മനുഷ്യന് പ്രകടവും, മറഞ്ഞതുമായ രണ്ട് തലങ്ങളുണ്ട്. അഥവാ ശരീരം, ആത്മാവ് എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് മനുഷ്യൻ. ആത്മാവ് ഒരു ഏകദ്രവ്യമാണ് (ബസ്വീത്). അതിനെ വിഭജിക്കാനാവില്ല. എന്നാൽ ശരീരം ഭാഗിക്കാൻ പറ്റുന്ന സങ്കരവസ്തുവാണ് (മുറക്കബ്). എല്ലാ സങ്കര വസ്തുക്കളും അനേകത്വത്തെയും ഭാഗങ്ങളെയുമെല്ലാം ഉൾവഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വസ്തുവിന്റെ ഓരോ ഭാഗങ്ങൾക്കും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകും. മനുഷ്യാത്മാവ് വളരെ ലഘുവാണ്. അത് ജീവിക്കുകയും, അറിയുകയും, കേൾക്കുകയും, കാണുകയും, സംസാരിക്കുകയും ചെയ്യുന്നു. പക്ഷെ അതിന്റെ ഗുണങ്ങളോ മറ്റോ ശാരീരിക ആകൃതിയോട് സമാനമല്ല. ശരീരം കേൾക്കുന്നത് ഒരിടത്തു നിന്നാണെങ്കിൽ കാണുന്നത് മറ്റൊരിടത്തിൽ നിന്നാണ്. ഇവ രണ്ടുമല്ലാത്ത ഒരിടത്തു നിന്നാണത് സംസാരിക്കുന്നത്. എന്നാൽ ആത്മാവിന് ഗുണങ്ങളോ മറ്റോ ആർജ്ജിക്കാൻ സഹായകാവയവങ്ങളൊന്നുമില്ല. ദൈവം ആദമിനെ(അ) (ദൈവിക) രൂപത്തിൽ സൃഷ്ടിച്ചു എന്ന ഖുർആനിക വചനത്തിന്റെ പൊരുൾ ഇതാണ്.
ആത്മാവ് ലളിതവും, അവിഭാജ്യവും, സ്ഥലകാല പരിധികൾക്കപ്പുറത്തുമാണ്. എന്നാൽ ശരീരം അങ്ങനെയല്ല. അതിന് ഈ പദാർത്ഥ ലോകവുമായി ആശ്രിതത്വമുണ്ട്. സങ്കരവും സങ്കീർണവുമാണത്. നിശ്ചിത ഇടങ്ങൾകക്കുമപ്പുറത്തേക്ക് പോകൽ അസാധ്യമാണതിന്. ഓരോ വ്യക്തിയിലുമുള്ള ദൈവിക പൊരുളാണ് ആത്മാവ്. എല്ലാ വ്യക്തികളും വ്യത്യസ്തരാണ്. അതിനാൽ തന്നെ ശരീരത്തിന്റെ ഭൗതികതയിൽ പരിമിതരുമാണ്. എന്നാൽ എല്ലാ വ്യക്തികളിലും പ്രാപഞ്ചിക പൊരുളും, അതിന്റെ ദൈവികാംശവും അടങ്ങിയിട്ടുണ്ട് താനും. ഈ വൈരുദ്ധ്യാത്മകതയെ മനസ്സിലാക്കുക എന്നതാണ് ധാർമ്മിക ജീവിതത്തിലേക്കുള്ള താക്കോൽ. “ഞാൻ മനുഷ്യന്റെ കണ്ഠ നാഡിയേക്കാൾ അടുത്തവനാണ്” എന്നാണല്ലോ പടച്ചവൻ പറയുന്നത്. എങ്ങനെയാണവൻ ഒരേ സമയം സന്നിഹിതനും അപ്രത്യക്ഷനും, സമീപസ്ഥനും വിദൂരത്തുള്ളവനും ആകുന്നത് എന്ന സംശയത്തിന്റെ ഉത്തരത്തിലേക്കുള്ള പ്രവേശികയും ഇതുതന്നെയാണ്. ദൈവശാസ്ത്ര പണ്ഡിതന്മാർ ഈ വൈരുദ്ധ്യാത്മകതയെ മനസ്സിലാക്കാൻ ഏറെ പാടുപെട്ടിട്ടുണ്ട്. എന്നാൽ സൂഫികൾ അത് ആഴത്തിൽ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അസീസുദ്ധീൻ അന്നസഫി,കശ്ഫുൽ ഹഖാഇഖ്
