യമായി കഥയ്ക്ക് ഇംഗ്ലീഷ് പരിഭാഷ രചിക്കുന്നത്. ഇന്ന് ആറ് ഇംഗ്ലീഷ് പരിഭാഷകളാണ് കഥയ്ക്കുള്ളത്. കഥയിലൊരിടത്ത്, നായകളുടെ ഭക്ഷണസംസ്കാരത്തെ പറ്റി പുറത്ത് വന്നിട്ടുള്ള എല്ലാം കണ്ടെത്തലുകളും നിരീക്ഷണങ്ങളും അപര്യാപ്തമാണെന്ന് ‘നായ’കൻ അഭിപ്രായപ്പെടുന്നുണ്ട്. ഒരുപക്ഷേ കാഫ്ക പഠനങ്ങളെയും സമാന രീതിയിൽ വിലയിരുത്തുന്നതാവും ശരി. കാഫ്കയുടെ പോപുലർ സ്റ്റോറികളിൽ അത്ര സജീവമാല്ലാത്ത കഥയാണ് ഇൻവെസ്റ്റിഗേഷൻസ്, വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെങ്കിലും ഇനിയും അതിവായനകൾ അർഹിക്കുന്ന ഒന്ന്. കാഫ്കയുടെ ചെറുകഥകളിൽ ഏറെ നീണ്ട, ദുർഗ്രാഹ്യമായ കഥയെന്ന് പൊതുവിൽ സാഹിത്യ ലോകം ഇതിനെ വിലയിരുത്തുന്നു. അത്രയെളുപ്പം വ്യാഖ്യാനിച്ച് തീർപ്പു കല്പിക്കാൻ സമ്മതിക്കുന്ന ഒന്നല്ല കഥയുടെ ശരീരഭാഷ.
വാൾട്ടർ ബെഞ്ചമിൻ ഒരിക്കൽ തിയോഡോർ അഡോർണോക്ക് എഴുതിയ കത്തിൽ ഇൻവെസ്റ്റിഗേഷൻസ് താൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥയാണെന്ന് പ്രതിപാദിക്കുന്നുണ്ട്. “കഥയെ (Aufzeichnungen eines Hundes- Notes of a dog-) ഗഹനമായി വായിക്കാൻ താങ്കളെന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. കാഫ്കയെ കുറിച്ച് ഒരു ദീർഘ നിരൂപണം എഴുതിയിരുന്ന സന്ദർഭത്തിൽ പോലും കഥയെനിക്ക് ഒട്ടും പിടി തന്നിട്ടില്ല. കഥയുടെ അർഥവ്യാപ്തിയിൽ ഞാനിപ്പോഴും ആശങ്കാകുലനാണ്. കാഫ്കയെ കുറിച്ച് താങ്കൾ പറഞ്ഞത് ഒട്ടൊക്കെ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.”
ഇവിടെ, ‘നായയുടെ കുറിപ്പുകൾ’ (Aufzeichnungen eines Hundes) എന്ന ബെഞ്ചമിന്റെ പരാമർശം ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പാണ്. നായയുടെ ലെക്ചർ നോട്ടുകളായാണ് കത്തിൽ കഥയെ നിർവചിച്ചിരിക്കുന്നത്. അഥവാ, വിദ്യാസമ്പന്നനായ ഒരു നായയുടെ സെമിനാറിന്റെ ലിഖിത രൂപമാണ് കഥ. അഡോണോ ബെഞ്ചമിനെഴുതിയ കത്തുകളിൽ നിശബ്ദ സിനിമകളോടുള്ള കാഫ്കയുടെ മമതയെ പറ്റിയും (Investigations of a Dog അത്തരത്തിലൊരു ഇഷ്ട നിശബ്ദസിനിമയിൽ നിന്ന് സ്വാധീനമുൾകൊണ്ടതാണെന്ന് പറയപ്പെട്ടിട്ടുണ്ട്), ഭാഷയും സംഗീതവും തമ്മിലുള്ള ഇഴയടുപ്പത്തെ കുറിച്ചും ചർച്ച ചെയ്തിട്ടുണ്ട്. കഥയിലെ മറ്റൊരു പ്രധാന ഉള്ളടക്കവുമാണീ ബന്ധം. കാഫ്കയെ പറ്റിയുള്ള ബെഞ്ചമിന്റെ പല എഴുത്തുകളിലും തിയോളജി ഒരു പ്രധാന വിഷയമായി വരുന്നത് കാണാൻ സാധിക്കും. കാഫ്കയെ മതാത്മകമായി വ്യാഖ്യാനിക്കുന്നതിലെ അസംബന്ധം ബെഞ്ചമിൻ പല തവണ എഴുതിയിട്ടുണ്ട്. ‘അദ്ദേഹം നിരവധി അന്യാപദേശം എഴുതിയിരുന്നുവെങ്കിലും ഒരു മതത്തിലും വിശ്വാസിയായിരുന്നില്ല’ എന്നാണ് ബെഞ്ചമിന്റെ വിമർശനം.
