വീട്ടിൽ നിന്ന് എല്ലാവരും മദീനയിലേക്കു പോയ ദിവസം, യൂ ട്യൂബിൽ പട്ടുറുമാലിലെ പാട്ടുകൾ ഡൗൺലോഡ് ചെയ്ത കേട്ടുകൊണ്ടിരിക്കെ യാദൃശ്ചികമായാണ് അശ്‌റഫ് തായ്‌നേരിയും രഹ്നയും ചേർന്നു പാടിയ മക്കാ മദീനാ ഞാൻ ഓർത്തു പോയി ഹഖ് റസൂലിന്റെ നിനവിലായി. എന്ന പാട്ടുകേൾക്കുന്നത്. മക്കയുടെയും മദീനയുടെയും ചിത്രം കൊത്തിയ വരികൾ; “കഅബയെ വലം വച്ചു പാറുന്ന കിളികളിൽ ഒരു കിളിയായി ഞാൻ മാറിയെങ്കിൽ’ എന്ന് ആരെയും കൊതിപ്പിക്കുന്ന ഭാവസാന്ദ്രമായ ആ പാട്ടു കേട്ടുകൊണ്ടിരിക്കെ ജ്യേഷ്ഠൻ ഹബീബ് വിളിച്ചു, മദീനയിൽ നിന്ന്. മദീനയിൽ എത്തിയെന്നും തിരുനബിയുടെ പള്ളിയുടെ മുറ്റത്തു നിന്നാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.

റമളാൻ മാസമായിരുന്നു അത്. മദീനയിൽ വാഹനമിറങ്ങിയ ഉടനെ നോമ്പു തുറക്കാൻ തങ്ങളുടെ കൂടെ കൂടണമെന്നു പറഞ്ഞു കുട്ടികൾ അവരുടെ കൈകളിൽ പിടിച്ചു വലിക്കുന്നുണ്ടായിരുന്നുവത്രെ . തങ്ങളുടെ അതിഥികളാകൂ എന്നു കേണപേക്ഷിക്കുന്ന കുട്ടികളുടെ മുമ്പിൽ, ആരുടെ കൂടെ പോകണം എന്നു എത്തും പിടിയും കിട്ടാതെ നിൽക്കേ അമീർ അശ്റഫ് സഖാഫി മായനാടു പറഞ്ഞുവത്രെ: “നമുക്കു ആദ്യം കൈപിടിച്ചവരുടെ കൂടെപ്പോകാം”. അതു കേട്ടതും ആ അറബിപ്പയ്യന്റെ മുഖത്ത് ചിരിവീണു. അറുപതോളം ആളുകൾ ഉണ്ടായിരുന്ന അവരുടെ സംഘത്തെയും നയിച്ചു ആ മദീനക്കാരൻ ബാലൻ ഒരു ജേതാവിനെ പോലെ മുമ്പിൽ നടക്കുന്ന ചിത്രം ഹബീബ് വിവരിച്ചപ്പോൾ മദീനയുടെ ആതിഥ്യ മര്യാദയെക്കുറിച്ച് കേട്ട കഥകൾ ഓർത്തു പോയി. ഫോൺ എടുത്ത് ഉമ്മ എന്നോട് ചോദിച്ചു: “മോനേ, ഉലകം ചുറ്റിയിട്ടും നിനക്കെന്തേ മക്കത്തും മദീനത്തും വരാൻ കഴിയാതെ പോയി?” അപ്പോഴാണ് സത്യമായും ഞാൻ അക്കാര്യം ഓർത്തു പോയത്. യാത കൾക്കിടയിൽ ഞാൻ അറേബ്യയുടെ ആകാശത്തൂടെ നിരവധി തവണ പറന്നിട്ടുണ്ടാകണം. ഒന്നു ശ്രമിച്ചാൽ ജിദ്ദയിൽ ഇറങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കാൻ കഴിയുമായിരുന്ന യാത്രകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നല്ലോ? എന്നിട്ടുമെന്തേ എനിക്കതിനു കഴിയാതെ പോയത്? അങ്ങനെയൊരു പരിശ്രമം നടത്തണം എന്നെനിക്കു തോന്നാതെ പോയതാണോ? ഞാൻ കൂടി ഇല്ലാതെ പോയതിലെ സങ്കടം മാത്രമായിരുന്നില്ല. ഉമ്മ അപ്പോൾ പങ്കുവച്ചത്, മക്കയും മദീനയും കാണാൻ കഴിയാതെ പോകുന്നതിലെ ഭാഗ്യക്കേടിനെക്കുറിച്ചു കൂടിയായിരുന്നു ആ വാക്കു കൾ എന്നെ ഓർമിപ്പിച്ചത്.

യാത്രക്കിടെ എന്റെ പ്രായമുള്ളവരെ കാണുമ്പോഴൊക്കെയും ഉമ്മയും പെങ്ങളും കരയുമായിരുന്നുവത്രെ. ഇത്രമേൽ സൗന്ദര്യമുണ്ടോ പ്രവാചകരുടെ നഗരിക്ക്? തനിക്കു കാണണം എന്നു മാത്രമല്ല, മറ്റുള്ളവരെ കൂടി കാണിക്കണം എന്നു ഏതൊരാളെക്കൊണ്ടും കൊതിപ്പിക്കുമാർ എന്തു സ്നേഹമാണ് റസൂലിന്റെ നാട് സ്വന്തം മണ്ണിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്? സന്ദർശിക്കുന്നവരെ ആഹ്ലാദഭരിതമാക്കുന്ന എന്തു മാന്ത്രികതയാണു ഈ വിശുദ്ധ നഗരിക്കുള്ളത്? ഏറ്റവും അടുത്തു തന്നെ മക്കയും മദീനയും സന്ദർശിക്കാതെ തരമില്ലെന്നു ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. “നീ ഉടനെ ഇവിടെ വരും, നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ അത്ര മേൽ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് -ഉമ്മ വിതുമ്പി.

