തിബാഖ് ഇന്റലക്ച്വൽ ഹിസ്റ്ററി സീരീസ്. ഭാഗം 6

ഇറാഖിലെ സാംസ്കാരിക വിനിമയങ്ങളെയും ബൗദ്ധിക ചർച്ചകളെയും സാധ്യമാക്കിയത് സ്ഥാപനവത്കൃത സംവിധാനങ്ങളുടെ അഭാവത്തിൽ കഫെകളായിരുന്നു എന്ന് ഇറാഖിയൻ കവി സമി മെഹ്ദി നിരീക്ഷിക്കുന്നുണ്ട്. വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ട അത്തരം കഫെകളാണ് ഇറാഖിന്റ ഹൃദയ കേന്ദ്രങ്ങളായി പിന്നീട് മാറിയത്. ഓരോ കഫെകൾക്കും അവരുടേതായ ബുദ്ധി ജീവികളും രാഷ്ട്രീയ പ്രതിബദ്ധതകളും ഉണ്ടായിരുന്നു. എക്സിസിസ്റ്റൻഷ്യലിസവും അത്പോലൊരു കഫെ പ്രതിഭാസമായിരുന്നു. വ്യക്തികളെ കേന്ദ്രീകരിച്ച് ഒരു ബദൽ ധൈഷണിക ഇടം സ്ഥാപിക്കുക എന്നതായിരുന്നു എക്സിസ്റ്റെൻഷ്യലിസത്തിന്റെ ദൗത്യം. ഹുസ്സൈൻ മർദാനെ പോലെയുള്ള ഇറാഖിയൻ എക്സിസ്റ്റെൻഷ്യലിസ്റ്റുകളാണ് അത്തരമൊരു ഇടം സാധ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ചത്.

അക്കാലത്തെ രാഷ്ട്രീയ തടവുകാരനായിരുന്ന ഫാളിൽ അസവിയും രാഷ്ട്രീയത്തിനെതിരെ സമരത്തിലേർപ്പെട്ടു. നിലവാരമില്ലാത്ത കലയും രാഷ്ട്രീയവും നിർമ്മിക്കുന്ന ഒരു ഉപകരണമായി ഇൽതിസാമിനെ പ്രത്യയ ശാസ്ത്രജ്ഞർ മാറ്റിയെന്ന വാദവുമായി മുന്നോട്ടു വന്ന അദ്ദേഹം അതിനെ ബഅതി ഇൽതിസാം എന്നാണ് വിളിച്ചത്. Critique of Dialectical Reason എന്ന സാർത്രിന്റെ ഗ്രന്ഥത്തെ വിശകലനം ചെയ്തു കൊണ്ട് അസ്സാവി പറയുന്നത് സമൂഹത്തെ വ്യക്തിയുമായി സമന്വയിപ്പിക്കുന്ന, മറ്റൊരു രീതിയിൽ മാർക്‌സിസത്തെയും എക്സിസ്റ്റെൻഷ്യലിസത്തെയും ഏകീകരിക്കാനുള്ള, വളരെ ശ്രമകരമായ ഒരു ദൗത്യമാണ് സാർത്ര് ഏറ്റെടുക്കുകയും സാധ്യമാക്കുകയും ചെയ്തത് എന്നാണ്.

1960 കളിലെ അടിച്ചമർത്തലുകളും അക്രമങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഗതിയെ ചോദ്യം ചെയ്യാൻ ഇറാഖിലെയും ഈജിപ്തിലെയും എഴുത്തുകാരെ പ്രേരിപ്പിച്ചു. സർക്കുൻ ബുള്ളസ്, യൂസഫ് അൽ ഹയ്ദാരി, ആദിൽ കാസിം തുടങ്ങിയ ചുരുക്കം ചില എഴുത്തുകാർക്ക് അത് മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനങ്ങളെച്ചൊല്ലിയുള്ള പോരാട്ടമായിരുന്നു. വ്യക്തിയെ രക്ഷിക്കാനുള്ള ഈ ശ്രമങ്ങൾക്ക് ഇദ്രിസിന്റെ പ്രതിബദ്ധത എന്ന ദർശനത്തേക്കാൾ ബദവിയുടെ സമൂല വ്യക്തിവാദവുമായി (radical individualism) സാമ്യത പുലർത്തുന്ന ഒരു തരം അസ്തിത്വവാദമാണ് ഉപയോഗിച്ചത്.