പക്ഷേ കാഫ്ക മൗലികമായൊരു ഫിലോസഫിയെ പരിചയപ്പെടുത്തിയിട്ടുണ്ട്. ദെക്കാർത്തെയുടെ “I advance masked” എന്ന പ്രസിദ്ധമായ പ്രഖ്യാപനം പോലെ പല താത്വികമായ പ്രതീകവിന്യാസങ്ങളിലാണ് കാഫ്ക പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെയെങ്കിൽ, തിയറികളിലെ സാഹസികതകളെ കാഫ്ക ഖണ്ഡശ്ശയായി കഥയിലേക്ക് വിവർത്തനം ചെയ്യുകയല്ലേ ചെയ്തത്? അഥവാ, അറിവ്, ഭാഷ, സമൂഹം, ജീവിതം, തുടങ്ങിയവയുമായുള്ള ഫിലോസഫിയുടെ സമ്പർക്കങ്ങളെ വിശദീകരിക്കുന്ന കാല്പനികോപന്യാസം (fiction-essay) ആണ് ഇൻവെസ്റ്റിഗേഷൻസ്. തന്റെ ചുറ്റുപാടുമുള്ള വൈചിത്ര്യങ്ങളോടുള്ള, ഒറ്റപ്പെട്ട ഒരു നായയുടെ കലഹത്തെ പറ്റിയുള്ള എഴുത്തെന്ന വ്യാജേന, കാഫ്കയതിൽ സംസാരിക്കുന്നത് നമ്മുടെ കാലത്തിന്റെ അമൂർത്തമായ കാലുഷ്യങ്ങളെ കുറിച്ചാണ്. സൈദ്ധാന്തികമല്ലാത്തൊരു കാലത്ത് സിദ്ധാന്തത്തിന്റെ അസാധാരണ ‘നായ’കനാണ് കാഫ്കയുടേത്. കാഫ്കയുടെ നായയോടു കൂടെയെങ്ങനെയാണ് നമുക്കും ചിന്തിക്കാൻ സാധിക്കുക? ഒരു നായയെ പോലെ അന്വേഷിക്കുക എന്ന് പറഞ്ഞാലെന്താണ്?
