നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്താണ്? തികച്ചും നിഷ്കളങ്കരായ മനുഷ്യരുടെ മനസ്സിലെത്തുക പാഠപുസ്തകവും സിലബസ്സും ഒക്കെ ആയിരിക്കും. എന്നാൽ വിദ്യാഭ്യാസം ആത്യന്തികമായി ഉന്നമിടുന്നത് ‘കുട്ടികളെ’ തന്നെയാണ്; കുരുത്തംകെട്ട കുട്ടികളെ മെരുക്കുക, ഭാവി പൗരൻമാരെയും തൊഴിലാളികളെയും വാർത്തെടുക്കുക.
ഒരു സ്കൂൾ ടീച്ചറുടെ ‘ശാസന’ അവർ പഠിപ്പിക്കുന്നതിന് പുറത്തുള്ള ഒന്നല്ല. ടീച്ചർ ഗണിതവും വ്യാകരണവും ഒക്കെ പഠിപ്പിക്കുമ്പോൾ സ്വയം പഠിക്കുന്നതിനപ്പുറമൊന്നും കുട്ടികളെയും പഠിപ്പിക്കുന്നില്ല. ഭാഷയുടെ അടിസ്ഥാനം തന്നെയായി ദല്യൂസും ഗത്താരിയും കാണുന്നത് ആജ്ഞാവാക്യങ്ങൾ (order words) ആണ്. അതാകട്ടെ ഒരു അർഥ മണ്ഡലത്തെ ചാരിയുള്ളതല്ല, മറിച്ച് ഓരോ ‘ശാസനയും’ (Order word) പൂർവ ശാസനകളോട് ബന്ധിതമാണ്. നിർബന്ധിത വിദ്യാഭ്യാസം കുട്ടികളെ ആൺ/പെൺ, ഏകവചനം/ബഹുവചനം, നാമം/ക്രിയ തുടങ്ങിയ ദ്വിവിദ ചട്ടക്കൂടിനകത്ത് പരുവപ്പെടുത്തുകയാണ് ചെയ്യുന്നത്.
ആജ്ഞകൾ വിശ്വസിക്കാൻ ഉള്ളതല്ല, അതിന്റെ അർഥത്തിനപ്പുറം അനുസരിക്കാൻ ഉള്ളതാണ്. (A Thousand Plateaus – ATP 88). അതാണ് ഭാവി പൗരനെ, തൊഴിലാളിയെ, മുതലാളിയെ വാർത്തെടുക്കുന്നതിനുള്ള മുന്നൊരുക്കം. അനുസരണയാണ് ഇവിടെ ഒരു ഉത്തമ വിദ്യാർഥിയുടെ അടയാളവാക്യം. ഭാഷയും വ്യാകരണവും അതിനുള്ള ഉപാധിയാണ്. ആജ്ഞാവാക്യങ്ങൾ വാക്കിനും പ്രവർത്തിക്കും ഇടയ്ക്ക് പാലം പണിയുന്നു എന്നല്ല, വാക്ക് തന്നെ പ്രവൃത്തിയായി (സംഭാഷണ പ്രവൃത്തി) മാറുന്നു. അങ്ങനെ നോക്കിയാൽ ഭാഷ ശാസനകൾ പുറപ്പെടുവിക്കലും, അത് സ്വീകരിക്കലും കൈമാറ്റം ചെയ്യലുമല്ലാതെ മറ്റൊന്നല്ല.
ഭാഷ തികച്ചും സമൂഹികമാണ്, തികച്ചും സ്വകാര്യമായ ഭാഷ അസാധ്യവുമാണ്. അതുകൊണ്ട് ഭാഷ അതിൽ തന്നെ ആവർത്തനം (Redundancy) ആണ്. ഭാഷയിൽ സംഭവിക്കുന്നത്. ഒരുതരം ‘ഉറപ്പിക്കൽ’ ആണ്. നമ്മുടെ സ്വത്വം (identity) ഭാഷവഴിക്ക് പറഞ്ഞുറപ്പിച്ചതാണെന്ന് കാണാം. എന്നാൽ ഇങ്ങനെ ഉറപ്പിച്ചതിനെ ‘ഇളക്കാനും’ അതിന് കഴിയും എന്ന് ദല്യൂസും ഗത്താരിയും പറയും, അപ്പോൾ ആജ്ഞാനുവർത്തികൾ നിഷേധികൾ ആകുന്നു, ‘Orderword’നു പകരം Password’ ഉണ്ടാകുന്നു.
