ഹൃദയത്തിന്റെ ഔഷധങ്ങൾ; സുഗന്ധവും ഇൻഡോ-ഇസ്‌ലാമിക് വൈദ്യശാസ്ത്ര പാരമ്പര്യവും എന്ന ലേഖനത്തിന്റെ തുടർച്ച.

ഇതരിയ്യ നുസ്രത് ഷാഹി

സുഗന്ധങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന ‘ഇതരിയ്യ നുസ്രത് ഷാഹി’ 18 ഭാഗങ്ങളായി ആണ് ക്രമീകരിക്കപ്പെട്ടത്. പുസ്തകത്തിന്റെ അവസാനഭാഗം ഭാഗികമായെ മൂല ഗ്രന്ഥത്തിന്റെ പ്രതിയിൽ നിന്ന് കണ്ടെത്താനായുള്ളൂ എന്നത് കൂടുതൽ പേജുകൾ ഉണ്ടായിരിക്കാം എന്ന സൂചന നൽകുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ വിശദീകരണപ്രകാരം വിഷയത്തെ കേന്ദ്രീകരിച്ചുള്ള ചർച്ച രണ്ടു ഭാഗങ്ങളിൽ എന്നവണ്ണം ക്രമീകരിച്ചിരിക്കുന്നു. എട്ട് വിഷയങ്ങൾ അടങ്ങിയിരിക്കുന്ന ഗ്രന്ഥത്തിലെ അധ്യായങ്ങളുടെ എണ്ണം 18 ആയതിലെ ഔചിത്യം വ്യക്തമല്ല. ഒരു സുഗന്ധ ഉൽപ്പന്നം നിർമ്മിക്കുന്നതിനുള്ള ഒമ്പത് വിദ്യകൾ വീതം ഓരോ അധ്യായങ്ങളും പറയുന്നു. ഓരോ വിദ്യയും ഓരോ നവ്റാസ് വിഭാഗം (Nauras type) എന്ന് വിളിക്കപ്പെടുന്നു. അത് ഒരുപക്ഷേ Nauras  എന്ന പദത്തിന്റെ മറ്റൊരർത്ഥം ആയ നൂതന സത്ത എന്ന അർത്ഥത്തെ കൂടി കണക്കിലെടുത്ത്, ഓരോ വിദ്യയും പുതിയതാണെന്ന ധ്വനി സൃഷ്ടിക്കാൻ കൂടി ഉള്ളതായിരിക്കണം. 

എട്ട് അധ്യായങ്ങൾ യഥാക്രമം (1) അസംഘടിത സുഗന്ധ പദാർത്ഥങ്ങൾ, (2) ജീവികളുടെ ശരീരത്തിൽ നിന്ന് വിഘടിക്കുന്നവ, (3) അസംഘടിത പദാർത്ഥങ്ങളുടെ ഉത്ഭവം, പ്രകൃതം, ഗുണങ്ങൾ ,(4) അബീർ (ചന്ദനവും ഓക്ക് മരത്തിൻറെ നിർമ്മലമായ ഇലകളും ഇഞ്ചി തണ്ടും  മിശ്രിതമായി നിർമ്മിച്ചെടുക്കുന്ന സുഗന്ധദ്രവ്യം) എന്ന സുഗന്ധ മിശ്രിതം ഉണ്ടാക്കുന്നതിന്റെ രൂപം, (5) അംബറിന്റെ സ്വേദനം (6) കർപ്പൂരവും ബാർലി പൊടിയും നിർമ്മിക്കുന്നത്, (kāfūr) (7) കസ്തൂരി (സുഗന്ധം ആയി ഉപയോഗിക്കുന്ന ഒരു ജൈവാവശിഷ്ടം) യുടെ ശുദ്ധീകരണവും നിർമ്മാണവും, (8) ഗ്രന്ഥ കർത്താവിനെ വീക്ഷണപ്രകാരം മുഴുവൻ സുഗന്ധ വസ്തുക്കളിലും അവിഭാജ്യഘടകങ്ങളായ കസ്തൂരി, കുന്തിരിക്കം , കർപ്പൂരം എന്നിവയുടെ പരിശോധന, ഉപയോഗം, സൂക്ഷിക്കൽ, ഫലങ്ങൾ എന്നീ രീതിയിലാണ്.