കാഫ്കയുടെ, ദി മെറ്റമോർഫോസിസ്, ദി ബറോ, ജോസഫൈൻ ദ സിംഗർ, തുടങ്ങിയ മൃഗകഥകളുടെ കൂട്ടത്തിൽ ഏറ്റവും മികവുറ്റ കൃതി “Investigations ആണ്. അദ്ദേഹത്തിന്റെ തന്നെ, അത്ര അറിയപ്പെടാത്ത “Blumfeld, an Elderly Bachelor” എന്ന കഥയുമായി ഇൻവെസ്റ്റിഗേഷൻസിന് അഭേദ്യമായ ഒരു ബന്ധമുണ്ട്. Investigations എഴുതുന്നതിന് മുമ്പ് Blumfeld ആണ് തന്റെ ‘ഡോഗ് സ്റ്റോറി’ എന്ന് കാഫ്ക ഒരിക്കൽ പറയുകയും ചെയ്തു. Investigation ന്റെ കേന്ദ്രതന്തുവായ അറിവും, അക്കാദമിക തലവും തന്നെയാണ് കാഫ്കയുടെ തന്നെ A Report to an Academy” ഉം ചർച്ച ചെയ്യുന്നത്. അതിലെ പ്രധാന കഥാപാത്രം റെഡ് പീറ്റർ ചിമ്പാൻസിയിൽ നിന്ന് മനുഷ്യനായി സ്വയം പരിണമിച്ചതിനെ കുറിച്ച് ചില സയന്റിസ്റ്റുകൾക്കു മുന്നിൽ വിശദീകരിക്കുന്നത് കഥയിൽ വിവരിക്കുന്നുണ്ട്. പക്ഷേ, പരിണാമത്തിന്റെ ജീവിക്കുന്ന തെളിവ് മാത്രമാണ് ചിമ്പാൻസി, അഥവാ സൈദ്ധാന്തിക ചർച്ചകളുടെ പ്രധാന വിഷയം. അതേസമയം, സ്വന്തമായി അന്വേഷണങ്ങൾ നടത്തുകയും, അന്വേഷണവിഷയങ്ങൾ സ്വയം തിരഞ്ഞെടുക്കുകയും ചെയുന്നു നായ. മറ്റൊരു സൈദ്ധാന്തിക രൂപത്തോടു കൂറ് പുലർത്തുന്ന നായ ഒരു അക്കാദമിക പാരമ്പര്യത്തിന്റേയും ഭാഗമല്ല.
ജീവിതത്തിന്റെ സായാഹ്നഘട്ടത്തിലാണ് നായ, ആത്മകഥാംശത്തിന്റെ വന്യതയിൽ ജീവിതത്തിന്റെ ഉത്ഥാനപതനങ്ങളെ കുറിച്ച് പറഞ്ഞുതുടങ്ങുന്നത്. ഒരിക്കൽ, യുവതത്വചിന്തകനായ കഥാപാത്രത്തെ സ്വാധീനിച്ച ഒരു കൂട്ടം സംഗീതജ്ഞരായ നായകളുടെ പാട്ടു കച്ചേരിക്കിടെ, തന്നെ ഉലച്ചുകളഞ്ഞ ചില ചോദ്യങ്ങൾ സദസ്സിലുയർത്തിയപ്പോൾ, ഉത്തരം ലഭിക്കാതെ അവ നിരസിക്കപ്പെട്ടപ്പോഴാണ് ജ്ഞാനത്തിന്റെ വഴി സ്വയം തെരെഞ്ഞെടുക്കുന്നത്. അങ്ങനെയാണ്, കേവലമൊരു മനോഹരമായ കച്ചേരിയുടെ നിലീനതയിൽ നിന്ന് അസ്തിത്വാന്വേഷങ്ങളിലേക്കുള്ള പാത അവൻ തുറക്കുന്നത്. വലിയൊരു ശതമാനം ശാസ്ത്രീയ പഠനനങ്ങളുടെ പ്രധാന വിഷയമായ ഭക്ഷണത്തിന്റെ ഉറവിടത്തെ കുറിച്ചായിരുന്നു പ്രാഥമിക അന്വേഷണങ്ങൾ. ഭക്ഷണത്തെ കുറിച്ചുള്ള അവന്റെ ചോദ്യങ്ങൾക്ക് പരിഹാസം മാത്രമേ എവിടെയും മറുപടിയായി ലഭിച്ചുള്ളൂ. ഭക്ഷണത്തിന് വേണ്ടിയുള്ള ഒരു യാചനയായി പലരും അതിനെ കണ്ടു. എങ്കിലും, അവന്റെ ചോദ്യങ്ങൾ മറ്റുള്ളവരെ തീരെ ഉണർത്താതിരുന്നില്ല, അവ ശ്വാനലോകത്തെ അസ്വസ്ഥമാക്കുന്നതവൻ നിരീക്ഷിച്ചു.