സമൂഹത്തിൽ പ്രബലമായ അർഥത്തെ പിൻപറ്റിയാണ് മറ്റർഥങ്ങളും കർതൃത്വ നിർമിതിയും എന്നത് കൊണ്ടാണ് ഭാഷ ‘ആവർത്തനം’ (Redundancy) ആണെന്ന് പറയുന്നത്. വ്യാകരണ നിയമങ്ങൾ വാക്യഘടനയെ അടയാളപ്പെടുത്തുന്നതിന് മുമ്പേ അധികാര സൂചകങ്ങൾ ആണ്. വൻകിടപദ്ധതി കളുടെയും ജീവിതത്തിന്റെയും പ്രവർത്തനം ഒരു ഫോട്ടോ ക്ലിക്ക് പോലെ ലളിതമാണ്.
Ready? YES
Go ahead. (ATP 88)
ആജ്ഞാവാക്യങ്ങൾക്ക് ഉണ്ടായിരിക്കേണ്ട അർഥ വ്യക്തത, നിൽക്കാൻ പറഞ്ഞാൽ ഇരിക്കാൻ കേൾക്കരുത് എന്നേയുള്ളൂ. ദല്യൂസും ഗത്താരിയും ലൂയിസ് കരോളിനെ ഉദാഹരിച്ചു പറയുന്നത് പോലെ, ടീച്ചറുടെ ചോദ്യങ്ങൾ തട്ടു തട്ടായിരിക്കുന്ന പരിചാരകർ വഴി മാറ്റം വരുത്തി കുട്ടികളിലേക്കും തിരിച്ച് തരം പോലെ മാറ്റം വരുത്തിയ ഉത്തരങ്ങൾ ടീച്ചർക്കും കൈമാറുന്നത് പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കുന്നതാകും ഉചിതം. ‘ഭാഷ ജീവിതമല്ല, അത് ശാസനകൾ പുറപ്പെടുവിക്കും, എന്നാൽ ജീവിതം തിരിച്ചൊന്നും മിണ്ടില്ല, മൗനിയായി അനുസരിക്കും. അതിനു വേണ്ടി കാത്തിരിക്കും’. എല്ലാ ആജ്ഞാവാക്യങ്ങളും ഒരു കുഞ്ഞു മരണ ശിക്ഷയാണ്. (ATP 89, Modified)
ഒരു തേനീച്ചയുടെ ‘വിനിമയം’ ശ്രദ്ധിച്ചാൽ അത് ഒന്നിൽ നിന്നും രണ്ടിൽ എത്തുന്നതോടെ തീർന്നുപോകുന്നു. എന്നാൽ മനുഷ്യഭാഷ ‘കേട്ട്കേൾവി’യാണ് (ATP 89). ഒന്നാമൻ കണ്ടത് രണ്ടാമന് മൂന്നാമനെ അറിയിക്കാനും അത് അനസ്യൂതമായി തുടരാനും കഴിയും. ഒരു സംസാരത്തിന് അകത്തുതന്നെ പലതരം മുറുമുറുപ്പുകൾ, ശബ്ദത്തിനുള്ളിൽ തന്നെ പലതരം ശബ്ദങ്ങൾ. പറയുന്ന ആളും പറച്ചിലിലെ ആളും പലപ്പോഴും രണ്ടാകും. അപ്പോഴെല്ലാം നമ്മൾ ഭാഷയല്ല, ഭാഷ നമ്മളെയാണ് സംസാരിക്കുക.
