Heaven (Heaven) is a place
A place where nothing
Nothing ever happens
Heaven (Heaven)
Heaven is a place
A place where nothing
Nothing ever happens..
-Heaven, Talking Heads

എന്താണ് ശരിക്കും ചോദ്യങ്ങൾ? ബെർഗ്സൺ പറയും അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന്. നമ്മുടെ അക്കാദമിക് തത്വചിന്തക്ക് ഇത്തരം വേവലാതികൾ ഏതുമില്ല. അവിടെ ചോദ്യങ്ങൾക്കൊപ്പമോ, അതിന് മുമ്പേ തന്നെയോ സകലതിനും ഉത്തരങ്ങളും പരിഹാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ ‘അത്ഭുതങ്ങൾ’ ഒന്നും പ്രതീക്ഷിക്കരുത്. Talking Headsന്റെ ഗാനത്തിലെ വരികൾ പോലെ ‘ഒന്നും സംഭവിക്കാത്ത ഇടമാണ് ‘സ്വർഗം’ എങ്കിൽ ചിന്തയുടെ സ്വർഗമാണ് യൂണിവേഴ്‌സിറ്റികൾ. MLA ഹാൻഡ്ബുക്കനുസരിച്ച് ഉദ്ധരണികളും അവലംബങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞാൽ അതിൽപരം മൗലികത വേറൊയൊന്നുമില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്നവർ ചിന്താശൂന്യമായ അക്കാദമിക് സ്വർഗത്തിന് എന്നും അലങ്കാരമായിരിക്കും. ഉത്തരക്കടലാസുകൾ നോക്കി മാർക്കിടുന്ന ലാഘവത്തോടെ അവർ സകലതും മൂല്യനിർണയം നടത്തി വിധിച്ചു കളയും. അത്തരത്തിലുള്ള ഒരു മൂല്യനിർണയമാണ് ഷിനോദ് എൻ.കെ എഴുതിയ ‘തത്വചിന്താമലയാളത്തിന് സംഭവിക്കുന്നത്?’ എന്ന ലേഖനം. ഇത്തരം എഴുത്തുകളോട് ഒരുതരം ക്രിമിനൽബന്ധം പുലർത്താൻ മാത്രമേ തൽക്കാലം നിർവാഹമുള്ളൂ.

മലയാള തത്വചിന്തയിൽ സംഭവിച്ച ഒരപകടം തത്വചിന്ത ഐച്ഛിക വിഷയമായി പഠിക്കാത്ത, അത് പഠിപ്പിക്കാൻ ‘പ്രാമാണികത’ ഇല്ലാത്ത ഒരാൾ തത്വചിന്തയെപ്പറ്റി എഴുതിത്തുടങ്ങിയതാണ്. ആ എഴുത്തിൽ നിന്നും കണ്ടവും തുണ്ടവും മാത്രമെടുത്ത് വൃത്തവും അലങ്കാരവും അന്വേഷിക്കുന്നതാണ് ഷിനോദിന്റെ രീതിശാസ്ത്രം. ഴിൽബേർ സിമോന്തന്റെ (Gilbert Simondon) ചിന്തയെപ്പറ്റി തിബാഖിൽ രണ്ട് ഭാഗങ്ങളായി ഞാൻ പ്രസിദ്ധീകരിച്ച ലേഖനമാണ് ഷിനോദിന്റെ ചർച്ചക്കാധാരം. സിമോന്തന്റെ പ്രധാന എഴുത്തുകൾ പലതും ഈയിടെ മാത്രമാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. എറിൻ മാനിങ്ങിന്റെയും (Erin Manning) ബ്രയൻ മസുമിയുടെയും (Brian Massumi) എഴുത്തുകളിലൂടെയാണ് എനിക്ക് സിമോന്തന്റെ ചിന്തകളിൽ  താല്പര്യം തോന്നിയത്. മാനിങ്ങിന്റെ നിർദേശാനുസരണമാണ് ‘Gilbert Simondon and the Philosophy of the Transindividual’ എന്ന മ്യൂറിയൽ കോമ്പസിന്റെ പുസ്തകം വായിച്ചു തുടങ്ങുന്നതും. അതിന് ശേഷമാണ് ടെയ്ലർ ആഡ്കിൻസ് വിവർത്തനം ചെയ്ത് രണ്ട് വാല്യങ്ങളായി പുറത്തിറങ്ങിയ ‘Individuation in Light of Notions of Form and Information’, ‘On Mode of existence of Technical Objects: Two Lessons on Animal and Man’ തുടങ്ങിയ പുസ്തകങ്ങളും പരിചയപ്പെടുന്നത്.

ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ, എന്നെ തത്വചിന്തയിലൂടെ നടത്തിയ ചിന്തകർ മലയാളതത്വചിന്തയിൽ പരാമർശിക്കപ്പെടുകപോലും ചെയ്തിരുന്നില്ല. അവരെയൊന്നും മലയാളതത്വചിന്തകരും അനുബന്ധസ്ഥാപനങ്ങളും ഏഴ് അയൽപക്കത്ത് അടുപ്പിക്കാതെ അകറ്റി നിർത്തുകയായിരുന്നു. മലയാള ചിന്തയിലെ ഈ അസാന്നിധ്യത്തിന്റെ കാരണം എന്താകാം എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഹെഗലിനെയും കാന്റിനെയും ഹൈദഗറെയും മൂർത്തികളായി ആരാധിച്ചവർ അവരുടെ നാലമ്പലത്തിനകത്ത് ബെർഗ്സൺ, വൈറ്റ്ഹെഡ്, സിമോന്തൻ തുടങ്ങിയ ചിന്തകർക്ക് പ്രവേശനം നൽകിയില്ല. ഇത്തരം ചിന്തകരുടെ എഴുത്തുകൾക്ക് ദൃശ്യത കൊടുക്കുന്ന എഴുത്തുകൾ എന്റെ വായനയുടെ അനുബന്ധമായി ചെയ്യുന്നത് മലയാള തത്വചിന്താപാരമ്പര്യം മാറ്റിനിർത്തിയ എഴുത്തുകാരുടെ ഒരു ‘വായനാസമൂഹത്തെ’ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ്.

സിമോന്തന്റെ ചിന്തയിൽ ആറ്റോമിസത്തെയും അരിസ്റ്റോട്ടിലിൽ തുടങ്ങുന്ന ‘ഹൈലോമോർഫിസത്തെയും വിമർശന വിധേയമാക്കുന്നുണ്ട്. ഹൈലോമോർഫിസത്തിന്റെ ഉൽഭവം അരിസ്റ്റോട്ടിലിൽ ആണെന്ന് ‘categories’ഉം ‘metaphysics’ഉം വായിച്ചിട്ട് മനസ്സിലാകാത്ത ഷിനോദ് ‘physics’ കൂടി വായിച്ചിട്ട് എന്തെങ്കിലും മെച്ചം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അരിസ്റ്റോട്ടിലും ഹൈലോമോർഫിസവും തമ്മിലുള്ള ബന്ധം ലേഖകൻ ആകെ കണ്ടത് ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയിൽ മാത്രമാണെന്ന് പരാമർശിക്കുന്നുണ്ട്: “Encyclopedia Britannicaയിൽ ഓൺലൈനിൽ ലഭിക്കുന്ന ലേഖനത്തിൽ അരിസ്റ്റോട്ടിലിയൻ ചിന്തയുടെ കേന്ദ്രം കുമാർ പറഞ്ഞതരം ദ്വന്ദമാണെന്നു പറയുന്നുണ്ട്. ബ്രിട്ടാനിക്കയിലെ ലേഖനത്തെ കുമാർ പരാമർശിക്കുന്നില്ല.” (ഷിനോദ്, 2022)

“A compound of hylê (matter) and morphê (form), this term designates the theory, Aristotelian in origin, explaining the formation of the individual through the asso­ ciation of form and matter; form, which is ideal (form may also be translated by the Greek term eidos), is impressed upon matter, which is conceived of as passive.” (Combes, 109:2012). മ്യൂറിയൽ കോമ്പസ് സുവ്യക്തതയോടെ തന്റെ സിമോന്തനെകുറിച്ചുള്ള പുസ്തകത്തിന്റെ അവസാനം കുറിപ്പായി ഇത് ചേർത്തിട്ടുള്ളത് അരിസ്റ്റോട്ടിലിനെ വായിക്കാത്ത വായനക്കാരെയും, വായിച്ചിട്ടും മനസ്സിലാകാത്തവരെയും ഉദ്ദേശിച്ചുകൊണ്ടാകണം. ഷിനോദിന്റെ WTP ലേഖനത്തിൽ ഴിൽബേർ സിമോന്തന് പകരം നൽകിയ ഫോട്ടോയും പേരും പോലും മാത്യു സിമോന്തൻ എന്ന ചരിത്രാധ്യാപകന്റേത് ആയത് സാങ്കേതിക പിശക് മാത്രമല്ല, മറിച്ച് ബ്രിട്ടാനിക്കവഴി തത്വചിന്തകരിലേക്ക് ‘crash landing’ നടത്തുമ്പോൾ സംഭവിക്കുന്ന അപകടം കൂടിയാണ്.