പിന്നീട്, ആകാശസ്ഥരായ നായകളെ (Lufthunde) കുറിച്ചുള്ള ഗവേഷണത്തിലാണ് നായകൻ ശ്രദ്ധ പതിപ്പിക്കുന്നത്. ഇവർ, ദിവസം മുഴുവൻ വായുസഞ്ചാരം നടത്തുകയും മറ്റുള്ള നായകളെ പോലെ ജോലികളിൽ മുഴുകാൻ താൽപര്യപ്പെടാതെ, സാമൂഹികതയെ വികേന്ദ്രീകരിക്കുകയും സ്വകാര്യജീവിതത്തെ ഇഷ്ടപ്പെടുന്നവരുമാണ്. സ്വയം വരേണ്യരെന്ന് നടിക്കുന്ന ഈ വർഗത്തോട് കടുത്ത പുച്ഛമനോഭാവമാണ് നായകനുള്ളത്. തന്റെ അധ്യാത്മികവഴിയിൽ ആരും കൂടെ സഹവസിക്കാത്തതിന്റെ അമർഷം പലപ്പോഴായി അവൻ ആത്മഭാഷണത്തിലൂടെ പറഞ്ഞു വെക്കുന്നുണ്ട്. എങ്കിലും, തന്റെ ദാർശനികവ്യവഹാരം മനസ്സിലാക്കാനും പരമയാഥാർഥ്യത്തിന്റെ പൊരുൾ ആന്തരീകരിക്കാനും, തന്റെ അയൽവാസിയെ പോലെ സാധാരണക്കാരായ ചില സഹനായകൾക്ക് സാധിക്കുമെന്ന് നായകൻ പ്രതീക്ഷിക്കുന്നു. അമൂർത്തമായ ചില സത്യങ്ങളിൽ താനും അവരും ഏകദിശോന്മുഖരായിക്കാമെന്നവൻ കരുതി. പക്ഷേ, ‘നായകളെ ഒന്നിപ്പിക്കുന്ന കൂട്ടായ ധാരണ എന്താണ്’ എന്ന ചോദ്യം അശുഭകരമായ ഒരു സത്യത്തിലേക്ക് അവനെ നയിക്കുന്നു. നായകളുടെ ലോകത്തിന്റെ ശോകനീയ അവസ്ഥയെ, ഒരു ഫിലോസഫറുടെ പരിവേഷത്തോടെ സാംസ്കാരിക വിമർശനം നടത്തുന്ന അവൻ, ആഹ്ലാദകരമായ ഒരു ഭാവി അവർക്ക് അന്യമാണെന്ന് പരിതപിക്കുകയാണ് ഒടുക്കം ചെയ്യുന്നത്.
ഗവേഷണത്തിന്റെ അടുത്തൊരു ഘട്ടത്തിൽ, ഭക്ഷണത്തിന്റെ ഉപഭോഗസംസ്കാരത്തെ കുറിച്ച് പഠിക്കാൻ നൂതനമായ ഒരു സമീപനം സ്വീകരിക്കുന്നുണ്ട് നായകൻ. അങ്ങനെയാണ് വ്രതാനുഷ്ഠാനത്തിൽ കണ്ണു വെക്കുകയും തന്റെ റിസേർച്ചിന്റെ ഏറ്റവും പ്രധാന മാധ്യമമായി വ്രതത്തെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. തന്റെ നൂതനമായ തത്ത്വചിന്താപദ്ധതി മൂലം തനിക്ക് കൈവരാനിരിക്കുന്ന നേട്ടത്തെ കുറിച്ച് ദിവാസ്വപ്നം കാണുന്നുവെങ്കിലും ഗവേഷണത്തിനു സ്വീകരിച്ച മാർഗം അവനെ പതിയെ കൊന്നു കൊണ്ടിരുന്നു. ഒരിക്കൽ, കഠിനമായ വ്രതം കാരണം ഛർദിച്ചവശനായ നായകനോട്, ഒരു വെളിപാടിൽ, സുന്ദരനായൊരു വേട്ടനായ വിജ്ഞാന സമ്പാദനം അവസാനിപ്പിക്കാൻ ഉപദേശിച്ചുവെങ്കിലും അവന്റെ ഉള്ളിലെ ഫിലോസഫർ അതിന് സമ്മതിച്ചില്ല. അവരുടെ സംഭാഷണം നടന്നു കൊണ്ടിരിക്കെ പെട്ടെന്ന്, അശരീരി പോലെയൊരു ഗാനം ലാവണ്യത്തോടെ ഉയരാൻ തുടങ്ങി. “എനിക്ക് വേണ്ടി മാത്രം പോലെ ഒരു ഗാനം, അതിന്റെ മുന്നിൽ മരച്ചില്ലകൾ പോലും നിശ്ശബ്ദരാവുന്നു.” ഒരു സംഗീത പരിപാടിയിൽ ജനിച്ച അവന്റെ ഉള്ളിലെ തത്വചിന്തയങ്ങനെ കാടിന്റെ വന്യതയിൽ തനിച്ച് ഒരു ഗാനാലാപനത്തിന്റെ കൂടെ മൃതിയടയുന്നു
കഥയുടെ ഉള്ളടക്കം, ആറ് ഉപാഖ്യാനങ്ങളിലൂടെയാണ് കടന്ന് പോവുന്നത്; സംഗീത പരിപാടി, ഭക്ഷണശാസ്ത്രത്തിലെ ചില പരീക്ഷണങ്ങൾ, അന്തരീക്ഷ നായകൾ, അയൽവാസി, വ്രതം, വേട്ടനായ. രണ്ട് പ്രധാന അന്യാപദേശങ്ങളും ഗാഢമായി ആഖ്യാനത്തിൽ ഇടപെടുന്നുണ്ട്. ഒന്ന് വ്രതത്തിന്റെ ഭാഗങ്ങളിൽ പരാമർശിക്കപ്പെടുന്ന സന്യാസികളുടെ ഉപമ. മറ്റൊന്ന് മജ്ജകളുടെ ഉപമയാണ്. തീർത്തും നിഘൂഢമായ ഭാഷയിൽ, തത്ത്വചിന്തകനും സമൂഹവും തമ്മിലെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണത് കഥയിൽ ചുരുളഴിയുന്നത്. സമൂഹമെന്ന ചോദ്യം കഥയിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. സത്യാന്വേഷണത്തിന്റെ വഴിയിൽ ഒറ്റക്കാണെങ്കിലും ആ അന്വേഷങ്ങളുടെ ഉപഭോഗ്താക്കൾ പൗരസമൂഹം മുഴുവനുമാണെന്ന് അവൻ തുറന്നു പറയുന്നു. അന്യോന്യമായ സമ്പർക്കത്തിലൂടെയല്ലാതെ ദാർശനികരഹസ്യം സാക്ഷാത്കരിക്കാൻ സാധിക്കില്ല എന്നവൻ തിരിച്ചറിയുന്നുണ്ട്. “എന്റെ ജ്ഞാനസപര്യയുടെ രഹസ്യം കുടികൊള്ളുന്നത് മുഴുവൻ സഹജീവികളിലുമാണ്. അവരുടെ സഹായമില്ലാതെ ലക്ഷ്യം സാക്ഷാത്കരിക്കാൻ എനിക്ക് സാധിക്കില്ല”. സത്യത്തിന് വേണ്ടിയുള്ള അവന്റെ ഭ്രമാത്മകസഞ്ചാരത്തിൽ പ്രതിലോമസ്വരം സൃഷ്ടിക്കുന്നത് പക്ഷേ, സഹനായകളുടെ മൗനമാണ്.