ഇത് ഭാഷയുടെ വിവർത്തന ശേഷികൊണ്ടു സംഭവിക്കുന്നതാണ്. ഭാഷയ്ക്ക് എന്തിനെയും അതിൽ പൊതിയാൻ കഴിയും (Transcoding). ഒപ്പം ഭാഷയ്ക്ക് പരിവർത്തന ശേഷിയും ഉണ്ട്. മനസമ്മതത്തിന് (ഒരുമിച്ച് ജീവിക്കാൻ സമ്മതം മൂളിയ ശേഷം) അതുവരെ ഒറ്റക്കായിരുന്നവരുടെ നിലതന്നെ മാറുന്നു, ശരീരം മാറുന്നില്ലെങ്കിലും. വിമാന റാഞ്ചികൾ വിമാനവും യാത്രക്കാരെയും ‘ബന്ദികൾ’ ആക്കുന്നത് തോക്ക് ചൂണ്ടി ഭയപ്പെടുത്തി ആണെങ്കിലും ഉടനടി യാത്രക്കാർ ‘ബന്ദികൾ’ ആയും വിമാനം ‘തടവറ’ ആയും മാറുന്നത് തികച്ചും ‘അശരീര പരിവർത്തനമാണ് (Incorporeal Transformation). കമിതാക്കൾ പരസ്പരം ‘I Love You’ എന്ന് പറയുന്നതോടെ സംഭവിക്കുന്ന മാറ്റവും ന്യായാധിപൻ വിധി കൽപിക്കുന്നതോടെ കുറ്റാ രോപിതൻ ‘കുറ്റവാളിയായി’ പരിവർത്തിക്കപ്പെടുന്നതിനും ഭൗതികമായ പ്രത്യാഘാതം ഉണ്ടാക്കുമ്പോഴും അഭൗതിക പരിവർത്തനമാണ് സാധ്യമാക്കുന്നത്. ഒരാൾ മറ്റൊരാളോട് ‘ആണയിടുമ്പോൾ’ വാക്ക് തന്നെ പ്രവൃത്തി ആയി മാറുകയാണല്ലോ. മോദിയുടെ പ്രസ്താവനയോടെ 2000 രൂപനോട്ടിന് സംഭവിച്ചതും അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ പൗരാവകാശങ്ങൾക്കും, സ്വാതന്ത്രത്തിനും സംഭവിച്ചതിച്ചതും ഓർക്കുക. പ്രധാനമന്ത്രിയായ ‘മോദിയുടെ’ പ്രഖ്യാപനത്തിന് മാത്രമാണ് ഈ സാധുത ഉള്ളത്.
പ്രത്യക്ഷത്തിൽ ആജ്ഞാവാക്യങ്ങൾ ആയി തോന്നാത്തപ്പോഴും ഭാഷ നമ്മളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാ വിധേയരാക്കുകയും ചെയ്യുന്നുണ്ട് (Order എന്ന ഇംഗ്ലീഷ് വാക്കിന് ‘ആജ്ഞ’ ‘ക്രമം’ തുടങ്ങിയ അർഥങ്ങൾ ഉള്ളത് ഓർക്കുക). അത് സത്യമാണോ, നിങ്ങൾ അതിൽ വിശ്വസിക്കുന്നുണ്ടോ എന്നതൊക്കെ ഇവിടെ അപ്രധാനമാണ്. പ്രായോഗികതയിൽ ആണ് ഇവിടെ ഊന്നൽ. സ്വതന്ത്ര പരോക്ഷ വ്യവഹാരങ്ങൾ (Free Indirect discourse) ഉദാഹരണമായെടുക്കാം. തികച്ചും നിർദോഷമെന്നു തോന്നുമെങ്കിലും ‘നമുക്കെല്ലാവർക്കും അറിയാം’ എന്ന മട്ടിൽ പറയുന്ന വാക്കുകളുടെ ഉറവിടം എവിടെയാണ്?. പലപ്പോഴും അജ്ഞാതനായ ഏതോ ഒരാളിൽ/പലരിൽ ഇതിന്റെ കർതൃത്വം ആരോപിക്കപ്പെട്ടേക്കാം, മറ്റു ചിലപ്പോൾ അതിന്റെ പോലും ആവശ്യമില്ല. ഇവിടെ ഭാഷ മനുഷ്യന്റെ ചുണ്ടുകൾ കടം കൊള്ളുകയാണ്.
ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് പരിശോധിച്ചാൽ അറിയാം, അദ്ധ്യാപകരും വീട്ടുകാരും നാട്ടുകാരും ഒരുപോലെ പുകഴ്ത്തുമ്പോഴും അതിന്റെ അർഥം ‘പെട്ടെന്ന് തന്നെ ജോലി തരപ്പെടുത്തി കുടുംബം പോറ്റുക’ എന്ന് കൂടിയാണല്ലോ. ക്ലാസ് മുറിയിൽ ഉത്തരം പറയാൻ വെമ്പി ഞാൻ പറയാം എന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കുന്ന കുട്ടി ഒരു പ്രതീകം കൂടിയാണ്. ‘നിനക്കെത്ര വയസ്സായി?’ എന്നചോദ്യം പലപ്പോഴും വയസ്സ് അറിയാനുള്ള നിഷ്കളങ്കമായ ആഗ്രഹം കൊണ്ടല്ലല്ലോ. ഇവിടെയൊക്കെ പ്രവർത്തനക്ഷമമാകുന്നത് ഒളിഞ്ഞിരിക്കുന്ന (Implicit) ‘ആജ്ഞാവാക്യങ്ങൾ’ ആണ്.
ബ്രാഹ്മിൺസ് സാമ്പാർ പൊടിയിലെ സവർണക്കൂട്ട്.
ഉൽപന്നത്തിന്റെ ഗുണനിലവാരത്തിനപ്പുറം ‘ബ്രാഹ്മിൺസ്’ എന്ന ബ്രാൻഡ് പ്രത്യായശാസ്ത്ര വിശകലനത്തിനും വിമർശനത്തിനും വിധേയമായിട്ടുണ്ട്. ഗ്രാംഷിയെ പോലുള്ള ചിന്തകരെ അധികരിച്ച് സവർണ ‘പ്രത്യയശാസ്ത്രത്തിന്റെ’ നെടുനായകത്വമാണ് ‘ബ്രാഹ്മിൺസ്’ എന്ന പേരിലൂടെ സ്ഥാപിക്കപെടുന്നത് എന്ന് വാദിക്കുന്നവരുണ്ടാകാം. പരമ്പരാഗത മാർക്സിയൻ ചിന്താ പരിസരിസരത്തിൽ സാങ്കേതിക വിദ്യയും വിഭവങ്ങളും സമ്പദ് വ്യവസ്ഥയും അടിത്തറയാകുമ്പോൾ (Base) രാഷ്ട്രീയവും, കലയും, പ്രത്യയശാസ്ത്രവും ഉപരിഘടനയിലാണ് (superstructure). ഗ്രാംഷിയെയും ലൂക്കാച്ചിനെയും പോലുള്ള മാർക്സിറ്റ് ചിന്തകർ ‘സാമ്പത്തിക അതിനിർണയനവാദത്തെ’ എതിർക്കാൻ തങ്ങളുടെ ചിന്തയെ ‘ഉപരിഘടനയിൽ’ ഊന്നുകയായിരുന്നു. സിസക്ക്, ബാജിയോ തുടങ്ങിയ പിൽ കാലചിന്തകരിലാകട്ടെ ഈ മാതൃക തന്നെ തലതരിച്ചിട്ട് ഉപരിഘടന തന്നെ അടിത്തറയായി മാറുന്നതായി Levi R Brynt നെ പോലുള്ള ചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്. (കൂടുതൽ വായനയ്ക്ക് larvalsubjects.wordpress.com) മലയാളചിന്താപരിസരത്തിലും ഇതിന് ചുവട് പിടിച്ചുള്ള പ്രത്യയശാസ്ത്ര വിമർശനങ്ങൾ സജീവമാണ്.
