മനുഷ്യനും മൃഗങ്ങളും: സഹജീവനത്തിന്റെ സാധ്യതകൾ എന്ന ലേഖനത്തിന്റെ തുടർച്ച.
ചർച്ചകൾക്കായി പിരിഞ്ഞ് സഭ പുനരാരംഭിച്ചപ്പോൾ മനുഷ്യനും മൃഗങ്ങൾക്കുമിടയിലെ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി യുഗചക്രം പൂർത്തിയാകുന്നതുവരെ മൃഗങ്ങൾക്ക് ക്ഷമയുണ്ടാകണമെന്ന് ജിന്ന് രാജാവ് അഭിപ്രായപ്പെട്ടു. ഇമാം മഹ്ദി വരുന്നതോടെ പുതിയ യുഗം ആരംഭിക്കുകയും നിയമരാഹിത്യം ഇല്ലാതാക്കുകയും ലോകത്തെ ക്രമം പുനഃസ്ഥാപിക്കുകയും ചെയ്യും. ആദ്യ മനുഷ്യനായ ആദം (അ) സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ്, ഭൂമിയിൽ ജിന്നുകൾ അധിവസിച്ചിരുന്നപ്പോൾ, ദൈവം മാലാഖമാരെ അയച്ച് ഭൂമിയിൽ ജീവിക്കാൻ അനുവദിക്കുകയും ജിന്നുകളെ വിദൂര കോണുകളിലേക്ക് അയക്കുകയും ചെയ്തു. ആ കാലത്ത് തന്നെയാണ് ഇബ്‌ലീസ് മാലാഖമാരുടെ സംരക്ഷണത്തിൽ വരുന്നതും അവരിലെ പ്രധാനിയായി മാറുന്നതും. ആ ചക്രത്തിന്റെ അവസാനത്തിൽ, ദൈവം ആദ്യ മനുഷ്യനും പ്രവാചകനുമായ ആദം നബിയെ (അ) സൃഷ്ടിച്ച് ഒരു പുതിയ യുഗചക്രം ആരംഭിച്ചു, ശേഷമുള്ള ഓരോ പ്രവാചകനും ആദം നബിയുടെ വലിയ ചക്രത്തിനുള്ളിൽ ഓരോ ചെറിയ ചക്രങ്ങൾ ആരംഭിച്ചു. പ്രവാചകന്മാരുടെ മുദ്രയായ മുഹമ്മദ് നബി(സ) യുടെ കാലചക്രത്തിൽ അവൻ [ദൈവം] ഫറോവയുടെ അടിച്ചമർത്തലിൽ നിന്നും ഇസ്രായേൽ ജനതയെ മോചിപ്പിച്ചതുപോലെ മൃഗങ്ങൾക്കും മോചനം നൽകും.
ഇതിനിടയിൽ മനുഷ്യർക്കിടയിലും ചർച്ചകൾ നടക്കുന്നുണ്ട്. മൃഗങ്ങളെ കൂടാതെ അവർക്ക് ജീവിക്കാൻ കഴിയില്ല എന്നതിനാൽ, തങ്ങൾ അടിമകളാക്കിയ മൃഗങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള വിധി മാത്രം അംഗീകരിക്കാം എന്നവർ തീരുമാനിക്കുന്നു. “ചുമട് ഭാരം ലഘൂകരിക്കുക, അവയോട് കൂടുതൽ ദയയും കരുണയും കാണിക്കുക, കാരണം അവ നമ്മെപ്പോലെ മാംസവും രക്തവുമാണ്. അവർ അനുഭവിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ നമുക്ക് അവയെക്കാൾ ശ്രേഷ്ഠതയില്ല, അതിനായി ദൈവം അവരെ നമുക്ക് കീഴ്പെടുത്തിയപ്പോൾ അവൻ നമുക്ക് പ്രതിഫലം നൽകി” അവർ പറഞ്ഞു. മൃഗങ്ങൾ മനുഷ്യർക്ക് കീഴ്പ്പെടുന്നത് അവരുടെ പുണ്യത്താലല്ല മറിച്ച് ദൈവത്തിന്റെ ദൃഷ്ടിയിൽ മനുഷ്യരോടുള്ള അവന്റെ കൃപയുടെ സൂചനയാണ് എന്ന സമ്മതം ശ്രദ്ധേയമാണ്. മൃഗങ്ങളുടെ വാദവും ഒരു ഘട്ടത്തിൽ അതുതന്നെയാണ്.
