സാമൂഹ്യ രൂപീകരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ (Intra-Species Social Organization Problem) മനുഷ്യ വംശത്തെ രാഷ്ട്രകൂട മാതൃകയിലേക്കോ (State Model) അല്ലെങ്കിൽ തീർത്തും ‘നോമാഡിക്ക്’ ആയ ഒരു ‘വിധ്വംസക യന്ത്രത്തിലേക്കോ‘ (War Machine) നയിക്കുന്നതായി ദില്യൂസും ഗത്താരിയും സൂചിപ്പിക്കുന്നുണ്ട്. പോൾ പാറ്റൺ ‘War Machine’ എന്നതിനെ ‘രൂപാന്തരീകരണ യന്ത്രം’ (Metamorphosis Machine) എന്നാണ് വിളിക്കുന്നത്. സ്റ്റേറ്റ്, സ്വത്വവും സംഘവും (Band) ആധിപത്യവും ഒക്കെയാണെങ്കിൽ, വിധ്വംസക യന്ത്രം നിരന്തരമായ രൂപാന്തരീകരണമാണ്.

ഭരണകൂടം കെട്ടിവരിയപ്പെട്ട ദൃഢീകരണങ്ങളുടെ (Stratum) ഒരു കണിശ സ്ഥലം ആണ്. അതൊരു രാജകീയ ശാസ്ത്രമാണ് (Royal Science); അതിന്റെ ഏക ശാസനത്തിന് കീഴിൽ മുൻ പറഞ്ഞ കണിശ വിഭജനങ്ങൾ സഹവസിക്കുന്നു. അതിനുമപ്പുറം, ഈ സരേഖീയവും കണിശവുമായ വിഭജനങ്ങൾക്കൊപ്പം ഭരണകൂടത്തിന്റെ ‘ ഭാഷാപരമായ സമഗ്രാധിപത്യ’വും സഹവർത്തിക്കുന്നതായി നമുക്ക് കാണാം.

രണ്ടാമതായി, സ്റ്റേറ്റിന് ഇരട്ട നേതൃത്വമാണുള്ളത്. മാന്ത്രികനായ രാജാവും നിയമഞ്ജനായ പുരോഹിതനും. രാജാവുമായുള്ള ‘കെട്ട്’ – ബന്ധം – ഒരു കർത്തവ്യ ബോധത്തിൽ അധിഷ്ഠിതമാണ്. എങ്കിൽ പുരോഹിതരുമായുള്ളത് ‘സമ്മതിയെ’ (Consent) അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ രണ്ടും കൂടിപ്പിണഞ്ഞാണ് പ്രവർത്തനക്ഷമമാകുന്നത്.

സ്റ്റേറ്റ് മുതലാളിത്ത രൂപം കൈക്കൊള്ളുമ്പോഴാകട്ടെ, ‘അതീതവും’ ‘അതിനിർണ്ണയിക്കുന്നതു’ മായ ഒരു  പ്രകമ്പന കേന്ദ്രം എന്നതിലുപരി മൂലധനത്തിന് മാത്രം കീഴടങ്ങി നിൽക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അതിന് പുരോഹിത വർഗത്താൽ ചുറ്റപ്പെട്ട ഏകാധിപതിയുടെ മുഖമല്ല ഉള്ളത്, മറിച്ച് കമ്പോളത്താൽ വലയം ചെയ്യപ്പെട്ട മൂലധനം തന്നെയാണ് അത്. എന്നിരുന്നാലും ആദ്യം പറഞ്ഞ രാജാവുമായുള്ള മാന്ത്രിക ബന്ധ(ന)വും, പുരോഹിതനുമായുള്ള ഉടമ്പടിയും സമ്മതിയും, നിലനിർത്തുകയും തരം പോലെ അതിനിടയിൽ ചാഞ്ചാടുകയും ഒക്കെ ചെയ്യുന്നു. ഇവിടെ ഓർക്കേണ്ടത് ‘യുദ്ധ യന്ത്രം’ എപ്പോഴും യുദ്ധവുമായി ബന്ധപ്പെട്ട് ആയിരിക്കണമെന്നില്ലെന്നും, ‘നോമാഡിക്ക്’ ആയ ഒരു വിഭാഗം ജനതയെ കുറിക്കുന്നത് അല്ലെന്നതുമാണ്. ‘നോമാഡുകൾ’ എന്നതിൽ ഉപരിയായി ഗ്രീക്ക് തത്വ ചിന്തയോടാണ് ഇതിനു ബന്ധം.

‘നോമാഡിസം’ എന്നതിന്റെ അടയാള വാക്യം യുദ്ധമല്ല. ‘നോമാഡുകൾ’ യുദ്ധം ചെയ്യുന്നുവെങ്കിൽ തന്നെ അത് ജൈവികമല്ലാത്ത ഒരു പുതിയ സമൂഹ്യ ക്രമത്തിലേക്ക്’ എത്തിപ്പെടാനുള്ള ഉപാധി എന്ന നിലയ്ക്കു മാത്രമാണ്. ‘വിധ്വംസക യന്ത്രം’ ‘പലായന പഥത്തോട്’ (Line of Flight) ചേർന്നുള്ള ഒരു രേഖീയ സംവിധാനമായാണ്  D&G (ദില്യൂസും ഗത്താരിയും) നിർവചിക്കുന്നത്. യുദ്ധമല്ല യുദ്ധ യന്ത്രത്തിന്റെ ലക്ഷ്യം, മറിച്ച് ഒരു സ്വച്ഛന്ദ ഇടത്തിന്റെ (Smooth Space) സ്രൃഷ്ടിയും കൈയ്യടക്കലും വ്യപിപ്പിക്കലും ഒക്കെയാകുന്നു. ‘നോമഡിസം‘ എന്നത് യുദ്ധ യന്ത്രത്തിന്റെയും സ്വച്ഛന്ദ സ്ഥലത്തിന്റെയും ഒരുമിക്കൽ ആണ്. ഭരണകൂടത്താൽ സ്വാംശീകരിക്കപെടുമ്പോൾ ‘യുദ്ധം’ യുദ്ധ യന്ത്രത്തിന്റെ ലക്ഷ്യമായി മാറുന്നു. പക്ഷെ ‘യുദ്ധ യന്ത്രം’ മിലിട്ടറി എന്നതിതിലുമേറെ വിപ്ലവാത്മകവും കലാപരവുമാണ്.

‘നോമാഡ്’ എന്നത് ഒരു ഒരു ജനതയെ കുറിക്കുന്ന നാമ രൂപമായും നാമ വിശേഷണമായും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അർത്ഥ ഭേദം ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഗ്രീക്കു തത്വ ചിന്തയിലെ ‘Nomos’ എന്ന പദവുമായുള്ള അതിന്റെ ബന്ധവും അതിന് ‘Polis’ ‘Logos’ എന്നീ വാക്കുകളുമായുള്ള വ്യത്യാസധിഷ്ഠിത ബന്ധവും  ബന്ധവും (Differential Relation) പരാമർശ യോഗ്യമാണെന്നു തോന്നുന്നു. ദില്യൂസും ഗത്താരിയും നോമാഡുകൾ സ്വച്ഛന്ദമായ ഇടങ്ങൾ കയ്യടക്കുകയും വിഹരിക്കുകയും ചെയ്യുന്നതിനെപ്പറ്റി പുറങ്ങളോളം എഴുതുമ്പോഴും അവയുടെ സമൂഹിക ബന്ധങ്ങളുടെ ഈടു വയ്പുകളെ കുറിച്ചു താരതമ്യേന നിശബ്‌ദരാണ്. അത് മനസ്സിലാക്കാൻ നോമാഡ് സയൻസ്, സ്പോർട്സ്, സംഗീതം എന്നിവയിലേക്കു ശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു. ദെല്യൂസ് ശാസ്ത്രവും, നോമഡിക് ശാസ്ത്രവും വേർതിരിക്കുന്നത് പോലെ ശുദ്ധ (ശാസ്ത്രീയ) സംഗീതവും, നോമാഡിക് സംഗീതവും തമ്മിലും വേർതിരിക്കുന്നുണ്ട് (ഉദാഹരണമായി ജാസ് മ്യൂസിക്). എന്നാൽ ഒന്ന് ചിന്തിച്ചു നോക്കൂ, കല്ലാശാരിയുടെ അളവുകോലും എഞ്ചിനീയരുടേതും വ്യത്യസ്ഥ മാണല്ലോ.