പ്രത്യയ ശാസ്ത്രത്തെ കേവലമായ ആവിഷ്കാരമോ മേൽക്കൂരയോ ആയി കാണാൻ കഴിയില്ല. ദല്യൂസും ഗത്താരിയും ഏതൊരു സംഘാതവും (Assemblage) ‘ഉച്ചാരണ വിതാനവും’ (Collective assemblage of enunciation)’ ശരീര വിതാനവും(Machinic assemblage of body) ഇഴ ചേർന്നതായാണ് വിശദീകരിക്കുന്നത്. ‘ബ്രാഹ്മിൺസ്’ എന്ന പേര് ഇവിടെ ഒരു അഭൗതിക പരിവർത്തനം (Incorporeal transformation) സാധ്യമാകുന്നു, കറിക്കൂട്ടിന്റെ മറ്റ് ഭൗതിക ഗുണങ്ങളിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല. ജാതിവാൽ ‘ശരീരങ്ങളുടെ’ സാമൂഹ്യപദവി നിർണയിക്കുന്നത് ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
മറ്റൊരു സമകാലിക ഇന്ത്യൻ ഉദാഹരണം ‘ഇന്ത്യാ’സഖ്യത്തിന്റെ രൂപീകരണം ആണ്. ചിതറിക്കിടക്കുന്ന അനേകം ചെറുപാർട്ടികൾ സഖ്യത്തിൽ ചേരുന്നതോടെ സാധ്യമാകുന്ന മാറ്റം ഭൗതിക തലത്തിൽ അന്വേഷിച്ചാൽ മനസ്സിലാക്കാവുന്നതല്ല. ഭൗതിക വിതാനത്തോടൊപ്പം അഭൗതികമായ പരിവർത്തനമാണ് അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധ്യമാക്കിയത്. ‘സർവരാജ്യ തൊഴിലാളികളെ സംഘടിക്കൂ’ എന്ന മുദ്രാവാക്യം ഭൗതിക സാഹചര്യം പരിപാകമല്ലാതിരുന്നിട്ടും എങ്ങനെ ‘തൊഴിലാളി വർഗത്തെ’ സൃഷ്ടിച്ചു എന്ന് ദല്യൂസും ഗത്താരിയും നിരീക്ഷിക്കുന്നുണ്ട്. ലെനിൻ തൊഴിലാളി വർഗത്തിന്റെ മുന്നണിയായി ‘പാർട്ടിയെ’ സ്ഥാപിക്കുന്നു. പാർട്ടി അനിവാര്യമായും ബ്യൂറോ ക്രസിയിലേക്ക് അധപതിക്കുന്നു. (ATP,96-97)
ഫ്യൂഡൽ ശരീരങ്ങളും മൂല്യങ്ങളും
‘ഫ്യൂഡലിസ്റ്റ് സംഘാതം പരിശോധിച്ചാൽ അവിടെ ഉടമകളുടെയും അടിമകളുടെയും പണിയായുധങ്ങളുടെയും ഫ്യൂഡൽ ശരീര വിതാനവും (machinic assemblage of bodies) ഫ്യൂഡൽ മൂല്യവ്യവസ്ഥ സാധ്യമാക്കുന്ന ‘പ്രസ്താവനകളുടെ സാമൂഹ്യവിതാന’വും (Collective Assemblage of Enunciation) ഇടകലർന്ന് നിൽക്കുന്നതായി കാണാം. ഫ്യൂഡൽ ശരീരങ്ങളിൽ നിന്നും അടർത്തിമാറ്റി നമുക്ക് ‘മൂല്യങ്ങൾ’, (അന്തസ്സും, ആഭിജാത്യവും പ്രണയവും) മനസ്സിലാക്കാൻ പ്രയാസമാണ്
സൊസ്യൂർ ഭാഷയെ സൂചക-സൂചിതങ്ങളുടെ (signifier-signified) ഒരു വ്യവസ്ഥയായി കണ്ടു. എന്നാൽ ലൂയി ജെം സ്ലെവ് (Louie Hjelmslev) ഭാഷയെ ഉള്ളടക്കവും ആവിഷ്കാരവും എന്ന് വേർതിരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ആവിഷ്കാരം ‘ഉള്ളില്ലാത്ത’ കേവലരൂപമോ ഉള്ളടക്കം രൂപരഹിതമോ അല്ല. ജെം സ്ലെവിന്റെ ഭാഷാശാസ്ത്രമാതൃകയിൽ ഭാഷതന്നെ പുറത്തേക്ക് തുറന്നതാണ്, എന്നാൽ പല ഘടനാവാദാനന്തര ചിന്തകരിലടക്കം ഭാഷയുടെ ‘തുറവി’ ഭാഷയ്ക്ക് വെളിയിലേക്ക് നീളുന്നില്ല. ഉള്ളടക്കവും ആവിഷ്കാരവും ആപേക്ഷികം കൂടിയാണ്. ഉള്ളടക്കവും ആവിഷ്കാരവും ഊടും പാവുമായി കരുതിയാൽ ഒരു സംഘാതത്തിൽ അവ പരസ്പരം വേർതിരിക്കുക ശ്രമകരമാണ്. വാക്കുകളും വസ്തുക്കളും ഇവിടെ കുഴഞ്ഞു മറിഞ്ഞാണ് ഇരിക്കുന്നത് എന്ന് കാണാൻ പ്രയാസം ഇല്ല. വാക്കുകളുടെയും വസ്തുക്കളും പരസ്പരം ഇഴപിരിഞ്ഞ, പുറത്തേക്ക് തുറന്ന ഭാഷാവിതാനം ചോംസ്കിയുടെ ‘വൃക്ഷ മാതൃകക്ക്’ അന്യമാണ്.
