No doubt, there is no society which does not practice some kind of “noso-politics”Michel Foucault
മിഷൽ ഫൂക്കോയും രോഗരാഷ്ട്രീയത്തിന്റെ ചരിത്രവും
മിഷൽ ഫൂക്കോയുടെ ഭാഷയിൽ പറഞ്ഞാൽ രോഗരാഷ്ട്രീയം (ആരോഗ്യത്തിന്റെയും) ഇല്ലാത്ത ഒരു സമൂഹവും ചരിത്രത്തിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. എന്നാൽ എന്താണ് രോഗത്തിന്റെ രാഷ്ട്രീയം എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അതിന് ആരോഗ്യ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ നിന്ന് തന്നെ ആലോചന തുടങ്ങേണ്ടതുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ആരോഗ്യ രാഷ്ട്രീയത്തിന്റെ കാതൽ ആയി ഫൂക്കോ ചൂണ്ടിക്കാണിക്കുന്നത് ‘കുടുംബം’ കേന്ദ്രമാക്കിയുള്ള രോഗപര്യവേക്ഷണ സംവിധാനങ്ങൾക്കും അതോടൊപ്പം ‘വൃത്തി’ ‘ശുചിത്വം’ മുതലായ സങ്കൽപ്പങ്ങൾക്ക് കൈവന്ന പ്രാധാന്യവും ആണ്.
വൈദ്യശാസ്ത്രം എന്നാൽ ഒരിക്കലും കേവലം വൈയക്തികവും സ്വകാര്യവുമായ രോഗചികിത്സാസമ്പ്രദായം മാത്രമായിരുന്നില്ല, മറിച്ച് ചരിത്രത്തിലുടനീളം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങൾ അതിനുണ്ടായിരുന്നു. ഫൂക്കോയുടെ ഭാഷയിൽ: “‘private’ and ‘socialised’ medicine, in their reciprocal support and opposition, both derive from a common global strategy.” അതേസമയം, ‘ആരോഗ്യത്തിന്റെ രാഷ്ട്രീയം’ എന്നതിനെ പതിനെട്ടാം നൂറ്റാണ്ടിന്റെ കണ്ടെത്തൽ ആയി കാണാൻ കഴിയില്ലെങ്കിലും അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ നിയമങ്ങൾക്കും പ്രയോഗങ്ങൾക്കും ആരോഗ്യ രാഷ്ട്രീയത്തിൽ അവിടം മുതൽ തുടക്കം കുറിക്കുകയായിരുന്നു.
ആശുപത്രി കേന്ദ്രീകരിചുള്ള രോഗചികിത്സയിൽ നിന്നും മാറി വീടുകൾ തന്നെ ആശുപത്രികൾ ആയി പരിണമിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ ആണ്. എന്നാൽ ഒരു വൈരുദ്ധ്യമെന്നോണം, ‘കോട്ടിട്ട ദൈവങ്ങളുടെ’ (god[s] in white coat) സ്ഥാനത്ത് നിന്ന് ആ കാലഘട്ടത്തിലും ഡോക്ടർമാർക്ക് ഇളക്കം തട്ടിയതുമില്ല. പൊതുജനങ്ങൾക്ക് ‘ശുചിത്വസംബന്ധിയായ’ തങ്ങളുടെ ‘വിലപ്പെട്ട’ ഉപദേശങ്ങൾ നൽകുന്നതിലൂടെ ഡോക്ടർമാർ അവരുടെ സമൂഹ്യപദവിക്ക് കോട്ടം തട്ടാതെ ആ ഘട്ടത്തിലും നിലനിർത്തി. യഥാർത്ഥത്തിൽ, ‘ഡീ ഹോസ്പിറ്റലൈസേഷൻ’ എന്ന ഒരു