എന്റെ കൂടപിറപ്പായ ഒരു പാട്ടുണ്ടായിരുന്നു. തികച്ചും വ്യക്തിപരമായ ഒരു കാരണം കൊണ്ടാണ് ആ പാട്ട് എന്റെ കുടെ കുടിയത്. വർഷങ്ങൾക്കുമുമ്പ് ജില്ലാതല മദ്രസാ കലോത്സവത്തിലെ സംഘഗാനത്തിലെ ഒരു മത്സരാർത്ഥി ആയായിരുന്നു ഞാനന്ന്. എന്റെ തന്നെ നാട്ടുകാരും കൂട്ടുകാരുമായിരുന്ന ജുനൈദ് കോമ്പിയും ഹാഷിം നുച്ചിയനുമായിരുന്നു സംഘത്തിലെ മറ്റു രണ്ടുപേർ. ഞങ്ങളുടെ പാട്ടിനെ രണ്ടാം സ്ഥാനത്താക്കിയ പാട്ട് എന്നപേരിൽ ആണ് ആ പാട്ടിനെ ഞാൻ ആദ്യം പരിചയപ്പെട്ടതും കാണാപാഠം പഠിച്ചതും പാടി നോക്കിയതും. പിന്നെപ്പിന്നെ വെറുതെ ഇരിക്കുമ്പോഴെല്ലാം അറിയാതെ പാടിപ്പോകുന്ന പാട്ടായി അത് മാറി. ഇന്നും അതങ്ങനെ തന്നെയാണ്. മത്സരത്തിൽ ഞങ്ങളെ തോൽപിച്ച പാട്ടിനോടുണ്ടാകേണ്ട ദേഷ്യവും കെറുവുമെല്ലാം എപ്പോഴോ മാറിപ്പോയിരുന്നു. “ഹിജ്റയിലായി. നബിയും പിൻ സഹബാരുമായി ചേർന്നു മദീനാ… അണയുവാൻ അടുത്തിടുമ്പോൾ… തിരുനബി കരഞ്ഞിടുന്നേ…. ” എന്നു തുടങ്ങുന്ന ആ പാട്ട് എന്നെ സംഘഗാന മത്സരത്തിൽ മാത്രമല്ല തോൽപിച്ചത് എന്നെനിക്കു മനസ്സിലായതു വർഷങ്ങൾക്കു ശേഷം മദീ നയിൽ പോയപ്പോഴാണ്. ദൂരെ നിന്നു മദീനയുടെ തലനാരിഴ കാണുമ്പോഴേക്കും കണ്ണിൽ ഏതൊരാൾക്കും വെള്ളം നിറഞ്ഞു പോകും. മദീനയുടെ സ്നേഹം കണ്ണുനീരായി ഒഴുകും.

മദീനയിൽ നിന്നു തിരിച്ചെത്തിയ ഉടനെ തന്നെ ഹബീബ് എന്നെ ഉംറക്കും മദീനയിലേക്കും പറഞ്ഞയക്കാനുള്ള ഏർപ്പാടു ചെയ്തു. ഖത്തറിലെ ഐസിഎഫിന്റെ ഓഫീസിൽ ഹജ്ജ് സെല്ലിൽ പേരു രജിസ്റ്റർ ചെയ്ത അഡ്വാൻസും കൊടുത്തു. മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്ന ഞാൻ എപ്പോൾ ഖത്തറിലേക്കു പോകുമെന്നോ, എനിക്കതിനു സൗകര്യപ്പെടുമോ എന്നൊന്നും ഒരു നിശ്ചയവുമുണ്ടായിട്ടല്ല അവനതു ചെയ്തത്. റസൂലിന്റെ നഗരത്തിൽ അനുഭവിച്ച ആനന്ദാനുഭൂതികൾ അവന്റെ അനിയൻ അറിയാതെ പോകരുതെന്ന നിർബന്ധം മാത്രമാണ് അവനു ണ്ടായിരുന്നത്.

വീട്ടുകാരുടെ കണക്കു കൂട്ടൽ തെറ്റിയില്ല. ഉദ്ദേശിച്ച സമയത്തു ഖത്തറിൽ എത്തുകയും അവിടെ നിന്ന് മക്കയിലേക്കു പുറപ്പെടുകയും ചെയ്തു. ഖത്തർ ഐ സി എഫിന്റെ ജനറൽ സെക്രട്ടറി കരീം ഹാജി മേമുണ്ടയായിരുന്നു ഞങ്ങളുടെ യാത്രാ സംഘത്തിന്റെ അമീർ. യാത്രയുടെ മുന്നൊരുക്കമായി നടന്ന പി കെ അഹ്മദ് മുസ്ലിയാരുടെ പഠന ക്ലാസുകൾ പ്രവാചകരുടെ നഗരിയിലേക്കു എത്തിപ്പെടാൻ ഏതൊരാളെയും പ്രലോഭിപ്പിക്കാൻ പോന്നതായിരുന്നു. അറിവും അനുഭവവും തികഞ്ഞ കരീം ഹാജിയുടെ ചരിത്ര വർത്തമാനങ്ങളിലൂടെ ഉള്ള വിവരണങ്ങൾ വിശുദ്ധ നഗരങ്ങളുടെ ചൂടും ചേലും ഒന്നുകൂടെ അനുഭവവേദ്യമാക്കി.

