കഴിഞ്ഞ റമളാനിൽ ഞാനെന്റെ പഴയൊരു സുഹൃത്തിനോട് സംസാരിക്കുകയുണ്ടായി. വർഷങ്ങൾ മുമ്പ് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഈ സുഹൃത്ത് സ്വയം പരിചയപ്പെടുത്താറുള്ളത് താനൊരു ‘അസാധുവായ മുസ്ലിം’ (lapsed Muslim) ആണെന്നാണ്. ഇസ്ലാമിനെ പൂർണമായി കയ്യൊഴിയാത്തിനാൽ ‘എക്സ് മുസ്ലിം’ എന്ന ലേബലിൽ അറിയപ്പെടാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. നമസ്കാരം, നോമ്പ് തുടങ്ങിയ ഇസ്ലാമിലെ സവിശേഷമായ ആരാധനകൾ കൊണ്ടു നടക്കുകയോ അവയെ പ്രിയം വെക്കുകയോ ചെയ്തിരുന്നില്ലെങ്കിലും, തന്റെ ധൈഷണികവും ആത്മീയവുമായ ഊർജത്തിന്റെ പ്രഭവമായി അദ്ദേഹം മനസ്സിലാക്കുന്നത് ഇസ്ലാമിന്റെ ലാവണ്യ മാനത്തെയാണ്. താജ് മഹൽ, സൂഫി ഡാൻസ്, എ ആർ റഹ്മാന്റെ സംഗീതങ്ങൾ തുടങ്ങിയവ ഉദാഹരണമായി അദ്ദേഹം പരാമർശിക്കും. ഒസ് വാൽഡോ ഫെറാറിയുമൊത്തുള്ള റേഡിയോ ചർച്ചയിൽ ബോർഹസ് (Borges) പറഞ്ഞതു പോലെയാണിത്: “അറേബ്യൻ നൈറ്റ്സ് വായിക്കുന്നവൻ ഇസ്ലാമിലേക്ക് ആകൃഷ്ടനാവും.” ഇസ്ലാമിന്റെ നൈതികാടിത്തറ (Ethical core) വിരസമാണെന്ന ലിബറൽ മുസ്ലിംകളുടെ പൊതുവായ ധാരണയിലേക്കാണ് ഈ ആശയം വിരൽ ചൂണ്ടുന്നത്. കാലോചിതമായ സമന്വയത്തിന് വിധേയരാവാതെ അധോമുഖരായി മാറുകയാണ് മുസ്ലിംകൾ, ബാങ്കു വിളി പോലോത്ത അവരുടെ സാംസ്കാരിക പ്രകടനങ്ങൾ അനാവശ്യമാണ്, തുടങ്ങിയ വാദങ്ങളെല്ലാം തന്നെ ഈ ധാരണയുടെ സൃഷ്ടിയാണ്. അതേ സമയം തന്നെ, ഷാറൂഖ് ഖാനെയും സിൻബാദുൽ ബഹരിയ്യയെയും സിയാൽക്കോട്ട് ഫുട്ബോളിനെയും മുൻ നിറുത്തി അവർ ഇസ്ലാം മനോഹരമാണെന്ന് വാദിക്കുകയും ചെയ്യും. ഇസ്ലാമിനെപ്പറ്റിയുള്ള അവരുടെ ചിന്താഗതിയിൽ ഒരേ സമയം സൗരഭ്യവും അപരിഷ്കൃതത്വവും നിലനിൽക്കുന്നുവെന്ന് ചുരുക്കം.
സുന്ദരം, അപരിഷ്കൃതം എന്നിങ്ങനെയുള്ള വർഗീകരണത്തിൽ അന്തർലീനമായ ഒരു മുൻധാരണ, ‘ഇസ്ലാമിന്റെ സൗന്ദര്യം എന്നത് കേന്ദ്രപരാങ്മുഖ ശക്തിയാണ്’ (Centrifugal force) എന്നതാണ്. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ, സൗന്ദര്യം എന്നത് പാരമ്പര്യത്തിൽ നിന്നും അകലെ മാത്രമായി സങ്കൽപ്പിക്കപ്പെടുന്നു; ഇസ്ലാം എന്ന ആറാം നൂറ്റാണ്ടിലെ ദൈവശാസ്ത്ര ദുരന്ത സംഭവത്തിൽ അലക്ഷ്യമായി പറ്റിപ്പിടിച്ച ഒന്ന്. അത്തരം പുരാ-സാഹിതീയ വസ്തുക്കൾ സുന്ദരമാവുന്നത് പക്ഷേ, അവ അണിഞ്ഞിട്ടുള്ള ഇസ്ലാം എന്ന വേഷ-ഭൂഷാദിയിലുള്ള കൗതുകം കാരണമാണ്. ഇസ്ലാമിന് പുറത്തു നിന്നുത്ഭവിക്കുന്ന, പട്രീഷ്യ ക്രോൺ പോലോത്തവർ ചെയ്തത് പോലുള്ള ഇസ്ലാമിക ചരിത്രത്തിന്റെ വിമർശനാത്മക വായനയിലൂടെ ഈ വേഷം അഴിച്ചിടാൻ അവർ അങ്ങേയറ്റം പരിശ്രമിക്കുന്നുമുണ്ട്. സമാനമായ വായനകൾ ഇറാനിയൻ സിനിമയെ പറ്റിയുള്ള പഠനങ്ങളിലും കാണാം.
