ഒരു സമൂഹം കാലങ്ങളോളം അതിജീവിക്കുന്നത് എങ്ങനെയാണ്?
നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും അത് എങ്ങനെയാണ് അതായിത്തന്നെ തുടരുകയും ‘സ്വത്വം’ നിലനിർത്തുകയും ചെയ്യുന്നത്?
ഇവിടെ നമുക്ക് ചുറ്റുമുള്ള മരങ്ങളും മനുഷ്യരും സമൂഹങ്ങളാണ്. മനുഷ്യർ ഉൾക്കൊള്ളുന്ന മതങ്ങളും അവർ സംസാരിക്കുന്ന ഭാഷയും ഒരു സമൂഹമാണ് എന്നതുപോലെ, ഒരു തന്മാത്രയും മനുഷ്യകോശവും ഒരുപോലെ സമൂഹമാണ്. ഓരോ സമൂഹവും ഒരു ചൈനീസ് മാജിക് പസിൽ പോലെ മറ്റ് സമൂഹങ്ങളെ ഉൾക്കൊള്ളുകയും മറ്റൊരു വിശാല സമൂഹത്തിന്റെ ഭാഗമാകുകയും ചെയ്യുന്നുണ്ട്.
സമൂഹംപോലെ, സ്വത്വവും എന്തല്ല എന്നത് ഇവിടെ അതിപ്രധാനമാണ്. അത് മാറാത്ത സത്തയോ, മനസ്സ് നിർമിക്കുന്ന ഏകതയോ, ഒരു അതീതയാഥാർഥ്യമോ ഒന്നുമല്ല. മറിച്ച്, അത് ഒരു ‘പാറ്റേണിന്റെ’ തുടർച്ചയാണ്.
‘അനുഭവത്തെ’ നമ്മൾ മനുഷ്യാനുഭവത്തിലേക്ക് ചുരുക്കിയാണ് മനസ്സിലാക്കുന്നത്. എന്നാൽ ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിന്റെ (Alfred North Whitehead) ചിന്തയിൽ സകല പ്രാപഞ്ചിക വസ്തുക്കളുടെയും അസ്തിത്വത്തിന്റെ അടിസ്ഥാനം തന്നെ അനുഭവമാണ്. ജീവിതത്തിലെ ഓരോ നിമിഷവും തൊട്ടുമുമ്പുള്ള നിമിഷത്തിന്റെ തുടർച്ചയാണ്; എന്നാൽ അതിന്റെ തനിയാവർത്തനമല്ല. അതുകൊണ്ടുതന്നെ സർഗാത്മകമായ ആവർത്തനമാണ് അസ്തിത്വത്തിന്റെ തന്നെ അടിസ്ഥാനം. നിമിഷങ്ങളുടെ അനസ്യൂതിയിൽ നിന്നൊരു ബിന്ദുവിനെയെങ്കിലും ഇളക്കിമാറ്റിയാൽ അത് കടപുഴകി വീഴും.
അസ്തിത്വത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനമായി വൈറ്റ്ഹെഡ് മനസ്സിലാക്കുന്നത് ‘യഥാർഥ കണികകൾ’ (Actual Entities) ആണ്. നമ്മൾ ഒരു സിനിമ കാണുമ്പോൾ ഒറ്റയൊറ്റയായ ഫ്രെയിമുകൾ നമ്മുടെ കണ്ണിൽ പിടിക്കാത്തതുപോലെ, ഈ യഥാർഥ കണികകൾ നമ്മുടെ അനുഭവപരിധിക്ക് പുറത്താണ്. എന്നാൽ ഈ ലോകത്തെയും നമ്മുടെ അനുഭവങ്ങളെയും പണിതീർത്തിരിക്കുന്ന ‘കെട്ടുകല്ലുകൾ’ യഥാർഥ കണികകളാണ്. അതിനുമപ്പുറം ഒന്നുമില്ലെന്ന് വൈറ്റ്ഹെഡ് പറയും. ‘കെട്ടുകല്ലുകൾ’ അപ്പോഴും യഥാർഥ ലോകത്തിൽ നിന്നുള്ള ഒരു ഉപമ മാത്രമാണ്; സത്യത്തിൽ അത് ഒരു സമൂഹമാണ്. തത്ത്വചിന്തയ്ക്ക് ഇവിടെ അതിഭൗതികമായ (Metaphysical) ഒരു തലത്തിലേക്ക് പ്രവേശിക്കാതെ നിവൃത്തിയില്ല. അതാകാം ഒരുപക്ഷേ ‘സ്വതന്ത്രവും വന്യവുമായ സങ്കൽപ്പനങ്ങളുടെ നിർമിതിയിലേക്ക്’ വൈറ്റ്ഹെഡിനെ നയിച്ചത്.
യഥാർഥ കണികകൾ എന്താണെന്ന് വിശദീകരിക്കുക ശ്രമകരമാണ്. മുമ്പ് പറഞ്ഞതുപോലെ, അത് ഒരു വസ്തുവല്ല. ഓരോ നിമിഷവും തൊട്ടുമുമ്പുള്ള നിമിഷത്തെ കയ്യേൽക്കുകയും, അതിനെ ഉൾച്ചേർക്കുകയും (Prehension), ഒപ്പം വരാനിരിക്കുന്നതിലേക്ക് കൈമാറുകയും ചെയ്യുന്നു. ‘പലതുകൾ ചേർന്ന് ഒന്നാവുകയും, ആ ഒന്ന് പലതിലൊന്നാവുകയും’ ചെയ്യുന്നു. തൊട്ടുമുമ്പുള്ള യഥാർഥ കണിക സ്വയം പൂർത്തീകരിക്കുന്നതോടെ — self-enjoyment — കൊഴിഞ്ഞുപോകുകയും (perishing), വസ്തുനിഷ്ഠമായ അനശ്വരത (objective immortality) കൈവരിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്നതിനുള്ള ഡാറ്റ (datum) ആണ് ഓരോ യഥാർഥ കണികയും; പക്ഷേ അതിനെ എങ്ങനെ ഉൾച്ചേർക്കണമെന്ന് അതിന് നിശ്ചയിക്കാനാവില്ല. അപ്പോഴും അത് ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമാണ്. ചിലപ്പോൾ വരാനിരിക്കുന്നത് മുൻ യഥാർഥ കണികയെ ഉൾച്ചേർക്കാതെ ഒഴിവാക്കിയേക്കാം (negative prehension), അല്ലെങ്കിൽ ഉൾച്ചേർക്കാം (positive prehension). ഭൂതകാലത്തെ ‘എങ്ങനെ’ ഓരോ യഥാർഥ കണികയും ഉൾച്ചേർക്കുന്നു എന്നതാണ് ‘പുതുമ’ (novelty)യുടെ അടിസ്ഥാനം.
നമ്മൾ കാണുന്ന പനിനീർപ്പൂവ് ചുവപ്പോ മഞ്ഞയോ ആകാമായിരുന്നു. പക്ഷേ ‘ഈ പനിനീർപ്പൂവ്’ ചുവപ്പാണ്. ആരാണ് അത് യാഥാർഥ്യമാകുന്ന നിമിഷത്തിൽ പലനിറക്കൂട്ടുകൾ നീട്ടിയത്? അവിടെ എണ്ണിയാലൊടുങ്ങാത്ത നിറക്കൂട്ടുകളുടെ സാധ്യതയുണ്ട്.
ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് പ്ലേറ്റോയുടെ ആശയലോകം കടന്നുവരുന്നുണ്ടാകാം. എന്നാൽ നമ്മൾ കാണുന്ന നിറക്കൂട്ടുകൾ ഒന്നും നിഴലുകളല്ല; അവയുടെ അസ്സൽ ആശയലോകത്തിൽ സൂക്ഷിച്ചിട്ടുമില്ല. പകരം, ഓരോ യഥാർഥ കണികയും യാഥാർഥ്യമാകുന്ന നിമിഷം അതിലേക്ക് ഒരു അനശ്വര കണികയേയും (eternal object) ചേർക്കുന്നു. പനിനീർപ്പൂവിന്റെ നിറം എന്താകണമെന്ന് അനശ്വര കണികയ്ക്ക് തീരുമാനിക്കാനാവില്ല. ഈ പ്രക്രിയയ്ക്ക് പുറത്തു അനശ്വര കണികകൾക്ക് നിലനിൽപ്പ് പോലുമില്ല. അപ്പോഴും പ്രപഞ്ചം പഴയതിന്റെ തനിയാവർത്തനമാകാതെ നിരന്തരമായി പുതുക്കപ്പെടുന്നത് അനശ്വര കണികകളുടെ ഇടപെടൽ നിമിത്തമാണ്. ഈ നിലയ്ക്ക് സർഗാത്മകതയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്വം.
നമുക്ക് സമൂഹത്തിലേക്ക് തിരികെ വരാം. ഒരേ ചരിത്രം പിൻപറ്റുന്ന യഥാർഥ കണികകളുടെ സഞ്ചയമാണ് സമൂഹം. അതിലെ ഓരോ യഥാർഥ കണികയും ഒരു പൊതു ചരിത്രത്തെ ഒരേ രീതിയിൽ ഉൾച്ചേർക്കുമ്പോൾ ഒരു പാറ്റേണിന് തുടർച്ച ഉണ്ടാകുന്നു. ഇതിനെ ‘വ്യക്തി’ (person) എന്നല്ല, സ്വഭാവഘടന (character) എന്നാണ് വൈറ്റ്ഹെഡ് വിളിക്കുന്നത്. ‘വ്യക്തി’ മനുഷ്യ ബോധത്തിലേക്കും കർത്തൃത്വത്തിലേക്കും നമ്മളെ വഴിതെറ്റിക്കുമെന്നതിനാലാണ് ഇവിടെ character എന്ന പദം ഉപയോഗിക്കുന്നത്.
മനുഷ്യനും ഒരു സമൂഹമാണ്. ഭാഷകൾ, ശരീരം, അഭിരുചികൾ, സംസ്കാരം — ഇവയൊക്കെ മനുഷ്യൻ ഉൾക്കൊള്ളുന്ന സഹസമൂഹങ്ങളാണ്. ഇതിലൊരോന്നും അതത് ‘ചരിത്രവഴി’ (historic route) പിന്തുടർന്നാണ് രൂപപ്പെട്ടത്. മനുഷ്യനുണ്ടെന്ന് പോലും അറിയാതെ മനുഷ്യശരീരത്തിൽ സ്വജീവിതം നയിക്കുന്ന അനവധി സൂക്ഷ്മജീവികളും അവയുടെ കോളനികളും ഉണ്ടല്ലോ.
അവരവരുടെ ആനന്ദങ്ങളും ഭയങ്ങളും പ്രതീക്ഷകളുമായി ജീവിക്കുന്ന അസംഖ്യമായ ‘ആത്മാക്കൾ’ എന്ന് സാമുവൽ ബട്ട്ലറിന്റെ (Samuel Butler) ഭാഷയിൽ പറയാം. അനേകമായ കടൽമത്സ്യങ്ങൾക്കും പവിഴപ്പുറ്റുകൾക്കും കടൽ ഒരു ആവാസവ്യവസ്ഥയായതുപോലെ, ഈ സൂക്ഷ്മജീവികൾക്ക് മനുഷ്യരും ഒരു ആവാസവ്യവസ്ഥയാണ്.
ഇതിനർഥം ഈ ജീവികൾ മനുഷ്യനെ ആശ്രയിക്കുന്നുവെന്നോ, അവ അസ്തിത്വത്തിന്റെ താഴ്ന്ന ശ്രേണിയിലാണെന്നോ അല്ല. ഒരു ആറ്റത്തിനുപോലും നിലനിൽപ്പിന് സ്വകാരണങ്ങളുണ്ട്. നിലനിൽപ്പിന്റെ ഓരോ നിമിഷത്തിലും അത് തന്റെ പരിതസ്ഥിതിയോട് ഇടപെടുകയാണ്.