മക്കയിലെ താമസത്തിനിടെ മുറിയിൽ കൂടെ ഉണ്ടായിരുന്ന, മുമ്പു പലതവണ മക്കയിലും മദീനയിലും വന്നുപോയ മുസാക്കയോടു ഞാൻ ചോദിച്ചു; “ഈ രണ്ടു നഗരങ്ങളിലും നിങ്ങൾ കണ്ട് പ്രത്യേകത എന്താണ്?” മൂസാക്കയുടെ മറുപടി പൊടുന്നനെയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു; മക്കയിൽ വരുമ്പോഴൊക്കെയും ഒരു വീട്ടിൽ വിരുന്നിന് പോയത് പോലെയാണെനിക്ക്, പക്ഷേ, ക്ഷണിച്ചു വരുത്തിയ വീട്ടുകാരൻ ഇല്ലാത്ത വീട്ടിൽ വിരുന്നിന് പോയതിലെ കുറവ് വരുമ്പോഴൊക്കെയും എനിക്കുണ്ടാകാറുണ്ട്. മദീനയിൽ പോകുമ്പോഴാണ് അതു പരിഹരിക്കപ്പെടാറ്”. ഒരു ബുധനാഴ്ച രാവിലെയാണ് മക്കയോടു യാത്ര പറഞ്ഞ് ഞങ്ങൾ മദീനയിലേക്കു പോയത്. “ഖിബ്ലയുടെ നഗരമാണ് മക്ക. മക്കയുടെയും ഖിബ്ലയാണ് മദീന. മക്ക അതിന്റെ മുഖം തിരിച്ചിരിക്കുന്നത് ആ നഗരത്തിൽ നിന്നും പുറപ്പെട്ടു പോയ പ്രിയ പ്രവാചകന്റെ സ്വന്തം നഗരമായ മദീനയിലേക്കാണ്….” എന്നർത്ഥം വരുന്ന അഹ്മദ് റസാ ഖാൻ ബറേൽവിയുടെ കവിതാശകലം കരീം ഹാജി ഓർമിപ്പിച്ചു. മലകളുടെ നഗരം കൂടിയാണല്ലോ മക്ക.

കഅ്ബക്കു കാവൽ നിൽക്കുന്നു എന്നു തോന്നിപ്പിക്കുന്ന മലക്കുട്ടങ്ങൾ കടന്നു ഞങ്ങൾ മദീനയിലേക്കു യാത്രയായി. തൊട്ടടുത്ത സീറ്റിലിരുന്ന കക്കാട് സ്വദേശിയായ നിയാസും മജീദ് ബുഖാരിയും ചേർന്നു അറബിയിലും മലയാളത്തിലുമുള്ള പ്രവാചക തിരുമേനിയുടെ അപദാനങ്ങൾ ആവേശപൂർവം പാടുകയാണ്. ഏതോ ഒരു പച്ചപ്പിലേക്കാണ് ഈ യാത്രയെന്നു തോന്നിപ്പിക്കും വിധം മനസ്സിൽ ഒരാഹ്ലാദം വളർന്നുവരുന്നുണ്ടായിരു ന്നു. പുറത്തും അങ്ങനെതന്നെ. ഊഷരമായ മരുഭൂമിയെയും മലകളെയും പിന്നിലാക്കി വിത്തിടാൻ പാകമായത് എന്നു തോന്നിപ്പിക്കുന്ന മണ്ണു കണ്ടു തുടങ്ങി. എങ്ങനെയാവും റസൂൽ തിരുമേനിയും സംഘവും ആ മണൽ കൂനകൾക്കിടയിലുടെ നൂറ്റാണ്ടുകൾക്കു മുമ്പു യാത്ര ചെയ്തത്? ആരാവും അവരുടെ വഴിയിൽ വെളിച്ചം തെളിച്ചത്? ഇത്രമേൽ വേദനാ ജനകമായ ഈ മരുപ്പാതയിലൂടെയുള്ള യാത്രയിൽ തളരാതിരിക്കാൻ ആരാവും അവരുടെ കൈകൾ ചേർത്തു പിടിച്ചത്? എവിടെ വെച്ചാവും റസൂലും അനു ചരന്മാരും ദാഹം തീർത്തത്? ഏതു തണലത്താവും അവർ വിശ്രമിച്ചിട്ടുണ്ടാവുക?

ഹിജ്റയുടെ ഭാരവും ആഴവും മനസ്സിലാകണമെങ്കിൽ മക്ക-മദീന ഹൈവേയിലൂടെ യാത്ര ചെയ്യണം. ടാർ ചെയ്ത റോഡിലൂടെ സാപ്റ്റികോയുടെ മൾട്ടി ആക്സിൽ എസി ബസിൽ യാത്ര ചെയ്യുമ്പോൾ സൈഡ് ഗ്ലാസ് മെല്ലെ ഉയർത്തി പുറത്തേക്കൊന്നു കണ്ണു പായിക്കണം. മരുക്കാറ്റിന്റെ ആവി പറക്കുന്ന ചൂട് മുഖത്തേക്കടിക്കുമ്പോൾ ആരും അറിയാതെ കണ്ണടച്ചു പോകും. ഈ ചൂടുകാറ്റിലാണല്ലോ റസൂൽ തിരുമേനി ഒരു സമൂഹത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി കണ്ണും തുറന്ന് നടന്നത് എന്നോർക്കുമ്പോൾ ഉള്ളു പൊള്ളിപ്പോകും.