ഇസ്ലാമിക പാരമ്പര്യം തന്നെയാണ് ഈ സൗകുമാര്യതയുടെ പ്രേരകശക്തി എന്ന് സമർഥിക്കാനാണ് ഞാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. എന്നാൽ ചരിത്രപരമായി ഇസ്ലാമിൽ നിന്ന് വികസിച്ചതെല്ലാം സ്വതവേ സുന്ദരമാണെന്ന വാദമെനിക്കില്ല. ഈ പാരമ്പര്യത്തിൽ അതിനിർണായകമായ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അവയെ സംബന്ധിച്ച് ഒരു തീർപ്പിലെത്താൻ അനുയായികൾക്ക് സാധിച്ചിട്ടുമില്ല. വിവിധ ഖിലാഫത്ത് രൂപീകരണവുമായി ബന്ധപ്പെട്ട ആഭ്യന്തര യുദ്ധങ്ങൾ, മതഭ്രഷ്ടുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ, മൻസൂർ അൽ-ഹല്ലാജിനെ പോലോത്തവരുടെ രക്തസാക്ഷിത്വം, ഒക്കെ അത്തരം സന്ദർഭങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഇത്തരം ചരിത്ര സംഭവങ്ങൾ മനോഹരമായിരുന്നില്ല എന്നതിൽ എനിക്കൊരു സന്ദേഹവുമില്ല. അതേസമയം, ഇതിനെ പാരമ്പര്യത്തിന്റെ ഭാഗമായിക്കണ്ട്, പ്രൗഢി അവകാശപ്പെടുന്ന യാഥാസ്ഥിക അനുയായികളുടെ പക്ഷത്തും തെറ്റില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നോട് ഇവ്വിഷയകമായി സംവാദത്തിലേർപ്പെടുന്നവരെ ഞാൻ മാർട്ടിൻ ഹൈഡഗറുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട സൈദ്ധാന്തിക ചർച്ചകളിലേക്ക് ക്ഷണിക്കുകയാണ്.
ചരിത്രത്തെ അതിവർത്തിച്ച് പരമയാഥാർഥ്യവുമായി (The Real) കൂടിച്ചേരുവാൻ ഡാസൈനെ സഹായിക്കുന്ന രീതികളെ കുറിച്ച്, തന്റെ Being and Time ൽ ഹൈഡഗർ സംസാരിക്കുന്നുണ്ട്. വിവർത്തനത്തിന് വഴങ്ങാത്ത ഒരു ജർമൻ വാക്കാണ് ഡാസൈൻ എന്നത്. പക്ഷെ ലളിതമായി മനസ്സിലാക്കുന്നതിനു വേണ്ടി ഡാസൈനെ ‘കാല-ദേശവാസി’ എന്ന് വിവർത്തനം ചെയ്യുന്നു. ദുൻയാവിലും ചരിത്രത്തിലും നിലനിൽക്കുന്നവനാണ് ഈ കാല-ദേശവാസി. അഥവാ, കാഫ്കയുടെ കുടുംബനാഥനെപ്പോലെ, അറ്റമില്ലാത്ത ചിന്തകളും ജാഗ്രതയുമുള്ളവനാണ് ഡാസൈൻ. എന്താണ് ഡാസൈൻ ചെയ്യേണ്ടത്? ഹൈഡഗർ പറയുന്നു: “സത്യത്തിൽ, ചരിതപുരുഷനാണെന്ന കാര്യം ദേശകാലവാസിക്ക് തന്നെ അറിയില്ല. എന്നാൽ സ്വന്തം ചരിതത്തെ കണ്ടെത്താനും അതിനു വേണ്ട ശ്രദ്ധ കൊടുക്കാനും ഒരു വഴിയുണ്ട്. ഡാസൈന് സ്വന്തം പാരമ്പര്യത്ത കണ്ടെത്താം, അത് നിലനിർത്താം, വായിച്ച് പഠിക്കാം. പാരമ്പര്യം കണ്ടെത്തുന്നതും, പാരമ്പര്യം തലമുറകളായി കൈമാറുന്ന കാര്യങ്ങളും, അത് കൈമാറ്റം ചെയ്യപ്പെടുന്ന രീതിയും വെളിപ്പെടുത്തുന്നതും സ്വയമേവ ഒരുത്തരവാദിത്വമായി സ്വീകരിക്കാം. അപ്രകാരം, ചരിതപരമായ അന്വേഷണത്തിനും ഗവേഷണത്തിലും അടങ്ങിയിരിക്കുന്ന ഉണ്മയിലേക്ക് ഡാസൈൻ മെല്ലെ നടന്നു നീങ്ങുന്നു.”