ഈ സമയം മൃഗങ്ങളും ഒരുഭാഗത്ത് ഒരുമിച്ചുകൂടി. മനുഷ്യർ തങ്ങളേക്കാൾ വളരെ വാഗ്സാമർത്ഥ്യമുള്ളവരും വാചാലരുമാണ് എന്നതിനാൽ തങ്ങളുടെ വാദം വ്യക്തമായും ഒഴുക്കോടെയും അവതരിപ്പിക്കേണ്ടതുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞു. ഓരോ ഇനം മൃഗവർഗത്തിനും ഓരോ ഗുണങ്ങളുണ്ട് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ വാദം അവതരിപ്പിക്കുന്നതിനായി ആറ് തരം മൃഗങ്ങളിൽ നിന്നും ഓരോരുത്തരായി തിരഞ്ഞെടുക്കപ്പെട്ടു. പ്രപഞ്ചശാസ്ത്രത്തെയും, പ്രകൃതി ക്രമത്തെയും, ധാർമിക ബോധനത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ ഓരോ മൃഗങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ ഒരു യഥാർത്ഥ ഖനിയാണ് ഓരോ വിഭാഗം മൃഗങ്ങളും തമ്മിലുള്ള ചർച്ചകൾ.
മൃഗങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്തതോടെ സംയുക്ത സമ്മേളനം ചേർന്ന് ജിന്നുകളുടെ രാജാവ് വ്യത്യസ്ത കാലാവസ്ഥയിലും വംശത്തിലും ഉള്ള മനുഷ്യരെ അവരുടെ ഗുണങ്ങൾ വ്യക്തമാക്കാനായി ക്ഷണിച്ചു. മനുഷ്യരിലൊരാൾ അവന്റെ കാലാവസ്ഥയിലും സംസ്കാരത്തിലും പാരമ്പര്യത്തിലുമുള്ള പ്രശംസനീയമായ കാര്യങ്ങൾ അവതരിപ്പിക്കും, ജിന്നുകളിലെ ഒരംഗം അവക്കുള്ള എതിർവാദം ചൂണ്ടിക്കാണിക്കും, ഇതായിരുന്നു വാദത്തിന്റെ ഘടന. മനുഷ്യരുടെയും മൃഗങ്ങളുടെയും വാക്കുകളിലൂടെ യാഥാസ്ഥിതിക സമൂഹത്തിന് സ്വീകാര്യമല്ലാത്ത കാഴ്ചപ്പാടുകളും വിമർശനങ്ങളും ഈ വാദങ്ങളിലൂടെ ഇഖ്‌വാൻ അവതരിപ്പിക്കുന്നുണ്ട്.
തങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കാൻ മുന്നോട്ട് വന്ന ഗ്രീക്ക് വംശജൻ സ്വാഭാവിക സദ്ഗുണം, മനശക്തി, വിവേചന ബുദ്ധി എന്നീ ഗുണങ്ങളും വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, മെറ്റാഫിസിക്‌സ് തുടങ്ങിയ ശാസ്ത്രങ്ങളിലും, കലകളിലുമുള്ള ആഴത്തിലുള്ള അറിവും മൂലമാണ് ദൈവം തന്റെ വംശത്തെ രാജാക്കന്മാരാക്കിയത് എന്ന് പൊങ്ങച്ചം പറഞ്ഞു. ഇതുകേട്ട ജിന്നുകളിലൊരാൾ ഇസ്രായേല്യരുടെയും, ഈജിപ്തുകാരുടെയും ജ്ഞാനം സ്വന്തം ദേശത്തേക്ക് പറിച്ചുനട്ടതിന് ശേഷം അതിന്റെയെല്ലാം ക്രെഡിറ്റ് സ്വയം അവകാശപ്പെട്ടില്ലാരുന്നെങ്കിൽ ഈ കാര്യങ്ങളെല്ലാം ഗ്രീക്കുകാർ നേടിയെടുക്കുമായിരുന്നോ എന്ന് മറുചോദ്യമുന്നയിച്ചു. ഗ്രീക്ക് ജ്ഞാനത്തിന്റെ നിരാകരണത്തേക്കാൾ ജ്ഞാനവുമായി ബന്ധപ്പെട്ട അധീശ വ്യവഹാരങ്ങൾക്കെതിരെയുള്ള, ഗ്രീക്ക് ജ്ഞാനവും മറ്റുള്ളവരിൽ നിന്നും കടംകൊണ്ട് തന്നെയാണ് വികാസം പ്രാപിക്കുന്നത് എന്ന, ഉത്തരാധുനിക വിമർശനത്തെ ഓർമിപ്പിക്കുന്ന വാദമാണിത്.