നിയാസ് ഒരു ഹദീസ് പറഞ്ഞു തന്നു, ഹജ്ജിനെത്തുന്ന ഒരു സംഘം പണ്ഡിതന്മാർ ഒരു ദിവസം ഏഴു തവണ മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഒരു കാലത്തെ കുറിച്ചു സൂചന നൽകിക്കൊണ്ടുള്ളതായിരുന്നു ആ ഹദീസ്. എ ഡി 600 ന്റെ തുടക്കത്തിൽ ആഴ്ചകളോളം മണലും മലയും കടന്ന് വെയിലും മണൽക്കാറ്റും കൊണ്ട് വിശന്നും ദാഹിച്ചും താണ്ടിയ ദൂരം ഒരു ദിവസം ഏഴു തവണ താണ്ടുന്ന ഒരു കാലമോ എന്ന് അതു കേട്ടവരാരും പ്രവാചകരോടു സംശയം ചോദിച്ചില്ല. അത്രമേൽ വിശ്വാസമായിരുന്നു അവർക്ക് നബി(സ)യിൽ. പ്രവാചകർ നിസ്കരിച്ച പള്ളികളും ഹജ്ജിനായി ഇഹ്റാം ചെയ്തിടവുമെല്ലാം അമീർ കാണിച്ചു തന്നു. ബദ്റിലേക്കു കൊണ്ടു പോകാമോ എന്നു ഡ്രൈവറോടു ചോദിച്ചു നോക്കിയെങ്കിലും അപകട സാധ്യത കൂടുതലായതിനാൽ ആവില്ലെന്നു പറഞ്ഞു. വിശ്വാസികൾ ബദ്റിലേക്കു പോകുന്നത് തടയാൻ കണ്ടു പിടിച്ച പുതിയ കാരണമാണതെന്ന് കരീം ഹാജി അതിനെ വിവർത്തനം ചെയ്തു തന്നു.

മദീനയോടു അടുത്തുവരുന്നതിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങി. അകലം സൂചിപ്പിക്കുന്ന സൈൻ ബോർഡുകളിൽ അടയാളപ്പെടുത്തിയ മദീനയിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. “അതാ മദീന എത്തി’ എന്ന് മുമ്പു യാത ചെയ്ത മുതിർന്നവർ പറഞ്ഞു തന്നു. ഹൃദയത്തിൽ ആരൊക്കെയോ വന്നു ദഫ് മുട്ടുന്നതു പോലെ തോന്നി. മദീനയിൽ എത്താനായെന്നു ശരീരവും മനസ്സും അറിഞ്ഞതു പോലെ. അതാ കണ്ണെത്തും ദൂരത്ത് മദീനാ നഗരം. ദഫ് മുട്ടിന്റെ താളവും ഈണവും വേഗത്തിലായതു പോലെ. എല്ലാം ഉപേക്ഷിച്ചിറങ്ങിയ പ്രവാചകനെ പൊന്നു പോലെ കാത്തു കൊള്ളാം എന്നു മാറോടാശ്ലേഷിച്ച നഗരമാണു മുമ്പിൽ. പ്രവാചകനും അനുചരർക്കും തണൽ വിരിച്ച നഗരം. അവിടുന്നാണ് ഇസ്‌ലാം ഒരു മതമായും മുസ്‌ലിംകൾ ഒരു സമുദായമായും വളർന്നു വികസിച്ചത്. ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്‌ലാം പുറംലോകത്തേക്കു വളർന്നു വലുതായത്. നന്മയുടെ വിളക്കു മാടം കൊളുത്തി കിഴക്കിനും പടിഞ്ഞാ റിനും വെളിച്ചം പകർന്നു നൽകിയത്. ആ മദീന പട്ടണമാണു മുമ്പിൽ! ബസിലെ സീറ്റിൽ നിന്നും അറി യാതെ എണീറ്റു നിന്നു പോയി. കാഫ് മലയിലെ പൂങ്കാറ്റു വന്നു മനസ്സിനെ തഴുകി. പാട്ടുകളിലും ബൈത്തുകളിലും മാത്രം കേട്ട ആ പച്ച ഖുബ്ബ കാണുന്നുണ്ടോ എന്ന് കണ്ണുംനട്ടങ്ങനെ നിൽക്കുകയാണ്. റൂമിലേക്കാണ് ആദ്യം പോവുക, അവിടുന്ന് ഭക്ഷണവും നിസ്കാരവും കഴിഞ്ഞിട്ട് എല്ലാവർക്കും ഒന്നിച്ചു റസൂലിന്റെ പള്ളിയിലേക്കു പോകാം, അമീർ പറഞ്ഞു. റൂമിലേക്കു പോകുന്ന വഴിയിൽ ദൂരെ നിന്നും മിനാരങ്ങൾക്കി ടയിൽ ഞാൻ ആ പച്ച ഖുബ്ബ കണ്ടു!

മദീനയുടെ സ്നേഹ സൗരഭ്യങ്ങളെ അപ്പാടെ പ്രതീകവത്കരിക്കുന്നുണ്ട് ആ പച്ച ഖുബ്ബ. അത മേൽ മസൃണമയി തോന്നും അതിന്റെ പച്ച നിറം. പച്ചയേക്കാൾ ഹരിതാഭമായ മറ്റേതൊരു നിറമുണ്ട്? “വരു, വന്നെന്റെ തണലത്തിരിക്കുന്നു, എന്ന് ഓരോരുത്തരെയും റസൂലിന്റെ തിരുസന്നിധിയിലേക്കു ക്ഷണിക്കുന്നുണ്ട് ആ ഖുബ്ബ. കാണുന്ന മാത്രയിൽ തന്നെ ഒരാളെ പ്രണയ പരവശനാക്കാൻ പോന്നതാണ് അതിന്റെ നോട്ടം. ആ ഖുബ്ബക്കു താഴെ ലോകാനുഗ്രഹി ഉണ്ടെന്നുറപ്പ്. അത്രമേൽ വശ്യത ഉണ്ടതിന്. അതു കാണുന്ന മാത്രയിൽ നാം സ്തബ്ധരായിപ്പോകും. ഹൃദയം ആർദ്രമായിത്തീരും. ആകാശഭൂമികളുടെ അധിപൻ ഭൂമിയിൽ തന്റെ കയ്യൊപ്പിട്ടതു പോലെ ആ പച്ച ഖുബ്ബ റസൂലിന്റെ സാന്നിധ്യം വിളിച്ചോതി തലയുയർത്തി നിൽക്കുന്നു.

