കണ്ണൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരിക്കൂറിലെ നിലാമുറ്റം. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ മഖാമുകൾ സ്ഥിതിചെയ്യുന്ന പ്രദേശമായി അറിയപ്പെടുന്ന നിലാമുറ്റത്ത് ഏകദേശം നാല്പതിലേറെ മഖ്ബറകൾ ഇന്നും കാണാൻ സാധിക്കും. നിലാമുറ്റമെന്ന പേര് അന്വർഥമാക്കുന്നത് പോലെ ഏത് പാതിരാത്രിയിലും ഖബർ സിയാറത്തിനുതകുന്ന രീതിയിലുള്ള പ്രകാശം ആ പ്രദേശത്ത് ഒന്നടങ്കം കാണപ്പെടാറുണ്ട്.

ഇത് അബ്ദുസ്സലാം. കണ്ണിന് കാഴ്ചയില്ലെങ്കിലും നിലാമുറ്റത്തെ ഖബർസ്ഥാനുകൾക്ക് ഇദ്ദേഹം കാവലിരിക്കാൻ തുടങ്ങിയിട്ട് 27 വർഷമായി. സിയാറത്തിനും മറ്റു പഠനങ്ങൾക്കുമായി അവിടം സന്ദർശിക്കുന്നവർക്ക് ഇദ്ദേഹം കഥ പറഞ്ഞുകൊടുക്കുന്നു, നിലാമുറ്റത്ത് പ്രകാശം പൊഴിക്കുന്ന ഒരുപിടി നല്ല കഥകൾ…

AH- 5നും 40നും ഇടയിൽ അവിടം സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സ്വഹാബികളുടെയും ബദ്രീങ്ങളുടേയും മഖ്ബറകളാണധികവും.ഇതിന് പുറമെ പേരറിയാത്ത ചില നബിമാരും ഇവിടം അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നും പരക്കെ വാമൊഴിയുണ്ട്.

നിലാമുറ്റത്തെ മഖ്ബറകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ രൂപവും ഭാവവുമാണ്. ജന്നത്തുൽ ബഖീഇലുള്ള ഖബറുകളുടെ അതേ രൂപത്തിലുള്ള ഇവിടത്തെ മഖ്ബറകൾ ജിന്നുകൾ പണിഞ്ഞുവെന്ന് കരുതപ്പെടുന്നു. ഇത്തരം മഖ്ബറകൾ ചെങ്കല്ലിന് സമാനമായ കല്ലുകളിലാണ് കൊത്തുപണി ചെയ്യപ്പെട്ടിട്ടുള്ളത്. ഒറ്റനോട്ടത്തിൽ പായക്കപ്പലുമായും രാജാക്കന്മാരുടെ പല്ലക്കുമായും ഈ ഖബറുകളുടെ രൂപകല്പനകൾക്ക് സാദൃശ്യം തോന്നുകയും ചെയ്യും. ചില ഖബറുകളുടെ കല്ലുകൾക്കിടയിലൂടെ മരത്തിന്റെ വേരുകൾ വളർന്നുവന്നിട്ടും യാതൊരു കോട്ടവും സംഭവിക്കാതെ അവകളൊക്കെയും ഇന്നും നിലനിൽക്കുന്നുവെന്നതാണ് ഏറ്റവും ആശ്ചര്യാജനകമായ കാര്യം.

എന്നാൽ പ്രസ്തുത രൂപത്തിൽ നിന്നും വിഭിന്നമായ രീതിയിലുള്ള ഖബറുകളും കാണാൻ സാധിക്കും. അവകളിൽ ചിലത് മുകളിലേക്ക് കെട്ടിയുയർത്താതെയാണ് പണികഴിപ്പിച്ചട്ടുള്ളത്. എന്നാലിവകളും ബാക്കിയുള്ളത് പോലെത്തന്നെ മുകളിലേക്ക് ഉയർന്നിരുന്നുവെന്നും കാലക്രമേണ അത് തകർന്ന് പോയതാണെന്നും പറയപ്പെടുന്നു. ജിന്നുകൾ പണിതത് കൊണ്ട്തന്നെ കേടുപാടുകൾ സംഭവിക്കില്ലെന്നും ആദ്യം കാലം മുതൽതന്നെ ചില ഖബറുകൾ പരന്ന രീതിയിലായിരുന്നു കാണപ്പെട്ടതെന്നും വിശ്വസിക്കുന്നവരുമുണ്ട്.


ആദ്യകാലത്തെ മീസാൻ കല്ലുകളെ പോലെ തോന്നിപ്പിക്കുന്ന രൂപകൽപ്പനയും ഇത്തരം ഖബറുകളുടെ ഒരറ്റത്ത് കാണാൻ സാധിക്കും. പരസ്പരം കൂട്ടിയോജിപ്പിക്കാത്ത രീതിയിൽ കല്ലുകൾ ഒന്നിന് മീതെ ഒന്നായി വച്ചതായും കാണാം.