ഒരു വസ്തുവും നിശ്ചലമല്ലെന്ന് തത്ത്വചിന്തകനേക്കാൾ ഒരു ഭൗതികശാസ്ത്രജ്ഞനാകും അറിയുന്നത്. അനുനിമിഷം അതിൽ കണങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു, തെറിച്ചുപോകുന്നു. എന്നാൽ ഇത്തരം സൂക്ഷ്മവ്യത്യാസങ്ങൾ വസ്തുവിനെ ബാധിക്കുന്നില്ല. ബാക്കി വന്നതിനെ കൂട്ടിക്കെട്ടി വസ്തു തുടരുന്നു. അതിന് ചുറ്റുപാടിനോട് ഒരുതരം ‘നിസ്സംഗത’ മാത്രമാണ്. ഒരു ചുഴലിക്കാറ്റ് അത് വീശിയടിച്ച ഗ്രാമത്തെ ആഹരിച്ചല്ല ജീവിക്കുന്നത്. എന്നാൽ ജീവിതം ഒരു കൊള്ളയാണെന്ന് വൈറ്റ്ഹെഡ് പറയും — അവിടെ ഒന്ന് മറ്റൊന്നിനെ കൊള്ളയടിച്ചും ആഹരിച്ചുമാണ് ജീവിക്കുന്നത്.
സമൂഹം, സ്വത്വം, അസ്തിത്വം എന്നീ നമ്മുടെ പരമ്പരാഗത ധാരണകൾ ഇവിടെ പൊളിഞ്ഞുവീഴുന്നു. പരിണാമരഹിതമായ സത്തയിലോ ശുദ്ധ ജൈവശാസ്ത്രത്തിലോ ഊന്നുന്നതിനുപകരം, ആവർത്തിക്കുന്ന പാറ്റേണുകളിലും സ്വഭാവഘടനകളുടെ തുടർച്ചയിലുമാണ് ശ്രദ്ധിക്കേണ്ടത്.
നമ്മൾ ഒരു വഴി തിരഞ്ഞെടുക്കുമ്പോൾ, നമ്മളിലൂടെ ആ വഴി തെളിയുകയും, ഒപ്പം നമ്മളെ നിർമിക്കുകയും ചെയ്യുന്നു. ഒരു ഭാഷയ്ക്കും അതിന്റെ പ്രയോഗത്തെ പൂർണമായി നിയന്ത്രിക്കാൻ കഴിയില്ല; എന്നാൽ ഓരോ പ്രയോക്താവിനും ഭാഷ ചില പ്രയോഗവഴികൾ വച്ച് നീട്ടും. ചിലർ അതു സ്വീകരിക്കും; മറ്റുചിലർ ഭാഷയെ നമുക്ക് പ്രതീക്ഷിക്കാനാവാത്ത തീരങ്ങളിലേക്ക് കൊണ്ടുപോകും. ഈ നിലയ്ക്കാണ് അന്യോന്യബന്ധങ്ങളിലൂടെ ഭാഷയും ഭാഷാസമൂഹങ്ങളും വളരുന്നത്.
ഒരുസമൂഹവും നിലനിൽക്കുന്നത് മാറ്റങ്ങൾ ഇല്ലാതെയല്ല, മറിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട് അതായിത്തന്നെ തുടർന്നുകൊണ്ടാണ്. ഒരു സൈന്യത്തിലെ സൈനികരും ആയുധങ്ങളും ചട്ടങ്ങളും പ്രവർത്തനരീതികളും മാറിയാലും അത് അതേ സൈന്യമായി നിലനിൽക്കുന്നു. ഒരു തീവണ്ടിയിലെ യാത്രക്കാരും ബോഗികളും എഞ്ചിൻ ഡ്രൈവറും സമയക്രമവും എല്ലാം മാറിയാലും അത് ‘പഴയ തീവണ്ടി’യായി ഓടിക്കൊണ്ടിരിക്കും. പുഴ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും, അതിൽ കുളിക്കുന്ന മനുഷ്യൻ അനുനിമിഷം മാറിക്കൊണ്ടിരിക്കുമ്പോഴും, പുഴയും മനുഷ്യനും ഒരുപോലെ ഒരു തുടർച്ചയുടെ ഒഴുക്കാണ്.
