ഷെർലക് ഹോംസിന്റെ ലോകത്ത് യാദൃശ്ചികതകൾ ഒന്നുമില്ല. ഹോംസിന് തെളിവുകളിലൂടെ തീർപ്പിലേക്ക് എത്താനാവുന്നത് ഈ ആകസ്‌മികതകളുടെ അഭാവം കൊണ്ടാണ്. ഒന്ന് ചിന്തിച്ചാൽ, ഹോംസിന്റെ ലോകം ഒരു ദൈവശാസ്ത്ര ലോകമാണ്, അത് മതേതരമായ ദൈവശാസ്ത്രമാണ് എങ്കിലും. ആ ലോകത്ത് എല്ലാം കാരണങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ആ ലോകത്തിനകത്ത് തന്നെയാണ് കാരണവും നിലനിൽക്കുന്നത്, പുറത്തുള്ള ഒരു ലോകവുമായി അതിന് യാതൊരു ബന്ധവുമില്ല. ആഴത്തിൽ അർത്ഥവത്തായ, എന്നാൽ ലൗകികമായ ഒരു ലോകം. അവിടെ ലോകം അർത്ഥപൂർണ്ണമാകുന്നത് അത് ആന്തരികമായി സ്ഥിരതയുള്ളതാണ് എന്നത്കൊണ്ടാണ്, മറിച്ച് മറ്റൊരു നിയമവ്യവസ്ഥയുടെ ബന്ധമുള്ളത്കൊണ്ടല്ല. ഹോംസിന്റെ ലോകം അത്രമേൽ യുക്തിസഹവും സ്വയം ഉൾക്കൊള്ളുന്നതുമായ ഒന്നാണെങ്കിലും അതിന്റെ സൃഷ്ടാവായ ആർതർ കോനൻ ഡോയലിന്റെ ലോകം അങ്ങനെയായിരുന്നില്ല.
1893-ൽ, തന്റെ അവസാന കേസിലൂടെ ഹോംസിന് അന്ത്യമാകുമ്പോൾ, ഒരു സാങ്കൽപ്പിക കഥാപാത്രത്തിന്റെ അനിവാര്യമായ അന്ത്യമെന്ന നിലയിൽ അവസാനിപ്പിക്കാൻ പൊതുജനങ്ങൾ ഒരുക്കമായിരുന്നില്ല. മറിച്ച്, എവിടെയും പ്രതിഷേധങ്ങളുയർന്നു. ഹോംസ് കഥകൾ പ്രസിദ്ധീകരിച്ച സ്ട്രാൻഡ് മാഗസിന്ന് വൻതോതിൽ വരിക്കാർ നഷ്‌ടപ്പെട്ടു. ഹോംസിന്റെ ലോകത്ത് ഇല്ലാത്ത ജനക്കൂട്ടവും, അവരുടെ യുക്തിരാഹിത്യവും ഡോയ്‌ലിന്റെ ലോകത്ത് അവഗണിക്കാനാവാത്ത ശക്തിയായിരുന്നു. അങ്ങനെ ഡോയലിന് 1901-ൽ മറ്റൊരു ഹോംസ് കഥ കൂടി എഴുതേണ്ടി വന്നു, ‘ദ ഹൗണ്ട് ഓഫ് ദി ബാസ്കർവില്ലെസ്’.