നോമാഡ് സയൻസിൽ സാങ്കേതിക തൊഴിൽ വിഭജനങ്ങൾ ഉണ്ട്. പ്രവർത്തിയുടെ വേർതിരിവും സവിശേഷ വൽക്കരണവും (Specialisation) ഒക്കെ അവിടെയും ബാധകമാണ്. പക്ഷെ ഒന്നിനെ മറ്റൊന്നിനുമുകളിൽ സ്ഥാപിക്കുന്ന രാഷ്ട്രീയ വിഭജനം അവിടെയില്ല. ഉദാഹരണമായി കല്ലാശാരിക്കു മുകളിൽ അല്ല അവിടെ ആർക്കിടെക്ട്. റോയൽ സയൻസ് സാങ്കേതികമായ തൊഴിൽ വിഭജനത്തെ രാഷ്ട്രീയമായ ഒന്നായി പരിവർത്തിപ്പിക്കുന്നതിലൂടെ കൂലിയെയും അധികാരത്തെയും പദവിയേയും ഒക്കെ ബാധിക്കുന്ന ഒന്നായി മാറുന്നു.

റോയൽ സയൻസ് ആശയ ഗ്രഹണവും (Conception) അതിന്റെ നിർവഹണവും തമ്മിൽ ഒരു വിടവ് സൂക്ഷിക്കുന്നുണ്ട്. ഒരു കല്ലാശാരിയിൽ ഇതു രണ്ടും ഒരേ സമയം പ്രവർത്ഥന ക്ഷമമാണ്. പക്ഷെ സ്റ്റേറ്റ് അയാളുടെ ബൗദ്ധികമായ പരീക്ഷണങ്ങൾക്കും, സാഹസികതകൾക്കും ഒന്നും ഇടം കൊടുക്കുന്നില്ല, പകരം അവരെ ‘നിർവഹണത്തിലേക്കും’ ‘പുനരുല്പാദനത്തിലേക്കും’ മാത്രമായി ചുരുക്കി ‘ആശ്രിതത്വത്തെ’ നിലനിർത്തുകയാണ് ചെയ്യുന്നത്. ഇതു ശാസ്‌ത്രീയ സംഗീതത്തോട് തുലനം ചെയ്യാവുന്നതാണ്. പാട്ടുകാരി , വിദഗ്ദനായ സംവിധായിക മുൻകൂർ ഒരുക്കിവച്ചതിന്റെ പുനരുല്പാദനം മാത്രമാണ് നടത്തുന്നത്. പക്ഷെ, ജാസ് സംഗീതത്തിൽ ഒരേ സമയത്തു ഒരു വ്യക്തിയിൽ തന്നെ പാട്ടും സംഗീത നിർവഹണവും ഒന്നിക്കുന്നു. ഇവിടെ യുദ്ധഭൂമിയിൽ എന്നപോലെ സൈനികൻ യുദ്ധത്തിനായി മുകളിൽ നിന്നുള്ള ആഞ്ജയ്ക്ക് വേണ്ടി കത്തിരിക്കുന്നില്ല.

ഒരു ജാസ് സംഗീതജ്ഞന്റെ ഒരു ‘wrong note’ അബദ്ധം ആകണമെന്നില്ല. അതിനെ ഒരു തനത് വൈവിദ്ധ്യവും വ്യത്യാസവുമായി ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നു. ഇത്തരം തൽക്ഷണ രചനകൾ (Improvisation) നടക്കുന്നത് ഒരു നോമാഡിക്ക് സ്വച്ഛന്ദ ഇടത്തിൽ ആണ്, മറിച്ച് കെട്ടിവരിയപ്പെട്ട ഭരണകൂട സ്ഥലത്തിൽ എല്ലാം ‘അതീത’ – അസാധ്യ – മാണ്.

കേരളത്തിൽ ഈയിടെ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബാധിതരായ മനുഷ്യരെ കര കയറ്റാൻ ഇറങ്ങിപ്പുറപ്പെട്ട ‘മത്സ്യത്തൊഴിലാളികളെ’ ‘കേരളത്തിന്റെ പട്ടാളം’എന്നാണ് മുഖ്യമന്ത്രി വിളിച്ചത്. ഭരണകൂടത്തിന് സ്വന്തമായുള്ള വിധ്വംസക യന്ത്രമാണ് പട്ടാളം. സ്വന്തം മുൻകൈയ്യിൽ ദുരന്ത നിവാരണത്തിന് ഇറങ്ങി പുറപ്പെട്ട വിദഗ്ധരായ മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയത് ‘സ്റ്റേറ്റിന്റെ’ മേൽനോട്ടത്തിൽ ആയിരുന്നു. വിധ്വംസക യന്ത്രത്തോട് സ്റ്റേറ്റിന്റെ പ്രതികരണം എപ്പോഴും സമാനമാണ് ‘പാരമ്പര്യ ചികിൽസ’ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചികിത്സകർക്കു രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതും ശ്രദ്ധിക്കുക.’നാടൻ കലകളെ’ കുറിച്ചു പഠിക്കാൻ ‘അക്കാദമി’ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. ഇതിലൊക്കെ സ്വന്തമാക്കൽ മാത്രമല്ല , ഒരു ‘സ്വച്ഛന്ദ’ സ്ഥലത്തുനിന്നും ‘കെട്ടിവരിയപ്പെട്ട’ ഭരണകൂട സ്ഥലത്തിലേക്കുള്ള പരിവർത്തനവുമുണ്ട്

വിധ്വംസക യന്ത്രം എന്നതിന് വ്യത്യസ്ഥ അർത്ഥങ്ങൾ ആണ് ദെല്യൂസും ഗത്താരിയും നൽകുന്നത്. ആദ്യമായി പറയുന്നത് ‘യുദ്ധ’യന്ത്രം എന്നു പറയാൻ കഴിയില്ല, അവിടെ യുദ്ധം ലക്ഷ്യമല്ല എന്നതാണ്. തീർത്തും Rhizomatic ആയ സ്വച്ഛന്ദസ്ഥലത്തെ (Smooth Space) സാമൂഹ്യ വിതാനം ആണ് ഇവിടെ പ്രധാനം. ഒരു പാലം പണിയിലോ, പള്ളിപ്പണിയിലോ, സംഗീതത്തിലോ, ശാസ്ത്രത്തിലോ സാങ്കേതിക വിദ്യയിലോ ഒക്കെ ഇതു കാണാം.

രണ്ടാമതായി പറയുന്ന ‘war machine of revolutionary connection’ മുതലാളിത്തത്തിന്റെ സ്വയം പ്രമാണങ്ങളോട് (Axioms) പോരടിക്കുന്ന ഒന്നാണ്. ഇവിടെ ഹിംസയ്ക്കല്ല പകരം നോമാഡിക്ക് ആയ സമൂഹ്യ ബന്ധങ്ങളിൽ ആണ്‌ ഊന്നൽ ‘Minoritarian Becoming – Everything of Everybody’ . മൂന്നാമതായി യുദ്ധം തന്നെ ലക്ഷ്യമായ യുദ്ധയന്ത്രമാണ്. എല്ലാം അളന്നും വരച്ചും വയ്ക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ‘വിധ്വംസക യന്ത്രം’ സ്വച്ഛന്ദ സ്ഥലത്തെ നിലനിർത്താനും വീണ്ടെടുക്കാനും ഒക്കെയുള്ള പോരടിക്കലാണ് നടത്തുന്നത്. ഇത് യഥാർത്ഥത്തിൽ ഭരണകൂടത്തിന്റെ എല്ലാ സ്വച്ഛന്ദ സ്ഥലങ്ങളും സ്വാംശീകരിക്കാനുള്ള തന്ത്രപരമായ നീക്കത്തിനെതിരെയുള്ള വിധ്വംസക യന്ത്രത്തിന്റെ ചെറുത്തുനിൽപ്പ് കൂടിയാണ്.

ഭരണകൂടം ‘മോശവും’ ‘വിധ്വംസക യന്ത്രം’ ‘നല്ലതു’മായി സമീകരിക്കൽ അല്ല ഇവിടെ ലക്ഷ്യം. ഏതൊരു സംഘാതത്തിലും ഉള്ള രണ്ടു തരം പ്രവണതയായി ഇവയെ തിരിച്ചറിയുക എന്നതുകൊണ്ടു ചിലതിനെ ‘സ്റ്റേറ്റ്’ എന്നും മറ്റുചിലതിനെ ‘യുദ്ധയന്ത്രം’ എന്നും വർഗീകരിക്കാൻ പാകത്തിന് മാർഗ്ഗനിർദ്ദേശം നൽകുകയും ഇവിടെ ലക്ഷ്യമല്ല. ഈ പ്രവണതകൾ വ്യത്യസ്ത അനുപാതത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന സംഘാതങ്ങൾ (Assemblage) മാത്രമാണ് ഉള്ളത്. അവയെ ദൃശ്യമാക്കുക എന്നതാണ് ഇവിടെ ഉദ്ദേശ്യം.