ഏതു ഊഷരതയെയും കെടുത്തിക്കളയാനുള്ള ഊർജമുണ്ട് മദീനക്ക്. മദീനയിൽ വെച്ചു മനസ്സു നനയാത്ത വൻ പിന്നെ എങ്ങോട്ടാണ് പോവുക?. ഒരസാധാരണ മനുഷ്യന്റെ സാന്നിധ്യം വിളിച്ചോതുന്ന ഗാംഭീര്യമാർന്ന അച്ചടക്കമുണ്ട് മദീനക്ക് എന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും. അതിന്റെ അന്തരീക്ഷത്തിൽ ഒരു നനവുണ്ട്. മണ്ണിൽ വളക്കൂറുണ്ട്. അതിലൂടെ കടന്നു പോകുന്നവർക്കും മദീന അതു പകർന്നു നൽകും.

റൂമിലെത്തി അമീർ എല്ലാവർക്കും വേണ്ടി ഭക്ഷണം ഓർഡർ ചെയ്തു. വിശപ്പിനെയൊക്കെ മറികടക്കുന്ന ഒരുൾവിളി അകത്തു തികട്ടി വരുന്നതുപോലെ. മദീന യിലെ വിശപ്പ് വയറിന്റേതല്ലല്ലോ? “നമുക്ക് പള്ളിയിലേക്കു പോകാം. മുമ്പു പല തവണ മദീനയിൽ വന്ന നിയാസിനു വഴികളെല്ലാം സുപരിചിതം. ഭക്ഷണത്തിനു കാത്തു നിൽക്കാതെ ഞങ്ങൾ മദീനാ പള്ളിയിലേക്കു ഓടി. അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. ആരെയും തന്റെ കരവലയത്തിലേക്കു ചേർത്തു വെക്കുന്ന ഒരാകർഷണീയത മദീന പള്ളിക്കുണ്ട് എന്നുറപ്പ്. അല്ലാതെ ഇതെന്തൊരു ഓട്ടമാണ്? റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ട്രാഫിക് സിഗ്നലുകൾ പോലും നോക്കാൻ മറന്നു.

ഞങ്ങളിപ്പോൾ മദീന പള്ളിയുടെ മുറ്റത്താണ് പൂമുറ്റം എന്നു വേണം പറയാൻ. അത്രമേൽ സൗന്ദര്യമുണ്ടതിന്. കെട്ടിയുണ്ടാക്കിയതല്ല അതിന്റെ ചാരുത. ആ എടുപ്പുകൾക്കു മേൽ പ്രപഞ്ചനാഥന്റെ കയ്യൊപ്പുണ്ട്. പച്ച ഖുബ്ബ കണ്ടതും കാലുകൾ ഓട്ടം നിർത്തി.വുളുഅ് എടുത്ത്. നിസ്കാരം കഴിഞ്ഞു. റൗളാ ശരീഫിലേക്കു കയറി. സ്വർഗത്തിന്റെ ഭാഗം എന്നു പ്രവാചക തിരുമേനി വിശേഷിപ്പിച്ച ഭൂമിയിലെ ഒരേയൊരിടം! സർവേശ്വരന്റെ അനുഗ്രഹാശിസുകളെ മനുഷ്യർക്കു എങ്ങനെയൊക്കെയാണ് ഭൂമിയിൽ പ്രവാചകന്മാർ പ്രാപ്യമാക്കിക്കൊടുക്കുന്നത് എന്നതിനു ഇതിനേക്കാൾ മികച്ച മറ്റൊരുദാഹരണമുണ്ടോ ? സ്വർഗവും തേടിയാണല്ലോ വിശ്വാസിയുടെ യാത്ര? ആ സ്വർഗത്തിന്റെ ഭൂമിയിലെ പരിചേദമാണു കൺമുമ്പിൽ എന്നറിയുമ്പോൾ ശ്വാസം തൊണ്ടയിൽ കുരുങ്ങും . മദീന വഴിയല്ലാതെ സ്വർഗത്തിലേക്കു കടന്നു പോകാനാവില്ലെന്നു പറഞ്ഞു വെക്കുക കൂടിയാ യിരുന്നോ പ്രവാചകർ? സ്വർഗം അപ്രാപ്യമായ ഒന്നല്ലെന്നും, വിശ്വാസിയുടെ കൈയെത്തും ദൂരത്തു എപ്പോഴും ഒരു സ്വർഗം ഉണ്ടെന്നും റൗള ഓർമപ്പെടുത്തുന്നുണ്ട്. മറ്റെന്തിനേക്കാളുമേറെ സ്വർഗം എന്നത് അതിലെ വസ്തുവകളുടെ മാസ്മരികത കൊണ്ടല്ല, മറിച്ച് അനുവത്തിന്റെ ഊഷ്മളത കൊണ്ടാകണം വിശ്വാസിയെ പ്രലോഭിപ്പി ക്കേണ്ടത് എന്ന് റൗള അതു സന്ദർശിക്കുന്നവരുടെ കാതിൽ സ്വകാര്യം പറയും.