“ശരീരത്തിൽ പറ്റിപ്പിടിച്ച രക്തക്കറകളെ സ്വയം കഴുകിക്കളയുന്ന ഒരു പുതിയ വിപ്ലവത്തിൽ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന അസവിയുടെ വാക്കുകൾ 60 കളിലെ ഇറാഖി ജനതയെ ഏകീകരിപ്പിക്കുന്നതിലേക്കും രാഷ്ട്രം, സമൂഹം, കുടുംബം, ലിംഗം തുടങ്ങിയ പഴയ ലോകക്രമത്തിന്റെ വ്യത്യസ്തമായ സ്ഥാപന സങ്കൽപ്പങ്ങളെ തകർക്കുക എന്ന അവരുടെ വളരെക്കാലമായുള്ള ആഗ്രഹത്തിന്റെ സഫലീകരണത്തിലേക്കും നയിച്ചു. വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ ദേശീയ വിമോചന സമരങ്ങളുടെ പരാജയത്തെ തുടർന്ന് അറുപതുകളിലെ ഇറാഖി തലമുറ സാർത്രെ, കാമുസ്, ബ്യൂവെയർ, ഗുവേര, ആർതർ കോസ്റ്റ്ലർ, അലൻ ജിൻസ്‌ബെർഗ്, അമേരിക്കൻ ബീറ്റ്നിക്കുകൾ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. രാഷ്ട്രീയ വർഗ്ഗീയത, പട്ടാള ഭരണം, ലൈംഗിക അടിച്ചമർത്തലുകൾ, സാമൂഹിക അതിക്രമങ്ങൾ തുടങ്ങിയവയെ വിമർശിക്കുക എന്നതായിരുന്നു അവരുടെ പ്രഥമ ലക്ഷ്യം.

നഷ്ടപ്പെട്ടുപോയ വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയേതര വക്താക്കളായി എക്സിസ്റ്റെൻഷ്യലിസ്റ്റുകൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഒരാളുടെ സാഹചര്യങ്ങളെ സ്വയം യാഥാർത്ഥ്യമാകലും തത്ഫലമായി അസ്തിത്വ സ്വാതന്ത്ര്യവും രാഷ്ട്രീയവും തമ്മിൽ വിവേചിക്കുന്നതിനെ വിസമ്മതിക്കുകയും ചെയ്യുക എന്നതിലൂടെയാണ് ഇറാഖി എക്സിസ്റ്റെൻഷ്യലിസത്തിന്റെ യഥാർത്ഥ മൂല്യം നമുക്ക് കാണാൻ സാധിക്കുന്നത്.
അന്യവൽക്കരണം, മരണം, അസംബന്ധം, ഭീതി, വിരോധം, കലാപം തുടങ്ങിയ അസ്തിത്വവാദ തീമുകൾ അറബ് ലോകത്തെ അക്കാലത്തെ മിക്ക കവിതകളിലും ഗദ്യങ്ങളിലും പ്രകടമായിരുന്നു.

