ശൂന്യതയുടെ സുഗന്ധം
ആൻഡ്രൂ ഹാർവി തന്റെ പെർഫ്യൂം ഓഫ് ദി ഡെസേർട്ട് എന്ന പുസ്തകത്തിൽ ഒരു സൂഫി കഥ വിവരിക്കുന്നുണ്ട്. കഥയിങ്ങനെയാണ്..
ഒരു കൂട്ടം അറബികൾ (beduvians) തങ്ങളുടെ തലവനുമൊത്ത് മരുഭൂമിയിൽ സവാരി ചെയ്യുകയാണ്. അദ്ദേഹം ഒരു മതവിശ്വാസിയും മികച്ച നേതാവുമായിരുന്നു. അവരുടെ അലഞ്ഞുതിരിയൽ ആളൊഴിഞ്ഞ പഴകിയ ഒരു കൊട്ടാരത്തിന് സമീപം എത്തിചേർന്നു.
കൊട്ടാരത്തിന്റെ വിജനമായ മുറികളിലൂടെ കയറിയിറങ്ങിയ യുവാക്കൾ കെട്ടിടത്തിന്റെ നിർമ്മിതി മനസ്സിലാക്കാൻ പ്ലാസ്റ്ററിന്റെയും ഇഷ്ടികകളുടെയും കഷ്ണങ്ങൾ പൊട്ടിച്ച് മണത്തുനോക്കി. കൂട്ടത്തിലൊരാൾ വിളിച്ചുപറഞ്ഞു: “ഈ കളിമണ്ണിൽ പനിനീറിന്റെയും, ഓറഞ്ചിന്റെയും പൂക്കളുടെ എണ്ണകൾ കലർത്തിയിരിക്കുന്നു.” മറ്റൊരാൾ അത്ഭുതത്തോടെ പറയുകയാണ് “ഈ അഴുക്കിൽ ഞാൻ ജാസ്മിൻ മണക്കുന്നു! എത്ര മനോഹരമാണിത്!”
സംഘ തലവനായ ഗുരു അകലെ നിന്ന് സംഭവം വീക്ഷിക്കുന്നുണ്ടായിരുന്നു; മറുപടിയൊന്നും പറയാതെ. അവസാനം, ചെറുപ്പക്കാർ ആ കൊട്ടാരതത്തിന്റെ വിവിധയിനം കളിമണ്ണുകൾ മണത്തുനോക്കിയ ശേഷം ഗുരുവിന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു, ഗുരോ, നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധം ഏതാണ്?
അദ്ദേഹം ചെറുതായി ഒന്ന് ചിരിക്കുകയും കൊട്ടാരത്തിന്റെ ഒരു പൊളിഞ്ഞ ജാലകത്തിലൂടെ ശൂന്യമായ മരുഭൂമിയിലെ കാറ്റിനെ ലക്ഷ്യമാക്കി പുറത്തേക്ക് കൈകൾ നീട്ടിപിടിക്കുകയും ഒരു കവിൾ കാറ്റ് കയ്യിലൊതുക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം തന്റെ കൈകൾ ചെറുപ്പക്കാർക്ക് നേരെ നീട്ടി, “ഇത് മണക്കുക! പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സുഗന്ധം മരുഭൂമിയുടെ ഗന്ധമാണ്, കാരണം അതിന് വാസനകളില്ല, ശൂന്യതയുടെ സുഗന്ധമാണതിന്..”