പ്രതിഭാസത്തെയാണ് പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പ് നേരിട്ടത്. അതായത് ആശുപത്രികൾ പൂർണ്ണമായും മാഞ്ഞുപോവുകയായിരുന്നില്ല, മറിച്ച് ഇരുണ്ടപ്രദേശങ്ങളായി (dark zone) അടയാളപ്പെടുത്തപ്പെടുകയാണ് ആ ഘട്ടത്തിൽ സംഭവിച്ചത്. അതിനാൽ ‘കൊറോണ‘ (കോവിഡ്-19) കാരണം അമേരിക്കയും, സ്പെയിനും, ഇറ്റലിയും ഭാഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ ലോകത്താകെയുള്ള ഭരണകൂടങ്ങൾ കർശനനിയന്ത്രങ്ങളും നിരീക്ഷണസംവിധാനകളും എങ്ങനെ സ്ഥാപിക്കുന്നു എന്ന ‘പൊതുജനാരോഗ്യത്തിന്റെ’ കണ്ണിലൂടെ വ്യക്തിസ്വാതന്ത്ര്യത്തെ കാണുക എന്നതിലുപരി, ഒരു ലിബറൽ സമൂഹത്തിൽ ‘സ്വാതന്ത്ര്യം’ എന്ന സങ്കൽപം തന്നെ എങ്ങനെ ഉപാധികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിമാത്രം സാധ്യമാകുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. കാരണം, സുരക്ഷാ സംവിധാനങ്ങൾ എന്നതിനപ്പുറം അത്തരം നിയന്ത്രണങ്ങൾ ആധുനിക ലിബറൽ ഭരണവൈധഗ്ദ്യത്തിന്റെ പ്രതിസന്ധികളെ കൂടി തുറന്ന് കാണിക്കുന്നുണ്ട്.
ലിബറൽ ആർട് ഓഫ് ഗവണ്മെന്റ്: ശിക്ഷണ സമൂഹവും നിയന്ത്രിത സമൂഹവും
കഴിഞ്ഞവർഷം കോഴിക്കോട് ഉണ്ടായ ‘നിപ്പ‘യുടെ വ്യാപനം, ഇപ്പോൾ ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ‘കൊറോണ’ (കോവിഡ്-19) എന്നിവയുടെ പശ്ചാത്തലത്തിൽ ഭരണകൂടങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഫലപ്രദമായ ‘സാമൂഹ്യ നിയന്ത്രണം’ എങ്ങനെ സാധ്യമാക്കുന്നു എന്നത് മൗലികമായ ഒരന്വേഷണമാണ്. കാരണം, അത്തരം പ്രതിരോധപ്രവർത്തനങ്ങളിലൂടെ രോഗപ്പകർച്ചയുടെ നിയന്ത്രണം ഒരു പരിധിവരെ സാധ്യമാണ് എന്നത് സത്യമായിരിക്കെ തന്നെയും, അത്തരം പര്യവേക്ഷണങ്ങൾക്ക് സ്വമേധയാ വിധേയമാവുക എന്നത് പൗരന്മാരുടെ ‘ധാർമ്മിക’വും ‘നിയമപരവുമാ’യ ബാധ്യതകൂടിയായിമാറുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്.
‘ആരോഗ്യ അടിയന്തിരാവസ്ഥ’യെ മറ്റ് ‘അടിയന്തിരാവസ്ഥ’കളിൽ നിന്നും വ്യത്യസ്‍തമായാണ് പൊതുസമൂഹം സ്വീകരിക്കുന്നത്. “അധികാരം സൂക്ഷമമാകുമ്പോൾ കൂടുതൽ ഫലപ്രദമാകുന്നു” എന്ന് ഫൂക്കോ തന്നെ മറ്റൊരിടത്ത് കുറിച്ചിട്ടുണ്ട്. ഒരു പൊതു ഭീതിയെയും ആരോഗ്യ സുരക്ഷയേയും മുൻനിർത്തി പൗരാവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുക എന്നതാണ് യഥാർത്ഥത്തിൽ ‘ആരോഗ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുമ്പോൾ സംഭവിക്കുന്നത്.
