കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന മേഖലകളിലൂടെയുള്ള യാത്രാവിവരണങ്ങൾ ക്രോഡീകരിച്ച ജർമൻ എഴുത്തുകാരനായ നവീദ് കിർമാനിയുടെ ‘സ്റ്റേറ്റ് ഓഫ് എമർജൻസി’ എന്ന പുസ്തകത്തിലെ 2007ൽ നടത്തിയ കശ്മീർ യാത്രയുടെ വിവരണമാണ് ‘പാരഡൈസ് ഇൻ എ സ്റ്റേറ്റ് ഓഫ് എമർജൻസി’. ഒരു രാഷ്ട്രീയ പ്രതിസന്ധിയെ ഒരുപാട് മനുഷ്യരുടെ നിരന്തരമായ ജീവിത യാഥാർഥ്യം എന്ന നിലയിൽ വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ സമീപിക്കുന്ന ലേഖനത്തിന്റെ സംക്ഷിപ്ത വിവർത്തനമാണ് താഴെ.


സൂര്യൻ ഉച്ചിയിലെത്തിയിട്ടുണ്ടെങ്കിലും ദൈവം പാലിൽ കുതിർത്ത് ഉണക്കാനിട്ടപോലെ മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന പർവ്വതങ്ങൾ. കാഴ്ച്ചകൾ കണ്ട് മുന്നോട് നടന്നാൽ നിരയായിരിക്കുന്ന ഷിക്കാരകൾ കാണാം. ഇവിടെ ഉപയോഗിക്കുന്ന ചെറിയ വള്ളങ്ങളെ കശ്മീരിൽ വിളിക്കുന്ന പേരാണ് ഷിക്കാര. ഞാൻ കയറിയ ഹൗസ് ബോട്ടിലേക്ക് പലചരക്ക് വസ്തുക്കൾ എത്തിച്ചിരുന്നത് ഇത്തരം ഷിക്കാരകളാണ്. ബ്രിട്ടീഷ് കൊളോണിയൽ ശൈലിയിൽ സംവിധാനിച്ച ശ്രീനഗറിലെ ഒഴുകുന്ന ഗസ്റ്റ് ഹൗസുകൾ കനത്തിരുണ്ട ഫർണിച്ചറുകളും, പൗരസ്ത്യ പരവതാനികളും, കൂറ്റൻ കസേരകളും കൊണ്ട് സമ്പന്നമാണ്. പാശ്ചാത്യ വിനോദ സഞ്ചാരികളേക്കാൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് ദാൽ തടാകത്തിന്റെ അധികം വിശാലമല്ലാത്ത നഗരത്തേട് ചേർന്നാണ് ബോട്ടുകൾ കിടക്കുന്നത്. അതുകൊണ്ട് തന്നെ ചുറ്റുപാടും വന്നുമൂടുന്ന നിശബ്ദതക്കും, മഞ്ഞുമൂടിയ പർവതങ്ങളുടെ തടാകത്തിൽ പ്രതിഫലിക്കുന്ന കാഴ്‌ചക്കും പ്രതീക്ഷിച്ച വന്യതയുണ്ടായിരുന്നില്ല.

പ്രാദേശികമായി ആഴത്തിൽ വേരുകളുള്ള ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഞാൻ താമസിച്ച ബോട്ട്. ശ്രീനഗറിൽ ലഭ്യമായ എന്ത് സേവനവും എത്തിച്ച് നൽകാൻ സന്നദ്ധമായി മുപ്പത്തിരണ്ട് അംഗങ്ങൾ അടങ്ങിയ ഒരു വലിയ കുടുംബമായിരുന്നു അവരുടേത്. എന്റെ ഇന്ത്യൻ സിം കാർഡ് സുരക്ഷാ കാരണങ്ങളാൽ ഇവിടെ ഉപയോഗിക്കാനാകില്ല. ഒരു പുതിയ പ്രീപെയ്ഡ് സിം ലഭിക്കാൻ നിങ്ങൾക്ക് ഒരു നിശ്ചിത താമസ സ്ഥലവും സൈന്യത്തിന്റെ സമ്മതവും ഉണ്ടായിരിക്കണം. ബോട്ട് ഉടമയുടെ മരുമകൾക്ക് കുറച്ച് ദിവസത്തേക്ക് അവരുടെ ഫോൺ കൈമാറാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. യുദ്ധസമാനമായ അവസ്ഥയിൽ വൈകുന്നേരം ഒരു തെരുവ് വിളക്ക് പോലും കത്താത്ത ഒരു പ്രദേശത്ത് അത്തരമൊരു സഹായം വിലമതിക്കാനാകാത്തതാണ്.