ശ്വാനസിദ്ധാന്തം (canine theory) ആത്യന്തികമായി സിദ്ധാന്തങ്ങളോടുള്ള പ്രതിരോധങ്ങളുടെ സിദ്ധാന്തമാണ് (theory of resistance to theory). ഭാഷയാണ് ഈ കഥയുടെ ഏറ്റവും വലിയ സങ്കീർണത. കഥയിലുടനീളം തേടിക്കൊണ്ടിരിക്കുന്ന, സമൂഹഘടനയിൽ ഇടപെടുകയും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുറ്റതുമായ ധൈഷണിക സത്യത്തെ (അതൊരുപക്ഷേ വിമോചനമോ, സ്നേഹമോ, നീതിയോ, അറിവോ ആകാം) യാഥാർഥ്യമാക്കാനുതകുന്ന ശരിയായ വാക്കുകൾ (true word) ലഭ്യമല്ല എന്ന് നായ സങ്കടപ്പെടുന്നു. Investigations നെ കുറിച്ച് പുറത്ത് വന്ന ഏറ്റവും ആദ്യത്തെ പഠനം സീഗ്ഫ്രീഡ് ക്രക്കാവറിന്റേതാണ്. കാഫ്കിയൻ സാഹിത്യങ്ങളുടെ കേന്ദ്രതന്തു ‘വിട്ടുപോയ വാക്കിനെ’ (missing word) ചുറ്റിപ്പറ്റിയുള്ളതാണെന്ന് സീഗ്ഫ്രീഡ് അതിൽ കുറിക്കുന്നുണ്ട്. “കാഫ്കക്ക് തന്നെ തന്റെ സർഗവൃത്തിയിൽ തിരിച്ചറിയാൻ പറ്റാതെ പോയ ‘ശരിയായ വാക്കിൽ’ നിന്ന് നാം വിച്ഛേദിക്കപെട്ടിരിക്കുന്നു.”
കഥയുടെ അവസാന താളുകളിൽ, ‘കാഫ്കിയൻ ശാസ്ത്ര പദ്ധതി’ എന്ന് വിപരീതോക്തിയോടെ വിളിക്കാവുന്ന ഒരു തത്ത്വചിന്താക്രമത്തിന്റെ ഘടന ചുരുങ്ങിയ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര പ്രമേയമായ ജ്ഞാനസപര്യയിൽ നിന്ന് നാല് പ്രധാന ജ്ഞാനമേഖലകൾ വികസിക്കുന്നതായി കഥയിൽ കാണാൻ സാധിക്കും. ഭൗതികവും അഭൗതികവുമായ പരിപോഷണത്തെ നിർമിക്കുന്ന ഭക്ഷണശാസ്ത്രവും, സംഗീതശാസ്ത്രവുമാണ് അതിൽ ഒന്നാമത്തെയും മൂന്നാമത്തെയും വിജ്ഞാനമേഘലകൾ. ഇവ രണ്ടിനുമിടയിൽ സ്ഥിതി ചെയ്യുന്ന, ഭൗതികവും അഭൗതികവുമായ രണ്ട് അനുഭൂതികളുടെ സമ്പർക്കങ്ങളെയാണ് മന്ത്രവാദ സിദ്ധാന്തം (Theory of Incantation) വിശകലനം ചെയ്യുന്നത്. പ്രതീകാത്മകമായ ചില കർമങ്ങളാണ്, പ്രാർഥനകളിലൂടെ നായകളുടെ ഭൗതികതാൽപര്യങ്ങളെ (ഇവിടെ അത് ഭക്ഷണമാണ്) സാധിപ്പിച്ചെടുക്കുന്നത്. ഈ പ്രാർഥനകളിൽ/പ്രതീകാത്മക കർമങ്ങളിൽ അടങ്ങിയിരിക്കുന്ന സ്ഥാപന സിദ്ധാന്തമാണ് (Theory of Institution) അടുത്തത്. എല്ലാ സ്ഥാപനങ്ങളും, അടിസ്ഥാനപരമായി, നമുക്കാവശ്യമുള്ളത് (our desired food) നേടിയെടുക്കാൻ നമ്മൾ പാടുന്ന പാട്ടുകളും, അവയ്ക്ക് നാം ചമയ്ക്കുന്ന നിയമങ്ങളുമാണ്. ഏറ്റവും ഒടുവിൽ, അതിവിശിഷ്ടമായ വിമോചനശാസ്ത്രമാണ് എല്ലാത്തിനേക്കാളും പ്രാധാന്യമർഹിക്കുന്നത്. അപൂർണതകളെ ഇഷ്ടപ്പെടുന്ന, സ്ഥാപിത താൽപര്യങ്ങളെ അവിശ്വസിക്കുന്ന, ആന്റി-സിസ്റ്റമാറ്റികോ അതല്ലെങ്കിൽ അൺ-സിസ്റ്റമാറ്റികോ ആണെന്ന വിധം സമഗ്രാധിപത്യങ്ങളോട് നിരന്തരം സംഘർഷത്തിലേർപ്പെടുന്ന വ്യക്തിയാണ് കാഫ്ക. Investigations of a Dog ൽ അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങളെ തുടരുന്ന തത്ത്വചിന്താ പദ്ധതി, നാലു പ്രധാന അന്വേഷണങ്ങളെ ആശ്രയിച്ചിരിക്കും; എന്താണ് നമ്മെ പോഷിപ്പിക്കുന്നത്? എന്താണ് കല? മന്ത്രവാദ ഘടനകൾ നമ്മെയെങ്ങനെ ലോകത്തോട് ബന്ധപ്പെടുത്തുന്നു? എന്താണ് സ്വാതന്ത്ര്യം? എന്നിവയാണവ.