ഇനി സിമോന്തന്റെ തന്നെ ഭാഷയിൽ ഉദ്ധരിക്കുകയാണെങ്കിൽ “Aristotle defines every existing being as an individual, and his conception of individuality radically excludes becoming.” (Simondon, 464: 2020) അരിസ്റ്റോട്ടിലിൽ ആരംഭിക്കുന്ന ഹൈലോമോർഫിക്ക് പാരമ്പര്യത്തെയാണ് സിമോന്തൻ ഉന്നം വെക്കുന്നത് എന്ന് മനസ്സിലാകാൻ ‘Individuation in Light of Notions of Form and Information’ എന്ന പുസ്തകത്തിന് ഴാക്ക് ഗരേലി എഴുതിയ ആമുഖം വായിച്ചാൽ തന്നെ വ്യക്തമാകും.

ഴിൽബേർ സിമോന്തൻ: തത്വചിന്തയുടെ തെർമോഡൈനാമിക്സ്” എന്ന തലക്കെട്ടു നോക്കുക. തെർമോഡൈനാമിക്സ് അഥവാ താപഗതികം ഫിസിക്സിലെ ഒരു ശാഖയാണ് ആയതിന് കൃത്യമായ ഒരു പഠനവിഷയമുണ്ട്. ‘തത്വചിന്തയുടെ തെർമോഡൈനാമിക്സ്’ എന്ന പ്രയോഗം എന്താണ് അർത്ഥമാക്കുന്നത്? ഇക്കാര്യം ലേഖനത്തിൽ വിശദീകരിക്കുന്നില്ല. അതുകൊണ്ട് ഈ രൂപകപ്രയോഗത്തിന്റെ സാംഗത്യം എന്താണെന്നറിയാൻ ഒരുവഴിയും ഇല്ല -ഷിനോദ്:2022

എന്നാൽ ഞാൻ സിമോന്തനെപ്പറ്റി എഴുതിയ ലേഖനത്തിൽ സിമോന്തന്റെ ചിന്തക്ക് താപഗതികവുമയുള്ള ബന്ധത്തെപ്പറ്റി വിശദമായിത്തന്നെ പറയുന്നുണ്ട്.

പൂർവ വ്യക്തിയെ കുറിച്ചുള്ള ആലോചനകളിൽ സിമോന്തൻ ‘thermodynamics‘നെ കൂട്ടുപിടിക്കുന്നത് കാണാം. അനക്സിമാൻഡറിന്റെ (Anaximander) ചിന്തയിൽ അത് ‘Apeiron‘ ആണ്. ഓരോ ഉണ്മയും മറ്റൊന്നായിത്തീരാനുള്ള ശേഷിയെ അതിൽ തന്നെ ഉൾകൊള്ളുന്നത് കൊണ്ടാണ് – അതിൽത്തന്നെ ‘പലത്’ കൂടി ആയതുകൊണ്ടാണ് – അത് ‘non-self-identity’ അഥവാ ‘more-than-identity’ ആയി മാറുന്നത്. എന്നാൽ ഉണ്മയുടെ സ്വത്വരാഹിത്യം – അതോ ആത്മരഹിത സ്വത്വമോ (identity without a self)? – ഒരു സ്വത്വത്തിന്റെ സ്വന്തം സ്വത്വത്തെ നിഷേധിച്ച് കൊണ്ട് മറ്റൊന്നിലേക്കുള്ള കേവല പ്രയാണമല്ല. സിമോന്തനെ സംബന്ധിച്ചിടത്തോളം പൂർവ വ്യക്തി ‘സ്ഥിരമോ’ (stable) ‘അസ്ഥിരമോ’ (unstable) ആയ ഒന്നല്ല, മറിച്ച് ‘അതിസ്ഥിര’മായ (meta-stable) – സ്ഥിരതക്കും അസ്ഥിരതക്കും അപ്പുറമുള്ള – ഒന്നാണ്. –സുനിൽ കുമാർ, 2020

ഇതിന് ശേഷം വരുന്ന ഭാഗങ്ങളിലും സിമോന്തന്റെ ചിന്തക്ക് താപഗതികവുമായുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്.