പ്രശസ്ത പേർഷ്യൻ സൂഫിയും, പണ്ഡിതനുമായിരുന്ന ഇമാം നസഫിയുടേതാണ് മേൽപ്പറഞ്ഞ വിശദീകരണം. പ്രശസ്ത സൂഫി ചിന്തകനായ ഇബ്നു അറബിയുടെ (റ) രചനകൾ ജനകീയമാക്കുന്നതിൽ നസഫി വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാനുഷികതയും ദൈവികതയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ഇബ്നു അറബി ധാരാളം പഠിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. ഈ ചിന്തകൾ പലപ്പോഴും സെക്‌സും, ജെൻഡറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിഗമനങ്ങളെ വെല്ലുവിളിക്കുന്നവയാണ്. ഇബ്നു അറബിയും, അനുയായികളും പൗരുഷം ആത്മാവിന്റെ സജീവതയെയും ക്രിയാത്മകതയെയും പ്രതീകവത്കരിക്കുന്നതായും സ്ത്രൈണത പാസീവായ സന്നദ്ധതയെയും പ്രതീകവത്കരിക്കുന്നതായും വിശദീകരിക്കുന്നുണ്ട്. ഈ രണ്ട് അവസ്ഥകളും ഭൗതിക ലോകത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്, സന്താനോൽപ്പാദനം നടക്കുന്നത് ഈ രണ്ടു ധാരകൾ തമ്മിലുള്ള ഘർഷണാകർഷണങ്ങളുടെ ഫലമായാണ്. ഈ ലോകത്തിൽ അകക്കാമ്പിലുള്ള പൊരുളിനെ ചുരുളഴിക്കുന്ന രണ്ട് സർഗ്ഗാത്മക ധാരകളായിട്ടാണ് സൂഫികൾ പൗരുഷത്തെയും, സ്ത്രൈണതയെയും കാണുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആണും പെണ്ണും പ്രാഥമികമായ രണ്ടു ജീവശാസ്ത്ര വിശദീകരണങ്ങളോ അല്ലെങ്കിൽ രണ്ട് കേവല വ്യക്തിത്വങ്ങളോ അല്ലെന്ന് ചുരുക്കം.
ആത്മാവിനെ സംബന്ധിച്ച സൂഫി ഭാഷ്യം ഇങ്ങനെ വായിക്കാം: ആത്മാവ് (റൂഹ്) ആദമിലേക്ക് (അ) ഊതപ്പെടുകയായിരുന്നു. ഹവ്വയും (Eve) അവരുടെ സന്താന പരമ്പരകളും ദൈവത്തിന്റെ കാരുണ്യം നിറഞ്ഞ നിശ്വാസത്തിലൂടെ ആദമിന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. ആത്മാവിനും ശരീരത്തിനും ഇടയിൽ അന്തരാത്മാവ്, ബോധം എന്നൊക്കെ വിളിക്കാവുന്ന ഒരു സൂക്ഷ്മമായ ശക്തി കൂടിയുണ്ട്. ശരീരത്തിന്റെ ജൈവിക ചലനങ്ങൾക്ക് അവബോധം നൽകുന്ന ഒന്നായാണ് ഈ അന്തരാത്മാവിനെ കണക്കാക്കപ്പെടുന്നത്. ശ്വസിക്കാനും ചിന്തിക്കാനും ഇടപെടാനും പ്രതികരിക്കാനും മാനുഷിക പരിമിതികൾ മനസ്സിലാക്കാനുമെല്ലാം ഇതാണ് ശരീരത്തെ സഹായിക്കുന്നത്. എന്നാൽ ശരീരത്തിൽ ‘കുടുങ്ങിക്കിടക്കുന്ന’ ആത്മാവിന്റെ അവബോധമായും അന്തരാത്മാവിനെ വായിക്കപ്പെടാറുണ്ട്. ശരീരത്തെക്കാൾ പ്രാഥമികവും, ശരീരത്തെ മറികടക്കുന്നതും, ശരീരത്തിനപ്പുറത്തേക്കും നിലനിൽക്കുന്നതുമായ ഒന്നാണ് അന്തരാത്മാവ് എന്ന് പറയാം. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള പാർശ്വ ഫലങ്ങൾ അനുഭവിക്കുന്നതും ആത്മാവ് തന്നെയാണ്. അനശ്വരമായ ആത്മാവിനും, നശ്വരമായ ശരീരത്തിനുമിടയിലുള്ള വിശാലമായ വ്യത്യാസങ്ങളെ, അവക്കിടയിലെ വിടവിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഈ അന്തരാത്മാവ് എന്ന് വേണം മനസ്സിലാക്കാൻ.