‘വ്യക്തിസ്വാതന്ത്ര്യം ഒരു പൊതുനന്മയെ മുൻനിർത്തി മാത്രം പ്രായോഗികമായ ഒന്നാണെ’ന്ന ലിബറൽ തത്വത്തെ അത് ഒന്നുകൂടെ അരക്കിട്ടുറപ്പിക്കുന്നു. അതായത്, സ്വാതന്ത്ര്യം എന്നത് അവിടെ ഒരു സ്വച്ഛന്ദമായ സങ്കല്പമല്ല, മറിച്ച് ‘സുരക്ഷയുമായുള്ള’ മധ്യസ്ഥിതികമായ ബന്ധത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ്. അതിനെയാണ് ഫൂക്കോ ‘liberal art of goverment‘ എന്ന് വിളിക്കുന്നത്. ജനതയുടെ സ്വാതന്ത്ര്യത്തിന്റെ ഉപഭോഗം കർശന നിയന്ത്രണങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഒരു ഘട്ടമാണത്. ഒരേസമയം ജനങ്ങളോട് അപകടകരമായി ജീവിക്കാനും ഒപ്പം സ്വാതന്ത്ര്യം ആസ്വദിക്കാനും ആഹ്വാനം ചെയ്യുന്നതിലൂടെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അത് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ലാവോയ് സിസക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ‘സുരക്ഷിതമായി സുഖിപ്പിക്കൂ’ (pleasure me safely) എന്നാണ് ആധുനിക ലിബറൽ സാമൂഹികതയുടെ പരസ്യവാചകം. എന്നാൽ കോണ്ടത്തിന്റെ ഉപയോഗത്തെക്കുറിച്ച് “ആർക്കാണ് കോട്ടിട്ട് മഴനനയേണ്ടത്?” എന്ന് ഫലിത രൂപത്തിൽ ചോദിക്കുന്നതിലൂടെ ആധുനിക ലിബറൽ സാമൂഹികതയുടെ താത്വിക പരാജയത്തെ സിസക്ക് തുറന്ന് കാണിക്കുന്നുമുണ്ട്.
ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഘട്ടത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും, പരസ്പര വിനിമയവും പൊതുസ്ഥലങ്ങളുടെ ഉപയോഗവും എല്ലാം കർശനമായ നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമക്കേണ്ടി വരുന്നു. പൗരന്മാർ അവരുടെ യാത്രാവിവരങ്ങൾ അടക്കമുള്ളവ സ്റ്റേറ്റിന് കൈമാറാൻ നിർബന്ധിതരാകുന്നു. എന്നാൽ, അവരിൽ ബഹുഭൂരിപക്ഷവും ‘സ്വാമേധയാ’ അതിന് തയ്യാറാകുന്നു എന്നിടത്താണ് ‘liberal art of goverment’ കൂടുതൽ ഫലപ്രദമാകുന്നത്. അത്തരം ആന്തരികവൽക്കരിച്ചിരിക്കുന്ന നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും ആദ്യ മാതൃക യെറമി ബെന്താമിന്റെ Panopticon ആണെന്ന് കാണാം. എണ്ണത്തിൽ ചുരുങ്ങിയ മനുഷ്യർ എങ്ങനെ എണ്ണത്തിൽ കവിഞ്ഞ ഒരു സമൂഹത്തെ മുഴുവൻ നിരീക്ഷണ വിധേയമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് Panopticon. ആധുനിക ദേശരാഷ്ട്രങ്ങളിലെ ജയിലുകളും സ്കൂളുകളും ഫാക്ടറികളും മാത്രമല്ല, പൊതുജനാരോഗ്യ സംവിധാനങ്ങളും ‘രോഗസാധ്യത’ ഉള്ളവരെ കണ്ടെത്തുകയും തരംതിരിക്കുകയും മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നത് ഒക്കെയും ഒരു പരിധിവരെ ആ മാതൃകയിൽ തന്നെയാണ്.