കാഫ്കയുടെ Investigations of a Dog, യൂറോപ്പിനെ സംബന്ധിച്ച് ഏറെ നിർണായകമായ ഒരു കാലപരിസരത്താണ് രചിക്കപ്പെടുന്നത്, ഹുസ്സേളിന്റെ ഫിനമിനോളജിയും ഫ്രോയിഡിന്റെ സൈക്കോഅനാലിസിസും പാശ്ചാത്യ ജ്ഞാനശാസ്ത്ര വ്യവഹാരത്തിൽ വികസിച്ചു വന്ന ഇരുപതാം നൂറ്റാണ്ടിൽ. കാഫ്കയുടെ നായ തന്റെ പൗരസമൂഹത്തിന്റെ ആലസ്യത്തെ അപലപിച്ചത് പോലെ, പാശ്ചാത്യ നാഗരികതയുടെ തകർച്ചയെ അഭിമുഖീകരിച്ച ഈ രണ്ടു രീതികളും മുഖ്യധാരയിൽ ഇടം പിടിക്കുകയായിരുന്നു. ഫിലോസഫിയുടെ മുൻ മാതൃകകളിൽ പ്രത്യക്ഷപ്പെടുന്ന, ദാർശനിക ആലോചനകളെ ബോധമനസ്സിന്റെ ഘടനാടിസ്ഥാനത്തിൽ യുക്തിപരമായ പ്രയോഗങ്ങളിലൂടെ രൂപപ്പെടുത്തുന്നതിനാണ് ഫിനമിനോളജി എന്ന് പറയുന്നത്. എന്നാൽ, ഒരു പുതിയ ശാസ്ത്രമെന്ന നിലക്ക്, തീർത്തും വ്യക്തികേന്ദ്രീകൃതമായ മാനസികലോകത്തിന്റെ വ്യതിചലനങ്ങളെയാണ് ഫ്രോയിഡിന്റെ സൈക്കോഅനാലിസിസ് അന്വേഷിക്കുന്നത്. അബോധതലത്തിന്റെ ഉൾബലങ്ങളെയാണ് അവിടെ കേന്ദ്ര ബിന്ദുവാക്കുന്നത്. കാഫ്ക ഒരർഥത്തിൽ, Investigations ൽ അവതരിപ്പിക്കുന്ന നായയുടെ അന്വേഷണ തലം സൈക്കോഅനാലിസിസാണെന്ന് മ്ലാഡൻ ഡോളർ പറയുന്നുണ്ട്.