ബാക്കിയുള്ള ഖബറുകളിൽ നിന്നും വ്യത്യസ്തമായി ഈ രണ്ട് ഖബറുകളും തറകെട്ടി സംരക്ഷിക്കപ്പെട്ട രീതിയിലാണ് കാണപ്പെടുന്നത്. ഒരുപക്ഷെ ബാക്കിയുള്ളവരുടെ നേതാക്കളായിരിക്കാം ഇതിലടങ്ങിയിരിക്കുന്നതെന്ന നിരീക്ഷണമാണ് ഇതിന്റെ കാരണം ചികയുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
കേരളത്തിൽ തന്നെ വളരെ ചരിത്ര പ്രാധാന്യമുള്ള ഓൾഡ് കൂഫിക് അറബിക് ലിപിയെഴുത്തുകളാണ് നിലാമുറ്റത്തിനെ പ്രസക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. പുള്ളികളോ ആധുകാല രീതിയിലുള്ള പൂർണതയോ ഇല്ല എന്നതാണ് ഈ ഓൾഡ് കൂഫിക് ലിപികളുടെ പ്രത്യേകത. അറബിയക്ഷരങ്ങൾക്ക് പുള്ളിയും ഹറകത്തുകളും കൈവന്നത് ഹിജ്റ വർഷം നാല്പതോടെയാണ് എന്നതടിസ്ഥാനമാക്കിയിട്ടാണ് ഈ മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ ആഗമന കാലഘട്ടം ഹിജ്റ 5 മുതൽ നാല്പത് വരെയായി മേൽ പ്രസ്താവിച്ചതും.


ഓരോ ഖബറിന്റെയും രണ്ടാലൊരുവശത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള കല്ലുകളിലാണ് ഇത്തരത്തിൽ കൂഫിക് ലിപികൾ കൊത്തിവച്ചിട്ടുള്ളത്. അത്തരത്തിൽ നാലിൽപരം ഖബറുകളും എഴുത്ത് ഫലകങ്ങളും ലേഖകന് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്. ഏകദേശം 1000 വർഷങ്ങൾക്കപ്പുറവും പഴക്കം കല്പിക്കപ്പെടുന്നു എന്നുള്ളത് കൊണ്ട് തന്നെ പല കൊത്തെഴുത്തുകളും കാലക്രമേണ മാഞ്ഞുപോയ അവസ്ഥയിലാണ്. ദൂരെനിന്നും നോക്കിയാൽ ചെമ്പ് പോലെ തോന്നിക്കുന്ന തരത്തിൽ ചില സ്മൃതിലേഖ ഫലകങ്ങൾ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലായി മാറിയിട്ടുള്ളതായും കാണാൻ കഴിയും.

ഇത്തരത്തിലുള്ള എഴുത്തുകളിൽ നിലവിൽ ഏറ്റവും കൂടുതൽ വ്യക്തവും വായിക്കാൻ കഴിയുന്നതുമായ എഴുത്തുകളിലൊന്നാണിത്. എങ്കിലും ഇതിന്റെ തുടക്കഭാഗത്തുള്ള ‘അല്ലാഹുമ്മ’ എന്നതും ശേഷമുള്ള കൊത്തെഴുത്തുകളിൽ ‘ ‘ഹസൻ ബിൻ അലി’ എന്നതും മാത്രമേ ലേഖകർക്ക് ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ ‘ശത്രുക്കളാൽ വധിക്കപ്പെട്ടവരാണ് അല്ലാഹുവിന്റെ കാരുണ്യം ഇവരിൽ വർഷിക്കട്ടെ’ എന്നും “ഈ കബറിൽ ഒന്നിലേറെ പേരെ അടക്കം ചെയ്തിട്ടുണ്ട്’ എന്നും ‘ഈ കബറിൽ അടക്കം ചെയ്തിട്ടുള്ളത് സുൽത്താനെയാണ്’ എന്നുമൊക്കെ അർഥം വരുന്ന കൂഫിക് എഴുത്തുകൾ ഉള്ളതായും മറ്റു ചില പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന കിണറാണിത്. സാധാരണ കിണറുകളിൽ നിന്നും വ്യത്യസ്തമായി കഷ്ടിച്ച് ഒരാൾ പൊക്കം മാത്രമേ ഇതിന് ആഴമുള്ളൂവെങ്കിലും ഒരിക്കലും ഇതിൽ വെള്ളം വറ്റാറില്ല. പള്ളി മഖാമിൽ അടങ്ങിയിരിക്കുന്നവരുടെ കറാമത്ത് കൊണ്ടാണിതെന്നാണ് പരക്കെ വിശ്വാസം. അത്കൊണ്ട് തന്നെ അവിടം സിയാറത്ത് ചെയ്യുന്നവർ കിണറിൽ നിന്നും വെള്ളം കോരി കുടിക്കകയും ശരീരമാസകലം പുരട്ടുകയുമൊക്കെ ചെയ്യാറുണ്ട്.
മഖ്ബറയുടെ പ്രവേശന കവാടത്തോട് ചേർന്ന് ഒരു ഖബർ മാത്രമായി ഒറ്റപ്പെട്ട് കിടക്കുന്നതായി കാണാം. അവിടെയുള്ളവരുടെ വാമൊഴികൾ പ്രകാരം ഹുസ്സൈൻ [റ] വിന്റെ പേരക്കുട്ടിയുടെ മഖ്ബറയാണിതെന്നാണ് മനസ്സിലാവുന്നത്. എന്നാൽ വാമൊഴിയെന്നതിനപ്പുറം ഇതിന് തക്കതായ തെളിവോ അടിസ്ഥാനമോ ലേഖകർക്ക് ലഭ്യമായിട്ടില്ല.

നിലാമുറ്റത്തെ ഖബറുസ്ഥാനുകൾക്ക് പുറത്തുനിന്നുള്ള വെളിച്ചത്തിന്റെ ആവിശ്യമേതുമില്ല. അത് സ്വയം പ്രകാശിക്കും. റമദാൻ 27ആം രാവിന്റെയന്ന് മഖ്ബറകൾക്ക് ചുറ്റുമുള്ള ഉണക്ക കമ്പുകളും ഇലകളും പ്രകാശം പൊഴിക്കും. അതൊരുപക്ഷേ അതിലടങ്ങിയിരിക്കുന്നവരുടെ തേജസ്സ് ഭൂമി വിട്ടും പുറത്തുവരുന്നതായിരിക്കും.
ചിത്രങ്ങൾ:


Comments are closed.