രോഗസാധ്യത ഉള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ നിലനിർത്തുമ്പോൾ അതുകൊണ്ടുള്ള നേട്ടങ്ങൾ പലതാണ്. രോഗി വീട്ടുകാരുടെ സഹായത്തോടെ സ്വയം നിരീക്ഷണ വിധേയൻ ആകുന്നതും അതിന്റെ സാമ്പത്തികമായ നേട്ടങ്ങളുമാണ് ‘വീട്ടിൽ മാറ്റിപ്പർപ്പിക്കുന്ന’തിന്റെ ഏറ്റവും പ്രധാന സവിശേഷത. ഫൂക്കോയുടെ ഭാഷയിൽ: “each family will be enabled to function as a small, temporary, individual and inexpensive hospital.”
മധ്യകാലഘട്ടത്തിൽ കുഷ്ഠരോഗികളെ സമൂഹത്തിലെ മറ്റുവിഭാഗങ്ങളുമായി ഇടപഴകാൻ അനുവദിക്കാതെ ഭ്രഷ്ട് കല്പിച്ചു മാറ്റിനിർത്തിയിരുന്നു. അവിടെ രോഗിയും/രോഗമില്ലാത്തവരും എന്ന വിഭജനം മാത്രമായിരുന്നില്ല, മറിച്ച് സാമൂഹ്യ ശരീരത്തിൽ നിന്നും അശുദ്ധമായതിനെ ഇല്ലാതാക്കി ശുദ്ധിവരുത്തുക എന്നതിനുകൂടിയായിരുന്നു പ്രാമുഖ്യം. അത് നിയമത്തിന്റെയും നിയന്ത്രണത്തിന്റെയും ആചാരങ്ങളുടെയും വ്യവഹാരികമായ കൂട്ട് ഇടപെടലുകളിലൂടെയായിരുന്നു സാധ്യമാക്കിയിരുന്നത്. എന്നാൽ മധ്യകാലത്തിന്റെ അവസാനത്തോടെ പ്ലേഗ് നിയന്ത്രിക്കാൻ തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു ലോകം ഉപയോഗിച്ചിരുന്നത്. അതിന്റെ ലക്ഷ്യങ്ങളും ആയുധങ്ങളും തന്നെ വ്യത്യസ്ഥമായിരുന്നു. അതിൽ പ്രധാനം പ്ലേഗ് ബാധിത പ്രദേശങ്ങൾ മറ്റുഭാഗങ്ങളിൽ നിന്നും വേർതിരിക്കലും ജനങ്ങൾ എപ്പോൾ പുറത്തിറങ്ങണം, എന്ത് ഭക്ഷണം കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം, എപ്പോൾ പരിശോധകർക്ക് മുമ്പിൽ ഹാജരാകണം തുടങ്ങിയവയൊക്കെ നിർണ്ണയിക്കലുമായിരുന്നു. തന്റെ യാത്രാവിവരണമായ ‘രിഹ്ല’യിൽ 1348ൽ ദമസ്കസിലെത്തിയപ്പോൾ താൻ കണ്ട കാഴ്ച്ചകളിൽ ഇബ്നു ബത്തൂത്ത, ദമസ്കസിലെ ജനനങ്ങളോട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാതിരിക്കാനും, ഭരണകൂടം വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാനും, വീടുകളിൽ അടങ്ങി കഴിയാനും അന്നത്തെ മംലൂക്ക് ഭരണകൂടം കല്പിച്ചിരുന്നതായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ വസൂരിയുടെ വ്യാപനത്തോടെയും പ്രതിരോധ ചികിത്സയുടെ വരവോടെയും ചികിത്സാ രീതികളും നിയന്ത്രണ സംവിധാനങ്ങളും വീണ്ടും മാറി. ഒരു ശിക്ഷണവ്യവസ്ഥയിൽ (disciplinary system) നിന്നും മാറി രോഗബാധിതരുടെ പേര് വിവരങ്ങൾ, വയസ്സ്, എണ്ണം, കുത്തിവെപ്പെടുത്ത ശേഷം രോഗം ബാധിച്ചവരുടെ എണ്ണം, മരണനിരക്ക്, രോഗശേഷമുള്ള സ്ഥിതി മുതലായ ‘സ്ഥിതിവിവര കണക്കുകൾക്കായി’ ആ ഘട്ടത്തിൽ രോഗ നിയന്ത്രണത്തിൽ പ്രാധാന്യം. കുഷ്ഠരോഗികൾക്ക് ഭ്രഷ്ട് കല്പിക്കുകയും (exclusion), പ്ലേഗ് ബാധിച്ചവരെ മാറ്റിപ്പാർപ്പിച്ച് ചികിത്സ നൽകുകയും ആയിരുന്നുവെങ്കിൽ (quarantine), പതിനെട്ടാം നൂറ്റാണ്ടോട് കൂടി സംക്രമികരോഗ നിയന്ത്രണത്തിന് വിപുലമായ പദ്ധതികൾ നടപ്പിൽ വരുത്തുകയായിരുന്നു.
അതിനോടനുബന്ധമായാണ് പകർച്ചവ്യാധി നിയന്ത്രണ പരിപാടികളെയും അതിനോട് അനുബന്ധമായ ‘വിവരശേഖരണത്തെയും’ മനസ്സിലാക്കേണ്ടത്. അത് ഫൂക്കോ വിശദീകരിക്കുന്ന ‘അച്ചടക്ക സമൂഹത്തിൽ’ (disciplinary society) നിന്നും ദില്യൂസിയൻ പരികല്പനയായ ‘നിയന്ത്രിത സമൂഹ‘ത്തിലേക്കുളള (controlled society) മാറ്റത്തെകൂടിയാണ് അടയാളപ്പെടുത്തുന്നത്. അച്ചടക്ക സമൂഹം ശിക്ഷണ നടപടികൾക്കാണ് പ്രാമുഖ്യം നൽകിയിരുന്നതെങ്കിൽ, നിയന്ത്രിത സമൂഹം കോഡുകൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു നിയന്ത്രിത സമൂഹത്തിൽ അച്ചടക്ക സമൂഹത്തിലെന്ന പോലെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള അനുക്രമമായ വികാസമല്ല (വീട്-സ്കൂൾ-കോളേജ്-ഫാക്ടറി) മറിച്ച് അത്തരം വിവിധ മാതൃകകൾ തമ്മിൽ സഹവർത്തിക്കുന്ന ഒരു സങ്കീർണ്ണ സംവിധാനമാണ് നിലനിൽക്കുന്നത്.