1901-ൽ ആരംഭിക്കുന്ന ഒർഹാൻ പാമുക്കിന്റെ ‘നൈറ്റ്‌സ് ഓഫ് പ്ലേഗ്’ ഒരു ചരിത്രകാരന്റെ വിവരണമായാണ് വികസിക്കുന്നത്. ഓട്ടോമൻ രാജ സേവകനും, ക്വാറന്റൈൻ വിദഗ്ധനുമായ നൂരിയെ അദ്ദേഹത്തിന്റെ ഭാര്യയും സുൽത്താന്റെ അനന്തരവളുമായ പാകിസെയ്‌ക്കൊപ്പം കിഴക്കൻ മെഡിറ്ററേനിയനിലെ ഒട്ടോമൻ ദ്വീപായ മിംഗ്ഹേരിയയിലേക്ക് ഒരു ഉന്നതന്റെ കൊലപാതകം അന്വേഷിക്കാനായി അയക്കുന്നു. അന്വേഷണത്തിനുള്ള ഓട്ടോമൻ സംവിധാനങ്ങൾ നിലവിലുണ്ടായിരിക്കെ ചൈനയിലേക്ക് പോകേണ്ട തന്നെയും ഭാര്യയും ഒരു കൊലപാതകം അന്വേഷിക്കാൻ ദ്വീപിലേക്ക് അയച്ചതിന്റെ കാരണം നൂരി അനുമാനിക്കുന്നത് സുൽത്താൻ അബ്ദുൾ ഹമീദിന്റെ ആഗ്രഹം ഈ കേസ് ആധുനിക രീതിയിൽ അന്വേഷിക്കപ്പെടണമെന്നതാണ്, “ഷെർലക് ഹോംസിനെപ്പോലെ”.
നൈറ്റ്‌സ് ഓഫ് പ്ലേഗിനെ സമീപിക്കുന്നതിനുള്ള ഒരു മാർഗ്ഗം, കുറ്റാന്വേഷണ നോവലിന്റെ കാല്പനിക ലോകവും ഫിക്ഷൻ അതിന്റെ റിയലിസ്‌റ്റ് പ്രതീതി ഉണ്ടാക്കുന്നതിനായി പുനർനിർമ്മിക്കുന്ന അവലംബ (‘യഥാർത്ഥ’) ലോകവും തമ്മിലുള്ള സമ്പർക്കത്തെക്കുറിച്ചുള്ള ധ്യാനമായി വായിക്കുക എന്നതാണ്. ഇവിടെ അവലംബ ലോകം, സാമ്രാജ്യത്തെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള ‘തൻസിമത്ത്’ പരിഷ്‌കാരങ്ങൾ നിലവിലുണ്ടെങ്കിലും അവക്ക് പ്രായോഗിക പ്രചാരം കണ്ടെത്താനാകാത്ത ഒട്ടോമൻ യുഗത്തിന്റെ അവസാനമാണ്. ആ ലോകത്ത് കിഴക്കും പടിഞ്ഞാറും എന്ന് ലളിതമായി വിളിക്കപ്പെടുന്ന വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ കലഹിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ട് – പാമുക്കിന്റെ ആലോചനകളിൽ തുടർച്ചയായി കടന്നുവരുന്ന കേന്ദ്ര പ്രമേയമാണ് ഈ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ആശയപരമായ കലഹങ്ങളും സംവാദങ്ങളും. മൈ നെയിം ഈസ് റെഡ് (പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കഥ നടക്കുന്നത്), ദി വൈറ്റ് കാസിൽ (പതിനേഴാം നൂറ്റാണ്ട്), ബ്ലാക്ക് ബുക്ക് (20 -ാം നൂറ്റാണ്ട്) തുടങ്ങിയ രചനകളിളെല്ലാം ഈ പ്രമേയത്തെ അദ്ദേഹം വികസിപ്പിക്കുന്നുണ്ട്.