ശരീരവും ആത്മാവും തമ്മിലുള്ള അന്തരം മനസ്സിലാക്കിക്കൊടുക്കുകയും, അതുവഴി ആത്മാവിനെക്കുറിച്ച് കൂടുതൽ അറിഞ്ഞ് ശരീരത്തെ മാത്രം നോക്കിയുള്ള വിലയിരുത്തലുകൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ് സൂഫി അധ്യാപനങ്ങൾ ലക്ഷ്യമാക്കുന്നത്. മറ്റ് ശാരീരിക അവയവങ്ങളെക്കാൾ ഹൃദയത്തെ പ്രതി ആലോചിക്കാനും ചിന്തിക്കാനുമാണ് അവർ പറയുന്നത്. ശരീരം ആത്മാവുമായി കൂടിച്ചേരുകയും ദൈവിക നിശ്വാസത്തിന്റെ കണികകൾ ശരീരമൊട്ടാകെ എത്തിക്കുകയും ചെയ്യുന്ന ഇടമത്രെ അത്. ഈയൊരർത്ഥത്തിൽ മറ്റേത് അവയവങ്ങളെക്കാളും ആത്മാവിന്റെ വാസസ്ഥാനമാണ് ഹൃദയം.
നമ്മുടെ ശരീരത്തിൽ ‘ഞാൻ’ എന്ന ബോധം രൂപപ്പെടുത്തുന്ന, ആ നിലക്ക് അഹംഭാവത്തിന്റെ സകല അടയാളങ്ങളും വഹിക്കുന്നത് ആന്തരാത്മാവാണ്. അത് തന്നെയാണ് ഒരു സ്വത്വം എന്ന നിലക്ക് പേര്, വ്യക്തിത്വം, ശരീരത്തിന്റെ പ്രവർത്തികളുടെ ഉത്തരവാദിത്വം എന്നിവയെല്ലാം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നത്. ഒരൊറ്റ ഉണ്മയിലേക്ക് ശാരീരിക അവയവങ്ങളെ ഏകീകരിക്കുന്നതും ആന്തരാത്മാവ് തന്നെയാണ്. അങ്ങനെയെങ്കിൽ ഈ ആന്തരാത്മാവ് ലിംഗപരതയെ കൂടി ഉൾക്കൊണ്ടതാണെന്ന് പറയേണ്ടിവരും. അഥവാ ശരീരത്തിൽ പ്രതിഫലിക്കുന്ന ഈ അന്തരാത്മാവിൽ പൗരുഷത്തെയോ, സ്ത്രൈണതയെയോ ദർശിക്കാനാവും. രണ്ടിനെയും ഒരുമിച്ച് സ്വീകരിക്കാനും രണ്ടുമില്ലായ്മയെ സ്വീകരിക്കാനും സാധ്യതയുണ്ട്. ഒരു മനുഷ്യൻ അവന്റെ/അവളുടെ അന്തരാത്മാവിന്റെ ആഴങ്ങളിൽ സ്ത്രീ-പുരുഷൻ എന്നീ ദ്വന്ദങ്ങൾക്കിടയിൽ ഏത് പോയിന്റിൽ സ്വയം അടയാളപ്പെടുത്തുമ്പോഴും നമ്മുടെ താൽപര്യങ്ങളെ, അപൂർണ്ണതകളെ, ഗുണങ്ങളെയോക്കെ പ്രതിഫലിപ്പിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ ഭാഗത്തെയാണ് ജെൻഡർ എന്ന് പറയുന്നത്.