1958 ൽ ലബനീസ് എഴുത്തുകാരനായ ലൈല ബഅലബകി തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അന അഹ്യ (ഞാൻ ജീവിക്കുന്നു) എന്ന നോവൽ പുറത്തിറക്കി. സ്വാതന്ത്ര്യത്തിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന ലീന എന്ന് പേരുള്ള ഒരു പത്തൊൻപത് വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ കഥയാണ് ലൈല അതിലൂടെ വരച്ചു കാണിക്കുന്നത്. അത് കേവലം ഒരു നിഹിലിസമായി കണ്ടാൽ പോര, മറിച്ച് അറബ് സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലുള്ള നിലവിലെ അവസ്ഥകൾക്കും ഘടനകൾക്കുമെതിരെയുള്ള ഒരു തുറന്ന യുദ്ധമാണ്. അത്യാഗ്രഹികളും ലൈംഗിക തൃഷ്ണയുള്ളവരുമെന്ന് പറഞ്ഞു തന്റെ സ്വന്തം പുരുഷ സുഹൃത്തുക്കളെപ്പോലും വിമർശിക്കാൻ അവൾ മടി കാണികുന്നില്ല.

അറബ് കുടുംബങ്ങളിലുള്ള ജീവിത രീതികളും, കുടുംബത്തിൽ പിതാവിനുള്ള അധിപത്യങ്ങളെയും അധികാരങ്ങളേയും, സ്ത്രീ-പുരുഷ ലൈംഗികത രീതികളെയും അവൾ വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്. അതിനു പുറമെ തന്റെ പിതാവിന്റെ അധീശത്വ മനോഭത്തെ വെറുക്കുകയും, ഭക്ഷണം പാകം ചെയ്യുക, കുട്ടികളെ വളർത്തി വലുതാക്കുക, ഒരു പുരുഷന്റെ കിടക്ക പങ്കിടുക എന്നൊതൊഴിച്ച് ജീവിതത്തെക്കുറിച്ച് മറ്റൊന്നുമറിയില്ലെന്ന് തന്റെ മാതാവിനെക്കുറിച്ചും അവൾ വിമർശനം ഉന്നയിക്കുന്നു. പാരമ്പര്യ ഘടനയോടുള്ള ഈ കലാപത്തിലൂടെ തന്റേതായ ഒരു അസ്തിത്വം നിർമ്മിച്ചെടുക്കുവാനും, വ്യക്തിഗത സ്വാതന്ത്ര്യം കൈവരിക്കാനുമാവുമെന്ന് അവൾ പ്രതീക്ഷിച്ചു. ഒരർത്ഥത്തിൽ തന്റേതായ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും മാത്രമാണ് അവൾ പ്രാമുഖ്യം നൽകിയത്. പുരുഷാധിപത്യ സാമൂഹ്യ ഘടനയെ അധിക്ഷേപിക്കുകയും ലൈംഗിക ഉദാരവൽക്കരണത്തിനു വേണ്ടി വാദിക്കുകയും ചെയ്ത അവളെ സാമൂഹ്യ നൈതികത ലംഘിച്ചതിന്റെ പേരിൽ ഒടുവിൽ തുറങ്കിലടക്കപ്പെട്ടു. അവളെ സംബന്ധിച്ചിടത്തോളം അപകോളനീകരണം ആരംഭിക്കുന്നത് സ്വന്തത്തിൽ (ആത്മം) നിന്നാണ്. പിന്നീട് കുടുംബത്തിലൂടെ സമൂഹത്തിലേക്ക് അത് വ്യാപിക്കുന്നു.