എന്റെ ഹൗസ്‌ബോട്ടിൽ ഒരു ഇന്ത്യൻ കുടുംബവും ഉണ്ടായിരുന്നു. കൊൽക്കത്തയിൽ നിന്നുള്ള ഒരു എഞ്ചിനീയറും ഭാര്യയും സഹോദരിയും രണ്ട് കുട്ടികളും അടങ്ങിയതായിരുന്നു ആ കുടുംബം. ഞങ്ങൾ രണ്ടുപേരും ഒരേ പ്രായക്കാരാണ് എന്ന് എഞ്ചിനീയർ അതിനിടയിൽ കണ്ടെത്തി. ഈ സന്തോഷത്തിൽ നമുക്കൊന്ന് കുടിച്ചാലോ? അയാൾ ചോദിച്ചു. ഹൗസ്‌ബോട്ടുകളിൽ മദ്യം വിളമ്പുന്നില്ല എന്നറിഞ്ഞപ്പോൾ അയാൾ സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഞങ്ങളുടെ ആതിഥേയനുമായി യോജിച്ചു പോകുന്നവ ആയിരുന്നില്ല. എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം കശ്മീർ ഇന്ത്യയുടെ ഭാഗമാണ്, ‘അവിഭാജ്യ ഘടകം’. കശ്മീരിൽ വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് വാഗ്ദാനം ചെയ്തതിനെക്കുറിച്ച് ഇന്ത്യയിലെ സ്‌കൂൾ പുസ്തകങ്ങളിൽ കാണാനാകില്ല. പട്ടാളക്കാർക്കും ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. കശ്മീരിന്റെ ചരിത്രം അറിയണമെങ്കിൽ നിങ്ങൾ സർവകലാശാലയിൽ എത്തണം. അല്ലെങ്കിൽ ചരിത്രം സ്വയം അന്വേഷിച്ച് കണ്ടെത്തണം. ഇന്ത്യ ധാരാളം പണം കശ്മീരിനായി ചിലവഴിക്കുന്നുണ്ട്. ശ്രീനഗറിലേതിനേക്കാൾ ഇരട്ടി തുക ഇവിടെയെത്തുന്നു. കശ്മീരികൾ സമാധാനം ആഗ്രഹിക്കുന്നുണ്ട്. ‘എല്ലാവരുടെയും ആഗ്രഹം സമാധാനം തന്നെയാണ് – പക്ഷേ തീവ്രവാദം … എല്ലാ പ്രശ്നവും തീവ്രവാദം കാരണമാണ്’, അയാൾ പറഞ്ഞു. ഒരു ദിവസം ചിലവഴിക്കാനായി ഇന്ത്യൻ കുടുംബം 9,000 അടി ഉയരത്തിലുള്ള സ്കീയിംഗ് നഗരമായ ഗുൽമാർഗിൽ പോകുന്നുണ്ട്. ‘വൈകുന്നേരം കാണാം. ഇനി നമുക്ക് വൈകുന്നേരം കാണാം’, എന്നും പറഞ്ഞ് അവർ പിരിഞ്ഞു.

കശ്മീരിലെ രാഷ്ട്രീയക്കാരിൽ പലരും ശക്തമായ പട്ടാള സുരക്ഷക്ക് നടുവിലാണ് ജീവിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയക്കാരിൽ ഒരാളെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. കശ്മീർ കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ യൂസഫ് തരിഗാമി. അമ്പതുകളിൽ പ്രായം തോന്നിക്കുന്ന കറുത്ത മുടിയുള്ള സദാ മ്ലാനതയിൽ മുഴുകിയ പോലെ കാണപ്പെടുന്ന അദ്ദേഹത്തിന് ഒരു ഇറ്റാലിയൻ‌ സിനിമയിളെ പോലീസ് ഡിറ്റക്ടീവിനെ ഓർമിപ്പിക്കുന്ന രൂപമായിരുന്നു. ‘എനിക്ക് മറ്റ് മാർഗങ്ങളില്ല’ അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് അദ്ദേഹം കഷ്ടിച്ച് ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യത്തെ അനുഭവമായിരുന്നില്ല അത്. അക്രമം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് തരിഗാമിയുടെ അഭിപ്രായം. അത് പക്ഷേ കശ്മീരികൾ അധിനിവേശവുമായി അനുരഞ്ജിപ്പിലെത്തിയത് കൊണ്ടല്ല, മറിച്ച് അവർക്ക് മടുത്തിരിക്കുന്നു.