ഫ്രാൻസ് റോസെൻസ്വീഗ്, ബെർലിനിലെ Prussian State Library ൽ അദ്ദേഹത്തിന്റെ Hegel and the State എന്ന പുസ്തകത്തിന് വേണ്ടിയുള്ള റിസർച്ചിനിടയിൽ രണ്ട് പേജ് മാത്രം വരുന്ന ഒരു കൈയെഴുത്ത് പ്രതി കണ്ടെത്തുകയും പിന്നീട് 1917 ൽ “The Oldest System-Program of German Idealism” എന്ന പേരിലത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പരിഗണിച്ച്, ഹെഗെലാണ് രചയിതാവെന്നും, അല്ല ഷെല്ലിംഗിന്റെ രചനയെ ഹെഗൽ പിന്നീട് പകർത്തിയെഴുതിയതാണെന്നുമുള്ള സംവാദങ്ങൾ അക്കാദമി ലോകത്ത് അരങ്ങേറുകയുണ്ടായി. കൃതിയുടെ അവകാശവാദം പിന്നീട് നീത്ഷേയിലേക്കും ഹോൾഡർലിനിലേക്കും വരെ എത്തിനിൽക്കുന്നു. സത്യത്തിൽ, എഴുത്തുകാരൻ പുസ്തകത്തോടൊപ്പം അറിയപ്പെടണമെന്നത് ഒരു ആന്റി-പോസ്റ്റ്സ്ട്രക്ചറലിസ്റ്റ് വാദമാണ്.
മെറ്റാഫിസിസ്ക്സ്, ചരിത്രം, മതം, രാഷ്ട്രീയം, കല തുടങ്ങിയ വിഷയങ്ങളെ The Oldest System ചർച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, വിമോചനത്തെ സംബന്ധിച്ച ചില തിരിച്ചറിവുകളെ, യുക്തിയുടെ പുരാവൃത്തശാസ്ത്രത്തിന്റെ (mythology ഓഫ് reason) ഇടപെടലുകളോടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നു. ഒരുപക്ഷെ, കാഫ്ക ഈ കൃതി വായിച്ചിരുന്നെങ്കിൽ The Oldest System ഉം കാഫ്കയുടെ നായയും ഇത്തരമൊരു മിത്തോളജിയുടെ നിർമാണാത്മക കലഹങ്ങൾക്ക് വേണ്ടിയാണ് ഒരേ പോലെ പ്രയത്നിക്കുന്നതെന്ന് മനസ്സിലാക്കുമായിരുന്നു. കാഫ്കയുടെ നായ ഒരർഥത്തിൽ, ജെർമൻ ഐഡിയലിസ്റ്റുകളുടെ സഹസഹഞ്ചാരിയാണെന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല.
1917 നെ സംബന്ധിച്ച് മറ്റൊരു സവിശേഷത കൂടി ഉണ്ട്. ഹ്യൂമൻ സബ്ജക്റ്റിവിറ്റിയെ സമൂലമായി നവീകരിക്കാൻ റഷ്യയിൽ ഒക്ടോബർ വിപ്ലവത്തോടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർന്നു വരുന്നതും ഇതേ വർഷത്തിലാണ്. ആ കാലപരിസരത്ത്, റഷ്യയിൽ പ്രവർത്തിച്ചിരുന്ന Oberiu (Union of Real Art) എന്ന കൂട്ടായ്മയുടെ സജീവ പ്രവർത്തകൻ നിക്കോളായ് സബോലോട്ട്സ്കി 1931ൽ ( Investigations of a Dog പ്രസിദ്ധീകരിക്കപ്പെടുന്ന വർഷം ) രചിച്ച “The Mad Wolf” എന്ന വിപ്ലവഗാനത്തിലെ പ്രധാന കഥാപാത്രം ഒരു ചെന്നായയാണ്. അതിൽ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നായകരിൽ പ്രധാനിയായ ചെന്നായ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട് “നമ്മുടെ കാലക്കേടുകൾ ഇന്നലെകളുടെ കഥയാവുന്ന പുതിയൊരു ലോകം നാം പണിയാൻ പോവുകയാണ്”. കാഫ്കയുടെ നായയും പറയാൻ ശ്രമിക്കുന്നത് അത് തന്നെയാണ് “നമ്മുടെ ദുരിതങ്ങളെ തോളോട്തോൾ ചേർന്ന് ഇല്ലായ്മ ചെയ്യുകയാണ് നാം. സ്വാതന്ത്രത്തിന്റെ പുതിയൊരു ലോകത്തേക്ക് നാം പ്രവേശക്കുകയാണ്.”
വിവർത്തനം



Comments are closed.