ബീജാപൂർ കൊട്ടാരത്തിലെ  ദൈനംദിന ക്രമങ്ങളോട് ബന്ധം പുലർത്തുന്ന പട്ടിക ക്രമങ്ങളും വിവരണ രീതികളുമാണ് പതിനെട്ട് അധ്യായങ്ങൾ പിന്തുടരുന്നത്. ഒന്നാം അധ്യായം  ഒൻപത് തരം ‘ ചൂവ ‘ കൾ (ചന്ദന തടിയിൽ വെച്ച് നടത്തുന്ന ഊദിന്റെ സ്വേദനം) നിർമ്മിക്കുന്നതിനെ കുറിച്ചാണ്. രണ്ടാം അധ്യായം അബീർ ചൂർണ്ണം (ഹോളി ആഘോഷവേളയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അബീർ) തയ്യാറാക്കുന്നതിനുള്ള 9 വഴികളെ പ്രതിപാദിക്കുന്നു. മൂന്നാം അധ്യായത്തിൽ ഊദിനാൽ നിർമ്മിതമായ മെഴുകുതിരികൾ ഉണ്ടാക്കുന്നതിന്റെ 9 രീതികൾ വിശദീകരിക്കപ്പെടുന്നു. നാലാം അധ്യായം ഊദ് എണ്ണയും അത്തറും  ഉണ്ടാക്കുന്നതിനെ കുറിച്ചും, അഞ്ചാം അധ്യായം വ്യത്യസ്തമായ സുഗന്ധ ചൂർണ്ണങ്ങളെ കുറിച്ചുമാണ്‌ എഴുതിയിട്ടുള്ളത്. ആറാം അധ്യായത്തിൽ സുഗന്ധ എണ്ണകളെ കുറിച്ച് മാത്രം പറയുന്നു. ഏഴാം അധ്യായം പ്രസിദ്ധമായ ഗാലിയ (കുന്തിരിക്കം, സാമ്പ്രാണി എന്നിവയിൽനിന്ന് നിന്ന് നിർമ്മിക്കുന്ന സുഗന്ധദ്രവ്യം) തയ്യാറാക്കുന്ന തിനുള്ള ഒമ്പത് വഴികൾ നിർദ്ദേശിക്കുന്നു. പനിനീർ എണ്ണയും പനിനീർ ജലവും വേർതിരിച്ചെടുക്കുന്ന അതിനെക്കുറിച്ചാണ് എട്ടാം അധ്യായം. ഒമ്പതാം അധ്യായത്തിൽ വിവിധതരം സുഗന്ധ ജലങ്ങളെ കുറിച്ചുള്ള 9 വിവരണങ്ങളാണ്. പത്താം അധ്യായം വസ്ത്രങ്ങളിൽ സുഗന്ധം ഉപയോഗിക്കുന്നതിന് രീതികളെയും പതിനൊന്നാം അധ്യായം കർപ്പൂരം അടക്കമുള്ള ദ്രവ്യങ്ങൾ ഉപയോഗിച്ച് പരിമള ദായകമായ തിരികൾ നിർമ്മിക്കുന്ന രീതികളെ യും വരച്ചിടുന്നു. പന്ത്രണ്ടാം അദ്ധ്യായത്തിൽ  വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് തുടങ്ങിയവയുടെ സൗഗന്ധിക ഗുണങ്ങളെയും പതിമൂന്നാം അദ്ധ്യായത്തിൽ ‘ ഖറൂലി ‘ എന്ന വ്യത്യസ്ത ദ്രവ്യത്തെയും കുറിച്ച് വിശദമായി പറയുന്നു. പതിനാലാം അധ്യായത്തിൽ ദന്ത സുരക്ഷയെ സംബന്ധിച്ചും ദന്തശുചീകരണത്തിന് ഉപയോഗിക്കുന്ന സുഗന്ധ ചെടികൾ (miswak), കുളിക്കാനും കവിളിൽ കൊള്ളാനുമുള്ള സുഗന്ധ ജലം, ശരീരത്തിൽ തിരുമ്മാൻ ഉപയോഗിക്കുന്ന സുഗന്ധ മിശ്രിതങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചും പ്രതിപാദിക്കുന്നു. പതിനഞ്ചാം അദ്ധ്യായം 9 തരം വായു ശുദ്ധീകരണ ദ്രവ്യങ്ങളെ യും, പതിനാറാം അദ്ധ്യായം പള്ളിയറയിൽ ഉപയോഗിക്കുന്ന 9 തരം ദ്രവ്യ ങ്ങളെയും കുറിച്ചുള്ളതാണ്. പതിനേഴാം അധ്യായത്തിൽ സുഗന്ധലേപനം നടത്തിയ, തോൽ പാത്രത്തിലോ കിണ്ടിയിലോ മൺപാത്രത്തിലോ സൂക്ഷിക്കാവുന്ന സുഗന്ധപൂരിതമായ കുടിവെള്ളത്തെ കുറിച്ചുള്ള വിവരണം ആണ്. പതിനെട്ടാം അധ്യായം 9 തരം പൂച്ചെണ്ടുകളെ പട്ടികയായി അവതരിപ്പിക്കുന്നു. 