നമുക്ക് പലതരം രേഖകൾ വേർതിരിക്കാമെങ്കിലും അതൊന്നും, ഒന്നിനെ നല്ലതും മറ്റൊന്നിനെ മോശവും ആക്കി മാറ്റുന്നില്ല. ‘പലായനപഥങ്ങൾ’ എപ്പോഴും സർഗ്ഗാത്മകമാകണമെന്നില്ല. സ്വച്ഛന്ദസ്ഥലം എപ്പോഴും സരേഖ സ്ഥലങ്ങളെക്കാൾ മെച്ചമാകണം എന്നും ഉറപ്പില്ല. Paul Virilio പറയുന്നത് പോലെ ന്യൂക്ലിയർ സബ്മറൈനുകൾ ഒരു സ്വച്ഛന്ദസ്ഥലം മാത്രമല്ല, യുദ്ധവും ഭീകരതയും കൂടെ വിതയ്ക്കുന്ന ഒന്നുകൂടിയാണത്. കാർട്ടോഗ്രാഫിക്ക് (Cartography) മാത്രമേ വ്യത്യസ്ഥ വാതായനങ്ങളുടെയും ചലനങ്ങളുടെയുമൊപ്പം സാധ്യതകളെയും അപകടങ്ങളെയും കൂടി അടയാളപ്പെടുത്താൻ കഴിയൂ. അതുകൊണ്ടാണ് ‘സ്കിസോ അനാലിസിസ്’ – സ്ഥലത്തെയും, രേഖകളെയും, ആയിക്കൊണ്ടിരിക്കലിനെയും സംബന്ധിച്ച വിശകലനമാണെന്ന് ദില്യൂസും ഗത്താരിയും പറയുന്നത്.

എല്ലാം രാഷ്ട്രീയമാണ്, പക്ഷെ രാഷ്ട്രീയം ഒരേസമയം സൂഷ്മവും സ്ഥൂലവും ആണ് എന്ന് ദല്യൂസ്. (Everything is political but politics is simultaneously Micropolitics and Macropolitics). ഇവിടെ വിപരീതങ്ങളിൽ ഒന്നിനെ മറ്റൊന്നിന് മുകളിൽ സ്ഥാപിക്കുന്നില്ല. ഇതുപോലെയാണ് Striated Space/Smooth Space എന്ന വിഭജനവും. സ്മൂത്ത് ആയി എന്നതുകൊണ്ടു ഒന്നും സമൂത്താവണം എന്ന് നിർബന്ധം ഇല്ല. ‘Never believe that smooth space will suffice to save us’ എന്നു ദല്യൂസും ഗത്തരിയും ഓർമിപ്പിക്കുന്നു.

വിധ്വംസക യന്ത്രം തികച്ചും സ്റ്റേറ്റിന് പുറത്താണ് നിലകൊള്ളുന്നത്. മറ്റൊരർത്ഥത്തിൽ മുതലാളിത്തത്തിന്റെ സ്വയംപ്രമാണങ്ങളിൽ നിന്നും ഇതു കുതറിമാറുകയും ചെയ്യുന്നു. എന്നാൽ മുതലാളിത്തത്തിന്റെ നിയമങ്ങളെ അനുസരിക്കാത്ത ‘വിധ്വംസകയന്ത്രങ്ങളെ’ ചലിപ്പിക്കുന്ന നിയമങ്ങൾ എന്താണ്? എങ്ങനെയാണ് ഇവ മുതലാളിത്ത സ്വയം സിദ്ധതത്വങ്ങൾക്കു പിടികൊടുക്കാതെ കുതറി മാറുന്നത്?

ജോർജ് ദുമിസിലിന്റെ (George Dumezil) ഇന്തോ-യൂറോപ്യൻ മിത്തോളജിയെ കുറിക്കുന്ന കൃതിയിൽ സ്റ്റേറ്റിന്റെ ഇരട്ട നേതൃത്വത്തെ സൂചിപ്പിക്കുന്നത് ‘മിത്രനും വരുണനും’ ആയാണ്. അവ പരസ്പര പൂരകമായി പ്രവർത്തിക്കുകയും, സ്റ്റേറ്റിന്റെ ആന്തരിക ദൃഢീകരണം സാധ്യമാക്കുകയും ചെയ്യുന്നു. ദുമിസിലിനെ പിൻപറ്റി ദില്യൂസും ഗത്താരിയും വാദിക്കുന്നത് ‘യുദ്ധം ഭരണകൂടത്തിന്റെ പരമാധികാരത്തിന് വെളിയിൽ ആണെന്നാണ്’. ഭരണകൂടത്തിന് വെളിയിൽ ഉള്ള വിധ്വംസശക്തിയെ പ്രകടിപ്പിക്കുന്നത് മിത്തോളജിയിൽ ‘ഇന്ദ്രൻ’ ആണ്. മിത്രനും വരുണനും തമ്മിൽ താൽകാലിക കലഹങ്ങൾ ഉണ്ടാകാമെങ്കിലും നിർണായകമാകുന്നത് ഇരട്ടത്തലയുള്ള ഭരണകൂടവും ഇന്ദ്രനും തമ്മിലുള്ള സംഘർഷങ്ങൾ ആണ്.

പക്ഷെ ഈ സംഘർഷങ്ങൾ ഭരണകൂടത്തിന് തീർത്തും ‘വെളിയിൽ’ നടക്കുന്ന ഒന്നല്ല. ഇതു വിശദീകരിക്കാൻ ദെല്യൂസും ഗത്താരിയും രണ്ട് തരം കളികൾ ഉദാഹരിക്കുന്നുണ്ട്. ചെസ്സും ഗോഗെയിമും (Go Game). ‘ചെസ്സ്‌ ഒരു ഭരണകൂട കളിയാണ്’ എന്നാൽ ഗോ ഗെയിം വിധ്വംസക യന്ത്രത്തിന്റെ കളിയാണ്. ചെസ്സ്‌ കരുക്കളും അതിലെ കളങ്ങളും നീക്കങ്ങളും എല്ലാം മുൻകൂർ രൂപകല്പന ചെയ്തതാണ്. കാലാളും രാജാവും വ്യത്യസ്ഥമാണ്, അവർക്ക് സാധ്യമാകുന്ന നീക്കങ്ങളും. എണ്ണിയാലൊടുങ്ങാത്ത നീക്കങ്ങൾ ഉണ്ടെങ്കിലും അത്യന്തികമായി ചെസ്സ്‌ ചലനനോന്മുഖമല്ല. എന്നാൽ ഗോ ഗെയിം ഒരു പോലുള്ള കരുക്കൾ ആണുള്ളത്. ഇവിടെ ഏതൊരു കരുവിന്റെ ധർമ്മവും നിർണ്ണയിക്കപ്പെടുന്നത് മറ്റു കരുക്കളുമായുള്ള ബാഹ്യ ബന്ധത്തിലൂടെയാണെങ്കിൽ ചെസ്സിൽ അത് തീർത്തും ആന്തരികമായ ഒന്നാണ്. രണ്ടിനെയും വിഭിന്നമാക്കുന്നത് വ്യത്യസ്ഥ സ്ഥല സങ്കല്പങ്ങൾ ആണെന്ന് മനസ്സിലാക്കാനാകും. ചെസ്സ്‌ കെട്ടിവരയപ്പെട്ട ഒരു സ്ഥലത്ത് ആണെങ്കിൽ ഗോ ഗെയിം ഒരു സ്വച്ഛന്ദ സ്ഥലത്താണ് നടക്കുന്നത്. ഒരർത്ഥത്തിൽ ഈ വ്യത്യാസം സ്റ്റേറ്റിന്റെ അകവും പുറവും തമ്മിലുള്ളതാണ്. ഇന്ദ്രൻ, മിത്ര-വരുണൻമാർക്ക് പുറത്താണ്. അയാൾ മതിലുകൾ തകർക്കുന്നയാൾ ആണ്. കെട്ടി വരയപ്പെട്ട ഇടത്തെ അത് കെട്ടഴിച്ചു സ്വതന്ത്രമാക്കുന്നു. ഒരേ സമയം വഞ്ചകനും പ്രശ്നക്കാരനും ആണ് അയാൾ. അയാൾ കളിക്കുന്ന കളി മിത്രനും വരുണനും കളിക്കുന്നതല്ല.