അല്ലാഹുവിനെ മനസിലാക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ജെൻഡർ എങ്ങിനെയാണ് നമ്മെ രൂപപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കൽ പ്രധാനമാണ്. മനുഷ്യൻ ലിംഗ ദ്വന്ദാത്മകതകളിൽ ആഴത്തിൽ വേരൂന്നുമ്പോൾ ഇസ്‌ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന് അത്തരം അവസ്ഥകൾ ബാധകമല്ല. മനുഷ്യന്റെ യാതൊരു സവിശേഷതകളോ പരിമിതികളോ അവന് ബാധകമല്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങളിൽ ഒന്നാണ്. അള്ളാഹു ഏകനാണ്, നിരാശ്രയനാണ്, അവൻ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട് (ഖുർആൻ 112:1- 4). പ്രസവിക്കപ്പെട്ടവനല്ല എന്നതിനാൽ അവന്റെ ഉണ്മ ഏതെങ്കിലും ദ്വന്ദങ്ങളുടെ മേലല്ല നിലനിൽക്കുന്നത്. ദൈവം പ്രസവിക്കുന്നവനുമല്ല എന്നതിനാൽ അവന്റെ സർഗ്ഗാത്മക പ്രകൃതം പുനരുൽപാദനവുമായി ബന്ധപ്പെട്ട നമ്മുടെ ബോധ്യങ്ങളെ രൂപപ്പെടുത്തുന്ന സ്ത്രീ, പുരുഷൻ എന്നിവയിൽ ഒതുങ്ങിനിൽക്കുന്നതുമല്ല. എന്നാൽ സ്വയം ലിംഗപരതക്കപ്പുറത്തായിരിക്കെ തന്നെ ആന്തരികമായി നമുക്ക് അനുഭവിക്കാവുന്ന തരത്തിൽ ലിംഗ വ്യത്യാസങ്ങളോടു കൂടിത്തന്നെയാണ് അവൻ നമ്മെ പടച്ചത്. ഖുർആൻ പറയുന്നു: ഇരുട്ട് വീഴുന്ന രാത്രിയും പൊട്ടിവിടരുന്ന പ്രഭാതവും പടച്ചവൻ സൃഷ്ടിച്ച ആണും പെണ്ണും സാക്ഷി, നിങ്ങൾ വിഭിന്ന ലക്ഷ്യങ്ങളിലേക്കാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് (ഖുർആൻ 92:1-7)
ജെൻഡർ ഐഡന്റിന്റിയും, സെക്ഷ്വാലിറ്റിയും
സ്ത്രീ-പുരുഷ വ്യത്യാസങ്ങളെയും ജെൻഡറിനെയും സംബന്ധിച്ച് സങ്കീർണ്ണമായ വ്യവഹാരങ്ങൾ ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ കാണാമെങ്കിലും സെക്ഷ്വൽ ഓറിയന്റേഷനെക്കുറിച്ച് പരിമിതമായ വിശകലനങ്ങൾ മാത്രമേ കണ്ടെത്തനാവൂ. സെക്ഷ്വൽ ഓറിയന്റേഷൻ ഒഴിച്ച് ജെൻഡറുമായി ബന്ധപ്പെട്ട ധാരാളം അവ്യക്തതകൾ മുസ്‌ലിം സമുദായത്തിൽ തന്നെ നിലനിൽക്കുന്നതായി കാണാം. സാമൂഹ്യമായും ശാരീരികമായുമെല്ലാം പുരുഷനായി കരുതപ്പെടുന്ന ഒരു വ്യക്തിക്ക് താൻ ഒരു സ്ത്രീയായി സ്വയം അനുഭവപ്പെടുന്ന അവസ്ഥകളുണ്ടാവാം. പുരുഷന്റെ ശരീരത്തിൽ അകപ്പെട്ടുപോയ സ്ത്രീയെപ്പോലെ. ഇതുപോലെ പുറമേ സ്ത്രീയും അകത്ത് പുരുഷനുമായി ജീവിക്കുന്നവരുമുണ്ട്. ഈ രണ്ടു വിഭാഗങ്ങൾക്ക് പുറമേ, താൻ ഒരു സ്ത്രീയോ പുരുഷനോ എന്ന് വ്യക്തമല്ലാത്ത, രണ്ടുമാണെന്നോ അല്ലെങ്കിൽ രണ്ടും അല്ല എന്നോ തോന്നുന്നവരും ഉണ്ട്. ഇവരെയാണ് ജെൻഡർ ഡിസ്‌ഫോറിയ (gender disphoria) അനുഭവിക്കുന്നവർ എന്ന് വിളിക്കുന്നത്. ആന്തരികമായി അനുഭവിക്കുന്നതും, സമൂഹം കൽപ്പിച്ച് നൽകുന്നതുമായ രണ്ട് അവസ്ഥകൾക്കിടയിൽ നിലനിൽക്കുന്ന സ്വരച്ചേർച്ചയില്ലായ്മ രൂപപ്പെടുത്തുന്ന ഉത്കണ്ഠയിൽ അകപ്പെട്ടവരാണ് ഇവർ.
പുതുതായി രൂപപ്പെട്ട ‘ട്രാൻസ് ജെൻഡർ, ട്രാൻസ് സെക്ഷ്വൽ, ഇന്റർ സെക്ഷ്വൽ തുടങ്ങിയ പദങ്ങളാണ് പൊതുവെ ഇത്തരം സങ്കീർണ്ണമായ ലൈംഗിക സ്വത്വങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുള്ളത്. ഇത്തരം വ്യക്തികൾ അവരുടെ ആന്തരിക രൂപത്തോട് ചേർന്ന് നിൽക്കാത്ത ബാഹ്യരൂപം വെച്ച് തങ്ങളെ സമൂഹം വിലയിരുത്തരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. ഉദാഹരണത്തിന് കാഴ്ച്ചയിൽ സ്ത്രീയെന്ന് തോന്നുന്ന ഒരു വ്യക്തി സ്വയം കണ്ടെത്തുന്നതും അനുഭവിക്കുന്നതും ഒരു പുരുഷനായിട്ടായിരിക്കാം. ഇതോടോപ്പം ഈ വ്യക്തി മറ്റുള്ളവർ തന്നെ ഒരു പുരുഷനായി കാണാൻ ആഗ്രഹിക്കുകയും അതിനായി വസ്ത്ര ധാരണത്തിലെ മാറ്റം, ലിംഗമാറ്റ ശസ്ത്രക്രിയ, ഹോർമോൺ തെറാപ്പി തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്.
അല്ലാഹു മുഴുവൻ സമയവും നമ്മെ കാണുന്നുണ്ട് എന്ന ബോധം ഇസ്‌ലാമിക അനുഭവങ്ങളുടെ പ്രധാന ഭാഗമാണ്. ദൈവത്തിന്റെ ഈ കണ്ടുകൊണ്ടുള്ള വിധി എന്നത് ഇരുതല മൂർച്ചയുള്ള വാളാണ്. തെറ്റായ പ്രവർത്തികളിൽ സ്വയം പിൻവാങ്ങുന്നതിനും തന്റെ പ്രവർത്തനങ്ങളിൽ ധാർമ്മികതയോട് കൂറ് പുലർത്തുന്നതിനും ഈ ബോധം ഒരാളെ നിർബന്ധിപ്പിക്കുന്നുണ്ട്. അതോടൊപ്പം അവൻ തന്റെ ആത്മാവിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് നോക്കുന്നതും വിലയിരുത്തുന്നതും എന്ന ബോധ്യം മറ്റുള്ളവർ തന്റെ മേൽ നടത്തുന്ന ബാഹ്യമായ വിലയിരുത്തലുകൾക്കും, അഭിപ്രായ പ്രകടനങ്ങൾക്കും അമിത പ്രാധാന്യം നൽകുന്നതിൽ നിന്നും രക്ഷിക്കുക്കകയും ചെയ്യുന്നുണ്ട്. അല്ലാഹുവിനെക്കുറിച്ചുള്ള ഈ ബോധ്യം ആഴത്തിലറിഞ്ഞ ഒരാൾ തങ്ങളുടേതായ പരിമിതമായ അറിവിനെ അടിസ്ഥാനപ്പെടുത്തി മറ്റുള്ളവർ രൂപപ്പെടുത്തുന്ന സ്വയം ശരിയെന്ന ധാരണയും, അഹങ്കാരവും നിഴലിക്കുന്ന അഭിപ്രായ പ്രകടനങ്ങളെ എന്തിന് ഗൗനിക്കണം?!