സുൽത്താൻ അബ്ദുൽ ഹമീദ് ഡിറ്റക്റ്റീവ് കഥകളുടെ ആരാധകനായിരുന്നു. ഓട്ടോമൻ സാഹിത്യ സംസ്കാരത്തിൽ അക്കാലം വേരൂന്നിയിട്ടില്ലാത്ത യൂറോപ്യൻ സാഹിത്യരൂപമായിരുന്നു അത്. സുൽത്താൻ ഡിറ്റക്റ്റീവ് കഥകൾ ടർക്കിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യിപ്പിക്കുകയും തനിക്കായി വായിച്ച് കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. തുടർന്ന് തന്റെ പ്രജകൾക്ക് അനുയോജ്യമല്ല എന്ന് അദ്ദേഹത്തിന് തോന്നിയ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷം അവ പൊതുജനങ്ങൾക്ക് കൈമാറി. കുറ്റാന്വേഷണ കഥകൾ നിലനിൽക്കാൻ ആവശ്യമായ സാഹചര്യം നിലവിലില്ല എന്നതിനാലാണ് ഒട്ടോമൻ കാലഘട്ടത്തിൽ ഡിറ്റക്ടീവ് ഫിക്ഷൻ എന്ന സാഹിത്യ ശാഖക്ക് വികാസം പ്രാപിക്കാൻ കഴിയാതിരുന്നത് എന്ന് Other Colours- ൽ പാമുക്ക് എഴുതുന്നുണ്ട്. ഓട്ടോമൻ ഭരണത്തിൽ, മൃതദേഹത്തിന്റെ ഉത്തരവാദിത്തം അടുത്തുള്ള വീട്ടുകാർക്കാണ്. അയൽപക്ക സമൂഹങ്ങളാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. നൈറ്റ്‌സ് ഓഫ് പ്ലേഗിന്റെ അവലംബ ലോകം, സാങ്കൽപ്പിക ദ്വീപായ മിംഗ്ഹേരിയ, വർഗീയ കലഹങ്ങളുടെയും ദേശീയ ഉപജാപങ്ങളുടെയും ലോകമാണ്. മുസ്‌ലിങ്ങൾക്കും, ക്രിസ്ത്യാനികൾക്കും ഇടയിലുള്ള പിരിമുറുക്കങ്ങളും, ഉയർന്നുവരുന്ന ഗ്രീക്ക് ദേശീയതയും, മിംഗ്ഹെറിയൻ പ്രാദേശിക വാദത്തിന്റെ മുറുമുറുപ്പുകളുമെല്ലാം അവിടെ സജീവമാണ്. അതോടൊപ്പം നഷ്‌ടപ്പെട്ട ഓട്ടോമൻ പ്രതാപത്തിനായുള്ള അഭിലാഷവും. പ്രത്യേകിച്ചും മറ്റിടങ്ങളിലെ ഗ്രീക്ക് ക്രിസ്ത്യൻ ദേശീയ പ്രക്ഷോഭങ്ങളിൽ ഇരകളായി അഭയാർഥികളായവർക്കിടയിൽ.
മിംഗ്ഹേരിയയിലെ അയൽപക്ക സമൂഹങ്ങൾക്കിടയിൽ ഇത്തരം വിഭാഗീയതകൾ നിലനിൽക്കുന്നുണ്ട്. കൂടാതെ ദ്വീപിലെ മുസ്‌ലിങ്ങൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ചെറുതും വലുതുമായ നിരവധി സൂഫി സത്രങ്ങളും അവരുടെ ശൈഖുമാരും മറ്റ് അധികാര കേന്ദ്രങ്ങളും ഇതിനോട് കൂടിച്ചേരുന്നു. അത്തരമൊരു ലോകത്ത്, ഷെർലക് ഹോംസിനെപ്പോലെ വ്യക്തികൾക്ക് പ്രാധാന്യമുള്ള, സൂചനകൾ കണ്ടെത്തി അവയുടെ നിർദ്ധാരണത്തിലൂടെ കുറ്റവാളിയിലേക്ക് എത്തുക, അല്ലെങ്കിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ നിലവിലുള്ള അധികാര പോരാട്ടങ്ങൾക്കനുസരിച്ച് കുറ്റവാളിയെ സ്ഥാപിച്ച് അതിനെ പിന്തുടർന്ന് കുറ്റകൃത്യത്തിന്റെ രീതി കണ്ടെത്തുക എന്നീ രണ്ട് സാധ്യതകളിൽ രണ്ടാമത്തെ രീതിയാണ് ദ്വീപിലെ സർക്കാർ തിരഞ്ഞെടുത്തത്. എന്നാൽ ഈ രണ്ട് രീതികളും പരസ്പരവിരുദ്ധമാണോ? അവക്കിടയിൽ എന്തെങ്കിലും വൈരുധ്യങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിൽ, പാമുക്കിന്റെ പുതിയ നോവൽ അവക്കിടയിലുള്ള അഭേദ്യതയെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
ആദ്യം നമുക്ക് കുറ്റാന്വേഷണ കഥയിലെ ആഖ്യാതാവിന്റെ റോളിൽ നിന്ന് തുടങ്ങാം. ഉദാഹരണമായി വാട്‌സണെ എടുത്താൽ ആഖ്യാതാവിന്റെ ഉത്തരവാദിത്വം സസ്പെൻസ് നിലനിർത്തുക എന്നതാണ്. കാരണം ആഖ്യാതാവ് ആപേക്ഷികമായി താഴ്ന്ന സ്ഥാനത്തുള്ള ആളാണ്. വാട്സൺ തെറ്റായ കാര്യങ്ങൾ കാണുന്നു, തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു. ഫ്രാങ്കോ മൊറെറ്റി ഡിറ്റക്ടീവ് ഫിക്ഷനെക്കുറിച്ചുള്ള തന്റെ ചർച്ചയിൽ ( Signs Taken for Wonders) വാദിക്കുന്നത്, ഈ തെറ്റുവരുത്തുന്ന ആഖ്യാതാവായ ‘മനുഷ്യനെ’ ഒരു ‘യന്ത്രമായ’ ഡിറ്റക്ടീവുമായി താരതമ്യം ചെയ്യേണ്ടതുണ്ട് എന്നാണ്. മറുവശത്ത്, കുറ്റവാളി പൂർണമായും മനുഷ്യനാണ്, അവന്റെ/അവളുടെ ഏറ്റവും വലിയ ഗുണം ഭാഷയിലുള്ള നിയന്ത്രണമാണ്. മൊറെറ്റിയുടെ അഭിപ്രായത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊതുശ്രദ്ധയുടെ കേന്ദ്രം വധശിക്ഷയിൽ നിന്ന് വിചാരണയിലേക്കുള്ള മാറ്റത്തോട് സമാനമായി ഒരു കുറ്റാന്വേഷണ കഥയിലെ കുറ്റവാളിക്ക് തന്റെ നിലപാടും പ്രവർത്തനങ്ങളും പൂർണമായും വിശദീകരിക്കാനാവും.
തുടക്കത്തിലെ പരുങ്ങലിനു വിരുദ്ധമായി, കുറ്റാന്വേഷണ കഥയുടെ ക്ലൈമാക്‌സ് എന്താണ് സംഭവിച്ചതെന്ന സത്യം അറിയിക്കുന്നതാണ്. അവിടെ ഭാഷ യാഥാർത്ഥ്യത്തിനൊത്ത് ഉയരുന്നു. എല്ലാ യാഥാർത്ഥ്യങ്ങളും മനുഷ്യ ഭാഷയിൽ നിരീക്ഷിക്കാവുന്നതും തിരിച്ചറിയാവുന്നതും പുനർനിർമ്മിക്കാവുന്നതുമാണെന്ന് തോന്നുന്നു. ആത്യന്തികമായി, ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യനെ ലോകത്തെ അറിയുന്നവനായി സ്ഥാപിക്കുന്ന പ്രത്യയശാസ്ത്രമാണിത്. എന്നാൽ മനുഷ്യനെയും പുരോഗതിയെയും കുറിച്ചുള്ള ഈ അനുമാനങ്ങളിൽ ചിലത് ചുരുളഴിയാൻ തുടങ്ങുന്ന ഒരു കാലഘട്ടത്തിന്റെ തുടക്കമാണ് 1901. ഒരു വശത്ത്, ഫ്രോയിഡ് അബോധമനസ്സ് കണ്ടെത്തുന്നു. ഹോംസിനെപ്പോലെ ഫ്രോയിഡിന്റെ സ്വന്തം ലോകം ആകസ്‌മികതകളില്ലാത്ത ഒന്നാണ്. ഫ്രോയിഡിന് ലോകം യാദൃശ്ചികമല്ല. ഇവിടെ, ഓരോ സ്വപ്നവും, ഓരോ തമാശയും, നാവിന്റെ ഓരോ പിഴയും, ഓരോ മറവിയും ആഴത്തിൽ അർത്ഥമുള്ളതാണ്. അവ ഭാഷയിൽ നിന്ന് വേർതിരിച്ചെടുക്കേണ്ടതും ഭാഷയിൽ പ്രകടിപ്പിക്കേണ്ടതുമാണ്. പക്ഷേ, അവ ദുരിതങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ള അദൃശ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. മിംഗ്ഹേരിയയിൽ പ്ലേഗിന് കാരണമാകുന്ന സൂക്ഷ്മാണുക്കളെപ്പോലെ, ശാസ്ത്രത്തിൽ ഒരാൾക്ക് എത്രത്തോളം വിശ്വസിക്കാമെന്ന പരീക്ഷണം കൂടിയാണത്. അദൃശ്യമായത്, അല്ലെങ്കിൽ അബോധ മനസ്സിലെ ഭ്രമങ്ങൾ, ഓർമിക്കുവാനും നിർവികാരമായി വിവരിക്കാനുമുള്ള മനുഷ്യ ഭാഷയുടെ കഴിവിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അവിടെ നിഷ്പക്ഷ ആഖ്യാതാവ് എന്ന ആശയം തന്നെ സംശയിക്കപ്പെടുന്നു.
‘നൈറ്റ്‌സ് ഓഫ് പ്ലേഗ്’ മിംഗ്ഹേരിയയുടെ ചരിത്രത്തിന്റെ ആഖ്യാനം കൂടിയാണ്. നിയമവും ചരിത്രവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മാക്സ് വെബറിനെ ഉദ്ധരിച്ചുകൊണ്ട്, ചരിത്രം എഴുതുന്നതും ക്രൈം ഫിക്ഷൻ എഴുതുന്നതും വൈരുദ്ധ്യമുള്ള തൊഴിലുകളാണെന്ന് മൊറെറ്റി കുറിക്കുന്നുണ്ട്. നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു പ്രവർത്തനത്തിന് ഒരൊറ്റ കാരണം എന്ന നിലയിൽ വ്യക്തികളിലും, അവരുടെ പ്രവർത്തനങ്ങളിലുമാണ്. ഒരു അനുഭവ ശാസ്ത്രം എന്ന നിലയിൽ നിലയിൽ ചരിത്രം, വ്യക്തിഗത അഭിനേതാക്കളെ വിട്ട്, പലവിധങ്ങളായ വസ്തുനിഷ്ഠ ഘടകങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചരിത്രത്തിലും, ക്രൈം ഫിക്ഷനിലും വ്യക്തിയുടെ പങ്കിനെക്കുറിച്ചുള്ള വിരുദ്ധ ആശങ്കകൾ പാമുക്ക് തന്റെ ആഖ്യാതാവിലൂടെ അവതരിപ്പിക്കുന്നുണ്ട്. അതോടൊപ്പം, ക്രൈം ഫിക്ഷനെ ഒരു ചരിത്ര നാടകമാക്കി പാമുക് പരീക്ഷിക്കുന്നു. സുൽത്താൻ ഏക സ്വീകർത്താവായ ഒരു ലോകത്ത്, ഗ്രാംഷിയുടെ അഭിപ്രായത്തിൽ അതിന്റെ ജനപ്രീതിമൂലം ജനപ്രിയ-ദേശീയതയുടെ കടന്നുവരവിനെ അടയാളപ്പെടുത്തിയ ക്രൈം ഫിക്ഷന് എന്താണ് സംഭവിക്കുക? ഓരോ വ്യക്തിയും മുൻകൂട്ടി ഒരു കമ്മ്യൂണിറ്റിയുടെ, ഒരു വിഭാഗത്തിന്റെ, ഒരു കാലത്തിന്റെ, ഒരു സംഘത്തിന്റെ ഭാഗമായ ഇടത്തിൽ ക്രൈം ഫിക്ഷൻ എങ്ങനെ സാധ്യമാകും?