ഹൈഡഗറിന്റെ ഈ പുസ്തകവും മേൽ പരാമർശിത ഭാഗവും ലളിതമായി ഗ്രഹിച്ചെടുക്കാവുന്നതല്ല. അതുകൊണ്ട് ഞാനെന്റെ രൂപത്തിൽ അദ്ദേഹം പറഞ്ഞത് അവതരിപ്പിക്കാം. “ദുനിയാവിനാൽ ബന്ധിതനായ ഒരു വ്യക്തിയാണ് ഞാൻ. കാഫ്കയുടെ കുടുംബനാഥനെപ്പോലെ. എനിക്കുത്തരവാദിത്തങ്ങളുണ്ട്. അങ്ങനെ, നിത്യ ജീവിതത്തിന്റെ ഒഴുക്കിൽ, എന്റെ സ്വത്വവും, നിർണിത സ്ഥലത്തും പരിമിത സമയത്തിലും ജീവിക്കുന്നവനാണെന്ന കാര്യവും, ഞാൻ മറന്നു പോയിരിക്കുന്നു. ഈ അവബോധം മാത്രമേ സ്ഥല-സമയത്തെ അതിവർത്തിക്കാൻ എന്നെ സഹായിക്കുകയുള്ളൂ. ഈ ബോധമില്ലെങ്കിൽ പിന്നെന്തിന് ഞാൻ അവയെ മറികടക്കണം? എന്റെ പാരമ്പര്യത്തെ കണ്ടെടുക്കലും ആഴത്തിലിറങ്ങി പഠിക്കലും മാത്രമാണ് (എന്നെ സംബന്ധിച്ചിടത്തോളം ഈ പാരമ്പര്യം ഇസ്ലാമാണ്) ദുനിയാവിന്റെ ബാന്ധവത്തെക്കുറിച്ച് അവബോധം നേടാനുള്ള പോംവഴി. ഈ നിയോഗം ആത്മാർഥമായി നിറവേറ്റാൻ ഞാൻ തയ്യാറാവണം. ശമ്പളത്തിനോ, റോയൽറ്റിക്കോ, സ്കോളർഷിപ്പിനോ, വേണ്ടിയാവരുത്. അത് വഴി, ചരിത്രത്തിന്റെ യുക്തിയെയോ അല്ലെങ്കിൽ ദേശകാലത്തിന്റെ പരിണാമത്തെയോ മനസ്സിലാക്കാൻ സഹായിക്കുന്ന അന്വേഷണം നടത്താൻ എനിക്ക് സാധിക്കുകയും ചെയ്യും.
ഹൈഡഗറിന്റെ ഈ ഭാഗം വായിച്ചപ്പോൾ ഞാനൽപം ആശങ്കാകുലനായി. എല്ലാ ഡാസൈനുമാർക്കും കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യത്തെപ്പറ്റിയും പാരമ്പര്യത്തിന്റെ കൈമാറ്റത്തെപ്പറ്റിയും കൃത്യമായി പഠിക്കാനുള്ള ഉത്തരവാദിത്തമേൽപ്പിക്കപ്പെട്ടിട്ടുണ്ടോ? ഞാൻ ഈ ലേഖനം എഴുതിക്കൊണ്ടിരിക്കവ, പ്ലാസ്റ്റിക്ക് കവറുകൾ കളയാൻ അമ്പതു രൂപ ആവശ്യപ്പെട്ട്, കാളിങ്ങ് ബെല്ലടിച്ച് എന്റെ റൂമിലേക്ക് വരുന്ന വ്യക്തിക്ക് തന്റെ ചരിത്രബോധത്തെ കണ്ടെടുത്ത്, അതിനെ അതിവർത്തിക്കാനാവില്ലേ? കഴിയുമെങ്കിൽ എങ്ങനെ? ഈ ചോദ്യമാണ് വൈക്കം മുഹമ്മദ് ബഷീറിലേക്കും അനീസ് സലീമിലേക്കും എന്നെ കൊണ്ടെത്തിച്ചത്. ഹൈഡഗറിന്റെ സത്താന്വേഷണത്തിന്റെ നിബന്ധനകൾ സ്വായത്തമാക്കിയ എന്റെ തന്നെ പാരമ്പര്യത്തിൽ നിന്നുള്ള രണ്ട് ഡാസൈനുമാരാണിവർ.