ചർച്ച തുടർന്ന് മൃഗങ്ങളുടെ പ്രതിനിധികളിലേക്ക് തിരിഞ്ഞു. പ്രാണികളെ പ്രതിനിധീകരിച്ചുകൊണ്ട് തേനീച്ച, മനുഷ്യർക്ക് മാത്രമേ വഴി കണ്ടെത്താനും, സ്വയം ഭരണത്തിനുമുള്ള കഴിവും, ശാസ്ത്രവും, അറിവും, ചിന്തയും, വിധികളുമുള്ളത് എന്ന അനുമാനത്തെ എതിർതുകൊണ്ട് മുന്നോട്ടുവന്നു. ഈ മേഖലകളിലെല്ലാം തങ്ങൾക്കുള്ള കഴിവ് കൂടുതൽ കൃത്യതയുള്ളതാണ് എന്ന് തേനീച്ച വാദിച്ചു. ഖുർആൻ 16:68-ൽ തേനീച്ചയ്ക്ക് നൽകിയിട്ടുള്ള ദൈവിക പ്രചോദനത്തെ കുറിച്ച് വിശദീകരിച്ചതിന് ശേഷം ഉറുമ്പുകൾ, പട്ടുനൂൽ പുഴുക്കൾ തുടങ്ങിയ കൂട്ടംകൂടിയ ജീവികളുടെ സാമൂഹിക സംഘാടനത്തെക്കുറിച്ചും, കഠിനാധ്വാനത്തെക്കുറിച്ചും തേനീച്ച സംസാരിച്ചു. കൂടാതെ, ജ്യാമിതീയ കലകളിലുള്ള വൈദഗ്ധ്യവും അറിവും കൊണ്ട് ദൈവം തേനീച്ചകളെ അനുഗ്രഹിച്ചിരിക്കുന്നു, അവ സ്വന്തം വാസസ്ഥലങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു. പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും ശേഖരിച്ച് മനുഷ്യരാശിക്ക് രോഗശാന്തി നൽകുന്ന തേൻ നിർമിക്കാനുള്ള കഴിവ് കൂടാതെ, രൂപം, രീതി എന്നിവയുടെ സൗന്ദര്യം, ജീവിതരീതിയുടെ മികവ് എന്നിവ “ചിന്തിക്കുന്നവർക്ക് ഒരു അടയാളമായി മാറുന്നു”, തേനീച്ച പറഞ്ഞുവെച്ചു.
പഴത്തിന്റെ പുറംതൊലിക്ക് പകരം അകക്കാമ്പ്, പാകം ചെയ്ത പലതരം ഭക്ഷണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണം കഴിക്കാനുള്ള കഴിവ് തങ്ങളുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത് എന്ന മനുഷ്യരുടെ വാദത്തിന് മറുപടിയായി, മനുഷ്യർക്ക് ഭക്ഷണം കഴിക്കാൻ അവരുടെ ഭാഗത്ത് നിന്നും വലിയ അധ്വാനം ആവശ്യമാണ് എന്നും അതേസമയം മൃഗങ്ങൾക്ക് ഭക്ഷണം സംഭരിക്കുന്നത് “ശരീരത്തിന് അധ്വാനമോ, ആത്മാവിന് ക്ഷീണമോ, മനോവീര്യത്തിന് ഇടിവോ ഇല്ലാതെയാണ്”, വാനമ്പാടി പറഞ്ഞു. എന്ന് മാത്രമല്ല ഭക്ഷണത്തിലെ അശ്രദ്ധ മൂലം മനുഷ്യർ നേരിടുന്ന രോഗങ്ങൾ മൃഗങ്ങൾ അനുഭവിക്കുന്നില്ല. പലപ്പോഴും മനുഷ്യനുമായുള്ള സമ്പർക്കത്തിന്റെ ഫലമായാണ് മൃഗങ്ങളിൽ രോഗം വരുന്നത്.