നൈറ്റ്‌സ് ഓഫ് പ്ലേഗിൽ, നാം കാണുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ കത്തുകളിലൂടെ പഴയ ഭരണ സംവിധാനത്തിന്റെ തകർച്ചയുടെയും പുതിയതിന്റെ ജനനത്തെയും കുറിച്ചുള്ള ചരിത്രാഖ്യാനമാണ്. ഈ ക്രൈം ഫിക്ഷനിൽ വ്യക്തിയോ ഭരണകൂടമോ നിസ്സംഗതയോടെ തെളിവുകൾ ശേഖരിക്കുന്നവരല്ല. വ്യക്തിയെ ഓർമകളും, സ്വപ്നങ്ങളും സ്വാധീനിക്കുമ്പോൾ, ചരിത്രത്തിന്റെ തന്നെ കുതന്ത്രങ്ങളാൽ ഭരണകൂടം കളങ്കപ്പെടുന്നു, അത് ഏത് സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള താൽപ്പര്യമില്ലായ്മയെ ചോദ്യം ചെയ്യുന്നു.
ക്രൈം ഫിക്ഷനും, ചരിത്ര കഥനവും തമ്മിലുള്ള ചർച്ചയെ സജീവമാക്കുന്ന മൂന്നാമത്തെ ഘടകം ഒരു സാങ്കൽപ്പിക കൃതി എന്ന നിലയിൽ കൃതി എന്തിനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. മിംഗ്ഹേരിയ സാങ്കൽപ്പികമാണ്, ഈ സാങ്കൽപ്പിക ദ്വീപ് രാഷ്ട്രത്തിനായുള്ള ഒരു ദേശീയ ചരിത്രത്തെ പാരഡി ചെയ്യുന്നത് പുസ്തകത്തിന്റെ തമാശ സ്വഭാവത്തെ മുന്നിൽ കൊണ്ടുവരുന്നുണ്ട്. കാല്പനികതയുടെയും, യാഥാർത്ഥ്യത്തിന്റെയും ഇടയിലെ അവ്യക്തത നീക്കാൻ വായനക്കാരന് ഇടയ്ക്കിടെ വിക്കിയിൽ പരിശോധിക്കേണ്ടിവരുന്നുണ്ട്. നമ്മുടെ കാലത്തെ നിർവചിക്കുന്നതും ഈ പാരഡിയുടെ കേന്ദ്രബിന്ദുവുമായ സിനിസിസം, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് വർത്തമാന ലോകത്തെ പ്രതിഫലിപ്പിക്കാൻ ചരിത്ര കഥക്ക് കഴിയുന്ന ഒരു വിരോധാഭാസമാണത്. 2017-ൽ പാമുക്ക് നോവൽ എഴുതാൻ തുടങ്ങിയെങ്കിലും, കോവിഡ്-19 ദുരന്തം തീർച്ചയായും നൈറ്റ്‌സ് ഓഫ് പ്ലേഗിനെ സാമൂഹിക വിള്ളലുകളുടെയും, ഒരു ആരോഗ്യ അടിയന്തരാവസ്ഥ പുറത്ത് കൊണ്ടുവരുന്ന ഭരണകൂട അക്രമങ്ങളുടെയും പ്രതിഫലനമാക്കി മാറ്റുന്നതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. നോവലിന്റെ സിനിസിസമാണ് അതിനെ സമകാലിക ലോകത്തിന്റെ ഉപമയാക്കിമാറ്റാൻ സഹായിക്കുന്നത്.
വിവർത്തനം: മഷ്ക്കൂർ
Comments are closed.