ഹിംസാത്മക സമാധാനം: ബയോ പൊളിറ്റിക്‌സും ഇൻഫ്രാ ഗവണ്മെന്റും
അധികാരം മനുഷ്യ വംശത്തെ തന്നെ ഉന്നം വെക്കുന്നതിനെയാണ് ഫൂക്കോ ‘ജൈവ രാഷ്ട്രീയം’ (bio politics) എന്ന് വിളിക്കുന്നത്. ജീവനും/ജീവിതവും അവിടെ പ്രധാനമാകുന്നു. കേരളത്തിൽ ഇന്ന് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പകർച്ചവ്യാധി/പകർച്ചേതരവ്യാധികളുടെ നിയന്ത്രണം ‘ശീലവൽകൃത ആരോഗ്യ’ത്തിൽ ഊന്നിക്കൊണ്ടാണ്. അതായത് ‘ബോധവൽക്കരണം’ എന്നതിലുപരി മനുഷ്യരുടെ ശീലങ്ങളെ പരിവർത്തിപ്പിക്കുന്നതിനാണ് അവിടെ മുൻഗണന. ബ്രയാൻ മസ്സുമി ‘Infra’ എന്ന പ്രിഫിക്സ് കൊണ്ടർത്ഥമാക്കുന്നത്, ‘രൂപമെടുക്കുന്നതിൽ ഇടപെടുക’ എന്നാണ്. അപ്പോൾ, ഇവിടെ കേരളത്തിൽ മനുഷ്യരുടെ ശീലങ്ങളെ ക്രമീകരിക്കുകയും അതിൽ ഇടപെടുകയുമാണ് ഗവണ്മെന്റ് (ആരോഗ്യ വകുപ്പ്) ചെയ്യുന്നത്. അതുവഴി ആരോഗ്യ വിഷയങ്ങളിൽ ഒരു infra-government ആയി പരിവർത്തനപ്പെടുകയാണ് ഭരണകൂടം ചെയ്യുന്നത്. അധികാരത്തിന്റെ അത്തരം മൂർദ്ധന്യാവസ്ഥയെ ‘ontopower‘ എന്നാണ് മസ്സുമി വിളിക്കുന്നത്. മസ്സുമി എഴുതുന്നു:
modulating or manipulating what comes of this level constitutes an extreme form of power: the power to bring to be; the power to make become; the power to harness qualitative transformation. I call it onto power.
കേരളത്തിൽ ലോകബാങ്കിന്റെ സഹായത്തോടെ 2018 ജനുവരി 26ന് തുടക്കം കുറിച്ച ഇ-ഹെൽത്ത് പദ്ധതിയുടെ വരവോടെ രോഗപ്രതിരോധ സംവിധാനങ്ങളും പര്യവേക്ഷണവും ഒന്നുകൂടെ സൂക്ഷ്മവും സമഗ്രവുമാവുകയാണ് ചെയ്തത്. കാരണം ‘പഴുതടച്ച രോഗപ്രതിരോധ സംവിധ’ത്തിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ‘പഴുതടച്ച നിരീക്ഷണം’ അനിവാര്യമായിരുന്നു. അതിലൂടെ ‘ആധാർ-അധിഷ്ഠിത’വിവരശേഖരണത്തിന്റെയും ജിയോപൊസിഷനിങ് സാറ്റ്ലൈറ്റ് സംവിധത്തിന്റെയും (GPS) സഹായത്തോടെ വ്യക്തിയെയും ഇടത്തെയും അടയാളപ്പെടുത്തുകയും, ‘വിവരങ്ങൾ’ (EHR-Electronic Health Records) ഒരു കേന്ദ്രീകൃത സെർവറിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. പൗരന്മാരുടെ അളവറ്റ ബയോമെട്രിക് ജനിതക വിവരങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന ഭരണകൂടങ്ങളുടെ ശക്തിയെകുറിച്ചു ജിയോർജ്ജിയോ അഗമ്പനെപ്പോലുള്ള ചിന്തകർ എഴുതിയിട്ടുണ്ട്. എന്നാൽ അതോടൊപ്പം കോടിക്കണക്കിന് മനുഷ്യരുടെ വിവരങ്ങൾ ചോർന്നുപോകാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത പലകോണുകളിൽ നിന്നും ഇതിനോടകം ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് അത് ശത്രുപക്ഷത്ത് സ്ഥാപിച്ചിരിക്കുന്ന സ്വന്തം പൗരന്മാരുടെ ഉന്മൂലനത്തിന് പോലും അത്തരം വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഇവിടെ സർക്കാർ പര്യവേക്ഷണസംവിധാനവുമായി സഹകരിക്കാത്തവർ ‘കുറ്റവാളികൾ’ കൂടിയായി മാറുമ്പോൾ അതിന് പുതിയ മാനം കൈവരിക്കുകയാണ്. “രോഗസാധ്യതയുള്ളയാൾ” സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷക്കും ‘ഭീഷണി’യായത് കൊണ്ടുതന്നെ അത്തരം നിരീക്ഷണസംവിധാനങ്ങൾക്ക് കീഴ്പ്പെടേണ്ടത് പൗരന്മാരുടെ നിയമപരവും ധാർമ്മികവുമായ ഒരു ബാധ്യത കൂടിയായി മാറുന്നു. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്സിന്റെ (EHR) സഹായത്തോടെ ‘patient tracking’ (രോഗ വിവരങ്ങൾ, പാരമ്പര്യം, സാമ്പത്തികസ്ഥിതി, ജാതി, മതം തുടങ്ങിയ വിവരങ്ങൾ) മാത്രമല്ല GPS സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ ‘പ്രദേശം’ (location) അടക്കം മനസ്സിലാക്കാനും അവശ്യഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്ക് ‘മുന്നറിയിപ്പ്’ നൽകാനും അതുവഴി സാധിക്കും.