ഫലസ്തീനിയൻ കൃതികളിലും എക്സിസ്റ്റെൻഷ്യലിസത്തിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കുന്നതാണ്. 1963 ൽ ഫലസ്തീനിയൻ എഴുത്തുകാരൻ ഗസൻ കനഫാനി ‘മനുഷ്യൻ സൂര്യനിൽ’ (men in the sun ) എന്ന തന്റെ നോവെല്ല പുറത്തിറക്കി. ഇറാഖ് അതിർത്തി കടന്ന് കുവൈത്തിന്റെ സമ്പന്ന ഭൂമിയിലേക്ക് കടിയേറാൻ ശ്രമിക്കുന്ന മൂന്ന് യുവാക്കളെ കുറിച്ചാണ് ഈ നോവൽ. അവർ അവിടെ വെച്ച് ഫലസ്തീൻ നഷ്ട ഭൂമിയിലെ മുതിർന്ന നേതാവായിരുന്ന അബ്ദു ഹൈസുറാൻ എന്ന യാളെ പരിചയപ്പെടുന്നു. അദ്ദേഹം ഇപ്പോൾ ഒരു ട്രക്ക് ഡ്രൈവറാണ്. തന്റെ ട്രക്കിന്റെ ഒഴിഞ്ഞ വാട്ടർ ടാങ്കുകളിൽ കയറ്റി അവരെ സുരക്ഷിതരായി കുവൈറ്റിൽ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്തു. അവർ അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ അയാൾ കുവൈറ്റിലെ അതിർത്തി പോലീസുമായി തമാശകൾപങ്കിടുന്നതിനിടയിൽ ചൂടും ദാഹവും ശ്വാസ തടസ്സങ്ങളും കാരണം അവർ മരണത്തിനു വിധേയരാവുകയാണ് ചെയ്തത്. എന്താണ് സംഭവിച്ചത് എന്ന് അറിയുമ്പോൾ വികാരനിർഭരനായി “നിങ്ങൾക്ക് ടാങ്കിന്റെ സൈഡിൽ തട്ടി ശബ്ദമുണ്ടാക്കാമായിരുന്നില്ലേ?”, “നിങ്ങൾക്ക് എന്നോട് പറയാമായിരുന്നില്ല?” എന്നിങ്ങനെ പറഞ്ഞു വിലപിക്കുന്ന അയാളുടെ കരച്ചിലോടു കൂടെയാണ് നോവല്ലേ അവസാനിക്കുന്നത്.

1948 ലെ ഫലസ്തീൻ ദുരന്തം അവതരിപ്പിക്കുന്ന ഈ കഥയിലൂടെ ഫലസ്തീൻ നേതൃത്വത്തിന്റെ പരാജയം,സർവ്വാധികാരിയായിരുന്ന പിതാവിന്റെ സ്ഥാനം നഷ്ടപ്പെടുക, ഒരു അസ്തിത്വപരമായ ജീവിത സങ്കേതം എന്ന നിലയിലേക്ക് ‘കുടുംബം’ തകരുക, അറബ് സഖ്യ കക്ഷികളോടുള്ള സാർത്രിന്റെ വഞ്ചന തുടങ്ങിയ സമസ്യകൾ മുൻ നിർത്തി ദേശീയ താൽപര്യങ്ങളും, ലക്ഷ്യങ്ങളും എങ്ങിനെ വ്യക്തിഗത നിയന്ത്രണത്തെ ബാധിക്കുന്നു എന്ന ഒരു ചോദ്യമാണ് കനഫാനി പരിശോധിക്കുന്നത്. മരുഭൂമിയിൽ വെച്ചുള്ള അവരുടെ മരണത്തിലൂടെ ഫലസ്തീൻ ജനതയുടെ യാഥാർത്ഥവും, ആധികാരികവുമായ അസ്തിത്വം ലോകത്തിൽ അവരുടെ അവസ്ഥകൾ വ്യക്തിവൽക്കരിക്കുക (individualise) എന്ന ഹെഡഗേറിയൻ ആശയമായ dasein എന്ന ദർശനത്തിലൂടെ പ്രകടമാക്കി.