യുദ്ധ സമാനമാകുന്ന ചിന്ത

ഇതിനെ നമുക്ക് സാധ്യതകളുടെ മറുതലയ്ക്കൽ എത്തിക്കാൻ കഴിയും. ഇവിടെ യുദ്ധ യന്ത്രം ഭരണകൂടത്തിന് വെളിയിലാണ് എന്നു പറഞ്ഞാൽ മാത്രം മതിയാകില്ല. യുദ്ധയന്ത്രം തികച്ചും ‘ബാഹ്യത’ മാത്രമാണ്. ‘ആന്തരികത’ ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. ഇതിനകത്ത് ഇരുന്നാണ് നമ്മൾ ചിന്തിക്കുന്നത്. ഇവിടെ പ്രധാനം ‘യുദ്ധയന്ത്ര’ത്തിന്റെ സ്ഥിരമായ ‘ബാഹ്യസ്ഥിതി’ ആണ്. ‘ബാഹ്യത’ എന്നത് തുടർച്ചയുടെ അമൂർത്തമായ ഒരു ധ്രുവം ആണെങ്കിൽ അതിന്റെ മറുഭാഗം ആണ് ‘ആന്തരികത’. പ്രശ്നം ‘ചിന്ത’ തന്നെ ‘ആന്തരികതയിൽ’ ഒതുങ്ങുന്നു എന്നതാണ്, ഒരു മാതൃക എന്ന നിലയ്ക്ക് അത് ചിന്തയെത്തന്നെ അതിന്റെ കോളനിയാക്കി മാറ്റുന്നു .’പുറം’ ചിന്ത അങ്ങനെ ശ്രമകരമായ ഒന്നായി മാറുന്നു. ‘ചിന്തയുടെ പ്രതിരൂപം ആണ് സ്റ്റേറ്റ്’ എന്ന് D&G പറയും . ഒന്ന് വൈധിക (Positive) ജ്ഞാനമാണെങ്കിൽ മറ്റൊന്ന് അതിന്റെ തിരസ്കരണവും നിഷേധക (Negative) ജ്ഞാനവും ആണ്.

അലസമായി മാത്രം മാത്രം ചിന്തിക്കുന്ന ഒരു ജനതയെ ആകും ഭരണകൂടം ആഗ്രഹിക്കുന്നത്. ചിന്തിക്കാൻ ‘മെനക്കെടാതിരിക്കുമ്പോൾ’ ജനതയ്ക്ക് പകരം ‘ഭരണകൂടം’ മാത്രം ചിന്തിക്കുന്നു. ‘പബ്ലിക് പ്രഫസർമാർ’ അവരുടെ ചിന്തയെത്തന്നെ ഭരണകൂടത്തിന്റെ ആലയിൽ തളച്ചിടുന്നു. എന്നാൽ ഇവരിൽനിന്ന് വ്യത്യസ്തമാണ് നീത്‌ഷേയേയും കീർക്കഗാർഡിനേയും പോലുള്ള കലഹചിന്തകർ. ഈ ഒറ്റയാന്മാരെ ‘സ്വകാര്യചിന്തകർ’ (Private Thinkers) എന്നാണ് ദല്യൂസ് വിളിക്കുന്നത്. അവരുടേത് തികച്ചും ‘ജനബഹുലമായ ഏകാന്തതയാണ്’. ഇനിയും വരാനിരിക്കുന്ന ജനതയെയാണ് അവർ കാത്തിരിക്കുന്നത്. നീത്ഷേ എഴുതിയ പോലെ: “They work like mills and rammers” ( ഈ പ്രൊഫസർമാർ എണ്ണയിട്ട യന്ത്രം പോലെ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിക്കുന്നു). ഞാൻ അവർക്കിടയിലും മുകളിലുമായി ജീവിച്ചു. അവരുടെ തലയ്ക്കു മുകളിലൂടെ സഞ്ചരിച്ചു, ഞാൻ നടന്നത് സ്വന്തം അബദ്ധങ്ങൾക്ക് മുകളിലൂടെ കൂടിയാണ്. അപ്പോഴും അത് അവരുടെ തലയ്ക്കു മീതെ ആയിരുന്നു”. (നീത്ഷേ)

“ഇനി ഞാൻ ഏകനായി പോകുന്നു. ശിഷ്യരെ, എന്നിൽനിന്നും അകന്ന് നിങ്ങളും ഒറ്റയായി പോകുക, സരതുഷ്ട്രയെ പ്രതിരോധിക്കുക. ഒന്നുകൂടികടന്നു അയാളെ ഓർത്തു ലജ്ജിക്കുക. ‘ശിഷ്യന്മാർ’ മാത്രമായി ഒതുങ്ങുന്നവർ എപ്പോഴും ഗുരുവിന് കപ്പം കൊടുക്കുന്നവരാണ്. നിങ്ങളാരും സ്വയം കണ്ടെത്തിയില്ല. പകരം എന്നെ കണ്ടെത്തി. അതുകൊണ്ടു നിങ്ങൾ വിശ്വാസികൾ മാത്രമാണ്. ആ വിശ്വാസം മുഴുവൻ കൂട്ടിവച്ചാലും ഒന്നും ആവില്ല. ഞാൻ ഒരു പന്തയം വയ്ക്കുന്നു, എന്നെ നഷ്ടപ്പെടുത്തി നിങ്ങളെത്തന്നെ നേടാൻ. നിങ്ങളെല്ലാവരും എന്നെ നിഷേധിക്കുമ്പോൾ ഞാൻ നിങ്ങളിലേക്ക് തിരിച്ചു നടക്കും.”

ലോത്യറിനെപ്പോലുള്ള ചിന്തകർ ‘പാഗൻ’ എന്നു വിളിക്കുന്ന അശിഷ്ട ചിന്തയും കലയും, ജ്ഞാനത്തിനും സത്യത്തിനും വിമുഖമായ ഒന്നായാണ് ചൂണ്ടിക്കാണിക്കുന്നത്. അതു സത്യവും മിഥ്യയും തമ്മിലുള്ള വിപരീതത്തെ ഉപേക്ഷിക്കുന്നു. ‘ഗ്രീസിലെ സോഫിസ്റ്റുകളുടെയും സിനിക്കുകളുടെയും നിയമാതീതവും പുണ്യ ശീലമില്ലാത്തതുമായ സൂത്രപ്പണികൾ ഇതിന് ഉദാഹരണമാണ്.

പ്ലാറ്റോ ആണ് ‘സ്റ്റേറ്റ് ചിന്തയുടെ’ ഉപജ്നാതാവ്. അദ്ദേഹം ഭരണ നിർവഹണത്തെ നെയ്തുമായി താരതമ്യം ചെയ്തത് കേവലം യാദൃശ്ചിക മാകാൻ വഴിയില്ല. ചിന്ത വിധ്വംസകമാകുമ്പോൾ അത് ‘State Form’ വിട്ടു ‘War Machine’ ആകുന്നു. Smooth Space ലെ ചിന്തകരാണ് Private Thinkers എന്ന് വേണമെങ്കിൽ പറയാം (എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം കാണാതിരുന്നുകൂടാ). കടലും ആകാശവും മരുഭൂമിയും പുൽത്തകിടിയും ഒരു കൃഷിയിടത്തിൽ നിന്നും വനത്തിൽ നിന്നും വ്യത്യസ്തമാകും പോലെ.

Study of image of thought, അതിനു ദില്യൂസിയൻ ചിന്തയിൽ Noology എന്നാണ് ഭാഷ്യം. സ്റ്റേറ്റും ചിന്തയും സഹവർത്തിക്കുന്നു എന്ന് ദില്യൂസ് പറയും. ‘Only thought is capable of inventing the fiction of state that is universal by right, of elevating state to the status of de jure universality’. സ്റ്റേറ്റിന്റെ സർവ സ്വീകാര്യതയിൽ എത്തിച്ചതിൽ ചിന്തയുടെ/ചിന്തകരുടെ പങ്കാണ് ഇവിടെ പ്രതിപാദ്യം. പക്ഷെ ചിന്തയുടെ ഭരണകൂടരൂപം (Noology) ചോദ്യംചെയ്യപ്പെടാത്ത ഒന്നല്ല. ‘Noology is confronted by counter thoughts which are violent in their acts and discontinues in their appearance’. ഇതാണ് Private Thinker നടത്തുന്ന വിധ്വംസകപ്രവർത്തനം.

സ്റ്റേറ്റ് എല്ലാത്തിനെയും വൃത്തത്തിൽ ആക്കുമ്പോൾ, war machine ഗോളീയത (Roundness) ആർജിക്കലാണ് ചെയ്യുന്നത്. ഒന്ന് Nomadic ആണെങ്കിൽ മറ്റൊന്ന് ‘Sedentary’ ആണ്. ഒന്നു Chess ആണെങ്കിൽ മറ്റൊന്ന് Go Game ആണ്. Royal science, State മാതൃക പിൻ പറ്റുമ്പോൾ Minor Science ‘Nomadic’ ആണ്. ഒന്നു ‘Work Model’ ആണെങ്കിൽ മറ്റൊന്ന് ‘ഫ്രീ ആക്ഷൻ’ ആണ് . ആദ്യത്തെത് യൂക്ലിഡിയൻ സ്പേസ് ആണ്, മറ്റേത് ആർക്കിമിഡിയൻ ജ്യാമിതിയും. യൂക്ലിഡിയൻ ജ്യാമിതി ‘തിയറം’ അടിസ്ഥാനമാക്കിയതാണെങ്കിൽ, ആർക്കിമിഡിയൻ ജ്യാമിതി പ്രശ്നപരിഹാരത്തിൽ ഊന്നിയതാണ്. ഒന്ന് ‘Numbered Number’ ആണെങ്കിൽ മറ്റൊന്ന് ‘Numbering Number’ ആണ്.