ഒരു പർവതാരോഹകന് മലനിരകൾ കീഴടക്കാൻ ഉള്ളതാകുമ്പോൾ കവിയ്ക്ക് അത് കാവ്യ വിഷയവും സൗന്ദര്യാനുഭൂതിയും ആണല്ലോ. ഒരേ മല നിരകളുടെ വ്യത്യസ്ത ‘വിശേഷണങ്ങൾ’ (Attributes) എന്നത് പോലെയാണ് സ്പിനോസയിൽ മനസ്സും, ശരീരവും. നമ്മൾ വസ്തുക്കളിലേക്ക് ഇറങ്ങിച്ചെല്ലുന്നു, അതിന്റെ ചില സവിശേഷതകൾ മാത്രം നമ്മുടെ സ്പർശിനികൾ കൊണ്ട് തൊട്ടറിഞ്ഞ് ഭാഷയിലേക്ക് പരിവർത്തിപ്പിക്കുകയും ഒടുക്കം വസ്തുവിലേക്ക് തന്നെ ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ വസ്തുവിലേക്ക് പൂർണമായും ഇറങ്ങിച്ചെല്ലുക അസാധ്യമായത് കൊണ്ട് തന്നെ എല്ലാ അറിവും, ചിന്തയും ഭാഗികമാണ്. ചിന്ത ഭാഗികമാണ് എന്നതിനർഥം അത് അയഥാർഥമാണ് എന്നല്ല. ദകാർത്ത് രണ്ടായി കണ്ടത് (മനസ്സ്/ശരീരം) സ്പിനോസ ‘ചിന്തയും’ അതിന്റെ നീട്ടലും (Thought and extension) ആയി കണ്ടു. ദല്യൂസിലും ഗൊത്താരിയിലും എത്തുമ്പോൾ വാക്കുകളും വസ്തുക്കളും കൂടിപ്പിരിഞ്ഞിരിക്കുന്നത് കാണാം. ഇവിടെ വാക്കുകൾ വസ്തുക്കളുടെ ‘പ്രതിബിംബങ്ങൾ’ അല്ല അന്യോന്യം പ്രതിവർത്തിക്കുന്നവയാകുന്നു.
ഒരേ കണങ്ങളുടെ (x) തുടർചയാണ് തരം പോലെ വാക്കുകളും വസ്തുക്കളും എന്ന് വരുമ്പോൾ ചിന്തയിൽ തന്നെ വിച്ഛേദനം അനിവാര്യമായി വരുന്നു.
മൈനറും മേജറും.
ഭാഷയെ മാനകഭാഷയെ അടിസ്ഥാനമാക്കി പഠന വിധേയമാക്കാം എന്നത്ത് ഒരു മിഥ്യാധാരണ മാത്രമാണ്. സത്യത്തിൽ ഭാഷയിൽ വലുപ്പച്ചെറുപ്പങ്ങൾ (മേജറും മൈനറും) ഇല്ല, ഭാഷയെ സമീപിക്കുന്ന ഭിന്ന വഴികൾ മാത്രമാണുള്ളത്. ബഷീറിന്റെ മലയാളം ശ്രദ്ധിച്ചാൽ നമുക്കത് മനസ്സിലാകും. ബഷീർ ഭാഷക്കകത്തു നിന്നും മറ്റൊരു ചാൽ വെട്ടുക ആയിരുന്നല്ലോ. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന് ബഷീർ എഴുതുമ്പോൾ മലയാള ഭാഷ തന്നെ വിക്കിത്തുടങ്ങുക ആയിരുന്നു. ഭാഷയ്ക്ക് അകത്ത് ദ്വിഭാഷി ആയി തുടരുക എന്നത് ഒരു സാധ്യത ആണ്. ഭാഷ തന്നെ നിരന്തര വ്യതിയാനങ്ങളുടെ നൈരാന്തര്യമാകുമ്പോൾ ‘മാനക ഭാഷ’യുടെ അടിസ്ഥാനത്തിൽ ഭാഷയെ പഠന വിധേയമാക്കുക ആസാധ്യമാണ്. മാതൃഭാഷപോലും ഒരു ഭാഷാഭേദത്തിന്റെ അധികാരം കയ്യേൽക്കൽ മാത്രമായാണ് വിലയിരുത്തേണ്ടത്.