ഓട്ടോമെൻ ശിൽപ ചാരുത കൊണ്ടു അലങ്കരിച്ച റൗളയിലൂടെ പുറത്തുകടന്നു ഹുജ്ജത്തുശ്ശരീഫിന്റെ മുമ്പിൽ എത്തി. എന്റെ വിയോഗ ശേഷം എന്നെ കാണാൻ വരുന്നുവർ ജീവിതകാലത്തു എന്നെ വന്നവരെപ്പോലെയാണ് എന്നാണല്ലോ പ്രവാചകൻ പറഞ്ഞത്. ആദ്യമായി തിരുദൂതരോടു മുഖാമുഖം നിന്നു അഭിവാദ്യം ചെയ്യുമ്പോഴുള്ള അനുഭൂതി അവാച്യമാണ്. എന്റെ അഭിവാദ്യത്തിന് നിന്റെ മേലും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്നു തിരുദൂതർ പ്രത്യഭിവാദ്യം ചെയ്തിട്ടുണ്ടാകുമല്ലോ? പ്രാർത്ഥന നിറഞ്ഞ ആ അഭിവാദ്യത്തേക്കാൾ മറ്റെന്താണ് ഒരു വിശ്വാസിക്കു വേണ്ടത്. ജീവിതത്തിനു മേൽ പ്രതീക്ഷ കൈവിടാതിരിക്കാൻ മദീന ഓരോ വിശ്വാസിയേയും പരിപ്പിക്കുന്നുണ്ട്. ഭൂമിയിലെ സ്വർഗത്തിലൂടെ കടന്നുപോയ ഒരാൾക്കു ജീവിതത്തിനു മേലുള്ള പ്രതീക്ഷയും സ്വർഗത്തിന്റെ തുടർച്ചകളിൽ എത്തിച്ചേരാനുള്ള ആഗ്രഹാഭിലാഷങ്ങളും എങ്ങനെയാണ് കൈവെടിയാൻ കഴിയുക? പ്രതീക്ഷകളുടെ നഗരം എന്നത് മദീനയുടെ കാര്യത്തിൽ ഒരാലങ്കാരിക പ്രയോഗമല്ല. മക്ക ആട്ടിപ്പായിച്ച പ്രവാചകർക്കും പുറംതള്ളിയ സ്വഹാബികൾക്കും സ്വാസ്ഥ്യവും അഭയവും നൽകിയ നഗരിത്തിനെങ്ങനെയാണ് അതിന്റെ പിന്മുറക്കാരോടു പുറംതിരിഞ്ഞു നിൽക്കാനാവുക?

മഗ്രിബ് നിസ്കാരത്തിനു ശേഷം പുറത്തിറങ്ങി പ്രവാചകന്റെ പളളി നോക്കിക്കണ്ടു. പുറത്തിറങ്ങുമ്പോഴൊക്കെയും അകത്തേക്കു കയറണം എന്ന തോന്നൽ. ചായകുടിച്ചെന്നു വരുത്തി ഞങ്ങൾ റൗളയിൽ വന്നിരുന്നു. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തിരു സവിധത്തിൽ എത്തിയവരാണ് ചുറ്റും. അവർക്കെല്ലാം ഒരേ ഭാവമാണ്, താളമാണ്. അവരുടെ കണ്ണുകളിൽ തൂങ്ങിക്കിടക്കുന്ന പ്രതീക്ഷക്കുത്തരം നൽകാൻ മദീനക്കല്ലാതെ മറ്റേതു നഗരത്തിനാണ് കഴിയുക? പുലരുന്നതു വരെയും റൗളയിൽ ഇരുന്നു. പ്രവാചകർ നിസ്കരിച്ച മിഹ്റാബ്, ഖുതുബ നിർവഹിച്ച മിമ്പർ, നിസ്കാര ശേഷം ഇരുന്നിടം, മറ്റാരും അഭയം ഇല്ലാതിരുന്നവർക്കു തിരുനബി ആശയും അഭയവും നൽകിയ സുഫ്ഫ. എല്ലാം അടുത്തു നിന്നു നോക്കിക്കണ്ടു. വീടും വീട്ടുകാരും അനുചരന്മാരും പള്ളിയും പള്ളിക്കൂടവും, ഇടക്കിടെ വിരുന്നെത്തുന്ന ജിബ്രീലും(അ). പ്രവാചകരുടെ പള്ളിയിൽ തിരക്കൊഴിഞ്ഞ നേരമില്ല. ഭർത്താവായും ബാപ്പയായും വല്ലിപ്പയായും പള്ളിയിലെ ഇമാമായും സ്വഹാബികളുടെ ഉസ്താദായും ജിബ്രീലിന്റെ ശിഷ്യനായും മദീനയുടെ രാഷ്ട്രത്തലവനായും എങ്ങനെയാവും പ്രവാചകർ തന്റെ ദൈനംദിന ജീവിതത്തെ ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക? റൗള ശരീഫ് കണ്ടപ്പോൾ പ്രവാചകരുടെ കാലത്തെ മദീന പള്ളിയുടെ ചിത്രം ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കി. എത വരച്ചിട്ടും പൂർത്തിയാക്കാനാകാത്ത ഒരു ചിത്രമായി അതിന്നും മനസ്സിൽ അവശേഷിക്കുന്നു. വ്യത്യസ്തയും വൈവിധ്യവുമാർന്ന സ്ഥാപനങ്ങളെ, ജനങ്ങളെ, ആവശ്യങ്ങളെ എങ്ങനെയൊക്കെയൊകും പ്രവാചകൻ ഇസ്‌ലാമെന്ന വലിയൊരാശയത്തിനുള്ളിൽ ഒതുക്കി നിർത്തിയിട്ടുണ്ടാവുക?