എന്തു കൊണ്ട് ഈ രണ്ടു എഴുത്തുകാർ? ആദ്യമായി, ഇവരുടെ ലോക വീക്ഷണങ്ങൾക്കിടയിൽ സാമ്യതകളേറെയാണ്. ഡാർക് ഹ്യൂമറിലൂടെ പുറം ലോകത്തെ വിവരിക്കാനുള്ള ശേഷിയാണ് രണ്ടാമത്തെ ഘടകം. മൂന്നാമതായി, അവരുടെ കഥാപാത്രങ്ങളെ വ്യത്യസ്ത പേരിലും വിശേഷണങ്ങിലുമായി ഞാനെന്റെ ചുറ്റുപാടിൽ പലപ്പോഴും കാണാറുണ്ട്. അവരെ വായിക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുള്ളത് ഒരേ ആഖ്യാനം തന്നെ വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കുന്നത് പോലെയാണ്. പുറമെ, എന്റെ ചരിത്രത്തെപ്പറ്റി, പാരമ്പര്യവുമായുള്ള എന്റെ ചിരന്തന ബന്ധത്തെക്കുറിച്ച്, ബാഹ്യലോകത്തെ അവലംബിച്ച് ഞാൻ എന്താണ് എന്നതിനെപ്പറ്റിയൊക്കെ കൗമാരക്കാലത്ത് ബോധ്യപ്പെടുത്തിത്തന്നത് ബഷീറാണെന്ന കാര്യം ഊന്നിപ്പറയാനും കൂടിയാണ് അദ്ദേഹത്തെ ഞാൻ ഇവിടെ പരാമർശിക്കുന്നത്. ശാരീരികമായി ഏറെ വളർന്നതിന് ശേഷമാണ് അനീസ് സലീമിലേക്ക് ഞാനെത്തുന്നത്. ഭ്രാന്തമായ ബഷീറിയൻ വായന ഒരുക്കിവെച്ച മിശ്രിതത്തെ അനീസ് സലീം കൂടുതലായി ബലപ്പെടുത്തി, കെട്ടുറപ്പുള്ളതാക്കി മാറ്റുകയുണ്ടായി.
ഞാൻ പലപ്പോഴും വായിച്ചോ സിനിമ കണ്ടോ വീണ്ടും മടങ്ങിച്ചെല്ലുന്ന ഒരു കൃതിയാണ് ബഷീറിന്റെ ‘മതിലുകൾ.’ അത്യന്തം ശ്രമകരമായ റോൾ അനായാസത്തോടെ ചെയ്യുന്ന മമ്മൂട്ടിയെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. ആത്മകഥാംശം നിറഞ്ഞ ഈ നോവൽ, റോബിൻസൻ ക്രൂസോയെപ്പോലെ വ്യത്യസ്ത രാഷ്ട്രീയ സങ്കൽപ്പത്തിന്റെ വന്യതയിൽ ഒറ്റപ്പെട്ടു പോയ ഒരു ഇന്ത്യൻ മുസ്ലിമിന്റെ ഉത്ഥാനപതനങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ബഷീറിന്റെ ലോകത്ത് നിന്ന് നോക്കുമ്പോൾ എനിക്കും അത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്, ഞാൻ ജയിലിലകപ്പെട്ടില്ലെന്നതൊഴിച്ചാൽ. എന്നിട്ടും സമാന മനോഗതിയിലൂടെ സഞ്ചരിക്കാറുള്ള ഈ വിനീതൻ മറ്റൊരു ഗാന്ധിയെ (ഇവിടെ രാഹുൽ ഗാന്ധി) സ്പർശിക്കാൻ സാധിക്കുമെന്ന് പ്രത്യാശിച്ചിരിക്കുകയാണ്; ബഷീറിൽ നിന്നും വിഭിന്നമായി, വ്യക്തികളാലും ആകർഷണീയ മുദ്രാവാക്യങ്ങളാലും നയിക്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചുവെന്ന ഉത്തമ ബോധ്യമെനിക്കുണ്ടെങ്കിലും. ബഷീറിനെപ്പോലെ മതിലപ്പുറത്ത് നിന്ന് ചെടിക്കമ്പു വലിച്ചെറിഞ്ഞ് തരുന്ന ഒരാൾക്കു വേണ്ടി ഞാനും കൊതി പൂണ്ടിരിക്കാറുണ്ട്. വിവാഹിതൻ എന്ന പദവിയുള്ളതിനാൽ ഈ ആശയിപ്പോഴും നിറവേറാതെ കിടക്കുകയാണ്. ചായ വെച്ച് കൊടുത്തിട്ടെങ്കിലും മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ ഞാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ ഞാൻ ഇതുവരെ നേടിയെടുത്തിട്ടില്ലാത്ത ഒരു കാര്യം ഹരീഷ് എഴുതിയ ‘ഓഗസ്റ്റ് 17’ എന്ന നോവലിൽ വ്യക്തമാക്കുന്ന മഹത്തായ ബഷീർ കഥാപാത്രമാണ്. അദൃശ്യനും, ബഹുതലമുള്ളതും, എഴുത്തുകാരൻ എന്ന പരിമിത വർഗീകരണത്തിന് വഴങ്ങാത്തതുമായ കഥാപാത്രം. തന്നെയുമല്ല, ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും, അതേ സമയം അതിനെ അതിവർത്തിക്കുകയും ചെയ്യുന്ന ഒരു സവിശേഷ കഥാപാത്രവുമാണിത്.
പതിയെ അനീസ് സലീമിന്റെ വ്യത്യസ്ത നോവലുകളിലെ രണ്ട് പ്രധാന കഥാപാത്രങ്ങളായ ഹസീന മൻസൂറിലേക്കും (Tales from a Vending Machine) ലത്തീഫിലേക്കും (The Bellboy) ഞാൻ എത്തിച്ചേർന്നു. വളർന്നു വരുന്ന ഒരു ഇന്ത്യൻ മുസ്ലിം യുവാവിന്റെ ജീവിതമാണ് കൗമാരകാലത്ത് വായിച്ച ബഷീറിന്റെ ‘ശബ്ദങ്ങൾ’ എനിക്ക് സമ്മാനിച്ചത്. മുപ്പതാം വയസ്സിൽ അനീസ് സലീമിന്റെ ഈ രണ്ട് നോവലുകൾ വായിക്കുമ്പോൾ ഞാൻ വീണ്ടും പഴയ കാലത്തേക്ക് പോവുകയാണ്. പരിമിതമായ വിഭവങ്ങൾക്കുള്ളിൽ നിന്ന് ഒരു മുസ്ലിം ആൺകുട്ടി/പെൺകുട്ടി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥലകാലങ്ങളെ അഭിമുഖീകരിച്ച അനുഭവങ്ങളിലൂടെയാണ് ഞാൻ എന്നെ തേടിയിറങ്ങിയത്. സ്വപ്നങ്ങളെ പുനരാവിഷ്കരിച്ച്, നഷ്ടപ്രതാപങ്ങളുടെ കഥയിൽ വിധിയെ തളച്ചിടുന്നതിനെതിരെ പടഹധ്വനി മുഴക്കി, ഭാസുര ജീവിതത്തെ പ്രത്യാശിക്കുന്ന കഥാപാത്രങ്ങളാണ് അനീസ് സലീമിന്റേത്. ബഷീറിനെ വായിക്കുമ്പോൾ മിത്തോളജിയും കഥകളും സൃഷ്ടിച്ച് ജീവിക്കുന്നവരെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം എനിക്കുണ്ടാവാറുണ്ട്. ഒരർഥത്തിൽ എഴുത്തുകാരൻ എന്നതിനേക്കാളുപരി ബഷീർ ഒരു മിത്തോഗ്രഫർ ആയിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷെ, അദ്ദേഹത്തിന്റെ മരണാനന്തരം, ഇന്ത്യൻ രാഷ്ട്രീയ ഭാവനകൾക്ക് ഊനം തട്ടുന്ന കാഴ്ചയാണ് ദർശിക്കാനായത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടു, അടൽ ബിഹാരി വാജ്പേയി അധികാരത്തിലേറി. ലിബറലൈസേഷനു ശേഷം ഈ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകങ്ങളിൽ മുസ്ലിം സമുദായം ദാരിദ്യത്തിന്റെയും നേതൃത്വ രാഹിത്യത്തിന്റെയും കരാളഹസ്തങ്ങളിൽ അമർന്നു പോയി. ഈയൊരു യാഥാർഥ്യത്തെ ഡാർക് ഹ്യൂമറിലൂടെയും സർക്കാസത്തിലൂടെയും അനീസ് സാലിമിന്റെ കഥാപാത്രങ്ങൾ പകർന്നാടുന്നുണ്ട്.