വിശിഷ്ടമായ ഒരു സുഗന്ധ ധൂപത്തിന്റെ  നിർമാണത്തെ സംബന്ധിച്ച് അഞ്ചാം അദ്ധ്യായത്തിൽ പറയുന്നത് ഇങ്ങനെ വായിക്കാം :

പുകക്കാൻ ഉപയോഗിക്കുന്ന ഊദിനെക്കുറിച്ചാണ് ഈ ഭാഗം. ഒരു ‘ സിർ ‘ (ഏകദേശം ഒരു ഒരു കിലോയ്ക്ക്‌ തുല്യമായ അളവ് ) മുന്തിയ ഊദ്‌,  ചെറിയ കഷണങ്ങളാക്കി റോസാചെടിയുടെ യുടെ ഇതളുകൾ അടങ്ങിയ പനിനീർ ജലത്തിൽ മൂന്നു ദിവസങ്ങൾ സൂക്ഷിക്കണം. ഈ കഷണങ്ങൾ ഈർപ്പം നഷ്ടപ്പെടാതെ ഉണക്കിയെടുക്കുകയും ശേഷം നന്നായി പൊടിച്ചെടുക്കുകയും വേണം. ഇതിനോടൊപ്പം തയ്യാറാക്കുന്ന ഒന്നേകാൽ സിർ വരുന്ന പഞ്ചസാര സിറപ്പിലേക്ക്  പനിനീർ ജലത്തിൽ കുതിർത്തെടുത്ത 25 ഗ്രാം കുന്തിരിക്കവും നേരത്തെ പൊടിച്ചു വെച്ച ഊദും ചേർത്തതിനു ശേഷം നന്നായി തണുപ്പിച്ച് എടുക്കുന്നു. ഈ മിശ്രിതത്തിൽ നിന്നും മുന്തിരിയുടെ സമാന വലിപ്പത്തിലുള്ള ഗോളങ്ങൾ ആയോ, സമൂസയുടെ ത്രികോണാകൃതിയിലോ ഉള്ള ദ്രവ്യങ്ങൾ ആക്കി ചൈനീസ് ഡിഷുകളിൽ ഇവയെ സൂക്ഷിച്ചു വയ്ക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. 