ഇറാഖിൽ നിന്നുള്ള ഒരു ഹീബ്രു എന്ന് പരിചയപ്പെടുത്തിയ ഒരാൾ, മനുഷ്യരുടെ ശ്രേഷ്ഠത പ്രവാചകത്വവും ദൈവിക നിയമങ്ങളും, ശുദ്ധീകരണവും, പ്രാർത്ഥനയും കൊണ്ട് ദൈവം മനുഷ്യനെ അനുഗ്രഹീതരാക്കിയതുകൊണ്ടാണ് എന്ന വാദം മുന്നോട്ടുവെച്ചു. അതെല്ലാം തെറ്റായ വഴിയിലേക്ക് പോവുകയും, ദൈവത്തോട് തർക്കിക്കുകയും, അവന്റെ അനുഗ്രഹങ്ങളെ വിസ്മരിക്കുകയും, ദൈവ സ്മരണയെ അവഗണിക്കുകയും, അവനുമായുള്ള ഉടമ്പടി മറക്കുകയും ചെയ്യുന്നതുകൊണ്ടാണ് മനുഷ്യർക്ക് ആവശ്യമായി വരുന്നത് എന്ന് രാപ്പാടി മറുപടി നൽകി. നേരെമറിച്ച് “മൃഗങ്ങൾ ഇവയിൽ നിന്നെല്ലാം സ്വതന്ത്രരാണ്, കാരണം ഞങ്ങൾ ദൈവത്തെ അംഗീകരിക്കുകയും, അവനിൽ വിശ്വസിക്കുകയും, അവനു കീഴടങ്ങുകയും, സംശയമോ മടിയോ കൂടാതെ അവന്റെ ഏകത്വം പ്രഖ്യാപിക്കുകയും ചെയ്യുന്നു”. തുടർന്ന് മനുഷ്യരിൽ നിന്നും മൃഗങ്ങൾക്കും, മനുഷ്യർക്ക് തന്നെയും (പലപ്പോഴും നല്ല മനുഷ്യർ ജീവിക്കാനാകാതെ മൃഗങ്ങൾ മാത്രമുള്ള സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നു) നേരിടേണ്ടിവരുന്ന ക്രൂരതകൾ രാജാവിന് മുന്നിൽ വിശദീകരിക്കപ്പെട്ടു. ഇത്രയുമായപ്പോൾ സദസ്സിലുണ്ടായിരുന്ന മനുഷ്യരുടെ തല ലജ്ജകൊണ്ട് താഴ്ന്നുപോയി.
മൃഗങ്ങളെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും സംഘടനത്തെക്കുറിച്ചും തങ്ങൾക്കുള്ള അറിവുകൾ വെച്ച് മനുഷ്യർക്ക് അഭിമാനിക്കാനോ മൃഗങ്ങളുടെ മേലുള്ള ശ്രേഷ്ഠതയോ, അവയുടെ മേലുള്ള ആധിപത്യത്തെയും, അടിമത്വത്തെയും പ്രതിരോധിക്കാനുതകുന്ന അവകാശവാദങ്ങളോ അധികമൊന്നുമില്ലെന്ന് ഇഖ്‌വാൻ കാണിച്ചുതരുന്നുണ്ട്. ദൈവിക പ്രചോദനം, ഉയർന്ന ധാർമിക സദ്ഗുണങ്ങൾ, ദൈവിക സ്തുതിഗീതങ്ങൾ, കൃതജ്ഞതാ പ്രാർത്ഥനകൾ, മനുഷ്യർക്കും പ്രവാചകന്മാർക്കും ഉള്ള സഹായം എന്നിവയിൽ മൃഗങ്ങൾ വീണ്ടും ഉയർന്ന സ്ഥാനം നേടുന്നു, അതേസമയം അവഗണന, തീരുമാനങ്ങളിലെ പിഴവ്, തിന്മകൾ ചെയ്യുക, അത്യാർത്തി തുടങ്ങി എല്ലാ കാര്യങ്ങളിലും മനുഷ്യർ കുറ്റക്കാരാണ്. മൃഗങ്ങൾക്കനുകൂലമായ വാദങ്ങളാണ് പലപ്പോഴും കോടതിയിൽ മേൽക്കൈ നേടുന്നത്.