പ്രബല ഭാഷ (Major language) ആരുടെയും ഭാഷയല്ല. ന്യൂനഭാഷകൾ (Minor Languages) എല്ലാവരുടേതുമാണ്. അത് കൊണ്ട് ‘ന്യൂനപക്ഷമായിക്കൊണ്ടിരിക്കൽ’ (Becoming Minoritarian) എന്നത് ഭാഷയിലെ കലാ(പ)സാദ്ധ്യതയായി തിരിച്ചറിയണം. ചില കളികൾ അത്യസാധാരണമാണ്. കളി നിയമങ്ങൾ പാലിക്കുന്നതിനപ്പുറം അവിടെ കളി കളിനിയമങ്ങൾ തന്നെ മാറ്റിതീർക്കുന്നവയാണ്. നിരവധിയായ ‘ഭാഷണ’ങ്ങൾ (Parole) ഭാഷയെ തന്നെ മാറ്റിത്തീർക്കുന്നു. ഭാഷ (Langue) തന്നെ പലതരം ഭാഷണങ്ങളുടെയും ഭാഷാപ്രയോഗങ്ങളുടെയും അനന്തരഫലമായിന്നു. ഇത്തരം പ്രയോഗങ്ങളിൽ (Pragmatics) ആണ് ഭാഷയുടെ രാഷ്ട്രീയം.
ഇതിന്റെ തുടർച്ചയായി ഭാഷാശാസ്ത്രം വച്ചുപുലർത്തുന്ന മറ്റൊരു അബദ്ധ ധാരണയെക്കുറിച്ചും ദല്യൂസും ഗത്താരിയും പരാമർശിക്കുന്നുണ്ട്. ചോംസ്കിയുടെ ‘വൃക്ഷ മാതൃകയിൽ’ ഭാഷയെ ചില സാർവത്രികമായ ഏകകങ്ങളിലേക്കും ഘടനയിലേക്കും ചുരുക്കാമെന്നും അവയുടെ അടിസ്ഥാനത്തിൽ ഭാഷാ വിശകലനം സാധ്യമാകും എന്നതാണ് അത്. വൃക്ഷത്തിന് പകരം ഭാഷ ഭൂകാണ്ഡ സ്വാഭാവമുള്ളതാണ് (Rhizomatic). ‘അമൂർത്തം’ എന്നത് ഇവിടെ ‘മൂർത്തം’ എന്നതിന്റെ എതിർപദം അല്ല, വ്യതിരിക്തം എന്നതിന്റെ ആണ്. ഭാഷയുടെ അമൂർത്തയ ന്ത്രം (Abstract Machine) അതിന്റെ ബാഹ്യ ഘടകങ്ങളോട് വേർപെട്ടിരിക്കുകയല്ല. ചോംസ്കിയുടെ വ്യാകരണം വേണ്ടത്ര അമൂർത്തമായിരുന്നില്ല, ചലനോന്മുഖമായ നിരന്തര വ്യതിയാനങ്ങളുടെ (Continuous variations) ഭാഷയുടെ ‘ഡയഗ്രം’ അതിന് അന്യമായിരുന്നു. കേവലമായ പകർത്തൽ (Tracing) അല്ല, ഭാഷയുടെ ഭൂപടസൃഷ്ടിയാണ് നമുക്കാവശ്യം.
Works cited:
Deleuze, Gilles and Felix Guattari. A Thousand Plateaus: Capitalism and Schizophrenia. Translated by Brian Massumi: University of Minnesota Press,1987. (Bloomsbury academic,2013)
Abbreviations: ATP: A Thousand Plateus


Comments are closed.