ബുദ്ധിജീവികളിൽ ഒരുവിഭാഗത്തിന് മാർക്സിന്റെ മൂലധനം വായിച്ചു മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട് സൈദ്ധാന്തികവും രാഷ്ട്രീയപരവും ആണെന്ന് അൽത്തൂസർ എഴുതിയിട്ടുണ്ട്. ഇവിടെ സിമോന്തന്റെ ചിന്ത മനസ്സിലാക്കാൻ ഷിനോദിന് കഴിയാതെ പോകുന്നതാകട്ടെ ഭാവുകത്വപരമായ പരിമിതിയായാണ് ഞാൻ മനസ്സിലാക്കുന്നത്. തന്റെ വഴിയിൽ നിന്നും വേറിട്ട് ചിന്തിക്കുന്നത് ചിന്തയെല്ലെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയും നിഗ്രഹോത്സുകതയുമാണ് ഷിനോദിന്റെ എഴുത്തിൽ കാണാൻ കഴിയുക. അസഹിഷ്ണുതയാണ് അതിന്റെ മുഖമുദ്ര. ഷിനോദിന്റെ ഭാവുകത്വപരമായ പരിമിതി വെളിപ്പെടാൻ അൻവർ ഹനീഫയുടെ ‘തമസ്‌കിരണങ്ങൾ: മാർക്‌സും പ്രതി-പ്രകാശ ദർശനവും‘  എന്ന പുസ്തകത്തിന് ഞാൻ എഴുതിയ അവതാരികയോട് ഷിനോദിന്റെ പ്രതികരണം ശ്രദ്ധിച്ചാൽ വ്യക്തമാവും. ആ ലേഖനം തുടങ്ങിയത് ജി. എൻ പിള്ളയുടെ ഒരു വാക്യം ഉദ്ധരണിയായി ചേർത്തു കൊണ്ടാണ്

ഒരിക്കൽ ഒരു ക്രിയ നടക്കുന്നു. ഒരു കാലഘട്ടത്തിന്റെ ചലനങ്ങളിൽ മാറ്റം വരുന്നു. എന്താണീ മാറ്റം? പിന്നിലേക്കുള്ള ഗതിയോ? വഴിയില്ല. ചലനത്തിന്റെ ഗതി മുന്നോട്ട് തന്നെ. ഇവിടെ വീണ്ടും പ്രശ്നമുയരുന്നു. എന്താണീ മുന്ന്? പിന്നില്ലാത്ത ഒന്നാണെന്ന് വരുമോ? വഴിയില്ല. മുൻവീലിനോടൊപ്പം പിൻവീലും കൂടിച്ചേർന്നതാണല്ലോ നമ്മുടെ സൈക്കിൾ. ആദ്യം പിന്നിൽ ചലിക്കുന്നു. ചലിച്ചുകൊണ്ടു പിൻവീല് മുൻവീലിനെ മുന്നിലേക്ക് തള്ളുന്നു. നടുക്ക്ക്രിയചെയ്തുകൊണ്ടു നാമിരിക്കുന്നു. ഈ ക്രിയ നമ്മുടെ കാലിൽ തന്നെ. നമ്മുടെ കാലത്തിൽ തന്നെ.
-ജി. എൻ. പിള്ള

ഈ ഉദ്ധരണിയുടെ സാംഗത്യമാണ് ഷിനോദ് ചോദ്യം ചെയ്യുന്നത്. ഷിനോദുയർത്തുന്ന ചോദ്യങ്ങൾ ആ ലേഖനം വായിച്ചിരുന്നെങ്കിൽ ചോദിക്കാൻ കഴിയുമായിരുന്നു എന്നു ഞാൻ കരുതുന്നില്ല:

…സൈക്കിളിന്റെ ചലനത്തെപ്പറ്റി പറയുന്നത്, മറ്റു വിശദീകരണങ്ങളുടെ അഭാവത്തിൽ, പരിഹാസ്യമായ അബദ്ധവുമാണ്. സ്റ്റാന്റിൽ വച്ചല്ലാതെ സൈക്കിൾ ചവിട്ടിയാൽ മുൻചക്രവും പിൻചക്രവും ഒപ്പമേ ചലിക്കൂ. ചലനത്തെ സ്ഥാനചലനം (displacement) എന്ന് മനസ്സിലാക്കിയാൽ സൈക്കിളാകമാനമായിട്ടു മാത്രമേ ചലിക്കൂ. അല്ലെങ്കിൽ അഭ്യാസികൾ ചെയ്യുമ്പോലെ ഒറ്റച്ചക്രം മാത്രം ഉപയോഗിച്ചു സൈക്കിളോട്ടണം. അപ്പോൾ പിൻചക്രം ആദ്യം ചലിക്കാനും പിന്നെ സൗകര്യം പോലെ മുൻചക്രം ചലിക്കാനും സാദ്ധ്യതയുണ്ട്. ഇങ്ങനെ വല്ലതുമാണോ ജി എൻ പിള്ള പറയുന്നതെന്ന് അറിയാൻ ലേഖനത്തിൽ വഴിയില്ല – ഷിനോദ്: 2022

എന്റെ അന്വേഷണം ഏത് വഴിക്കാണെന്നു തിബാഖിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടക്കം തന്നെ വിശദീകരിക്കുന്നുണ്ട്.

ഇവിടെ ‘ക്രിയ’ ഒടുക്കം മനുഷ്യന്റെ കാലിലും കാലത്തിലും ഒതുങ്ങുന്നുവെങ്കിലും അത് ചിന്താവിഷയമാകുന്നു എന്നതുതന്നെ പഠനാർഹമാണ്. ചിന്തയുടെ യന്ത്രസ്വഭാവം ‘സൈക്കിൾ’ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നതെയുള്ളൂ. സൈക്കിളിന്റെ സകലചലനങ്ങളും കാലിലും അതുവഴി മനുഷ്യൻ എന്ന വിഷയിയിലും അത്യാരോപിക്കുന്നതാണ് ‘കർതൃകേന്ദ്രീകൃതചിന്തയുടെ’ ഒരു പരിമിതി – സുനിൽ കുമാർ, 2019

ചിന്തയുടെ യന്ത്രപരത, കർതൃകേന്ദ്രിതമല്ലാത്ത ചിന്തയുടെസാധ്യതകൾ, സൈക്കിളും മനുഷ്യനും ചേർന്നുണ്ടാക്കുന്ന സംഘാതം (assemblage) ഇവയൊക്കെ ചിന്താവിഷയമാക്കുന്ന ലേഖനത്തിൽ ഷിനോദ് ഉന്നയിക്കുന്ന ‘ഒറ്റചക്രത്തിൽ സൈക്കിൾ ഓടിക്കാൻ കഴിയുമോ’ എന്ന ചോദ്യം സാധ്യമാക്കുന്ന ചിരിയോടെ ഈ പ്രതികരണം അവസാനിപ്പിക്കുന്നത് ഉചിതമാകും എന്നു കരുതട്ടെ.


Ref:
1. സുനിൽ കുമാർ (2019) തമസ്‌കിരണങ്ങൾ: ചിന്തയുടെ പ്രകൃതിവിരുദ്ധ സംയോഗങ്ങൾ,
https://tibaq.in/thamaskiranam/
2. സുനിൽ കുമാർ (2020) ഴിൽബേർ സിമോന്തൻ തത്വചിന്തയുടെ തെർമോഡൈനാമിക്സ് https://tibaq.in/gilbert-simondon-1/
3. ഷിനോദ് എൻ കെ (2022) തത്വചിന്താമലയാളത്തിനു സംഭവിക്കുന്നത്
https://wtplive.in/Current-Affairs/shinod-nk-note-on-philosophy-in-malayalam-language–3784
4. Combes, Muriel. 2012. Gilbert Simondon and the Philosophy of the Transindividual. The MIT Press.
5. Simondon, Gilbert.2020. Individuation in Light of Notions of Form and Information. The University of Minnesota Press.
6. Althusser, Louis (2006).Lenin and Philosophy and other essays. Preface to capital Volume One .Ed. Aakar Books: Delhi, 2006

Comments are closed.