മനുഷ്യർ കേസ് തോൽക്കുമെന്ന ഘട്ടമായപ്പോൾ ഹിജാസിൽ നിന്നുള്ള ഒരു മനുഷ്യൻ മുന്നോട് വന്ന് ദൈവിക വാഗ്ദാനത്തെക്കുറിച്ച് സദസ്സിനെ ഓർമിപ്പിച്ചു: എല്ലാ സൃഷ്ടികളിൽ വെച്ച് മനുഷ്യർ മാത്രമായിരിക്കും ന്യായവിധിയുടെ നാളിൽ ഉയിർത്തെഴുന്നേൽക്കുകയും വിധി നടപ്പിലാക്കപ്പെടുകയും ചെയ്യുക. “അത് ശരിയല്ല”, മൃഗങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു, “നിങ്ങൾ [മനുഷ്യർ] സ്വർഗത്തിലേക്ക് പോകുന്നത് പോലെ നരകത്തിലേക്കും പോകും” അവ ഒച്ചവെച്ചു. “രണ്ടായാലും” ഹിജാസി പറഞ്ഞു, ”ഞങ്ങൾ… ശാശ്വതരായി മരണമില്ലാത്ത ജീവിക്കും”.
കേസിന്റെ വാദം അതോടെ അവസാനിച്ചു. ജിന്നുകളുടെ രാജാവ് വിധി പ്രസ്താവമാരംഭിച്ചു: ”എല്ലാ മൃഗങ്ങളും മനുഷ്യരുടെ കൽപ്പനകൾക്കും വിലക്കുകൾക്കും വിധേയരാകുകയും മനുഷ്യർക്ക് കീഴ്പ്പെടുകയും അവരുടെ നിർദ്ദേശങ്ങൾ തൃപ്തിയോടെ സ്വീകരിക്കുകയും ദൈവത്തിന്റെ സംരക്ഷണത്തിൽ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും മടങ്ങുകയും ചെയ്യണം”. ഇതായിരുന്നു കോടതിയുടെ തീരുമാനം. മൃഗങ്ങളില്ലാതെ മനുഷ്യൻ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് പ്രായോഗികമായ ഉത്തരം ജിന്നുകളുടെ കൂടിയാലോചനക്ക് നല്കാൻ കഴിയാത്തതിൽ തന്നെ വിധി എങ്ങനെയായിരിക്കുമെന്ന സൂചനയുണ്ട്. “ഭൂമിയിൽ ഉള്ള ജീവികളും രണ്ടു ചിറകുകൾ കൊണ്ട് പറക്കുന്ന പക്ഷികളുമെല്ലാം നിങ്ങളെപ്പോലെയുള്ള സമുദായങ്ങൾ തന്നെയാണ്. കിതാബിൽ ഒരു വക വീഴ്‌ചയും നാം വരുത്തിയിട്ടില്ല. അനന്തരം അവരുടെ രക്ഷിതാവിങ്കലേക്കു തന്നെയാണ് അവരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്” എന്ന ഖുർആൻ വചനം (6:38) ഇഖ്‌വാന് പരിചിതമായിരിക്കണം. ഇത് മനുഷ്യരെപ്പോലെ മൃഗങ്ങളും രക്ഷിതാവിലേക്ക് ഉയിർത്തെഴുന്നേഴുന്നേൽക്കും എന്ന് സൂചിപ്പിക്കുന്നുണ്ട്.
ദൈവത്തിന്റെ സൃഷ്ടികളോടുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് മനുഷ്യർക്ക് ബോധ്യപ്പെടുകയും, മൃഗങ്ങളോട് കൂടുതൽ നന്നായി പെരുമാറണമെന്ന് അവർ വാഗ്‌ദാനം ചെയ്യാൻ തീരുമാനിക്കുകയും, മൃഗങ്ങൾ മറ്റു ജീവികളുമായുള്ള പരസ്പരാശ്രിതത്വം തിരിച്ചറിയുകയും ചെയ്യുന്നതോടെ രചനയുടെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടുന്നുണ്ട് എന്ന് തോന്നാമെങ്കിലും കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. മനുഷ്യനും മൃഗങ്ങൾക്കുമിടയിലെ തർക്കത്തിൽ മനുഷ്യനായിരിക്കുക എന്നാൽ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന വിഷയത്തെ അഭിമുഖീകരിക്കുകയാണ് ഇഖ്‌വാൻ ചെയ്യുന്നത്. അവിടെ മനുഷ്യനായിത്തീരുക എന്നാൽ ജീവൻ നിലനിർത്തുന്ന പ്രപഞ്ചവുമായി, അതിൽ ആശ്ചര്യം കൊണ്ടും, കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തിയും ഗാഢമായ ബന്ധം നിലനിർത്തുന്ന അവസ്ഥയും, ബോധ്യവുമാണ്.
Featured Image: Humberto Arellano
Comments are closed.