സായുധ പ്രതിരോധം തുടക്കം മുതൽ തന്നെ തെറ്റാണെന്ന് അദ്ദേഹം കരുതുകയും സംവിധാനത്തിന്റെ ഭാഗമായ സ്ഥാപനങ്ങളിലൂടെ സമരം തുടരാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ഭവനത്തിലെ ബന്ദിയെപ്പോലുള്ള ജീവിതം സംവിധാനത്തോട് ചേർന്ന് നിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ അനന്തരഫലമായിരുന്നു. സ്വയം നിർണയാവകാശത്തോടൊപ്പം നിൽക്കുമ്പോൾ തന്നെ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള കശ്മീർ താഴ്‌വര മാത്രമല്ല കശ്മീർ എന്നും, ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവും, നിരവധി ബുദ്ധമതക്കാരുള്ള ലഡാക്കും ഉൾപ്പെടുന്നതാണ് അത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നുണ്ട്. ‘കശ്മീർ പാകിസ്ഥാനിന്റെ ഭാഗമായി മാറിയാൽ അവർക്കെല്ലാം എന്ത് സംഭവിക്കും?’ അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യ രാജ്യം എന്ന ആശയം നല്ലതാണെന്ന് തോന്നാമെങ്കിലും കശ്മീരിൽ അവകാശമുന്നയിക്കുന്ന ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നീ മൂന്ന് ഭീമന്മാരായ അയൽക്കാരെ കണക്കിലെടുക്കുമ്പോൾ ഒരു മതേതര, ബഹു സാംസ്കാരിക, സ്വതന്ത്ര രാഷ്ട്രം തികച്ചും യാഥാർത്ഥ്യവൽക്കരിക്കാൻ സാധ്യമല്ലാത്തതാണ്. ‘എല്ലാം തികഞ്ഞ പരിഹാര മാർഗങ്ങൾ ഒന്നും തന്നെയില്ല’ തരിഗാമി നെടുവീർപ്പിട്ടു. അദ്ദേഹത്തിന്റെ മനസ്സിൽ സ്വതന്ത്രമല്ലെങ്കിലും സ്വയംഭരണാധികാരമുള്ള, പാകിസ്ഥാൻ ഭാഗത്ത് നിന്നും തുറന്ന അതിർത്തികളുള്ള, ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പ്രാദേശിക ഭരണ സംവിധാനങ്ങളുള്ള കശ്മീരാണ് പദ്ധതിയുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫും 2003ൽ നിർദ്ദേശിച്ചത് അതാണ്. വാജ്‌പേയിയുടെ പിൻഗാമിയായ മൻ‌മോഹൻ സിംഗ് 2005ൽ സമാനമായ പദ്ധതി മുന്നോട്ട് വെച്ചിരുന്നു: അതിർത്തികൾ ഇല്ലാതാക്കുകയല്ല, മറിച്ച് അവ അപ്രസക്തമാക്കുകയാണ് വേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. ‘സമാധാനപരമായ മാർഗങ്ങളിലൂടെ സമ്മർദ്ദം ചെലുത്തുക മാത്രമാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്, ഇന്ത്യയും പാകിസ്ഥാനും അടിസ്ഥാനപരമായി സമ്മതിച്ചാലേ ഈ പദ്ധതികൾ നടപ്പിൽ വരുത്താനാകൂ’, തരിഗാമി വിശദീകരിച്ചു. ഇന്ത്യയിലും പാകിസ്ഥാനിലും പൊതുജനാഭിപ്രായം നേടേണ്ടതുണ്ട്. സമാധാനം സാധ്യമാണെന്ന് കാണിക്കേണ്ടതുണ്ട്!