ചുരുക്കത്തിൽ കൊളോണിയൽ വിരുദ്ധ ദേശീയത എല്ലായ്‌പ്പോഴും പുറത്തേക്ക് മാത്രം നോക്കുന്നതിനാൽ (outward-looking) അതിന് സ്വയം വിമർശനാത്മകമാകാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ പുരുഷാധിപത്യ രീതികൾ, രാഷ്ട്രീയ പ്രതിസന്ധികൾ, ഭരണകൂടത്തിന്റെ അധീശത്വം, അക്രമങ്ങൾ, അസ്വാതന്ത്ര്യം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ എഴുത്തുകാർ എക്സിസ്റ്റെൻഷ്യൽ തീമുകൾ ഉപയോഗിച്ച് തുടങ്ങി. ആ ചിന്തയുടെ ഭാഗമായിട്ടാണ് അറബ് ലിബറേഷനെക്കുറിച്ചുള്ള സ്വയം വിമർശനങ്ങൾ 1967 ലെ ഗൾഫ് യുദ്ധത്തിലെ പരാജയത്തിന് മുൻപ് തന്നെ ആന്തരികമായ അപകോളനീകരണം ഇപ്പോഴും സാംസ്കാരികമായ ഒരു നിർണ്ണായക ദൗത്യമായി തുടരുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ സാഹിത്യകാരന്മാരും ചിന്തകരും ചെയ്തിട്ടുള്ളത്. അറബികളുടെ എക്കാലത്തെയും വലിയ പദ്ധതിയായിരുന്നു ‘അറബ് ലിബറേഷൻ’ പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഈ അപകോളനീകരണം എക്കാലത്തും അസാധ്യമായ ഒന്നായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സാർത്രിന്റെ ഈജിപ്ത് സന്ദർശനം നടക്കുന്നത്.

1967 ഫെബ്രുവരിയിലാണ് സാർത്ര് ഈജിപ്തിലെത്തിയത്. ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം സാർത്രിന്റെ രണ്ട് ആഴ്ച നീണ്ട് നിന്ന ഈ സന്ദർശനം ഒരു ഇന്റലക്ച്വൽ ഹോളിഡേ ആയിരുന്നു. അവരുടെ സന്ദർശനത്തോടനുബന്ധിച്ച് എക്സിസ്റ്റെൻഷ്യലിസവുമായി ബന്ധപ്പെട്ട ഇരുപതോളം പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങി. മാർക്കെറ്റ് ലഭിക്കുന്നതിന് വേണ്ടി ചില പുസ്തകങ്ങളുടെ പുറം ചട്ടയിൽ നഗ്ന സ്ത്രീകളുടെ ചിത്രങ്ങൾ വരെ ഉൾപ്പെടുത്താൻ പ്രസാധകർ മടിച്ചില്ല. രാഷ്ട്ര നേതാക്കളെപ്പോലെ സാർത്രും, സൈമൺ ഡി ബോവായും ഈജിപ്ത് മുഴുക്കെ സന്ദർശനങ്ങൾ നടത്തി. സുഹൈൽ ഇദ്രീസിന്റെ നിർദേശപ്രകാരം ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുകയും അവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനു ശേഷമാണ് അവർ അവിടെ നിന്നും മടങ്ങിയത്. ഈജിപ്ത്യൻ ജനതയ്ക്ക് സാർത്രിനോട് പല ചോദ്യങ്ങളും ചോദിക്കാനുണ്ടായിരുന്നു. എക്സിസ്റ്റെൻഷ്യലിസം നിലച്ച് പോയോ?, ഭാവിയിൽ മൂന്നാം ലോക രാഷ്ട്രങ്ങൾക്കിടയിൽ എക്സിസ്റ്റെൻഷ്യലിസത്തിന് നിലനിൽപ്പുണ്ടാകുമോ?, മാർക്സിസവും അറബ് സോഷ്യലിസവുമായി അത് യോജിച്ച് പോകുമോ?എന്നിവയായിരുന്നു അവയിൽ ചില ചോദ്യങ്ങൾ.