‘Nomads have no history, they only have a geography’ എന്നു ദില്യൂസ് പറയും. ‘Circle is an organic, ideal, fixed essence but roundness is vague and fluent essence distinct both from the circle and things that are round ‘. Husserl പറയുന്ന ‘പ്രോട്ടോ ജ്യാമിതി’ ഉണ്ട്. അതു യൂക്ലിഡിയൻ സ്പേസ് അല്ല, മറിച്ചു ‘vagabond’ /nomadic/ morphological എന്നൊക്കെ വിളിക്കാവുന്ന ഒന്നാണ്. അവയെക്കുറിക്കാൻ ഉപയോഗിക്കുന്ന വാക്ക് ‘anexact ‘ എന്നാണ് (essentially and not accidentally inexact).

ദല്യൂസ് വിവരിക്കുന്ന സരേഖ /സ്വച്ഛന്ദ സ്ഥലങ്ങൾ ചിന്തയുടെ കൂടി വ്യത്യാസത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. രണ്ടുതരം സ്ഥലങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു പറയുമ്പോഴും അവ പരസ്പരം കലർന്നും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് തുറക്കുന്നതായും കാണാം. അതുകൊണ്ടാവണം ‘Holey Space’ എന്ന ഒരു സങ്കര സ്ഥലത്തെകുറിച്ചു ദല്യൂസ് പ്രതിപാദിക്കുന്നത്.

നോമാഡിന് Territory ഉണ്ട്. അയാൾ നടക്കുന്ന വഴികൾ നടന്നു തേഞ്ഞതല്ല. അയാൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അലയുന്നു – water point, dwelling point, assembly points. ഇങ്ങനെ ഒരു പോയിന്റിൽ നിന്നും മറ്റൊരു പോയിന്റിലേക്കു അവർ ചലിക്കുന്നു. പക്ഷെ പ്രധാനമായത് ‘ തത്വത്തിൽ Nomadic ജീവിതം എന്താണ്, എന്താണ് പരിണിതി മാത്രമായതു’ എന്ന് തിരിച്ചറിയൽ ആണ് .

സ്റ്റേറ്റ് സയൻസും, നോമഡിക് സയൻസും തമ്മിലുള്ള വ്യത്യാസം D&G വിശദീകരിക്കുന്നുണ്ട്. അത് ‘ഹൈഡ്രോളിക് മോഡൽ’ അടിസ്ഥാനമാക്കിയുള്ളതാണ്. മറിച്ച് ദ്രാവകത്തെ ഒരു വിശേഷഘട്ടം മാത്രമായിക്കാണുന്ന ‘ഖരങ്ങളുടെ സിദ്ധാന്തത്തെ’ ആശ്രയിച്ചുള്ളതല്ല. ഇതു തുടർച്ചയും ഇടർച്ചും തമ്മിലുള്ള വ്യത്യാസം ആണ്. ‘Theory of Solids’ എപ്പോഴും ഒരു അതീത രൂപത്തിലാണ് എത്തുന്നത്. മറിച്ച് ഹൈഡ്രോളിക് മോഡലിൽ ‘ഖരം’ ഒഴുക്കുകൾക്കിടയിലുള്ള ഒരവസ്ഥ മാത്രമാണ് – താൽക്കാലികമായ കട്ടിയാകൽ. നോമാഡിക് സയൻസ് ‘ആയിക്കൊണ്ടിരിക്കുന്നതും’ ‘ബഹുലവുമാണെങ്കിൽ’ റോയൽ സയൻസ് ‘അനശ്വരവും അതുല്യവും സ്ഥിരവും’ ഒക്കെയാണ്. ശുദ്ധതയും സ്ഥിരതയുമൊക്കെ സ്റ്റേറ്റ് സയൻസിന്റെ പ്രത്യേകതയാകുമ്പോൾ, നോമാഡിക് ശാസ്ത്രം ‘കുഴഞ്ഞുമറിഞ്ഞാണ്’ ഇരിക്കുന്നത്. സ്റ്റേറ്റ് സയൻസിൽ എല്ലാം ‘ടെംപ്ലേറ്റ്’ വച്ചു മുറിച്ചെടുക്കണം. ഇതു ‘പ്രോബ്ലമാറ്റിക്കിൽ’ നിന്നും ‘തിയറമാറ്റിക്’ എന്നതിലേക്കുള്ള മാറ്റമാണ്.

D&G വിശദീകരിക്കുന്ന ആയുധം/ഉപകരണം (Weapon/Tool) ജോലി/സ്വതന്ത്ര പ്രവൃത്തികൾ (Work/Free Action) ഭാവശക്തി/വികാരം (Affect/Feeling) വേഗത/ചലനം (Speed/Movement) ഇവ തമ്മിലുള്ള വ്യത്യാസം ‘നോമഡിക്’ എന്തെന്ന് മനസ്സിലാക്കാൻ പ്രധാനമാണ്. നോമാഡും കുടിയേറ്റക്കാരനും(Migrant) തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചു പറയുന്നത് , നോമാഡ് ഒരു ‘ഇന്റൻസിവ് സ്പേസിൽ’ ആണെങ്കിൽ കുടിയേറ്റക്കാർ ‘എക്സറ്റൻസീവ് സ്പേസിൽ’ ആണ് എന്നതാണ്. കൃത്യമായി അടയാളപ്പെടുത്ത ‘റോഡിൽ’ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കുടിയേറ്റക്കാർ നീങ്ങുന്നതെങ്കിൽ നൊമാഡുകൾ ‘സഞ്ചാരവഴികൾ’ (Trajectory) കണ്ടെത്തിക്കൊണ്ടിരിക്കുന്നു. റോഡ് ഒരു ഇടുങ്ങിയ ഇടത്തിൽ ആളുകളെ ഒതുക്കുമ്പോൾ ‘സഞ്ചാരപാത’ മനുഷ്യരെ തുറന്നുവിടുന്നു. നോമഡിക് സംഘാതം കുടിയേറ്റക്കാരനിൽ നിന്ന് വ്യത്യസ്തമാകുന്നത് ‘അവർ ബാധിക്കുന്നതും ബാധിക്കപ്പെടുന്നതും ഭിന്നമായത് കൊണ്ടാണ്’.’The Nomad re-territorializes on de-territotrialization itself’.

അപ്പോഴും വീട്/പ്രവാസം/അലച്ചിൽ എല്ലാം ഓരോ സാധ്യതകൾ ആണ് (Rigid/ Supple/ line of flight) എന്നോർക്കണം . എല്ലാറ്റി(ലു)നും അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വേണ്ടത് ‘നഗരത്തിൽ നൊമാഡിനെപ്പോലെ ജീവിക്കൽ’ ആണ്. ഒളിച്ചോട്ടത്തിനുള്ള വണ്ടിയും കാത്തിരിക്കുക. ഓടി രക്ഷപ്പെടുന്നതിനിടയിലും ആയുധങ്ങൾ തേടുക.

ഫാസിസം

‘It is too easy to be anti-fascist on the molar level and not even see the fascist inside you, the fascist you yourself sustain and nourish and cherish with molecules both personal and collective’ (D&G, ATP).

ഫാസിസത്തെ അതിന്റെ തന്നെ സൃഷ്ടിയായ ‘സമഗ്രാധിപത്യ ഭരണകൂടങ്ങളോട്’ കൂട്ടിക്കെട്ടുക പതിവാണ്. ഒന്നിനെ അതിന്റെ സൃഷ്ടികൊണ്ടു തന്നെ അളക്കണം എന്നില്ലല്ലോ. സ്റ്റാലിനിസ്റ്റ് സ്‌റ്റേറ്റും, മറ്റ് സൈനിക ഏകാതിപത്യ ഭരണകൂടങ്ങളും , സമഗ്രാധിപത്യ പ്രവണത പുലർത്തുമ്പോഴും, ഫാസിസത്തിൽ നിന്ന് അവ ഭിന്നതയും പുലർത്തുന്നുണ്ട്.