വീണ്ടും ഹൈഡഗറിലേക്ക് മടങ്ങി വരാം. ഈ പറഞ്ഞ രണ്ടു എഴുത്തുകാരുമായി ബന്ധപ്പെട്ട് എപ്രകാരമാണ് ഹൈഡഗർ പ്രസക്തനാവുന്നത്? ആദ്യമായി, വിജ്ഞാന സമ്പാദനത്തിന്റെ ഒരു രൂപമായി എഴുത്തിനെ പരിഗണിക്കുകയാണെങ്കിൽ ഈ രണ്ടു എഴുത്തുകാരും തങ്ങളുടെ പാരമ്പര്യത്തെ സപഷ്ടമായി പഠിക്കുകയും പാരമ്പര്യത്തിന്റെ സ്മരണകളെ കഥാപാത്രങ്ങളിലൂടെയും മറ്റു സാഹിതീയ രീതിശാസ്ത്രങ്ങളിലൂടെയും പരിരക്ഷിക്കുകയും ചെയ്തവരാണ്. അവരുടെ എല്ലാ കഥാപാത്രങ്ങളും കാലത്തെ ഭേദിച്ച്, പരമ സത്തയെ പുൽകാനുമാണ് ശ്രമിക്കുന്നവയാണ്; ക്ഷണികതയുടെ തീരത്തേക്കടിക്കുന്ന കാലത്തിന്റെ കൂറ്റൻ തിരമാലക്കുള്ളിൽ ഈ കഥാപാത്രങ്ങളും അടിയറവ് വെച്ചിട്ടുണ്ടെന്നത് വാസ്തവം തന്നെയാണെങ്കിലും. ഹരീഷ് പറഞ്ഞതു പോലെ, ബഷീർ താൻ എഴുതിയതോ തന്റെ പേരിൽ എഴുതപ്പെട്ടെതോ ആയിരുന്നില്ല. കാലത്തെ അനുഗമിക്കുകയും അതിവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ബഷീർ. യുവാവായ അനീസ് സലിമിനെ അദ്ദേഹത്തിന്റെ സ്വഛന്ദമായ പ്രയാണത്തിന് വിട്ടു കൊടുക്കാം. തങ്ങളുടെ ചരിത്രപരതയുടെ ഓർമകളെ മുറുകെ പിടിക്കുന്ന ഡാസൈനുകൾ എന്ന നിലയിൽ ഈ രണ്ടു എഴുത്തുകാരും തൂലികയിലൂടെയും സ്വപ്നങ്ങളിലൂടെയും സ്മൃതികളിലൂടെയും അവരെ പിന്തുടരാൻ നമ്മെ പ്രലോഭിച്ചു കൊണ്ടേയിരിക്കുകയാണ്.
ഹൈഡഗർ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട ഒരു ചിന്തകനാണ്, വിശേഷിച്ചും അദ്ദേഹത്തിന്റെ നാസി അനുഭാവത്തെ പറ്റി. Time and Being വായിക്കുമ്പോൾ മനസ്സിലാവും ഡാസൈൻ പാരമ്പര്യത്തോട് വിധേയപ്പെട്ട് നിൽക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു താൽപ്പര്യവുമില്ലെന്ന്. യാഥാർഥമായ ഒരു പാരമ്പര്യവുമില്ലെന്ന് നമുക്ക് ഇതിൽ നിന്ന് വായിച്ചെടുക്കാം. മറ്റുള്ളവർക്ക് പിന്തുടരാൻ പറ്റും വിധം കാലടിപ്പാടുകൾ ഉണ്ടാക്കി നടക്കുന്നതാണ് മാർഗദർശനം. ടെക്സ്റ്റുകളുടെയും കഥകളുടെയും ഇത്തരം പാദമുദ്രകളുടെ ശേഖരമാണ് പാരമ്പര്യം. അഥവാ, ഒരു നിർണിത സമയത്തെപ്പറ്റിയും അതിൽ ജനങ്ങൾ എങ്ങനെ ജീവിച്ചുവെന്നതിനെപ്പറ്റിയുള്ള നമ്മുടെ തിരിച്ചറികളാണ് ഈ പാരമ്പര്യം. ഹൈഡഗർ പറയുമ്പോലെ, ഒരു പാരമ്പര്യത്തെ സ്പഷ്ടമായി പഠിക്കുമ്പോൾ നമ്മുടെ മനസ്സിലാക്കലും വ്യത്യാസപ്പെടുന്നു. അത് സ്ഥായിയായ ഒരു പ്രക്രിയയല്ല, മറിച്ച് പാരമ്പര്യത്തിന്റെ തന്നെ കൈമാറ്റം ചെയ്യപ്പെട്ട വ്യത്യസ്ത രൂപങ്ങളുടെ പരിണാമക്രിയയാണത്. അതുകൊണ്ട് തന്നെ, ഏതെങ്കിലും ഒരു നിർണിതമായ കൈമാറ്റ രീതിക്ക് വഴങ്ങലല്ല ഈ വിശദ പഠനം കൊണ്ടുള്ള ലക്ഷ്യം, പകരം മറ്റുള്ളവർക്കായി കാത്തു വെക്കാൻ കഴിയുന്ന വല്ലതിനെയും കണ്ടെത്തുന്നതിനു വേണ്ടി പാരമ്പര്യത്തിന്റെ വിവിധ രൂപങ്ങളിൽ നൈപുണ്യം നേടലാണ്.