ജനാധിപത്യ രാജ്യങ്ങൾക്ക് ഏത് അറ്റം വരെ പോകാമെന്ന് മാത്രമല്ല കശ്മീർ പഠിപ്പിക്കുന്നത്. ഒരുപക്ഷേ കൂടുതൽ ഭയപ്പെടുത്തുന്നത് ഒരു സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അവർക്ക് ഉത്തരവാദിത്വം ഒഴിയാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നും അത് ഓർമ്മപ്പെടുത്തുന്നുണ്ട്. ഓരോ പത്ത് പേർക്കും ഒന്ന് എന്ന നിലയിലുള്ള സൈനിക വിന്യാസവും, അവരുടെ പെരുമാറ്റങ്ങളും ഏത് ജനതയുടെയും നട്ടെല്ല് തകർക്കാൻ മതിയായതാണ്. ഡ്രൈവറുമായി മടങ്ങവേ ശ്രീനഗറിലേക്ക് പോകുമ്പോൾ പാതിവഴിയിൽ മെഹബൂബ മുഫ്തി എന്നെ അടുത്തുള്ള ഒരു ദർഗ്ഗയിലേക്കുള്ള വഴി കാണിച്ച് തന്നു, ‘താങ്കൾക്കായി അവിടെവെച്ച് പ്രാർത്ഥിക്കാം’ ഞാൻ പറഞ്ഞു. ‘വേണ്ട, കശ്മീരിനായി പ്രാർത്ഥിക്കൂ.’ അവർ മറുപടി പറഞ്ഞു.

പകൽ വെളിച്ചത്തിൽ നഗരം വളരെ സാധാരണമാണെന്ന് തോന്നുന്നതിനാൽ എന്തുകൊണ്ടാണ് രാത്രി ആരും കൂടിക്കാഴ്ച്ചക്ക് തയ്യാറാകാത്തത് എന്ന് മനസിലാക്കാൻ ഞാൻ കുറച്ച് ദിവസമെടുത്തു. നിങ്ങൾക്ക് ഒരു കാറുണ്ടെങ്കിൽ ശൂന്യവും വെളിച്ചമില്ലാത്തതുമായ തെരുവുകളിലൂടെ ഒരു പരിചയക്കാരന്റെ വീട്ടിലേക്കോ അല്ലെങ്കിൽ കൂടുതൽ മനോഹരമായ റെസ്റ്റോറന്റുകളിലേക്കോ ഓടിച്ചുപോകാം, അവ ഒൻപത് വരെ തുറന്നിരിക്കുന്നുണ്ടാവും, കൂടിപ്പോയാൽ ഒൻപതേ മുപ്പത് വരെ. അതും കഴിഞ്ഞാൽ വിലകൂടിയ മദ്യം വാങ്ങാൻ മാത്രം സമ്പന്നനാണെങ്കിൽ നിങ്ങൾക്ക് ഒരു ബാർ കണ്ടെത്താൻ കഴിഞ്ഞേക്കാം. എന്നാൽ എട്ട് മണിക്ക് ശേഷം ഇവിടെ ടാക്സികളില്ല, ഒൻപതിന് ശേഷം റിക്ഷകളും. എന്റെ ഡ്രൈവറായ ഫാറൂഖ് ഇരട്ടി പണം കൊടുത്താലും രാത്രി വൈകി പുറത്തിറങ്ങാൻ തയ്യാറല്ല. എന്റെ മുന്നിൽ ആകെ ഉണ്ടായിരുന്ന വഴി ‘ഉപകാരമായി കാണണം’ എന്ന് അപേക്ഷിക്കുകയാണ്. അങ്ങനെ ആയാൽ അയാൾ പണം സ്വീകരിക്കുകയുമില്ല. ഒരിക്കൽ ഒരാളെ കാണാൻ ഫാറൂഖ് എന്നെ ഏഴ് മണിക്ക് നഗരത്തിലെത്തിച്ചു. ‘അവർ എന്നെ ഹൗസ് ബോട്ടിലേക്ക് തിരികെ എത്തിക്കും’ എന്ന് ഉറപ്പ് നൽകി ഞാൻ അദ്ദേഹത്തെ തിരിച്ചയച്ചു. എന്റെ ആതിഥേയർ എന്നെ വീട്ടിലേക്ക് തിരികെ എത്തിക്കാൻ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ എന്റെ ഡ്രൈവർ പുറത്ത് കാത്തിരിക്കുകയാണെന്ന് ഞാൻ അവരോടും പറഞ്ഞു. വല്ല റിക്ഷയും പിടിച്ച് തിരികെയെത്താം എന്നായിരുന്നു എന്റെ മനസ്സിൽ. രണ്ട് മണിക്കൂർ നഗരത്തിലൂടെ നടന്നെങ്കിലും അവിടെയാകമാനം ഒരു ഭീകരമായ മൈൻഫീൽഡ് പോലെ വിജനമായി കാണപ്പെട്ടു. ചെക്ക്പോസ്റ്റുകളിൽ വരെ ഒരു സൈനികനെ കാണാൻ കഴിഞ്ഞില്ല. ‘ഈ സമയത്ത് പ്രേതങ്ങൾ മാത്രമേ നഗരത്തൽ ബാക്കി കാണൂ’. എന്നെ ബോട്ടിലേക്ക് എത്തിക്കാൻ കടവിൽ കാത്തുനിന്ന കടത്തുകാരൻ പിന്നീട് പറഞ്ഞാണ് ഞാൻ കാര്യമറിയുന്നത്.