ഓരോ സമൂഹവും അതിന്റെ ചരിത്രവഴിയിൽ ഉൾക്കൊള്ളുന്ന മാറ്റങ്ങളെ വൈറ്റ്ഹെഡ് ‘പ്രകടരൂപം’ (appearance) എന്നാണ് വിളിക്കുന്നത്. ഇവിടെ നിലനിൽക്കുക എന്നത് മാറ്റങ്ങളുടെ അഭാവമല്ല; മറിച്ച് മാറ്റങ്ങളെ ക്രമീകരിച്ചും ഏകീകരിച്ചും മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു ചരിത്രപരമായ ശേഷിയാണ്.
മാറ്റങ്ങൾക്കിടയിലും ഓരോ സമൂഹവും പിന്തുടരുന്ന സ്വഭാവ ഘടനയെയാണ് വൈറ്റ്ഹെഡ് യാഥാർഥ്യം (reality) എന്നു വിളിക്കുന്നത്. ഈ യാഥാർഥ്യം മറഞ്ഞിരിക്കുന്ന സാരമോ ഒരിക്കലും മാറാത്ത അടിസ്ഥാനമോ അതീതത്വമോ അല്ല. അത് ഭൂതകാലത്തിൽ നിന്ന് തുടർച്ചയായി കൈമാറിക്കിട്ടിയ ഒരു പ്രവർത്തന ശൈലിയാണ് — ഒരു ബന്ധരീതി, ഒരു ഏകീകരണശക്തി. മാറ്റങ്ങളുടെ അടിയിൽ ഒളിച്ചിരിക്കുന്ന ഒന്നല്ല അത്; മറിച്ച് ഓരോ ഘട്ടത്തിലും പുതുക്കിക്കൊണ്ടു തന്നെ നിലനിൽക്കുന്ന ഒരു പാരമ്പര്യ പ്രക്രിയയാണ്.
ഒരു മനുഷ്യജീവിതത്തിലും വസ്ത്രങ്ങളും ഭാഷകളും കഴിവുകളും അഭിരുചികളും മാറിക്കൊണ്ടിരിക്കും; എന്നിരുന്നാലും, ഈ മാറ്റങ്ങളെ ഒരുമിച്ച് കൂട്ടി മുന്നോട്ട് കൊണ്ടുപോകുന്ന ചരിത്രപരമായ ഏകീകരണശൈലി — സ്വഭാവഘടന (character) — നിലനിൽക്കുന്നിടത്തോളം ആ വ്യക്തി “അതേ വ്യക്തി”യായി തുടരുന്നു. അതിനാൽ identity എന്നത് മാറ്റങ്ങളെല്ലാം നീക്കം ചെയ്താൽ അവശേഷിക്കുന്ന ഒന്നല്ല; മറിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് തന്നെ അതിജീവിക്കുന്ന ഒരു യാഥാർഥ്യമാണ്.
എല്ലാ ആവർത്തനങ്ങളും പുതുമയോടെയുള്ള (novelty) ആവർത്തനങ്ങളാണ്. അപ്പോഴും പുതുമ എങ്ങനെ കൈവരിക്കാം എന്നത് കലയിലും ജീവിതത്തിലും ഒരുപോലെ മനുഷ്യനെ പിന്തുടരുന്ന ഒരു ചോദ്യമാണ്.
നടന്നു പോകുന്ന വഴിയിൽ ഒരു ചിന്ത നിങ്ങളെ ബാധിക്കുന്നു. അത് ഒരു അണുബാധപോലെ നിങ്ങളെ അലട്ടിത്തുടങ്ങുന്നു. രോഗബാധപോലെ ചിന്തയുടെ വിത്തുകൾ ഉള്ളിൽനിന്ന് മുളപൊട്ടുന്നു. അത് നമ്മളെ ഇനിയും യാഥാർഥ്യമാകാത്ത ഒന്നിലേക്ക് വശീകരിക്കുന്നു.