ആരോഗ്യകരമായ ആയുർദൈർഘ്യം സിദ്ധിക്കാൻ ശരീരത്തെ അടിസ്ഥാനപരമായും ഒൻപത് രുചിക്കൂട്ടുകൾ ശീലിപ്പിക്കേണ്ടതുണ്ട് എന്ന ആയുർവേദ തത്വം (മുസ്‌ലിം വൈദ്യ ശാസ്ത്രജ്ഞരും, സുഗന്ധ വ്യാപാരികളും ആയുർവേദത്തിന്റെ മൂല്യം വേണ്ടവിധം പരിഗണിച്ചതായി അവരുടെ ഇടപാടുകളിൽ കാണാനാവും) മനസ്സിലായവർക്കേ ഗ്രന്ഥത്തിൽ ‘ ഒൻപത് ‘ എന്ന സംഖ്യ ആവർത്തിച്ചു വരുന്നതിന്റെ പൊരുൾ ബോധ്യപ്പെടുകയുള്ളൂ. ഇതിന്റെ തുടർച്ചയായി ഒരു മികച്ച കലാസൃഷ്ടിയ്ക്ക്‌ (അത് ഒരു ഉദ്യാനമോ  സുഗന്ധദ്രവ്യമോ ഒരു സാഹിത്യ കൃതിയോ ആകട്ടെ) ഉന്നതമായ കലാമൂല്യം കൈവരണമെങ്കിൽ പ്രസ്തുത രസങ്ങളുടെ 9 വകഭേദങ്ങളും സമഗ്രമായി അതിൽ സമ്മേളിക്കണം. എങ്കിൽ മാത്രമേ പ്രേക്ഷകന് / ഉപയോക്താവിന് / വായനക്കാരന് ഈ രസങ്ങളോട് തത്തുല്യമായ വികാരങ്ങളെ (bhavas) കൂടി ആവിഷ്കരിക്കാനാവൂ എന്ന് അഭിപ്രായപ്പെടുന്നത് കാണാം. കാമം (sringara rasa) എന്ന വികാരത്തോട് അനുരൂപം പുലർത്തുന്ന മധുരം (madhura)  എന്ന രസത്തിന് വിവിധ കലാസൃഷ്ടികളിൽ വലിയ പ്രാധാന്യം നൽകിയിരുന്നു. 

ശരീരത്തിലെ ജലത്തിന്റെ അളവിൽ അസന്തുലിതമായ വർദ്ധന ഉണ്ടാക്കുന്ന ഒരു രോഗത്തിന് ആയുർവേദചികിത്സയിൽ മധുര ഗുണമുള്ള രസത്തെ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. അത് ശരീരത്തിൽ രക്തം, മാംസം, പുഷ്ടി, മജ്ജ, ശുക്ലം, ആയുസ്സ് എന്നിവയുടെ വർദ്ധനവിന് കാരണമാകുമെന്നും ഇന്ദ്രിയങ്ങൾക്ക് നല്ലതോതിൽ സംരക്ഷണം ഏർപ്പെടുത്തുമെന്നും നിരീക്ഷിക്കപ്പെടുന്നു. ലളിതമായി പറഞ്ഞാൽ,  രസ എന്ന പദം ആനന്ദം (പ്രത്യേകിച്ചും ലൈംഗിക ആനന്ദം) എന്ന പദത്തിന് തുല്യമാണ്. പ്രസ്തുത പദത്തിന് രുചിയോടും ഗന്ധത്തോടും ഒരുപോലെ ബന്ധമുണ്ടെന്നതും ഏറെ കൗതുകകരമാണ്. 

ഉദ്യാനങ്ങളും സുഗന്ധ പരിസരവും

സുഗന്ധവും സുഗന്ധ പദാര്‍ത്ഥങ്ങളും ഇൻഡോ-ഇസ്‌ലാമിക് സംസ്കൃതിയുടെ പ്രധാനഭാഗം ആയിരുന്നതിനാൽ സുഗന്ധ ദ്രവ്യങ്ങൾ നാഗരികതയിലെ ജനവാസ മേഖലകളുടെ അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചു. സുൽത്താന്റെയും രാജസദസ്സിലെ ഉന്നതരുടെയും റൂമുകളിൽ എങ്ങിനെ സുഗന്ധം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നൗറാസ്‌ ശാഹിയിൽ വിശദമായ പരാമർശങ്ങൾ കാണാം.  ഈ പരാമർശങ്ങൾക്ക്‌ പിന്നിൽ വ്യക്തമായ താൽപര്യങ്ങൾ ഉണ്ട്. കൊട്ടാര വസതികൾ മുതൽ പൊതു വഴികളിലെ ജനവാസ മേഖലകളിൽ വരെ താമസസ്ഥലത്തോട് ചേർന്ന് ഉദ്യാനങ്ങൾക്ക് പ്രത്യേക ഇടം ഉണ്ടായിരുന്നു എന്നതാണ് ഇതിനു കാരണം. 