നാട്ടുഫാസിസം, ദാമ്പത്യ ഫാസിസം, സ്‌കൂൾ ഫാസിസം, ഓഫിസ് ഫാസിസം, കുടുംബ ഫാസിസം ഇങ്ങനെ സൂഷ്മങ്ങളായ പല തമോഗർത്തങ്ങളാണ് ഫാസിസത്തിന്റെ പ്രഭവ കേന്ദ്രങ്ങൾ. ഇവ ഓരോന്നും സ്വയം പര്യാപ്തവും എന്നാൽ പരസ്പര വിനിമയത്തിൽ ഏർപ്പെടുകയും ചെയ്യുന്നവയാണ്. ഇത്തരം ഫാസിസ്റ്റു സൂക്ഷ്മ കേന്ദ്രങ്ങൾ ഒരു മഹാ തമോഗർത്തത്തിൽ, ഫാസിസ്റ്റു സ്റ്റേറ്റിൽ മാറ്റൊലികൊള്ളുന്നു.

ഓരോ പൊത്തിലും ഒരു ‘യുദ്ധയന്ത്രം’ (War Machine) നാട്ടിയിരിക്കുന്നതിനാൽ ഓരോ സൂഷ്മയന്ത്രങ്ങളിലും ഫാസിസവും കുടിയിരിക്കുന്നു. ഫാസിസ്റ്റു സ്റ്റേറ്റ് രൂപീകൃതമായ ശേഷവും ഇത്തരം ‘കുഞ്ഞൻ ഫാസിസ്റ്റു തമോഗർത്തങ്ങൾ’ പണി തുടരുന്നു. ജനതയ്ക്ക് മേൽ ഇവയ്ക്ക് സമാനതകളില്ലാത്ത സ്വാധീനശേഷി ആണ് ഉള്ളത്. ജനതയുടെ ഓരോ കോശത്തിലും ആഴ്ന്നിറങ്ങാനുള്ള ശേഷി ഇങ്ങനെ ഫാസിസം ആർജിക്കുന്നു.
മുതലാളിത്തം ഫാസിസത്തേക്കാൾ കൂടുതലായി സ്റ്റാലിനിസ്റ്റു സമഗ്രാധിപത്യ ഭരണകൂടങ്ങളെ കാംക്ഷിക്കുന്നത് അത് താരതമ്യേന നിയന്ത്രിക്കാൻ എളുപ്പവും യുക്തിസഹവും ആയതുകൊണ്ടാണ്. അതിന്റെ തുണ്ടുകൾ (Segments) കൂടുതൽ കർക്കശവും പ്രാചീനവുമാണ്. ഫാസിസത്തെ കൂടുതൽ അപകടകരവും അതിജീവനക്ഷമവും ആക്കുന്നത് അതിന്റെ സൂഷ്മരാഷ്ട്രീയ ശക്തി ആണ്. ഫാസിസം ഒരു ജനമുന്നേറ്റംകൂടിയാണ് ‘, ‘A cancerous body rather than totalitarian organization’.

ജനങ്ങൾ വെറുതെ ‘ഫാസിസത്തിന്’ തലവച്ചു കൊടുക്കുകയല്ല ചെയ്യുന്നത്. കാമനകൾ എങ്ങനെയാണ് അതിന്റെ തന്നെ തമസ്കാരണം ആഗ്രഹിക്കുന്നത്? ഇത് ആത്മപീഡന മതിഭ്രമത്തിന്‌ അടിമപ്പെട്ടു ചെയ്യുന്നതല്ല. ഇവിടെ കാമനകൾ ഒരു യന്ത്രം പോലെ ഫാസിസത്തിനായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.

നമ്മൾ ഫാസിസ്റ്റു വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. സംഗമങ്ങൾ നടത്തുന്നു. ഫാസിസത്തിന് വെള്ളവും വെളിച്ചവുമായി സൂക്ഷ്മ തലത്തിൽ ഫാസിസ്റ്റുകളായി തുടരുന്നു.

യാന്ത്രിക മാർക്സിസത്തിനെതിരെ

ഓർത്തഡോക്സ് മാർക്സിസ്റ്റ്‌ സമീപനത്തിൽ സാമൂഹ്യ രൂപീകരണം (Social Formations) ഉല്പാദന ഉപാധികളെ (Mode of Production) ആശ്രയിച്ചാണ് എങ്കിൽ,D&G പ്രധാനമായും ഊന്നുന്നത് ‘യന്ത്ര പ്രക്രിയകളിൽ’ (Machinic Process) ആണ്. ഉല്പാദന ഉപാധികൾ നിലനിൽക്കുന്നില്ല എന്നല്ല ഇതിനർത്ഥം, മറിച്ച് അവ യന്ത്ര പ്രക്രിയകളുടെ ഫലങ്ങൾ ആയാണ് മനസ്സിലാക്കേണ്ടത് എന്നതാണ്..

സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ആവിർഭാവത്തെകുറിച്ചു D&G പറയുന്നത് അവ ‘ഒറ്റസ്ട്രോക്കിൽ’ രൂപമെടുത്തു എന്നു മാത്രമാണ്. ഇത് ഫൂക്കോയുടെ ‘ഇടർച്ചകളുടെ ചരിത്രത്തെ’ സംബന്ധിച്ച ദർശനങ്ങളോടും പ്രയോഗങ്ങളോടും ചേർന്നുനിൽക്കുന്ന ഒന്നാണെന്ന് കാണാം.

‘Is there a way to warding off the formation of a state apparatus (or its equivalents in group)? പിയറി ക്ലാസ്‌ട്രേയെ (Pierre Clastres) പിന്തുടർന്ന് D&G ഈ ചോദ്യം ATP യിൽ ആവർത്തിക്കുന്നുണ്ട്. സ്റ്റേറ്റും യുദ്ധയന്ത്രവും, ഒന്ന് മറ്റൊന്നിൽ നിന്നും ആരംഭം കൊണ്ടതല്ല. കാരണം രാഷ്ട്രകൂട പൂർവ സമൂഹങ്ങൾ പോലും സമൂഹത്തിലെ ‘രാഷ്ട്രകൂടസാധ്യതകൾ’ മുൻകൂർ കണ്ട് അതിന് തടയിട്ടിരുന്നതായി ക്ലാസ്‌ട്രേ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രാചീന സമൂഹങ്ങളിൽ ‘സ്റ്റേറ്റ്’ ഒരു പ്രവണതയായി നിലനിന്നിരുന്നെങ്കിലും അത്തരം പ്രവണതകൾ അകറ്റി നിർത്തപ്പെടുകയായിരുന്നു എന്നു പറയുമ്പോൾ സ്റ്റേറ്റിന്റെ അനുക്രമ വികാസവും ഇവല്യൂഷനും ആണ് ചോദ്യംചെയ്യപ്പെടുന്നത്. ‘മുതലാളിത്തവും’ ഇങ്ങനെ ഒറ്റയടിക്ക് (In a single stroke) ഉണ്ടായതായാണ് ദില്യൂസിയൻ നിലപാട്. തീർത്തും ആകസ്മികമായി ദ്രവ രൂപമാർജിച്ച സമ്പത്തും അധ്വാനവും കണ്ടുമുട്ടിയപ്പോൾ മുതലാളിത്തം ഉടലെടുത്തു – “Capitalism forms when the flow of unqualified wealth encounters the flow of unqualified labor and conjugates with it”.

പ്രാക്തന സമൂഹങ്ങളിലും സ്വേച്ഛാധിപത്യ സമൂഹങ്ങളിലും സാമൂഹ്യ സംഘാടനം തീർത്തും ഗുണപരമായതും മുദ്രണം (Coding) അതിമുദ്രണം (Overcoding), ഇവയെ അടിസ്ഥാനപ്പെടുത്തിയതും ആയിരുന്നെങ്കിൽ, മുതലാളിത്ത ഉല്പാദന ഉപാധികൾ അത് സാധ്യമാക്കുന്നത് പരിമാണികമാവും അതിന്റെ സ്വയം പ്രമാണങ്ങളുടെ (Axioms) സഹായത്തോടെയുമാണ്. മുതലാളിത്തത്തിൽ അപമുദ്രണം (Decode) ചെയ്യപ്പെട്ട അധ്വാനത്തിന്റെയും സമ്പത്തിന്റെയും സംയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം (Surplus Value) മുതലാളിമാർ കയ്യടക്കിവയ്ക്കുന്നു. സമ്പത്തിന്റെ അപമുദ്രണം ചെയ്യപ്പെട്ട ഒഴുക്കിൽ പ്രധാനമാണ് ‘കുന്നുകൂട്ടി’ വയ്ക്കാവുന്ന രൂപത്തിലുള്ളതും ‘അമൂർത്തവുമായ’ പണത്തിന്റെ ആവിർഭാവം എന്നത്. മറ്റേ രൂപത്തിൽ ആവിഷ്കാര രൂപത്തേക്കാൾ, ഭാഷയേക്കാൾ ഉപരിയായി ‘Content-Plane’നിൽനിന്നും സ്വാതന്ത്രമായാണ് ‘പണത്തിന്റെ’ നില്പ്.