പ്രവാചകർക്കവതീർണമായ ഗ്രന്ഥമാണല്ലോ ഖുർആൻ. തിരുദൂതരുടെ നഗരത്തിൽ വെച്ചു തന്നെ ഖുർആൻ മുഴുവനും ഓതിത്തീർക്കണം എന്നായിരുന്നു യാത്ര പുറപ്പെടുമ്പോൾ ഉമ്മ പറഞ്ഞ ഒരേയൊരു വസ്വിയ്യത്ത്. ഉമ്മ പറഞ്ഞതിലെ പ്രതീകാത്മകമായ സൗന്ദര്യം ബോധ്യപ്പെട്ടതു റൗളയിലെ മിഹ്റാബിനോടു ചേർന്നിരുന്നു ഖുർആൻ ഓതിത്തുടങ്ങിയപ്പോഴാണ്. ഈ റൗളയുടെ പല ഭാഗങ്ങളിൽ വെച്ചു തന്നെയാണല്ലോ ജിബ്രീൽ തിരുദൂതർക്കു ഖുർആൻ പറഞ്ഞുകൊടുത്തിട്ടുണ്ടാവുക? തിരുദൂതർ ഓതിയ ഖുർആന്റെ ശബ്ദം ആ അന്തരീക്ഷത്തിൽ ഇപ്പോഴും പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടാവില്ലേ? ഒരു വിശ്വാസി എന്ന നിലയിൽ ഖുർആനുമായുള്ള എന്റെ പാരസ്പര്യം മാറ്റിയെഴുതിയതിൽ റൗളയിൽ ചിലവഴിച്ച മൂന്നു നാളത്തെ ഖുർആൻ പാരായണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വ്യാഴാഴ്ച അസർ നിസ്കാരത്തിനു ശേഷം റൗളയിലെ മിമ്പറിനോടു ചേർന്ന സ്ഥലത്തിരിക്കുകയായിരുന്നു ഞങ്ങൾ. മദീനക്കാരായ അറബികളായിരുന്നു ചുറ്റുമുള്ളതെന്നു സെക്യൂരിറ്റിക്കാരായ പോലീസുകാരുടെ അവരോടുള്ള പെരു മാറ്റത്തിൽ നിന്നും മനസ്സിലായി. വലിയ സമാവർ നിറയെ ചായയും ഈത്തപ്പഴവും മറ്റു പലവിധ വിഭവങ്ങളുമായാണ് അവരോരുത്തരും എത്തിയത്. മഗ്രിബ് ബാങ്കുകൊടുത്തതോടെ എല്ലാവർക്കും ചായയും ഭക്ഷണങ്ങളും വിളമ്പി. ദക്തൂർ എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരറബിയാണ് എല്ലാത്തിനും നേതൃത്വം വഹിക്കുന്നത്. നോമ്പു തുറക്കാത്തവരായി ആരുമില്ലെന്നു അദ്ദേഹം ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. റൊട്ടിയും സാൻവിച്ചും പകുത്തുകൊടുത്തും കറിയിൽ മുക്കി കൊടുത്തും ആ മദീനക്കാരൻ അറബി അൻസ്വാറുകളുടെ ആതിഥ്യമര്യാദയെ ഓർമിപ്പിച്ചു.

ഇശാ നിസ്ക്കാരത്തിനു ശേഷം ഞങ്ങൾ വീണ്ടും റസൂലിന്റെ പള്ളി നോക്കിക്കണ്ടു നടന്നു. പള്ളിയുടെ പല ഭാഗങ്ങളിലായി ചെറുകൂട്ടങ്ങളായിരുന്ന് തസ്ബീഹ് ചൊല്ലുന്നവർ, പ്രാർത്ഥനകളിൽ മുഴുകിയിരിക്കുന്നവർ, അറിവ് പറഞ്ഞു കൊടുക്കുന്നവർ. നടന്നു കൊണ്ടിരിക്കെ ചെറുപ്പക്കാരായ ഒരു സംഘം താളത്തിലിരുന്നു സ്വലാത്ത് ചൊല്ലുന്നതു കണ്ടപ്പോൾ ഞങ്ങളങ്ങോട്ടു നീങ്ങി. സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതിനിടയിൽ കൂട്ടത്തിലൊരാൾ ഞങ്ങൾക്ക് വെള്ളവും ഈത്തപ്പഴവും തന്നു. ഞങ്ങളെക്കൂടി ചേർത്തു അവർ ആ വട്ടം വലുതാക്കി. പിന്നെ ദീർഘമായ ഒരു പ്രാർത്ഥന. പലരും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. തുർക്കിയിൽ നിന്നും ജർമനിയിലേക്കു കുടിയേറിയ നഖ്ശബന്ദീ ത്വരീഖത്തുകാരായ ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു അവരെന്നു സംഭാഷണത്തിൽ നിന്നും മനസ്സിലായി.