ലൈംഗികത സ്വത്വവുമായി ബന്ധപ്പെട്ട ഇസ്‌ലാമികമായ ആലോചനകൾ കൂടുതൽ വ്യക്തമാക്കാൻ പ്രാഥമികമായി നമുക്ക് വ്യത്യസ്തങ്ങളായ മൂന്ന് പദാവലികളെ ചർച്ചക്കെടുക്കാം. സെക്സ്, ജെൻഡർ, സെക്ഷ്വാലിറ്റി എന്നീ മൂന്ന് പദങ്ങൾ പലപ്പോഴും സമാനമായ അര്‍ത്ഥം സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടാറുണ്ട്. ശാരീരികമായ, ലൈംഗിക അവയവുമായി ബന്ധപ്പെട്ട ‘സെക്സ്’ ആണ് ഒരു വ്യക്തി പുരുഷനാണോ (male) സ്ത്രീയാണോ (female) എന്ന് നിശ്ചയിക്കുന്നത്. അതേസമയം ‘ജെൻഡർ’ സാമൂഹ്യ ഇടപെടലുകളുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. പൗരുഷവും (masculine) സ്ത്രൈണതയും (feminine) വേർതിരിയുന്നത് സാമൂഹികമായി നിർണ്ണയിക്കപ്പെടുന്ന സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലാണ്. സെക്ഷ്വാലിറ്റിയാവട്ടെ മനുഷ്യന്റെ ലൈംഗിക അഭിരുചികളെയും അഭിനിവേശങ്ങളെയും ആഹ്ലാദളെയും സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വ്യക്തിയുടെ സെക്ഷ്വൽ ഓറിയന്റേഷൻ, അഥവാ ലൈംഗികമായി പുരുഷനോടാണോ, സ്ത്രീയോടാണോ താൽപ്പര്യം തോന്നുന്നത് എന്നത് മാത്രമല്ല, ലൈംഗികമായ അവസ്ഥകളുടെ തീവ്രതാ (തീരെ തന്നെ ലൈംഗികമായ താൽപ്പര്യങ്ങൾ ഇല്ലാതിരിക്കുക എന്ന് തുടങ്ങി) കേന്ദ്രീകരണം തുടങ്ങിയ സൂക്ഷ്മമായ തലങ്ങളേയും ഇത് സൂചിപ്പിക്കുന്നുണ്ട്. ഈ പദങ്ങളൊന്നും ലൈംഗിക പ്രകൃതത്തെക്കുറിച്ച് കൃത്യമായ ഒരു നിഗമനം ഉൾവഹിക്കുന്നില്ല, മറിച്ച് അവ വ്യക്തികളുടെ ജീവിതത്തിന്റെ അനുഭവ യാഥാർത്ഥ്യവുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത് എന്ന് ഓർമ്മിക്കേണ്ടതുണ്ട്. വ്യത്യസ്ത മനുഷ്യരിൽ എങ്ങനെയാണ് ജെൻഡറും, സെക്ഷ്വാലിറ്റിയും വൈവിധ്യം നിറഞ്ഞ രൂപങ്ങളിൽ പ്രകടമാകുന്നത് എന്ന് വ്യക്തമാക്കാൻ ഈ പദങ്ങൾ നമ്മെ സഹായിക്കും.
ശാരീരികമായി പരിഗണിക്കപ്പെടുന്ന ലിംഗത്തിന്റെ, അവരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നതിന് അനുരൂപമായല്ലാതെ, വിരുദ്ധമായ ജന്ററിന്റെ സ്വഭാവവും, സ്വത്വവും പകടിപ്പിക്കുന്ന വ്യക്തികളെയാണ് ‘ട്രാൻസ് ജെൻഡർ’ എന്ന് വിളിക്കുന്നത്. സമൂഹം അടിച്ചേൽപ്പിക്കുന്ന ജന്ററിനും, വ്യക്തി സ്വയം അടയാളപ്പെടുത്തുന്ന ജന്ററിനും കുറുകെ സഞ്ചരിച്ചവരാണ് ഇവർ. തന്റെ ആന്തരിക സ്വത്വത്തോട് ശരീര ഘടനയെ ചേർത്ത് നിർത്തുന്നതിനായി ഹോർമോണുകളുടെ അളവിലും, ലൈംഗികാവയവത്തിലും മാറ്റം വരുത്തുന്ന ട്രാൻസ് ജെൻഡർ വ്യക്തികളെയാണ് ‘ട്രാൻസ് സെക്ഷ്വൽ’ എന്നു വിളിക്കുന്നത്. തനിക്ക് ജന്മനാ ഉള്ള ലൈംഗികാവയവങ്ങളിൽ നിന്നും തനിക്ക് കൂടുതൽ കംഫർട്ടബിളായി തോന്നുന്ന ലിംഗത്തിലേക്ക് മാറുകയാണ് അവർ ചെയ്യുന്നത്.