ഇനിമുതൽ സ്റ്റേറ്റ് മൂലധനത്തിനും മുതലാളിത്തത്തിന്റെ സ്വയം പ്രമാണങ്ങൾക്ക് കീഴടങ്ങി നിൽക്കുമെങ്കിലും അതിനെ സാധ്യമാക്കിയ ആദ്യസമാഗമത്തിൽ സ്റ്റേറ്റ് നൽകിയ സഹായ ഹസ്‌തം മൂലധനത്തിന് വിസ്മരിക്കാൻ കഴിയില്ല. ആദ്യമായി ഭൂമിയും അധ്വാനവും പണവും സംഭരിക്കപ്പെടുന്നതിലൂടെയാണ് (Stockpiling) സമ്പാദ്യം അനന്തമായി ഭൂമിവാടകയായും, അധിക ഉത്പന്നങ്ങളായും, കപ്പമായും, കുമിഞ്ഞുകൂടാൻ കാരണമാകുന്നത്. മുതലാളിത്തം ഭൂമിയും അധ്വാനവും പണവുമായുള്ള ബന്ധത്തെ തീർത്തും മാറ്റിതീർക്കുകയാണ് ചെയ്തത്. ഭൂ ഉടമസ്ഥതയും (പണത്തിന്റെ മധ്യസ്ഥത ഇല്ലാതെ) അധ്വാനം കയ്യടക്കിവയ്ക്കലും (അടിമകൾ ആക്കുന്നതിലൂടെ) അപ്രസക്തമായി. അടിമത്തം കൂലി അടിമത്തത്തിന് വഴിമാറി. പണത്തിന്റെ അച്ചടിയും വിതരണവും സെൻട്രൽ ബാങ്കുകൾക്ക് കീഴിലായി, മുൻപ് സ്വേച്ഛാധിപതിയോട് ഉണ്ടായിരുന്ന അതിരറ്റ കടപ്പാട് മൂലധനത്തോടായി മാറി. ‘കപ്പത്തിന്’ പകരം ‘പലിശ’ കളം നിറഞ്ഞു.

മുതലാളിത്തത്തിന്റെ ആകസ്മികമായ അവിർഭാവത്തിനു സ്റ്റേറ്റ് സഹായകമാകുകയും അനന്തരം പിൻവലിയുകയും ചെയ്യുന്നത് അതിപ്രധാനമാണ്. ‘മുതലാളിത്തം വിജയമാകുന്നത് ‘സ്റ്റേറ്റ് രൂപത്തിൽ’ ആണ് ‘നഗര-രൂപത്തിൽ’അല്ലെന്ന് D&G പറയുന്നു. സ്റ്റേറ്റിനെ കുത്തനെ ക്രമീകരിച്ചിരിക്കുന്നതും ‘മുകളിലോ’ ‘പിറകിലോ’ ആയി മാറ്റൊലി കൊള്ളുന്നതുമായ (മധ്യത്തിൽ അല്ല) ‘Intra-consistency’ ആയാണ് ഇവിടെ മനസ്സിലാക്കുന്നത്. എന്നാൽ ‘നഗരമാതൃക’ നെറ്റ് വർക്കുകൾ’ ആയാണ് പ്രവർത്തിക്കുന്നത്. സ്റ്റേറ്റിന്റെ ‘Intra-consistency’ സ്റ്റേറ്റ് പൂർവവും, ഇതരവുമായ ‘Trans-consistency’കളിൽ നിന്നും ഭിന്നമാണ്.

ഇവിടെ D&G പറയുന്ന ‘Limit’ ‘Threshold’ എന്ന ആശയങ്ങൾ ഇവിടെ പ്രധാനമാണ്. ഒന്നായി നിന്നുകൊണ്ട് നടത്തുന്ന അവസാന വിനിമയം ആണ് ‘പരിധി’ നിശ്ചയിക്കുന്നതെങ്കിൽ, പരിധിവിട്ടാൽ അവ മറ്റൊന്നാകും. ഭാര്യാ ഭർത്തക്കൻമാർക്കിടയിലെ കലഹം ഇവിടെ ഉദാഹരിക്കാം . ‘തന്തയ്ക്കു വിളിക്കുന്നതും’ ‘ജാരനെ പരാമർശിന്നതും’ പരിധിയാണ്. അത് വിട്ട് ‘പിരിയാം’ ‘സുഹൃത്തുക്കൾ മാത്രമായിരിക്കാം’ എന്നൊക്കെപ്പറയുന്നത് ‘Threshold’ ആണ്. ഒരു മദ്യപൻ ഓഫാകുന്നതിന് തൊട്ടു മുമ്പുള്ള പെഗ്ഗ്, അതിന് ശേഷം അയാളെ ഒരുപക്ഷേ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നേക്കാം. ഇതുപോലെ ‘മുതലാളിത്തവും’ സ്റ്റേറ്റിന്റെ വരുതിയിൽ (Intra-consistent Space) ഒതുങ്ങാതെ ലോകവിപണി എന്ന ‘Trans-consistent Space’ ലേക്ക് കവിഞ്ഞു നിൽക്കുന്നു.

യഥാർത്ഥത്തിൽ സ്റ്റേറ്റ് ഇല്ലാതാകുകയല്ല, മറിച്ച് അതിന്റെ ധർമ്മം മറ്റൊന്നാകുകയാണ് ചെയ്യുന്നത്. സ്വേച്ഛധിപത്യ ഭരണകൂടങ്ങളെ പോലെ എല്ലാം ‘Overcode’ ചെയ്യുകയല്ല സ്റ്റേറ്റ് ചെയ്യുന്നത്. ത്വരിത മൂലധനത്തിന്റെ ‘പ്രവിശ്യാ ഭേദന ശക്തിയും’ (De-territorialising Force) ഉടൻ പുനഃ സ്ഥാപനവും (Re-territorialisation) കാരണം സ്വേച്ഛാധിപത്യ ഭരണകൂടത്തിനും അതിന്റെ മുഖയന്ത്രത്തിൽ നിന്നും (Facility Machine) ഭിന്ന ധർമ്മമാണ് സ്റ്റേറ്റിന് അനുഷ്ഠിക്കാൻ ഉള്ളത്. ഒരുനിലയ്ക്കു മുതലാളിത്ത ഭരണകൂടം, ത്വരിത മൂലധനത്തിന് അനുഗുണമായി ജനതയുടെ ‘കർതൃത്വ രൂപീകരണം’ നടത്തുന്നു. മറ്റൊരു നിലയ്ക്ക് ഏകീകരിക്കപ്പെട്ട ‘കമ്പോളവും’ ഒറ്റക്കറൻസിയും കൊണ്ട് രാജ്യത്തിനകത്തെ വിനിമയം സുഗമമാക്കുന്നു. സ്വേച്ഛധിപതിയുമായുള്ള ബന്ധം വിട്ട് , ‘ഉടമ്പടി’ നിലവിൽ വരികയും അതിനനുസൃതമായി സിവിൽ സമൂഹവും ‘സ്വതന്ത്ര പൗരന്മാരും’ ഒക്കെ ഉണ്ടാകുകയും ചെയ്യുന്നു. ഇവിടെ സ്റ്റേറ്റിന്റെ ധർമ്മം ‘Overcoding’ അല്ല, മറിച്ച് അസംസ്‌കൃത വസ്തുക്കളുടെയും അധ്വാനത്തിന്റെയും സാങ്കേതികവിദ്യയുടെയും ഒക്കെ സംയോഗത്തെ ആസൂത്രണം ചെയ്യൽ ആണ്.

ഇവിടെ സംഭവിക്കുന്നത് മൂലധനശക്തി സ്റ്റേറ്റിന്റെ ‘കോഡിങ്’ ‘ഓവർ കോഡിങ്’ എന്നിവയിൽ ഒതുങ്ങാതെ വരുന്നു എന്നതാണ്. സ്റ്റേറ്റ് ‘മുതലാളിത്ത സ്വയംപ്രമാണങ്ങൾ ‘ സാക്ഷാൽക്കാരിക്കാനുള്ള ഉപാധി മാത്രമാകുന്നു. മുതലാളിത്തത്തിന്റെ നെറ്റ് വർക്കിൽ സ്റ്റേറ്റ് ഒരു കണ്ണി മാത്രമായി മാറുന്നു. സ്വേച്ഛധിപത്യത്തിനു കീഴിൽ ‘അടിമകളാക്കപ്പെട്ടവർ’, യന്ത്രാധിനിവേശത്തിനു (Machinic Enslavement) കീഴിൽ മൂലധനത്തിന്റെ അനന്തമായ പുനരുല്പാദനം സാധ്യമാക്കുന്നു. ഇത്തരം സമൂഹത്തെയാണ് ദെല്യൂസ് പിൽക്കാലത്ത് ‘നിയന്ത്രിത സമൂഹം’ (Controlled Society) എന്നു വിളിക്കുന്നത്.