നിഗൂഢതയുടെയും തിരിച്ചറിവിന്റെയും പരിമളം
കാലങ്ങൾക്ക് ശേഷം ആൻഡ്രൂ ഹാർവി തന്റെ ഒരു പഴയ സൂഫി സുഹൃത്തിനോട് ഈ കഥയുടെ അർത്ഥത്തെക്കുറിച്ച് ചോദിച്ചു. അദ്ദേഹമതിനെ വിശദീകരിച്ചത് ഇങ്ങനെയാണ് : “എന്നെ സംബന്ധിച്ചിടത്തോളം, സൂഫികളെയും സൂഫിസത്തെയും കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാൻ മരുഭൂമിയെക്കുറിച്ച് ചിന്തിക്കാറുണ്ട്. അതിന്റെ വന്യതയും, അതിമനോഹരവും ഭയാനകവുമായ ഏകാന്തതയും, നിശബ്ദതയും, വിശുദ്ധിയുമെല്ലാം എന്റെ മനസ്സിലേക്ക് കടന്ന് വരും. മരുഭൂമിയിൽ നമ്മളെങ്ങനെയാണ് പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടുകയും, നമുക്ക് മുകളിലും ചുറ്റുമായി നിൽക്കുന്ന വസ്തുക്കളുടെ ഭാഗമായി മാറുകയും ചെയ്യുന്നത് എന്ന് ഞാൻ ആലോചിക്കും. നിങ്ങൾ ചക്രവാളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ നീണ്ട്, ശൂന്യവും, നിശ്ചലവുമായി കിടക്കുന്ന മണൽപ്പരപ്പിന്റെയും, ആകാശത്തിന്റെയും ഭാഗമായി മാറുന്നത് പോലെ ഒരനുഭവമാണത്.
“സ്രഷ്ടാവിന്റെ മുഖം ഒഴികെ എല്ലാം നശിക്കും” എന്ന ഖുർആനിക സൂക്തത്തെ കുറിച്ച് ഞാൻ ആലോചിച്ചു പോകുന്നു. ഈ മരുഭൂമി റബ്ബിന്റെ മുഖമാണ് (وجه الله) മനുഷ്യൻ അവന്റെ ഒന്നുമില്ലായ്മയെയും ദൈവത്തിന്റെ സമ്പൂർണ്ണമായ ശോഭയെയും ദർശിക്കുന്ന കണ്ണാടിയാണത്. മരുഭൂമിയുടെ കണ്ണാടിയിലേക്ക് കണ്ണും നട്ട് ജീവിതം ചിലവഴിക്കുന്നവരാണ് സൂഫികൾ, മാത്രവുമല്ല ഈ മരുഭൂവിന്റെ പരിശുദ്ധിയും മഹത്വവും കുളിർമ്മയും സ്വന്തം ജീവിതത്തിലേക്ക് ഉയർത്തിപ്പിടിക്കുന്നവരുമാണവർ.
ഏറ്റവും മികച്ച സൂഫി തത്ത്വചിന്തകരിലും കവികളിലും, ‘പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സുഗന്ധം’ എന്ന് കഥയിലെ ഗുരു പറഞ്ഞ സുഗന്ധം നമുക്ക് അനുഭവിക്കാനാകും. മരുഭൂവിന്റെ സുഗന്ധം, ശൂന്യതയുടെ സുഗന്ധം, പരമമായ സാന്നിധ്യത്തിന്റെ ഉല്ലാസകരമായ സുഗന്ധം, ഒരേസമയം ഇല്ലായ്മയുടെയും ഉണ്മയുടെയും പരിമളം. കഥയിലെ തകർന്ന കൊട്ടാരം ലോകമാണ്, അതിലെ എല്ലാ വിനോദങ്ങളും, ആഗ്രഹങ്ങളും, പദ്ധതികളും എല്ലാം സുരഭിലമായ ഇച്ഛകളിൽ നിന്നാണ് പടുത്തുയർത്തിയിരിക്കുന്നത്.