ഫലസ്തീനിന്റെ വിഷയങ്ങൾ കൃത്യമായ രീതിയിൽ സാർത്രുമായി ചർച്ച ചെയ്യാനും അവരുടെ അസ്തിത്വ പ്രതിസന്ധികൾ വിശകലനം ചെയ്യാനും വേണ്ടി യായിരുന്നു ഇദ്രീസ് ബൈറൂത്തിൽ നിന്നും ഈജിപ്തിലേക്കെത്തിയത്. എന്നാൽ സാർത്ര് ഫലസ്തീനിന്റെ കാര്യത്തിൽ വേണ്ടത്ര താല്പര്യം കാണിച്ചില്ല. 1967 ലെ യുദ്ധത്തിന് തൊട്ടു മുൻപ് അറബ് ആക്രമണത്തെ അപലപിച്ചു കൊണ്ട് സാർത്ര് ഇസ്രാഈൽ അനുകൂല പത്രികയിൽ അപ്രതീക്ഷിതമായി ഒപ്പുവെച്ചു. അതോടെ അറബ് ബുദ്ധിജീവികൾ സ്തബ്ധരായി. അത് വരെ ഹീറോ ആയിരുന്ന സാർത്ര് പൊടുന്നനെ അവരെ ചതിച്ചിരിക്കുന്നു. കെയ്‌റോയിൽ ചേർന്ന അടിയന്തര മീറ്റിങ്ങിൽ അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ നേതാക്കൾ ശക്തമായ രീതിയിൽ അപലപിച്ചു. 1967 ലെ ദിവസങ്ങൾ നീണ്ടു നിന്ന ആപ് യുദ്ധം അരങ്ങേറി. പിന്നീട്, അദ്ദേഹം തെറ്റിധരിപ്പിക്കപ്പെട്ടതാണെന്ന് ആവർത്തിക്കുകയും അറബികളുമായുള്ള സൗഹൃദം തുടരുകയും ചെയ്‌തെങ്കിലും അദ്ദേഹത്തെക്കുറിച്ച് രാജ്യ ദ്രോഹി എന്ന മനോഭാവം അറബികൾക്കിടയിൽ ഇടം നേടികഴിഞ്ഞിരുന്നു. തുടർന്നുള്ള ദിനങ്ങളിൽ ഒരു പുതിയ ധൈഷണിക യുഗത്തിലേക്കുള്ള ചുവടു വെപ്പുകളായിരുന്നു. വ്യക്തമായ അവലോകനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ സ്വയം വിമർശനത്തിന് അവസരങ്ങൾ നൽകിക്കൊണ്ടുള്ള, എല്ലാത്തിലുമുപരി മതത്തിനോടും മതകാര്യങ്ങളോടും കൂടുതൽ താൽപ്പര്യവും ആദരവും നൽകുന്ന ഒരു കാലഘട്ടം. അങ്ങനെ അറബ് അപകോളനീകരണത്തിന്റെ മൂന്നാം ലോകം എന്ന ആശയം പതിയെ മാഞ്ഞു പോവുകയും ചെയ്തു.

അറബ് എക്സിസ്റ്റെൻഷ്യലിസത്തിന്റെ ഈ ചരിത്രം അപകോളനീകരനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്ന രണ്ട് പ്രാഥമിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒന്നാമത്തേത്, കോളനി വിരുദ്ധ ദേശീയതക്ക് നേടാൻ സാധിക്കാത്ത എന്ത് ബൗദ്ധിക ദൗത്യമാണ് എക്സിസ്റ്റെൻഷ്യലിസം നിർവ്വഹിച്ചത്? രണ്ടാമത്തേത്, ഒരു ചരിത്ര പശ്ചാത്തലത്തിൽ സൃഷ്ടിക്കപ്പെട്ട എക്സിസ്റ്റെൻഷ്യലിസം പോലുള്ള ആശയങ്ങൾ ഒരു സാഹചര്യത്തിൽ നിന്നും മറ്റൊരു സാഹചര്യത്തിലേക്കും പിന്നീട് മറ്റൊരു സാഹചര്യത്തിലേക്കും നീങ്ങുമ്പോൾ അപകോളനീകരണത്തിനുള്ളിൽ എന്ത് സംഭവിക്കും? ഈ ചോദ്യങ്ങൾക്കുള്ള മറുപടി കണ്ടെത്തുന്നതിന് മുൻപ് നാം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പ്രഥമമായി, അപകോളനീകരണം എന്നത് ധൈഷണികമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ഒരു അന്തർദേശീയ പ്രക്രിയയായിരുന്നു. കേവലം ഒരു സാമ്രാജ്യത്വ ശക്തിയിൽ നിന്നും പുതുതായി രൂപം കൊണ്ട ദേശ രാഷ്ട്രങ്ങളിലേക്കുള്ള അധികാര കൈമാറ്റമായിരുന്നില്ല അത്.