ഈ വസ്തുത ഹൈഡഗർ പറയുന്നതിപ്രകാരം:
ഈ ലോകത്തെ ആശ്രയിച്ചു കൊണ്ട് അതിൽ പ്രതിഫലിക്കുന്ന പ്രകാശത്താൽ ലോകത്തെ വ്യാഖാനിക്കാനുള്ള പ്രവണത മാതമല്ല ദേശകാലവാസിക്കുള്ളത്. താൻ വ്യക്തമായി മനസിലാക്കിയടുത്ത പാരമ്പര്യത്തിന് അദ്ദേഹം ഇരയാകുകയും ചെയ്യുന്നു. അന്വേഷണങ്ങളിലും തിരഞ്ഞെടുപ്പുകളിലും സ്വന്തമായി വഴികാട്ടുന്നതിൽ നിന്ന് പാരമ്പര്യം ദേശ-കാലവാസിയെ വിലക്കുന്നു. പാരമ്പര്യം അപ്രകാരം യജമാനനാകുമ്പോൾ പാരമ്പര്യം കൈമാറി വരുന്ന അറിവ് ദുർഗ്രഹമായിത്തീരുന്നു. അറിവ് ലഭ്യമല്ലാതെയാവുമ്പോൾ അത് അടഞ്ഞു പോകുന്നു. സ്വയം പ്രകടമാകുന്ന ഒന്നായി അത് കൈമാറ്റം ചെയ്യപ്പെടുന്നു. കാലത്തെ അതിജയിക്കുന്ന ആദിമ സ്രോതസ്സുകളിലേക്കുള്ള നമ്മുടെ പ്രയാണത്തെ അത് വിലക്കുന്നു. ആദിമമായി ഈ സ്രോതസ്സുകൾ എന്തായിരുന്നോ അതേപ്പറ്റി നാം മറന്നു പോകുന്നു. ഈ സ്രോതസ്സുകളിലേക്ക് തിരിച്ചു പോകേണ്ട ആവശ്യകത പോലും നാം മനസ്സിലാക്കേണ്ടതില്ല എന്ന് ധരിക്കാൻ ഇടയാകുന്നു.
എങ്കിലും, പാരമ്പര്യത്തിൻ്റെ വിഭിന്ന ആവിഷ്കാരമെന്ന നിലയിൽ ഇവരെ സമീപിക്കുന്നത് വിമർശനാത്മക അന്വേഷണത്തിൻ്റെ സാധ്യതയെ വിശാലമാക്കാൻ സഹായകരമാകും.
ഉപരിസൂചിത ആശയത്തിൽ നിന്ന് മനസ്സിലാക്കാം ഏതെങ്കിലുമൊരു നിർണിത പാരമ്പര്യത്തെ വിശദമായി പഠിക്കലോ സംരക്ഷിക്കലോ മാത്രമല്ല ദേശ-കാലവാസിയുടെ ദൗത്യം. തന്റെ ചിന്തകളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ പാരമ്പര്യത്തിന്റെ ഏതെങ്കിലും പ്രത്യേക ധാരയെ അനുവദിക്കുകയും ചെയ്യരുത്. യഥാർഥത്തിൽ, ദേശ-കാലവാസി ഒരു പ്രത്യേക പാരമ്പര്യത്തെ പഠിക്കുന്നത് ചരിത്രത്തെ അതിജയിക്കാൻ വേണ്ടിയാണ്; ഒരു പാരമ്പര്യത്തെ ചരിത്രവൽകരിച്ച്, നമ്മുടെ വിധിയുടെ രക്ഷാകർത്താവായി മാറ്റുന്നതിനല്ല. അങ്ങനെ ചെയ്യുമ്പോൾ പാരമ്പര്യത്തിന്റെ മാർഗദർശന ശേഷി നിലക്കുകയും പൂർവികരുടെ പാദമുദ്രകൾ അനുഗമിക്കുവാൻ നാം മറന്നു പോവുകയും ചെയ്യും.