നായാട്ടിനു പോകുന്ന സന്ദർഭങ്ങളിൽ സുൽത്താൻ ഉപയോഗിച്ചിരുന്ന സുഖവാസ കേന്ദ്രമായ കുമട്‌കി (kumatgi) എങ്ങനെ പൂന്തോട്ടങ്ങൾ  മനോഹരമായി ഉപയോഗിക്കപ്പെട്ടു എന്നതിന് ഉദാഹരണമാണ്. മനുഷ്യനിർമ്മിതമായ തടാകത്തിന് ചുറ്റും വിശാലമായ ഉദ്യാനങ്ങൾ അടങ്ങുന്നതാണ് ഈ പ്രദേശം. മനോഹരമായ ഈ നിർമ്മിതിയിൽ ഇരുനിലകളും ചുറ്റും വെള്ളച്ചാലുകളും ജലസംഭരണികളും ഉള്ള നീരാട്ടു പുരയുണ്ട്. മറ്റൊരു ഭാഗത്ത്  വിശാലമായ ചുമർചിത്രങ്ങളും നീന്തൽക്കുളങ്ങളും അടങ്ങിയ ചിത്രശാല (chitrasal) നിർമ്മിച്ചിരുന്നു (ഇത് ഖാബ്‌ഗാഹ് എന്ന് അറിയപ്പെട്ടു). സുൽത്താന്റെ ഈ സ്വകാര്യ കേന്ദ്രത്തെ അനുകരിച്ച് നിരവധി പ്രഭുക്കൾ സമാനമായ നിർമ്മിതികൾ പണികഴിപ്പിച്ചു. ദൗർഭാഗ്യവശാൽ, ഇവയെല്ലാം നശിക്കുകയും പഴയ ഉദ്യാനങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും തടാകത്തിൽ നിന്നും വരുന്ന ജലം സംരക്ഷിക്കാനും തുടർന്ന് ഉദ്യാനങ്ങളിലേക്കും കുളങ്ങളിലേക്കും തിരിച്ചുവിടാനും ഉപയോഗിച്ചിരുന്ന സാങ്കേതിക സൗകര്യങ്ങൾ ഇന്ന് ഭാഗികമായി പുനർ നിർമ്മിച്ചിട്ടുണ്ട്. 

സുഖവാസ കേന്ദ്രങ്ങളോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ഉദ്യാനങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ വടക്കൻ ഇന്ത്യയിലെ ഡൽഹി, ആഗ്ര, ലാഹോർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കമനീയമായ പടികളുള്ള തടാകവും ഹറമിലേക്ക് നീണ്ടുകിടക്കുന്ന സ്വകാര്യ പാതകളും ഉള്ള ഫത്തേപ്പൂർസിക്രി ഒരു നല്ല  ഖാബ്ഗാഹിന് ഉദാഹരണമാക്കാം. തുറന്ന ഉമ്മറ ഭാഗവും, വിശാലമായ പൂമുഖവും, കിടപ്പറകൾക്ക് വേണ്ടിയുള്ള അടഞ്ഞ ഉൾഭാഗവും അടങ്ങുന്ന ആഗ്ര കോട്ടയ്ക്കകത്തെ ഖാസ് മഹൽ അതിലും നല്ല ചിത്രമാണ്. ഡൽഹിയിലെ ചെങ്കോട്ടയിലും ആഗ്ര, ലാഹോർ എന്നിവിടങ്ങളിലെ കോട്ടകളിലും ഉള്ള രാജ വസതികളും കിടപ്പറകളും പുഴയുടെ തീരത്ത് നിരനിരയായാണ് പണിതിട്ടുള്ളത്. ഒരുഭാഗത്ത് അനുസ്യുതം വീശിയടിക്കുന്ന മന്ദമാരുതനും മറുഭാഗത്ത് സുഗന്ധപൂരിതമായ ഉദ്യാനങ്ങളിലേക്കും തുറക്കുന്ന മനോഹരമായ നിർമ്മിതികൾ. അഞ്ചു കിടപ്പറകളും പൈൻ ബാഗിലേക്ക് തുറക്കുന്ന പൂമുഖവും ഉള്ള രണ്ട് ഖാബ് ഗാഹുകൾ അടങ്ങുന്ന ലാഹോർ കോട്ടയിലെ മുറികൾ  സുഗന്ധോദ്യാനങ്ങൾ ആയത് ഇങ്ങനെയായിരുന്നു. 