ഇന്നലെ വൈകുന്നേരം മറ്റൊരു ഇന്ത്യൻ കുടുംബം കൂടെ എത്തി. കൊൽക്കത്തയിൽ നിന്നുള്ള എഞ്ചിനീയറുടെ കുടുംബത്തോളം തന്നെ അംഗങ്ങളുണ്ട് ഈ കുടുംബത്തിലും. രാത്രി ഏറെ വൈകിയും എന്നെ ഉറങ്ങാൻ അനുവദിക്കാതിരുന്ന അവരുടെ ഒച്ചപ്പാടിൽ നിന്നും അവരിൽ ഒരു പുരുഷനും, ക്ഷീണിതരായ കുറച്ച് സ്ത്രീകളും, കരയുന്ന കുട്ടികളും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ഡെക്കിലേക്ക് വന്ന അയാൾ എന്നോട് ഹിന്ദിയിൽ സംസാരിച്ചു. ഞാൻ സ്റ്റാഫിൽ ഒരാളല്ലെന്ന് അറിഞ്ഞപ്പോൾ അൽപ്പം അമ്പരക്കുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് കൊണ്ടാണോ അതോ എന്നോട് സംസാരിക്കണ്ട എന്ന് തീരുമാനിച്ചതാണോ എന്ന് തീർത്ത് പറയാനാകില്ല. അതേസമയം എഞ്ചിനീയറുടെ ഭാര്യ എന്നെ അഭിവാദ്യം ചെയ്തു. പൊതുവേ മധ്യവർഗ്ഗ ഇന്ത്യൻ സ്ത്രീകൾ ആദ്യ ദിവസം തന്നെ പുരുഷന്മാരായ അയൽവാസികളുടെ അഭിവാദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പതിവ് ഉള്ളതായി തോന്നുന്നില്ല. ഒരുപക്ഷേ സഹതാപം കാരണമായിരിക്കാം, അത്താഴത്തിനായി തനിച്ചിരുന്നപ്പോൾ അവൾ എന്നോട് തലയാട്ടി. തനിച്ചായിരിക്കുന്നത് വിശുദ്ധന്മാർക്ക് മാത്രം പ്രതീക്ഷിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നു. അവർ എന്നോട് ചെറുതായി പുഞ്ചിരിക്കുകയും ചെയ്തു. ഇന്ന് രാവിലെ അവളുടെ എന്നെക്കാൾ ഉയരവും ധൈര്യവുമുള്ള മകളും പുഞ്ചിരി കൈമാറി. പതിമൂന്ന് വയസ്സുകാരിയാണെങ്കിലും അവൾ പതിനേഴ്കാരിയെപ്പോലെ തോന്നിച്ചിരുന്നു. അവർ തിരികെ ബോട്ടിലേക്ക് വരുമ്പോൾ സ്വന്തം മുറിയിലേക്ക് പോകുന്നതിനുമുമ്പ് അവൾ ടെലിവിഷൻ കാണാനിരിക്കും. ക്വിസ് ഷോകളായിരിക്കും കൂടുതലും കാണുന്നത്. ഇന്നലെ വൈകുന്നേരം ദാൽ കനാലിലെ ശൂന്യതയിൽ ഞാൻ മരവിച്ച് ഇരിക്കുമ്പോൾ ഒരു സുന്ദരിയായ പെൺകുട്ടിയെ പിന്തുടർന്ന് ഒരു യുവാവിനെക്കുറിച്ചുള്ള ടിവി സീരീസ് ഞാൻ ഇടം കണ്ണിട്ട് കണ്ടിരുന്നു. ഇതുവരെ പ്രത്യേകിച്ചൊന്നും കഥയിൽ സംഭവിച്ചിട്ടില്ല, അടുത്ത ഭാഗം ഇന്നാണ് വരുന്നത്.


തുടർന്ന് വായിക്കുക: ലോകം കശ്മീരിനെക്കുറിച്ച് ഒട്ടും തന്നെ ചിന്തിക്കുന്നില്ല
Featured Image: Imad
വിവർത്തനം:
Mashkoor

Author

https://www.navidkermani.de/?lang=en

Comments are closed.