പിറ്റേ ദിവസം വെള്ളിയാഴ്ചയാണ്. ഞങ്ങൾക്ക് മദീനയോടു യാത പറയേണ്ട ദിവസം. സുബ്ഹി നിസ്കാരത്തിനു സുഫ്ഫത്തിന്റെ ഭാഗത്താണ് ഇടം കിട്ടിയത്. പകലോ രാത്രിയോ എന്നില്ലാതെ പ്രവാചകർ വീടിനു പുറത്തേക്കു വരുന്നതും കാത്ത് സുഫ്ഫത്തിലിരിക്കുന്ന സ്വഹാബികളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നു. ഒരു സമൂഹത്തെയും കാലത്തേയും പ്രവാചകർ അഭിസംബോധന ചെയ്ത ഇടം. അവിടെ വെച്ചാണ് ലോകം പുണ്യ പ്രവാചകരെ ഏറ്റവും അധികം കേട്ടതും. നിസ്കാര ശേഷം മദീനയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ കാണാൻ പോയി. ജന്നത്തുൽ ബഖീഇലേക്കാണ് ആദ്യം പോയത്. അടയാളങ്ങൾ മായ്ച്ചു കളഞ്ഞ ജന്നത്തുൽ ബഖീഇൽ സ്വഹാബികളുടെയും പുണ്യാത്മാക്കളുടെയും ഖബറുകൾ കണ്ടെത്താൻ പഴയ മാപ്പുകളും കിതാബുകളിലെ അടയാളങ്ങളും വെച്ചു പ്രയാസപ്പെടുന്നവരും അവരോട് തർക്കിക്കുന്ന സൗദി പോലീസും ഒരു സമുദായത്തിലെ രണ്ടു വിഭാഗങ്ങൾ സ്വന്തം ചരിത്രത്തോട് പുലർത്തുന്ന വ്യത്യസ്ത ഭാവങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.

ജുമുഅ നിസ്കാരം കഴിഞ്ഞ് റസൂലിനോടു സലാം ചൊല്ലി റൂമിലെത്തണമെന്നാണ് അമീറിന്റെ നിർദേശം. ഈ യാത്ര മദീനയിലേക്കുള്ള അവസാനത്ത യാത്രയാവാതിരിക്കണേ എന്നായിരുന്നു പിന്നീടുള്ള പ്രാർത്ഥന. നിസ്കാരം കഴിഞ്ഞു റസൂലിനെ അഭിവാദ്യം ചെയ്യാൻ റൗളയുടെ സമീപത്തു ചെന്നു നിന്നു. ജുമുഅ കഴിഞ്ഞിറങ്ങിയ തിരക്കാണ്. ഒരു വിശ്വാസി എങ്ങനെയാണ് റസൂലിനോട് യാത്ര പറയേണ്ടത്? ഉമ്മത്തിനെ സദാ സമയവും നോക്കി നിൽക്കുന്ന ഒരു പ്രവാചകനിൽ നിന്നും വേറിട്ട് വിശ്വാസിക്കൊരു ജീവിതമുണ്ടോ? പ്രവാചകനിലേക്കുള്ള യാത്രയല്ലേയുള്ളൂ, പ്രവാചകനിൽ നിന്നും ഒരു യാത്ര ഉണ്ടോ?

സലാം പറഞ്ഞു പുറത്തേക്കിറങ്ങി. പച്ച ഖുബ്ബയെ ഒരിക്കൽ കൂടെ നോക്കി. വെണ്ണിലാവ് പൊഴിക്കുന്ന അതിന്റെ ചിരി കണ്ടു. വീണ്ടും വരാതിരിക്കരുതേ എന്നു പറയുന്നതു പോലെ. തന്നെ കാണാനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുമ്പോൾ മദീനയുടെ മനസ്സ് ആഹ്ലാദഭരിതമാവും. ഒരു വിശ്വാസി മദീനയോടു യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ ആതിഥേയന്റെ മനസ്സു വിങ്ങുകയും ചെയ്യും. മദീനയിലെ കഷ്ടപ്പാടുകളിൽ ക്ഷമിക്കുന്നവർക്കു പ്രത്യേക പ്രതിഫലം ആ നഗരത്തിന്റെ നായകൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശ്വാസിക്ക് ഓടിയൊളിക്കാനുള്ള സ്ഥലമാണത്. വിശ്വാസം അന്ത്യനാളിൽ മദീനയിലേക്കു മടങ്ങുമെന്നും പ്രവാചകർ പഠിപ്പിച്ചു. മടങ്ങി വരാത്ത ഒരു യാത മദീനയിലേക്കു എപ്പോഴാണ് സാധ്യമാവുക?

ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു മദീനയെങ്കിൽ എന്നു ഞാനാലോചിച്ചു നോക്കിയിട്ടുണ്ട്. അങ്ങനെ എവിടെയുമാകാമായിരുന്ന ഒരു നഗരമായിരുന്നോ മദീന? പച്ചപ്പിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്താൻ മരുഭൂമിയോളം കഴിയുന്ന മറ്റെന്തുണ്ട്. മദീനയുടെ ആർദ്രതയും ഭ്രമാത്മകതയും എത്രമേൽ അഗാധമാണെന്നു ബോധ്യപ്പെടണമെങ്കിൽ മദീനക്കു പുറത്തുവരണം. മറ്റൊരു നഗരത്തിനും മദീനയാവാൻ കഴിയില്ലെന്നു അപ്പോൾ ബോധ്യമാകും. മദീന ഏക വചനമല്ലാത്തതു പോലെയാണ് മദീനയിലേക്കുള്ള വഴികളും. പക്ഷേ, മദീനയിൽ നിന്നു തിരിച്ചു വരാൻ വിശ്വാസിക്കു ഒരു വഴിയേ ഉള്ളു; തിരുമേനിയുടെ നഗരത്തെയും വിട്ടേച്ചു വരുന്നതിലെ വേദനയാണ് ആ വഴി നീളെ.


കടപ്പാട് – രിസാല (2012 ഫെബ്രുവരി 10)

Comments are closed.