ഖാബ്‌ഗാഹിൽ സുഗന്ധം ഉപയോഗിക്കുന്ന രീതി നിസാമുദ്ദീൻ മഹ്മൂദ് വിശദീകരിക്കുന്നുണ്ട്. മുകളിൽ മുല്ല, കൂസ (കസ്തൂരി റോസ് ), സുർക് (അത്തർ റോസ്), നിവാലി , ചമ്പ (വാസനയും ഭംഗിയും ഉള്ള ഒരു പൂവ് ) എന്നീ പുഷ്പങ്ങളും താഴെ ചെറുനാരങ്ങയും ഉള്ള ഒരു പാത്രം തലയ്ക്കു സമീപം വെക്കാം. സ്വേദനം ചെയ്തെടുത്ത ഊദിന്റെയും ചന്ദനത്തിന്റെയും ലായനിയിൽ ബാല പുഷ്പത്തിന് ചാറ് ചേർത്തുണ്ടാക്കുന്ന ദ്രാവകം മുറിയിൽ തളിക്കുകയും  കതക് നന്നായി അടച്ച്, ബെഡ്ഷീറ്റ് ഉയർത്തിവെച്ച് ഊദ് പുകയ്ക്കുകയും ചെയ്യുന്നതോടെ ആകർഷണീയവും ഊർജദായകവുമായ സുഗന്ധം കിടപ്പറയിൽ നിറയും. 

കിടപ്പറയിൽ വാസന നൽകുന്ന പൂമാലകൾ കൊണ്ട് അലങ്കരിക്കുന്ന മറ്റൊരു രീതിയും അതിൽ പറയുന്നുണ്ട്. നല്ല വാസനയുള്ള മരപ്പശ, തടിക്കഷണങ്ങൾ, വേരുകൾ, ജീവികളുടെ സ്രവങ്ങൾ തുടങ്ങിയവ കലർത്തിയ പനിനീർ ജലം പൂമാല കളിൽ തളിക്കണം. ഈ മിശ്രിതത്തിൽ കർപ്പൂരം, കുന്തിരിക്കം, കസ്തൂരി, കപൂർ കചരി (ഇഞ്ചിയുടെ പേരുകൾ കൊത്തി നുറുക്കിയത് – Hedychium Spicatum) ബെഹ്മൻ (Centaurea വർഗ്ഗത്തിലെ ഒരിനം), ബധർ മോത്ത് (ഒരിനം ചെടിയുടെ വേര്) എന്നിവയും ചേർക്കാറുണ്ട്. അതിനുശേഷം കതകടക്കുകയും ഊദ് പുകയ്ക്കുകയും ആവാം.