നടന്ന് തളരുമ്പോൾ ഒരു സൈക്കിൾ വേണമെന്ന ചിന്ത നിങ്ങളെ എവിടെയൊക്കെ എത്തിക്കും എന്ന് കണ്ടറിയണം. അതാണ് വൈറ്റ്ഹെഡിന്റെ ഭാഷയിൽ പ്രമേയത്തിന്റെ വിമോഹനം (propositional lure).
വൈറ്റ്ഹെഡ്യൻ കാഴ്ചപ്പാടിൽ, ഡോഗ്മാറ്റിക് സത്യത്തേക്കാൾ ‘കല്പിതം’ (fictive) കൂടുതലായി യാഥാർഥ്യത്തോട് ചേർന്നിരിക്കുന്നു. കല്പിതം ഒരു പ്രമേയാകർഷണം പോലെ പ്രവർത്തിക്കുന്നു — ലോകം മറ്റൊരു രീതിയിൽ യാഥാർഥ്യമാകാൻ അവസരം തുറക്കുന്ന ഒരു ക്ഷണം. ഇത് സാധ്യതകളെ വികസിപ്പിക്കുന്നു; മറിച്ച് അടഞ്ഞ സത്യധാരണകൾ അവയെ അടയ്ക്കുന്നു. അതിനാൽ കല്പിതമായ പ്രമേയം തന്നെയാണ് ലോകത്തിന്റെ becoming — അവിർഭാവപ്രക്രിയ — എന്നതിൽ യഥാർഥത്തിൽ പങ്കാളിയാകുന്നത്. കർശനമായ മാസ്റ്റർ പ്ലാനുകൾ ജീവിതപ്രക്രിയകളെ പഴയ വാർപ്പ് മാതൃകകളുടെ കുടുക്കിൽ പൂട്ടുന്നു.
മാറ്റങ്ങളോടെ സമൂഹം നിലനിൽക്കുന്നു എന്ന് പറയുമ്പോഴും, ചിലപ്പോൾ അത് പരിധി വിട്ടേക്കാം. പരിധി വിട്ട ചില സംഭവങ്ങൾ, നൂൽ പൊട്ടിയ പട്ടം പോലെ, ഒരു പൊതു ചരിത്രത്തിന്റെ ഭൂഗുരുത്വ പരിധിക്ക് പുറത്തേക്ക് സമൂഹത്തെ തള്ളിയേക്കാം. ഇവിടെ ദല്യൂസും ഗ്വത്താരിയും പറയുന്ന ‘സംഘാതങ്ങൾ’ (assemblages), ‘പലായനപഥങ്ങൾ’ (lines of flight) എന്നിവ പ്രധാനമാണ്. ഓരോ സമൂഹത്തെയും മറ്റൊന്നിലേക്ക് തുറക്കുന്ന യന്ത്രസംഘാതമായും (machinic assemblage) കാണാം. സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഒട്ടുമിക്കതും പരിധിക്കുള്ളിലായിരിക്കുമ്പോൾ, ചിലത് പരിധിവിടുന്നു. ഇവിടെ എന്താണ് പരിധി (ultimate), എന്താണ് പരിധിക്ക് തൊട്ടുമുമ്പുള്ളത് (penultimate) എന്നത് നിർണായകമാണ്. ഒരുപക്ഷേ, സമൂഹം തന്റെ പരിധിയെ നിരന്തരം പുനർനിർവചിച്ചുകൊണ്ടാണ് അതിജീവിക്കുന്നത്. മുതലാളിത്തസമൂഹം ഈ നിലയ്ക്ക് പരിധിയെ തുടർച്ചയായി മാറ്റിയെഴുതി നിലനിൽക്കുന്ന ഒരു വ്യവസ്ഥയാണ്.


Comments are closed.