ഇസ്ലാമിന്റെ സൗന്ദര്യത്തെയും ലാവണ്യമാനത്തെയും വികേന്ദ്രീകൃത പ്രക്രിയയായി (Centrifugal Process) മനസ്സിലാക്കേണ്ടതില്ല. വ്യത്യസ്ത ജോണറുകളിലും കലാരൂപത്തിലും നിറഞ്ഞു നിൽക്കുന്ന പാരമ്പര്യങ്ങളായിട്ട് നമുക്കിതിനെ ഗണിക്കാം. അതോടൊപ്പം തന്നെ, ഇത്തരം കലാരൂപങ്ങൾ- ബഷീറിന്റെയും അനീസ് സാലിമിന്റെയും നോവലുകൾ, താജ് മഹൽ- പാരമ്പര്യത്തെ പരിരക്ഷിക്കുന്നതിനപ്പുറം, അതിന്റേതായ പാരമ്പര്യങ്ങളുടെ സ്വാധീനശക്തിയെ ഭേദിക്കാൻ ശ്രമിക്കുന്നുവെന്നും നമുക്ക് കാണാനാവും. ഭാര്യയോടുള്ള ചക്രവർത്തിയുടെ അദമ്യപ്രണയത്തിന്റെയും ആ സ്നേഹത്തിന്റെ സ്മരണക്കായി പണിത ശവകുടീരത്തിന്റെയും കഥയാണ് താജ് മഹലിനെ സംബന്ധിച്ച് ചരിത്ര പാരമ്പര്യം പറയാറുള്ളത്. എന്നാൽ ഇത്തരം ആഖ്യാനങ്ങളെയും, ഗൂഢാലോചന സിദ്ധാന്തങ്ങളെയും, അപരിമേയ യാഥാർഥ്യത്തെ അറിയിക്കുന്ന അധ്യാത്മിക സൂചനകളിലൂടെയും കൊത്തുപണികളിലൂടെയും താജ്മഹൽ അതിവർത്തിക്കുന്നുണ്ടെന്നതാണ് വാസ്തവം.
പാരമ്പര്യത്തെയും വ്യക്തിഗത പ്രാഗൽഭ്യത്തെയും വിരുദ്ധ ദിശയിൽ നിറുത്തുന്ന ടി എസ് എലിയറ്റിന്റെ വിഖ്യാത സിദ്ധാന്തത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. വൈയക്തിക വൈഭവത്തിലാവട്ടെ എനിക്ക് തീരെ വിശ്വാസവുമില്ല. അത്തരമൊരു ചിന്ത തികച്ചും ആംഗ്ലോഫൈൽ പരികൽപനയാണ്. ബഷീറിലും, അനീസ് സലീമിലും, ഷാറൂഖ് ഖാനിലുമൊക്കൊ നാം കാണുന്നത് പാരമ്പര്യത്തിന്റെ അപായങ്ങൾക്കു മുമ്പിൽ മുട്ടുമടക്കാതെ അതിനെ അനുഗമിക്കുന്ന സഞ്ചാരമാണ്; വ്യത്യസ്ത വൈഭവങ്ങൾ സമന്വയിച്ച്. പാരമ്പര്യത്തിൽ നിന്നും തികച്ചും ഭിന്നരാണ് ഇവരെന്നതിൽ സംശയമില്ല. എങ്കിലും, പാരമ്പര്യത്തിന്റെ വിഭിന്ന ആവിഷ്കാരമെന്ന നിലയിൽ ഇവരെ സമീപിക്കുന്നത് വിമർശനാത്മക അന്വേഷണത്തിന്റെ സാധ്യതയെ വിശാലമാക്കാൻ സഹായകരമാകും. പക്ഷെ, അതിന് സന്ദേഹാത്മകമായ നിരാകരണത്തെയും ആഘോഷപരമായ പ്രശംസകളെയും നാം നിരസിക്കേണ്ടതുണ്ട്.
വിവർത്തനം: മുഹമ്മദ് ഇകെ
Feature Image: Seyed Amir Mohammad Tabatabaee


Comments are closed.