ബീജാപൂർ നഗരത്തിലെ ഇത്തരം സജ്ജീകരണങ്ങൾക്ക് ഹിന്ദുസാമ്രാജ്യം ആയിരുന്ന വിജയനഗരത്തിലെ രാജാവിന്റെ നാഗരിക കൽപ്പനകളുടെ സ്വാധീനമുണ്ട് . വിജയ് നഗരവും വിജയപുരം തമ്മിലുണ്ടായിരുന്ന അടുപ്പം ആകണം ഇതിന്റെ കാരണം. രാജാവിന്റെ കിടപ്പറയിൽ ഉപയോഗിക്കുന്ന സുഗന്ധ സജ്ജീകരണങ്ങളെ കുറിച്ച് കാമസൂത്രയുടെ രചയിതാവ് വ്യാസയാനൻ എഴുതുന്നു : സുഗന്ധത്തിനായി  സുഗന്ധ മിശ്രിതങ്ങൾ (anulepanum), പൂമാലകൾ (malyam), ദ്രവ്യങ്ങൾ (sugandhi kaputika), ചെറുനാരങ്ങയുടെ തൊലി (matalungatvacas), വെറ്റില ചുരുളുകൾ എന്നീ വസ്തുക്കൾ രാജാവിനെ കിടപ്പറയിൽ ക്രമീകരിക്കാറുണ്ട്. പ്രഭാതത്തിൽ പുഷ്പഹാരങ്ങൾ ഉപയോഗിക്കുന്നതും പ്രദോഷത്തിൽ കിടപ്പറയിൽ വിവിധ സുഗന്ധ ധൂപങ്ങൾ (vasagrhesamcaritasurabhi – dhupe) പുകക്കുകയും ചെയ്യുന്നത്  അദ്ദേഹത്തിന് പതിവായിരുന്നു’. സുഗന്ധദ്രവ്യങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങളൊന്നും കാമസൂത്രയിൽ ഇല്ലെങ്കിലും പിന്നീട് രചിക്കപ്പെട്ട ‘നഗരവാസ’ (കാമശാസ്ത്രം), പന്ത്രണ്ടാം നൂറ്റാണ്ടിലെ ‘മാനസോല്ലാസ ‘ (The delight of the mind ) തുടങ്ങിയ കൃതികളിൽ അവയെ സംബന്ധിച്ച് വ്യക്തമായ പ്രതിപാദ്യങ്ങൾ ഉണ്ട്. 

ജീവികളുടെ  സ്രവങ്ങളെയും സുഗന്ധദ്രവ്യങ്ങളെയും മറ്റും പുഷ്പങ്ങളോട് സംയോജിപ്പിച്ച് ദ്രവ്യങ്ങൾ നിർമ്മിച്ചെടുക്കുന്നതാണ് നിസാമുദ്ദീൻ മഹ്മൂദിന്റെ സുഗന്ധ സംയുക്തങ്ങളുടെ ഒരു പൊതു സ്വഭാവം. മനുഷ്യന്റെ ഹൃദയത്തിനും ശരീരത്തിനും ഒരുപോലെ സംരക്ഷണം ഒരുക്കുന്നുണ്ട് സുഗന്ധം എന്ന് ആധികാരികമായി പ്രസ്താവിക്കുമ്പോഴും  ഈ സംയുക്തങ്ങളിലെ ഘടകങ്ങൾ പരസ്പരം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് നിർഭാഗ്യവശാൽ അദ്ദേഹം പറയുന്നതേയില്ല. അസ്ഥിര സ്വഭാവം പുലർത്തുന്ന ഘടകങ്ങളിലെ ബാഷ്പീകരണ നിരക്ക് മന്ദീഭവിപ്പിക്കുന്നതിലൂടെ സുഗന്ധ സംയുക്തങ്ങളിൽ സ്ഥിരത നിലനിർത്തുന്ന ധർമ്മമാണോ (fixation) ധൂപങ്ങൾ ചെയ്യുന്നത് ? പൂക്കളാണോ ഈ സംയുക്തങ്ങളിലെ ടോപ്പ് നോട്ട്? എല്ലാത്തരം സംയുക്തങ്ങളെയും സുഗന്ധദ്രവ്യം ആയും പ്രകൃതിപരം ആയും ഗ്രീക്കോ – അറേബ്യൻ വൈദ്യശാസ്ത്രജ്ഞൻ കണക്കാക്കിയിരുന്നെങ്കിലും, സസ്യലതാദികളിൽ നിന്ന് ശേഖരിക്കുന്ന സുഗന്ധദ്രവ്യങ്ങളും പക്ഷിമൃഗാദികളിൽ നിന്ന് ശേഖരിക്കുന്ന ജൈവ പദാർത്ഥങ്ങളും തമ്മിൽ വിരുദ്ധ സ്വഭാവങ്ങൾ ഉണ്ടായിരുന്നോ? ഇതായിരിക്കുമോ പതിനേഴാം നൂറ്റാണ്ടിലെ സുഗന്ധദ്രവ്യങ്ങളെ സംയോജിപ്പിക്കുന്നതിൽ പ്രവർത്തിച്ച യുക്തി? 