ഒരു സമുദായം എന്ന ഐക്യ ബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാനും കൊളോണിയൽ ഭരണത്തിനെ എതിർക്കുന്നതിനുള്ള വ്യക്തമായ അവബോധം അവർക്കു നൽകുന്നതിലും ‘കൊളോണിയൽ വിരുദ്ധ ദേശീയത’ വിജയം കണ്ടിട്ടുണ്ട് എങ്കിലും മറ്റു പല കാര്യങ്ങളിലും ധൈഷണികമായ പരിമിതികൾ അതിനു ഉണ്ടായിരുന്നു. എക്സിസ്റ്റെൻഷ്യലിസത്തിന്റെ വൈവിധ്യമാർന്ന ആശയങ്ങൾ ഈ അഭാവത്തെ നികത്തി. ഇൽതിസാം എന്ന എക്സിസ്റ്റെൻഷ്യലിസത്തിനതിന്റെ അറേബ്യൻ പതിപ്പ് വലിയ പങ്കാണ് അപകോളനീകരണ ചരിത്രത്തിൽ വഹിച്ചിട്ടുള്ളത്. കൊളോണിയൽ ചായ്‌വുള്ള ബുദ്ധിജീവികളെ പാർശ്വ വൽക്കരിക്കുകയും സ്വദേശത്തതും വിദേശത്തും രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ഉപകരണമായി അത് വർത്തിച്ചു. അങ്ങനെ എക്സിസ്റ്റെൻഷ്യലിസം പശ്ചിമേഷ്യയെ 1960 കളിൽ ആഗോള തലത്തിൽ നടക്കുന്ന സാമ്രാജ്യത്ത്വ വിരുദ്ധ പ്രസ്ഥാനവുമായും അതിന്റെ നേതാവായ സാർതൃമായും ബന്ധിപ്പിച്ചു. അവസാനമായി,സ്വതന്ത്രമായ ഒരു സമൂഹത്തിനും സഹിഷ്ണുതയുള്ള ഒരു ഭരണകൂടത്തിനും വേണ്ടി ഒരു അറബ് സബ്ജക്ടിനെ രൂപപ്പെടുത്തുക എന്ന ആശയത്തിൽ നിന്നും പിന്നോട്ടടിക്കുന്ന നിലവിലെ സ്ഥിതിയെ എക്സിസ്റ്റെൻഷ്യലിസം വിമർശിക്കുകയും ചെയ്തു. ഇത്തരം ഒരുപാട് ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോഴും അറബ് എക്സിസ്റ്റെൻഷ്യലിസം ഒരു ഏകീകൃതമായ ആശയമായിട്ടല്ല, മറിച്ച് വികേന്ദ്രീകൃതമായ മൾട്ടി- ഫോക്കൽ ഇന്റലക്ച്ച്വല്‍ സിസ്റ്റമായിട്ടാണ് പ്രവർത്തിച്ചത്.


അധ്യായം 5മൂന്നാം ലോകവും ബദൽ ലോകത്തെക്കുറിച്ചുള്ള അറബ് ആലോചനകളും

Featured Image: Mural of Ghassan Kanafani,
Credits : The Palestinian Youth Movement

Comments are closed.