ടി. എസ്. എലിയറ്റിന്റെ ലെ ഒരു വരിയാണ് ഓർമവരുന്നത്
” ഒരു വൃദ്ധന്റെ കുപ്പായക്കൈയ്യിലെ ചാരം
ഉണങ്ങിയ റോസ് പുഷ്പങ്ങളുടെ ചാരമാണ് “
ലോകത്തിന്റെ സർവ്വ സന്തോഷങ്ങളും എത്ര മനോഹരമാണെങ്കിലും അവ കടന്നുപോകുന്നതാണ്. ദീർഘനേരം നിലനിൽക്കാൻ അതിന് കഴിയില്ല. എന്നാൽ അനന്തമായ ഗന്ധം ശൂന്യതയുടേതാണ്, ദൈവത്തിന്റേതാണ്.. ആ സുഗന്ധത്തെ, നിഗൂഢതയെ, ഉല്ലാസത്തെ, പരമാനന്ദത്തെ അനുഭവിക്കുക എന്നതാണ് സൂഫികളുടെ ലക്ഷ്യം. ആ ഗന്ധം തങ്ങളെ പ്രിയനിൽ ഉന്മത്തരാക്കുകയും അവനിൽ ലയിപ്പിക്കുകയും ചെയ്യുമെന്ന് അവർക്കറിയാം.
ഒരിക്കൽ നിങ്ങൾ ആ സുഗന്ധം അനുഭവിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ ജീവിതം തകർന്നുപോകും, കാരണം അതോടെ മറ്റൊരു സുഗന്ധവും നിങ്ങൾക്ക് വാസനിക്കാതെ വരും, നിങ്ങളുടെ ഉണ്മ തന്നെ ആ ഗന്ധത്തിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമായി മാറും.
ഈ അപൂർവ സുഗന്ധം, മധുരമുള്ള ലഹരി
ഞാൻ മഴയെ സ്വപ്നം കാണുന്നു
മരുഭൂമിയിലെ മണലിൽ പൂന്തോട്ടങ്ങളെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നുഞാൻ വെറുതെ ഉണരുന്നു
സമയം എന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ ഞാൻ പ്രണയത്തെക്കുറിച്ച് സ്വപ്നം കാണുന്നുഞാൻ തീജ്വലയെ സ്വപ്നം കാണുന്നു
ആ സ്വപ്നങ്ങൾ ഒരിക്കലും തളരാത്ത ഒരു കുതിരയുമായി ബന്ധച്ചിരിക്കുന്നുആ തീജ്വാലകളിൽ
അവളുടെ നിഴലുകൾ ഒരു പുരുഷന്റെ ആഗ്രഹത്തിന്റെ ആകൃതിയിൽ നടനമാടുന്നുഈ മരുഭൂമിയിലെ റോസാ പുഷ്പം
അവളുടെ ഓരോ മൂടുപടങ്ങളും, ഒരു രഹസ്യ വാഗ്ദാനമാണ്ഈ മരുഭൂമിയിലെ പുഷ്പം,
ഇതിനേക്കാൾ മധുരമുള്ള സുഗന്ധദ്രവ്യങ്ങളൊന്നും എന്നെ ആകർശിച്ചിട്ടില്ലഞാൻ മഴയെ സ്വപ്നം കാണുന്നു
മുകളിലുള്ള വിജനമായ ആകാശത്തിലേക്ക് ഞാൻ എന്റെ കണ്ണുകളുയർത്തുന്നുഞാൻ കണ്ണുകൾ അടക്കുന്നു
ഈ അപൂർവ സുഗന്ധദ്രവ്യമാണ് അവളുടെ പ്രണയത്തിന്റെ ഉന്മാദംമനോഹരമായ മരുഭൂമിയിലെ റോസാ പുഷ്പം
ഈ ഏദൻ തോട്ടത്തിന്റെ ഓർമ്മകൾ നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്ഈ മരുഭൂമിയിലെ പുഷ്പം
ഈ അപൂർവ സുഗന്ധദ്രവ്യമാണ് പതനത്തിന്റെ മധുരമൂറുന്ന ലഹരി.From Desert Rose by Sting
വിവർത്തനം: Muhsin Abdul Hakeem
Featured Image: Amy Humphries
Comments are closed.