സുഗന്ധങ്ങളെ അവയുടെ പ്രാഥമിക/ദ്വിതീയ ഗന്ധത്തിന്റെയും, സ്വഭാവ ഗുണത്തിന്റെയും (mizaj), വൈദ്യ ഗുണത്തിന്റെയും (khasiyat), അവയുടെ ഫലത്തിന്റെയും (ta’sir) അടിസ്ഥാനത്തിൽ മുസ്‌ലിം വൈദ്യശാസ്ത്രജ്ഞൻ തരംതിരിച്ചിരിക്കുന്നു. മഹ്മൂദിന്റെ രചനയിൽ പ്രതിപാദിക്കപ്പെടുന്ന സുഗന്ധ സംയുക്തങ്ങൾ ഒരു വ്യക്തിയുടെ ആന്തരിക ഘടനയുടെ കാലഗണനയെയും ആശ്രയിച്ച് പരസ്പരം സമരസപ്പെടുകയും ആവശ്യമായ താപനിലയെ യഥാവിധി ക്രമീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കരുതിയിരുന്നു. 

ഗന്ധവും അനുഭൂതിയും തമ്മിലുള്ള പാരസ്പര്യത്തെയും സൗന്ദര്യ ആസ്വാദനവും വാസനയും തമ്മിലുള്ള ബന്ധത്തെയും കേന്ദ്രീകരിച്ചാണ് ഈ ഭാഗം എഴുതിയിട്ടുള്ളത്. ഇൻഡോ – ഇസ്‌ലാമിക് ഗ്രന്ഥശേഖരങ്ങളിലെ സുഗന്ധ സംബന്ധിയായ കൃതികൾ അവലംബമാക്കി ഉദ്യാന നിർമ്മാണങ്ങളിൽ ഇത്തരം ബന്ധങ്ങളെ എങ്ങിനെ പരിഗണിച്ചിട്ടുണ്ട് എന്നതും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. ക്ഷണികവും അപ്രധാനവും ആയി കണക്കാക്കപ്പെടുന്ന ഒന്നാണ് സുഗന്ധം . മനുഷ്യന്റെ വ്യക്തി ജീവിതവും പരിസ്ഥിതിയുമായി അതിനെ കൂട്ടിയിണക്കിയതിലൂടെ ക്ഷണികം ആണെങ്കിൽ പോലും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സുഗന്ധം എന്ന് ഇതരിയ്യ നുസ്രത് ഷാഹി പൊളിച്ചെഴുതുന്നു. ആത്മീയമായ ഔന്നത്യത്തിനും പ്രാപഞ്ചിക യാഥാർഥ്യങ്ങളെ അതിവർത്തിക്കുന്നതിനുമുള്ള മാർഗം എന്നതിനപ്പുറം , സദ്‌വൃത്തർക്ക് വേണ്ടി കാത്തിരിക്കുന്ന സ്വർഗീയ സന്തോഷങ്ങളുടെ സൂചകമായും, ആസ്വാദന ഇന്ദ്രിങ്ങളുടെ സജീവതയായും സുഗന്ധം തന്നെയാണ് ഉദാഹരിക്കാറുള്ളത്. ഇബ്രാഹിം റോസയിലെ ആദിൽ ഷാ രണ്ടാമന്റെ മഖ്ബറയോട് ചേർന്ന മസ്ജിദിൽ നിന്നും പുറത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന ഒരു ജാലകമുണ്ട്. ആരാധനയിൽ ഏർപ്പെടുന്ന ഓരോ വ്യക്തിയ്‌ക്കും ഭൂമിയിലെ ആ സ്വർഗ്ഗത്തിന്റെ പരിമളം കൂടി ആസ്വദിക്കാൻ വേണ്ടി തയ്യാറാക്കപ്പെട്ട ഒന്നുപോലെ അത് ഇന്നും നിലനിൽക്കുന്നു.


വിവർത്തനം: Muhsin Abdul Azeez
Featured Image: Xuan Nguyen

Comments are closed.