പതിനെട്ടാം നൂറ്റാണ്ടിൽ ‘പോലീസ്’ (police) എന്ന വാക്കിന് തികച്ചും വ്യത്യസ്ത അർത്ഥമാണ് ഉണ്ടായിരുന്നത് എന്ന് ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാനപാലനം മാത്രമായിരുന്നില്ല മറിച്ച് ആരോഗ്യവും ശുചിത്വവും പോലീസിന്റെ കർത്തവ്യങ്ങളിൽ ആ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ക്രമേണ ‘noso-politics’ന്റെ വളർച്ചയോടെ ആരോഗ്യസംബന്ധമായ പര്യവേക്ഷണങ്ങൾ ‘medical police’ ഏറ്റെടുക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ പോലുള്ള രോഗങ്ങളുടെ വ്യാപനം തടയുന്നതടക്കമുള്ള നടപടികളിൽ പോലീസിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും അടക്കം സേവനം ഉപയോഗപ്പെടുത്തുമ്പോൾ ‘surveillance’ ‘policing’ എന്നിവക്കിടയിലുള്ള അകലം കുറഞ്ഞുവരുന്നതായി കാണാം.
ഈയിടെ കേരളത്തിൽ ആരോഗ്യവകുപ്പ്, ശ്രീ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ (AMCHSS) സങ്കേതിക സഹായത്തോടെ നടത്തിയ ജീവിതശൈലി രോഗനിയന്ത്രണ സർവേയായ ‘കിരൺ’ കേരളത്തിലാകമാനം 10 ലക്ഷം മനുഷ്യരിലും 2.5 ലക്ഷം വീടുകളിലുമായി നടത്തിയ ഒന്നാണ്. സർവേയിലൂടെ ഓരോ വ്യക്തിയുടെയും ‘ജീവിതശൈലി’യാണ് പഠനവിധേയമാക്കിയത്. അതായത് പൊതുജനാരോഗ്യരംഗം ജനതയുടെ ‘ജീവിതത്തിൽ’ തന്നെ നേരിട്ട് ഇടപെടുകയും അതിനെ ‘മോഡുലേറ്റ്’ ചെയ്യുകയുമാണ് അവിടെ സംഭവിച്ചത്.