മുതലാളിത്തത്തെ ശക്തമാക്കുന്നത് അതിനു ദ്രവ രൂപത്തിലുള്ള പണത്തിലും അമൂർത്തമായ അധ്വാനശക്തിയിലും കയ്യെത്തുന്നു എന്നതാണ്. ഇതു മുഖേന പരോക്ഷമായ ഒരു തലത്തിലേക്ക്‌ (Plane of Consistency) ‘ഇറുക്കികൾ’ (Pincers) ആഴ്ത്താനും പിടിച്ചെടുക്കാനും കഴിയുന്നു എന്നതാണ് മുതലാളിത്തത്തിന്റെ ശക്തി. ഇത്തരം പരോക്ഷ സ്‌ഥലങ്ങളിൽ പോലും പ്രാപ്യമായ മുതലാളിത്തത്തിന്റെ ത്വരിത വേഗങ്ങളെ ചിന്തകൊണ്ടുമാത്രമേ മറികടക്കാൻ കഴിയൂ.

ഒഴുക്കുകളെ ബന്ധിപ്പിക്കുന്നതിലൂടെ മുതലാളിത്തം ഉല്പാദന ശക്തികളെ വിപ്ലവാത്മകമാക്കുന്നുവെങ്കിൽ മാർക്സ് അതെല്ലാം ‘മിച്ചമൂല്യം’ സൃഷ്ടിക്കുകയും കയ്യടക്കുകയും ചെയ്യുന്നതിലേക്ക് ഒതുക്കുന്നു. മുതലാളിത്തം അതിന്റെ തന്നെ പരിധി നിശ്ചയിക്കുകയും നിരന്തരം അതിനെ മറികടക്കുകയും ചെയ്യുന്നു.
ഏതു അധികാര കേന്ദ്രത്തിനും ഒരു ശക്തി മേഖലയും ശുഷ്‌ക മേഖലയും കാണും. എല്ലാം പണത്തിലേക്ക്‌ പരിവർത്തിപ്പിക്കാൻ കഴിയുന്നത് മുതലാളിത്തത്തിന്റെ ശേഷിയാണെങ്കിൽ തിട്ടപ്പെടുത്താനും കയ്യടക്കാനും കഴിയാത്ത ‘ഒഴുക്കുകൾ’ കുറുകെയുണ്ട് – “At the same time as capitalism is effectuated in the de-numerable sets serving as it’s models, it is necessarily constitutes non de-numerable sets that cut across and disrupts that models”. നമ്മൾ ഒരു മൺകുടമുണ്ടാക്കുമ്പോൾ എന്തായാലും ‘കളിമണ്ണ്’ മൺകുടത്തെയും കവിഞ്ഞുനിൽക്കും. അതിനാൽ ആത്യന്തികമായി മുതലാളിത്തത്തിന്റെ സ്വയം പ്രമാണങ്ങളെ മറികടക്കുന്ന വിപ്ലവകരമായ കൂട്ടുകെട്ടുകൾ സ്രൃഷ്ടിക്കലാണ് പ്രധാനമായത്.

സ്റ്റേറ്റിന് അപ്പുറം

ഭരണകൂടത്തിന്റെ ‘പുറം’ എന്തെന്നുള്ളത് ഒരേ സമയം രണ്ടു ദിശകളിലേക്കു നീങ്ങുന്നതാണ്. ഒന്നു പല സ്റ്റേറ്റിന്റെയും അകത്തുകൂടെ ഒരേ സമയം കടന്നു പോകുന്ന ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ആണ്. ‘ഇന്റർനെറ്റ്’ ഇത്തരത്തിൽ ഒരു യന്ത്രമാണ്. മറ്റൊന്ന് സ്റ്റേറ്റിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന ഗ്യാങ്ങുകളും പാർശ്വ വൽകൃത ഗ്രൂപ്പുകളും ഒക്കെയാണ്.

(ഗത്താരി ‘Marginality’ ‘Minoritarian’ എന്നിവ രണ്ടിനെയും രണ്ടായാണ് വിശദീകരിക്കുന്നത്. ‘Marginal’ എപ്പോഴും ‘നോർമലി’നെ ആശ്രയിച്ചാണ് നിൽക്കുന്നത്. ‘പാർശ്വവൽകൃതർ’ സമൂഹത്തിന്റെ പുനർ കേന്ദ്രീകരണത്തിനും മുഖ്യധാരയിലേക്കുള്ള ഉൾചേരലിനെയുമെല്ലാം’ കാത്തുനിൽക്കുന്നരാണ്. പക്ഷെ ‘Minoritarian’ നടത്തുന്നത് ഒരുതരം ‘ആത്മപ്രതിരോധം’ ആണ്. ഭരണകൂടത്തിനും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ‘പരിഹാരമില്ലായ്മയാണ്’ ഇവരിലൂടെ വെളിവാകുന്നത്)

ഒരു ‘ചേരിയെയോ’ ‘ഗ്യാങ്ങിനെയോ’ ഒരു സമൂഹ്യ പ്രശ്നമായി വിലയിരുത്തുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങൾ അവരുടെ ‘സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ’ ഇല്ലായ്മകളെ കുറിച്ചുള്ളവയാണ്. ഇതിനെ അന്ധമായ ഒരു സാമൂഹിക പരീക്ഷണമായി ഉൾക്കൊള്ളാൻ ആരും തയ്യാറാകാറില്ല. ഇവിടെ പ്രധാനം ‘കാമനകളുടെ സമ്പദ്ശാസ്ത്രം’ (Economy of Desire) ആണെന്ന് ഗത്താരി പറയും.

“In a more significant manner, social minorities explore the problem raised by the economy of desire in the urban field. this exploration doesn’t offer forms or models, and it doesn’t provide a remedy to something that would be pathological: it indicates the direction of new modalities of the organization of collective subjectivity”.

ഒരാശുപത്രി ന്യൂയോർക്കിൽ ഇത്തരം തെമ്മാടികൂട്ടങ്ങൾ പിടിച്ചെടുത്തത് ഗത്താരി സൂചിപ്പിക്കുണ്ട്. അവിടെ ‘ലഹരി വിമുക്ത ക്ലിനിക്ക്’ നടത്തിയിരുന്നത് സുഖം പ്രാപിച്ച മുൻരോഗികൾ ആയിരുന്നു.അവരുടെ ‘Self Management’ എങ്ങനെ എന്നത് ശ്രദ്ധാർഹമാണെന്നു ഗത്താരി സൂചിപ്പിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ബ്രസീലിലെ ഒരു ഫിനാൻഷ്യൽ സെന്റർ കെട്ടിടം ഒരു ‘Fevela’ ആയി പരിവർത്തിപ്പിക്കപ്പെടുന്നതും ചില ഗ്യാങ്ങുകൾ അവിടെ സമാന്തര ഭരണവും സമ്പദ്‌ വ്യവസ്ഥയും സ്ഥാപിക്കുന്നതിനെ കുറിച്ചും സിസക് പ്രതിപാദിക്കുന്നുണ്ട്. പിന്നീട് 2014 ൽ ലോകകപ്പുമായി ബന്ധപ്പെട്ട നഗര സൗന്ദര്യവൽക്കരണത്തോട് അനുബന്ധിച്ചു ഭരണകൂടം ചേരികൾ നിരപ്പാക്കിയതും ഓർക്കുക


David Lapoujade ൻറെ വാക്കുകൾ കടമെടുത്താൽ ‘Philosophy of Ordinary is the death of philosophy’. ഏത് യുക്തിയെയാണ് (Logic) അപദ സഞ്ചാരങ്ങൾ (Aberrant Movements) അനുസരിക്കുന്നത് ? എന്നതായിരുന്നു ദെല്യൂസിനെ അലട്ടിയത് .ഓരോ പടവിലും ഇത്തരം ചലനങ്ങളെ വെളിവാക്കേണ്ടതുണ്ട് . Lapoujade ൻറെ തന്നെ വാക്കുകളിൽ ‘ Perversion is the essential operation in Deleuze and the pervert is the central figure of his philosophy , like the famous ‘schizo’ of Anti-oedipus’.

Featured Image: The Night Cafe by Vincent Van Gogh 

Comments are closed.