ട്രാൻസ് ജെൻഡർ, ട്രാൻസ് സെക്ഷ്വൽ എന്നീ രണ്ട് വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരാണ് ‘ഹെർമാഫ്രോഡൈറ്റ്സ്’. ഒരേസമയം ആണിന്റെയും പെണ്ണിന്റെയും ശാരീരിക പ്രകൃതി ഉള്ളവരാണ് ഹെർമാഫ്രോഡൈറ്റ്സ് ആയി പരിഗണിക്കപ്പെടുന്നത്. ട്രാൻസ് ജെൻഡർ വ്യക്തികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉഭയ ലിംഗ വ്യക്തികളും നേരിടുന്നണ്ട്. സ്ത്രീ, പുരുഷൻ എന്നിവക്കിടയിലുള്ള അവ്യക്തമായ മധ്യ നിലകളെ സമൂഹം വകവെച്ച് നൽകാൻ തെയ്യാറല്ല എന്ന കാരണത്താൽ ഉഭയലിംഗക്കാരായ വ്യക്തികൾ പലപ്പോഴും പുരുഷനോ സ്ത്രീയോ ആയി മാറാൻ ശസ്ത്രക്രിയക്ക് വിധേയരാകാറുണ്ട്. എന്നാൽ സമൂഹത്തിൽ നിന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നറിഞ്ഞു കൊണ്ട് തന്നെ ട്രാൻസ് ജെൻഡർ വ്യക്തികളിൽ ചിലർ ഇത്തരം അവ്യക്ത മധ്യനിലകളെ പുണരുന്നവരായും ഉണ്ട്. ഇവരെ ‘ഇൻറർ സെക്സ്’എന്നാണ് വിളിക്കുന്നത്. ശാരീരിക മാറ്റത്തിനുള്ള വൈദ്യ ചികിൽസ ആരംഭിക്കുകയും സ്ത്രീയോ, പുരുഷനോ ആയി പൂർണ്ണമായും രൂപാന്തരപ്പെടുകയും ചെയ്യാത്തവരെയും ഇൻറർ സെക്സ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
സങ്കീർണ്ണമായ ഈ സാങ്കേതിക പദങ്ങൾ ലൈംഗികമായി നിലനിൽക്കുന്ന വ്യതിരിക്തമായ അവസ്ഥകളെ തിരിച്ചറിയാൻ സഹായകമാണ്. സമൂഹ ശാസ്ത്രം (sociology), സെക്സോളജി, വൈദ്യശാസത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ രൂപപ്പെട്ട ഇത്തരം പദങ്ങൾ പിന്നീട് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായി മാറുകയാണുണ്ടായത്. ഒരു തലമുറ മുമ്പ് വരെ അസാധ്യവും അപ്രാപ്യവുമായിരുന്ന ശാരീരിക ഘടനയിൽ തന്നെ മാറ്റം വരുത്താൻ സഹായിക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയയിലും, ഹോർമോൺ ചികിത്സയിലും ഈ പദങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചു എങ്കിലും പലതും ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയല്ല. വൈവിധ്യം നിറഞ്ഞ ജെൻഡർ അവസ്ഥകളെ കുറിക്കുന്ന ഇത്തരം ആധുനിക സാങ്കേതിക പദങ്ങളുമായി ചേർന്ന് നിൽക്കുന്ന ചരിത്രപരമായി മുസ്‌ലിം സാമൂഹികതക്ക് അകത്ത് രൂപപ്പെട്ട പദങ്ങളാണ് ഇനി പരിചയപ്പെടാനുള്ളത്.
തുടർന്ന് വായിക്കുക: ലിംഗ വൈവിധ്യം മുസ്‌ലിം ചരിത്രാനുഭവത്തിൽ: ഹിജ്റകൾ മുതൽ ട്രാൻസ് ജെൻഡറുകൾ വരെ
(റ) – റളിയള്ളാഹു അന്ഹു, അവരുടെ മേൽ അള്ളാഹുവിന്റെ തൃപ്തിയുണ്ടാവട്ടെ
(അ) – അലൈഹിസ്സലാം, അവരുടെ മേൽ സമാധാനമുണ്ടാവട്ടെ
വിവർത്തനം: ത്വാഹിർ പയ്യനടം
Comments are closed.