പൗരശരീരത്തിൽ നടത്തുന്ന ‘കടന്നു കയറ്റങ്ങളുടെ’ പേരിൽ പൊതുജനാരോഗ്യരംഗം പലപ്പോഴായി വിമർശനവിധേയമായിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം, AIDS പ്രതിരോധ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ മുതലായവയെല്ലാം പലകോണുകളിൽ നിന്നും വിമർശനങ്ങളെയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അതിലെല്ലാം മറുപക്ഷം ഉയർത്തുന്നത് ‘വ്യക്തി സ്വാതന്ത്ര്യം’ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന മഹാരാഷ്ട്രയിൽ ‘കോവിഡ് നിരീക്ഷണത്തിൽ ഇരിക്കുന്നവരെ തിരിച്ചറിയാൻ അവരുടെ ‘ദേഹത്തിൽ’ ‘ക്വാറൻറൈൻ സീലുകൾ’ പതിപ്പിക്കുന്നു എന്ന വാർത്തയും കേരളത്തിൽ ‘പോലീസിന്റെ’ സഹായത്തോടെ കൊറോണ നിരീക്ഷണവുമായി സഹകരിക്കാത്തവരുടെ പേരിൽ തടവുശിക്ഷ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നു എന്നതും അത്തരം സാമൂഹിക സംരക്ഷണ മാതൃകകളുടെ പ്രത്യയശാസ്ത്ര രൂപങ്ങളാണ്. കാരണം സിസക്ക് പറയുന്നത് പോലെ, അത്തരം നടപടികളെല്ലാം തന്നെ ‘പ്രത്യയശാസ്ത്ര’ങ്ങളെ പോലെ വലിയ ‘പൊതുജനസ്വീകാര്യത’ ഉള്ളതുകൊണ്ട് കൂടിയാണ് ഭരണകൂടത്തിന് നടപ്പിൽ വരുത്താൻ സാധിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിനും അനുബന്ധ രോഗപ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾക്കും അനുകൂലമോ പ്രതികൂലമോ ആയ ഒരു നിലപാട് സ്വീകരിക്കൽ അല്ല ഈ എഴുത്തിന്റെ ലക്ഷ്യം. കാരണം അത്തരം പര്യവേക്ഷണങ്ങളിലൂടെ പകർച്ചവ്യാധികളുടെയും പകർച്ചേതരവ്യാധികളുമൊക്കെ വ്യാപനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം. എന്നാൽ, “എന്ത് എന്നതോളം പ്രധാനമാണ് ‘എങ്ങനെ’ എന്നതും” എന്നതിന്റെ ഒരു വിശകലനമാണ് ഈ ലേഖനം. ‘ആരോഗ്യം’ ‘സുരക്ഷ’ ‘സാമാധാനം’ എന്നിവയെല്ലാം സാധ്യമാകുന്നത് കണിശമായ നിയന്ത്രണങ്ങളിലൂടെയും ഹിംസാത്മകമായ ഇടപെടലുകളിലൂടെയുമാണെന്ന തത്വം രോഗസംരക്ഷണ-രോഗപ്രതിരോധ തിരക്കുകൾക്കിടയിൽ പൊതുജനം മറന്നുപോകരുത് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പ്.
ഭരണകൂടപ്പേടി (State Phobia)യെക്കുറിച്ചു വിശദീകരിക്കുന്നിടത്ത് ഫൂക്കോ കലാചരിത്രകാരനായ ബെർണാഡ് ബെറെൻസണെ ഉദ്ധരിക്കുന്നുണ്ട്: “ദൈവത്തിനറിയാം ഒരു ആറ്റംബോംബ് പൊട്ടി ലോകം മുഴുവൻ തരിപ്പണമാകുന്നത് ഞാൻ എത്ര ഭയക്കുന്നു എന്ന്, അത്രയും ഞാൻ ഭയക്കുന്ന ഒന്ന് മാനവരാശിയെത്തന്നെ ഭരണകൂടങ്ങൾ കീഴടക്കുന്നതാണ്.” തന്റെ നൂറാം വയസ്സിൽ മരണത്തെ മുഖാമുഖം നോക്കിയിരിക്കുമ്പോൾ ബെറെൻൺ പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. അപ്പോൾ, അതിനെയെല്ലാം മുൻനിർത്തി ഫൂക്കോ ആവർത്തിച്ചു പറയുന്ന ‘liberal art of government’ എന്നത് പകർച്ചവ്യാധി കാലങ്ങളിലാണ് അതിന്റെ ഏറ്റവും മൂർത്തവും പ്രകടവുമായ തലം കൈവരിക്കുന്നത്.
Featured Image: Black Death Illustrations
Credit: Serena’s Illustration Blog
Comments are closed.